Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് വ്യാപനത്തിൽ അമേരിക്ക ലോകത്തിൽ ഒന്നാമതായപ്പോൾ മറ്റു രാജ്യങ്ങളെ പഴിചാരി ഡൊണാൾഡ് ട്രംപ്; ആകെ കൊറോണ മരണത്തിന്റെ 20 ശതമാനവും അമേരിക്കയിൽ; മറ്റ് രാജ്യങ്ങൾ വിവരങ്ങൾ മറച്ചുവെക്കുന്നു; ചൈനയിൽ നിരവധി ആളുകൾ മരിച്ചിട്ടുണ്ട്; എന്നാൽ അവർ പറയുന്ന വിവരങ്ങൾ നിങ്ങൾ ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ എന്ന് ട്രംപിന്റെ ചോദ്യം; റഷ്യ, ഉത്തര കൊറിയ, ഇറാൻ എന്നീ രാജ്യങ്ങളും കൊറോണയെ സംബന്ധിച്ച വിവരങ്ങൾ കൃത്യമായി പുറത്തുവിടുന്നില്ലെന്ന് യുഎസ് പ്രസിഡന്റ്

കോവിഡ് വ്യാപനത്തിൽ അമേരിക്ക ലോകത്തിൽ ഒന്നാമതായപ്പോൾ മറ്റു രാജ്യങ്ങളെ പഴിചാരി ഡൊണാൾഡ് ട്രംപ്; ആകെ കൊറോണ മരണത്തിന്റെ 20 ശതമാനവും അമേരിക്കയിൽ; മറ്റ് രാജ്യങ്ങൾ വിവരങ്ങൾ മറച്ചുവെക്കുന്നു; ചൈനയിൽ നിരവധി ആളുകൾ മരിച്ചിട്ടുണ്ട്; എന്നാൽ അവർ പറയുന്ന വിവരങ്ങൾ നിങ്ങൾ ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ എന്ന് ട്രംപിന്റെ ചോദ്യം; റഷ്യ, ഉത്തര കൊറിയ, ഇറാൻ എന്നീ രാജ്യങ്ങളും കൊറോണയെ സംബന്ധിച്ച വിവരങ്ങൾ കൃത്യമായി പുറത്തുവിടുന്നില്ലെന്ന് യുഎസ് പ്രസിഡന്റ്

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: കോവിഡ് വ്യാപനത്തിന്റെയും മരണത്തിന്റെയും കാര്യത്തിൽ അമേരിക്ക മറ്റു രാഷ്ട്രങ്ങളേക്കാൾ മുന്നിൽ എത്തിയപ്പോൾ കുറ്റം മറ്റു രാജ്യങ്ങൾക്ക് മേൽ ചാരി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്് ട്രംപ് രംഗത്തെത്തി. രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിൽ മറ്റ് രാജ്യങ്ങൾ വിവരങ്ങൾ മറച്ചുവെക്കുന്നതു കൊണ്ടാണ് അമേരിക്ക ഒന്നാം സ്ഥാനത്ത് തുടരേണ്ടി വരുന്നതെന്നാണ് ട്രംപിന്റെ കുറ്റപ്പെടുത്തൽ. ലോകത്തേറ്റവും കൂടുതൽ കൊറോണ മരണം റിപ്പോർട്ട് ചെയ്തതും ഏറ്റവും കൂടുതൽ ആളുകൾ രോഗ ബാധിതരായതും അമേരിക്കയിലാണ്. ലോകജനസംഖ്യയുടെ നാല് ശതമാനം മാത്രം ഉള്ളപ്പോഴും ലോകമാകെയുള്ള കൊറോണ മരണത്തിന്റെ 20 ശതമാനവും അമേരിക്കയിലാണ് ഉള്ളത്.

വിവരങ്ങൾ ഏറ്റവും മറച്ചുവെക്കുന്ന രാജ്യമായി ട്രംപ് ആരോപിക്കുന്നത് ചൈനയേയാണ്. ചൈനയിൽ നിരവധി ആളുകൾ മരിച്ചിട്ടുണ്ട്. എന്നാൽ അവർ പറയുന്ന വിവരങ്ങൾ നിങ്ങൾ ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ? അദ്ദേഹം ചോദിച്ചു. അമേരിക്കയിൽ കൊറോണ ബാധിച്ച മരിക്കുന്ന എല്ലാവരുടെയും വിവരങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. നമ്മൾ എല്ലാക്കാര്യങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. നമ്മുടെ രീതി മികച്ചതാണ്. ഓരോ മരണവും ഇവിടെ രേഖപ്പെടുത്തുന്നു- ട്രംപ് പറഞ്ഞു. ചൈനയ്ക്ക് പുറമെ റഷ്യ, ഉത്തര കൊറിയ, ഇറാൻ എന്നീ രാജ്യങ്ങളും കൊറോണയെ സംബന്ധിച്ച വിവരങ്ങൾ കൃത്യമായി പുറത്തുവിടുന്നില്ലെന്നാണ് ട്രംപ് ആരോപിക്കുന്നത്. ചില രാജ്യങ്ങളിൽ വലിയ പ്രശ്‌നങ്ങളാണ് ഉള്ളത്. എന്നാൽ അവർ കാര്യങ്ങൾ കൃത്യമായി പുറത്തുവിടുന്നില്ലെന്നും ഈ രാജ്യങ്ങളെ ഉദ്ദശിച്ച് ട്രംപ് പറഞ്ഞു.

കോവിഡ് രോഗികൾ വർധിക്കുന്നതിനിടെ യുഎസിൽ നിയന്ത്രണങ്ങളിൽ ഇളവ് കൊണ്ടുവരുമെന്നും ട്രംപു സൂചിപ്പിച്ചു. വീണ്ടും തുറക്കുമ്പോൾ പാലിക്കേണ്ട നിർദേശങ്ങൾ പുറത്തിറക്കും. കോവിഡിന്റെ ആഘാതത്തിൽ നിന്ന് രാജ്യം കരകയറിയതായും ട്രംപ് സൂചിപ്പിച്ചു. ആറേകാൽ ലക്ഷത്തോളം രോഗികളുള്ള യുഎസിൽ ഇന്നലെ കണ്ട കാഴ്ചകളിലൊന്നാണിത്. വീട്ടിലിരിക്കാൻ ഉത്തരവിട്ട ഗവർണർക്കെതിരെ മിഷിഗൻ നിവാസികളുടെ പ്രതിഷേധം. രോഗികളുടെ എണ്ണം മുപ്പതിനായിരത്തിനടുത്ത് എത്തിയതോടെയാണ് മിഷിഗനിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഗവർണർ തീരുമാനിച്ചത്. അതിനിടെ രാജ്യത്താകെ നിയന്ത്രണങ്ങളിൽ ഇളവുകൊണ്ടുവരാൻ ആലോചിക്കുന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇതിനായുള്ള മാർഗനിർദേശങ്ങൾ നാളെ പുറത്തിറക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു

സ്റ്റേറ്റ് ഗവർണർമാരുമായി നാളെ സംസാരിക്കുമെന്ന് സൂചിപ്പിച്ച് ട്രംപ് കോവിഡ് ആഘാതത്തിൽ നിന്ന് രാജ്യം ഉടൻ കരകയറുമെന്ന പ്രതീക്ഷ പങ്കുവച്ചു. ജനങ്ങൾ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ചില പ്രതീഷേധങ്ങൾ ചൂണ്ടിക്കാട്ടി വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു. കോവിഡ് കാലത്തും രാജ്യത്തെ ഭക്ഷ്യവിതരണം കൃത്യമായാണ് പോകുന്നതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും യുഎസ് വ്യക്തമാക്കി. അതിനിടെ ലോകാരോഗ്യ സംഘടനയ്ക്കുള്ള അമേരിക്കൻ ഫണ്ടിങ് നിർത്തിയ ട്രംപിന്റെ നടപടിയെ വിമർശിച്ചു കൊണ്ട് ലോകരാഷ്ട്രങ്ങൾ രംഗത്തെത്തി. ജർമ്മനി അടക്കമുള്ള രാജ്യങ്ങളാണ് ട്രംപിനെ കുറ്റപെപടുത്തി രംഗത്തെത്തിയത്. കൊവിഡ് പ്രതിസന്ധിയിൽ മറ്റുള്ളവരെ പഴിചാരുന്നത് സഹായിക്കില്ലെന്നും യു.എന്നിനും ലോകാരോഗ്യ സംഘടനയ്ക്കും ധനസഹായം നൽകലാണ് ഇപ്പോൾ ചെയ്യേണ്ടതെന്നുമാണ് ജർമ്മൻ വിദേശ കാര്യമന്ത്രി ഹൈക്കോ മാസ് പ്രതികരിച്ചിരിക്കുന്നത്.

' മറ്റുള്ളവരെ കുറ്റം പറയുന്നത് സഹായിക്കില്ല. യു.എന്നിനെ ശക്തിപ്പെടുത്തുന്നതാണ് ഏറ്റവും നല്ല നിക്ഷേപം. അതിനേക്കാളുപരി വാക്സിന്റെയും ടെസ്റ്റുകളുടെയും വികസനത്തിനും വിതരണത്തിനും വേണ്ടി സാമ്പത്തിക സഹായം വേണ്ട ലോകാരോഗ്യ സംഘടനയെ,' ജർമ്മൻ വിദേശ കാര്യമന്ത്രി ട്വീറ്റ് ചെയ്തു. ഒപ്പം ലോകാരോഗ്യ സംഘടനയ്ക്ക് പിന്തുണയുമായി ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആർഡെനും രംഗത്തെത്തി. ഈ സമയത്ത് വിവരങ്ങൾ പരസ്പരം കൈമാറുകയും നിർദ്ദേശങ്ങൾ നൽകുകയാണ് വേണ്ടതെന്നും ലോകാരോഗ്യ സംഘടന അത് നൽകുന്നുണ്ടെന്നുമാണ് ജസീന്ത പറയുന്നത്. ഒപ്പം ലോകാരോഗ്യ സംഘടനയ്ക്ക് ന്യൂസിലന്റ് എല്ലാ പിന്തുണയും സംഭാവനയും നൽകുമെന്നും ജസീന്ത കൂട്ടിച്ചേർത്തു.

ലോകാരോഗ്യ സംഘടനയക്കുള്ള ഫണ്ടിങ് നിർത്തിവെക്കുന്നെന്ന ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ അമേരിക്കയിലെ മെഡിക്കൽ രംഗവും രംഗത്തെത്തിയിട്ടുണ്ട്. അപകടകരമായ നീക്കമാണിതെന്നും ഈ തീരുമാനം കൊവിഡ്-19 നെ പ്രതിരോധിക്കുന്നതിന് തടസ്സം സൃഷ്ടിക്കുമെന്നുമാണ് അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് പാട്രിസ് ഹാരിസ് പ്രതികരിച്ചിരിക്കുന്നത്. ഒപ്പം ആഗോള ആരോഗ്യ സുരക്ഷാ സംഘടനയായ ജോൺസ് ഹോപ്കിൻസ് സെന്ററും ട്രംപിന്റെ തീരുമാനത്തെ വിമർശിച്ചു. കൊവിഡ് മഹാമാരിക്കിടയിൽ ഈ നീക്കം തെറ്റായ സന്ദേശമാണ് നൽകുന്നതെന്നാണ് ജോൺസ് ഹോപ്കിൻസിലെ പകർച്ചവ്യാധി വിഗദ്ധൻ ഡോ. അമേഷ് അഡൽജ അൽ ജസീറയോട് പ്രതികരിച്ചിരിക്കുന്നത്. ലോകം ഒന്നിച്ചു നിൽക്കേണ്ട സമയമാണിതെന്ന് യു.എൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറെസും പറഞ്ഞിരുന്നു.

കൊവിഡ് കൈകാര്യം ചെയ്യുന്നതിൽ ലോകാരോഗ്യസംഘടനയ്ക്ക് വീഴ്ച പറ്റിയെന്ന് ആരോപിച്ചാണ് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സാമ്പത്തിക സഹായം നിർത്തലാക്കുന്ന കാര്യം അറിയിച്ചത്. ലോകാരോഗ്യസംഘടന ചൈനയ്ക്കൊപ്പം നിൽക്കുകയാണെന്നും ട്രംപ് ആരോപിച്ചു. നേരത്തെയും ലോകാരോഗ്യ സംഘടന ചൈനീസ് കേന്ദ്രീകൃതമാണെന്നും ഫണ്ടിങ് നിർത്തുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഡബ്ല്യു.എച്ച്.ഒയ്ക്ക് ഏറ്റവും കൂടുതൽ പണം നൽകുന്ന രാജ്യങ്ങളിലൊന്നാണ് അമേരിക്ക. 2019 ൽ 400 മില്യൺ ഡോളറാണ് അമേരിക്ക ഈ സംഘടനയ്ക്ക് നൽകിയത്. ഇതേ വർഷം 44 മില്യൺ ഡോളറാണ് ചൈന ഡബ്ല്യു.എച്ച്.ഒ യ്ക്ക് നൽകിയത്. അമേരിക്കയുടെ ധനസഹായം ഇല്ലാതാവുന്നത് ഡബ്ല്യ.എച്ച്.ഒയെ കാര്യമായി ബാധിക്കും എന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP