Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിഷുക്കണിയും കൊന്നപ്പൂവും കൈ നീട്ടവുമായി മലയാളികൾക്ക് ഇന്ന് വിഷു; കോവിഡ് ഭീതിക്കിടയിലും കണി വെള്ളരിയും കണിക്കൊന്നയുമായി വീടുകളിൽ പുത്തൻ പ്രതീക്ഷയുടെ കണിയൊരുക്കി മലയാളികൾ; ഇത്തവണ ഭക്തരില്ലാതെ ഗുരുവായൂർ കണ്ണന് കണി: പുലർച്ചെ 2.30 മുതൽ 3 വരെ നടക്കുന്ന വിഷു ദർശനത്തിനും ഭക്തർക്ക് പ്രവേശനമില്ല

വിഷുക്കണിയും കൊന്നപ്പൂവും കൈ നീട്ടവുമായി മലയാളികൾക്ക് ഇന്ന് വിഷു; കോവിഡ് ഭീതിക്കിടയിലും കണി വെള്ളരിയും കണിക്കൊന്നയുമായി വീടുകളിൽ പുത്തൻ പ്രതീക്ഷയുടെ കണിയൊരുക്കി മലയാളികൾ; ഇത്തവണ ഭക്തരില്ലാതെ ഗുരുവായൂർ കണ്ണന് കണി: പുലർച്ചെ 2.30 മുതൽ 3 വരെ നടക്കുന്ന വിഷു ദർശനത്തിനും ഭക്തർക്ക് പ്രവേശനമില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിഷുക്കണിയും കൊന്നപ്പൂവും കൈ നീട്ടവുമായി മലയാളികൾക്ക് ഇന്ന് സമ്പദ് സമൃദ്ധിയുടെ വിഷു. കമ്പിത്തിരിയും മത്താപ്പൂവും പടക്കങ്ങളുമില്ലാതെ ആഘോഷത്തിന്റെ ഉച്ചപ്പാടുകൾ ഇല്ലാതെയാണ് ഇത്തവണ മലയാളികളുടെ വിഷു ആഘോഷം. സ്വന്തം വീടുകളിലേക്ക് മാത്രം ഒതുങ്ങിയ വിഷു ആഘോഷം കണിയൊരുക്കിയും സദ്യ ഒരുക്കിയും പൊടിപൊടിക്കാനുള്ള തിരക്കിലാണ് മലയാളികൾ.

ഇത്തവണ ഭക്തരില്ലാതെ സങ്കടക്കടലിലാണ് ഗുരുവായൂർ കണ്ണന് കണി. മണിക്കൂറിൽ ആയിരങ്ങൾ ഒഴുകി എത്തിയിരുന്ന ഗുരുവായൂർ അ്പലത്തിൽ ഇത്തവണ വിഷു ദർശനമില്ലാത്തത് ഭക്തർക്ക് സങ്കടക്കടലിന്റേതാണ്. ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം നാളെ പുലർച്ചെ 2.30 മുതൽ 3 വരെ നടക്കും. മണിക്കൂറുകൾ കാത്തിരുന്ന് വിഷുപ്പുലരിയിൽ കണ്ണനെ കണി കണ്ട് മടങ്ങുന്നത് ആയിരങ്ങളുടെ പതിവായിരുന്നു. എന്നാൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ക്ഷേത്രവും പരിസരവും ഇപ്പോൾ ശൂന്യം. നാലു നടകളിലെ ഗേറ്റുകൾക്കപ്പുറം ഭക്തർക്ക് പ്രവേശനമില്ല.

ശാന്തിയേറ്റ കീഴേടം വാസുണ്ണി നമ്പൂതിരി, കൊടയ്ക്കാട് ശശി നമ്പൂതിരി എന്നിവർ ഇന്നു രാത്രി ശ്രീലകത്ത് കണിയൊരുക്കും. ഓട്ടുരുളിയിൽ ഉണക്കലരി,കണിക്കൊന്ന, വെള്ളരി, സ്വർണം, ഗ്രന്ഥം, പുതുപ്പണം, മുല്ലപ്പൂവ്, നന്ദ്യാർവട്ടം, ചക്ക, മാമ്പഴം എന്നിവയടങ്ങിയതാണ് കണിക്കോപ്പ്. പുലർച്ചെ 2ന് മേൽശാന്തി പഴയത്ത് സുമേഷ് നമ്പൂതിരി കുളിച്ചുവന്ന് നാളികേര മുറിയിൽ നെയ്ത്തിരി തെളിയിച്ച് കണിക്കോപ്പ് ഉയർത്തിപ്പിടിച്ച് കണ്ണനെ കണി കാണിക്കും.

കണ്ണന്റെ കയ്യിൽ ഒരു പുതുപ്പണം വിഷുക്കൈനീട്ടമായി നൽകും. പലകപ്പുറത്ത് ചുറ്റുവിളക്കുകളിൽ നറുനെയ്ത്തിരി തെളിയും. മുഖമണ്ഡപത്തിൽ സ്വർണസിംഹാസനത്തിൽ അലങ്കാരങ്ങളോടെ തങ്കത്തിടമ്പ് വച്ച് ഭക്തർക്കായി കണിയൊരുക്കും. കണി കാണാൻ ദേവസ്വം ഭരണാധികാരികളും ഡ്യൂട്ടിയിലുള്ള പാരമ്പര്യാവകാശികളും ഉദ്യോഗസ്ഥരും മാത്രമാകും. 3ന് കൂട്ടിക്കൊട്ടോടെ തിടമ്പ് ശ്രീലകത്തേയ്ക്ക് എടുക്കും. പിന്നെ പതിവു ചടങ്ങുകളായി. നമസ്‌കാരസദ്യ ചടങ്ങു മാത്രമാകും. കാഴ്ചശീവേലിയും വിളക്കും ഉണ്ടാകില്ല.

എല്ലാ ക്ഷേത്രങ്ങളിലും വിഷുക്കണിയൊരുക്കുന്നുണ്ടെങ്കിലും ഭക്തർക്ക് പ്രവേശനമില്ല. വീടുകളിൽ കണിയൊരുക്കാനുള്ള സാധനങ്ങൾ വാങ്ങാൻ ഇന്നലെ വൈകിട്ടോടെ വിപണി സജീവമായി. ക്ഷേത്രങ്ങളിൽ അതിരാവിലെ കണികാണിക്കൽ ചടങ്ങ് നടത്തും. തന്ത്രിയുൾപ്പെടെ പരമാവധി അഞ്ച് പേർ മാത്രമാകും പങ്കെടുക്കുക.

സൂര്യൻ മീനംരാശിയിൽ നിന്ന് മേടം രാശിയിലേക്ക് സംക്രമിക്കുന്ന തുല്യരാപ്പകലുകളുള്ള ദിനം. കൊല്ലവർഷം വരും മുൻപ് മലയാളിക്കിത് കാർഷിക വർഷപ്പിറവിയുടെ ദിനമായിരുന്നു. ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ച ദിനമെന്ന ഐതിഹ്യവുമുണ്ട് വിഷുവിന്. സമൃദ്ധമായൊരു ഭൂതകാലത്തിന്റെ ഓർമ്മപ്പെടുത്തലാണ് ഏതൊരു ആഘോഷത്തേയും പോലെ വിഷുവും. ആ നല്ല കാലത്തിന്റെ ഓർമ്മയ്ക്കായി ഐശ്യര്വമുള്ള കാഴ്ചകളിലേക്ക് വിഷുപ്പുലരിയിൽ നാം കണ്ണുതുറക്കുന്നു. ഓട്ടുരുളിയിൽ വാൽക്കണ്ണാടിയും വെള്ളരിയും കൊന്നയും ഫലവർഗ്ഗങ്ങളും പണവും സ്വർണ്ണവും തുടങ്ങി ഭൂമിയിലെ എല്ലാ നല്ല വസ്തുവകകളും ചേർത്തൊരുക്കുന്ന കണി ഒരു വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന പ്രതീക്ഷയുടെ പ്രതീകമാണ്.

കുടുംബത്തിലെ ഇളമുറക്കാർക്ക് മുതിർന്നവർ നൽകുന്ന കൈനീട്ടവും സമ്പത്തിന്റേയും സമൃദ്ധിയുടേയും കൈമാറലാണ്. പണ്ട് വിഷുക്കഞ്ഞിയായിരുന്നു പ്രധാന വിഷുവിഭവമെങ്കിൽ പിന്നീടത് സദ്യവട്ടങ്ങളിലേക്ക് മാറി. പടക്കവും പൂത്തിരിയും വിഷുരാത്രികൾക്ക് ശബ്ദ വർണ്ണവിന്യാസങ്ങളൊരുക്കി. പ്രകൃതി ഒരുക്കുന്ന മഞ്ഞണിക്കൊന്നകളുടെ കണിയും വിഷുപ്പക്ഷിയുടെ പാട്ടും തുടങ്ങി വിഷുവിനെ രേഖപ്പെടുത്തുന്ന പലതും നമ്മുടെ ചുറ്റുപാടുകളിൽ നിന്ന് മാഞ്ഞുപൊയ്ക്കൊണ്ടിരിക്കുകയാണ്. വിപണിയുടെ കൈപിടിച്ച് പണമൊഴുക്കി എന്നിട്ടും നമ്മൾ വിഷുവെന്ന ദിനം കൊണ്ടാടുമ്പോൾ ഒന്നുമാത്രം ചിന്തിക്കുക, നമുക്കില്ലാതെ ഇല്ലാതെ പോയ പലതിനെയും കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP