Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കണിക്കൊന്ന കണി കാണാൻ പോലും കിട്ടാത്തതിനാൽ കൃഷ്ണ വിഗ്രഹത്തിൽ ചാർത്തിയതുകൊന്നയോട് സാമ്യമുള്ള പൂക്കൾ; രാജ്ഭവനിൽ കൃഷി ചെയ്ത അഞ്ചുതരം പച്ചക്കറികൾ; ഒപ്പം ആറന്മുള കണ്ണാടിയും ഉരുളിയിൽ; പുലർച്ചെ നാലിന് ആദ്യം കണി കണ്ടത് രാജ്ഭവനിലെ പ്രമുഖൻ തന്നെ; കണി കണ്ട്‌പോയവരെ അത്ഭുതപ്പെടുത്തി രാവിലെ എട്ടരയോടെ വിഷുക്കൈനീട്ടവും; മിസോറാംകാർക്ക് വിഷുക്കണി ഒരുക്കി ഗവർണർ പി.എസ്.ശ്രീധരൻ പിള്ള

കണിക്കൊന്ന കണി കാണാൻ പോലും കിട്ടാത്തതിനാൽ കൃഷ്ണ വിഗ്രഹത്തിൽ ചാർത്തിയതുകൊന്നയോട് സാമ്യമുള്ള പൂക്കൾ; രാജ്ഭവനിൽ കൃഷി ചെയ്ത അഞ്ചുതരം പച്ചക്കറികൾ; ഒപ്പം ആറന്മുള കണ്ണാടിയും ഉരുളിയിൽ; പുലർച്ചെ നാലിന് ആദ്യം കണി കണ്ടത് രാജ്ഭവനിലെ പ്രമുഖൻ തന്നെ; കണി കണ്ട്‌പോയവരെ അത്ഭുതപ്പെടുത്തി രാവിലെ എട്ടരയോടെ വിഷുക്കൈനീട്ടവും; മിസോറാംകാർക്ക് വിഷുക്കണി ഒരുക്കി ഗവർണർ പി.എസ്.ശ്രീധരൻ പിള്ള

എം മനോജ് കുമാർ

തിരുവനന്തപുരം: വിഷു ആഘോഷങ്ങളുടെ ഗരിമയിൽ മുങ്ങി മിസോറാം രാജ്ഭവൻ. ഗവർണർ മലയാളിയായതിനാൽ രാജ്ഭവൻ ഇക്കുറി വിഷുക്കാഴ്ചയിലേക്കാണ് ഇന്നു രാവിലെ കൺമിഴിച്ചത്. ഗവർണർ അടക്കമുള്ള രാജ്ഭവൻ ജീവനക്കാർ മുഴുവൻ പുലർച്ചെ വിഷുക്കണി കണ്ടു. രാവിലെ നാല് മണിക്ക് തന്നെ രാജ്ഭവനിൽ വിഷുക്കണി ഒരുങ്ങി. ഇന്നലെ തന്നെ കണിക്കുള്ള ഒരുക്കങ്ങൾ രാജ്ഭവനിൽ പൂർത്തിയാക്കിയിരുന്നു. രാവിലെ നാല് മണിക്ക് മലയാളിയായ ഗവർണർ പി.എസ്.ശ്രീധരൻ പിള്ളയാണ് ആദ്യം കണികണ്ടത്. പിന്നീട് രാജ്ഭവൻ ജീവനക്കാരും സെക്യൂരിറ്റി ഉദ്യോഗസ്ഥരും കണികണ്ടു. മലയാളികൾ അല്ലാത്ത സിആർപിഎഫിനും രാജ്ഭവൻ ഉദ്യോഗസ്ഥർക്കും മലയാളികളുടെ സ്വന്തം വിഷു ഒരനുഭൂതിയായി നിറഞ്ഞു. രാജ്ഭവനിലെ മുഴുവൻ പേരും വിഷുക്കണി ദർശിച്ചു.

കണിക്കൊന്ന മിസോറാമിന് അന്യമായതിനാൽ കണിക്കൊന്നയ്ക്ക് പകരമുള്ള കൊന്നയോടു സാമ്യമുള്ള പൂക്കളാണ് കൊന്നയ്ക്ക് പകരം ഉപയോഗിച്ചത്. കൃഷ്ണ വിഗ്രഹത്തിൽ ഈ പൂക്കൾ കണിക്കൊന്ന പോലെ ചേർന്ന് കിടന്നു. രാജ്ഭവനിൽ കൃഷി ചെയ്ത കാബേജ് അടക്കമുള്ള അഞ്ചു തരം പച്ചക്കറികളും കണിക്ക് ഉപയോഗിച്ചിരുന്നു. ആറന്മുള കണ്ണാടിയും കണിയിൽ സ്ഥാനം പിടിച്ചു. കണികണ്ടു പോയവരെ അത്ഭുതപ്പെടുത്തി രാവിലെ എട്ടരയോടെ രാജ്ഭവൻ ജീവനക്കാർക്ക് ഗവർണറുടെ വിളി വന്നു. എല്ലാവരുടെയും കൈകളിലേക്ക് ഗവർണർ വിഷുക്കൈ നീട്ടം നൽകി. കണി കണ്ട അത്ഭുതത്തിലായിരുന്ന രാജ്ഭവൻ ജീവനക്കാർ ഗവർണറിൽ നിന്നും കൈ നീട്ടം കിട്ടിയതോടെ മനവും നിറഞ്ഞു. മിസോറാം രാജ്ഭവന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വിഷുക്കണി രാജ്ഭവൻ ദർശിക്കുന്നത്. രാജ്ഭവനിൽ വിഷു കൺമിഴിച്ചത് ശ്രീധരൻപിള്ളയ്ക്ക് ഒപ്പമുള്ള മലയാളി ഉദ്യോഗസ്ഥർക്കും സന്തോഷം പകരുന്ന കാഴ്ചയായി. കൊറോണ കാലമായതിനാൽ ഗവർണർ അടക്കമുള്ളവർ ഇപ്പോൾ രാജ്ഭവനിൽ തന്നെയാണ്. കേരളത്തിലേക്കും ഡൽഹിയിലേക്കുള്ള വരവും ഇപ്പോൾ ഒഴിവാക്കിയിരിക്കുകയാണ്.

പ്രത്യാശയും പ്രതീക്ഷയും നിറഞ്ഞ വിഷു ദിനമാണ് ഏതെന്നു മറുനാടന് നൽകിയ സന്ദേശത്തിൽ ഗവർണർ ശ്രീധരൻ പിള്ള പറഞ്ഞു. മാരകമായി പടർന്ന കൊറോണ നിമിത്തം നമുക്ക് വിഷു ആഘോഷിക്കാൻ കഴിയില്ല. അതിനാൽ പ്രതീകാത്മകമായാണ് ആഘോഷം. മാനവരാശി ഒന്നടങ്കം നേരിടുന്ന കൊറോണ വെല്ലുവിളി നേരിടാൻ രാജ്യത്തിന് സാധിക്കും എന്നത് ഉറപ്പായിക്കഴിഞ്ഞു. നമ്മുടെ കരുതൽ സഹജീവികൾക്ക് വേണ്ടി അർപ്പിക്കാനാണ് ഈ ഘട്ടത്തിലുള്ള എന്റെ അഭ്യർത്ഥന. ലോകമെങ്ങുമുള്ള എല്ലാ മലയാളികൾക്കും ഞാൻ വിഷു ആശംസകൾ നേരുകയാണ്. ശാന്തിയുടെയും നന്മയുടെയുമായ അന്തരീഷം വന്നു ചേരാനാണ് എന്റെ പ്രാർത്ഥന. വിഷു ദിന സന്ദേശത്തിൽ ഗവർണർ പറഞ്ഞു.

കഴിഞ്ഞ നവംബർ ആറിനാണ് ഗവർണറായി മലയാളിയായ പി.എസ്.ശ്രീധരൻ പിള്ള ചാർജ് എടുക്കുന്നത്. ബിജെപിയുടെ മുൻ സംസ്ഥാന പ്രസിഡന്റ് ആയ കുമ്മനം രാജശേഖരൻ രാജിവെച്ച ശേഷം മിസോറാമിനു പ്രത്യേകമായി ഗവർണറെ നിയമിച്ചിരുന്നില്ല. വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയാകാൻ വേണ്ടിയാണ് മിസോറാം ഗവർണർ ആയിരുന്ന കുമ്മനം രാജശേഖരൻ സ്ഥാനമൊഴിഞ്ഞത്. ബിജെപി സംസ്ഥാന പ്രസിഡന്റ് ആയിരുന്ന പി.എസ്.ശ്രീധരൻ പിള്ളയെ ബിജെപി ദേശീയ നേതൃത്വം പിന്നീട് മിസോറാം ഗവർണർ ആയി മാറ്റുകയായിരുന്നു. തുടർച്ചയായ രണ്ടാമത് മലയാളി ഗവർണർ ആണ് മിസോറാമിനു ലഭിക്കുന്നത്. 2011-14 കാലത്ത് വക്കം പുരുഷോത്തമനും മിസോറം ഗവർണറായിരുന്നു.

കൊറോണ പിടിമുറുക്കിയതിനെ തുടർന്നു ഗവർണറും പുറത്തുള്ള പരിപാടികൾ ഒഴിവാക്കിയിരിക്കുകയാണ്. സെക്യൂരിറ്റി സംബന്ധമായ കാര്യങ്ങൾക്കായി ബിഎസ്എഫ്, സിആർപിഎഫ് സംഘടനകളുമായി മാസത്തിൽ ഒരു തവണ ഗവർണർ അവലോകനം നടത്തുന്നുണ്ട്. മാർച്ച് പതിനഞ്ചു മുതൽ പതിനേഴ് വരെ നാല് ജില്ലകൾ സന്ദർശിച്ചിട്ടുണ്ട്. പതിനൊന്നു ജില്ലകൾ സന്ദർശിക്കാനുള്ള പരിപാടികൾ തയ്യാറാക്കിയിരുന്നു. ഈ ഘട്ടത്തിലാണ് കൊറോണ പിടിമുറുക്കുന്നത്. ഇന്ത്യൻ അതിർത്തി ജില്ല എന്ന നിലയിൽ മിസോറാമിൽ സ്റ്റേറ്റിന്റെ കാര്യങ്ങൾക്ക് ഗവർണർക്ക് കൂടുതൽ അധികാരമുണ്ട്. ഗവർണറോട് നാട്ടുകാർ പരാതിപ്പെടാറുണ്ട്. ആശുപത്രി സൗകര്യങ്ങൾ അടക്കമുള്ള പ്രശ്‌നങ്ങൾ ഈ പരാതിയിൽ ഉയർന്നു വരാറുണ്ട്. ഇത്തരം പരാതികൾ ഗവർണർ . സംസ്ഥാന സർക്കാരിനു കൈമാറും. ഗവർണർ നൽകിയ നിർദ്ദേശം എന്ന നിലയിൽ ഇത്തരം പരാതികൾക്ക് അർഹമായ രീതിയിൽ മിസോറാം സർക്കാർ തീർപ്പ് കൽപ്പിക്കുന്നുണ്ട്.

കേന്ദ്രത്തിനു അഞ്ചു ലക്ഷം രൂപയും മിസോറാം സർക്കാരിനു രണ്ടു ലക്ഷം രൂപയും കൊറോണ ഫണ്ടിലേക്ക് ഗവർണർ നൽകിയിരുന്നു. കേരള സർക്കാർ കൊറോണ ഫണ്ടിലേക്കും ഗവർണർ രണ്ടു ലക്ഷം രൂപ കൈമാറിയിരുന്നു. . മിസോറാമിൽ ചാരിറ്റി പ്രവർത്തനം നടത്തുന്ന വിവിധ കൃസ്ത്യൻ സംഘടനകൾക്ക് ഗവർണറുടെ പ്രത്യേക ഫണ്ടിൽ നിന്നും അഞ്ച് ലക്ഷം രൂപയും ഗവർണർ എന്ന നിലയിൽ ശ്രീധരൻ പിള്ള അനുവദിച്ചിട്ടുണ്ട്.

തിരക്കിട്ട പരിപാടികൾ തന്നെയാണ് മിസോറാമിലും ഗവർണർ എന്ന നിലയിൽ ശ്രീധരൻപിള്ളയ്ക്ക് ഉള്ളത്. രാവിലെ ഒമ്പത് മണിക്ക് തന്നെ ഗവർണർ ഓഫീസിലെത്തും. ഉച്ചവരെ ഔദ്യോഗിക കാര്യങ്ങളും ഓഫീസിൽ തന്നെയുള്ള ഫയൽ നോട്ടവുമാണ്. ഉച്ചയ്ക്ക് ശേഷവും വീട്ടിൽ എത്തിയാലും ഫയൽ നോട്ടം തുടരും. ഗ്രന്ഥകാരൻ കൂടിയായതിനാൽ വിശ്രമ സമയത്ത് മിസോറാമിനെ കുറിച്ചുള്ള ഇംഗ്ലീഷ് കവിതാ സമാഹാരത്തിന്റെ പണിപ്പുരയിലാണ് ഗവർണർ. മിസോറാമിനെ കുറിച്ചുള്ള കവിതകൾ പുസ്തകമാക്കുകയാണ്. മിസോറാമിൽ നടത്തിയ ഇംഗ്ലീഷ് പ്രസംഗങ്ങളും പുസ്തകമാക്കുന്നുണ്ട്. ഈ പുസ്തകങ്ങൾ അടുത്ത് തന്നെ ഇറങ്ങും. ഇത് കഴിഞ്ഞു മലയാളം കവിതാ സമാഹാരം ഇറക്കാനാണ് ഗവർണർ ആലോചിക്കുന്നത്. ഇതോടെ ഗ്രന്ഥകാരൻ എന്ന നിലയിൽ ശ്രീധരൻ പിള്ള 114 പുസ്തകങ്ങളുടെ രചയിതാവാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP