Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊറോണയ്ക്ക് ആയുർവേദ മരുന്നുകൾ നിർദ്ദേശിക്കുന്നത് ശിക്ഷാർഹമായ കുറ്റമെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം; കോവിഡിന് ആയുഷ് മരുന്നുകൾ പ്രതിരോധമെന്ന വാർത്തകൾ നൽകുന്നത് വിലക്കി പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയും; കേരളത്തിലെ പൊലീസുകാർക്കായി ഡിജിപി നിർദ്ദേശിക്കുന്നത് അപരാജിത ചൂർണവും വില്വാദ്രി ഗുളികയും സുദർശന ഗുളികയും ശദംഗ കഷായ ചൂർണ്ണവും; ഡിജിപി ലോക്നാഥ് ബെഹ്റയുടെ സർക്കുലർ വിവാദത്തിൽ

കൊറോണയ്ക്ക് ആയുർവേദ മരുന്നുകൾ നിർദ്ദേശിക്കുന്നത് ശിക്ഷാർഹമായ കുറ്റമെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം; കോവിഡിന് ആയുഷ് മരുന്നുകൾ പ്രതിരോധമെന്ന വാർത്തകൾ നൽകുന്നത് വിലക്കി പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയും; കേരളത്തിലെ പൊലീസുകാർക്കായി ഡിജിപി നിർദ്ദേശിക്കുന്നത് അപരാജിത ചൂർണവും വില്വാദ്രി ഗുളികയും സുദർശന ഗുളികയും ശദംഗ കഷായ ചൂർണ്ണവും; ഡിജിപി ലോക്നാഥ് ബെഹ്റയുടെ സർക്കുലർ വിവാദത്തിൽ

എം മനോജ് കുമാർ

തിരുവനന്തപുരം: കോവിഡിന് മുൻകരുതലായി ആയുർവേദ മരുന്നുകൾ ഉപയോഗിക്കാൻ പൊലീസുകാർക്ക് നിർദ്ദേശം നൽകുന്ന ഡിജിപിയുടെ സർക്കുലർ വിവാദമാകുന്നു. കൊറോണയ്ക്ക് മുൻകരുതലായി ആയുർവേദ മരുന്നുകൾ ഉപയോഗിക്കുകയോ അത് പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നുള്ള കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ സർക്കുലർ മുന്നിലുള്ളപ്പോൾ തന്നെയാണ് ഇതെല്ലാം ലംഘിച്ച് ആയുർവേദ മരുന്നുകൾ കുറിപ്പടി സഹിതം ഉപയോഗിക്കാനുള്ള നിർദ്ദേശങ്ങൾ നൽകി ഡിജിപി ലോക്നാഥ് ബഹ്റ സർക്കുലർ പുറപ്പെടുവിച്ചത്. ആയുഷ് മന്ത്രാലയത്തിന്റെ നിർദ്ദേശം പിന്തുടർന്ന് കൊറോണയ്ക്ക് മുൻകരുതലായി ആയുഷ് മരുന്നുകൾ എന്ന രീതിയിൽ പരസ്യങ്ങളോ പ്രമോട്ട് നൽകുന്ന വാർത്തകളോ നൽകരുതെന്ന് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയും ഇന്ത്യയിലെ പത്രങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൊറോണയെ നേരിടാനുള്ള കൊറോണ പ്രോട്ടോക്കോൾ രാജ്യത്ത് ശക്തമായി നടപ്പിലാക്കുമ്പോഴാണ് കൊറോണാ പ്രോട്ടോക്കൊളിനു നേരെ എതിരായ മാർഗനിർദ്ദേശം ഉത്തരവിന്റെ രൂപത്തിൽ പൊലീസുകാർക്ക് ഡിജിപി നൽകിയിരിക്കുന്നത്.

മഹാമാരിയായി പടരുന്ന കൊറോണയെ പ്രതിരോധിക്കാനായാണ് പൊലീസുകർക്കായി ആയുർവേദ മരുന്നുകൾ കുറിപ്പടി സഹിതം ഉത്തരവായി ഡിജിപി നിർദ്ദേശിച്ചിരിക്കുന്നത്. കോവിഡിന് ആധുനിക വൈദ്യത്തിൽ തന്നെ തെളിയിക്കപ്പെട്ട മരുന്നകൾ ഇല്ല. ആയുർവേദത്തിലും മരുന്നില്ല. ഇതേ സമയത്ത് തന്നെയാണ് ഡിജിപിയുടെ സർക്കുലർ ഇറങ്ങുന്നത്. നിർദ്ദേശിച്ച ആയുർവേദ മരുന്നുകൾ ഉറപ്പാക്കണമെന്നും ഇത് പൊലീസുകാർ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും യൂനിറ്റ് തലവന്മാർക്ക് നൽകിയ സർക്കുലറിൽ നിർദ്ദേശിക്കുന്നു.

കൊറോണയ്ക്ക് പ്രതിരോധമായി ഡിജിപി നിർദ്ദേശിക്കുന്ന മരുന്നുകളുടെ കുറിപ്പടി ഇങ്ങനെ: ദിനേനെ കഴിക്കാൻ അപരാജിത ചൂർണം, ഭക്ഷണത്തിനു ശേഷം രാവിലെയും രാത്രിയും ഓരോ വില്വാദി ഗുളിക, രാത്രി ഭക്ഷണത്തിനു ശേഷം ഓരോ സുദർശന ഗുളിക, രണ്ടു ലിറ്റർ ചൂടുവെള്ളത്തിൽ രണ്ടു ടീസ്പൂൺ ശദംഗ കഷായ ചൂർണ്ണം കലർത്തി കുടിക്കുക ഇതെല്ലാമാണ് സർക്കുലറിൽ ഡിജിപി നിർദ്ദേശിക്കുന്നത്. പൊലീസുകാരുടെ രോഗപ്രതിരോധശേഷി കുത്തനെ കൂടാൻ പര്യാപ്തമാണ് ഈ മരുന്നുകൾ. അതിനാൽ കൊറോണ പ്രതിരോധ മരുന്നായി ഈ മരുന്ന് പൊലീസുകാർ ഉപയോഗിക്കുക എന്നാണ് ഡിജിപി നൽകുന്ന നിർദ്ദേശം. കൊറോണയുമായി ബന്ധപ്പെട്ടു നിലവിലുള്ള പ്രോട്ടോക്കൊളിനു നേരെ എതിരാണ് ഈ ഉത്തരവ് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കോവിഡിനെ ഈ മരുന്നുമായി ചേർത്ത് വയ്ക്കരുത് എന്നാണ് ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ ഡയറക്ടർ ഡോക്ടർ കെ.എസ്.പ്രീയ മറുനാടനോട് പറഞ്ഞത്. ആയുഷ് മന്ത്രാലയത്തിന്റെ കേരളത്തിലെ ഡയരക്ടർ ആണ് ഡോക്ടർ പ്രീയ.

കൊറോണയ്ക്ക് ഈ മരുന്നുകൾ പ്രതിരോധം തീർക്കുന്നില്ല. ഡിജിപി നിർദ്ദേശിച്ചിരിക്കുന്ന മരുന്നുകൾ ശരീരത്തിലെ പ്രതിരോധം ഉയർത്തുക എന്നത് മാത്രമാണ്. ശരീരത്തിലെ പ്രതിരോധം ഉയർത്താനുള്ള മരുന്നാണിത്. പക്ഷെ കൊറോണയുമായി ചേർത്ത് വയ്ക്കേണ്ടതില്ല. കൊറോണയ്ക്കുള്ള പ്രതിരോധം എന്ന് ഈ മരുന്നുകളെ വിശേഷിപ്പിക്കുന്നില്ല. അങ്ങനെ പറഞ്ഞിട്ടുമില്ല. കൊറോണയ്ക്ക് ഈ മരുന്നുകൾ എന്ന രീതിയിൽ പറയാൻ കഴിയില്ല. രണ്ടു ദിവസത്തിന്നകം ഈ കാര്യങ്ങളിൽ സർക്കുലർ ഇറങ്ങും. അപരാജിത രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കും. ആ രീതിയിലാകണം ഇത്തരം മരുന്നുകൾ നിർദ്ദേശിച്ചത്-പ്രീയ പറയുന്നു.

കൊറോണയ്ക്ക് ആയുഷ് മരുന്നുകൾ പ്രായോഗികമല്ലെന്ന് ആയുഷ് മന്ത്രാലയം തന്നെയാണ് സംസ്ഥാനങ്ങൾക്ക് നൽകിയ ഉത്തരവിൽ പറയുന്നത്. കൊറോണയ്ക്ക് ആയുഷ് മരുന്നുകൾ പര്യാപ്തമെന്നു പറയുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ടെലിവിഷൻ, പ്രിന്റ്, ഇലക്ട്രോണിക് മീഡിയയിലും ഇത് സംബന്ധിച്ച് ഒരു പരസ്യവും നൽകരുതെന്നും ആയുഷ് മന്ത്രാലയം നിർദ്ദേശിക്കുന്നുണ്ട്. ആയുഷ് മന്ത്രാലയത്തിന്റെ നിർദ്ദേശത്തെ തുടർന്നു പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയും ഈ നിർദ്ദേശം പത്രങ്ങൾക്ക് നൽകിയിട്ടുണ്ട്.

കൊറോണയ്ക്ക് ആയുർവേദ മരുന്നുകൾ പ്രതിരോധമായി ഉപയോഗിക്കുന്ന തരത്തിലുള്ള തരത്തിലുള്ള പരസ്യങ്ങൾ പ്രസിദ്ധീകരിക്കരുത് എന്നാണ് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയും നിർദ്ദേശിച്ചിരിക്കുന്നത്. ഈ രീതിയിലുള്ള പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നത് പത്രങ്ങൾ അവസാനിപ്പിക്കണം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിക്കരുത് എന്നാണ് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയും നിർദ്ദേശിച്ചിരിക്കുന്നത്. ഇതിന്റെ തുടർന്നു കൊറോണയ്ക്ക് പ്രതിരോധം ആയുർവേദം, ഹോമിയോ എന്ന രീതിയിലുള്ള വാർത്തകളോ പരസ്യങ്ങളോ വാർത്താ മാധ്യമങ്ങൾ നൽകുന്നില്ല. ഇതേ സമയം തന്നെയാണ് ഇത് ഉത്തരവായി പൊലീസുകാർക്ക് ഡിജിപി കൈമാറിയിരിക്കുന്നത്.

ഏപ്രിൽ ഒന്നിനാണ് ആയുഷ് മരുന്നുകൾ കൊറോണയ്ക്ക് പ്രതിവിധിയും മുൻകരുതലുമല്ലെന്ന നിർദ്ദേശം ആയുഷ് മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നൽകുന്നത്. കൊറോണയ്ക്ക് മുൻകരുതൽ എന്ന രീതിയിൽ വാർത്താ മാധ്യമങ്ങളിൽ പരസ്യം വരരുത്. കടുത്ത ശിക്ഷാ നടപടികൾ തെറ്റിദ്ധരിപ്പിക്കുന്ന ഈ പരസ്യത്തിന്റെ പേരിൽ സ്വീകരിക്കും എന്നാണ് നിർദ്ദേശത്തിൽ പറയുന്നത്. കൊറോണയ്ക്ക് മുൻ കരുതലായി ആയുഷ് മരുന്നുകൾ എന്ന രീതിയിൽ പരസ്യങ്ങൾ പത്രങ്ങൾ പ്രസിദ്ധീകരിക്കരുത് എന്ന നിർദ്ദേശം പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ നൽകുന്നത് ഏപ്രിൽ മൂന്നിനാണ്. ആയുർവേദ മരുന്നുകൾ കൊറോണയ്ക്ക് മുൻകരുതൽ എന്ന രീതിയിൽ ഉപയോഗിക്കാം എന്ന് സർക്കുലർസംസ്ഥാന പൊലീസ് മേധാവി ഇറക്കുന്നത് ഏപ്രിൽ ഒമ്പതിന്. അതായത് കഴിഞ്ഞ വ്യാഴാഴ്ച. കൊറോണ പ്രോട്ടോക്കോളിനു വിരുദ്ധമായി സംസ്ഥാന ഡിജിപി തന്നെ സർക്കുലർ ഇറക്കിയത് ആരോഗ്യകേന്ദ്രങ്ങളെ അമ്പരിപ്പിച്ചിട്ടുണ്ട്.

കൊറോണയ്ക്ക് മരുന്നുണ്ട് എന്ന് അവകാശവാദം മുഴക്കിയപ്പോൾ പീച്ചിയിലെ പരബ്രഹ്മം ആശുപത്രിയിൽ അലോപ്പതി, ആയുർവേദ ഡിഎംഒമാർക്ക് ഒപ്പം പോയി മോഹനൻ വൈദ്യരെ പൊക്കി അകത്തിട്ടത് ഇതേ ഡിജിപിയുടെ കീഴിലുള്ള പൊലീസാണ്. കൊറോണയ്ക്ക് ആയുർവേദത്തിൽ പ്രതിരോധ മരുന്നുണ്ട് എന്ന് അവകാശപ്പെടുകയാണ് മോഹനൻ വൈദ്യർ ചെയ്തത്. ആദ്യം തൃശൂർ ജില്ലാ ജയിലിലും പിന്നീട് ആലുവ സബ് ജയിലിലെക്കും മോഹനൻ വൈദ്യരെ പൊലീസ് മാറ്റി. ഈ കഴിഞ്ഞ ദിവസമാണ് ജാമ്യത്തിൽ മോഹനൻ വൈദ്യർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞത്. മോഹനൻ വൈദ്യരുടെ പേരിലുള്ള കേസ് നിലനിൽക്കുമ്പോൾ തന്നെയാണ് ഡിജിപി കൊറോണയ്ക്ക് പ്രതിരോധമായി ആയുർവേദ മരുന്നുകൾ എന്ന് സർക്കുലർ ഇറക്കുകയും പൊലീസുകാർക്ക് ഈ മരുന്നുകൾ ഉപയോഗിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തത്.

ബ്രിട്ടീഷ് കിരീടവകാശി ചാൾസ് രാജകുമാരന് കൊറോണ രോഗം ഭേദമായത് ആയുഷ് മരുന്ന് ഉപയോഗിച്ചിട്ടല്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കിയിരുന്നു. ചാൾസ് രാജകുമാരന് കൊറോണ മാറിയത് ദക്ഷിണേന്ത്യയിൽ നിന്നുമുള്ള ആയുർവേദ, ഹോമിയോപ്പതി മരുന്നുകൾ ഉപയോഗിച്ചിട്ടാണെന്ന കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്കിന്റെ വാദം തള്ളിക്കളഞ്ഞാണ് ചാൾസിന്റെ ഓഫീസ് രംഗത്ത് വന്നത്. ഇന്ത്യൻ മന്ത്രി പറയുന്നത് തെറ്റാണെന്നും യുകെയിലെ നാഷണൽ ഹെൽത്ത് സർവ്വിസിന്റെ നിർദ്ദേശാനുസരണമുള്ള ചികിത്സയാണ് സ്വീകരിച്ചതെന്നും അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP