Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വർഗീയത പ്രചരിപ്പിച്ചതിന്റെ പേരിൽ അദ്ദേഹത്തിന്റെ ‘എല്ല്’ സുപ്രിംകോടതി കൊണ്ടുപോയതാണ്; 2021 ലെ തെരഞ്ഞെടുപ്പോടെ ബാക്കി രണ്ട് അക്ഷരങ്ങൾ കേരളത്തിലെ ജനങ്ങൾ എടുത്തുമാറ്റിക്കൊള്ളും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ കണക്കുകൾ ചോദിച്ച കെ എം ഷാജിയെ പരി​ഹസിച്ച് എ എൻ ഷംസീർ എംഎൽഎ

വർഗീയത പ്രചരിപ്പിച്ചതിന്റെ പേരിൽ അദ്ദേഹത്തിന്റെ ‘എല്ല്’ സുപ്രിംകോടതി കൊണ്ടുപോയതാണ്; 2021 ലെ തെരഞ്ഞെടുപ്പോടെ ബാക്കി രണ്ട് അക്ഷരങ്ങൾ കേരളത്തിലെ ജനങ്ങൾ എടുത്തുമാറ്റിക്കൊള്ളും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ കണക്കുകൾ ചോദിച്ച കെ എം ഷാജിയെ പരി​ഹസിച്ച് എ എൻ ഷംസീർ എംഎൽഎ

മറുനാടൻ ഡെസ്‌ക്‌

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ കണക്കുകൾ ചോദിച്ച് വാർത്താസമ്മേളനം നടത്തിയ കെ എം ഷാജിയെ വിമർശിച്ച് എ എൻ ഷംസീർ എംഎൽഎ. കൊറോണയ്ക്ക് പരിവർത്തനമായ പുതിയ വൈറസാണ് കെ എം ഷാജിയെന്ന് എ എൻ ഷംസീർ പരിഹസിച്ചു. ഫേസ്‌ബുക്കിലൂടെയാണ് ഷംസീറിന്റെ വിമർശനവും പരിഹാസവും.

കെ എം ഷാജിയെ നിലവിൽ എംഎൽഎ എന്ന് വിളിക്കാനാകില്ല. വർഗീയത പ്രചരിപ്പിച്ചതിന്റെ പേരിൽ അദ്ദേഹത്തിന്റെ ‘എല്ല്’ സുപ്രിംകോടതി കൊണ്ടുപോയതാണ്. അതിന് ശേഷം രണ്ട് അക്ഷരങ്ങളാണ് അവശേഷിക്കുന്നത്. 2021 ലെ തെരഞ്ഞെടുപ്പോടെ ബാക്കി രണ്ട് അക്ഷരങ്ങൾ കേരളത്തിലെ ജനങ്ങൾ എടുത്തുമാറ്റിക്കൊള്ളും. മുഖ്യമന്ത്രിയേയും ദുരിതാശ്വാസ ഫണ്ടിനേയും അവഹേളിച്ച് വാർത്താസമ്മേളനം നടത്തിയ കെ എം ഷാജിക്കെതിരെ കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി പ്രതികരിക്കുമെന്നാണ് കരുതുന്നതെന്നും എ എൻ ഷംസീർ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ എം ഷാജി വാർത്താസമ്മേളനം നടത്തിയിരുന്നു. കൊവിഡ് കാലത്ത് രാഷ്ട്രീയത്തിന് വിലക്കില്ലെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ കണക്കുകൾ ചോദിക്കുന്നത് തുടരുമെന്നും കെ എം ഷാജി പറഞ്ഞിരുന്നു. പ്രളയമോ, കൊവിഡോ വന്നാൽ തങ്ങളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാമെന്ന് മുഖ്യമന്ത്രി ധരിക്കേണ്ട. മുഖ്യമന്ത്രിയെ കാണുമ്പോൾ പേടിച്ച് മുട്ടു വിറയ്ക്കുന്ന പാർട്ടി ഓഫീസിലെ സഹപ്രവർത്തകരല്ല പ്രതിപക്ഷത്ത് ഇരിക്കുന്നതെന്ന് മനസിലാക്കണമെന്നും കെ എം ഷാജി വ്യക്തമാക്കിയിരുന്നു.

കൊവിഡ് പ്രവർത്തനങ്ങൾക്ക് ശക്തിപകരാൻ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയെ പരിഹിസിച്ചുള്ള എംഎൽഎയുടെ പോസ്റ്റാണ് വാക്ക് പോരിന് തുടക്കം കുറിച്ചത്. അടുത്ത് തന്നെ ഷുക്കൂർ കേസിൽ വിധി വരാൻ ഇടയുണ്ട്. നമ്മുടെ ജയരാജനെയും രാജേഷിനെയും ഒക്കെ രക്ഷപെടുത്തിയെടുക്കണമെങ്കിൽ നല്ല ഫീസ് കൊടുത്ത് വക്കീലിനെ വെക്കാനുള്ളതാണ് എന്നായിരുന്നു കെഎം ഷാജിയുടെ പരിഹാസം.

ഇതിന് ചില വികൃത മനസുകൾ നമ്മുടെ കൂട്ടത്തിലുണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. എന്താണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസം എന്നതും അതിന്റെ സാങ്കേതിക കാര്യങ്ങളും അറിയാത്ത ഒരുപാട് പാവപ്പെട്ടവരുണ്ട്. എന്തിനാണ് നുണ പറഞ്ഞ് അവരെ തെറ്റിദ്ധരിപ്പിക്കുന്നത്. ഇതുപോലൊരു നിലപാട് എന്തുകൊണ്ട് എംഎൽഎ എടുത്തു എന്ന് അദ്ദേഹത്തിന്റെ പാർട്ടി ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

രൂക്ഷമായ ഭാഷയിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. ഒരു പൊതുപ്രവർത്തകനിൽ നിന്ന് പ്രതീക്ഷിക്കാൻ കഴിയുന്ന വാചകമല്ല ഒരു എംഎൽഎ ആയ ഷാജിയിൽ നിന്ന് ഉണ്ടായിരിക്കുന്നതെന്ന് അഭിപ്രായപ്പെട്ട മുഖ്യമന്ത്രി പാവപ്പെട്ട കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് എന്തിനാണെന്നും ചോദിച്ചു. കൊറോണ അവലോകന യോഗത്തിന് ശേഷം വാർത്താ സമ്മേളനം നടത്തുകയായിരുന്നു മുഖ്യമന്ത്രി. കെ.എം.ഷാജി ഇന്നലെ പറഞ്ഞ കാര്യങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടില്ലേ എന്ന് മാധ്യമപ്രവർത്തകരോട് ആരാഞ്ഞ മുഖ്യമന്ത്രി ഷാജിയുടെ ഫേസ്‌ബുക്ക് കുറിപ്പ് പത്രസമ്മേളനത്തിൽ വായിക്കുകയും ചെയ്തു. ഒരു പൊതുപ്രവർത്തകനിൽ നിന്ന് പ്രതീക്ഷിക്കാൻ സാധിക്കുന്ന കാര്യമാണോ ഈ വാചകങ്ങൾ എന്നുചോദിച്ച മുഖ്യമന്ത്രി തനിക്കിത് വിശ്വസിക്കാൻ പോലും സാധിക്കുന്നില്ലെന്നും അഭിപ്രായപ്പെട്ടു.

'നമ്മുടെ സംസ്ഥാനത്ത് എംഎൽഎ ആയിരിക്കുന്ന ഒരാളിൽ നിന്ന് ഇത്തരമൊരു വാചകം വരുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുമോ? എനിക്കിത് വിശ്വസിക്കാനേ കഴിയുന്നില്ല. കെ.എം ഷാജി, എംഎൽഎ ആയിരിക്കുന്ന ഒരു വ്യക്തി ഇത്തരത്തിൽ ഒരു പോസ്റ്റ് ഇടുമെന്നുള്ളത് എനിക്ക് വിശ്വസിക്കാനേ കഴിയുന്നില്ല. എന്തുകൊണ്ടാണ് ഇങ്ങനെ സാധിക്കുന്നത്. സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളോട് കെ.എം.ഷാജിയുടെ പാർട്ടി പൂർണമായി സഹകരിച്ചു നിൽക്കുകയാണ്. ഇന്നലെ പോലും സംസ്ഥാനത്തെ ആകെയുള്ള ആംബുലൻസുകളുടെ എണ്ണം അവർ മുഖ്യമന്ത്രിയുടെ ഓഫീസിൽ അറിയിച്ചു.'

ഇത്തരമൊരു ഘട്ടത്തിൽ ഇതുപോലൊരു കാര്യം, ശുദ്ധനുണ നുണ പറയാൻ ഷാജിക്ക് എങ്ങനെ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി ചോദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണോ വക്കീലിന് പണം കൊടുക്കുന്നതെന്ന് ചോദിച്ച മുഖ്യമന്ത്രി സാങ്കേതിക കാര്യങ്ങൾ അറിയാത്ത ഒരുപാട് പാവപ്പെട്ട ആളുകൾ നാട്ടിലുണ്ടെന്നും അവരെ തെറ്റിദ്ധരിപ്പിക്കാൻ ഷാജി ശ്രമിക്കുന്നത് എന്തിനാണെന്നും ചോദിച്ചു.

'എന്തിനാണ് ഇങ്ങനെ ഒരു നുണ അവതരിപ്പിക്കുന്നത്. എന്തിനാണ് പാവങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നോക്കുന്നത്. പാവപ്പെട്ട ഒരുപാട് ആളുകൾക്ക് നാട്ടിൽ ഉണ്ട് , സാങ്കേതിക കാര്യങ്ങൾ മനസ്സിലാകാത്ത ആൾക്കാർ, എന്താണ് മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധി, എങ്ങനെയാണ് വക്കീലിന് ഫീസ് കൊടുക്കുന്നത് എന്നതൊക്കെ അറിയാത്ത ഒരുപാട് ആളുകൾ നമ്മുടെ നാട്ടിലുണ്ട്. അങ്ങനെയുള്ളവരെ തെറ്റിദ്ധരിപ്പിക്കുകയാണോ വേണ്ടത്. അതല്ലേ ഇതിലുണ്ടായത്?' മുഖ്യമന്ത്രി ചോദിച്ചു.

ഇത്തരമൊരു നിലപാട് എന്തുകൊണ്ട് കെ.എം.ഷാജി എടുത്തുവെന്നത് മുസ്ലിംലീഗ് ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 'ഇത്തരമൊരു ഘട്ടത്തിൽ ഇങ്ങനെ ഒരു നിലപാടാണോ എടുക്കേണ്ടത്. അതുപോലെ ചില സമീപനങ്ങളുണ്ട് ചില വികൃതമനസ്സുകൾ നമ്മുടെ കൂട്ടത്തിലുണ്ടാകും. ഇങ്ങനെ എന്തെങ്കിലും ഗ്വാ ഗ്വാ ശബ്ദമുണ്ടാക്കിയാൽ അതാണ് ഏറ്റവും വലിയ ശബ്ദമെന്ന് കാണേണ്ടതില്ലെ'ന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'കോവിഡ് 19നെ ഒന്നിച്ചുനേരിടാൻ നമുക്കു കഴിയും. നമുക്കിതിനെ ഒന്നിച്ചുനേരിടാൻ കഴിയും ഒന്നിച്ചുതന്നെ അതിജീവിക്കാൻ കഴിയും അതുമാത്രമാണ് എനിക്ക് പറയാനുള്ളത്.'- മുഖ്യമന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP