Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഷാജിയുടെ പ്രതികരണം ബാലിശമായിപ്പോയി; എന്റെ മുട്ടുകാലിന്റെ ബലം എല്ലില്ലാത്ത നാവ് കൊണ്ട് ആരും അളക്കേണ്ട; ഏത് സ്പീക്കറും ചെയ്യുന്നതേ ഞാനും ചെയ്തുള്ളൂ; കോഴ ആരോപണ കേസിൽ സ്പീക്കർ മാനുഷിക പരിഗണന കാണിച്ചില്ലെന്ന ആരോപണത്തിന് മറുപടിയുമായ പി ശ്രീരാമകൃഷ്ണൻ; ഷാജിക്കെതിരായ കേസിൽ വിജിലൻസ് ഇന്ന് എഫ്.ഐ.ആർ നടപടികൾ പൂർത്തിയാക്കും; രാഷ്ട്രീയമായി പ്രതിരോധിക്കാൻ തയ്യാറെടുത്ത് യുഡിഎഫും; പണമിടപാട് പ്രശ്‌നം വിജിലൻസ് കേസിലേക്ക് എത്തിയത് ലീഗിലെ പ്രാദേശിക പടലപ്പിണക്കം

ഷാജിയുടെ പ്രതികരണം ബാലിശമായിപ്പോയി; എന്റെ മുട്ടുകാലിന്റെ ബലം എല്ലില്ലാത്ത നാവ് കൊണ്ട് ആരും അളക്കേണ്ട; ഏത് സ്പീക്കറും ചെയ്യുന്നതേ ഞാനും ചെയ്തുള്ളൂ; കോഴ ആരോപണ കേസിൽ സ്പീക്കർ മാനുഷിക പരിഗണന കാണിച്ചില്ലെന്ന ആരോപണത്തിന് മറുപടിയുമായ പി ശ്രീരാമകൃഷ്ണൻ; ഷാജിക്കെതിരായ കേസിൽ വിജിലൻസ് ഇന്ന് എഫ്.ഐ.ആർ നടപടികൾ പൂർത്തിയാക്കും; രാഷ്ട്രീയമായി പ്രതിരോധിക്കാൻ തയ്യാറെടുത്ത് യുഡിഎഫും; പണമിടപാട് പ്രശ്‌നം വിജിലൻസ് കേസിലേക്ക് എത്തിയത് ലീഗിലെ പ്രാദേശിക പടലപ്പിണക്കം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ എം ഷാജി എംഎൽഎ തനിക്കെതിരെ ഉന്നയിച്ച ആരോപണത്തിന് മറുപടിയുമായി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ രംഗത്തെത്തി. ഷാജിയുടെ പ്രസ്താവന നിയമസഭയോടുള്ള അവഹേളനമാണെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പ്രതികരിച്ചു. 'ഷാജിയുടെ പ്രതികരണം ബാലിശമായിപ്പോയി. ഏത് സ്പീക്കറും ചെയ്യുന്നതേ ഞാനും ചെയ്തുള്ളൂ. എന്റെ മുട്ടുകാലിന്റെ ബലം എല്ലില്ലാത്ത നാവ് കൊണ്ട് ആരും അളക്കേണ്ട', സ്പീക്കർ പറഞ്ഞു. സ്പീക്കറെന്ന നിലയിലുള്ള പരിമിതികളെ ദൗർബല്യമായി കാണരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ അഴീക്കോട് സ്‌കൂളുമായി ബന്ധപ്പെട്ട കോഴ ആരോപണ കേസിൽ സ്പീക്കർ മാനുഷിക പരിഗണന കാണിച്ചില്ലെന്ന് കെ.എം ഷാജി പറഞ്ഞിരുന്നു. തനിക്കെതിരെ ഒരു അന്വേഷണത്തിന് അനുമതി നൽകുന്നുണ്ടെങ്കിൽ അക്കാര്യം സ്പീക്കർ നിയമസഭയിൽ പറയണമായിരുന്നു. അല്ലെങ്കിൽ ഫോണിൽ വിളിച്ചെങ്കിലും പറയണമായിരുന്നു. ഇത് രണ്ടും ഉണ്ടായില്ലെന്ന് ഷാജി പറഞ്ഞിരുന്നു. അഴീക്കോട് സ്‌കൂൾ മാനേജ്‌മെന്റിൽ നിന്ന് 25 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയിലാണ് ഷാജിക്കെതിരെ വിജിലൻസ് കേസെടുക്കുന്നത്. 2017 ൽ ഹയർസെക്കണ്ടറി അനുവദിക്കാൻ മാനേജ്‌മെന്റിൽ നിന്ന് പണം വാങ്ങിയെന്നാണ് പരാതി.

പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് കേസെടുക്കാൻ വിജിലൻസ് ശുപാർശ ചെയ്തിരുന്നു. 2019 നവംബറിലാണ് വിജിലൻസ് കേസെടുക്കാൻ അനുമതി നൽകിയത്. കോഴിക്കോട് റേഞ്ച് എസ്‌പിക്കാണ് അന്വേഷണ ചുമതല. അതേസമയം കേസ് രാഷ്ട്രീയപ്രേരിതമാണെന്ന വാദം സർക്കാർ വൃത്തങ്ങൾ തള്ളി. മാർച്ച് 16 ന് തന്നെ കെ.എം ഷാജിയ്‌ക്കെതിരെ കേസെടുക്കുന്നതിന് സ്പീക്കർ അനുമതി നൽകിയിരുന്നു. കെ.എം ഷാജിക്ക് പിന്തുണയുമായി മുസ്ലിം ലീഗും കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, അഴിക്കോട് എംഎൽഎ, കെ.എം. ഷാജിക്കെതിരായ കേസിൽ വിജിലൻസ് ഇന്ന് എഫ് ഐ അർ നടപടികൾ പൂർത്തിയാക്കും. രാഷ്ട്രീയമായി പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പിലാണ് യുഡിഎഫ്. മുഖ്യമന്ത്രിയെ വിമർശിച്ചതിലുള്ള പ്രതികാര നടപടിയാണ് കേസെന്ന ആരോപണം എൽഡിഎഫ് തള്ളുകയാണ്.

കേസിൽ എത്തിയത് ലീഗിലെ പ്രാദേശിക പടലപ്പിണക്കം

അതേസമയം കെ.എം. ഷാജി എംഎ‍ൽഎക്കെതിരായ വിജിലൻസ് കേസിന് ആധാരമായ പണമിടപാട് പ്രശ്‌നം പുറത്തെത്തിച്ചത് മുസ്‌ലിം ലീഗിലെ പ്രാദേശിക പടലപ്പിണക്കങങ്ങളാണ്. ലീഗ് അഴീക്കോട് മണ്ഡലം കമ്മിറ്റിയിലെ ചിലർ പാർട്ടി നേതൃത്വത്തിന് നൽകിയ പരാതിയിലെ ചോർന്ന് കിട്ടിയ വിവരങ്ങൾ വച്ചാണ് സിപിഎമ്മുകാരനായ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പത്മനാഭൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ആ പരാതിയിലെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എംഎ‍ൽഎക്കെതിരെ ഇപ്പോൾ കേസെടുത്തത്.

2013-14 ൽ യു.ഡി.എഫ് ഭരണകാലത്ത് അഴീക്കോട് സ്‌കൂളിന് പ്ലസ്ടു ബാച്ച് അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നത്തിന്റെ തുടക്കം. സൊസൈറ്റി നിയന്ത്രണത്തിലുള്ള സ്‌കൂളിൽ പ്ലസ് ടു ബാച്ച് ലഭിച്ചാൽ ഒരു അദ്ധ്യാപക തസ്തികക്ക് ലഭിക്കുന്ന തുകയായ 25 ലക്ഷം രൂപ പാർട്ടിക്ക് നൽകാമെന്ന് ധാരണയുണ്ടായിരുന്നെന്നാണ് റിപ്പോർട്ട്. അതുപയോഗിച്ച് ലീഗ് പൂതപ്പാറ ശാഖ കമ്മിറ്റിക്ക് ഓഫിസ് കെട്ടിടം നിർമ്മിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, കെ.എം. ഷാജി ഇടപെട്ട് 25 ലക്ഷം നേരിട്ട് കൈപ്പറ്റിയെന്നാണ് ആരോപണം.

ഇതുസംബന്ധിച്ച് മുസ്‌ലിം ലീഗ് അഴീക്കോട് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്ന നൗഷാദ് പൂതപ്പാറയാണ് പാർട്ടി നേതൃത്വത്തിന് പരാതി നൽകിയത്. ഈ പരാതിയാണ് 2017ൽ ചോർന്നത്. ഷാജിക്കെതിരായ പരാതി ലീഗ് നേതൃത്വം കാര്യമായി എടുത്തില്ല. പകരം പരാതി ഉന്നയിച്ച നൗഷാദ് പൂതപ്പാറയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സമൂഹ മാധ്യമങ്ങളിൽ തന്നെ അപമാനിച്ചുവെന്ന കെ.എം. ഷാജിയുടെ പരാതിയിൽ നൗഷാദ് പൂതപ്പാറക്കെതിരെ വളപട്ടണം പൊലീസ് സ്‌റ്റേഷനിൽ കേസുമുണ്ട്. ഇതേചൊല്ലി കണ്ണൂരിൽ പാർട്ടിയിൽ തുടക്കത്തിൽ ചില എതിർപ്പുകൾ ഉയർന്നുവെങ്കിലും വലിയ ചർച്ചയായില്ല.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിപ്രകാരമുള്ള പ്രാഥമിക അന്വേഷണം വിജിലൻസ് രണ്ടു വർഷം മുമ്പേ പൂർത്തിയാക്കിയതാണ്. റിപ്പോർട്ടും ആഭ്യന്തര വകുപ്പിനും നൽകി. എന്നൽ, ഇപ്പോൾ മാത്രമാണ് അതിൽ സർക്കാർ തുടർനടപടി സ്വീകരിച്ചത്. രണ്ടു വർഷമായി അനക്കമില്ലാതെ കിടന്ന കേസ് തേഞ്ഞുമാഞ്ഞുപോയെന്നായിരുന്നു പരാതിക്കാർ ഉൾപ്പെടെ കരുതിയത്. അതിനിടെയാണ് പൊടുന്നനെ കേസ് വീണ്ടും സജീവമായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP