Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബം​ഗ്ലാദേശ് രാഷ്ട്രപിതാവായ മുജീബുർ റഹ്മാന്റെ ഘാതകനെ തൂക്കിലേറ്റിയത് 45 വർഷത്തിന് ശേഷം; വധ ശിക്ഷ നടപ്പാക്കിയത് ചൊവ്വാഴ്‌ച്ച പിടിയിലായ അബ്ദുൾ മജീദിന്റെ ദയാഹർജി പ്രസിഡന്റും തള്ളിയതിന് പിന്നാലെ; ഷെയ്ക്ക് ഹസീനക്ക് വാ​ഗ്ദാന പാലനത്തിന്റെയും പ്രതികാരത്തിന്റെയും മുഹൂർത്തം; ബാക്കിയുള്ള പ്രതികൾ എവിടെയായിരുന്നാലും കണ്ടെത്തി ശിക്ഷ നടപ്പാക്കുമെന്നും ബം​ഗ്ലാദേശ് പ്രധാനമന്ത്രി

ബം​ഗ്ലാദേശ് രാഷ്ട്രപിതാവായ മുജീബുർ റഹ്മാന്റെ ഘാതകനെ തൂക്കിലേറ്റിയത് 45 വർഷത്തിന് ശേഷം; വധ ശിക്ഷ നടപ്പാക്കിയത് ചൊവ്വാഴ്‌ച്ച പിടിയിലായ അബ്ദുൾ മജീദിന്റെ ദയാഹർജി പ്രസിഡന്റും തള്ളിയതിന് പിന്നാലെ; ഷെയ്ക്ക് ഹസീനക്ക് വാ​ഗ്ദാന പാലനത്തിന്റെയും പ്രതികാരത്തിന്റെയും മുഹൂർത്തം; ബാക്കിയുള്ള പ്രതികൾ എവിടെയായിരുന്നാലും കണ്ടെത്തി ശിക്ഷ നടപ്പാക്കുമെന്നും ബം​ഗ്ലാദേശ് പ്രധാനമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ധാക്ക: ബം​ഗ്ലാദേശ് രാഷ്ട്രപിതാവായ മുജീബുർ റഹ്മാന്റെ ഘാതകനെ 45 വർഷത്തിന് ശേഷം തൂക്കിലേറ്റുമ്പോൾ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനക്ക് വാ​ഗ്ദാന പാലനത്തിന്റെയും പ്രതികാരത്തിന്റെയും മുഹൂർത്തം. മിലിട്ടറി ക്യാപ്റ്റനായിരുന്ന അബ്ദുൽ മജീദിനെയാണ് ബംഗ്ലാദേശ് ഭരണകൂടം തൂക്കിലേറ്റിയത്. ഇപ്പോഴത്തെ ബം​ഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവാണ് മുജീബുർ റഹ്മാൻ. പട്ടാള അട്ടിമറിക്കിടെ അദ്ദേഹത്തിന്റെ കുടുംബത്തിൽ ഹസീന ഉൾപ്പെടെ രണ്ടുപേർ മാത്രമാണ് ജീവനോടെ അവശേഷിച്ചത്. ധാക്കയ്ക്ക് സമീപം കേരാനി ഗഞ്ച് സെൻട്രൽ ജയിൽവച്ചാണ് ഇയാളെ തൂക്കിലേറ്റിയതെന്ന് ബംഗ്ലാദേശ് അറിയിച്ചു. 1975 ഓഗസ്റ്റ് 15 നാണ് ബംഗ്ലാദേശിലെ പട്ടാള അട്ടിമറിക്കിടെ മുജീബുർ റഹ്മാനും അദ്ദേഹത്തിന്റെ നിരവധി കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്. കേസിൽ അഞ്ച് പേരെ 2010 ൽ തൂക്കി കൊന്നിരുന്നു. ബാക്കിയുള്ളവർ ഇപ്പോഴും ഒളിവിലാണ്.

25 വർഷമായി ഒളിവിലായിരുന്ന അബ്ദുൾ മജീദ് ചൊവ്വാഴ്ചയാണ് പിടിയിലായത്. ഇപ്പോഴത്തെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവാണ് ഷെയ്ഖ് മുജീബുർ റഹ്മാൻ. അബ്ദുൾ മജീദിന്റെ ദയാഹർജി പ്രസിഡന്റ് തള്ളിയിരുന്നു. തുർന്നാണ് വധശിക്ഷ നടപ്പിലാക്കിയത്. ഞായറാഴ്ച പുലർച്ചെ 12.01നാണ് തൂക്കിലേറ്റിയതെന്ന് നിയമമന്ത്രി അനിസുൽ ഹഖ് വ്യക്തമാക്കിയതായി എ എഫ് പി റിപ്പോർട്ട് ചെയ്യുന്നു. പിടിയിലാകുന്നതിന് മുമ്പ് തന്നെ ഇയാളെ കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. 2009 ലാണ് കേസിലെ പ്രതികളായ 12 പേർക്കെതിരായ വധശിക്ഷ ബംഗ്ലാദേശ് സുപ്രീം കോടതി ശരിവെച്ചത്.

ബംഗ്ലാദേശിന്റെ രാഷ്ട്ര പിതാവ് ഷെയ്ഖ് മുജീബുർ റഹ്മാനും കുടുംബാംഗങ്ങളും 1975 ഓഗസ്റ്റ് 15ലെ പട്ടാള അട്ടിമറിയിൽ വധിക്കപ്പെടുകയായിരുന്നു. ഒരു വിഭാഗം സൈനിക ഉദ്യോഗസ്ഥരാണ് അട്ടിമറി നടത്തിയത്. പിന്നീട് വന്ന സർക്കാരുകൾ കേസിലെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇപ്പോൾ തൂക്കി കൊന്ന് മജീദിനെ സിയാവുർ റഹ്മാൻ പ്രസിഡന്റായിരിക്കെ ബംഗ്ലാദേശിലെ വിദേശകാര്യവകുപ്പിന്റെ കീഴിൽ വിദേശത്ത് ജോലിക്ക് നിയോഗിക്കുകയായിരുന്നു. 1980 ൽ അദ്ദേഹത്തെ സെനഗലിലെ ബംഗ്ലാദേശിന്റെ അംബാസിറായും നിയമിച്ചു. റഹ്മാൻ പിന്നീട് 1981 ൽ നടന്ന മറ്റൊരു പട്ടാള അട്ടിമറിയിൽ കൊല്ലപ്പെടുകയായിരുന്നു. മുൻ പ്രധാനമന്ത്രി ഖലിദാസിയയുടെ ഭർത്തവായിരുന്നു റഹ്മാൻ.

1971 ലാണ് ഒമ്പത് മാസത്തോളം നീണ്ടുനിന്ന് ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ബംഗ്ലാദേശ് പാക്കിസ്ഥാനിൽനിന്ന് വേർപ്പെട്ട് സ്വതന്ത്ര്യ രാജ്യമായി മാറിയത്. ഇതിന് കാരണക്കാരനായ മുജീബൂർ റഹ്മാനെ ബംഗ്ലാദേശിന്റെ രാഷ്ട്ര പിതാവായാണ് കണക്കാക്കുന്നത്. പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയുടെ പിതാവായിരുന്നു മുജീബുർ റഹ്മാൻ.

12 മുതിർന്ന സൈനിക ഉദ്യോഗസ്ഥരായിരുന്നു കേസിൽ പ്രതികളായിരുന്നത്. ഇതിൽ അഞ്ചുപേരുടെ വധശിക്ഷ 2010ൽ നടപ്പാക്കിയിരുന്നു. ബാക്കിയുള്ള പ്രതികൾ ഒളിവിലായിരുന്നു. ഇങ്ങനെ ഒളിവിൽ കഴിഞ്ഞ അബ്ദുൾ മജീദ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് പിടിയിലാകുന്നത്. കൊൽക്കത്തയിലായിരുന്നു ഇയാൾ ഒളിവിൽ കഴിഞ്ഞതെന്നാണ് റിപ്പോർട്ട്.

ഇതോടെ മുജീബുർ റഹ്മാൻ വധക്കേസിൽ ആറുപേരുടെ വധശിക്ഷ നടപ്പാക്കിക്കഴിഞ്ഞു. ഒരു പ്രതി സിംബാബ്‌വെയിൽ വെച്ച് മരിച്ചു. പിടികിട്ടാനുള്ള മറ്റുപ്രതികളിൽ ഒരാൾ അമേരിക്കയിലും ഒരാൾ കാനഡയിലും ഉണ്ടെന്ന് ബംഗ്ലാദേശ് പൊലീസ് ഉറപ്പാക്കിയിട്ടുണ്ട്. പ്രതികൾ എവിടെയായിരുന്നാലും അവരെ കണ്ടെത്തി ശിക്ഷ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP