Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മന്ത്രിമാർക്കും എംപിമാർക്കും വാഹന സൗകര്യങ്ങളുണ്ട്; കുന്നും മലയും കയറി പാർട്ടി പ്രവർത്തനം നടത്തുന്ന ജില്ല പ്രസിഡന്റുമാരെ വെറും വെള്ളം കോരിയാക്കരുത്; രാജീവ് ഗാന്ധിയുടെ മുഖത്ത് നോക്കി ആവശ്യം വിളിച്ചു പറഞ്ഞ കർമ്മ യോഗി; പഞ്ചായത്തിലേക്ക് പോലും മത്സരിക്കാൻ ആഗ്രഹിക്കാത്ത സംഘാടകൻ; ടികെ ഹംസ മറുകണ്ടം ചാടിയിട്ടും മലപ്പുറത്തെ കോട്ട പൊളിയാതെ നോക്കിയ കോൺഗ്രസിലെ ജനകീയൻ; മുൻ ഡിസിസി പ്രസിഡന്റ് യുകെ ഭാസിക്ക് നാടും പാർട്ടിയും അന്ത്യാഞ്ജലി അർപ്പിക്കുമ്പോൾ

മന്ത്രിമാർക്കും എംപിമാർക്കും വാഹന സൗകര്യങ്ങളുണ്ട്; കുന്നും മലയും കയറി പാർട്ടി പ്രവർത്തനം നടത്തുന്ന ജില്ല പ്രസിഡന്റുമാരെ വെറും വെള്ളം കോരിയാക്കരുത്; രാജീവ് ഗാന്ധിയുടെ മുഖത്ത് നോക്കി ആവശ്യം വിളിച്ചു പറഞ്ഞ കർമ്മ യോഗി; പഞ്ചായത്തിലേക്ക് പോലും മത്സരിക്കാൻ ആഗ്രഹിക്കാത്ത സംഘാടകൻ; ടികെ ഹംസ മറുകണ്ടം ചാടിയിട്ടും മലപ്പുറത്തെ കോട്ട പൊളിയാതെ നോക്കിയ കോൺഗ്രസിലെ ജനകീയൻ; മുൻ ഡിസിസി പ്രസിഡന്റ് യുകെ ഭാസിക്ക് നാടും പാർട്ടിയും അന്ത്യാഞ്ജലി അർപ്പിക്കുമ്പോൾ

ജാസിം മൊയ്ദീൻ

മലപ്പുറം: കോൺഗ്രസ് പാർട്ടിയിൽ എംഎൽമാരേക്കാളും മറ്റ് ജനപ്രതിനിധികളേക്കാളുമേറെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുകയും അറിയപ്പെടുകയും ചെയ്തിരുന്നത് ഡിസിസി പ്രസിഡണ്ടുമാരായിരുന്നു. അത്തരത്തിൽ രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ കാലം ഡിസിസി പ്രസിഡണ്ടായിരുന്ന വ്യക്തിയാണ് ഇന്നലെ അന്തരിച്ച യുകെ ഭാസി.

പ്രവർത്തിച്ചിട്ടുള്ള മറ്റേത് സംസ്ഥാനത്തേക്കാളുമേറെ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നതും ഡിസിസി പ്രസിഡണ്ട് സ്ഥാനം. അതുകൊണ്ട് തന്നെ ഡിസിസി പ്രസിഡണ്ടുമാരുടെ പ്രശ്നങ്ങൾ മറ്റാരേക്കാളുമേറെ അറിയാവുന്നതും അദ്ദേഹത്തിന് തന്നെയായിരുന്നു.ഇന്ന് രാജ്യത്തെ മുഴുവൻ ഡിസിസി പ്രസിണ്ടുമാർക്കും എഐസിസി വാഹനം നൽകിയിട്ടുണ്ട്. ഇത് നേടിയെടുത്തത് നിരന്തരമായി യുകെ ഭാസി എഐസിസിയിൽ ചെലുത്തിയ സമ്മർദ്ദം മൂലമാണ്. രാജിവ് ഗാന്ധിയുടെ നേതൃത്വത്തിൽ ഒരിക്കൽ നടന്ന യോഗത്തിലാണ് ആദ്യമായി അദ്ദേഹം ആ ആവശ്യം ഉന്നയിച്ചത്.

'മന്ത്രിമാർക്കും എംപിമാർക്കും വാഹന സൗകര്യങ്ങളുണ്ട്. കുന്നും മലയും കയറി പാർട്ടി പ്രവർത്തനം നടത്തുന്ന ജില്ല പ്രസിഡന്റുമാരെ വെറും വെള്ളം കോരിയാക്കരുത്' എന്ന് എ.ഐ.സി.സി പ്രസിഡന്റ് രാജീവ് ഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞതിന്റെ ഫലമായാണ് ഇന്ത്യയിലെ മുഴുവൻ ഡി.സി.സി പ്രസിഡന്റുമാർക്കും ജീപ്പ് നൽകാൻ അന്ന് എ.ഐ.സി.സി തീരുമാനിച്ചത്.

സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് 82ൽ അന്നത്തെ മലപ്പുറം ഡി.സി.സി പ്രസിഡന്റ് ടി.കെ. ഹംസ പാർട്ടി വിട്ട് എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ചപ്പോൾ മലപ്പുറം ഡി.സി.സി പ്രസിഡന്റായി യു.കെ. ഭാസിയെ നിയമിക്കാൻ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിട്ടില്ല. കൂടെ പ്രവർത്തിച്ച ആര്യാടൻ മുഹമ്മദും എംപി ഗംഗാധരനും എംഎ‍ൽഎ ആയി മന്ത്രിയായി പതിറ്റാണ്ടുകളോളം പാർലമെന്ററി രംഗത്ത് നിറഞ്ഞ് നിന്നപ്പോഴും ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പോലും മത്സരിക്കാതെ രണ്ട് പതിറ്റാണ്ട് കാലം മലപ്പുറം ജില്ല കോൺഗ്രസ് പ്രസിഡന്റായി അദ്ദേഹം നിലകൊണ്ടു.

ഒന്നര പതിറ്റാണ്ടോളം മലപ്പുറം ജില്ലയിൽ നിന്നുള്ള ഏക കെപിസിസി ജനറൽ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചു. തന്റെ ജീവിതത്തിലെ നീണ്ട 35 വർഷക്കാലം യാതൊരു വിധ പാർലമെന്ററി സ്വപ്നവുമില്ലാതെ മികച്ച സംഘാടകനായി അദ്ദേഹം നിലകൊണ്ടു. സിപിഎം ജില്ല സെക്രട്ടറി കെ.സെയ്താലിക്കുട്ടി, ഡി.സി.സി പ്രസിഡന്റ് യു.കെ. ഭാസി , മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് എന്ന് ജില്ലയിലെ കൊച്ചു കുട്ടികൾ വരെ കണ്ണും പൂട്ടി പറയുമായിരുന്ന കാലമായിരുന്നു അത്.

മലപ്പുറം ജില്ലയിലെ കോൺഗ്രസ് രാഷ്ട്രീയത്തിലെ ത്രിമൂർത്തികളായിരുന്നു പതിറ്റാണ്ടുകളോളം ആര്യാടൻ മുഹമ്മദ് - എംപി.ഗംഗാധരൻ - യു.കെ. ഭാസി ത്രയം. എഴുപതുകളിലും എൺപതുകളിലും തൊണ്ണൂറുകളിലും മില്ലേനിയത്തിന്റെ പ്രഥമ ദശകത്തിന്റെ ആദ്യ പകുതിയിലും ജില്ലയിലെ കോൺഗ്രസ് നേതാക്കളാര് എന്ന ചോദ്യമുയരുമ്പോൾ ആര്യാടനും എംപി. ഗംഗാധരനും ഒപ്പം തന്നെ സംസ്ഥാന കോൺഗ്രസ് നേതൃത്വവും മാധ്യമങ്ങളും പൊതുജനങ്ങളും പരിഗണിച്ച പേരായിരുന്നു യുകെ ഭാസിയുടത്. സമകാലികനായ നാട്ടുകാരൻ സി. ഹരിദാസ് എംഎ‍ൽഎയും എംപിയും ഒക്കെ ആയപ്പോഴും ഭാസി പരാതികളേതുമില്ലാതെ പാർട്ടിയെ നയിച്ചു.

മലപ്പുറം ജില്ലയിലെ 10 നഗരസഭകളിലേയും 93 പഞ്ചായത്തുകളിലേയും നൂറു പ്രവർത്തകരുടെയെങ്കിലും പേരെടുത്ത് പറയാൻ കഴിയുന്ന പ്രിയ നേതാവായി യുകെ ഭാസി വളർന്നു. യുഡിഎഫ് മന്ത്രി സഭകളിൽ ജില്ലയിൽ നിന്നുള്ള മന്ത്രി സ്ഥാനങ്ങളെല്ലാം ലീഗിന് ലഭിക്കുമ്പോൾ കോൺഗ്രസ് പ്രാധിനിത്യത്തിന് വേണ്ടി അദ്ദഹം ശക്തമായി മുന്നണിയിൽ വാദിച്ചു. അങ്ങനെ ആര്യാടൻ മുഹമ്മദിന ്പുറമെ എപി അനിൽകുമാറും മലപ്പുറം ജില്ലയിൽ നിന്ന് കോൺഗ്രസ് പാർട്ടിക്ക് വേണ്ടി മന്ത്രി സഭയിലെത്തി.

ഇത്തരത്തിൽ പ്രതിസന്ധികൾക്കും ഗ്രൂപ്പ് വഴക്കുകൾക്കുമിടയിൽ മലപ്പുറം ജില്ലയിലെ കോൺഗ്രസ് പാർട്ടിയെ മുന്നിൽ നിന്ന് നയിച്ച നേതാവായിരുന്നു യുകെ ഭാസി. 2008 ൽ മംഗളുരുവിലെ കാറപകടത്തിൽ സാരമായി പരിക്കേൽക്കുന്നത് വരെ ഭാസി പാർട്ടിയെ മുന്നിൽ നിന്ന് നയിച്ചു. ശാരീരിക അവശതകൾ ബാധിച്ച് തുടങ്ങിയപ്പോഴും പീന്നീട് വന്ന ഇ മുഹമ്മദ് കുഞ്ഞി, വിവി പ്രകാശ് തുടങ്ങി ജില്ലാ കോൺഗ്രസ് പ്രസിഡണ്ടുമാർ ഉപദേശങ്ങൾക്കായി അദ്ദേഹത്തെ സമീപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP