Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൗജന്യ സേവനമെന്ന വാദം തെറ്റ്; റേഷൻ കാർഡ് വിവരങ്ങൾ ചോർത്തി; കരാറിനെപ്പറ്റി മന്ത്രിമാർക്കോ സർക്കാർ വകുപ്പുകൾക്കോ അറിയില്ല; കരാറിൽ എന്തെങ്കിലും തർക്കമുണ്ടായാൽ കേസ് കൊടുക്കാൻ പോകേണ്ടത് ന്യൂയോർക്കിലാണ്; ഇന്ത്യയിൽ ഈ കരാർ ബാധകമേ ആകുന്നില്ല; മറച്ചു വെക്കാൻ ഒന്നുമില്ലെങ്കിൽ ഐടി സെക്രട്ടറിയുടെ വീഡിയോ സ്പ്രിങ്‌ളർ പരസ്യത്തിൽ നിന്നും എന്തിന് നീക്കി? സ്പ്രിങ്‌ളർ വിവാദത്തിൽ സർക്കാരിനെതിരെ കൂടുതൽ തെളിവുകൾ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ്

സൗജന്യ സേവനമെന്ന വാദം തെറ്റ്; റേഷൻ കാർഡ് വിവരങ്ങൾ ചോർത്തി; കരാറിനെപ്പറ്റി മന്ത്രിമാർക്കോ സർക്കാർ വകുപ്പുകൾക്കോ അറിയില്ല; കരാറിൽ എന്തെങ്കിലും തർക്കമുണ്ടായാൽ കേസ് കൊടുക്കാൻ പോകേണ്ടത് ന്യൂയോർക്കിലാണ്; ഇന്ത്യയിൽ ഈ കരാർ ബാധകമേ ആകുന്നില്ല; മറച്ചു വെക്കാൻ ഒന്നുമില്ലെങ്കിൽ ഐടി സെക്രട്ടറിയുടെ വീഡിയോ സ്പ്രിങ്‌ളർ പരസ്യത്തിൽ നിന്നും എന്തിന് നീക്കി? സ്പ്രിങ്‌ളർ വിവാദത്തിൽ സർക്കാരിനെതിരെ കൂടുതൽ തെളിവുകൾ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാറിനെ സഹായിക്കുന്ന യുഎസ് കമ്പനി സ്പ്രിങ്‌ളറുമായി ബന്ധപ്പെട്ട കരാർ വിവാദമായതിന് പിന്നാലെ ഇതേക്കുറിച്ചുള്ള വിവരങ്ങൾ സംസ്ഥാന സർക്കാർ പുറത്തുവിട്ടിരുന്നു. കത്തിടപാടുകൾ അടക്കമുള്ള വിവരങ്ങൾ പുറത്തുവിട്ടതിന് പിന്നാലെ സർക്കാറിനെതിരെ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി.

ഇപ്പോഴും വിവരങ്ങൾ പോകുന്നത് സ്പ്രിങ്‌ളറുടെ സെർവറിലേക്ക് തന്നെയാണെന്ന് പറയുന്ന പ്രതിപക്ഷ നേതാവ് കരാർ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി. സർക്കാർ പുറത്തുവിട്ട രേഖ ഇമെയിൽ സന്ദേശങ്ങൾ മാത്രമാണ്. സ്പ്രിങ്‌ളറുടെ സർവീസ് സൗജന്യമല്ലെന്ന് സർക്കാർ രേഖകളിൽ നിന്ന് തന്നെ വ്യക്തമാണ്.കൊവിഡ് 19 കഴിഞ്ഞാൽ സ്പ്രിങ്‌ളറിന് പണം കൊടുക്കണം. സേവനം സൗജന്യമാണെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. സ്പ്രിങ്‌ളറുമായുള്ള കരാറിനെപ്പറ്റി മന്ത്രിമാർക്കോ സർക്കാർ വകുപ്പുകൾക്കോ അറിയില്ല.കരാറിൽ എന്തെങ്കിലും തർക്കമുണ്ടായാൽ കേസ് കൊടുക്കാൻ പോകേണ്ടത് ന്യൂയോർക്കിലാണ്.ഇന്ത്യയിൽ ഈ കരാർ ബാധകമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിവാദമായപ്പോൾ, കമ്പനിയുടെ സബ് ഡൊമൈനിൽനിന്ന് സർക്കാർ വിലാസത്തിലുള്ള പുതിയ സബ് ഡൊമൈനിലേക്കു വിവരങ്ങൾ മാറ്റിയതായി ഐടി വകുപ്പ് വിശദീകരിച്ചെങ്കിലും ഇതു സംബന്ധിച്ച ഉത്തരവ് തദ്ദേശവകുപ്പിൽനിന്ന് ഇറങ്ങിയിട്ടില്ല. ഇനി ഉത്തരവിറങ്ങിയാലും ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ പോകുന്നത് സ്പ്രിൻക്ലർ കമ്പനിയുടെ സെർവറിലേക്കായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

തദ്ദേശ, ആരോഗ്യ മന്ത്രിമാർക്ക് ഈ കരാർ സംബന്ധിച്ച് അറിവില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയോട് ചോദിച്ചാലും അവ്യക്തമായ മറുപടിയാണ്. പ്രതിപക്ഷം ആരോപണം ഉന്നയിച്ചപ്പോൾ ഐടി സെക്രട്ടറി വിശദീകരണക്കുറിപ്പ് ഇറക്കി. അതിനിടെ ഐടി സെക്രട്ടറിയുടെ വിഡിയോ സ്പ്രിൻക്ലറിന്റെ പരസ്യത്തിൽനിന്നു നീക്കി. മറച്ചുവയ്ക്കാൻ ഒന്നുമില്ലെങ്കിൽ പരസ്യം നീക്കം ചെയ്തത് എന്തിനാണെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. കരാർ സംബന്ധിച്ച ഫയൽ പരിശോധിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനു കത്തു നൽകിയെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. പ്രളയ കാലത്തും ഈ കമ്പനി പ്രവർത്തിച്ചെന്നാണ് സർക്കാർ പറയുന്നത്. അതിനെക്കുറിച്ച് ആർക്കും അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

തട്ടിപ്പ് കേസിൽ ഉൾപ്പെട്ട് 2 വർഷമായി അമേരിക്കയിൽ സ്പ്രിൻക്ലർ കമ്പനി നിയമനടപടി നേരിടുകയാണ്. ഈ കമ്പനിയെ സർക്കാർ എങ്ങനെയാണ് തിരഞ്ഞെടുത്തതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. സർക്കാർ ഇപ്പോൾ പുറത്തുവിട്ട രേഖകൾ ഇമെയിൽ സന്ദേശങ്ങൾ മാത്രമാണ്. സ്പ്രിൻക്ലറുടെ സേവനം സൗജന്യമല്ലെന്ന് കരാറിൽ പറയുന്നുണ്ട്. കോവിഡ് രോഗബാധ കഴിഞ്ഞാൽ എന്തു തുക ഈടാക്കുമെന്ന് അന്നു തീരുമാനിക്കുമെന്നും കരാറിലുണ്ട്. ജനങ്ങളെ കബളിപ്പിക്കാനുള്ള കരാറാണിത്. സൗജന്യ സേവനമെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. റേഷൻ കാർഡ് ഉടമകളായ 87 ലക്ഷം പേരുടെ വിവരങ്ങൾ ഈ കമ്പനിക്കു പോയതായി പ്രതിപക്ഷ നേതാവ് ആരോപിച്ചു.

കരാർ സംബന്ധിച്ച ഫയൽ സർക്കാരിലില്ലെന്നാണു തനിക്ക് ലഭിച്ച വിവരമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഐടി വകുപ്പല്ലാതെ മറ്റൊരു വകുപ്പും ഈ ഫയൽ കണ്ടിട്ടില്ല. നടപടി ക്രമങ്ങൾ പാലിച്ചില്ല കരാറെന്ന് ഇതിൽനിന്ന് വ്യക്തമാണ്. ഇന്ന് പുറത്തുവിട്ട കരാറിന് നിയമപരമായി നിലനിൽപ്പില്ല. ഐടി സെക്രട്ടറിയെ മാറ്റി നിർത്തി അന്വേഷണം നടത്താൻ സർക്കാർ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പ്രതിപക്ഷം ആരോപണം ഉന്നയിച്ചതിനു ശേഷമാണ് രേഖകൾ പുറത്തു വിടാൻ സർക്കാർ തയാറായത്.

പത്താം തീയതിയാണ് സ്പ്രിൻക്ലറുമായി ബന്ധപ്പെട്ട് താൻ പത്രസമ്മേളനം നടത്തിയത്. 11,12 തീയതികളിലാണ് കമ്പനി പ്രതിനിധി ഇ മെയിൽ വഴി സുരക്ഷയെപ്പറ്റി സർക്കാരിനു ഉറപ്പ് നൽകിയത്. ഇത് നിയമപരമായ കരാറല്ല. താൻ ആരോപണം ഉന്നയിച്ചില്ലായിരുന്നെങ്കിൽ കമ്പനി ഉറപ്പ് നൽകില്ലായിരുന്നു. കരാറിന് കാബിനറ്റ് അനുമതിയും കേന്ദ്ര അനുമതിയും വേണം. അന്താരാഷ്ട്ര കരാർ ഒപ്പിടുമ്പോൾ നിയമവകുപ്പ് അറിയണം. കരാറിൽ മുഖ്യമന്ത്രിയുടെ പങ്ക് എന്താണെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP