Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മരണസംഖ്യ ഔദ്യോഗികമായി 12,000 കടന്നപ്പോൾ യഥാർത്ഥത്തിൽ മരിച്ചത് ഇരട്ടിയിലേറെ; ബ്രിട്ടനിലെ കെയർഹോമുകളിലേക്ക് കൊറോണ പടർന്ന് പിടിക്കുന്നു; ഇതിനോടകം 4000 പേരെങ്കിലും മരിച്ചിരിക്കാം എന്ന് അനൗദ്യോഗിക കണക്ക്; വൃദ്ധരുടെ മരണം കൊറോണ ലിസ്റ്റിൽ പെടുത്താതെ മാനം കാത്ത് ബ്രിട്ടൻ; മരണം കാത്തിരിക്കുന്നത് മറ്റുള്ളവർക്ക് വേണ്ടി ജീവിച്ച് തീർത്ത് വിശ്രമിക്കാൻ പുറപ്പെട്ട വൃദ്ധസമൂഹം; സമാനതകൾ ഇല്ലാത്ത ദുരന്തത്തിൽ നീന്തി കയറാൻ പാടുപെട്ട് ബ്രിട്ടൻ

മരണസംഖ്യ ഔദ്യോഗികമായി 12,000 കടന്നപ്പോൾ യഥാർത്ഥത്തിൽ മരിച്ചത് ഇരട്ടിയിലേറെ; ബ്രിട്ടനിലെ കെയർഹോമുകളിലേക്ക് കൊറോണ പടർന്ന് പിടിക്കുന്നു; ഇതിനോടകം 4000 പേരെങ്കിലും മരിച്ചിരിക്കാം എന്ന് അനൗദ്യോഗിക കണക്ക്;  വൃദ്ധരുടെ മരണം കൊറോണ ലിസ്റ്റിൽ പെടുത്താതെ മാനം കാത്ത് ബ്രിട്ടൻ; മരണം കാത്തിരിക്കുന്നത് മറ്റുള്ളവർക്ക് വേണ്ടി ജീവിച്ച് തീർത്ത് വിശ്രമിക്കാൻ പുറപ്പെട്ട വൃദ്ധസമൂഹം; സമാനതകൾ ഇല്ലാത്ത ദുരന്തത്തിൽ നീന്തി കയറാൻ പാടുപെട്ട് ബ്രിട്ടൻ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: യുകെയിൽ ദിനം പ്രതി നൂറ് കണക്കിന് പേർ കൊറോണ ബാധിച്ച് മരിക്കുന്നതിനാൽ രാജ്യത്തെ മൊത്തം മരണസംഖ്യ പതിവില്ലാത്ത വിധം കുതിച്ചുയർന്ന് വാരാന്ത്യ മരണ നിരക്ക് റെക്കോർഡിലെത്തി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മാർച്ച് 28നും ഏപ്രിൽ മൂന്നിനും ഇടയിലുള്ള ഒരാഴ്ചക്കാലം യുകെയിൽ റെക്കോർഡ് മരണസംഖ്യയായ 16,387 രേഖപ്പെടുത്തിയിട്ടുണ്ട്. 2005ൽ രാജ്യത്ത് വാരാന്ത്യ മരണസംഖ്യ രേഖപ്പെടുത്താൻ തുടങ്ങിയതിന് ശേഷം ഒരാഴ്ചക്കിടെ ഇത്രയും പേർ മരിച്ചിട്ടില്ലെന്നാണ് രേഖകൾ സമർത്ഥിക്കുന്നത്.രാജ്യത്തെ ദിനം പ്രതി നൂറ് കണക്കിന് കൊറോണ മരണങ്ങളുണ്ടായിക്കൊണ്ടിരിക്കുന്നതിനാലാണ് ഇത്തരത്തിൽ മരണനിരക്കുയർന്നിരിക്കുന്നത്. മേൽ പരാമർശിച്ച ആഴ്ചയിൽ 3475 കോവിഡ്-19 മരണങ്ങളാണുണ്ടായിരിക്കുന്നത്.

രാജ്യത്ത് ഇതുവരെ കൊറോണ ബാധിച്ച് മരിച്ചത് 12,107 പേരും രോഗബാധിതർ 93,873 പേരുമായി ഉയർന്ന വേളയിലാണ് മൊത്തം മരണനിരക്കിൽ കൊറോണ വരുത്തിയ വർധനവ് പ്രകടമാക്കുന്ന കണക്കുകൾ പുറത്ത് വന്നിരിക്കുന്നത്.ഇത്തരത്തിൽ കൊറോണ മരണസംഖ്യ ഔദ്യോഗികമായി 12,000 കടന്നപ്പോൾ യഥാർത്ഥത്തിൽ മരിച്ചത് ഇരട്ടിയിലേറെപ്പേരാണ്. ഓരോ ദിവസവും മരിക്കുന്നവരുടെ എണ്ണം കൂടുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. കണക്കിൽ പെടുന്നതുകൊറോണ പിടിപെട്ട് എൻഎച്ച്എസിൽ മാത്രം മരിക്കുന്നവരുടേതാണ്. ആശുപത്രികൾക്ക് പുറത്ത് നടക്കുന്ന കോവിഡ്-19 മരണങ്ങൾ ഇതിൽ പെടുന്നില്ലെന്നത് കണക്കുകളുടെ പ്രധാന പോരായ്മമായി എടുത്ത് കാട്ടപ്പടെുന്നു.ചുരുക്കിപ്പറഞ്ഞാൽ സമാനതകൾ ഇല്ലാത്ത ദുരന്തത്തിൽ നീന്തി കയറാൻ പാടുപെടുകയാണ് ബ്രിട്ടനിപ്പോൾ.

നിലവിലെ സാഹചര്യത്തിൽ ഇംഗ്ലണ്ടിലും വെയിൽസിലുമുള്ള അഞ്ചിലൊന്ന് മരണങ്ങളും കൊറോണയുമായി ബന്ധപ്പെട്ടതാണ്. ഏപ്രിൽ മൂന്നിന് അവസാനിച്ച ആഴ്ചയിൽ ഇഷ്യൂ ചെയ്യപ്പെട്ട 3475 മരണസർട്ടിഫിക്കറ്റുകളിൽ മരണകാരണമായി പരാമർശിച്ചിരിക്കുന്നത് കോവിഡ്-19 ആണെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിറ്റിക്സിൽ നിന്നുള്ള കണക്കുകൾ വെളിപ്പെടുത്തുന്നു. ഹോസ്പിറ്റലുകൾ, കെയർഹോമുകൾ, സമൂഹം എന്നിവിടങ്ങളിലുണ്ടായ മരണങ്ങൾ ഇതിലുൾപ്പെടുന്നു. ഇന്നലെ മാത്രം രാജ്യത്തുകൊറോണ ബാധിച്ച് 778 പേരാണ് മരിക്കുകയും രാജ്യത്തെ മൊത്തം കോവിഡ്-19 മരണം 12,107ലെത്തുകയും ചെയ്തിട്ടുണ്ട്.

രാജ്യമാകമാനം കൊറോണയെ പ്രതിരോധിക്കുന്നതിന് ഏർപ്പെടുത്തിയ ലോക്ഡൗൺ മൂന്നാഴ്ച പിന്നിട്ടപ്പോഴാണീ മരണസംഖ്യയിലെത്തിയിരിക്കുന്നത്. ഔദ്യോഗിക കണക്ക് പ്രകാരം ഇത്രയും പേർ മരിച്ചുവെന്ന് സമർത്ഥിക്കുമ്പോഴും യഥാർത്ഥ കൊറോണ മരണസംഖ്യ ഇതിലുമെത്രയോ അധികമാണെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്. ഹോസ്പിറ്റലുകളിലെ കൊറോണ മരണങ്ങളെ മുൻകാലപ്രാബല്യത്തോടെ കണക്കാക്കുകയും കെയർഹോമുകളിലെ മരണങ്ങൾ കൂടി കണക്കാക്കുകയും ചെയ്താൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത ്പുറത്ത് വിട്ട കണക്കിനേക്കാൾ ആയിരക്കണക്കിന് പേർ അധികമായി കൊറോണ ബാധിച്ച് മരിച്ചിട്ടുണ്ടാകാണെന്നാണ് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിറ്റിക്സ് കണക്കുകൾ വെളിപ്പെടുത്തുന്നത്.

ഒഎൻഎസ് കണക്കുകൾ പ്രകാരം ഏപ്രിൽ മൂന്ന് വരെയള്ള തിയതിക്കകം ഇംഗ്ലണ്ടിൽ ഉണ്ടായ കൊറോണ മരണങ്ങൾ 5979 ആണ്. എന്നാൽ ഹെൽത്ത് ചീഫുമാർ പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഇത് വെറും 3939 ആണ്. അതായതുകൊറോണ മരണങ്ങളിൽ 2000 പേരുടെ വ്യത്യാസമുണ്ടെന്ന് സാരം.ഇന്നലെ പുറത്ത് വന്ന കണക്ക് പ്രകാരം രാജ്യത്തെ മൊത്തം കൊറോണ മരണങ്ങൾ 12,107 ആണെങ്കിലും ഇതേ കണക്ക് വച്ച് നോക്കുമ്പോൾ യഥാർത്ഥ മരണസംഖ്യ 18,400 ആയിരിക്കുമെന്നും അനുമാനിക്കപ്പെടുന്നു. അതായത് ഇപ്പോൾ രേഖപ്പെടുത്തിയതിനേക്കാൾ 6000 പേർ കൂടുതലായി കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നുവെന്ന് ചുരുക്കം.

തിങ്കളാഴ്ച കൊറോണ ബാധിച്ച് 717 പേർ യുകെയിൽ മരിച്ച സ്ഥാനത്താണ് ഇന്നലെ അത് 778പേരായി ഉയർന്നിരിക്കുന്നത്. എട്ട് ശതമാനമാണീ പെരുപ്പം. കഴിഞ്ഞ ആഴ്ചത്തെ മരണനിരക്കിൽ 80 ശതമാനം വർധനവാണ് പ്രകടമായിരുന്നത്. അതായത് കഴിഞ്ഞ ആഴ്ച പ്രതിദിന മരണം 439ൽ നിന്നും 786 വരെ രേഖപ്പെടുത്തിയ ദിവസങ്ങളുണ്ടായിരുന്നു. കൊറോണ ബാധിച്ച് ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണത്തിൽ സ്റ്റബിലൈസ്ഡ് ഘട്ടത്തിലെത്തിയെന്നും ചില ദിവസങ്ങളിൽ ഇത്തരത്തിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം ഇടിഞ്ഞ് താഴുന്നുണ്ടെന്നാണ് ഇന്നലെ ഡൗണിങ് സ്ട്രീറ്റിൽ വച്ച് നടന്ന പ്രതിദിന കൊറോണ വൈറസ് ബ്രീഫിംഗിനിടെ എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ മെഡിക്കൽ ഡയറക്ടറായ പ്രഫ. സ്റ്റീഫൻ പോവിസ് വെളിപ്പെടുത്തിയിരിക്കുന്നത്.

രാജ്യത്ത് മൂന്നാഴ്ചയിലധികമായി നടപ്പിലാക്കി വരുന്ന ലോക്ക്ഡൗണും സോഷ്യൽ ഡിസ്റ്റൻസിങ് നിയമങ്ങളും ഫലിക്കുന്നുവെന്നതിന്റെ തെളിവാണിതെന്നും പോവിസ് ഉയർത്തിക്കാട്ടുന്നു. പുതുതായി രോഗികളാകുന്നവരുടെ എണ്ണത്തിലും കാര്യമായ വർധനവില്ലെന്നാണ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ഇന്നലെ പുറത്ത് വിട്ട കണക്കുകൾ വെളിപ്പെടുത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറുകൾക്കിടെ 5252 രോഗികളെയാണ് സ്ഥിരീകരിച്ചിരിക്കുന്നതെന്നും ഇതിനെ തുടർന്ന് മൊത്തം രോഗികളുടെ എണ്ണം 93,873 ആയിത്തീർന്നുവെന്നും സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു.

തിങ്കളാഴ്ച പുതുമായി 4342 രോഗികളെ സ്ഥിരീകരിച്ചതുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്നലെഇക്കാര്യത്തിൽ ഉയർച്ചയുണ്ടായിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ആറ് ദിവസങ്ങളിലെ നാല് ദിവസത്തെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട രോഗികളുടെ എണ്ണം കുറവാണ്. തിങ്കളാഴ്ചത്തേക്കാൾ ഇന്നലെ രോഗികളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയത് ടെസ്റ്റിംഗിൽ 42 ശതമാനം വർധനവുണ്ടായതിനാലാണെന്നും വെളിപ്പെട്ടിട്ടുണ്ട്.

കെയർഹോമുകളിലേക്ക് കൊറോണ പടർന്ന് പിടിക്കുന്നു

രാജ്യമാകമാനം കൊറോണ പടർന്ന് പിടിച്ച് ദിനം പ്രതി നൂറ് കണക്കിന് ജീവനുകൾ കവർന്ന് കൊണ്ടിരിക്കുമ്പോൾ ബ്രിട്ടനിൽ കൊറോണ ബാധിച്ച് മരിച്ച് വീഴുന്ന വയോജനങ്ങളുടെ കാര്യത്തിൽ കൈയും കണക്കുമില്ലെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. രാജ്യമാകമാനമുള്ള കെയർഹോമുകളിലേക്ക് കൊറോണ പടർന്ന് പിടിക്കുന്നുവെന്നാണ് സ്ഥീരീകരിക്കപ്പെട്ടിരിക്കുന്നത്. ഇതിനോടകം 4000 പേരെങ്കിലും മരിച്ചിരിക്കാം എന്ന ഞെട്ടിപ്പിക്കുന്ന അനൗദ്യോഗിക കണക്കുകൾ പുറത്ത് വന്നിട്ടുണ്ട്. രാജ്യത്തെ മൊത്തം കൊറോണ മരണങ്ങൾ 12,107ലെത്തുകയും മൊത്തം രോഗബാധിതർ 93,873 ആയിത്തീരുകയും ചെയ്ത വേളയിലാണ് ഈ കണക്കിൽ പോലും പെടാത്ത വയോജനങ്ങളുടെ ദുരവസ്ഥ പുറത്ത് വന്നിരിക്കുന്നത്.

വൃദ്ധരുടെ മരണം കൊറോണ ലിസ്റ്റിൽ പെടുത്താതെ മാനം കാത്ത് മുന്നോട്ട് പോകുന്ന മനുഷ്യത്വരഹിതമായ നടപടിയാണ് ബ്രിട്ടൻ പുലർത്തി വരുന്നത്. മരണം കാത്തിരിക്കുന്നത് മറ്റുള്ളവർക്ക് വേണ്ടി ജീവിച്ച് തീർത്ത് വിശ്രമിക്കാൻ പുറപ്പെട്ട വൃദ്ധസമൂഹമാണ്.കെയർഹോമുകളിൽ കൊറോണ വൈറസ് ടെസ്റ്റിങ് സൗകര്യങ്ങളില്ലാത്തതാണ് ഇവിടങ്ങളിൽ കൂട്ടമരണത്തിന് വഴിയൊരുക്കിയിരിക്കുന്നത്. ഇതിനാൽ വയോജനങ്ങൾക്ക് കോവിഡ്-19 ബാധിച്ചാൽ പോലും തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്.

രോഗം ബാധിച്ചാൽ ഇവരെ ആശുപത്രിയിലേക്ക് മാറ്റാൻ ഉത്തരവാദപ്പെട്ടവർ തയ്യാറാകാത്തതും ഡോക്ടർമാർ കെയർഹോമുകളിലേക്ക് വന്ന് ഇവരെ പരിശോധിക്കാനോ തയ്യാറാകുന്നില്ലെന്നതും വയോജനങ്ങളെ മരണത്തിലേക്ക് തള്ളി വിടുന്നതിന് കാരണങ്ങളാകുന്നു.കെയർഹോമുകളിലെ വയോജനങ്ങൾ കൊറോണ ബാധിച്ച് മരിച്ചതാണെന്ന് ബോധ്യപ്പെട്ടാലും അവർക്ക് കോവിഡ്-19 മരണസർട്ടിഫിക്കറ്റ് നൽകാൻ ജിപിമാർ തയ്യാറാവാത്തതിനാൽ ഇവരുടെ മരണം ഔദ്യോഗിക കൊറോണ മരണക്കണക്കിൽ പെടുത്താത്ത അവസ്ഥയും നിലവിലുണ്ട്.

ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിറ്റിക്സ് പുറത്ത് വിട്ടിരിക്കുന്ന ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇംഗ്ലണ്ടിലും വെയിൽസിലുമുള്ള കെയർഹോമുകളിൽ ഏപ്രിൽ മൂന്ന് വരെയുള്ള രണ്ടാഴ്ചക്കിടെ വെറും 217 പേർ കൊറോണ ബാധിച്ച് മരിച്ചുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. എന്നാൽ ചുരുങ്ങിയത് 4000 വയോജനങ്ങളെങ്കിലും കെയർഹോമുകളിൽ കൊറോണ ബാധിച്ച് മരിച്ചുവെന്നാണ് എക്സ്പർട്ടുകൾ ആവർത്തിക്കുന്നത്.

ഇവരുടെ കാര്യത്തിൽ ഇത്തരത്തിലുള്ള അവഗണന ഗവൺമെന്റ് തുടർന്നാൽ കെയർഹോമുകളിൽ പതിനായിരക്കണക്കിന് വയോജനങ്ങൾ കൊറോണ ബാധിച്ച് മരിച്ച് വീഴുമെന്നാണ് കാംപയിനർമാരും എംപിമാരും കടുത്ത മുന്നറിയിപ്പേകിയിരിക്കുന്നത്.ഇതിനാൽ കെയർഹോമുകളിലെല്ലാം കോവിഡ്-19 ടെസ്റ്റിനുള്ള സൗകര്യമൊരുക്കണമെന്നും നേരിയ ലക്ഷണങ്ങളുള്ള കെയർഹോമുകളിലെ അന്തേവാസികളെയും ജീവനക്കാരെയും കോവിഡ് പരിശോധനക്ക് വിധേയരാക്കി രോഗനിർണയവും ആവശ്യമെങ്കിൽ ചികിത്സയും നൽകണമെന്നുമുള്ള സമ്മർദം മിനിസ്റ്റർമാർക്ക് മേൽ ശക്തമായിട്ടുണ്ട്.

എന്നാൽ കെയർഹോമുകളിലെ വയോജനങ്ങളെ കൊറോണ മരണങ്ങളിലേക്ക് തള്ളി വിടുന്നുവെന്ന ആരോപണം ചാൻസലർ ഋഷി സുനക് തള്ളിക്കളയുകയാണ്. എന്നാൽ ഇത്തരമൊരു ദുരവസ്ഥയുണ്ടെങ്കിൽ അത് പരിഹരിക്കുന്നതിന് എല്ലാ നടപടികളും കൈക്കൊള്ളുമെന്നും സോഷ്യൽ കെയർ നയത്തിലുണ്ടായിരിക്കുന്ന പ്രതിസന്ധി ഇല്ലാതാക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുമെന്നുമാണ് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് കഴിഞ്ഞ രാത്രി ഉറപ്പേകിയിരിക്കുന്നത്.

രാജ്യമാകമാനമുള്ള വിവിധ കെയർഹോമുകളിൽ നിന്നും നിത്യവും വൻതോതിലുള്ള കൊറോണ മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നത്. കൗണ്ടി ഡർഹാമിലെ സ്റ്റാൻലി പാർക്ക് കെയർഹോമിൽ 13 പേരാണ് കോവിഡ് ലക്ഷണങ്ങളെ തുടർന്ന് മരിച്ചിരിക്കുന്നത്. ലിവർപൂളിലും ലുട്ടനിലും 14 പേരാണ് കെയർഹോമുകളിൽ കൊറോണ ബാധിച്ച് മരിച്ചത്. ഗ്ലാസ്‌കോയിലെ കെയർഹോമിലും 13 പേരുടെ ജീവൻ കൊറോണ തട്ടിയെടുത്തു. നോട്ടിങ്ഹാംഷെയറിൽ ഒമ്പത് പേരും ഡംബാർട്ടനിലെ കെയർഹോമിൽ എട്ട് പേരും കൊറോണ ബാധിച്ച് മരിച്ചു.

ബ്രിട്ടനിലെ ഏറ്റവും വലിയ കെയർഹോം ഓപ്പറേറ്ററായ എച്ച്സി-വണ്ണിന്റെ കെയർഹോമുകളിൽ 311 അന്തേവാസികളും ഒരു കെയററും കൊറോണ ബാധിച്ച് മരിച്ചിരുന്നു. ഈ പ്രൊവൈഡറുടെ 232 കെയർഹോമുകളിൽ 2447 പേർക്ക് കോവിഡ് ബാധിച്ചുവെന്ന് സംശയമുയർന്നിരുന്നു.കെയർഹോമുകളിൽ ഇത്തരത്തിൽ മരിച്ച് വീഴുന്നവർക്കെല്ലാം നല്ല പ്രായമുണ്ടെന്ന് പറഞ്ഞ് സമാധാനിക്കാനാവില്ലെന്നും കെയർഹോമുകളിൽ കഴിയുന്നവരിൽ അഞ്ചിലൊന്ന് പേർക്കും 65 വയസിന് താഴെ മാത്രമേ പ്രായമുള്ളുവെന്നും ഇവരിൽ മിക്കവർക്കും നല്ല ആരോഗ്യവും ഇപ്പോഴും ജീവിതത്തിൽ സജീവമായി രംഗത്തുള്ളവരാണെന്നും അതിനാൽ ഇവരുടെ കൂട്ടമരണം തള്ളിക്കളയരുതെന്നും എക്സ്പർട്ടുകൾ മുന്നറിയിപ്പേകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP