Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മദ്യപന്മാരുടെ സങ്കടം പിന്നെയും സഹിക്കാം; മറ്റു പലർക്കും അവകാശപ്പെടാനാകാത്ത സ്വയം നിർമ്മിത സാമ്പത്തിക വൈദഗ്ധ്യത്തിന്റെ മേലങ്കി അണിഞ്ഞ മന്ത്രിയുടെ ദീനരോദനമാണ് സഹിക്കാനാകാത്തത്; ഒന്നൊഴിയാതെയുള്ള ദുരിതങ്ങളിൽ മുന്നിൽ നിന്ന് നയിച്ച മുഖ്യനും കേരള മോഡലും ശ്രദ്ധ ആകർഷിക്കുമ്പോൾ ധനമന്ത്രി പരാജയമായി മാറുന്നോ? മദ്യ വിപണനം നിലച്ചാൽ വിറയ്ക്കുന്നതാർക്ക്? ഡോ. ശിവപ്രസാദ് എഴുതുന്നു

മദ്യപന്മാരുടെ സങ്കടം പിന്നെയും സഹിക്കാം; മറ്റു പലർക്കും അവകാശപ്പെടാനാകാത്ത സ്വയം നിർമ്മിത സാമ്പത്തിക വൈദഗ്ധ്യത്തിന്റെ മേലങ്കി അണിഞ്ഞ മന്ത്രിയുടെ ദീനരോദനമാണ് സഹിക്കാനാകാത്തത്; ഒന്നൊഴിയാതെയുള്ള ദുരിതങ്ങളിൽ മുന്നിൽ നിന്ന് നയിച്ച മുഖ്യനും കേരള മോഡലും ശ്രദ്ധ ആകർഷിക്കുമ്പോൾ ധനമന്ത്രി പരാജയമായി മാറുന്നോ? മദ്യ വിപണനം നിലച്ചാൽ വിറയ്ക്കുന്നതാർക്ക്? ഡോ. ശിവപ്രസാദ് എഴുതുന്നു

ഡോ എസ് ശിവപ്രസാദ്

ലോക് ഡൗണിന്റെ ഏതാനും ആഴ്ചകൾ പിന്നിടുമ്പോൾ തെളിനീരൊഴുകുന്നത് ഗംഗയിലും യുമുനയിലും മാത്രമല്ല, ലോകമെമ്പാടുമുള്ള കുടുംബ ബന്ധങ്ങളിലും കൂടിയാണ്. കേരള സമൂഹത്തെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന ഘടകങ്ങളിലൊന്നായ മദ്യത്തിന്റെ ലഭ്യത ഇക്കാലയളവിൽ പൂർണ്ണമായും നിലച്ചതോടെ കുടുംബങ്ങൾക്കുള്ളിലും സമൂഹത്തിലും ഉണ്ടാക്കിയ സാമ്പത്തിക പ്രതിഫലനങ്ങൾ വഴിതുറക്കുന്നത് സാമ്പത്തിക ഭദ്രതക്കായി ഇനിയുമേറെ ദൂരം നാം സഞ്ചരിക്കേണ്ടതുണ്ട് എന്നതിലേക്കാണ്.

മദ്യപന്മാരുടെ സങ്കടം പിന്നെയും സഹിക്കാം. എന്നാൽ മദ്യത്തിൽ നിന്നുള്ള വരുമാനം നിലച്ചതോടെ, മറ്റു പലർക്കും അവകാശപ്പെടാനാകാത്ത സ്വയം നിർമ്മിത സാമ്പത്തിക വൈദഗ്ധ്യത്തിന്റെ മേലങ്കി അണിഞ്ഞ വകുപ്പ് മന്ത്രിയുടെ ദീനരോദനമാണ് സഹിക്കാനാകാത്തത്. ലോക്ഡൗണിന്റെ ഭാഗമായി ബിവറേജസ് ഔട്ട് ലെറ്റുകളും ബാറുകളും അടച്ചിട്ട ആദ്യ ദിനങ്ങളിൽ ഉണ്ടായ വിറയലും മാനസിക സമ്മർദ്ദവും മദ്യപാനികൾ മറികടക്കുന്നു എന്നത് അശാസമേകുമ്പോൾ നമ്മുടെ ധനകാര്യ വകുപ്പിനും വകുപ്പ് മന്ത്രിക്കും ഉണ്ടായ വിറയൽ ആശങ്ക ജനിപ്പിക്കുന്നു. ഡോക്ടർമാരുടെ കുറിപ്പോടെ മദ്യം നൽകാൻ തുനിഞ്ഞതിനു പിന്നിലെ രഹസ്യം തികഞ്ഞ മദ്യപാനിക്കുപോലുമറിയാം. കുടുംബങ്ങളെ തകർക്കുന്ന ഈ സാമ്പത്തിക ശാസ്ത്രം സർക്കാർ ചിന്തിക്കരുതായിരുന്നു. വരവ് നിലച്ച ഇക്കാലത്ത് കുടുംബങ്ങളിൽ അവശേഷിക്കുന്ന തുക ഒറ്റദിനം കൊണ്ട് സർക്കാർ ഖജനാവിലെത്തുമെന്നല്ലാതെ മദ്യഷോപ്പുകൾ തുറക്കുന്നതുകൊണ്ട് മറ്റ് പ്രയോജനമൊന്നുണ്ടാകില്ല.

മദ്യപാനത്തിനടിമകളാകുന്നവരും മദ്യത്തിൽ നിന്നുള്ള വരുമാനത്തിന്റെ അടിമകളാകുന്ന സർക്കാരുമെന്ന പതിവുകാഴ്ച മാറിയേ തീരൂ. മദ്യപാനികളെ രണ്ടാം തരം പൗരന്മാരായി കാണാതെ ആരോഗ്യകരമായ മദ്യപാന ശീലം വളർത്തി എടുക്കണം. അല്ലാതെ അമിത ഉപയോഗം സർക്കാർ ചെലവിൽ വളർത്തി എടുക്കുകയല്ല വേണ്ടത്. മദ്യത്തിനടിപ്പെട്ടവർക്കെന്ന പോലെ അതിൽ നിന്നുള്ള വരുമാനത്തെ മാത്രം അശ്രയിക്കുന്ന സർക്കാരുകൾക്കും ചികിത്സ ആവശ്യമാണ്. വിമുക്തി കേന്ദ്രങ്ങളിലെന്നപോലെ ലോക് ഡൗൺ കാല കുടുംബ സൗഹാർദ്ദങ്ങളിൽ മാനസാന്തരം പ്രാപിച്ച് ബിവറേജസ് ക്യൂവിൽ ഇനി നിൽക്കില്ല എന്ന് ശപഥമെടുത്തവരെ വീണ്ടും ക്യൂവിലെത്തിച്ച് വിപണനമാണോ എക്‌സൈസ് വകുപ്പിന്റെ മുഖ്യ ചുമതലയെന്ന ചോദ്യം ഉയർത്താതിരിക്കാൻ ശ്രദ്ധിക്കണം.

ചുരുക്കത്തിൽ ധനകാര്യ മേഖലയിലെ പിടിപ്പുകേട് തുടരുകയാണ്. വിഭവ സമാഹരണത്തിനായുള്ള നൂതന മാർഗ്ഗങ്ങളോ പുതിയ വ്യവസായങ്ങളോ വളർന്നു കാണുന്നില്ല. ഉള്ളവയാകട്ടെ പൂട്ടിപ്പോകുകയും ചെയ്യുന്നു. കേന്ദ്രത്തെ കുറ്റം പറഞ്ഞിരിക്കലാകരുത് ജോലി. ലോട്ടറി, മദ്യം, മറ്റ് നികുതികൾ എന്നിവയെ ആശ്രയിച്ചാണ് നമ്മുടെ പോക്ക്. ലോട്ടറിയിലൂടെയും മദ്യത്തിലൂടെയുമുള്ള വരുമാനം സത്യത്തിൽ പാവപ്പെട്ട തൊഴിലാളികളിൽ നിന്നുള്ള പിടിച്ചുപറിയായി വേണമെങ്കിൽ കാണാം. താഴെ തട്ടിലുള്ളവരെ ചൂഷണം ചെയ്യുന്നതിൽ നാം മത്സരിക്കുന്നു എന്നർഥം. ജി. എസ്. ടി നടപ്പാക്കുന്നതിൽ വന്ന അപാകത വൻകിട വ്യാപാരികൾക്ക് ഗുണകരമായത് മനഃപൂർവുള്ള തെറ്റായിരുന്നു. കുടിശ്ശിക പിരിച്ചെടുക്കാൻ ചെന്ന സമയത്ത് നിലവിലില്ലാത്ത നികുതി എന്തിന് നൽകണമെന്ന വ്യാപാരികളുടെ അന്നത്തെ വാദം ഇതിനുദാഹരണമാണ്. വൻകിട വ്യാപാരികളിൽ നിന്ന് നികുതി പിരിക്കുന്നതിൽ കാട്ടുന്ന അലംഭാവവും അവർക്കു നൽകുന്ന ഇളവും ആവർത്തിക്കുന്നതിന്റെ യുക്തി എന്ത്? ചോദ്യമേറുമ്പോൾ വരുമാനത്തിന്റെ സിംഹഭാഗവും സർക്കാർ ജീവനക്കാർ തിന്നു മുടിക്കുന്നു എന്ന് പറഞ്ഞ് തടിയൂരുന്ന പതിവ് ഗൂഢലക്ഷ്യം വച്ചുള്ളതാണ്.

അടിസ്ഥാന സൗകര്യ വികസനത്തിനു ബജറ്റിനു പുറത്തു ധനം കണ്ടെത്തുകയും അത് പ്രാവർത്തികമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പിറന്നതാണ് കിഫ്ബി. പക്ഷേ പിടികിട്ടാത്ത ആശയമായി കിഫ്ബി തുടരുന്നു. പാവപ്പെട്ടവരേയും പൊതുമേഖല സ്ഥാപനങ്ങളേയും രക്ഷിക്കുക, തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുക, ഉൽപാദനം കൂട്ടുക എന്നിങ്ങനെ ഇടതു വീക്ഷണങ്ങളെ ബലപ്പെടുത്താൻ കിഫ്ബി ലോകമെമ്പാടു നിന്നും കുറഞ്ഞ പലിശയ്ക്ക് നിക്ഷേപ സമാഹരണം നടത്തും, ആ പണം അടിസ്ഥാന സൗകര്യ വികസനത്തിനായി ഉപയോഗിക്കും, തുടർന്ന് തൊഴിലിലും വരുമാന വർദ്ധനവിനുമൊപ്പം സമ്പദ്ഘടന വളരും. ഇങ്ങനെ പോകുന്നു കിഫ്ബിയുടെ ആകാശ കോട്ടകൾ. ഇവയൊന്നും പ്രത്യക്ഷത്തിൽ കാണുന്നില്ലെന്നു മാത്രമല്ല ബീവറേജസ് കോർപറേഷൻ ഔട്ട്‌ലെറ്റുകൾ അടച്ചാൽ ട്രഷറി നിയന്ത്രണം എന്ന അവസ്ഥ ഇപ്പോഴും തുടരുന്നു താനും. കോടികൾ മുടക്കി കൊട്ടിഘോഷിച്ച് ആരംഭിച്ച പ്രവാസി ചിട്ടിക്ക് പ്രതീക്ഷിച്ച സ്വീകാര്യത ലഭിച്ചില്ല. പ്രതിപക്ഷ സംഘടനകകള സൗകര്യപൂർവം അകറ്റി നിർത്തിയ രാഷ്ട്രീയ സമീപനമാണ് ലക്ഷ്യത്തിന് തിരിച്ചടിയായതിന് ഒരു കാരണം. പാതി വഴിയിലെത്തിയ ചിട്ടികൾ നടത്താൻ പോലുമാകാത്ത അവസ്ഥ സംജാതമായേക്കും.

ഉൽപാദന- ഉപഭോഗ മേഖലകളെ ശക്തിപ്പെടുത്തി സാമ്പത്തിക രംഗത്തെ ശക്തമാക്കുന്ന സ്ഥിരം സംവിധാനങ്ങളെ കുറിച്ചാകണം ഇനിയെങ്കിലും സർക്കാർ ചിന്തിക്കേണ്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നമ്മുടെ നാട്ടിലേക്ക് തിരിച്ചു വരാൻ കാത്തിരിക്കുന്നവരെ ഒപ്പം ചേർത്ത് നിർത്തി കോവിഡ് സമ്മാനിച്ച തിരിച്ചറിവിൽ സാമ്പത്തിക ഭദ്രതയ്ക്കുള്ള പുതിയൊരു യജ്ഞത്തിന് തുടക്കമിടാൻ കഴിയുന്നത് ഒരു പക്ഷേ ഇടതുപക്ഷത്തിനു മാത്രമാണ്.

വാനോളമുള്ള പ്രതീക്ഷകളോടെയാണ് പിണറായി എന്ന നേതാവിനെ മുഖ്യമന്ത്രി പദത്തിൽ കേരളീയർ എത്തിച്ചത്. കാലങ്ങളിലൂടെ കേരളീയർ ആർജിച്ച വേറിട്ട അവബോധത്തെ തിരിച്ചറിഞ്ഞ് ഒന്നൊഴിയാതെ വന്നു പതിച്ച ദുരിതങ്ങളിൽ പതറാതെ മുന്നിൽ നിന്നു നയിച്ച അദ്ദേഹം കേരളത്തിന്റെ യശസ്സ് ലോകമെമ്പാടുമെത്തിച്ചു. ആഗോളതലത്തിൽ ഒട്ടേറെ രംഗങ്ങളിലെ കേരള മോഡൽ ചർച്ചയാകുമ്പോഴും ആർക്കും മനസ്സിലാകാത്ത കാര്യങ്ങൾ അവതരിപ്പിക്കുന്ന ധനകാര്യ മന്ത്രി മാത്രമാണ് ആഗോള പരാജയമായി മാറുന്നത്. ധനകാര്യ രംഗത്തെ പിടിപ്പുകേട് ഇടത് സർക്കാരിനു വരുത്തിയേക്കാവുന്ന ക്ഷീണം മുഖ്യമന്ത്രിക്ക് മുൻകൂട്ടി കണ്ടിരുന്നു എന്നു വേണം കരുതാൻ. അല്ലെങ്കിൽ പിന്നെ ഗീതഗോപിനാഥിന്റെ നിയമനം വേണ്ടിയിരുന്നില്ലല്ലോ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP