Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കാസർകോഡ് - ആരോഗ്യ മേഖല: 18 നിർദ്ദേശങ്ങളോടെ ഹമീദ് വാണിയമ്പലം മുഖ്യമന്ത്രിക്ക് കത്തയച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കാസർകോഡ് ജില്ലയിലെ ആരോഗ്യ മേഖലയിൽ കാലങ്ങളായി തുടരുന്ന അവഗണനയുടെ ഫലമാണ് ലോക്ഡൗൺ കാലത്ത് മംഗാലപുരത്തെ ചികിത്സ ലഭ്യമാകാതെ 14 പേർ മരിക്കാനിടവരുത്തിയതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. ഇനിയും കാസർകോഡ് ജനതയുടെ ജീവൻ കർണാടക ലോബിക്ക് പന്താടാൻ നൽകരുത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കാസർകോട്ടെ ആരോഗ്യ മേഖലയുടെ പുനരുജ്ജീവനത്തിന് അടിയന്തിരമായി നടപ്പാക്കേണ്ട 18 നിർദ്ദേശങ്ങളോടെ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം കേരള മുഖ്യമന്ത്രിക്ക് കത്തയച്ചു. ജനസംഖ്യാനുപാതികമായി പരിശോധിച്ചാൽ 30 പൂർണ്ണ സമയം പ്രവർത്തിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും 5 സി.എച്ച്.സികളുടെയും കുറവുണ്ട്. നിലവിലെ സ്റ്റാഫ് പാറ്റേൺ പുതുക്കി നിശ്ചയിക്കണമെന്ന് 2013 ൽ പ്രഭാകരൻ കമ്മീഷൻ ചൂണ്ടിക്കാട്ടി സമർപ്പിച്ച റിപ്പോർട്ട് ഇതുവരെ നടപ്പാക്കിയിട്ടില്ല. ട്രോമ കെയർ, വെന്റിലേറ്റർ, പൾമോണോളോജിസ്റ്റ്, ന്യൂറോളജിസ്റ്റ്, കാർഡിയോളജിസ്റ്റ്, യൂറോളജിസ്റ്റ്, നെഫ്രോളജിസ്റ്റ്, ഓങ്കോളജിസ്റ്റ് എന്നീ വിഭാഗങ്ങൾ സർക്കാർ തലത്തിലും സ്വകാര്യ തലത്തിലും ജില്ലയിലില്ല എന്നത് എത്രമാത്രം പിന്നിലാണ് കാസകോഡ് എന്നത് വിളിച്ച് പറയുന്നു. കാസർകോഡ് ജനറൽ ആശുപത്രിയിൽ മാത്രം കെ.എ.എസ്.എച്ച് സ്റ്റാൻഡേർഡ് പ്രകാരം 431 തസ്തികകളുടെ കുറവുണ്ടെന്ന് 2013 - ൽ പ്രഭാകരൻ കമ്മീഷൻ ചൂണ്ടിക്കാട്ടിയിരുന്നു. ഉള്ള തസ്തികകൾ പോലും ഒഴിഞ്ഞ് കിടക്കുകയാണ്. എൻഡോസൾഫാൻ മേഖലയിൽ ശുപാർശ ചെയ്യപ്പെട്ട സാന്ത്വന ചികിത്സാ ആശുപത്രിയും കടലാസിൽ മാത്രമാണ് ഇപ്പോഴും. ഈ അവഗണന അവസാനിപ്പിക്കുകയും കാസർഗോട്ടെ ആരോഗ്യ സംവിധാനത്തെ സർക്കാർ മേഖലയിൽ തന്നെ സ്വയം പര്യാപ്തമാക്കുന്നതിന് തയ്യാറാകണമെന്നും അതിനായി സമഗ്രമായ പാക്കേജിന് സർക്കാർ രൂപം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിനായി അടിയന്തിര സ്വഭാവത്തിൽ നടപ്പാക്കേണ്ട പതിനെട്ടിന നിർദ്ദേശങ്ങളാണ് കത്തിലുള്ളത്.

1. 30000 പേർക്ക് 24 മണിക്കൂർ പ്രവർത്തിക്കുന്ന ഒരു പി.എച്ച്.സി അനിവാര്യമാണ്. 14 ലക്ഷം ജനങ്ങളുള്ള കാസർകോഡ് അങ്ങനെയാണെങ്കിൽ വേണ്ടത് 46 പിഎച്ച്സി കളാണ്. ആകെയുള്ളതാകട്ടെ 24 മണിക്കൂർ പ്രവർത്തിക്കുന്ന 10 പി.എച്ച്.സി മാത്രം. 30 മിനി പി.എച്ച്.സികൾ 24 മണിക്കൂർ പ്രവർത്തിക്കാവുന്ന സാകര്യങ്ങളോടെ ഉയർത്തണം. സ്വന്തമായി കെട്ടിടമില്ലാത്ത മഥൂർ, അങ്ങടിമൊഗരു എന്നീ പി.എച്ച്.സികൾക്ക് സ്വന്തമായി കെട്ടിടം ഉണ്ടാകണം.

2. 50000-100000 പേർക്ക് ഒരു സി.എച്ച്.സി എന്ന അനുപാതം അനുസരിച്ച് ചുരുങ്ങിയത് 14 കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളാണ് ജില്ലയിൽ വേണ്ടത്. നിലവിൽ ഉള്ളതിൽ ഭൂരിപക്ഷത്തിനും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ സൗകര്യം മാത്രമുള്ളതാണ്. നിലവിലുള്ള 9 സി.എച്ച്.സികളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതോടൊപ്പം പുതുതായി 5 സി.എച്ച്.സികൾ കൂടി ജില്ലയിൽ സ്ഥാപിക്കണം.

3. എല്ലാ സി.എച്ച്.സികളിലും ആർദ്രം സ്റ്റാൻഡ്ഡ്ര് അനുസരിച്ച് 5 സ്പെഷ്യലിസ്റ്റുകളെ അനുവദിക്കണം. കൂടാതെ കുറഞ്ഞത് 30 കിടക്കകളും അനുവദിക്കണം. നിലവിൽ
കാസർകോഡ് ജില്ലയിലെ ഒരു സി.എച്ച്.സിയിലും ഈ സൗകര്യങ്ങളില്ല. ഇവ ലഭ്യമാക്കണം.

4. ആംബുലൻസ് സൗകര്യങ്ങളില്ലാത്ത രണ്ട് താലൂക്ക് ആശുപത്രികളിലും 8 സി.എച്ച്.സികളിലും ആംബുലൻസ് സൗകര്യം ഒരുക്കണം.

5. ജില്ലാ ആശുപത്രിയിൽ വെന്റിലേറ്റർ സൗകര്യം ഒരുക്കണം.

6. പൾമോണോളോജി, ന്യൂറോളജി, കാർഡിയോളജി, യൂറോളജി, നെഫ്രോളജി എന്നീ വിഭാഗങ്ങൾ ജില്ലാ ആശുപത്രിയിൽ ആരംഭിക്കണം.

7. ന്യൂറോളജി, കാർഡിയോളജി വിഭാഗങ്ങൾ ജനറൽ ആശുപത്രിയിൽ ആരംഭിക്കണം.

8. പതിനായിരം പേർക്ക് ഒരു ഫിസിഷ്യൻ എന്ന സ്റ്റാൻഡേർഡ് ഉറപ്പാക്കാൻ കുറഞ്ഞത് 140 ഫിസിഷ്യന്മാരുടെ നിയമനം ജില്ലയിൽ ഉറപ്പ് വരുത്തണം. അതിനാനുപാതികമായ പാരാമെഡിക്കൽ സ്റ്റാഫുകളെയും നിയമിക്കണം

9. താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് സൗകര്യം ഒരുക്കണം.

10. കാർഡിയോളജി, ന്യൂറോളജി എന്നീ വിഭാഗങ്ങളുടെ സേവനം താലൂക്ക് ആശുപത്രികളിലും ലഭ്യമാക്കണം.

11. എല്ലാ താലൂക്ക് ആശുപത്രികളിലും സി.എച്ച്.സികളിലും എക്സ്റേയൂണിറ്റ് ലഭ്യമാക്കണം.

12. താലൂക്ക് ആശുപത്രി സി.എച്ച് സി എന്നിവിടങ്ങളിൽ സി.ടി സ്‌കാൻ സൗകര്യങ്ങൾ ലഭ്യമാക്കണം.

13. ജില്ലാ ആശുപത്രിയിൽ ഓങ്കോളജി വിഭാഗം ആരംഭിക്കണം.

14. കിടത്തി ചികിത്സിക്കാവുന്ന എല്ലാ ആശുപത്രികളിലും ഗൈനക്കോളജി വിഭാഗം ആരംഭിക്കണം.

15. ജില്ലയിലെ ആരോഗ്യരംഗത്തെ സ്റ്റാഫ് പാറ്റേൺ പുതുക്കി നിശ്ചയിക്കണം. നിലവിൽ ജനറൽ ഹോസ്പിറ്റലിലടക്കം ഒഴിവുള്ള പോസ്റ്റുകളിൽ നിയമനം നടത്തുകയും പ്രഭാകരൻ കമ്മീഷൻ 2013ലെ ശുപാർശ അനുസരിച്ച് ജനറൻ ഹോസ്പിറ്റലിൽ KASH സ്റ്റാന്റേർഡ് (Kerala Accreditation Standard for health care) അനുസരിച്ച് കുറവുള്ള 431 തസ്തികകൾ ഉടൻ അനുവദിക്കുക്കുക. സമാനമായി ഓരോ ആശുപത്രികളിലേയും പാറ്റേൺ പുതുക്കുകയും വേണം.

16. പ്രഭാകരൻ കമ്മീഷൻ ശുപാർശ അനുസരിച്ച് ആരോഗ്യമേഖലയിൽ വേണ്ട ഇൻഫ്രാസ്ട്രക്ചർ വികസനം ഉടൻ നടപ്പാക്കണം. ജനറൽ ആശുപത്രി വികസനത്തിന് മാത്രം 2013 - ൽ 24 കോടിരൂപ അടങ്കൽ ചെലവ് വരുന്ന അടിസ്ഥാന ഇൻഫ്രാസ്ട്രക്ചർ വികസന നിർദ്ദേശങ്ങളായിരുന്നു കമ്മീഷൻ സമർപ്പിച്ചത്.

17. എൻഡോസൾഫാൻ ദുരിതബാധിതർക്കായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ 2010ൽ ശിപാർശചെയ്ത സാന്ത്വന ചികിത്സാ ആശുപത്രി ഉടൻ പ്രാവർത്തികമാക്കണം.

18. 2013 ൽ നിർമ്മാണമാരംഭിച്ച മെഡിക്കൽ കോളേജ് ഇതുവരെ പൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ചില്ല എന്നത് ഭൗർഭാഗ്യകരമാണ്. ജില്ലയിലെ ജനങ്ങൾക്ക് വിദഗ്ദ ചികിത്സ ലഭ്യമാക്കുന്ന തരത്തിൽ മികച്ച സുപ്പർ സെപ്ഷ്യാലിറ്റി സജ്ജീകരണങ്ങളോടെ വേണം. മെഡിക്കൽ കോളേജ് ആരംഭിക്കാൻ തുടക്കത്തിൽ 275 ഓളം തസ്‌കതികൾ മെഡിക്കൽ കോളേജിൽ അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്, എന്നാൽ ഇത് അപര്യാപ്തമാണ്. പ്രധാനപ്പെട്ട എല്ലാ വിഭാഗങ്ങളോടെയും മികച്ച ലാബോറട്ടറികൾ , എം.ആർ.ഐ-സി.ടി സ്‌കാനിങ് അടക്കമുള്ള സൗകര്യങ്ങൾ മെഡിക്കൽ കോളേജിൽ തുടക്കം മുതൽ ലഭ്യമാക്കണം. ഇതിനനുസരിച്ച് തസ്‌കതികകളിൽ വർദ്ധന വരുത്തണം. തുടങ്ങിയ നിർദ്ദേശങ്ങളാണ് വെൽഫെയർ പാർട്ടി കത്തിൽ സൂചിപ്പിച്ചത്. കത്തിന്റെ പകർപ്പ് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജക്കും അയച്ചിട്ടുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP