Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അവസാനം കിം ജോങ് ഉന്നും സമ്മതിച്ചു; ഉത്തരകൊറിയയിലും കൊറോണയുണ്ട്; ലോകത്ത് അതിവേഗം പടരുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ഉത്തര കൊറിയൻ ഏകാധിപതി; മാസ്‌ക്ക് ധരിക്കാതെ കൂസലില്ലാതെ കിമ്മും കൂട്ടരും യോഗത്തിൽ പങ്കെടുക്കുമ്പോഴും ആയിരങ്ങൾ ക്വാറന്റെറനിലാണെന്ന് വാർത്തകൾ; രോഗം ബാധിച്ചവനെ വെടിവെച്ച് കൊല്ലുന്ന, ബിയർകുപ്പി ഡ്രിപ്പ് ബോട്ടിലാക്കുന്ന ഒരു രാജ്യത്ത് കോവിഡ് പടർന്നാൽ എന്തു സംഭവിക്കും?

അവസാനം കിം ജോങ് ഉന്നും സമ്മതിച്ചു; ഉത്തരകൊറിയയിലും കൊറോണയുണ്ട്; ലോകത്ത് അതിവേഗം പടരുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ഉത്തര കൊറിയൻ ഏകാധിപതി; മാസ്‌ക്ക് ധരിക്കാതെ കൂസലില്ലാതെ കിമ്മും കൂട്ടരും യോഗത്തിൽ പങ്കെടുക്കുമ്പോഴും ആയിരങ്ങൾ ക്വാറന്റെറനിലാണെന്ന് വാർത്തകൾ; രോഗം ബാധിച്ചവനെ വെടിവെച്ച് കൊല്ലുന്ന, ബിയർകുപ്പി ഡ്രിപ്പ് ബോട്ടിലാക്കുന്ന ഒരു രാജ്യത്ത് കോവിഡ് പടർന്നാൽ എന്തു സംഭവിക്കും?

മറുനാടൻ ഡെസ്‌ക്‌

വിയന്ന: ലോകത്ത് ഏറ്റവും മോശമായ ആരോഗ്യ സംവിധാനങ്ങൾ ഉള്ള പത്തുരാഷ്ട്രങ്ങളുടെ ലിസ്റ്റ് എടുത്താൽ അതിൽ പെടുന്നതാണ് കമ്യൂണിസ്്റ്റ് ഇരുമ്പുമറയിൽ ജീവീക്കാൻ വിധിക്കപ്പെട്ട ഉത്തര കൊറിയ. വർഷങ്ങളായുള്ള അമേരിക്കൻ ഉപരോധം മൂലം ഉത്തരകൊറിയൻ ആരോഗ്യ സംവിധാനങ്ങൾ ഇപ്പോഴും എൺപതുകളിലെ അവസ്ഥയിൽ തന്നെ നിൽക്കയാണ്. ശുദ്ധജലം പോലും കിട്ടാത്ത നിരവധി ആശുപത്രികൾ ഇവിടെയുണ്ടെന്നാണ് യുഎന്നിന്റെ പോലും പഠനങ്ങൾ പറയുന്നത്. ഗ്രാമീണമേഖലയിലെ പല ആശുപത്രികളിലും ഡ്രിപ്പിടാൻ സൗകര്യമില്ലാത്തതിനാൽ ബിയർബോട്ടിൽ ഉപയോഗിക്കുന്ന ദയനീയ വാർത്തകളാണ് ഉത്തരകൊറിയൻ ഇരുമ്പുമറ ഭേദിച്ച് പുറത്തുവന്നിരിക്കുന്നത്. എന്നാൽ നിർദാക്ഷിണ്യം ജനങ്ങളെ വേട്ടയാടുന്ന ഒരു ഭരണകൂടമാണ് അവിടെയുള്ളതും. ചൈനയിൽനിന്ന് വന്ന ഒരു രോഗിയെ വെടിവെച്ചുകൊല്ലാൻ കിം ജോങ്ങ് ഉത്തരവിട്ടുവെന്നതും വലിയ വിവാദമായിരുന്നു. അതുകൊണ്ടുതന്നെ കോവിഡ് ഉത്തരകൊറിയയിൽ ബാധിച്ചാൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകൂമെന്നായിരുന്നു, ആരോഗ്യ പ്രവർത്തകൾ ഭയന്നിരുന്നത്. എന്നാൽ ഉത്തരകൊറിയൻ കമ്യൂണിസറ്റ് ഏകാധിപയി കിം ഇതുവരെ പറഞ്ഞുകൊണ്ടിരുന്നത് ഇവിടെ കോവിഡ് ഒട്ടുമില്ല എന്നായിരുന്നു. എന്നാൽ അവസാനം കിം ജോങ്് ഉന്നും സമ്മതിച്ചിരിക്കയാണ് ഇവിടെയും കോവിഡ് ഉണ്ടെന്ന കാര്യം.

ലോകത്ത് അതിവേഗം പടരുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ ഇപ്പോൾ ആവശ്യപ്പെടുന്നത്. രാജ്യത്ത് കോവിഡ് ബാധിതരുണ്ടോ എന്ന വിവരം ഇതുവരെ കിം പുറത്തുവിട്ടിട്ടില്ല. അതിനിടെയാണ് കിമ്മിന്റെ നേതൃത്വത്തിലുള്ള യോഗത്തിൽ അദ്ദേഹം, പ്രതിരോധ നടപടികൾ നിർദേശിച്ചതായി വാർത്താ ഏജൻസി വ്യക്തമാക്കിയത്.ചൈനയിൽ കൊറോണ വൈറസ് പടരുന്നുവെന്ന വാർത്തയ്ക്കു പിന്നാലെ ജനുവരിയിൽത്തന്നെ ഉത്തരകൊറിയ അതിർത്തികളെല്ലാം അടച്ചിരുന്നു. മാത്രവുമല്ല രാജ്യത്ത് ശക്തമായ പ്രതിരോധഐസലേഷൻ നടപടികളും സ്വീകരിച്ചു. പല രാജ്യങ്ങളിലും കോവിഡ് നിരക്ക് കുത്തനെ ഉയരുമ്പോഴും ഉത്തര കൊറിയയിൽ പ്രശ്നമൊന്നുമില്ലെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഞായറാഴ്ച പുറത്തുവന്ന റിപ്പോർട്ടിലെ കാര്യങ്ങൾ ആശാവഹമല്ലെന്നാണു നിരീക്ഷകർ പറയുന്നത്.

'ലോകമെങ്ങും 17 ലക്ഷത്തിലേറെ പേരെ ബാധിച്ച കൊറോണ വൈറസ് മാനവരാശിയെ ആക്രമിക്കുന്ന വലിയ ദുരന്തമായി മാറിയിരിക്കുകയാണ്. വൈറസിനു മുന്നിൽ ഭൂഖണ്ഡങ്ങളും അതിർത്തികളും തീർക്കുന്ന വിലക്കുകളൊന്നുമില്ല. അതിനാൽത്തന്നെ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ തടസ്സങ്ങൾ സ്വാഭാവികം. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും അതു തടസ്സമായേക്കാം...' ഉത്തരകൊറിയയുടെ ഔദ്യോഗിക വാർത്ത ഏജൻസി കെസിഎൻഎ റിപ്പോർട്ട് ചെയ്യുന്നു. പകർച്ചവ്യാധി ഭീഷണിയില്ലാതെ ഇപ്പോഴും തുടരുകയാണ് ഉത്തര കൊറിയയെന്നും റിപ്പോർട്ടിലുണ്ട്. കൊറിയയിൽ അധികാരത്തിലുള്ള വർക്കേഴ്സ് പാർട്ടിയുടെ സെൻട്രൽ കമ്മിറ്റി പൊളിറ്റിക്കൽ ബ്യൂറോ യോഗത്തിൽ കോവിഡിനെതിരെ പ്രതിരോധ നടപടികളും ചർച്ചയായി. രാജ്യത്തേക്ക് വൈറസ് കടക്കാതിരിക്കാൻ ശക്തവും പഴുതടച്ചതുമായ നിരീക്ഷണം വേണമെന്നും നിർദേശിച്ചിട്ടുണ്ട്. എന്നാൽ കിം ജോങ് ഉൻ ഉൾപ്പെടെ യോഗത്തിൽ പങ്കെടുത്ത ആരും മുഖത്ത് മാസ്‌ക് ധരിച്ചിരുന്നില്ല. ലോകത്തു കോവിഡ് വ്യാപിക്കുന്നതിനിടെ കഴിഞ്ഞദിവസം മിസൈൽ ടെസ്റ്റ് നടത്തിയപ്പോഴും കിമ്മിന്റെ ചിത്രം ഇത്തരത്തിലാണു പുറത്തുവന്നത്.

ഒരു വട്ടമേശയ്ക്കു ചുറ്റും എല്ലാവരും ചേർന്നിരുന്നായിരുന്നു യോഗം. അതിന്റെ ചിത്രങ്ങളും പത്രങ്ങൾ പ്രസിദ്ധീകരിച്ചു. രാജ്യത്തെ ആരോഗ്യ സംവിധാനം മോശമായതിനാൽത്തന്നെ കൊറോണ വൈറസ് ബാധിക്കാൻ ഏറ്റവും സാധ്യതയുള്ള ഇടമായാണ് ഉത്തര കൊറിയയെ കണക്കാക്കുന്നത്. മാത്രവുമല്ല, രാജ്യത്തു നിന്നു പുറത്തെത്തിയവർ പറയുന്നത് കോവിഡ് മരണം സംബന്ധിച്ച വിവരം ഉത്തര കൊറിയ മറച്ചുവയ്ക്കുകയാണെന്നാണ്. രാജ്യത്തെ ആയിരക്കണക്കിനു പേരെയും നയതന്ത്ര പ്രതിനിധികൾ ഉൾപ്പെടെയുള്ള വിദേശികളെയും ഐസലേഷനിലാക്കിയിരിക്കുകയാണ് ഉത്തര കൊറിയയെന്നാണ് ഔദ്യോഗിക ഭാഷ്യം.ലാകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 11 വിദേശികളും 698 സ്വദേശികളും ഉൾപ്പെടെ 709 പേർക്ക് ഉത്തര കൊറിയയിൽ കോവിഡ് ബാധിച്ചിട്ടുണ്ട്. ഏപ്രിൽ 2 വരെയുള്ള കണക്കാണിത്. 24,800 പേരെ ക്വാറന്റീനിൽ നിന്ന് വിട്ടയച്ചിട്ടുമുണ്ട്. പക്ഷേ ഇതൊന്നും കൊറിയ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല.

ഇവിടെ എല്ലാം ഇരുമ്പുമറക്കുള്ളിൽ

ശക്തമായ പ്രതിരോധ സംവിധാനങ്ങളിലൂടെ വൈറസിനെ തടഞ്ഞുനിർത്തിയെന്നാണ് ഉത്തര കൊറിയ അവകാശപ്പെടുന്നതെങ്കിലും ഇത് ലോകം വിശ്വസിക്കുന്നില്ല. ഉത്തര കൊറിയ വൈറസ് ബാധ മറച്ചുവെക്കുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അന്താരാഷ്ട്ര സംഘടനകൾക്ക് ഉത്തര കൊറിയയിൽ പ്രവേശിക്കാനോ രേഖകൾ പരിശോധിക്കാനോ സാധ്യമല്ല. മാത്രമല്ല, മാധ്യമങ്ങൾക്കും കടുത്ത നിയന്ത്രണമുണ്ട്. അതിനാൽ സർക്കാർ പുറത്തുവിടുന്ന വിവരങ്ങൾ മാത്രമാണ് ലഭ്യമാകുന്നത്.ഉത്തര കൊറിയയിൽ ആകെയുള്ളത് മൂന്നേ മൂന്ന് ചാനലുകൾ മാത്രമാണ്. മൂന്നും സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നതാണ്. അത് തന്നെ ധാരാളം എന്നാണ് അധികാരികൾ പറയുന്നത്. ഇവയിൽ പ്രധാനമായും സംപ്രേഷണം ചെയ്യുന്ന പരിപാടികൾ സർക്കാർ അറിയിപ്പുകളും ഭരണാധികാരികളുടെ പ്രസംഗങ്ങളും ആണ്. . അതുപോലെ പ്രമുഖ ഇലട്രോണിക്ക് സേവന ദാതാക്കളായ സോണിക്കും ആപ്പിനുമൊന്നും ഈ രാജ്യത്ത് പ്രവേശനമില്ല. പകരം സർക്കാർ സേവനങ്ങൾ മാത്രമാണ് ഉപയോഗിക്കുക. അതുകൊണ്ടുതന്നെ അവിടെ എന്തുനടന്നാലും പുറം ലോകം അറിയാൻ വൈകും. അതാണ് മനുഷ്യവകാശ പ്രവർത്തകരെ ഭയപ്പെടുത്തുന്നതും.

പകർച്ചവ്യാധികളോട് പ്രതികരിക്കാനുള്ള കഴിവിൽ ലോകത്ത് 195-ാം സ്ഥാനത്താണ് ഉത്തര കൊറിയ. തലസ്ഥാനമായ പ്യോങ്യാങ്ങിൽ മാത്രമാണ് സൗകര്യങ്ങളുള്ള ആശുപത്രികളുള്ളത്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ ആരോഗ്യ സംവിധാനം പരിതാപകരമായ അവസ്ഥയിലാണ്. ആണവായുധ നിർവ്യാപന കരാറിൽ നിന്ന് ഉത്തര കൊറിയ പിന്മാറിയതിനെ തുടർന്ന് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. അതിനാൽ 1980കളിലെ സാങ്കേതിക വിദ്യയാണ് ഇപ്പോഴും ഇവിടെ ഉപയോഗിക്കുന്നത്. ആരോഗ്യ രംഗത്ത് ആധുനിക ഉപകരണങ്ങളോ സൗകര്യങ്ങളുള്ള ലബോറട്ടറികളോ ഇല്ല. ഡ്രിപ്പിടാനായി ഒഴിഞ്ഞ ബിയർ കുപ്പികളാണ് ഉപയോഗിക്കുന്നത്. ആവശ്യത്തിന് ശുദ്ധജലം പോലും ലഭ്യമല്ലാത്ത ആശുപത്രികളുണ്ട്. കൈ കഴുകിയ വെള്ളം ശേഖരിച്ച് വീണ്ടും ഉപയോഗിക്കുന്ന, ശുദ്ധജലം വിതരണം ചെയ്യാത്ത ആശുപത്രികളാണിവിടെ. ഇങ്ങനെയുള്ള ഒരു രാജ്യം എങ്ങനെയാണ് കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതെന്നാണ് ആരോഗ്യ വിദഗ്ദ്ധർ ചോദിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP