Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അരിപ്പയിലെ നൂറ്റമ്പത്തോളം കുടുംബങ്ങൾ കടുത്ത പട്ടിണിയിൽ; എട്ടുവർഷമായി തുടരുന്ന ഭൂസമരത്തെ കൊല്ലാൻ ഇറക്കിയത് നെൽകൃഷി വിധ്വംസക പ്രവർത്തനമെന്ന ഉത്തരവ്; നെൽകൃഷി നിരോധിച്ചിരുന്നില്ലെങ്കിൽ ചോറ് വയ്ക്കാനുള്ള അരിയെങ്കിലും ലഭ്യമാകുമായിരുന്നെന്ന് മറുനാടനോട് ശ്രീരാമൻ കൊയ്യോൻ; ലോക്ക് ഡൗൺ കാലത്തും അരിപ്പ സമരക്കാരോട് പക പോക്കി ഇടത് സർക്കാർ

അരിപ്പയിലെ നൂറ്റമ്പത്തോളം കുടുംബങ്ങൾ കടുത്ത പട്ടിണിയിൽ; എട്ടുവർഷമായി തുടരുന്ന ഭൂസമരത്തെ കൊല്ലാൻ ഇറക്കിയത് നെൽകൃഷി വിധ്വംസക പ്രവർത്തനമെന്ന ഉത്തരവ്; നെൽകൃഷി നിരോധിച്ചിരുന്നില്ലെങ്കിൽ ചോറ് വയ്ക്കാനുള്ള അരിയെങ്കിലും ലഭ്യമാകുമായിരുന്നെന്ന് മറുനാടനോട് ശ്രീരാമൻ കൊയ്യോൻ; ലോക്ക് ഡൗൺ കാലത്തും അരിപ്പ സമരക്കാരോട് പക പോക്കി ഇടത് സർക്കാർ

എം മനോജ് കുമാർ

പുനലൂർ: കുളത്തൂപ്പുഴ അരിപ്പയിൽ ഭൂസമരം നടത്തുന്ന നൂറ്റമ്പത്തോളം ഓളം കുടുംബങ്ങൾ കടുത്ത പട്ടിണിയിൽ. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നും വന്നു അരിപ്പയിൽ ഭൂ സമരം നടത്തുന്ന കുടുംബങ്ങളിലെ നാനൂറോളം പേരാണ് ലോക്ക് ഡൗൺ കാലത്ത് പട്ടിണിയിൽ തുടരുന്നത്. ലോക്ക് ഡൗൺ കാലത്ത് കേരളത്തിൽ ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്ന് നാഴികയ്ക്ക് നൂറ്റൊന്നു തവണ മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തി പറയുമ്പോഴും അരിപ്പയിൽ ഉള്ളവർ പട്ടിണിയിൽ തന്നെയാണ്. ഭൂ സമരം നടത്തിയതിന്റെ പേരിൽ ഇവരെ പട്ടിണിക്കിട്ടു പുകച്ചു കൊല്ലാനാണ് ശ്രമിക്കുന്നതെന്നാണ് ഉയരുന്ന ആരോപണം.

ഭക്ഷണമില്ലെന്ന പരാതിയുമായി ഇതര സംസ്ഥാന തൊഴിലാളികൾ റോഡിലിറങ്ങിയപ്പോൾ ഇവരുടെ പട്ടിണി മാറ്റാൻ മത്സരിച്ച് ഭക്ഷ്യസാധനമെത്തിച്ച സർക്കാർ നടപടി മുന്നിൽ നിൽക്കുമ്പോൾ തന്നെയാണ് കേരളീയ കുടുംബങ്ങൾ ആരാലും തിരിഞ്ഞു നോക്കാതെ പട്ടിണിയിൽ തുടരുന്നത്. അറുനൂറോളം കുടുംബങ്ങളാണ് തങ്ങൾ കുഞ്ഞു മുസലിയാരിൽ നിന്ന് സർക്കാർ തിരികെ ഏറ്റെടുത്ത അരിപ്പയിലെ റവന്യൂ ഭൂമിയിൽ സമരം ചെയ്യുന്നത്. ലോക്ക് ഡൗൺ കാലത്ത് പല കുടുംബങ്ങളും തിരികെ വന്നെങ്കിലും ഇവർക്ക് ജില്ലയിൽ പ്രവേശിക്കാൻ ജില്ലാ ഭരണകൂടം തിരികെ അനുമതി നൽകിയില്ല. അതിനാൽ ആ കുടുംബങ്ങൾ തിരികെ പോയി. പക്ഷെ അരിപ്പയിൽ കുടുങ്ങിയവർ പട്ടിണിയിലുമായി. ചെങ്ങറ ഭൂ സമരം ഒത്തുതീർന്നിട്ടും അരിപ്പ ഭൂ സമരം തീർന്നിട്ടില്ല. സിപിഎമ്മിന് രാഷ്ട്രീയ ക്ഷീണമായി നിൽക്കുന്ന സമരമായതിനാലാണ് അരിപ്പ സമരക്കാർക്ക് സഹായമെത്തിക്കാത്തത് എന്നാണ് ലഭിക്കുന്ന സൂചന.

എട്ടു വർഷമായി നിരന്തരം തുടരുന്ന സമരമാണ് അരിപ്പയിലെ ഭൂ സമരം. ഭൂമിയില്ലാത്ത ദളിതർക്കും ആദിവാസികൾക്കും ഭൂമി ലഭ്യമാക്കണമെന്നു പറഞ്ഞു ആരംഭിച്ച സമരമാണ് ഇപ്പോഴും പരിഹാരമില്ലാതെ തുടരുന്നത്. ഏഴുവർഷം മുൻപ് പണിത കുടിലുകളിൽ ഭൂരിഭാഗവും നശിച്ചു. പട്ടിണിയും രോഗവും മൂലം സമരഭൂമിയിലെ ചിലർ അവിടം വിട്ടു. അവശേഷിക്കുന്ന സമരസമിതി പ്രവർത്തകർ ഒരു തുണ്ടു ഭൂമിക്കായി പോരാട്ടം തുടരുകയാണ്. കഴിഞ്ഞ യുഡിഎഫ് സർക്കാരും ഇപ്പോഴത്തെ എൽഡിഎഫ് സർക്കാരും കബളിപ്പിക്കുന്നുവെന്നാണ് ഇവരുടെ ആരോപണം. അതിന്നിടയിൽ തന്നെയാണ് സമരത്തെ ഞെക്കിക്കൊല്ലാനുമുള്ള ശ്രമങ്ങളും നടക്കുന്നത്. നെൽകൃഷി ചെയ്യുന്നത് വിധ്വംസക പ്രവർത്തനമാക്കി സർക്കാർ ഇറക്കിയ ഉത്തരവും ഇതിന്റെ ഭാഗം തന്നെ. അരിപ്പയിലെ സമര ഭൂമിയിൽ നെൽകൃഷി ചെയ്യുന്നത് വിധ്വംസക പ്രവർത്തനമായി പ്രഖ്യാപിച്ച് 2017 നവംബർ 16 നു 'ചരിത്ര പ്രസിദ്ധമായ' ഒരു ഉത്തരവ് സർക്കാർ ഇറക്കുന്നത്. ഈ ഉത്തരവ് നിലനിൽക്കുന്നതിനാൽ ഇവർ തങ്ങുന്ന ഭൂമിയിൽ നെൽകൃഷി ചെയ്യാനും ഇവർക്ക് സാധിക്കുന്നില്ല. 2017 വരെ ഈ ഭൂമിയിൽ ഇവർ നെൽകൃഷി ചെയ്തിരുന്നു. നെൽകൃഷി വഴി ഇവർക്ക് ഭക്ഷ്യധാന്യം ലഭ്യമാകാൻ തുടങ്ങിയപ്പോഴാണ് നെൽകൃഷി വിധ്വംസക പ്രവർത്തനമായി പ്രഖ്യാപിച്ച് അരിപ്പയിൽ സർക്കാർ ഉത്തരവ് ഇറക്കിയത്. ഇതോടെ ഇവരുടെ അന്നവും മുട്ടി.

നെൽകൃഷി നിയമവിരുദ്ധം എന്ന ഉത്തരവ് സർക്കാർ ഇറക്കിയിരുന്നെങ്കിൽ ഈ ലോക്ക് ഡൗൺ കാലത്ത് തങ്ങൾക്ക് ചോറ് വയ്ക്കാനുള്ള അരിയെങ്കിലും ലഭ്യമാകുമായിരുന്നെന്നാണ് അരിപ്പ സമര പ്രവർത്തകർ മറുനാടനോട് പറഞ്ഞത്. നെൽകൃഷി വിധ്വംസക പ്രവർത്തനം എന്ന് ഏതെങ്കിലും സർക്കാർ ഉത്തരവിറക്കുമോ? കീഴാളർക്കും ആദിവാസി വിഭാഗങ്ങൾക്കും ഒപ്പം നിൽക്കുന്നു എന്ന് അവകാശപ്പെടുന്ന ഇടത് സർക്കാരിന്റെതാണ് ഈ ഉത്തരവ്-അരിപ്പ ഭൂസമരക്കാർ ചൂണ്ടിക്കാട്ടുന്നു. സമാധാന അന്തരീക്ഷത്തെ തകർക്കും വിധം വിധ്വംസക പ്രവർത്തനങ്ങളാണ് അരിപ്പയിൽ നടക്കുന്നത്. സർക്കാർ ഭൂമി കയ്യേറി ലാഭേച്ഛയോടെ നടത്തുന്ന അരിപ്പയിലെ നെൽകൃഷി നിയമവിരുദ്ധമാണ്. അതിനാൽ സ്ഥലത്തെ കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും നിരോധിക്കുന്നു എന്നാണ് ഉത്തരവിൽ ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്. ഇതൊക്കെ തന്നെ അരിപ്പ സമരക്കാരെ അരിശം കൊള്ളിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സാമൂഹിക അടുക്കളയിൽ ഇവർ ഭക്ഷണം തേടിയിട്ടില്ല. ഞങ്ങൾക്ക് കുടിലുണ്ട്. ഏഴു വർഷമായി ഈ ഭൂമിയിലാണ് ജീവിതം. ഞങ്ങൾ ഇവിടെ പാകം ചെയ്ത് ഭക്ഷണം കഴിക്കും. അതിനു സൗജന്യ റേഷൻ ഞങ്ങൾക്കും ലഭ്യമാക്കണം-ഇവർ ആവശ്യപ്പെടുന്നു. ഈ ആവശ്യം മുന്നിൽ നിൽക്കുന്നതിനാൽ പട്ടിണിയായിട്ടും സാമൂഹിക കിച്ചണിൽ നിന്ന് ഇവർ ഭക്ഷണം തേടിയിട്ടില്ല.

നെൽകൃഷി നിരോധിച്ചതോടെ അന്നം മുട്ടി. ഇതോടെ വരുമാനം കണ്ടെത്താൻ ഇവർ കുട നിർമ്മാണവും ചൂല് നിർമ്മാണവും നടത്തുകയാണ്. ഓഫ് സീസൺ ആയതിനാൽ കുട വാങ്ങാൻ ആളില്ല. പത്തും പന്ത്രണ്ടും മണിക്കൂർ നേരം ജോലി ചെയ്തുണ്ടാക്കുന്ന ചൂലുകൾക്ക് ലഭിക്കുന്നത് ഇരുപത്തിയഞ്ചു രൂപയാണ്. ലോക്ക് ഡൗൺ കാലമായതിനാൽ ഇവർക്ക് ചൂല് വിൽക്കാൻ പുറത്തിറങ്ങാൻ കഴിയുന്നുമില്ല. ഇതോടെയാണ് ഇവർ പട്ടിണിയിൽ മുങ്ങിയത്. ഇപ്പോൾ ലോക്ക് ഡൗൺ മൂന്നാഴ്ച പിന്നിടുമ്പോഴും അരിപ്പ ഭൂ സമരക്കാരെ സർക്കാർ തിരിഞ്ഞു നോക്കിയിട്ടില്ല. ചെങ്ങറ ഭൂ സമരക്കാർക്ക് ഭക്ഷണകിറ്റുകളും സൗജന്യ റേഷനും ലഭ്യമാക്കിയത് ഇതേ സർക്കാരാണ്. ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ടു സമരം ചെയ്തവർക്കും സഹായം ലഭ്യമായി. പക്ഷെ അരിപ്പയിൽ ഉള്ളവർക്ക് ഒന്നുമില്ല. ഭരണമുന്നണി പാർട്ടികളായ സിപിഎമ്മും സിപിഐയും വ്യത്യസ്തകാരണങ്ങളാൽ അരിപ്പ ഭൂസമരക്കാർക്ക് എതിരാണ്. അതിനാൽ അരിപ്പ ഭൂസമരക്കാരെ ലോക്ക് ഡൗൺ കാലത്ത് പട്ടിണിക്കിട്ട് പുകച്ചു കൊല്ലാനാണ് ശ്രമം നടക്കുന്നത്.

വനംവകുപ്പ് മന്ത്രി കെ.രാജുവിന്റെ നിയോജകമണ്ഡലത്തിൽപ്പെട്ടവരാണ് ലോക്ക് ഡൗൺ കാലത്ത് അക്ഷരാർത്ഥത്തിൽ പട്ടിണിയിലായത്. ചില കുടുംബങ്ങളിൽപ്പെട്ടവർക്ക് റേഷൻ ലഭിക്കുന്നതിനാൽ ഇവർ വാങ്ങുന്ന റേഷൻ പങ്കിട്ടാണ് നിലവിൽ ഇവരുടെ ജീവിതം മുന്നോട്ടു പോകുന്നത്. ഇടവിട്ട ദിവസങ്ങളിൽ മാത്രം അടുപ്പ് പുകച്ച് ഭക്ഷണം കഴിച്ചാണ് ഇവർ ജീവൻ നിലനിർത്തുന്നത്. ഇവരുടെ പട്ടിണി ശ്രദ്ധയിൽ വന്നതിനെ തുടർന്നു താലൂക്ക് സപ്ലൈ ഓഫീസറെയും ആർഡിഒയും ചുമതലപ്പെടുത്തി കെ.രാജു ഉത്തരവ് ഇറക്കിയെങ്കിലും പിന്നീടും ഒരു സഹായവും ഇവർക്ക് ലഭ്യമായില്ല. ബിഡിഒവിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം അവിടെ എത്തി വിവരങ്ങൾ തിരക്കിയെങ്കിലും മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ ഓർഡർ വേണമെന്നാണ് പിന്നീട് അധികൃതർ അറിയിച്ചത്. എന്തിനാണ് സൗജന്യ റേഷന് സ്‌പെഷ്യൽ ഓർഡർ എന്നത് ഇവർക്ക് ഇനിയും മനസിലായിട്ടുമില്ല. അരിപ്പയിലെ നെൽകൃഷി വിധ്വംസക പ്രവർത്തനം എന്ന് പറഞ്ഞു ഉത്തരവിട്ട തഹസിൽദാരാണ് ഇപ്പോൾ പുനലൂർ ആർഡിഒ. ഇദ്ദേഹത്തിന്റെ കാലത്ത് അരിപ്പയിലെ ഭൂ സമരക്കാർ പട്ടിണി കിടന്നു മരിച്ചാലും ആരെങ്കിലും തിരിഞ്ഞു നോക്കുമോ എന്നാണ് ഈ സമരത്തെ ഇപ്പോഴും നയിക്കുന്ന ആദിവാസി ദലിത് മുന്നേറ്റ സമര സമിതി നേതാവ് ശ്രീരാമൻ കൊയ്യോൻ മറുനാടനോട് ചോദിച്ചത്. സിപിഎം, സിപിഐ ചെയ്യാത്ത സമരങ്ങൾ ഒന്നും സമരമല്ല. സർക്കാരിനെതിരായി സമരം ചെയ്യുന്നവരാണെങ്കിൽ അവർ പട്ടിണി കിടന്നു മരിച്ചോട്ടെ എന്നാണോ സർക്കാർ നിലപാട്-ശ്രീരാമൻ കൊയ്യോൻ ചോദിക്കുന്നു.



2012 ഡിസംബറിലാണ് ഭൂമി ആവശ്യപ്പെട്ട് ദളിതരും ആദിവാസികളും കളത്തൂപ്പുഴക്ക് സമീപം അരിപ്പയിൽ സമരം തുടങ്ങിയത് ഓരോ കുടുംബത്തിനും ഒരേക്കർ കൃഷി ഭൂമി എന്നായിരുന്നു ആവശ്യം. 2000 കുടുംബങ്ങളാണ് ഇവിടെ സമരംനടത്തിയിരുന്നത്. എട്ടു വർഷമായി നടക്കുന്ന സമരം ഇതുവരെ തീർപ്പായിട്ടില്ല. അരിപ്പയിൽ ഈ സർക്കാർ ഭൂമി 99 വർഷം പാട്ടത്തിനു കൊടുത്ത ശേഷം തങ്ങൾ കുഞ്ഞ് മുസലിയാറിൽ നിന്നുമാണ് തിരിച്ചെടുത്തത്. തിരിച്ചെടുത്ത ഭൂമിയിൽ ഏതാനും ഏക്കർ ഭൂമി അംബേദ്കർ മോഡൽ റെസിഡെൻഷ്യൽ സ്‌കൂളിനും, 21 ഏക്കർ ഭൂമി ഒരേക്കർ വീതം ചെങ്ങറയിൽ സമരം ചെയ്ത ആദിവാസി കുടുംബങ്ങൾക്കും നൽകിയിട്ടുണ്ട്. ശേഷിക്കുന്ന ഭൂമി ആർക്കും വിതരണം ചെയ്തിട്ടില്ല.

 

മാറിമാറിവന്ന സർക്കാരുകൾ നാളിതുവരെ ഒരു സെന്റ്ഭൂമി പോലും ആർക്കും നൽകിയിട്ടില്ല. ഈ ഭൂ സമരം തുടർന്നു കൊണ്ടിരിക്കുമ്പോൾ സമരം പൊളിക്കാനാണ് സർക്കാരും രാഷ്ട്രീയപാർട്ടികളും ശ്രമിക്കുന്നത്. ഭക്ഷണമെത്തിക്കാതെ ഞെക്കിക്കൊല്ലാൻ ശ്രമിക്കുന്നതും ഇതിന്റെ ഭാഗം തന്നെ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP