Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോക് ഡൗൺ കൂടി വന്നതോടെ സർക്കാർ നീങ്ങുന്നത് ആനവണ്ടിയുടെ ഗതികേടിലേക്ക്; വലിയ നികുതി നൽകുന്ന തുണിക്കടകളും സ്വർണക്കടകളും വാഹന റീട്ടെയിൽ ഷോപ്പുകളും ഗൃഹോപകരണ വിൽപന മാളുകളും അടഞ്ഞുതന്നെ; കേരളത്തിന്റെ നികുതി വരുമാനം മൂന്നിലൊന്നായി കുറയും; ചെലവുകൾ കർശനമായി വെട്ടിച്ചുരുക്കിയില്ലെങ്കിൽ സർക്കാർ വണ്ടി ഓട്ടം നിൽക്കും; കിഫ്ബി പ്രതീക്ഷയല്ല കേരളത്തിന്റെ അന്തകൻ: സാമ്പത്തിക വിദഗ്ധൻ ജെയിംസ് വടക്കന്റെ വിശകലനം

ലോക് ഡൗൺ കൂടി വന്നതോടെ സർക്കാർ നീങ്ങുന്നത് ആനവണ്ടിയുടെ ഗതികേടിലേക്ക്;  വലിയ നികുതി നൽകുന്ന തുണിക്കടകളും സ്വർണക്കടകളും വാഹന റീട്ടെയിൽ ഷോപ്പുകളും ഗൃഹോപകരണ വിൽപന മാളുകളും അടഞ്ഞുതന്നെ; കേരളത്തിന്റെ നികുതി വരുമാനം മൂന്നിലൊന്നായി കുറയും; ചെലവുകൾ കർശനമായി വെട്ടിച്ചുരുക്കിയില്ലെങ്കിൽ സർക്കാർ വണ്ടി ഓട്ടം നിൽക്കും; കിഫ്ബി പ്രതീക്ഷയല്ല കേരളത്തിന്റെ അന്തകൻ: സാമ്പത്തിക വിദഗ്ധൻ ജെയിംസ് വടക്കന്റെ വിശകലനം

ജെയിംസ് വടക്കൻ

 കേരളം സാമ്പത്തിക അടിയന്തരാവസ്ഥയിലേക്കോ ?

കേരളമെ കേട്ടാലും:

=> ആരും രക്ഷിക്കില്ല
=> ആരും സഹായിക്കില്ല
=> കൈ നീട്ടിയിട്ട് കാര്യമില്ല
=> ഉള്ളത് യുക്തിസഹമായി വീതം വെക്കുക
=> പിച്ച രാഷ്ട്രീയം അവസാനിപ്പിക്കുക
=> ഭൂരിപക്ഷ താൽപര്യങ്ങൾ സംരക്ഷിക്കുക.
=> ഉള്ളവനിൽ നിന്നും എടുത്ത് ഇല്ലാത്തവനു നൽകി സാമൂഹ്യ അസമത്വം കുറക്കുക.

കേരളത്തിന്റെ നികുതി വരുമാനം മൂന്നിലൊന്നായി കുറയാൻ സാധ്യത. വലിയ നികുതി നൽകുന്ന തുണിക്കടകളും, സ്വർണകടകളും, വാഹന റീട്ടെയിൽ ഷോപ്പുകളും, ഗൃഹോപകരണ വിൽപന മാളുകളും അടഞ്ഞു തന്നെ. പോയ നികുതി വരുമാനം തിരിച്ചു കിട്ടില്ല. അടഞ്ഞു കിടന്ന കാലത്തെ ചെലവ് കടമാക്കുന്നു.

ചെലവ് കർശനമായി വെട്ടിച്ചുരുക്കിയില്ലെങ്കിൽ സർക്കാർ വണ്ടി ഓട്ടം നിൽക്കും. ഈ സർക്കാർ ആന വണ്ടിയെ പോലെ കടത്തിന്റെ കാണാക്കയത്തിലേക്ക് കൂപ്പുകുത്തുന്നുവോ ?ആർക്ക് എവിടെ എങ്ങനെ എത്ര കുറക്കണമെന്ന് തീരുമാനിക്കണം.

പോസ്റ്റ് കൊറോണാ കാലഘട്ടത്തിലെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ പറ്റി പ്രമുഖ സാമ്പത്തിക വിദഗ്ദ്ധനും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്ലേഷനിൽ ഗവേർണിങ് ബോഡി അംഗമായിരുന്ന പാലായിലെ സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ സ്ഥാപകനായ ജെയിംസ് വടക്കന്റെ വിശകലനം.

1. കേരളത്തിൽ സാമ്പത്തിക അടിയന്തരാവസ്ഥക്ക് സമയമായോ ?

രാജ്യമോ സംസ്ഥാനമോ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ, സംസ്ഥാനം നൽകിയ ചെക്കുകൾ പണമില്ലാതെ മടങ്ങുമ്പോൾ, സംസ്ഥാനം പ്രതീക്ഷിക്കുന്ന വരുമാനം കൊണ്ട് ചെലവ് നടത്താൻ കഴിയാതെ വരുമ്പോൾ, കടം മേടിക്കാനും കിട്ടുവാനും വഴിയില്ലാതെ വന്നാൽ പിന്നെ ഒരെ ഒരു വഴിയെ ഒള്ളൂ അതാണ് ഭരണഘടനയുടെ 360-ാം വകുപ്പു വിഭാവനം ചെയ്യുന്ന സാമ്പത്തിക അടിയന്തരാവസ്ഥ. ജർമ്മൻ ഭരണഘടനയിൽ നിന്നും എടുത്തിട്ടുള്ളതാണ് ഇന്ത്യൻ ഭരണഘടനയിലെ അടിയന്തരാവസ്ഥ വകുപ്പുകൾ.

2. അടിയന്തരാവസ്ഥ മൂന്നു തരം.

ഭരണഘടനയിൽ മൂന്നു തരം അടിയന്തരാവസ്ഥയെ പറ്റി പറയുന്നു.

*352-ാം വകുപ്പു പ്രകാരം ദേശീയ അടിയന്തിരാവസ്ഥ.
*356-ാം വകുപ്പു പ്രകാരം പ്രസിഡന്റ് ഭരണം.
*360-ാം വകുപ്പ് പ്രകാരം സാമ്പത്തിക അടിയന്തരാവസ്ഥ (financial emergency)

360-ാം വകുപ്പ് പ്രകാരം കേന്ദ്രത്തിന് രാജ്യമൊട്ടാകെയൊ ചില സംസ്ഥാനങ്ങളിൽ മാത്രമായോ സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാം.

സാമ്പത്തിക അടിയന്തരാവസ്ഥയിൽ സർക്കാർ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും എത്ര വേണമെങ്കിലും വെട്ടിക്കുറക്കാം. തെലുങ്കാന സർക്കാർ ജീവനക്കാരുടെ ശമ്പളം 10% മുതൽ 75% വരെ വെട്ടിക്കുറച്ചു. എല്ലാവരുടെയും പെൻഷൻ 50 % വെട്ടിക്കുറച്ചു. കേരളം എന്തു ചെയ്യണമെന്ന് തീരുമാനിക്കുന്നതിനു മുൻപ് എന്താണ് കേരളത്തിലെ ധനസ്ഥിതി എന്നു ചിന്തിക്കണം.

3. വരുമാനമെത്ര ?

2020-21-ൽ കേരള സംസ്ഥാനം പ്രതീക്ഷിച്ച റവന്യു വരുമാനം 1,14,636 കോടി രൂപ. റവന്യു ചെലവ് 1,29,837 കോടി രൂപ. വരവിനു മേൽ ചെലവ്, അതായത് പുതുതായി കടമെടുക്കേണ്ടത് 15,201 കോടി രൂപ.

4. നികുതി വരുമാനം.

സംസ്ഥാനം പ്രതീക്ഷിച്ച 1,14,636 കോടി റവന്യു വരുമാനത്തിൽ 67,420 കോടി രൂപ സംസ്ഥാന നികുതി വരുമാനമാണ്, ഇത് ഏതൊക്കെ മേഖലയിൽ നിന്നുള്ളതാണെന്ന് ജനങ്ങൾ അറിഞ്ഞിരിക്കണം.
നികുതി മേഖല രൂപ (കോടിയിൽ )

1. ഗുഡ്‌സ് & സർവീസ് ടാക്‌സ് GST 32388
2. വിൽപന നികുതി + VAT 23263
3. ആകെ കച്ചവട നികുതി  55651
4. രെജിസ്‌ട്രേഷൻ & സ്റ്റാംമ്പ്  4306
5. വാഹന നികുതി  3968
6. എക്‌സെസ്  2801
7. ഭൂ നികുതി  376
8. കാർഷികാദായ നികുതി 48
9. വൈദ്യുതി ഡ്യൂട്ടി 75
10. മറ്റുള്ളവ. 195

ആകെ        67420

5. നികുതി വരുമാനം മൂന്നിലൊന്നായി കുറയും

കൊറോണ വൈറസ് ലോക്ക് ഡൗൺ മൂലം വ്യാപാര വാണിജ്യ മേഖല കഴിഞ്ഞ 3 ആഴ്‌ച്ചയായി അടഞ്ഞു കിടക്കുന്നു. അടുത്ത ഒരു മാസം കൂടി അടഞ്ഞുകിടക്കുകയോ അതിനു സമാനമായ അവസ്ഥയിലോ കിടക്കും.പിന്നെയും 2 മാസമെങ്കിലുമെടുക്കും ഇതെല്ലാം പൂർവ്വസ്ഥിതിയിലാകാൻ. ഇപ്പോൾ തുറന്നിരിക്കുന്ന കടകളൊക്കെ നികുതി വരുമാനം നന്നായി ലഭിക്കുന്ന മേഖലകളല്ല. സ്വർണം, വെള്ളി തുണിക്കട എന്നിവയൊക്കെയാണ് വിൽപനനികുതി/ഏടഠ വരുന്ന മേഖലകൾ. 4 മാസത്തെ കച്ചവട നഷ്ടം എന്നാൽ 4 മാസത്തെ നികുതി വരുമാന നഷ്ടം എന്നർത്ഥം. സംസ്ഥാന നികുതി വരുമാനത്തിൽ പ്രതീക്ഷിക്കുന്ന 67420 കോടിയുടെ മൂന്നിലൊന്ന് ആവിയായി പോകും എന്ന് ചുരുക്കം. പിരിഞ്ഞുകിട്ടാൻ സാധ്യതയുള്ളത് 67420 കോടിക്ക് പകരം 44720 കോടി രൂപ. ബാക്കി 22700 കോടി രൂപ കൂടി കടമെടുക്കണം.

6. നികുതിയേതര വരുമാനം

ഇനി സംസ്ഥാനത്തിന്റെ തനത് നികുതി ഇതര വരുമാനം നോക്കിയാൽ ആകെ 14,587 കോടി രൂപയാണ്, ഇതിൽ 312 കോടി രൂപ വനവിഭവങ്ങൾ വിറ്റു കിട്ടുന്ന തുകയാണ്. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, സഹകരണം തുടങ്ങിയ മേഖലകളിൽ ജനങ്ങളിൽ നിന്നും വസൂലാക്കുന്ന ഫീസുകളിലൂടെ 1218 കോടി രൂപയും സർക്കാർ പ്രതീക്ഷിക്കുന്നു. സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്ന 12215 കോടി രൂപയുടെ അസാധാരണ നികുതി ഇതര വരുമാനമേതാണെന്ന് സംസ്ഥാന ധനകാര്യ മന്ത്രി തന്നെ വ്യക്തമാക്കണം. ഇതിൽ യഥാർത്ഥ്യ ബോധത്തോടെ പ്രതീക്ഷിക്കാവുന്നത് 2500 കോടി രൂപയാണ്.

കേന്ദ്രത്തിൽ നിന്നും നികുതിയിതര വരുമാനമായി ഗ്രാന്റ് അടക്കം 11694 കോടി രൂപ പ്രതീക്ഷിക്കുന്നു. കൊറൊണ പ്രതിസന്ധി മൂലം കേന്ദ്ര നികുതി ഇതര വരുമാനത്തിലും ഗണ്യമായ കുറവുണ്ടാകും.

7. കേന്ദ്ര വിഹിതം.

കേന്ദ്ര നികുതിയിൽ നിന്നുള്ള സംസ്ഥാന വിഹിതം 20935 കോടി രൂപ സംസ്ഥാനം പ്രതീക്ഷിക്കുന്നു. കൊറോണ കാലം ഈ കേന്ദ്ര നികുതി വരുമാനത്തിലും കാര്യമായ കുറവുണ്ടാക്കും. ഇവിടെയും 6300 കോടി രൂപയുടെ കുറവുണ്ടായേക്കാം.

8. 1,14,636 കോടിക്കു പകരം 71,220 കോടി.

സത്യത്തിൽ 2020-21-ൽ സംസ്ഥാന ബഡ്ജറ്റിൽ വിഭാവനം ചെയ്ത 1,14,636 കോടി രൂപയുടെ വരുമാനത്തിന്റെ സ്ഥാനത്ത് പ്രതീക്ഷിക്കാവുന്നത്.

നികുതി വരുമാനം 44720
നികുതിയേതര വരുമാനം 2500
കേന്ദ്ര നികുതിയേതര വരുമാനം 9000
കേന്ദ്ര നികുതി വീതം വെപ്പ് 15000

ആക. 71220 കോടി

9. ആഡംബര ജീവിതത്തിന് കടമെടുക്കരുത്

ഒരു സാധാരണക്കാരന്റെ വീട്ടിലെ കാര്യമായാലും ഒരു കച്ചവട സ്ഥാപനത്തിന്റെ കാര്യമായാലും വരുമാനമനുസരിച്ചേ ചെലവ് ചെയ്യാൻ പാടൊള്ളൂ അല്ലെങ്കിൽ കടത്തിൽ മുങ്ങിത്താഴുകയും ആത്മഹത്യ ഉറപ്പാകുകയും ഉണ്ടാകും. ദീർഘവീക്ഷണമുള്ള ഒരു ഭരണാധികാരിയുടെ ധനകാര്യമാനേജ്‌മെന്റ് ശൈലി ഇതു തന്നെയായിരിക്കണം. കടം എടുക്കാതെ ദൈനംദിന ചെലവ് വരുമാനത്തിൽ നിന്നും നടത്തികൊണ്ടു പോകണം. മക്കളെ കെട്ടിക്കാനോ വീടുപണിയാനോ, കാർ വാങ്ങാനോ ഒക്കെ വായ്‌പ്പ എടുക്കാം അവിടെയും എടുക്കുന്ന വായ്പ മുടക്കം കൂടാതെ തിരിച്ചടക്കാനുള്ള തുക വരുമാനത്തിൽ നിന്നും തന്നെ മാറ്റിവെക്കണം. അതിനു സാധിക്കില്ലെങ്കിൽ കടം എടുക്കരുത്.

10. സർക്കാർ ചെലവ് ഇങ്ങനെ

ഇനി എന്താണ് കേരള സംസ്ഥാനത്തിന്റെ ചെലവ് എന്ന് നോക്കാം. 1,14,636 കോടി അടുത്ത വർഷം വരുമാനമായി പ്രതീക്ഷിച്ചിടത്തുകൊറോണ മൂലം 71,220 കോടിയായി കുറയുമെന്നാണ് ത്വരിത കണക്ക് (Quick estimate). കേരള സർക്കാരിന്റെ 2020-21 വർഷത്തിലെ ബഡ്ജറ്റ് രേഖകൾ പ്രകാരം സംസ്ഥാനത്തിന്റെ മൊത്തം റവന്യൂ ചിലവുകളിലെ പ്രധാനപ്പെട്ട ചിലയിനങ്ങളിങ്ങനെ

ആകെ ചെലവ് 129837 കോടി
അതിൽ പലിശ 19850 കോടി
ശബളം 32931
പെൻഷൻ 20970
ശമ്പളം + പെൻഷൻ + പലിശ 73751 കോടി.

കൊറോണ പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്തിന് പ്രതീക്ഷിക്കാവുന്ന വരുമാനം 71220 കോടി ആണെന്നിരിക്കെ ശമ്പളത്തിനും പെൻഷനും പലിശയുമായി തന്നെ 73751 കോടി ചിലവഴിക്കുന്ന കണക്ക് ഭയാനകം തന്നെ.

11. ചിലവു കുറച്ചില്ലെങ്കിൽ കടം ഭയാനകമാകും

2020-21 ലെ സംസ്ഥാന ബഡ്ജറ്റിലെ 129837 കോടിയിൽ ഒരു രൂപ പോലും കൊറോണ പ്രതിസന്ധിയുടെ പേരിൽ കുറക്കാനാകില്ല എന്നതാണ് ധനകാര്യ വകുപ്പിന്റെ നിലപാടെങ്കിൽ ഈ വർഷത്തെ കമ്മി എന്നത് 1,29,837- 71,220 = 58,617 കോടി രൂപയാകും. ചുരുക്കത്തിൽ ഈ വർഷം കടമെടുക്കേണ്ടി വരുന്നത് 58,617 കോടി എന്നർത്ഥം. നിലവിൽ കേരളത്തിന്റെ കടം എന്നത് 268351 കോടി രൂപയാണ്. ഈ കടം കൂടാതെ 22102 കോടിക്കുള്ള സർക്കാർ ഗ്യാരണ്ടിയും ഈ സർക്കാർ നൽകിയിട്ടുണ്ട്. ഇതിൽ 6185 കോടി രൂപ മാത്രമെ കിഫ്ബിക്ക് ഗ്യാരണ്ടി നൽകുന്നത്. എന്നാൽ കിഫ്ബി 536 പദ്ധതികൾ ഉൾപ്പെടെ 42306 കോടി രൂപയുടെ പദ്ധതികളാണ് വിഭാവന ചെയ്തിട്ടുള്ളത്. ഈ തുകയത്രയും ഇന്നല്ലെങ്കിൽ നാളെ സംസ്ഥാന സർക്കാർ ഗ്യാരണ്ടി നൽകേണ്ടി വരും. അതായത് മറ്റൊരു 36121 കോടി രൂപ കൂടി സർക്കാർ ഗ്യാരണ്ടി നൽകേണ്ടി വരും. അങ്ങനെ വന്നാൽ കടം + ഗ്യാരണ്ടി എന്നത് 326574 കോടി രൂപ എന്നർത്ഥം. ഒരു മലയാളിയുടെ ശരാശരി കടമെന്നത് ഒരു ലക്ഷം രൂപയാകും.

12. സർക്കാരും ആന വണ്ടിയുടെ ഗതികേടിലേക്ക്

1990 കളിൽ KSRTC നേരിട്ട സമാനമായ പ്രതിസന്ധിയാണ് സർക്കാർ ഇപ്പോൾ നേരിടേണ്ടി വരുന്നത്. KSRTC യിൽ ശമ്പളം മുടങ്ങും, KSRTC യുടെ ആസ്തികൾ മുഴുവൻ വിറ്റാലും കടം തിരിച്ചടക്കാൻ കഴിയില്ല എന്നൊക്കെ മുന്നറിയിപ്പു നൽകിയപ്പോൾ ഞങ്ങളെ കളിയാക്കിയവർ ഇപ്പോൾ അതൊക്കെ സത്യം എന്ന് പറഞ് അംഗീകരിക്കുന്നു.

13. വരാനിരിക്കുന്ന ശമ്പള പരിഷ്‌കരണം ആത്മഹത്യാപരം

2022-23 ലെക്കുള്ള സർക്കാർ എസ്റ്റിമേറ്റിൽ കേരളത്തിന്റെ തനതു സംസ്ഥാന നികുതി വരുമാനം 93876 കോടിയായി കണക്കാക്കുമ്പോൾ ശബളത്തിനായി 45544 കോടിയും പലിശക്കായി 24218 കോടി രൂപയും പെൻഷനായി 28245 കോടിയും വേണ്ടി വരുമെന്ന് സംസ്ഥാന ധനകാര്യ വകുപ്പു തന്നെ കണക്കാക്കുബോൾ 2022-23ൽ ശബളം, പെൻഷൻ, പലിശ ചെലവ് തന്നെ 98007 കോടി രൂപയാകും. ഈ വണ്ടി ഇനി ഒരിഞ്ചു മുന്നോട്ടു പോകില്ല. കൊറോണ ഉണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധി അടുത്ത മൂന്ന് വർഷമെങ്കിലും തുടരും അങ്ങിനെ വരുബോൾ പ്രതീക്ഷിക്കുന്ന നികുതി വരുമാനമായ 93876 കോടിയുടെ 70% പ്രതീക്ഷിച്ചാൽ മതി. അതായത് 65713 കോടി രൂപ മാത്രം. 2022-23 ലെ വരുമാന ശമ്പള, പെൻഷൻ , പലിശ കമ്മി തന്നെ 32294 കോടി രൂ'പ കടമെടുക്കലിൽ അവസാനിക്കും. വികസന പ്രവൃർത്തനങ്ങൾക്കൊന്നും നയാ പൈസ ചിലവഴിക്കാത്ത കണക്കാണിത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള 30 % പദ്ധതി വിഹിതമൊന്നും ഈ കണക്കിൽ സ്ഥാനം പിടിച്ചിട്ടില്ല. 2020-21 ൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 11819 കോടിയും വിവിധ സബ്‌സിഡികൾക്കായി 2055 കോടി രൂപയും നൽകണം.

സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്ന 12215 കോടി രൂപയുടെ അസാധാരണ നികുതി ഇതര വരുമാനമേതാണെന്ന് സംസ്ഥാന മന്ത്രി തന്നെ വ്യക്തമാക്കണം.

സംസ്ഥാന ഭരണ രീതിയിലും ധനകാര്യ മേഖലയിലും ഒരു പൊളിച്ചെഴുത്ത് അനിവാര്യമാകുന്നു. ഇന്ന് വേദനാജനകമായ തീരുമാനങ്ങളെടുത്തില്ലെങ്കിൽ നാളെ സംസ്ഥാനം മുന്നോട്ടു പോകുകയില്ല.

14. വികസനം എന്ന സാമൂഹിക പക്രിയ

വികസനം ജനങ്ങളുടെ ജീവിത നിലവാരത്തെ പടിപടിയായി ഉയർത്തുന്ന സാമൂഹിക പക്രിയയാണ്. കാർഷിക, വ്യാവസായിക ഉൽപാദന വർദ്ധനവിന്റെയും സേവന മേഖലയുടെ ദ്രുതഗതിയിലുള്ള പുരോഗതിയിലൂടെയേ സംസ്ഥാനത്തിനു വളരാനാകൂ. ഭൂരിപക്ഷം ജനങ്ങളുടെ ജീവിത നിലവാരത്തെ ഉയർത്താതെ സംഘടിത ശക്തിയുള്ള ഒരു ന്യൂനപക്ഷത്തിന്റെ മാത്രം നിലവാരം മാത്രം ഉയർത്തുന്ന ശ്രമം വികസനമല്ല മറിച്ച് ചൂഷണമാണ്. 45,000 രൂപ ശമ്പളം കിട്ടുന്നവന്റെ ശമ്പളം 60,000 ആയി ഉയർത്തുമ്പോൾ കിട്ടുന്ന അധിക വരുമാനം ആഡംബര വസ്തുക്കൾ സ്വന്തമാക്കാൻ ഉപയോഗിക്കുന്നു. ജനസംഖ്യയുടെ 90% പ്രതിമാസം 10000 രൂപ പോലും വരുമാനമില്ലാത്തവരാണെന്ന് ഭരണാധികാരികൾ ഓർക്കണം. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് കൂട്ടുന്നതല്ല സാമൂഹ്യ നീതി.

15. എല്ലാവർക്കും സ്വീകാര്യമായ സമ്പദ് വ്യവസ്ഥ

സർക്കാർ വരുമാനം നീതി പൂർവ്വം വീതം വെച്ചു കൊണ്ട് ഉൽപാദന ശക്തികളെ പരമാവധി ഉപയോഗപെടുത്തി കൊണ്ട് സർവർക്കും സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുവാൻ പര്യാപ്തമായ ഒരു സാമ്പത്തിക നയമാണ് നമുക്ക് ആവശ്യം, ചൂഷണം അവസാനിപ്പിക്കുക, ദാരിദ്രം ഇല്ലായ്മ ചെയ്യുക, എല്ലാവർക്കും സാമ്പത്തിക ഭദ്രത കൈവരുത്തുക ഇതായിരിക്കണം നമ്മുടെ ലക്ഷ്യം.
കർഷകരു ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരും അടങ്ങുന്ന അധ്വാന വർഗ്ഗത്തിന്റെ ഉന്നമനം ഉറപ്പു വരുത്തുന്ന സബദ് വ്യവസ്ഥയാണുണ്ടാകേണ്ടത് അതിനു സഹായകരമായ നയങ്ങളാണ് രൂപപെടുത്തേണ്ടത്. സാമൂഹത്തിന്റെ താഴെ തട്ടിലുള്ള കർഷകർ, കർഷക തൊഴിലാളികൾ, മത്സ്യബന്ധന മേഖലയിൽ പ്രവൃർത്തിക്കുന്നവർ, ദരിദ്രർ, വിവിധങ്ങളായ അവശത അനുഭവിക്കുന്നവർ എന്നിവർക്ക് സംസ്ഥാനത്തിന്റെ ധന വിഭവങ്ങൾ ജനസംഖ്യാടിസ്ഥാനത്തിൽ പങ്കു വെക്കണം.

അങ്ങനെ സംസ്ഥാനത്തിന്റെ നികുതി പണം ജനസംഖ്യാടിസ്ഥാനത്തിലും ഓരോ കുടുംബത്തിന്റെയും വരുമാനത്തിന്റെയും അടിസ്ഥാനത്തിൽ പങ്കുവെക്കണമെങ്കിൽ ആരൊക്കെയടങ്ങുന്നതാണ് കേരളം എന്നറിഞിരിക്കണം.

16. അംഗീകരിച്ചു പോയ തെറ്റുകൾ, ബുദ്ധിമുട്ടേറിയ ശരികൾ

ഭരണ സംവിധാനം പ്രത്യകിച്ചും സാമ്പത്തിക ഭരണകൂട തിരുമാനങ്ങളിൽ നാളിതുവരെ ഉണ്ടായിരുന്ന ഭരണ ശൈലികൾ മാറിയെ തീരൂ. മാറ്റങ്ങൾ അനിവാര്യമായിരിക്കുന്നു. കാര്യബോധത്തോടെ പ്രവൃർത്തിക്കുന്ന ജന നേതാക്കൾ നമുക്കുണ്ടാകണം. അറിയാതെയെങ്കിലും ജനസമൂഹം അഗീകരിച്ചു പോയ തെറ്റുകളെ (convenient mistake) തിരുത്തുവാനുള്ള ആർജവത്വം കൈമുതലാക്കിയ നേതാക്കളാണ് ഇനി നാടിനാവശ്യം. ജനസമൂഹ ചിന്തയിൽ ' ബുദ്ധിമുട്ടേറിയ ശരികൾ ' (Painful right) കണ്ടെത്തി അവ നടപ്പിലാക്കാറുള്ളവർ അധരം ജനിക്കാറില്ല. എന്നാൽ പൗരനേതാക്കൾ ( Citizen leders) കൈവിരലിലെണ്ണാവുന്നവർ ഭരണ സംവിധാനത്തിന്റെ നേതൃത്വം ഏറ്റെടുത്താലെ നാടു നന്നാകൂ. വിപത്തുകളും ദുരന്തങ്ങളും വരുമ്പോൾ മാത്രം ഇവർ ഇടപെട്ടാൽ പോര. ജനങ്ങളുടെ എല്ലാ പ്രശ്‌നങ്ങളിലും ഇവർ ഇടപെടെണ്ടിയിരിക്കുന്നു.

17. ബ്രിട്ടീഷുകാരുടെ മര്യാദ

ബ്രിട്ടീഷ് ഭരണകാലത്ത് സർക്കാർ ഉദ്യോഗസ്ഥരിൽ ഭൂരിഭാഗവും ഇഗ്ലിഷുകാരായിരുന്നു. നമ്മുടെ വിഭവങ്ങൾ കൊണ്ടാണ് അവർക്ക് ശബളം കൊടുത്തു കൊണ്ടിരുന്നത്. എന്നിട്ടുപോലും വരുമാന- ശമ്പള അനുപാതത്തിന്റെ കാര്യത്തിൽ അവർക്ക് ദീർഘവീക്ഷണമുണ്ടായിരുന്നു. ശമ്പള ചെലവ് റവന്യു വരുമാനത്തിന്റെ 25 ശതമാനമെങ്കിൽ കൂടാൻ പാടില്ലെന്നും ഉത്സവമാസങ്ങളിൽ പോലും ഇത് പരമാവധി 33.33 ശതമാനത്തിൽ കവിയരുതെന്നും ബ്രിട്ടീഷ് ഭരണകൂടം നിഷ്‌കർഷിച്ചിരുന്നു. നമുക്ക് സ്വാതന്ത്രവും നമ്മുടെതായ ഭരണവും വന്നപ്പോഴാണ് ഈ ശമ്പള-വരുമാന അന്തരം ഉയർന്നത്. അപ്പോഴാണ് പൊതുജനങ്ങൾക്ക് വേണ്ടി നീക്കി വെക്കുവാൻ കാര്യമായി ഒന്നുമില്ല എന്ന് വന്നതും. ഒരു പുനർചിന്തനത്തിന് സമയമായി.

18. എവിടെ, എങ്ങനെ കുറക്കാം വിദഗ്ദ്ധരെ?

വരുമാനം വർദ്ധിപ്പിക്കാനാവില്ല എന്ന് എല്ലാവരും സമ്മതിക്കുന്നു. ബജറ്റിലെ നികുതി വരുമാനം എത്ര ശതമാനം കുറയുമെന്ന് വിദഗ്ദ്ധർ തന്നെ പറയട്ടെ, എന്റെ കണക്കുകൂട്ടലിൽ 35% കുറവ് സംഭവിക്കും. ഏതു ചിലവു കുറക്കാൻ പറ്റുമെന്നും വിദഗ്ദ്ധർ പറയട്ടെ. നേരത്തെ ചൂണ്ടിക്കാട്ടിയ മൊത്തം റവന്യൂ ചെലവായ 129837 കോടിയിലെ ശബളം, പെൻഷൻ, പലിശയടക്കം ചില മായ 73751 കോടിയിൽ എത്ര കുറക്കാനാകും എന്നതാണ് പ്രശസ്തമായ ചോദ്യം. പലിശ ബാധ്യതയിൽ കുറവു വരുത്താനാകില്ല. പലിശ നിരക്കു കുറഞ്ഞാൽ മാത്രമെ അതിനുള്ള സാധ്യതയൊള്ളൂ.

19. മസാല ബോണ്ടിലെ ഉയർന്ന പലിശ കേരള വിരുദ്ധം

2150 കോടി രൂപയുടെ മസാല ബോണ്ടുകൾ കിഫ്ബി ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ വിറ്റതിന്റെ പലിശ 9.723 ശതമാനമാണ്. 2019 മെയ് 17-ാം തീയതിയായിരുന്നു ഈ വിൽപന. ബാങ്ക് നിക്ഷേപങ്ങൾക്ക് 6% താഴെ പലിശ എന്ന നയത്തിലേക്ക് റിസർവ് ബാങ്കും കേന്ദ്ര സർക്കാരും നീങ്ങുന്നത് നിക്ഷേപകരെ ബാങ്കിൽ നിന്ന് അകറ്റുമെന്നും അത് സാമൂഹിക സാമ്പത്തിക അരക്ഷിതാവസ്ഥ ഉണ്ടാകുമെന്നും പറഞ്ഞത് പഞ്ചാബ് നാഷണൽ ബാങ്ക് ചെയർമാനായി സ്ഥാനമേറ്റ മല്ലികാർജുന റാവു ആയിരുന്നു. നിലവിലെ ബാങ്ക് നിക്ഷേപ പലിശ 7% മാത്രമാണ്. സഹകരണ ബാങ്കുകളിൽ 7.75% മാത്രം. കേരളത്തിലെ സഹകരണ ബാങ്കുകളിൽ 46305 കോടി രൂപ ആർക്കും വായ്‌പ്പ നൽകാതെ കെട്ടിക്കിടക്കുന്നു. അങ്ങിനെ വരുമ്പോൾ മസാല ബോണ്ടിനു നൽകുന്ന 2 % അധിക പലിശ ആരെ സഹായിക്കാനാണ് ? സമാനമായ ചോദ്യങ്ങൾ സർക്കാരിന്റെ പലിശ കാര്യത്തിലും കണ്ടേക്കാം. പ്രഭാകർ പട്‌നായികിനെ പോലെയുള്ള സാമ്പത്തിക വിദഗ്ദ്ധർ എവിടെ 

20. പലിശ കുറക്കാനാകില്ല പിന്നെ എന്ത് കുറക്കണം?

പലിശ ചിലവു കുറക്കാനാകില്ല. പിന്നെയുള്ളത് ശംബളം /പെൻഷൻ മാത്രമാണ്. ഏറ്റവും ഒടുവിലത്തെ 2020 ജനുവരി കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 11674 താൽക്കാലിക ജീവനക്കാരടക്കം 521531 സർക്കാർ ജീവനക്കാരാണ് ഉള്ളത്. അതിൽ 139669 പേർ എയിഡഡ് മേഖലയിലെ വിദ്യാഭ്യാസ ജീവനക്കാരാണ്. 521531 ജീവനക്കാർക്ക് ശമ്പളം നൽകുന്നതിന് ചെലവാകുന്നത് 32931 കോടി രൂപയാണ്. ഒരു ജീവനക്കാരന്റെ ശരാശരി ശമ്പളം 6.31 ലക്ഷം രൂപ. പ്രതിമാസ ശരാശരി മാസ ശമ്പളം 52619 രൂപ.

21. സർക്കാരിലെ ഏറ്റവും കുറഞ്ഞ ശമ്പളം 19,800 രൂപ

1/7/2014-ൽ പ്രാബല്യത്തിൽ വന്ന ശബള പരിഷ്‌കരണ ഉത്തരവു പ്രകാരം ഒരു സർക്കാർ ജീവനക്കാരന്റെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 16500 രൂപയും ഏറ്റവും കൂടിയത് 93000 രൂപയും 20% DA യും കൂടിയതാണ്. 250000 മുകളിൽ അടിസ്ഥാന ശംബളം വാങ്ങുന്ന സർക്കാർ ജീവനക്കാരുണ്ട്. അതിനായി ചിലവഴിക്കുന്ന 32931 കോടി രൂപ 2022-23ൽ 45544 കോടി രൂപയായി ഉയരും. ( മറ്റൊരു ശബള വർദ്ധനവ് ) അപ്പോഴത്തെ കണക്ക് എന്തായിരിക്കും. ഒടുവിൽ ലഭ്യമായ കണക്കുകൾ പ്രകാരം കേരളത്തിൽ 459432 സർക്കാർ പെൻഷൻകാരുണ്ട്. അകെ പെൻഷൻ ചില വ് 20970 കോടി രൂപ. അങ്ങിനെ നോക്കിയാൽ ശരാശരി പെൻഷൻ 456433 രൂപ പ്രതിമാസ ശരാശരി പെൻഷൻ 38036 രൂപ.

22. 2020ലെ 32931 കോടി ശമ്പള ചെലവ് 2022-ൽ 45544 കോടി രൂപ !

നിലവിൽ 32931 കോടി രൂപയുടെ ശമ്പള ചെലവ് 2022-23ൽ 45544 കോടിയാക്കി വർദ്ധിപ്പിക്കാനും നിലവിൽ 20970 കോടി രൂപയായ പെൻഷൻ ചെലവ് 28245 കോടിയായി വർദ്ധിപ്പിക്കാനും 'ജനപക്ഷത്തു നിൽക്കുന്ന ' ഇടതു സർക്കാരിന് സാധിക്കുമോ എന്നതായിരിക്കണം പൊതു ചർച്ച.

23. കേരളത്തിൽ ആരൊക്കെ ജീവിക്കുന്നു

ഇത് ചർച്ച ചെയ്യപ്പെടുന്നതിന് മുൻപ് കേരളത്തിലെ കുടുംബങ്ങളുടെ കണക്കെടുക്കേണ്ടതുണ്ട്.

ആകെ കുടുബങ്ങൾ (റേഷൻ കാർഡ് ) 86,00,000
സർക്കാർ ജീവനക്കാരും പെൻഷൻകാരും 10,00,000
സംസ്ഥാന പൊതു മേഖലാ ജീവനക്കാർ 1,50,000
സംഘടിത പൊതു-സ്വകാര്യ മേഖലാ ജീവനക്കാർ - 8,50,000
ദാരിദ്ര രേഖക്ക് താഴെയുള്ള കുടുംബങ്ങൾ 21,00,000
കർഷകരടക്കമുള്ള മറ്റു കുടുംമ്പങ്ങൾ 45,00,000

24. കേരളത്തിലെ കുടുംമ്പങ്ങളുടെ മാസ വരുമാനം

86 ലക്ഷം കുടുംബങ്ങളെ വരുമാനത്തിന്റെ അടിസ്ഥാനമാക്കി തിരിച്ചാൽ

10,000 രൂപയിൽ താഴെ വരുമാനമുള്ള കുടുബങ്ങൾ

a. എ.ഐ.വൈ + അന്നപൂർണ്ണ: 5,89,929
b. മുൻഗണനാ വിഭാഗം BPL : 30,82,786
c. മുൻഗണനേതര സബ്‌സിഡി വിഭാഗം: 23,50,331

ആകെ: 60,23, 046

10,000 രൂപയിൽ കൂടുതൽ വരുമാനമുള്ളവർ.

മുൻഗണനേതര നോൺ സബ്‌സിഡി വിഭാഗം: 25,80,746
ആകെ: 8603792

25. പതിനഞ്ച് ലക്ഷം കർഷക കുടുംബങ്ങളുടെ മാസ വരുമാനം

കേരളത്തിലെ മൊത്തം കുടുംബങ്ങളുടെ 75% ലധികം കുടുമ്പങ്ങളും പ്രതിമാസം 10,000 രൂപയിൽ താഴെ വരുമാനമുള്ളവരാണ്. നിശ്ചിത വരുമാനമില്ലെങ്കിലും നിയമവിരുദ്ധമായി തെറ്റായി സമ്പന്നരായി കണക്കാക്കപ്പെട്ട വിഭാഗമാണ് നാമമാത്ര ചെറുകിട കർഷകർ. ഏറ്റവും ഒടുവിലെത്തെ കിസാൻ ക്രഡിറ്റ് കാർഡ് രേഖകളനുസരിച്ച് കേരളത്തിൽ 15 ലക്ഷം കർഷക കുടുംബങ്ങളുണ്ട്. കേരളത്തിലെ ഒരു കർഷക കുടുംബത്തിന്റെ ശരാശരി ഭൂമി ഉടമസ്ഥത ഒരേക്കറിൽ താഴെയാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത് തെങ്ങാണ് ( 760947 ഹെക്ടർ ) തൊട്ടു പുറകിൽ റബർ (551115 ഹെക്ടർ ) നെൽകൃഷി (198026 ഹെക്ടർ ) നാലാമത്തെത് കവുങ്ങ് കൃഷി (95739 ഹെക്ടർ )

മേൽ പറഞ്ഞ നാലു കൃഷികളിൽ നിന്നും ഒരെക്കർ കൃഷിയിൽ എത്ര വരുമാനം ലഭിക്കുന്നുണ്ടെന്ന് നോക്കാം. ഒരെക്കർ തെങ്ങിൻ തോപ്പിൽ നിന്നും 2786 തേങ്ങ, തേങ്ങ ഒന്നിനു 18 രൂപ വിലയിട്ടാൽ പ്രതിമാസ വരുമാനം 4179 രൂപ. ഒരെക്കർ റബർ തോട്ടത്തിൽ നിന്നും 392 കിലോ റബർ 120 രൂപ പ്രകാരം വിറ്റാൽ പ്രതിമാസ വരുമാനം 3920 രൂപ. ഒരെക്കർ നെൽകൃഷിയിൽ നിന്നും 1168 കിലോ നെല്ലിനു 28 രൂപ നിരക്കിൽ പ്രതിമാസ വരുമാനം 2726 രൂപ.

ദാരിദ്ര്യ രേഖക്കാരെ നിശ്ചയിക്കുന്നതിനുള്ള വരുമാന പരിധി 5270 രൂപയാണെന്നോർക്കണം. അങ്ങനെ നോക്കിയാൽ കേരളത്തിലെ 15 ലക്ഷം കർഷകരും ദാരിദ്ര രേഖക്ക് താഴെയാണ്. അങ്ങിനെ നോക്കിയാൽ പ്രതിമാസ വരുമാനം 10,000 രൂപയിൽ താഴെയുള്ള 25 ലക്ഷം കുടുംബങ്ങൾ കേരളത്തിലുണ്ട്.

26. വിലക്കയറ്റം 10 ഇരട്ടി, ശമ്പള വർദ്ധനവ് 60 ഇരട്ടി

2016-ൽ നടത്തിയ പഠനത്തിൽ 1978-2015 കാലഘട്ടത്തിൽ പല വ്യജ്ഞനങ്ങളുടെ വില കൂടിയത് 9 ഇരട്ടി ആയിരുന്നെങ്കിൽ അരിയുടെ വില കൂടിയത് 10 ഇരട്ടി. ആ കാലഘട്ടത്തിൽ റബർ, നാളികേരം തുടങ്ങിയ കാർഷിക വിളകളുടെ വില കൂടിയത് 6 ഇരട്ടി മാത്രം. എന്നാൽ 1978 ലെ ഒരു സംസ്ഥാന സർക്കാർ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന്റെ അടിസ്ഥാന തുടക്ക ശബളം 280 രൂപ ആയിരുന്നെങ്കിൽ 2015-ൽ അത് 17000 ആയിരുന്നു. വർദ്ധനവ് 60 ഇരട്ടി. കൂടിയ അടിസ്ഥാന തുടക്ക ശമ്പളം 2750 രൂപയിൽ നിന്നും 120000 ആയി വർദ്ധിച്ചു ,വർദ്ധനവ് 43 ഇരട്ടി.

27. ചെറിയ ഗ്രൂപ്പുകളുടെ ധനികവൽക്കരണം ആപത്ത്

പോസ്റ്റ് കൊറോണ കാലത്ത് എന്തൊക്കെ സാമ്പത്തിക തീരുമാനങ്ങളാണ് നടപ്പാക്കേണ്ടത് എന്ന് തിരുമാനിക്കുന്നത് രാഷ്ട്രീയ നേതൃത്വമാണ്. ചെറിയ ഗ്രൂപ്പുകളുടെ ധനികവൽക്കരണത്തിനായിരിക്കരുത് ഭൂരിപക്ഷ ദരിദ്രരുടെ നികുതിയും ഫീസും ചൂഷണം ചെയ്യേണ്ടതെന്ന അടിസ്ഥാന ജനാധിപത്യ തത്വം സംഘടിത ശക്തിക്കു മുമ്പിൽ അടിയറവെക്കാതിരുന്നാൽ നല്ലതാണ്.

28. മുപ്പതിനായിരം രൂപ വരെ ഒഴിവാക്കുക, അതിനു മുകളിൽ കത്തി വെക്കുക

കേരളത്തിൽ ആകെയുള്ള 5,21,531 സർക്കാർ ജീവനക്കാരിൽ താൽക്കാലിക ജീവനക്കാരെ ഒഴിച്ചു നിർത്തിയാൽ 30,000 രൂപയിൽ താഴെ വരുമാനമുള്ളവർ 62,000 പേർ മാത്രമാണ്.
അതു കൊണ്ടു തന്നെ 30,000 രൂപയുടെ മുകളിൽ മൊത്തം ശമ്പളം (Basic+ DA+ Allowence) വാങ്ങുന്നവരിൽ നിന്നും ഓരോ അധിക 10,000 രൂപക്കും 7,000 രൂപ കുറക്കുക.

40,000 രൂപ മൊത്തം ശമ്പളം ലഭിക്കുന്ന ജീവനക്കാരന്റെ പുതിയ ശമ്പളം 33,000 രൂപ
50,000 കാരന്റെ 36,000
60,000 കാരന്റെ 39,000
70,000 കാരന്റെ 42,000
80,000 കാരന്റെ 45,000
90,000 കാരന്റെ 48,000
1,00,000 കാരന്റെ 51,000 എന്നിങ്ങനെ

29. പൊലീസ്, ആരോഗ്യമേഖല എന്നിവ ഒഴിവാക്കുക

പൊലീസ്, ആരോഗ്യമേഖലകളിൽ പ്രവൃർത്തിക്കുന്നവരെ ഈ ശബളക്കുറവിൽ നിന്ന് ഒഴിവാക്കാവുന്നതാണ്.

ഒരു വീട്ടിൽ രണ്ടു പെൻഷൻകാർ ഉണ്ടെങ്കിൽ ഒരെണ്ണം റദ്ദാക്കുക, ഒരു കുടുബത്തിലെക്കുള്ള പരമാവധി പെൻഷൻ 15,000 രൂപ മാത്രമാക്കുക. നേരത്തെ ചൂണ്ടിക്കാട്ടിയ പോലെ കേരളത്തിലെ 86 ലക്ഷം കുടുംബങ്ങളിൽ 21 ലക്ഷം കുടുംബങ്ങൾക്ക് മാസവരുമാനം 5000 രൂപയിൽ താഴെയും, മറ്റൊരു 40 ലക്ഷം കുടുംബങ്ങളുടെ പ്രതിമാസ വരുമാനം 5000നും 10,000 നും ഇടയിലാണെന്ന കാര്യം ആരും വിസ്മരിക്കരുത്. പിന്നെയുള്ള 26 ലക്ഷം കുടുംബങ്ങളിൽ 16 ലക്ഷം കാർഷിക കുടുമ്പങ്ങളുടെ പ്രതിമാസ വരുമാനം 5000 രൂപയിൽ താഴെയാണെന്ന സത്യം ഏല്ലാവരും അഗീകരിക്കണം. ചുരുക്കത്തിൽ 10,000 രൂപക്കു മുകളിൽ വരുമാനമുള്ളവർ പത്തു ലക്ഷത്തിൽ താഴെ മാത്രമാണ്.

30. ശമ്പളം വെട്ടിക്കുറക്കൽ നിയമവിരുദ്ധമോ, നീതിരഹിതമോ അല്ല

അതു കൊണ്ടു തന്നെ 30,000 രൂപക്ക് മുകളിലുള്ളവരുടെ നിശ്ചിത ശതമാനം വെട്ടിക്കുറവു വരുത്തണമെന്നുള്ള നിർദ്ദേശവും പെൻഷൻകാർക്ക് 15000 രൂപ പെൻഷൻ ആയി നിജപ്പെടുത്തണമെന്നും, ഒരു കുടുംബത്തിലേക്ക് ഒരു പെൻഷൻ മാത്രം എന്ന നിർദ്ദേശവും ജനാധിപത്യവിരുദ്ധമോ നീതിരഹിതമോ ആകുന്നില്ല നേരെ മറിച്ച് നമ്മുടെ ഭരണഘടന തന്നെ അതിനുള്ള മാർഗ്ഗങ്ങൾ ആർട്ടിക്കിൾ 360 പ്രകാരം വിഭാവന ചെയ്തിരിക്കുന്നു.

31. ആർത്തി പണ്ടാരങ്ങളായ ബ്രിട്ടീഷുകാരുടെ മാന്യതയെങ്കിലും ഉണ്ടാകണം

ബ്രട്ടീഷുകാരുടെ ഭരണകാലത്തെ നിയമ/ തീരുമാന പ്രകാരമാണെങ്കിൽ 2020-21 കാലഘട്ടത്തിൽ കൊറോണ പ്രതിസന്ധി ഇല്ലായിരുന്നെങ്കിൽ കൂടി ശമ്പളത്തിനും പെൻഷനുമായി നൽകാവുന്നത് 114 636 കോടി രൂപയുടെ 25% മാത്രമായിരിക്കും. അതായത് 28659 കോടി രൂപ. കൊറോണ പ്രതിസന്ധിയിൽ റവന്യു വരുമാനം 114636 കോടിയിൽ നിന്നും 71220 കോടി രൂപയായി കുറഞാൽ ശമ്പളത്തിനും പെൻഷനുമായി നൽകാൻ സാധിക്കുന്നത് 17805 കോടി രൂപ. ചുരുക്കത്തിൽ പറഞ്ഞാൽ നിലവിൽ നൽകുന്ന ശബളം നൽകാവുന്നതിൽ ഇരട്ടിയാണെന്നർത്ഥം.

32. കിഫ്ബി പ്രതീക്ഷയല്ല കേരളത്തിന്റെ അന്തകനാണ്

1990 കളിലെ ബഡ്ജറ്റുകൾ പരിശോധിച്ചാൽ പാലം പണിയുന്നത്, സ്‌കൂളുകൾ, പണിയുന്നത്, റോഡ് നിർമ്മിക്കുന്നത്, ആശുപത്രികൾ നിർമ്മിക്കുന്നത് ഇതൊക്കെ ബഡ്ജറ്റിൽ അനുവദിക്കുന്ന പണം കൊണ്ടായിരുന്നു. മൂലധന ചെലവ് എന്നാണിതിന്റെ പേര്. അനിയന്ത്രിതമായ ശബളം, പെൻഷൻ, പലിശ ചെലവ് വന്നതോടെ ബഡ്ജറ്റിൽ മൂലധന ചെലവിന് നീക്കിവെക്കാൻ പണമില്ലാതെയായി. വികസനം വന്നിലെങ്കിൽ ജനങ്ങൾ എതിർക്കും. ജനപ്രതിനിധികളും എതിരാകും. അതു കൊണ്ട് നികുതി വരുമാനമൊക്കെ ശബള പെൻഷൻ വർദ്ധനവിനും പെൻഷൻ കൊടുക്കലിനുമായി നീക്കിവെക്കും. മൂലധന ചെലവ്ക്കായി കൂടിയ പലിശയിൽ വായ്പ എടുക്കുക. അതാണ് കിഫ്ബി കൊണ്ടുദ്ദേശിക്കുന്നത്. ഓരോ മുന്നണിയുടെയും ഭരണകാലത്ത് പരമാവധി വായ്‌പ്പ എടുത്തു വികസനം കൊട്ടിഘോഷിച്ചു അടുത്ത ഭരണക്കാരെകൊണ്ട് പലിശ അടപ്പിക്കുക. അവർക്കു വികസന പ്രവർത്തനം നടത്താൻ പണം ഇല്ലാതെയാക്കുക. ഇതല്ലേ പച്ച മലയാളത്തിൽ കിഫ്ബി. വാചക കസർത്തുകൊണ്ട് തൽക്കാലം ഇതിനെ നേരിടാനായേക്കാം എന്നാൽ ഇതാണ് കിഫ്ബിയുടെ സത്യം എന്നാണ് ഒരു ' സാദാ'' സാമ്പത്തിക വിദഗ്ദ്ധന്റെ വിലയിരുത്തൽ.

അതിശക്തമായ എതിർപ്പുകൾ ഉണ്ടായേക്കാം. ബദൽ നിർദ്ദേശങ്ങൾ വന്നേക്കാം പക്ഷെ ഒരു കാര്യം മാത്രം മറക്കരുത്, ഈ ലേഘനത്തിലുള്ള കണക്കുകളൊക്കെ സംസ്ഥാന ധനകാര്യ വകുപ്പിന്റെയും, ആസൂത്രണ ബോർഡിന്റെയും ഔദ്യോഗിക കണക്കുകളെ മാത്രം അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. ആയതിനാൽ തന്നെ ഈ കണക്കുകളും വിശകലനവും വസ്തുനിഷ്ഠവും സത്യസന്ധവുമാണ്. ഇതിന് പ്രതികരിക്കാനാഗ്രഹിക്കുന്നവർ എന്റെ വാട്ട്‌സപ്പ് നബറായ 9562856319 ലോ ഇ മെയിൽ ഐഡിയിലോ ([email protected]) സന്ദേശങ്ങളയച്ചാൽ സാധ്യമായ മറുപടികൾ നൽകുന്നതായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP