Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എട്ടുവർഷത്തെ ശമ്പളത്തിൽ മൂന്നുലക്ഷത്തോളം നൽകിയത് അകന്ന ബന്ധുവായ സുനിലിന്; കണ്ണുചികിത്സയെ തുടർന്ന് വിശ്രമത്തിൽ കഴിയവേ വീട്ടിൽ നിന്ന് സുനിലും കുടുംബവും ഒരു അലിവുമില്ലാതെ ഇറക്കി വിട്ടു; വിവാഹ ജീവിതം ഒഴിവാക്കി ആയുസുമുഴുവൻ ഹോമിച്ചിട്ടും തിരിഞ്ഞുനോക്കാതെ സഹോദരങ്ങളും; കിഡ്‌നി രോഗവും പ്രമേഹവും അലട്ടുമ്പോൾ തുണയ്ക്ക് ആളും ചികിത്സയ്ക്ക് പണവുമില്ലാതെ 71 കാരിയായ രത്‌നമ്മ കഴിയുന്നത് ശ്രീരാമകൃഷ്ണ മിഷൻ ആശുപത്രിയിൽ; സുമനസുകളുടെ സഹായം ഏക ആശ്രയം

എട്ടുവർഷത്തെ ശമ്പളത്തിൽ മൂന്നുലക്ഷത്തോളം നൽകിയത് അകന്ന ബന്ധുവായ സുനിലിന്; കണ്ണുചികിത്സയെ തുടർന്ന് വിശ്രമത്തിൽ കഴിയവേ വീട്ടിൽ നിന്ന് സുനിലും  കുടുംബവും ഒരു അലിവുമില്ലാതെ ഇറക്കി വിട്ടു; വിവാഹ ജീവിതം ഒഴിവാക്കി ആയുസുമുഴുവൻ ഹോമിച്ചിട്ടും തിരിഞ്ഞുനോക്കാതെ സഹോദരങ്ങളും; കിഡ്‌നി രോഗവും പ്രമേഹവും അലട്ടുമ്പോൾ തുണയ്ക്ക് ആളും ചികിത്സയ്ക്ക് പണവുമില്ലാതെ 71 കാരിയായ രത്‌നമ്മ കഴിയുന്നത് ശ്രീരാമകൃഷ്ണ മിഷൻ ആശുപത്രിയിൽ; സുമനസുകളുടെ സഹായം ഏക ആശ്രയം

എം മനോജ് കുമാർ

തിരുവനന്തപുരം: ഉറ്റവരും ഉടയവരും കൈയൊഴിഞ്ഞ അവസ്ഥയിൽ സഹായത്തിന് ആരോരുമില്ലാത്ത വയോധികയ്ക്ക് നരകജീവിതം. ശാസ്തമംഗലം ശ്രീരാമകൃഷ്ണ മിഷൻ ആശുപത്രിയിലാണ് ബന്ധുക്കൾ കയ്യൊഴിഞ്ഞ അവസ്ഥയിൽ നരകതുല്യമായ ജീവിതവുമായി രത്‌നമ്മ (71) നാളുകൾ തള്ളിനീക്കുന്നത്. അവിവാഹിതയായി രത്‌നമ്മ ജീവിതം തള്ളിനീക്കിയത് തന്നെ സഹോദരങ്ങൾക്ക് തുണയാകാനായിരുന്നു. സഹോദരങ്ങളുടെ ജീവിതം കരുപ്പിടിച്ചപ്പോൾ അവസാനം രത്‌നമ്മ ജീവിതവഴിയിൽ ഒറ്റപ്പെടുകയായിരുന്നു. ഇപ്പോൾ സഹായത്തിനു ആരോരുമില്ലാതെ ജീവിതത്തിനും മരണത്തിനും ഇടയിലൂടെയാണ് ഇവരുടെ ജീവിതം കടന്നു പോകുന്നത്. സുമനസ്സുള്ളവരുടെ കാരുണ്യവും സഹായവുമാണ് രത്‌നമ്മ പ്രതീക്ഷിക്കുന്നത്.

കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങളും ഷുഗറും ഒപ്പം കാഴ്ചാ പ്രശ്‌നങ്ങളും രത്‌നമ്മയെ അലട്ടുകയാണ്. പ്രമേഹത്തെ തുടർന്നു കാലിൽ പഴുപ്പ് കയറിയതിനാൽ ഒരു സർജറി അത്യാവശ്യമായി വേണം എന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെയും സന്നദ്ധ സംഘടനകളുടെയും സഹായമാണ് ഇവർ പ്രതീക്ഷിക്കുന്നത്. തുടർ ചികിത്സയ്ക്കും ഇനിയുള്ള ജീവിതത്തിനും ഈ രീതിയിലുള്ള സഹായം രത്‌നമ്മയ്ക്ക് അത്യാവശ്യമാണ്. പ്രമേഹ-വൃക്ക രോഗിയായതിനാൽ 4500 രൂപയാണ് മരുന്നുകൾക്ക് മാസം ഇവർക്ക് ചെലവാകുന്നത്. ഈ തുക കണ്ടെത്താൻ രത്‌നമ്മയ്ക്ക് കഴിയുന്നുമില്ല. എല്ലാ രീതിയിലും വയോധികയുടെ ജീവിതം പ്രതിസന്ധിയിലാണ്. 40000 രൂപ ആശുപത്രി ബിൽ തുക തന്നെ അടച്ചിട്ടില്ല. ഇപ്പോഴും തുക വർദ്ധിക്കുകയാണ്. ബിൽ തുക അടയ്ക്കാനും രത്‌നമ്മയ്ക്ക് കഴിയുന്നില്ല.

ബംഗളൂരുവിൽ ഒരു കുടുംബത്തിനൊപ്പം ഇവർ നിന്നിരുന്നു. വർഷങ്ങൾ നിന്നതിനാൽ ഇവരുമായി രത്‌നമ്മയ്ക്ക് ആത്മബന്ധം വന്നു. ഇവർ മാത്രമാണ് രത്‌നമ്മയ്ക്ക് താങ്ങായി ഇപ്പോഴുള്ളത്. ആശുപത്രിക്കിടക്കയിലെ നരകതുല്യമായ ഇവരുടെ ജീവിതം ഈ കുടുംബമാണ് മറുനാടന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. വായനക്കാരുടെ ശ്രദ്ധയിലേക്ക് ഞങ്ങൾ രത്‌നമ്മയുടെ ജീവിതം കൊണ്ടുവരികയാണ്. എട്ടു വർഷത്തോളം ബംഗലൂരുവിലെ വീട്ടിലാണ് രത്‌നമ്മ കഴിഞ്ഞത്. ഈ എട്ടുവർഷത്തെ ശമ്പളത്തിലും ഒരു വലിയ പങ്കു രത്‌നമ്മ വലിയ പങ്കു വട്ടിയൂർകാവിലെ അകന്ന ബന്ധുവായ സുനിലിനാണ് നൽകിയത്.

മൂന്നു ലക്ഷത്തോളം രൂപ ഈ രീതിയിൽ നൽകിയിട്ടുണ്ട്. വാർധക്യകാലത്ത് തന്നെ നോക്കും എന്നുറപ്പുള്ളതിനാലാണ് തുക ഇവർ സുനിലിനു നൽകിയത്. കണ്ണു ചികിത്സയെ തുടർന്നു വിശ്രമത്തിൽ കഴിയവേ ഈ വീട്ടിൽ നിന്നും സുനിലും കുടുംബവും വയോധികയെ യാതൊരു കരുണയുമില്ലാതെ ഇറക്കി വിടുകയായിരുന്നു. സുനിലിനു താൻ നൽകിയ ഈ മൂന്ന് ലക്ഷത്തോളം രൂപയും അവസാനം നിന്ന എസ്എൻവി സദനം വർക്കിങ് വിമൻസ് ഹോസ്റ്റലിൽ നിന്നും ശമ്പള ഇനത്തിൽ ലഭിക്കാനുള്ള പതിനായിരം രൂപയും ലഭിച്ചാൽ അത് തനിക്ക് താങ്ങാകും എന്നാണ് ഇവർ കരുതുന്നത്. ഈ തുക തിരികെ ലഭിക്കാൻ വട്ടിയൂർക്കാവ് പൊലീസിലും സാമൂഹിക സുരക്ഷാവകുപ്പിലും ഇവർ പരാതിയും നൽകിയിട്ടുണ്ട്.

ബന്ധുക്കൾ പൂർണമായി കയ്യൊഴിഞ്ഞതിനെ തുടർന്നു ഒരു വീടിനു ഇവർ സഹായം തേടി അലഞ്ഞിരുന്നു. ബംഗളൂര്വിലെ വീട്ടുകാർ തന്നെയാണ് ഇവരെ സഹായിക്കാൻ മുൻപന്തിയിൽ നിന്നത്. പക്ഷെ സ്വന്തമായി റേഷൻ കാർഡ് പോലും ഉണ്ടാകാതിരുന്നതും അറുപതു വയസ് കഴിഞ്ഞതും വീട് സ്വന്തമാക്കാനുള്ള ശ്രമങ്ങളിൽ ഇവർക്ക് പ്രതിബന്ധമായി. ഒടുവിൽ വാർധക്യകാല പെൻഷൻ മാത്രമാണ് പാസായത്. പക്ഷെ ആ തുകയും ഇതുവരെ ലഭിച്ചിട്ടുമില്ല. ബന്ധുക്കൾ പൂർണമായി കയ്യൊഴിഞ്ഞ അവസ്ഥയിൽ രോഗക്കിടക്കയിൽ മുന്നോട്ടു ജീവിതം കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലാണ് ഇവരുടെ ജീവിതം. അച്ഛൻ മരിച്ചതിനെ തുടർന്നു വന്ന അനാഥത്വത്തിൽ ഇവർ പിന്നീട് വിവാഹിതയായില്ല. ഒപ്പമുള്ള നാല് സഹോദരങ്ങളുടെയും ജീവിതം കെട്ടിപ്പടുക്കാൻ ഇവർ സ്വന്തം ജീവിതം തന്നെ നൽകി. വിവിധ ഹോസ്റ്റലുകളിൽ മേട്രനായാണ് ഇവർ ജീവിതം മുന്നോട്ടു നീക്കിയത്.

ഇതുവരെ ജോലി ചെയ്ത ശമ്പള തുക മുഴുവൻ തന്നെ സഹോദരങ്ങൾക്കും ബന്ധുക്കൾക്കുമായി ഇവർ ആ ഘട്ടത്തിൽ നൽകിക്കൊണ്ടിരുന്നു. പ്രായമായപ്പോൾ തന്നെ ആരെങ്കിലും നോക്കും എന്നാണു രത്‌നമ്മ കരുതിയത്. പക്ഷെ മൂന്നു ആൺ സഹോദരങ്ങൾ മരിക്കുകയും സഹോദരിയുമായി രത്‌നമ്മയുമായി അകലുകയും ചെയ്തപ്പോൾ ജീവിതത്തിന്റെ അവസാനഘട്ടത്തിൽ രത്‌നമ്മയ്ക്ക് ആരോരും തുണയില്ലാത്ത അവസ്ഥയായി. ഈ ഘട്ടത്തിലാണ് വട്ടിയൂർക്കാവിലെ അകന്ന ബന്ധുവായ സുനിലുമായി ഇവർ അടക്കുന്നത്. സുനിൽ വാർധക്യകാലത്തിൽ തന്നെ നോക്കും എന്നാണ് കരുതിയത്. അതിനാണ് ബംഗളൂര് അവസാനം നിന്ന കാലയളവിലെ എട്ടുവർഷത്തെ ശമ്പള തുകയിൽ നിന്നും വലിയ ഭാഗം സുനിലിനു നൽകിയത്.

എന്നാൽ വയോധികയെ ഒരു ഭാരമായി കണ്ടു കണ്ണു സർജറി കഴിഞ്ഞു വിശ്രമത്തിൽ തുടരുമ്പോൾ തന്നെ സുനിൽ ഇറക്കിവിടുകയായിരുന്നു. ഇതിനെ തുടർന്നാണ് ഇവർ തിരുവനന്തപുരത്തെ എസ്എൻവി ഹോസ്റ്റലിൽ മേട്രനായി ജോലി നോക്കിയത്. ഇവിടെ നിന്ന് അസുഖം കൂടിയപ്പോൾ പൊലീസ് സഹായത്തോടെയാണ് സദനം അധികൃതർ ഇവരെ ശ്രീരാമകൃഷ്ണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈ ആശുപത്രികിടക്കയിൽ ഇവരിപ്പോൾ ജീവിതത്തോട് പടപൊരുതുകയാണ്. എന്തെങ്കിലും രക്ഷ തേടി. തന്റെ ജീവിതം രത്‌നമ്മ മറുനാടനോട് പറഞ്ഞു. എല്ലാവരും ഈ കഥയിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളണം. അതിനാണ് ഈ കഥ ഞാൻ പറയുന്നത്-രത്‌നമ്മ മറുനാടനോട് പറഞ്ഞു.

സഹോദരങ്ങൾക്ക് രക്ഷയാകാമെന്നു കരുതി; ഒടുവിൽ ഒറ്റയ്ക്കായി: രത്‌നമ്മ

നല്ല കുടുംബത്തിലാണ് എന്റെ ജനനം. ഞങ്ങൾ അഞ്ചു പേരായിരുന്നു. മൂന്നു ആൺകുട്ടികളും രണ്ടു പെൺകുട്ടികളും. വീട് പത്തനാപുരത്തായിരുന്നു. അച്ഛന് കൃഷിയായിരുന്നു. ജീവിക്കാൻ വേണ്ടി ഞങ്ങൾ പടപൊരുതി. ഞാൻ ഹോസ്റ്റലിൽ മേട്രനായാണ് ജോലി ചെയ്തത്. വിവിധ ഹോസ്റ്റലുകളിൽ മേട്രനായി. ഈ തുകയെല്ലാം സഹോദരങ്ങളുടെ ക്ഷേമത്തിനായി നൽകി. സഹോദരങ്ങളെയും സഹോദരിയെയും കയ്യഴിച്ച് സഹായിച്ചു. ഇതിന്നിടയിൽ അച്ഛൻ മരിച്ചു. അച്ഛൻ മരിച്ചതോടെ പിന്നെ പെട്ടെന്ന് എനിക്ക് ഒരു മടുപ്പ് വന്നു. ജീവിതത്തോട് തന്നെ ഉള്ള ഒരു മടുപ്പ്. അതുകൊണ്ട് തന്നെ വിവാഹ ജീവിതം വേണ്ടെന്നു വെച്ചു. സഹോദരങ്ങൾക്കായി ജീവിച്ചു. മൂന്നു ആൺ സഹോദരങ്ങളും മരിച്ചു.

ഇതോടെ ഇവരുടെ കുടുംബമായി ആ ബന്ധം നിലനിർത്താൻ കഴിഞ്ഞില്ല. കുടുംബംങ്ങൾ അവരുടെ ജീവിതം നോക്കി പോയി. ഇടുക്കിയിലും വർക്കലയിലുമായാണ് ഇവരുടെ കുടുംബങ്ങൾ ഉള്ളത്. സഹോദരിയെയും ഞാൻ നല്ല രീതിയിൽ സഹായിച്ചിരുന്നു. പക്ഷെ സഹോദരിയും എന്നിൽ നിന്ന് അകന്നു. ഇതോടെയാണ് അകന്ന ബന്ധുവായ സുനിലുമായി അടുക്കുന്നത്. സുനിലിന്റെ വീട് വട്ടിയൂർക്കാവായിരുന്നു. സുനിലിന്റെയും സഹോദരന്റെയും വിവാഹം നടത്താനും ഞാൻ കയ്യയച്ച് സഹായിച്ചിരുന്നു. ബംഗളൂരുവിൽ ജോലിയുണ്ടായിരുന്ന എഴ് വർഷക്കാലത്തെ സമ്പാദ്യവും ഞാൻ സുനിലിനു നൽകി. പക്ഷെ തിരികെ വീട്ടിൽ എത്തിയപ്പോൾ സുനിൽ എന്നെ നിഷ്‌ക്കരുണം കയ്യൊഴിഞ്ഞു.

കണ്ണു സർജറി കഴിഞ്ഞ് വിശ്രമത്തിൽ തുടരുമ്പോൾ എന്നോടു വീട്ടിൽ നിന്നും ഇറങ്ങാനാണ് സുനിൽ പറഞ്ഞത്. കണ്ണു വയ്യാത്ത അവസ്ഥയിൽ എവിടെ പോകുമെന്ന് ചോദിച്ചപ്പോൾ ചേട്ടനും ഭാര്യയും വരുന്നുണ്ടേന്നാണ് പറഞ്ഞത്. രണ്ടു നിലയുള്ള വീടാണ്. ഞാൻ കൂടി തങ്ങാം എന്ന് പറഞ്ഞപ്പോൾ അത് സമ്മതിച്ചില്ല. ഈ രണ്ടു പേരുടെയും വിവാഹം നടത്തിയത് ഞാനാണ്. എനിക്ക് അവിടെ നിന്നും ഇറങ്ങേണ്ടി വന്നു. അതിനു ശേഷമാണ് എസ്എൻവി സദനം വർക്കിങ് വിമൻസ് ഹോസ്റ്റലിൽ ജോലി തേടിയത്. അവിടെ നിന്നാണു എനിക്ക് സുഖമില്ലാതാകുന്നത്. അങ്ങിനെയാണ് ശ്രീരാമകൃഷ്ണ ആശുപത്രിയിൽ അഡ്‌മിറ്റ് ആകുന്നത്. ഇപ്പോൾ എനിക്ക് സഹായത്തിനു ഒരു കൈത്താങ്ങ് വേണം. സുനിലിനു ഞാൻ നൽകിയ മൂന്നു ലക്ഷത്തോളം രൂപ തിരികെ ലഭിക്കണം. എസ്എൻവി സദനം വർക്കിങ് വിമൻസ് ഹോസ്റ്റലിൽ നിന്നും എനിക്ക് ശമ്പളമായി പതിനായിരം രൂപയും ലഭിക്കാനുണ്ട്. ഈ തുക ലഭിച്ചാൽ എനിക്ക് ചികിത്സയ്ക്ക് താത്കാലിക സഹായമാകും. പക്ഷെ അതുമാത്രം മതിയാകില്ല. ആരുടെയെങ്കിലും സഹായം തുടർ ചികിത്സയ്ക്കും തുടർ ജീവിതത്തിനും ലഭിച്ചേ മതിയാകൂ-രത്‌നമ്മ പറയുന്നു.

വട്ടിയൂർക്കാവ് പൊലീസിൽ രത്‌നമ്മ നൽകിയ പരാതി:

രത്‌നമ്മ ബി , സുനിത ഭവൻ ,കാവല്ലൂർ,മണ്ണാറക്കോണം,വട്ടിയൂർ കാവ്, തിരുവനന്തപരം ബോധിപ്പിക്കുന്ന പരാതി .

ഞാൻ 70 വയസ്സുള്ള അവിവാഹിതയായ ഒരു സ്ത്രീയാണ്. സ്വന്തമായി വീടില്ല. പരാതിയിൽ തന്നിരിക്കുന്ന മേൽവിലാസം എന്റെ ബന്ധുവായ സുനിൽ കുമാർ എന്ന വ്യക്തിയുടേതാണ്. വർഷങ്ങളോളമായി വീടുകളിലും ഹോസ്റ്റലുകളിലും ജോലിയെടുത്താണ് ജീവിക്കുന്നത് .ഞാൻ ഒരു പ്രമേഹ-വൃക്ക രോഗികൂടിയാണ് .ഇൻസുലിൻ ഉൾപ്പെടെയുള്ള മരുന്നുകൾ വര്ഷങ്ങളായി ഉപയോഗിക്കുന്നു . ഒരുമാസം 4500 രൂപയോളം മരുന്നുകൾക്ക് ചെലവ് ഉണ്ട്.

2011നവംബര് മുതൽ 2018 ഏപ്രിൽ വരെ ബാംഗ്ലൂരിൽ ഒരു വീട്ടിൽ ജോലിക്കു നിൽക്കുകയും എന്റെ മരുന്നുകളും ചികിത്സ സംബന്ധമായ ചെലവുകളും കഴിച്ചു ബാക്കിയുള്ള പണം സുനിൽ കുമാറിന് നൽകുകയുമാണ് ചെയ്തത്. ഞാൻ ബാംഗ്ലൂരിൽ നിന്നും നാട്ടിൽ എത്തുമ്പോൾ എല്ലാം ആ വീട്ടിലാണ് താമസിച്ചിരുന്നത്. നാട്ടിൽ തിരികെ എത്തുന്ന സമയത്തു എന്റെ വാർധക്യ അവസ്ഥയിൽ എന്റെ സംരക്ഷണം ഉറപ്പു നൽകിയത്തിന്റെ അടിസ്ഥാനത്തിൽ ആണ് ഞാൻ പണം നൽകി കൊണ്ടിരുന്നത്.2018 ഏപ്രിലിൽ ഞാൻ ബാംഗളൂരിലെ ജോലി അവസാനിപ്പിച്ചു നാട്ടിലെത്തി.തുടർന്ന് 3 മാസത്തോളം ഞാൻ വട്ടിയൂർ കാവിലെ സുനിലിന്റെ വീട്ടിൽ താമസിച്ചു. ഈ സമയത്തു എനിക്ക് കാഴ്ച സംബന്ധമായ പ്രശ്‌നം ഉണ്ടാകുകയും തിരുവനന്തപുരം കണ്ണാശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയാവുകയും ചെയ്തു.

എന്നാൽ തുടർന്ന് ജോലി ചെയ്യാനുള്ള ആരോഗ്യ സ്ഥിതി ഇല്ലാതെയായി തീർന്നു. എന്റെ വരുമാനം നിലച്ച ഈ അവസ്ഥയിൽ സുനിൽകുമാർ എന്നെ വീട്ടിൽ നിന്നും പുറത്താക്കുകയാണ് ഉണ്ടായത് . എനിക്ക് ഒരു വീടും പെൻഷനും അനുവദിക്കുന്നതിനായി 10 വർഷത്തോളമായി ഞാൻ നിരന്തരം പരാതികൾ നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ സാമൂഹിക ക്ഷേമ പെൻഷനും, വീടും അനുവദിച്ച് മുഖ്യമന്ത്രിയുടെയും കലക്ടറുടേയും ഉത്തരവുകൾ ഉണ്ടായിട്ടുള്ളതും അതിന്റെ രേഖകൾ കൈവശം ഉള്ളതും ആകുന്നു.

ഞാൻ എന്റെ മുഴുവൻ സമ്പാദ്യവും അയച്ചു കൊടുത്തത് കൂടാതെ, എനിക്ക് വീടും പെൻഷനും അനുവദിക്കപ്പെട്ടു എന്ന ഈ അറിവിന്റെ സാഹചര്യത്തിൽ കൂടിയാണ് സുനിൽകുമാർ എന്നെ സംരക്ഷിക്കുവാൻ തയ്യാറായിരുന്നത്. എന്നാൽ 60 വയസ്സു കഴിഞ്ഞെന്ന കാരണം ചൂണ്ടിക്കാട്ടി കോർപറേഷൻ ഒടുവിൽ എന്റെ വീടിനുള്ള അപേക്ഷ നിരസിച്ച സാഹചര്യത്തിൽ സുനിൽകുമാർ നിർദ്ദാക്ഷണ്യം എന്നെ വീട്ടിൽ നിന്നും 2018ൽ പുറത്താക്കുകയാണ് ഉണ്ടായത്. എന്റെ സാധന സാമഗ്രികളും, ആഭരണങ്ങളും വസ്ത്രം അടക്കമുള്ള ഒരു അലമാര സുനിലിന്റെ വീട്ടിൽ തന്നെയാണ് ഉള്ളത്. അത് വിട്ടു തരാനോ അതിലുള്ള സാധനങ്ങൾ എടുക്കുവാനോ നാളിതുവരെ അനുവദിച്ചിട്ടില്ല.

എനിക്ക് വീടോ പെന്ഷനോ ഇല്ലാത്ത അവസ്ഥയായിരുന്നു . സർക്കാർ സഹായത്തിനു വേണ്ടി വര്ഷങ്ങളായി അപേക്ഷിച്ചിരുന്നെങ്കിലും വീടോ പെന്ഷനോ ലഭിച്ചില്ല .അതിനാൽ ഭക്ഷണത്തിനും മരുന്നിനും യാതൊരു വഴിയും കണ്ടെത്താനാവാതെ കഷ്ടപ്പെടുകയും പലയിടത്തും ജോലിക്കായി ശ്രമിക്കുകയും ചെയ്തു. കുറച്ച് കാലം എറണാകുളത്തു ഒരു ഹോസ്റ്റലിൽ ജോലിയെടുക്കുകയും ചെയ്തു. നിരന്തര ശ്രമങ്ങളുടെ അടിസ്ഥാനത്തിൽ ഒരു വർഷം മുമ്പ് എനിക്ക് ഒരു നാമമാത്ര തുക പെൻഷൻ അനുവദിച്ചു എങ്കിലും കഴിഞ്ഞ 6 മാസമായി ഒരു രൂപ പോലും കിട്ടിയിരുന്നില്ല. അതിനാൽ ജീവിക്കുവാൻ വേണ്ടി കഴിഞ്ഞ 9 മാസമായി തിരുവനന്തപുരം SNV സദനം വർക്കിങ് വിമൻസ് ഹോസ്റ്റലിൽ ജോലി ചെയ്തു വരികയാണ്.

ഈ ഏപ്രിൽ 3നു എന്റെ ആരോഗ്യ സ്ഥിതി വഷളാവുകയും ഹോസ്റ്റൽ നടത്തിപ്പുകാർ അറിയിച്ചത് അനുസരിച്ചു പൊലീസ് എത്തി ആംബുലൻസിൽ എന്നെ ശാസ്തമംഗലം രാമകൃഷ്ണ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു . ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് തീവ്ര പരിചരണം നൽകിക്കൊണ്ടിരിക്കുന്ന അവസ്ഥയിലാണ് . ആശുപത്രി ഏർപ്പാട് ചെയ്ത ഒരു സഹായി ദിവസ കൂലിക്കു കൂടെ നിൽക്കുന്നത്
എന്റെ ബന്ധുവായ സുനിൽ കുമാറിനെ പലതവണ ആശുപത്രി അധികാരികൾ ബന്ധപ്പെട്ടെങ്കിലും അയാൾ കയ്യൊഴിയുകയാണ് ചെയ്തതു . ഏകദേശം മൂന്നു ലക്ഷത്തോളം രൂപ വീട് മെയിന്റനൻസിനായും, കാറ് വാങ്ങുവാനായും, മറ്റു പല ചെലവ്ക്കുമായി പലപ്പോഴായി എന്റെ കയ്യിൽ നിന്നും കൈപ്പറ്റിയത് അയാൾ നിഷേധിച്ചു. എനിക്ക് ചികിത്സക്കു പണമില്ലാത്ത അവസ്ഥയാണ് . കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രി ആശുപത്രി ബിൽ നാൽപ്പതിനായിരം രൂപ ആയിട്ടുണ്ട്.

കടം വാങ്ങി കുറച്ചു തുക മാത്രം ഞാൻ അടച്ചിട്ടുണ്ട് . കാലിനു അസുഖം ഇപ്പോൾ പഴുപ്പ് ബാധിച്ചു ഗുരുതരമായതിനാൽ തുടർന്ന് ചികിത്സാക്കു വേണ്ടി ആശുപത്രിയിൽ വലിയൊരു തുക നൽകണം . സുനിൽ കുമാർ പണം നൽകാനും എന്റെ സംരക്ഷണം ഏറ്റെടുക്കാനും തയ്യാറാവാതെ ഒഴിഞ്ഞു മാറുകയാണ് . എന്റെ പണം തിരികെ ലഭിച്ചാൽ മാത്രമേ ചികിത്സയിലൂടെ എന്റെ ജീവൻ നില നിർത്താൻ സാധിക്കുകയുള്ളു .മാർച്ചു മാസം ചെയ്ത ജോലിയുടെ ശമ്പളമായ 10000 രൂപ എനിക്ക് SNV സദനം വർക്കിങ് വിമൻസ് ഹോസ്റ്റലിൽ നിന്ന് ഇതുവരെ തരാൻ അവർ തയ്യാറായിട്ടില്ല . മാത്രമല്ല ഈ അവസ്ഥയിൽ അവർ യാതൊരു സഹായവും നൽകിയിട്ടുമില്ല

എന്റെ ജീവൻ തന്നെ അപകടത്തിൽ ആയ ഈ ഘട്ടത്തിൽ എനിക്ക് മനുഷ്യാവകാശ പരമായ ചികിത്സയും സംരക്ഷണവും ലഭിക്കാനും, എന്നിൽ നിന്നും സുനിൽകുമാർ തട്ടിയെടുത്ത മൂന്ന് ലക്ഷം രൂപയും, സാധന സാമഗ്രികളും, SNV ഹോസ്റ്റലിൽ ജോലി ചെയ്ത മാർച്ചു മാസത്തെ ശമ്പളമായ 10000 രൂപയും ലഭിക്കുവാനും ഉള്ള സത്വര നടപടി സ്വീകരിക്കണം എന്ന് അപേക്ഷിക്കുന്നു

എന്ന് വിനീതമായി

രത്‌നമ്മ ബി
മൊബൈൽ:8606040365

(രത്‌നമ്മയുടെ അക്കൗണ്ട് നമ്പർ ഇതാണ്. Ratnamma B, Acnt no-644402010001176, Union bank of india, Vattiyoorkavu, IFSC CODE: UBIN0564443. രത്‌നമ്മയെ സഹായിക്കാൻ സുമനസുള്ളവർ ഈ അക്കൗണ്ടിലേക്ക് തുക അയച്ചു നൽകണം.)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP