Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അഞ്ച് കൊല്ലം കഴിയുമ്പോൾ കേരളത്തിൽ എവിടെ നിന്നും രണ്ട് മണിക്കൂർ കൊണ്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്താനാവും! അർദ്ധ അതിവേഗ റെയിൽവേ പദ്ധതിയിൽ എറണാകുളം ജില്ലയിലെ വിമാനത്താവളത്തിനും സ്‌റ്റോപ്പ്; ലഭിക്കുന്നതുകൊച്ചി വിമാനത്താവളത്തെ ആശ്രയിക്കുന്നവർക്ക് ടാക്‌സിക്കാരുടെ കൊള്ളയില്ലാതെ യാത്ര ചെയ്യാനുള്ള സുവർണ്ണാവസരം; കെ റെയിലിന് ഇനി വേണ്ടത് കേന്ദ്ര സർക്കാരിന്റേയും നീതി ആയോഗിന്റേയും അനുമതി; കേരളത്തിന്റെ വികസന സ്വപ്‌നം അതിവേഗം മുമ്പോട്ട്

അഞ്ച് കൊല്ലം കഴിയുമ്പോൾ കേരളത്തിൽ എവിടെ നിന്നും രണ്ട് മണിക്കൂർ കൊണ്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്താനാവും! അർദ്ധ അതിവേഗ റെയിൽവേ പദ്ധതിയിൽ എറണാകുളം ജില്ലയിലെ വിമാനത്താവളത്തിനും സ്‌റ്റോപ്പ്; ലഭിക്കുന്നതുകൊച്ചി വിമാനത്താവളത്തെ ആശ്രയിക്കുന്നവർക്ക് ടാക്‌സിക്കാരുടെ കൊള്ളയില്ലാതെ യാത്ര ചെയ്യാനുള്ള സുവർണ്ണാവസരം; കെ റെയിലിന് ഇനി വേണ്ടത് കേന്ദ്ര സർക്കാരിന്റേയും നീതി ആയോഗിന്റേയും അനുമതി; കേരളത്തിന്റെ വികസന സ്വപ്‌നം അതിവേഗം മുമ്പോട്ട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥന സർക്കാരിന് കൈയടിക്കാം. അർധ അതിവേഗ റെയിൽപ്പാതയ്ക്ക് കൊച്ചിയിൽ പുതുതായി ഒരു സ്റ്റേഷൻകൂടി. വിമാനത്താവള യാത്രികർക്ക് ഏറെ ഗുണകരമായി ഇത് മാറും. മറ്റേത് ജില്ലകളിൽ നിന്നുള്ള വിമാന യാത്രക്കാർക്ക് നെടുമ്പാശ്ശേരിയിൽ അതിവേഗം എത്താനും തിരിച്ച് വേഗത്തിൽ വീട്ടിലെത്താനും ഇതിലൂടെ കഴിയും. കഴിഞ്ഞദിവസം അംഗീകരിച്ച വിശദമായ പദ്ധതിരേഖയിലാണ് എറണാകുളം ജില്ലയിൽ കാക്കനാടിനെക്കൂടാതെ നെടുമ്പാശ്ശേരി വിമാനത്താവളത്തോടുചേർന്ന് മറ്റൊരു സ്റ്റേഷൻകൂടി അനുവദിച്ചത്.

മലബാറിൽ നിന്നടക്കം കേരളത്തിൽ എവിടെ നിന്നും അർധ അതിവേഗതീവണ്ടിയിൽ രണ്ടുമണിക്കൂറിനകം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിമാനസർവീസുള്ള നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്താനാവും. കോഴിക്കോട് നഗരത്തിൽനിന്ന് കരിപ്പൂരിൽ ബസ് മാർഗമെത്താൻ ഒരു മണിക്കൂറിലേറെ വേണം. കണ്ണൂർ നഗരത്തിൽനിന്ന് കണ്ണൂർ വിമാനത്താവളത്തിലെത്താനും ഒരു മണിക്കൂറെങ്കിലും വേണം. നെടുമ്പാശ്ശേരിയിൽ പുതിയ സ്റ്റോപ്പ് അനുവദിച്ചതോടെ നെടുമ്പാശ്ശേരിയിൽ സാധ്യത കൂടും.

കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെ റെയിൽ) പദ്ധതി അവതരിപ്പിക്കുമ്പോൾ നെടുമ്പാശ്ശേരിയിൽ സ്റ്റേഷൻ ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് സാധ്യത തിരിച്ചറിഞ്ഞ് ഇത് കൂടി ഉൾപ്പെടുത്തുകയായിരുന്നു. തിരുവനന്തപുരം മുതൽ തിരൂർവരെ ഇപ്പോഴത്തെ റെയിൽപാതയിൽനിന്ന് മാറിയും തുടർന്ന് കാസർകോടുവരെ ഇപ്പോഴത്തെ പാതയ്ക്ക് സമാന്തരവുമായിട്ടാണ് പാത നിർമ്മിക്കുന്നത്. 530.6 കിലോമീറ്റർ നാലുമണിക്കൂർ കൊണ്ട് പിന്നിടാനാകുമെന്നാണ് കെ റെയിലിന്റെ അവകാശവാദം.

ഈ വർഷം പണിതുടങ്ങി അഞ്ചുവർഷം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ, ഇതിന് കേന്ദ്രസർക്കാരിന്റെയും നീതി ആയോഗിന്റെയും അനുമതി ലഭിക്കേണ്ടതുണ്ട്. സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ അർധ അതിവേഗ റെയിൽപാതയായ സിൽവർ ലൈനിന്റെ വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) കേരള റെയിൽ ഡെവലപ്‌മെന്റ് കോർപറേഷൻ (കെ -റെയിൽ) ബോർഡ് യോഗം അംഗീകരിച്ചിരുന്നു. സാധ്യതാ പഠനറിപ്പോർട്ടിലെ അലൈന്മെന്റിൽ നേരിയ മാറ്റങ്ങളുണ്ട്. തിരുവനന്തപുരം മുതൽ തിരൂർ വരെ ഇപ്പോഴത്തെ റെയിൽപാതയിൽ നിന്ന് മാറിയും തുടർന്ന് കാസർകോടുവരെ ഇപ്പോഴത്തെ പാതയ്ക്ക് സമാന്തരവുമായിട്ടാണ് സിൽവർ ലൈൻ നിർമ്മിക്കുക.

ഡിപിആർ പ്രകാരം പുതുക്കിയ പദ്ധതിച്ചെലവ് 63,941 കോടി രൂപയാണ്. സാധ്യതാ പഠന റിപ്പോർട്ടിലുണ്ടായിരുന്നതിനേക്കാൾ 2000 കോടി രൂപ കുറവാണിത്. ഡിപിആർ സംസ്ഥാന സർക്കാരിനും റെയിൽവേ മന്ത്രാലയത്തിനും സമർപ്പിക്കും. പദ്ധതിക്ക് നിതി ആയോഗ്, കേന്ദ്ര മന്ത്രിസഭ എന്നിവയുടെ അനുമതി വാങ്ങണം. രണ്ട് പുതിയ റെയിൽവേ ലൈനുകൾ ചേർത്ത് ഹരിത ഇടനാഴിയായി നിർമ്മിക്കുന്ന പാതയിലൂടെ മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ ട്രെയിനുകൾക്ക് സഞ്ചരിക്കാം. പൈതൃക സ്ഥാപനങ്ങളെയും ആരാധനാലയങ്ങളെയും ഒഴിവാക്കാൻ അലൈന്മെന്റിൽ 10 മുതൽ 50 മീറ്റർവരെ മാറ്റം വരുത്തി. തിരുവനന്തപുരത്തുനിന്ന് 11 ജില്ലയിലൂടെ 530.6 കിലോമീറ്റർ നാലു മണിക്കൂർകൊണ്ട് പിന്നിട്ട് കാസർകോട്ടെത്തും.

പാരീസിലെ സിസ്ട്ര ജിസി-യാണ് കെ- റെയിലിനുവേണ്ടി ഡിപിആർ തയ്യാറാക്കിയത്. സംസ്ഥാന സർക്കാരും ഇന്ത്യൻ റെയിൽവേയും ചേർന്ന് രൂപം നൽകിയതാണ് കെ -റെയിൽ. എയർക്രാഫ്റ്റ് ഉപയോഗിച്ചുള്ള ലൈഡാർ സർവേ, പലതരത്തിലുള്ള മലിനീകരണത്തിന്റെ തോത് അടിസ്ഥാനപ്പെടുത്തിയുള്ള പരിസ്ഥിതി ആഘാത പഠനം, ശാസ്ത്രീയമായ മണ്ണു പഠനം, രാത്രിയാത്ര, വിനോദസഞ്ചാരം തുടങ്ങിയവ ഉൾപ്പെടുത്തിയുള്ള ഗതാഗത സർവേ എന്നിവയ്ക്കുശേഷമാണ് ഡിപിആർ തയ്യാറാക്കിയത്. സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വളർച്ചയെ ത്വരിതപ്പെടുത്തുന്ന തരത്തിലായിരിക്കും പദ്ധതി നടപ്പാക്കുന്നതെന്ന് കെ -റെയിൽ എംഡി വി അജിത് കുമാർ പറഞ്ഞു.

9 കാറുകൾവീതമുള്ള ഇഎംയു ആണ് സിൽവർലൈനിൽ ഉപയോഗിക്കുക. ഒരു ട്രെയിനിൽ 675 യാത്രക്കാരുണ്ടാകും. ബിസിനസ് ക്ലാസിൽ ഓരോ വശത്തും രണ്ടു സീറ്റുവീതവും സ്റ്റാൻഡേർഡ് ക്ലാസിൽ ഒരുവശത്ത് മൂന്നും മറുവശത്ത് രണ്ടും സീറ്റും ഉണ്ടാകും. ഇന്ധനം കെഎസ്ഇബിയിൽനിന്നും സൗരോർജ യൂണിറ്റുകളിൽനിന്നും എടുക്കും. മൊത്തം ചെലവിന്റെ 52 ശതമാനം വായ്പയായരിക്കും. ബാക്കി ചെലവ് റെയിൽവേ, കേന്ദ്ര-- -സംസ്ഥാന സർക്കാരുകൾ, ധനസ്ഥാപനങ്ങൾ എന്നിവ വഹിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP