Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൂടില്ലാ വീടും പത്ത് സെന്റ് സ്ഥലവും പന്ത്രണ്ടു ലക്ഷം മുടക്കി വാങ്ങി തിരുവനന്തപുരം പ്രസ് ക്ലബിന് കൈമാറിയത് സുരേഷ് ഗോപി; കൈമാറ്റ ചടങ്ങിൽ പരിപാലന തുകയായി അഞ്ച് ലക്ഷവും കെപിസിസിയുടെ വകയായി സുധീരൻ നൽകിയത് നൽകിയത് അഞ്ചു ലക്ഷവും; പത്ത് ലക്ഷം ലഭിച്ചിട്ടും സ്വദേശാഭിമാനിയുടെ സ്മാരകത്തെ തിരിഞ്ഞു നോക്കാതെ പ്രസ് ക്ലബ്; സംരക്ഷണ ചുമതല പൂർണമായും സർക്കാരിനു കൈമാറണമെന്നു സ്വദേശാഭിമാനി സംരക്ഷണ സമിതി മറുനാടനോട്

കൂടില്ലാ വീടും പത്ത് സെന്റ് സ്ഥലവും പന്ത്രണ്ടു ലക്ഷം മുടക്കി വാങ്ങി തിരുവനന്തപുരം പ്രസ് ക്ലബിന് കൈമാറിയത്  സുരേഷ് ഗോപി;  കൈമാറ്റ ചടങ്ങിൽ പരിപാലന തുകയായി അഞ്ച് ലക്ഷവും കെപിസിസിയുടെ വകയായി സുധീരൻ നൽകിയത്  നൽകിയത് അഞ്ചു ലക്ഷവും; പത്ത് ലക്ഷം ലഭിച്ചിട്ടും സ്വദേശാഭിമാനിയുടെ സ്മാരകത്തെ തിരിഞ്ഞു നോക്കാതെ പ്രസ് ക്ലബ്; സംരക്ഷണ ചുമതല പൂർണമായും സർക്കാരിനു കൈമാറണമെന്നു സ്വദേശാഭിമാനി സംരക്ഷണ സമിതി മറുനാടനോട്

എം മനോജ് കുമാർ

തിരുവനന്തപുരം: തൂലിക പടവാളാക്കി അനീതിക്കും അഴിമതിക്കുമെതിരെ പടപൊരുതിയ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ മാതൃഗൃഹമായ കൂടില്ലാ വീട് നാശോന്മുഖമായ അവസ്ഥയിൽ. കൂടില്ലാ വീടിന്റെ ഒരു മതിൽ കൂടി ഇടിഞ്ഞുവീണാൽ കൂടില്ലാ വീട് വെറും ഓർമ്മയായി മാറും. നെയ്യാറ്റിൻകര അതിയന്നൂരിലാണ് കൂടില്ലാ വീട് സ്ഥിതി ചെയ്യുന്നത്. നിലവിൽ സ്മാരകത്തിന്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത് തിരുവനന്തപുരം പ്രസ് ക്ലബാണ്. പ്രസ് ക്ലബ് തിരിഞ്ഞു നോക്കാത്ത അവസ്ഥ വന്നതോടെയാണ് വീട് നാശോന്മുഖമായി മാറുന്നത്. ധീരനായ മാധ്യമ പ്രവർത്തകനായ സ്വദേശാഭിമാനിയെ ഓർമിക്കാൻ സ്മാരകങ്ങൾ ഏറെയില്ല. ഈ ഘട്ടത്തിൽ തന്നെയാണ് അദ്ദേഹത്തിന്റെ മാതൃഗൃഹം അവഗണന കാരണം സ്മൃതിയിലേക്ക് മറയാൻ തുടങ്ങുന്നത്. പത്രസ്വാതന്ത്ര്യം നിഷേധിക്കുന്ന ഭരണകൂട പ്രതികാരത്തിന്റെ കേരളത്തിലെ ആദ്യത്തെ ഇരയോട് മാധ്യമ ലോകം നീതി ചെയ്യേണ്ടതല്ലേ എന്ന ചോദ്യമാണ് കൂടില്ലാ വീട് ഉയർത്തുന്നത്.



കൂടില്ലാ വീടും പത്ത് സെന്റു സ്ഥലവും 2014-ലാണ് എംപിയും നടനുമായ സുരേഷ് ഗോപി വാങ്ങി തിരുവനന്തപുരം പ്രസ് ക്ലബിന് കൈമാറുന്നത്. സ്വദേശാഭിമാനിയുടെ ബന്ധുക്കൾക്ക് 12,86,000 രൂപ നൽകിയാണ് സ്മാരകം സുരേഷ് ഗോപി പ്രസ് ക്ലബിന് കൈമാറിയത്. ഇത് സംരക്ഷിക്കാൻ പത്ത് ലക്ഷം രൂപ കൂടി വേണം എന്ന് കൈമാറ്റ ചടങ്ങിൽ തന്നെ ആവശ്യമുയർന്നപ്പോൾ സുരേഷ് ഗോപി വീണ്ടും അഞ്ചു ലക്ഷം രൂപ ചടങ്ങിൽ വെച്ച് നൽകി. അന്ന് ചടങ്ങിൽ സംബന്ധിച്ച കെപിസിസി അധ്യക്ഷൻ വി എം.സുധീരനും കെപിസിസിയുടെ വകയായി അഞ്ച് ലക്ഷം രൂപ നൽകി. കൂടില്ലാ വീടും പത്ത് ലക്ഷം രൂപയും വന്നു ചേർന്നത് പ്രസ് ക്ലബിൽ തന്നെയാണ്. . പക്ഷെ പണം കൈപ്പറ്റിയതല്ലാതെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ ഒന്നും പ്രസ് ക്ലബിന്റെ ഭാഗത്ത് നിന്നും വന്നില്ല. ഇപ്പോൾ കൂടില്ലാ വീട് എതു നിമിഷവും തകർന്നു വീഴുന്ന അവസ്ഥയിലാണ്. കൂടില്ലാ വീട് സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത് സ്വദേശാഭിമാനി സംരക്ഷണ സമിതി ട്രസ്റ്റാണ്. ഒന്നുകിൽ പ്രസ് ക്ലബ് കൂടില്ലാ വീട് സംരക്ഷിക്കണം. അല്ലെങ്കിൽ ഉടമസ്ഥാവകാശവും സംരക്ഷണ ചുമതലയും സർക്കാരിനു കൈമാറണം- സ്വദേശാഭിമാനി സംരക്ഷണ സമിതി ട്രസ്റ്റിന്റെ സെക്രട്ടറി നന്ദനം ജയകൃഷ്ണൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

പ്രസ് ക്ലബ് തിരിഞ്ഞു നോക്കാത്ത അവസ്ഥ വന്നപ്പോഴാണ് നാട്ടുകാർ തന്നെ സ്വദേശാഭിമാനി സംരക്ഷണ സമിതി ട്രസ്റ്റും മുഴുവൻ രാഷ്ട്രീയപാർട്ടികളെയും ഉൾപ്പെടുത്തി വീടിനെ സംരക്ഷിക്കാൻ ജനകീയ സമിതിയും രൂപീകരിച്ചത്. അതിനു ശേഷമാണ് ഇവർസ്മാരകത്തിന്റെ സംരക്ഷണ ചുമതല പേറുന്ന പ്രസ് ക്ലബ് ഭാരവാഹികളെ കണ്ടത്. പത്ത് ലക്ഷം ഓഫർ ചെയ്‌തെങ്കിലും കെപിസിസിയുടെ വകയായ അഞ്ച് ലക്ഷം വന്നില്ലാ എന്നാണ് അന്നത്തെ പ്രസ് ക്ലബ് ഭാരവാഹികൾ ഇവരോട് പറഞ്ഞത്. സുരേഷ് ഗോപി നൽകിയ അഞ്ച് ലക്ഷം മാത്രമാണ് ഉള്ളത് എന്നും പറഞ്ഞിരുന്നു. കെപിസിസിയുടെ ഭാഗത്ത് നിന്നും പണം വന്നിട്ടില്ലാ എന്ന് പ്രസ് ക്ലബ് അറിയിച്ചതോടെ ജനകീയ സമിതി നേതാക്കൾ സുധീരനെ കണ്ടു. ഇതോടെ സുധീരൻ കെപിസിസിയുടെ അക്കൗണ്ടിൽ നിന്നും തുക ട്രാൻസ്ഫർ ചെയ്തതിന്റെ വിശദാംശങ്ങൾ ജനകീയ സമിതിക്ക് കൈമാറി. ഇതോടെ വീണ്ടും ജനകീയ സമിതി പ്രസ് ക്ലബ് ഭാരവാഹികളെ കണ്ടു. പക്ഷെ ഒഴുക്കൻ മട്ടിലുള്ള പ്രതികരണമല്ലാതെ പിന്നീടും പ്രസ് ക്ലബിന്റെ ഭാഗത്ത് നിന്നും കൂടില്ലാ വീട് സംരക്ഷിക്കേണ്ട നീക്കങ്ങൾ ഒന്നും വന്നില്ല. ഇപ്പോൾ സ്വദേശാഭിമാനിയുടെ സ്മാരകമായ കൂടില്ലാ വീട് ഏത് നിമിഷവും തകർന്നു വീഴുന്ന അവസ്ഥയിലാണ്. സർക്കാരിന്റെ അതിവേഗമുള്ള ഇടപെടൽ ആവശ്യമാണ്-ജയകൃഷ്ണൻ പറയുന്നു.

ഈ കാര്യത്തിൽ ഒരു വ്യക്തത തിരുവനന്തപുരം പ്രസ് ക്ലബിനുമില്ല. കുറേപ്പേർ സ്ഥാനം ഏറ്റെടുക്കുകയും ഒഴിയുകയും ചെയ്തിട്ടുണ്ട്. ഫണ്ടിന്റെ പേരിലുള്ള യൂട്ടിലിറ്റി സർട്ടിഫിക്കറ്റ് ഒന്നും ലഭിച്ചിട്ടില്ല. കൂടുതൽ കാര്യങ്ങൾ അന്വേഷിക്കേണ്ടതുണ്ട്. അന്വേഷിച്ചാലല്ലാതെ ഒന്നും പറയാൻ കഴിയില്ല-പ്രസ് ക്ലബിലെ നിലവിലെ താത്കാലിക ചുമതല വഹിക്കുന്ന സെക്രട്ടറി സാബ്ല്യു തോമസ് പറയുന്നു. പ്രസ് ക്ലബ് നിലവിൽ പ്രശ്‌നങ്ങളുടെ കാണാക്കയത്തിലാണ്. സദാചാര ഗുണ്ടായിസം എന്ന ആരോപണത്തിന്റെ പേരിൽ പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണൻ പ്രസ് ക്ലബിൽ നിന്നും അറസ്റ്റിലായതോടെ തുടങ്ങിയ പ്രശ്‌നത്തിൽ നിന്നും പ്രസ് ക്ലബ് കരകയറിയിട്ടില്ല. മാധ്യമ പ്രവർത്തകർ തന്നെ പ്രശ്‌നത്തിൽ രണ്ടു ചേരിയിലാണ്. അതുകൊണ്ട് തന്നെ നിലവിലേ അവസ്ഥയിൽ പ്രസ് ക്ലബിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കുക പ്രയാസമാകും. അതുകൊണ്ട് തന്നെ സ്വദേശാഭിമാനി സംരക്ഷണ സമിതി ട്രസ്റ്റ് പറയുന്ന രീതിയിൽ സർക്കാർ ഇടപെടൽ തന്നെയാകും ഫലപ്രദമായ വഴി. പ്രസ് ക്ലബിന്റെ പ്രശ്‌നം ഇങ്ങനെയാണെങ്കിൽ സ്വദേശാഭിമാനിയുടെ ചരിത്രം കേരളത്തിലെ മാധ്യമ പ്രവർത്തകരോട് പലതും പറയുന്നുണ്ട്. സംഭവ ബഹുലമായ ജീവിതകഥയാണ് സ്വദേശാഭിമാനിയുടേത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും ചിന്താസ്വാതന്ത്ര്യത്തിന്റെയും ശക്തനായ വക്താവായിരുന്നു സ്വദേശാഭിമാനി.

ശ്രീമൂലംതിരുനാൾ മഹാരാജാവിന്റെ കാലത്താണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ തിരുവിതാംകൂറിൽ നിന്ന് നാടുകടത്തുന്നത്. 1907-ൽ തിരുവിതാംകൂർ ദിവാനായ പി. രാജഗോപാലാചാരിയുടെ തെറ്റായ നയങ്ങളെ 'സ്വദേശാഭിമാനി' പത്രം നിശിതമായി വിമർശിച്ചു. പത്രത്തിന്റെ പത്രാധിപർ രാമകൃഷ്ണപിള്ളയായിരുന്നു. ദിവാന്റെ അഴിമതിയും സ്വഭാവദൂഷ്യങ്ങളും സ്വദേശാഭിമാനി പത്രം റിപ്പോർട്ട് ചെയ്തത് അധികാരികളെ ചൊടിപ്പിച്ചു. ദിവാനും സേവകരും രാജാവും ചേർന്ന് പത്രം കണ്ടുകെട്ടാനും പത്രാധിപരെ നാടുകടത്താനും തീരുമാനിച്ചു. 1910 സെപ്റ്റംബർ 26-ന് സ്വദേശാഭിമാനി പ്രസ്സും പിള്ളയുടെ വീടും പൊലീസ് അടച്ചുപൂട്ടി മുദ്രവെച്ചു. അന്നുരാത്രിതന്നെ അദ്ദേഹത്തെ നാടുകടത്തി. 1915-ൽ സ്വദേശാഭിമാനിയും കുടുംബവും കണ്ണൂരിലെത്തി. 1916 മാർച്ച് 28-ന് സ്വദേശാഭിമാനി തന്റെ 38-മത്തെ വയസിലാണ് കണ്ണൂരിൽ വെച്ച് സ്വദേശാഭിമാനി മരിക്കുന്നത്. തിരുവിതാംകൂറിൽ രാഷ്ട്രീയ പത്രപ്രവർത്തനത്തിന് ഹരിശ്രീ കുറിച്ചത് സ്വദേശാഭിമാനിയായി രുന്നു. സംഭവബഹുലമായ ജീവിതകഥയാണ് സ്വദേശാഭിമാനിയുടേത്. നെയ്യാറ്റിൻകര നരസിംഹൻപോറ്റിയുടെയും ചക്കിയമ്മയുടെയും മകനായിരുന്നു രാമകൃഷ്ണപിള്ള. ഹൈസ്‌കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ നെയ്യാറ്റിൻകര കോടതിയിലെ കൈക്കൂലിക്കാരനായ മുൻസിഫിനെതിരെ അദ്ദേഹം പത്രത്തിൽ കുറിപ്പ് എഴുതി.

'വഞ്ചിഭൂപഞ്ചിക', 'കേരളദർപ്പണം' എന്നീ പത്രങ്ങളുടെ പത്രാധിപരായി രാമകൃഷ്ണപിള്ള പ്രവർത്തിച്ചത് അമ്മാവൻ കേശവപിള്ളയെ ക്ഷുഭിതനാക്കി. അമ്മാവൻ അദ്ദേഹത്തെ വീട്ടിൽനിന്നു പുറത്താക്കി. ആദ്യ പുറത്താക്കൽ ഇങ്ങനെ. ഭരണത്തിന്റെ ഉന്നതതലങ്ങളിൽ നിലനിന്ന അഴിമതി, സ്വജനപക്ഷപാതം എന്നിവ റിപ്പോർട്ടുചെയ്തതിന്റെ പേരിൽ രാമകൃഷ്ണ പിള്ള നോട്ടപ്പുള്ളിയായി. തുടർന്ന് 'കേരള പഞ്ചിക' വിട്ടു. മറ്റുള്ള പ്രസിദ്ധീകരണങ്ങളിൽ നിന്നും അദ്ദേഹത്തിനു ഇതേ പ്രശ്‌നങ്ങളുടെ പേരിൽ രാജി വയ്‌ക്കേണ്ടി വന്നു. കോളജ് വിദ്യാർത്ഥിയായപ്പോഴേയ്ക്കും രാമകൃഷ്ണപിള്ളയെ തേടി സ്വദേശാഭിമാനി പത്രത്തിന്റെ പത്രാധിപർ സ്ഥാനം എത്തി. 1906 ജനുവരിയിലാണ് അദ്ദേഹം സ്വദേശാഭിമാനിയുടെ പത്രാധിപത്യം ഏറ്റെടുക്കുന്നത്. വക്കം മൗലവിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു സ്വദേശാഭിമാനി പത്രം.

തിരുവിതാംകൂറിലെ അഴിമതികൾക്കെതിരായ തുടരൻ മുഖ പ്രസംഗങ്ങൾ അന്നത്തെ ദിവാൻ പി. രാജഗോപാലാചാരിയെയും അഴിമതിക്കാരായ രാജസേവകന്മാരെയും പ്രകോപിപ്പിച്ചു. ഇതിനെ തുടർന്നാണ് നാടുകടത്തൽ വരുന്നത്. 1956ൽ ഐക്യ കേരളം രൂപീകൃതമായി ഇ.എം.എസ് സർക്കാർ അധികാരത്തിൽ വന്നപ്പോഴാണ് സ്വദേശാഭിമാനിക്ക് സ്മാരകമുണ്ടാകുന്നത്. 1957 ഓഗസ്റ്റ് 13ന് അന്നത്തെ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദാണ് സ്വദേശാഭിമാനിയുടെ പ്രതിമ നാടിന് സമർപ്പിച്ചത്. നെയ്യാറ്റിൻകര സ്വദേശാഭിമാനി പാർക്കിൽ സ്വദേശാഭിമാനിയുടെ പ്രതിമയുണ്ട്. ഈ പ്രതിമയും കൂടില്ലാ വീടും മാത്രമാണ് അദ്ദേഹത്തിന്റെ ഓർമ്മ നിലനിർത്തുന്നത്. പ്രസ് ക്ലബിന്റെ നോട്ടക്കുറവ് കാരണം കൂടിലാ വീടും നശിക്കുകയാണ്. ഈ ഘട്ടത്തിൽ തന്നെയാണ് സർക്കാരിനു കൂടില്ലാ വീട് കൈമാറണമെന്ന് സ്വദേശാഭിമാനി സംരക്ഷണ സമിതി ട്രസ്റ്റിന്റെ ആവശ്യത്തിനു അർത്ഥ തലങ്ങൾ ഏറുന്നത്. ഇനി കൂടില്ലാ വീടിനെ സംരക്ഷിച്ചു നിർത്തണമെങ്കിൽ പ്രധാനമാകുന്നത് സംസ്ഥാന സർക്കാരിന്റെ അടിയന്തിര ഇടപടൽ മാത്രമാണ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP