Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏഴാം വയസ്സിൽ നിശ്ചയം കഴിഞ്ഞെങ്കിലും 13വയസുള്ള മോഹൻദാസിനെ കസ്തൂർബ വിവാഹം കഴിക്കുന്നത് 14ാം വയസ്സിൽ; ഗാന്ധിജിയുടെ പിടിവാശിയിൽപ്പെട്ട് എല്ലാ ഭൗതിക സുഖങ്ങളും ഉപേക്ഷിച്ചുകൊണ്ടുള്ള ജീവിതം; മക്കൾപോലും മഹാത്മാവിനെ തള്ളിപ്പറഞ്ഞപ്പോഴും നിഴൽപോലെ കൂടെനിന്നു; പ്രകൃതി ചികിത്സയിൽ അന്ധമായി വിശ്വസിച്ച ഗാന്ധിജി പെനിസിലിൻ നിഷേധിച്ചതുകൊണ്ട് മരണവും; ഒരു ജന്മദിനംകൂടി കടന്നുപോകുമ്പോൾ കസ്തൂർബാ ഗാന്ധിയുടെ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം

ഏഴാം വയസ്സിൽ നിശ്ചയം കഴിഞ്ഞെങ്കിലും 13വയസുള്ള മോഹൻദാസിനെ കസ്തൂർബ വിവാഹം കഴിക്കുന്നത് 14ാം വയസ്സിൽ; ഗാന്ധിജിയുടെ പിടിവാശിയിൽപ്പെട്ട് എല്ലാ ഭൗതിക സുഖങ്ങളും ഉപേക്ഷിച്ചുകൊണ്ടുള്ള ജീവിതം; മക്കൾപോലും മഹാത്മാവിനെ തള്ളിപ്പറഞ്ഞപ്പോഴും നിഴൽപോലെ കൂടെനിന്നു; പ്രകൃതി ചികിത്സയിൽ അന്ധമായി വിശ്വസിച്ച ഗാന്ധിജി പെനിസിലിൻ നിഷേധിച്ചതുകൊണ്ട് മരണവും; ഒരു ജന്മദിനംകൂടി കടന്നുപോകുമ്പോൾ കസ്തൂർബാ ഗാന്ധിയുടെ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: എപ്രിൽ 11 ഇന്ത്യ മറന്നപോയ ഒരു വിശിഷ്ട വ്യക്തിത്വത്തിന്റെ ജന്മദിനമായിരുന്നു. ഗാന്ധിജിയുടെ പത്നി കസ്തൂർബാ ഗാന്ധിയുടേത്. 1869 ഏപ്രിൽ 11 -ന് ജനിച്ച് 1944 ഫെബ്രുവരി 22 -ന് മരിച്ച അവർ ഇന്ത്യൻ സ്വാതന്ത്രസമരത്തിലടക്കം പിന്നണിയിൽനിന്നുകൊണ്ട് വലിയ പങ്കു വഹിച്ചിട്ടുണ്ട്. പക്ഷേ കോൺഗ്രസുകാർപോലും അവുടെ ജന്മദിനമോ ചരമദിനമോ ഓർക്കാറില്ല. കസ്തൂർബാ ഗാന്ധിയുടെ ജീവിത സംഘർഷങ്ങളെപ്പറ്റി ഗിരിരാജ് കിഷോർ എഴുതി രാജ്കമൽ പ്രസാധൻ പ്രസിദ്ധപ്പെടുത്തിയ 'ബാ' എന്നൊരു പുസ്തകമുണ്ട്. ഇതുവായിച്ചാൽ ആ സ്ത്രീ ഇന്ത്യയുടെ സ്വാതന്ത്രത്തിന് കൊടുക്കേണ്ടി വന്ന വില എത്രയാണെന്ന് മനസ്സിലാവും. പ്രൊഫ. സ്റ്റാൻലി വോൾപാർട്ട് തന്റെ 'ഗാന്ധീസ് പാഷൻ - ഹിസ് ലൈഫ് ആൻഡ് ലെഗസി ' എന്ന പുസ്‌കത്തിലും കസ്തുർബയുടെ സഹനകഥ ഉടനീളം പറയുന്നത്.

ജീവിതത്തിൽ സന്തോഷം അറിഞ്ഞിട്ടില്ലാത്ത സ്ത്രീ

1869 ഏപ്രിൽ 11 -ന് ജനിച്ച് 1944 ഫെബ്രുവരി 22 -ന് മരിക്കും വരെ അവർ സന്തോഷമെന്തെന്നറിഞ്ഞിട്ടില്ല പ്രൊഫ. സ്റ്റാൻലി വോൾപാർട്ട് തന്റെ പുസ്തകത്തിൽ പറയുന്നത്.പോർബന്തറിലെ അറിയപ്പെടുന്ന കച്ചവടക്കാരനായിരുന്നു കസ്തൂർബായുടെ അച്ഛൻ ഗോകുൽദാസ്. രാഷ്ട്രീയത്തിലും സജീവമായിരുന്ന അദ്ദേഹം അന്ന് പോർബന്തറിലെ മേയറും ആയിരുന്നു. അന്ന് പോർബന്തറിലെ ദിവാനായിരുന്ന കരംചന്ദിന്റെ കുടുംബവുമായും അദ്ദേഹം നല്ല അടുപ്പം കാത്തുസൂക്ഷിച്ചിരുന്നു. അങ്ങനെയുള്ളൊരു നല്ല സൗഹൃദത്തെ ബന്ധുത്വമാക്കി മാറ്റാനാണ് അദ്ദേഹം 1883 മെയ്മാസത്തിൽ, തന്റെ പതിനാലുവയസ്സുള്ള മകൾ കസ്തൂർബായെ കരംചന്ദിന്റെ പതിമൂന്നുകാരൻ മകൻ മോഹൻദാസിനെക്കൊണ്ട് വിവാഹം കഴിപ്പിക്കുന്നത്. ഏഴാം വയസ്സിൽ തന്നെ നിശ്ചയം കഴിഞ്ഞെങ്കിലും അവരെ ഒന്നിച്ചു പാർപ്പിച്ചത് കസ്തൂർബാ ഋതുമതിയായ ശേഷം മാത്രമാണ്.

വിവാഹത്തിന്റെ ആദ്യനാളുകളിൽ കസ്തൂർബാ മോഹൻദാസിനെ തന്റെ ചേലത്തുമ്പിൽ നട്ടം തിരിച്ചിരുന്നു എന്നാണ് ബാ എന്ന പുസ്തകത്തിൽ ഗിരിരാജ് കിഷോർ പറയുന്നത്. തന്റെ ഭർത്താവിന്റെ ശാഠ്യങ്ങൾക്കൊന്നും അവൾ വഴങ്ങിക്കൊടുക്കുമായിരുന്നില്ല. തെളിഞ്ഞ പ്രജ്ഞയും സ്ഥിതബുദ്ധിയുമുള്ള ഒരു ചെറുപ്പക്കാരിയുടെ പ്രതിഷേധങ്ങളെ ഗാന്ധി തന്റെ ആത്മകഥയുടെ ആദ്യഭാഗങ്ങളിൽ രേഖപ്പെടുത്തുന്നുണ്ട്. വിവാഹം കഴിഞ്ഞ് ആദ്യത്തെ കുഞ്ഞു ജനിച്ച ശേഷം താമസിയാതെ മോഹൻദാസ് ബാരിസ്റ്റാറാവാൻ പഠിക്കാൻ വേണ്ടി ഇംഗ്ലണ്ടിലേക്കും തുടർന്ന് പരിശീലനത്തിനായി ദക്ഷിണാഫ്രിക്കയിലേക്കും പോയപ്പോൾ കസ്തൂർബായെ നാട്ടിൽ തനിച്ചാക്കിയാണ് പോയത്. ഒക്കത്തൊരു കുഞ്ഞുമായി അക്കാലമത്രയും അവർ ഒറ്റയ്ക്ക് കഴിഞ്ഞു. എഴുത്തും വായനയും വശമില്ലാതിരുന്നതിനാൽ ഭർത്താവുമായി സമ്പർക്കം നടത്താനുള്ള യാതൊരുപാധിയും ഉണ്ടായിരുന്നില്ലവർക്ക്. തികച്ചും ഏകാന്തത നിറഞ്ഞൊരു കാലം.

പിൽക്കാലത്ത് ഗാന്ധിജി ഇന്ത്യയിലേക്ക് തിരിച്ചു പോന്നു. സ്വാതന്ത്ര്യ സമരത്തിന്റെ മുൻനിരയിൽ വന്നപ്പോൾ അദ്ദേഹത്തോടൊപ്പം മുൻ നിരയിൽ നിന്ന് പോരാടി കസ്തൂർബായും. പലകുറി ജയിൽവാസം അനുഷ്ടിച്ചു അവരും. ഗാന്ധിജിയോടൊപ്പം പലവുരു ഉപവസിച്ചു. പൊലീസുകാരുടെ മർദ്ദനമേറ്റു. തന്റെ ഭർത്താവിന്റെ കിറുക്കോളം പോവുന്ന പല ശാഠ്യങ്ങൾക്കും കൂട്ടുനിന്നു. ഏറെക്കാലം അദ്ദേഹം ബ്രഹ്മചര്യം അനുഷ്ഠിച്ചപ്പോൾ ഒരു മുറുമുറുപ്പും കൂടാതെ അവർ അതിനോടു പോലും സഹകരിച്ചു. ചരിത്രം ഇന്നും ഗാന്ധിജിയുടെ വാഴ്‌ത്തുപാട്ടുകൾ മാത്രം ഉരുക്കഴിക്കുമ്പോൾ കസ്തൂർബാ വെറും ഒരു നിഴൽ മാത്രം

പിടിവാശിയിൽ അലിഞ്ഞ ജീവിതം

ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്നും തിരിച്ചു പോരുന്ന കാലത്തെപ്പറ്റിയുള്ള വിവരണങ്ങളുണ്ട്. ആഫ്രിക്കയിൽ ദീർഘകാലം വസിച്ച ശേഷം അവിടെ നിന്നും തിരിച്ചുപോരാൻ കസ്തൂർബായ്ക്ക് മടി തോന്നിയിരുന്നെങ്കിലും ജന്മനാട്ടിലേക്ക് തന്റെ ബന്ധുമിത്രാദികളുടെ ഇടയിലേക്ക് തിരിച്ചു പോരുന്നതിൽ ആശ്വാസവും ഉണ്ടായിരുന്നു. ആഫ്രിക്കയിലിരിക്കെ പലവകയായിപ്പോയ മക്കളുടെ വിദ്യാഭ്യാസവും ഒന്ന് നേർവഴിയാക്കാം നാട്ടിലെത്തിയാൽ എന്നവർ ആശ്വസിച്ചു. ഗാന്ധിജിക്ക് വൻ യാത്രയയപ്പു തന്നെ നൽകി അദ്ദേഹം ബാരിസ്റ്ററായിരുന്ന ആഫ്രിക്കയിലെ സൗഹൃദസംഘം. ഒരുപാട് സമ്മാനങ്ങളും കിട്ടി. അക്കൂട്ടത്തിൽ കസ്തൂർബായ്ക്ക് കുറച്ചു സ്വർണ്ണാഭരണങ്ങളും. അവർക്ക് വളരെ സന്തോഷമായി. ഭർത്താവാണെങ്കിലും ഇന്നോളം ഒരു ആഭരണം പോലും വാങ്ങിക്കൊടുത്തിട്ടില്ല. ഭർത്താവിനെ സ്നേഹിക്കുന്ന ഒരു സമൂഹം വഴി തന്റെ ആഗ്രഹപൂർത്തിക്ക് അവസരം വന്നതിൽ അവർ അത്യന്തം ആഹ്ലാദിച്ചു.

പലവുരു കണ്ണാടിക്കു മുന്നിൽ നിന്നവർ ആ പണ്ടങ്ങൾ അണിഞ്ഞു ഭംഗി നോക്കി. എന്നാൽ, സ്വീകരണമുറിയിൽ ഒരാൾ വെരുകിനെപ്പോലെ രാത്രി വെളുക്കുവോളം ഉലാത്തുന്നുണ്ടായിരുന്നു. മറ്റാരുമല്ല, ഗാന്ധിജി എന്ന മഹാ ആദർശവാൻ. ഇത്രയും വിലപിടിപ്പുള്ള ആഭരണങ്ങൾ തന്റെ ഭാര്യയ്ക്കു സമ്മാനം കിട്ടിയതാണെങ്കിലും എങ്ങനെ സ്വീകരിക്കും നാട്ടുകാർ എന്ത് പറയും എന്നൊക്കെയുള്ള വേവലാതികളായിരുന്നു മനസ്സിൽ. ഒടുവിൽ ആ ആദർശധീരൻ ഒരു തീരുമാനത്തിലെത്തി. തന്റെ പാർട്ടിയോടും പാർട്ടിപ്രവർത്തനങ്ങളോടും ജനങ്ങൾക്കുള്ള മതിപ്പാണ് ആഭരണങ്ങളുടെ രൂപത്തിൽ പ്രകടിപ്പിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് അതിന്റെ യഥാർത്ഥ അവകാശി തന്റെ ഭാര്യയല്ല. തന്റെ പ്രവർത്തനങ്ങളുടെ കർമ്മ ഭൂമിയായ, നാറ്റാൽ ഇന്ത്യൻ കോൺഗ്രസ്സിന്റെ പേരിൽ ഒരു ട്രസ്റ്റ് രൂപീകരിച്ച് അതിനു കൈമാറും. തീരുമാനം വന്നതോടെ ഗാന്ധിജിയുടെ ഉള്ളിലെ സംഘർഷം അയഞ്ഞു.

അദ്ദേഹം രാവിലെ തന്നെ മക്കളായ ഹരിലാലിനെയും മണിലാലിനെയും വിളിച്ച് കാര്യം പറഞ്ഞു. അവർക്ക് പെട്ടെന്ന് കാര്യം മനസ്സിലായി. അവർ ഗാന്ധിജിയെ അനുകൂലിച്ചു. അമ്മയോട് സംസാരിക്കാം എന്നവർ പറഞ്ഞു. അവരെയും കൂട്ടി അദ്ദേഹം കസ്തൂർബായുടെ അടുത്തുചെന്നു. ആവശ്യമറിയിച്ചപ്പോൾ കസ്തൂർബാ പിണങ്ങി.. പ്ക്ഷേ ഗാന്ധിജി വഴങ്ങിയില്ല.

എനിക്ക് സമ്മാനം കിട്ടിയ ആഭരണങ്ങൾ ഒരെണ്ണം പോലും ഞാൻ ആർക്കും വിട്ടുതരില്ല..' കസ്തൂർബ അരിശം മൂത്തു പറഞ്ഞു. ' ബാ... ഇത് നിനക്ക് തന്നതല്ല അവർ.. എന്റെ പ്രവർത്തനങ്ങളിൽ സന്തുഷ്ടരായ അവർ നിനക്ക് സമ്മാനം തന്ന് എന്നെ പ്രീതിപ്പെടുത്താൻ നോക്കിയതാണ്.. ' ' അപ്പോൾ നിങ്ങളുടെ പിന്നാലെ അഹോരാത്രം നടന്ന് ഞാൻ നടത്തുന്ന പ്രയത്നങ്ങളോ.. ? അതിനൊന്നും ഒരു വിലയുമില്ലേ.? 'അതൊന്നും എനിക്കറിയില്ല.. ഈ ആഭരണങ്ങളൊക്കെ എന്റെ സേവനങ്ങൾക്ക് കിട്ടിയതാണ്.. നീ അടുക്കളയിൽ പാത്രം മോറിയതിനല്ല..'

ഗാന്ധിജിയുടെ ആ പരാമർശം കസ്തൂർബായെ വല്ലാതെ നോവിച്ചു.. തേങ്ങലടക്കിക്കൊണ്ട് അവർ പറഞ്ഞു 'നിങ്ങളുടെ സേവനങ്ങൾ വിശ്വം മുഴുക്കെ അറിയപ്പെടും.. എന്റെ സേവനങ്ങൾക്ക് പുല്ലുവില.. നിങ്ങളുടെ പിന്നാലെ രാവും പകലും നിങ്ങൾ പോവുന്നിടമെല്ലാം വന്ന് ഞാനും ചെയ്തിട്ടുണ്ടായിരുന്നല്ലോ കുറെ സേവ.. അതൊന്നും കണക്കിൽ വരില്ല അല്ലെ..? ' കസ്തൂർബായുടെ ആ ചോദ്യത്തിന് മുന്നിൽ ഗാന്ധിജിക്ക് ഒരു നിമിഷം ഉത്തരം മുട്ടിപ്പോയി..

അവർ പിന്നീട് അതേപ്പറ്റി ഒന്നും പറയാൻ നിന്നില്ല. കസ്തൂർബായുടെ മൗനം സമ്മതമെന്നു കണക്കാക്കി അടുത്ത ദിവസം തന്നെ ഗാന്ധിജി സമ്മാനമായിക്കിട്ടിയ ആഭരണങ്ങളെല്ലാം കൊണ്ടുപോയി ട്രസ്റ്റിൽ നിക്ഷേപിച്ചു. ആ വിജയം ഗാന്ധിജിയുടെ വിജയമല്ലായിരുന്നു. അദ്ദേഹത്തിന്റെ പിടിവാശിയുടെ വിജയമായിരുന്നു.

മക്കളുമായി ഗാന്ധിജി പിണങ്ങുമ്പോൾ

അടിച്ചേൽപ്പിച്ച ദാരിദ്രവും വിലക്കുകളും കാരണം മക്കളോടൊക്കെ പിണക്കത്തിലും നീരസത്തിലുമായിരുന്നു ഗാന്ധിജി. ആദ്യപുത്രൻ ഹരിലാൽ ഗാന്ധി ദീർഘകാലം ഗാന്ധിജിയുമായി സംസാരിക്കുക പോലും ഇല്ലായിരുന്നു. ഗാന്ധിജിക്ക് നമ്മളെല്ലാമറിയുന്ന അഹിംസയുടെയും ലാളിത്യത്തിന്റെയുമൊക്കെ ഫക്കീർ കാലത്തിനു മുമ്പൊരു പൂർവാശ്രമമുണ്ടായിരുന്നല്ലോ. സമ്പത്തിന്റെയും ധാരാളിത്തത്തിന്റെയും ഒരു ഭൂതകാലം. ആ നല്ലകാലത്ത് ഈ ഭൂമിയിലേക്ക് കാലെടുത്തുവച്ചവനായിരുന്നു ഹരിലാൽ. എല്ലാ സുഖസൗകര്യങ്ങളും നുകർന്നുകൊണ്ടുള്ള ഒരു ശൈശവമായിരുന്നു അവന്റേത്. എല്ലാം നല്ല വെടിപ്പിന് പൊയ്ക്കൊണ്ടിരിക്കെയാണ് ഹരിലാലിന്റെ അച്ഛനെ സത്യാഗ്രഹത്തിന്റെ അസ്‌കിത പിടികൂടുന്നത്. അതോടെ, അവന്റെ കാര്യങ്ങളൊക്കെ അവതാളത്തിലായി. നേരാംവണ്ണം സ്‌കൂളിൽ പോയി പഠിച്ചോണ്ടിരുന്ന കുഞ്ഞിനെ അവിടത്തെ കൂട്ടുകാരിൽ നിന്നും വേർപ്പെടുത്തി വീട്ടിലിരുത്തി അച്ഛൻ തന്നെ പഠിപ്പിക്കാൻ തുടങ്ങി. ഹരിലാൽ സ്വാദ്ധ്വാനം കൊണ്ട് ബ്രിട്ടനിൽ പോയി ഉപരിപഠനം നടത്താനുള്ള ഫുൾബ്രൈറ്റ് സ്‌കോളർഷിപ്പും നേടി വീട്ടിൽ സന്തോഷ വർത്തമാനം അറിയിക്കാൻ ചെന്നപ്പോൾ അച്ഛൻ സമ്മതിച്ചില്ല പോവാൻ.

'ധനികനായ തന്റെ മകനല്ല, ഇത് കിട്ടേണ്ടതും അനുഭവിക്കേണ്ടതും പാവപ്പെട്ട ഏതെങ്കിലും വിദ്യാർത്ഥിയാണ്' എന്നും പറഞ്ഞ് ഹരിലാലിനെ പോവാൻ അനുവദിച്ചില്ല ഗാന്ധിജി. ഇതിനൊക്കെപ്പുറമെ വേറെയും കാര്യങ്ങളുണ്ടായി. കസ്തൂർബായ്ക്ക് ആഫ്രിക്കയിൽ തന്നെ തുടരാനായിരുന്നു ആഗ്രഹം. ഗാന്ധിജിയാണെങ്കിൽ നാട്ടിലേക്ക് തിരിച്ചു വന്ന് ജന്മനാടിനെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കാനുള്ള തിടുക്കത്തിലും. ഒടുവിൽ, ഗാന്ധിജിയുടെ പിടിവാശി തന്നെ വിജയിച്ചു എന്നും കസ്തൂർബായ്ക്ക് തന്റെ ഇഷ്ടങ്ങളെ ബലികഴിക്കേണ്ടി വന്നു എന്നും പ്രത്യേകിച്ചു പരാമർശിക്കേണ്ടതില്ലല്ലോ. ഇത്രയും ആയപ്പോൾ തന്നെ ഹരിലാൽ തന്റെ അച്ഛനിൽ നിന്നും ഒരുപാട് അകന്നു കഴിഞ്ഞു. മനസാ അദ്ദേഹത്തെ വെറുക്കാൻ തുടങ്ങിയിരുന്നു. അച്ഛന്റെയും മകന്റെയും ഈ കണ്ണിൽ കണ്ടുകൂടായ്കയ്ക്കിടയിൽ പെട്ട് അനുഭവിച്ചതത്രയും പാവം കസ്തൂർബാ എന്ന അമ്മയും ഭാര്യയുമായിരുന്നു എന്നുമാത്രം.

സമൂഹം അടിച്ചേൽപ്പിച്ചിരുന്ന വിലക്കുകളെ എല്ലാം തകർത്തെറിയാൻ പ്രതിജ്ഞ ചെയ്തു നടപ്പായിരുന്നു ഗാന്ധിജി അക്കാലത്ത്. ജാതിഭേദത്തിന്റെ അനാചാരങ്ങളെ നിർമ്മാർജ്ജനം ചെയ്യാനുള്ള പ്രവർത്തനങ്ങളിൽ മുഴുകി അദ്ദേഹം. കസ്തൂർബാ ഇതിലൊക്കെയും അദ്ദേഹത്തിന്റെ കൂടെത്തന്നെ നിന്നിരുന്നെങ്കിലും പലപ്പോഴും അവർക്കിടയിൽ അഭിപ്രായഭിന്നതകളും ഉടലെടുത്തിരുന്നു. ഗാന്ധിജി തന്റെ ഒഡീഷാ സന്ദർശനത്തിന് ചെന്ന കാലം. ഗാന്ധിജിക്ക് അന്ന് മഹാദേവ് ദേശായി എന്നൊരു സെക്രട്ടറിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പത്നി കസ്തൂർബായുമായി ചേർന്ന് ഒരു പ്ലാനിട്ടു. പുരി ജഗന്നാഥ ക്ഷേത്രത്തിൽ ദർശനം നടത്തണം. പക്ഷേ, ഗാന്ധിജി അതിന് താത്വികമായി എതിരായിരുന്നു. അന്ന് അവിടെ ദളിതർക്ക് പ്രവേശനമില്ലായിരുന്നു. അങ്ങനെ ദളിതർക്ക് മാത്രം അയിത്തം കല്പിക്കുന്ന ഒരു ക്ഷേത്രത്തിൽ നമ്മളും ദർശനം നടത്തേണ്ടതില്ല എന്ന് ഗാന്ധിജി കസ്തൂർബായെ വിലക്കിയിരുന്നു. കസ്തൂർബാ തന്റെ ഭാര്യയെയും പറഞ്ഞു വിലക്കുമായിരുന്നു എന്ന് മഹാദേവ് ദേശായി പ്രതീക്ഷിച്ചു. എന്നാൽ സംഭവിച്ചതാവട്ടെ നേർവിപരീതമായിരുന്നു. കസ്തൂർബായും ദേശായിയുടെ ഭാര്യയും കൂടി ക്ഷേത്രത്തിൽ ദർശനം നടത്തി.

സംഭവം ഗാന്ധിജി അറിഞ്ഞു. അദ്ദേഹം അതീവ ക്രുദ്ധനായി. തനിക്ക് വലിയ മനസികാഘാതം ആ സംഭവം നിമിത്തം ഉണ്ടായി എന്ന് അദ്ദേഹം തുറന്നു പറഞ്ഞു. അദ്ദേഹത്തിന്റെ അനുയായികൾ സംഭവത്തെ ലഘൂകരിച്ച് പ്രശ്നം പരിഹരിക്കാനൊരു പരിശ്രമം നടത്തി. അത് ഗാന്ധിജിയെ കൂടുതൽ കുപിതനാക്കി. അദ്ദേഹത്തെക്കുറിച്ചുള്ള ചില രേഖകളിൽ കാണുന്നത്, അന്ന് ഇപ്പേരും പറഞ്ഞ് അദ്ദേഹം തന്റെ ഭാര്യയെ മർദ്ദിച്ചു എന്നാണ്. ഗാന്ധിജിയുടെ ദേഷ്യം ന്യായമായിരുന്നു. തന്റെ സഹജീവികളോട് അയിത്തം കാണിക്കുന്നിടത്ത് തന്റെ ഭാര്യ വിരുന്നിനുപോയത് അദ്ദേഹത്തിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അന്ന് നടന്ന കോലാഹലങ്ങൾക്കൊടുവിൽ മഹാദേവ് ദേശായി ഇങ്ങനെ പറഞ്ഞു, 'ഗാന്ധിജിയുടെ സെക്രട്ടറിയാവുക എത്രയെളുപ്പം.. അദ്ദേഹത്തിന്റെ ഭാര്യയായി തുടരുക എന്നതാണ് ലോകത്തിലേക്ക് വെച്ച് ഏറ്റവും ദുഷ്‌കരമായ തൊഴിൽ.

ചികിത്സ നിഷേധിക്കപ്പെട്ട് മരണം

ക്വിറ്റ് ഇന്ത്യാ സമരം കൊടുമ്പിരിക്കൊണ്ടു നടക്കുന്ന കാലം. 1942 ഓഗസ്റ്റ് 15 -ന് തീർത്തും അപ്രതീക്ഷിതമായി, മഹാദേവ് ദേശായിക്ക് അതി ശക്തമായ നെഞ്ചുവേദന വരികയും, ഹൃദയാഘാതം വന്ന് അദ്ദേഹം മരിച്ചുപോവുകയും ചെയ്തു. ഇത് കസ്തൂർബായ്ക്ക് വലിയ ഷോക്കായിരുന്നു. 'ആദ്യം പോവേണ്ടത് ഈ ഞാനായിരുന്നു, മഹാദേവ് നീയിതെങ്ങനെ പൊയ്ക്കളഞ്ഞു..' എന്നവർ ഇടയ്ക്കിടെ അദ്ദേഹത്തിന്റെ കുഴിമാടത്തിനരികെ ചെന്നിരുന്നു വിലപിക്കുമായിരുന്നു. സദാകൂടെയുണ്ടായിരുന്ന ബ്രോങ്കൈറ്റിസും മൂർച്ഛിച്ചു തുടങ്ങി സങ്കടത്തോടൊപ്പം. അത് ന്യുമോണിയയായി. ഒപ്പം ഹൃദയത്തിന്റെ താളവും തെറ്റിത്തുടങ്ങി. മൂന്നസുഖങ്ങളും ഒന്നിച്ചു വരിഞ്ഞുമുറുക്കാൻ തുടങ്ങി പാവം കസ്തൂർബായെ.

ഡോക്ടറെ കൊണ്ട് കാണിച്ചയുടനെ അദ്ദേഹം പറഞ്ഞു, 'വളരെ മോശം അവസ്ഥയാണ്, ബാ.. ഉടനെ പെൻസിലിൻ ഇൻജെക്ഷൻ എടുത്തില്ലെങ്കിൽ സ്ഥിതി വഷളാവും..' - ഒറ്റ കുഴപ്പമേ ഉണ്ടായിരുന്നുള്ളൂ.. ഗാന്ധിജി പെൻസിലിന് എതിരായിരുന്നു. പ്രകൃത്യാതീതമായ എല്ലാ അലോപ്പതി ചികിത്സകളെയും ഗാന്ധിജി 'ഹിംസ' എന്നാണ് കരുതിയിരുന്നത്. ഗാന്ധിജി അനുമതി തന്നാലേ താൻ പെൻസിലിൻ എടുക്കൂ എന്ന് കസ്തൂർബാ. താൻ ഒരിക്കലും അതിനെ അനുകൂലിക്കില്ല, കസ്തൂർബായ്ക്ക് നിർബന്ധമുണ്ടങ്കിൽ സ്വന്തം ഇഷ്ടപ്രകാരം അങ്ങനെ ആവാം എന്ന് ഗാന്ധിജി. മകൻ ദേവദാസ് ഗാന്ധി ചികിത്സയുമായി മുന്നോട്ടുപോവാൻ ആഗ്രഹിച്ച് പെൻസിലിനും വാങ്ങി വീട്ടിൽ വന്നു. അസുഖം മൂർച്ഛിച്ച് മോഹാലസ്യപ്പെട്ടു കിടക്കുകയായിരുന്നു ബാ അപ്പോൾ. ഗാന്ധിജിയാവട്ടെ ദേവദാസിനെ പെൻസിലിൻ ഇൻജെക്ട് ചെയ്യുന്നതിൽ നിന്നും വിലക്കി. സ്ഥിതി വല്ലാതെ മോശപ്പെട്ടു തുടങ്ങിയപ്പോൾ പ്രകൃതി ചികിത്സയെല്ലാം ഉപേക്ഷിച്ച് ഗാന്ധിജി പ്രാർത്ഥനാ നിരതനായി ഇരിക്കാൻ തുടങ്ങി. തന്റെ പ്രിയപത്നിയുടെ ആരോഗ്യം വീണ്ടുകിട്ടാൻ അദ്ദേഹം ആവോളം പ്രാർത്ഥിച്ചു നോക്കിയെങ്കിലും 1944 ഫെബ്രുവരി മാസം 22 -ന് ഒരു മഹാശിവരാത്രി നാളിൽ, അസുഖം മൂർച്ഛിച്ച്, ചികിത്സ നിഷേധിക്കപ്പെട്ട്, ആ പാവം സ്ത്രീ ഈ ലോകത്തെ തന്റെ ദുരിതവും അസംതൃപ്തിയും നടമാടിയിരുന്ന ജീവിതം അവസാനിപ്പിച്ച് മടങ്ങി.

ഭാര്യയെ കൈവിട്ട ശേഷം ഗാന്ധിജി വല്ലാതെ അസ്വസ്ഥനായി സ്വയം പഴിച്ചിരുന്നു, ഇടയ്ക്കിടെ സ്വന്തം കരണത്തടിച്ച് സ്വയം ശിക്ഷിച്ചിരുന്നു എന്നൊക്കെ പ്രൊഫ. സ്റ്റാൻലി വോൾപാർട്ട് തന്റെ 'ഗാന്ധീസ് പാഷൻ - ഹിസ് ലൈഫ് ആൻഡ് ലെഗസി ' എന്ന പുസ്തകത്തിൽ രേഖപ്പെടുത്തുന്നുണ്ട്. അദ്ദേഹം ഇങ്ങനെ പറഞ്ഞത്രേ.. 'ഞാനൊരു മഹാത്മാവൊന്നുമല്ല.. നിങ്ങളെപ്പോലെ ഒരു സാധാരണക്കാരൻ. അഹിംസാമാർഗ്ഗത്തിൽ നിന്നും വ്യതിചലിക്കാതിരിക്കാൻ പെടാപ്പാടുപെടുന്നോൻ..'. ഒരർഥത്തിൽ കസ്തുർബ തന്റെ സഹനത്തിന് കൊടുത്ത വിലയാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം എന്നാണ് പ്രൊഫ. സ്റ്റാൻലി വോൾപാർട്ട് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP