Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലക്ഷ്യം വെക്കുന്നത് മനുഷ്യന്റെ തലച്ചോറ് പോലെ പ്രവർത്തിക്കുന്ന റോബോട്ടുകൾ; അമേരിക്കയിൽ ബുദ്ധിയുള്ള യന്ത്രമനുഷ്യന്മാർ പണിക്ക് പോയിത്തുടങ്ങി; ഏത് സാഹചര്യത്തിലും സ്വന്തമായി പ്രവർത്തിക്കുന്ന റോബോട്ടുകൾക്ക് പിന്നിലെ മലയാളി ബുദ്ധി അഥവാ ദിലീപ് ജോർജിന്റെ ‘വൈക്കേരിയസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനി

ലക്ഷ്യം വെക്കുന്നത് മനുഷ്യന്റെ തലച്ചോറ് പോലെ പ്രവർത്തിക്കുന്ന റോബോട്ടുകൾ; അമേരിക്കയിൽ ബുദ്ധിയുള്ള യന്ത്രമനുഷ്യന്മാർ പണിക്ക് പോയിത്തുടങ്ങി; ഏത് സാഹചര്യത്തിലും സ്വന്തമായി പ്രവർത്തിക്കുന്ന റോബോട്ടുകൾക്ക് പിന്നിലെ മലയാളി ബുദ്ധി അഥവാ ദിലീപ് ജോർജിന്റെ ‘വൈക്കേരിയസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഏതു സാഹചര്യത്തിലും സ്വന്തമായി ജോലി ചെയ്യാൻ കഴിയുന്ന റോബോട്ടുകൾ അമേരിക്കയിൽ ജോലിക്ക് പോയിത്തുടങ്ങി. മലയാളിയായ തൊടുപുഴ സ്വദേശി ദിലീപ് ജോർജിന്റെ ‘വൈക്കേരിയസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനി’യാണ് ബുദ്ധിയുള്ള യന്ത്രമനുഷ്യന്മാരെ വാടക്കക് നൽകുന്നത്. സാൻഫ്രാൻസിസ്കോ ബേ ഏരിയയിൽ പ്രവർത്തിക്കുന്ന വൈക്കേരിയസിന്റെ റോബട്ടുകളെ നിലവിൽ‌ വാടയ്ക്കെടുത്തിരിക്കുന്നതു പ്രമുഖ ഇ–കൊമേഴ്സ് കമ്പനിയായ പിറ്റ്നി ബൗസും, സൗന്ദര്യവർധക കമ്പനിയായ സെഫോറയുമാണ്. മണിക്കൂർ കണക്കിനോ ജോലി അനുസരിച്ചോ ആണു വാടക.

വൈക്കേരിയസ് റോബട്ടുകൾക്ക് ഏതു സാഹചര്യത്തിലും സ്വന്തമായി ജോലി ചെയ്യാനാകും. ഉദാഹരണത്തിന്, ഒരു പെട്ടിയിൽ കൂട്ടിയിട്ടിരിക്കുന്ന സാധനങ്ങളിൽ നിന്നു നിശ്ചിത വസ്തുക്കൾ മാത്രം നോക്കിയെടുത്തു മറ്റൊരു ബോക്സിൽ നിക്ഷേപിച്ചു പായ്ക്ക് ചെയ്യാനും ഇവ മറ്റൊരു സ്ഥലത്തു കൊണ്ടുപോയി വയ്ക്കാനും കഴിയും. ഓരോ ദിവസവും ഈ വസ്തുക്കളും അവയുടെ സ്ഥാനവുമെല്ലാം മാറാം. മനുഷ്യനു നിസ്സാരമെന്നു തോന്നാമെങ്കിലും നിലവിലുള്ള മറ്റ് റോബട്ടുകൾക്ക് ഇവ സാധ്യമല്ല. ഫേസ്‌ബുക് സ്ഥാപകൻ മാർക് സക്കർബർഗ്, ടെസ്‍ല സ്ഥാപകൻ ഇലോൺ മസ്ക്, ആമസോൺ സിഇഒ ജെഫ് ബെസോസ് ഉൾപ്പെടെ ഇരുപതിലധികം വമ്പന്മാർ കോടികളുടെ നിക്ഷേപം നടത്തിയ സ്ഥാപനമാണ് വൈക്കേരിയസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനി.

കരിമണ്ണൂരിൽപഠിച്ച് ഐഐടി ബോംബെ വഴി സ്റ്റാൻഫഡിലെത്തിയ ദിലീപിന്റെ വിസ്മയിപ്പിക്കുന്ന കഥ തന്നെയാണ് വൈക്കേരിയസിന്റേതും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഒരു മോശം വാക്കായി കണ്ടിരുന്ന തൊണ്ണൂറുകളിൽ എഐയിൽ ഗവേഷണം തുടങ്ങിയ ദിലീപ് ഇന്ന് വേൾഡ് ഇക്കണോമിക് ഫോറം, ഗോൾഡ്മാൻ സാക്സ് എന്നിവയുടെ വേദികളിൽ സ്ഥിരം സാന്നിധ്യമാണ്. ഒരു മുൻപരിചയവുമില്ലാത്ത ഒരു അടുക്കളയിൽ പോയി നിങ്ങളുടെ ഇഷ്ടവിഭവം ആവശ്യപ്പെട്ടാൽ തയ്യാറാക്കാൻ കഴിയുന്ന ഒരു പെർഫെക്റ്റ് ഹ്യൂമൻ റോബട്ടിനെ നിർമ്മിക്കുകയാണ് വൈക്കേരിയസിന്റെ ലക്ഷ്യം. നിലവിലുള്ള എഐ സമവാക്യങ്ങളെ തകർത്ത് സാമാന്യബുദ്ധി കൂടി അടങ്ങിയ ജനറൽ ഇന്റലി‍ജൻസിലേക്കുള്ള ഐതിഹാസിക യാത്രയാണ് വൈക്കേരിയസ് നടത്തുന്നത്.

തൊടുപുഴ കരിമണ്ണർ സെന്റ് ജോസഫ്സ് ഹൈസ്കൂളിലായിരുന്നു ദിലീപ് പത്താം ക്ലാസ് വരെ. അതുകഴിഞ്ഞ് കലൂർ മോഡൽ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിലേക്ക്. ഐഐടി നാട്ടിൽ ട്രെൻഡ് ആയി മാറാത്ത നാട്ടിൽ സർക്കാർ സ്കൂളിലെ അദ്ധ്യാപിക കൂടിയായ അമ്മ അച്ചാമ്മ പറഞ്ഞാണ് ദിലീപ് ഐഐടിയെക്കുറിച്ച് ആദ്യമറിയുന്നത്. 1994ലെ ആ യാത്ര ചെന്നെത്തിയത് ഐഐടി ബോംബെയിൽ. ആദ്യം ലഭിച്ചത് സിവിൽ എൻജിനീയറിങ് കോഴ്സ്, രണ്ടാം വർഷം മാർക്കിന്റെ അടിസ്ഥാനത്തിൽ ഇഷ്ടവിഷയമായ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിലേക്ക്.

1998ൽ ഐഐടിയോട് വിടപറഞ്ഞപ്പോൾ വിദേശത്ത് ഉപരിപഠനമായിരുന്നു സ്വപ്നം. പക്ഷേ പണമില്ലാത്തതിനാൽ ബംഗളൂരുവിലെ ഒരു ഐടി കമ്പനിയിൽ ജോലിക്കു കയറി. സ്റ്റാൻഫഡ്, ബെർക്ൿലി തുടങ്ങി യുഎസിലെ എട്ട് പ്രധാന സർവകലാശാലകളിലേക്ക് ഒരുമിച്ചാണ് അക്കാലത്ത് അപേക്ഷിച്ചിരുന്നത്. ഒരു അപേക്ഷയ്ക്ക് മാത്രം 50 ഡോളർ വരെ ചെലവുണ്ടായിരുന്നു. വിദേശ പ്രവേശന പരീക്ഷയായ ഗ്രാജുവറ്റ് റെക്കോഡ് എക്സാമിന് (ജിആർഇ) 150 ഡോളറും. മൂന്നു വർഷം ജോലിയെടുത്ത് കിട്ടിയ പണവുമായാണ് യുഎസിലേക്ക് പറക്കുന്നത്. ചെല്ലുന്നത് സാൻഫ്രാൻസിസ്ക്കോയിലെ ഒരു സോഫ്റ്റ്‍വെയർ കമ്പനിയിലെ ജോലിക്കായിരുന്നെങ്കിലും രണ്ടാമത്തെ മാസം എല്ലാവരുടെയും സ്വപ്നമായ സ്റ്റാൻഫഡിൽ നിന്നു കത്തു വന്നു. അവിടെ വച്ചാണ് ജീവിതത്തിൽ ആദ്യമായൊരു കംപ്യൂട്ടറിന്റെ ഉടമായകുന്നത്, അതും 400 ഡോളറിന്റെ സെക്കൻഡ് ഹാൻഡ് ഡെസ്ക്ടോപ്പ്.

സ്റ്റാൻഫഡിലെ പഠനം ഞാണിന്മേൽകളിയായിരുന്നു. ക്ലാസിലെ 95 ശതമാനം പേരുടെയും മാർക്ക് നൂറിൽ നൂറായിരിക്കും. അതും പോരാഞ്ഞിട്ട് 20 ശതമാനം പേരും എക്സട്രാ ക്രെഡിറ്റിനായും ശ്രമിക്കും. ഒന്നു കണ്ണിമവെട്ടിയാൽ തീർന്നു! വയർലെസ് സാങ്കേതികവിദ്യയിൽ ഗവേഷണമായിരുന്നു ആദ്യം ലക്ഷ്യം പക്ഷേ ആദ്യ വർഷം ക്യാംപസിൽ നടന്ന സെമിനാർ പരമ്പരയിൽ തലച്ചോറ് എങ്ങനെയാണ് പ്രവർത്തിക്കുന്നു എന്നതു സംബന്ധിച്ച ചർച്ചകൾ മനസിലുടക്കി. ഇതോടെ വായന മുഴുവൻ തലച്ചോറിനെക്കുറിച്ചായി. ന്യൂറോസയൻസ്, സൈക്കോളജി, മെഷീൻ ലേണിങ് എന്നീ വിഷയങ്ങൾ ഒപ്പമെടുത്തു. പാം കംപ്യൂട്ടിങ്ങിന്റെ സ്ഥാപകനായ ജെഫ് ഹോക്കിൻസുമായി ചേർന്ന് ന്യുമെന്റ എന്ന എഐ കമ്പനി ആരംഭിച്ചു.

പുതിയ കമ്പനി തുടങ്ങുക എന്ന ലക്ഷ്യവുമായി ന്യുമെന്റയോട് വിടപറയുമ്പോൾ ജെഫ് ഹോക്കിൻസ് ദിലീപിനൊരു ഓഫർ കൊടുത്തു. 'ആറുമാസം കഴിഞ്ഞും പുതിയ കമ്പനി തുടങ്ങാൻ കഴിയാതെ വന്നാൽ വിഷമിക്കേണ്ട,തിരികെ ന്യുമെന്റയിലേക്ക് വരാം'. അങ്ങനെ ആറുമാസത്തെ അവധിയിലാണ് വൈക്കേരിയസ് ജനിക്കുന്നത്. മനുഷ്യന്റെ തലച്ചോറ് പ്രവർത്തിക്കുമ്പോലെയൊരു റോബട്ട്, അതായിരുന്നു സ്വപ്നം. ഒറ്റയ്ക്കു കമ്പനി തുടങ്ങുക ഒട്ടും എളുപ്പമായിരുന്നില്ല. കൂട്ടിനൊരാളെ തേടി പലയിടത്തും അലഞ്ഞു, കാരണം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഷയത്തിൽ പ്രവർത്തിക്കുന്ന ഒരേയൊരു കമ്പനി ന്യുമെന്റ മാത്രമായിരുന്നു. അതേസമയം, പെൻസിൽവേനിയ സർവകലാശാലയിൽ ഉപരിപഠനം പൂർത്തിയാക്കിയ സ്കോട്ട് ഫീനിക്സ് ദിലീപിനെ തേടി നടക്കുകയായിരുന്നു. ന്യുമെന്റയിൽ ചേരാനായിരുന്നു സ്കോട്ടിന്റെ ആഗ്രഹം. അന്വേഷിച്ചപ്പോൾ ദിലീപ് സ്വന്തം കമ്പനി തുടങ്ങുന്നു എന്നറിഞ്ഞു. തേടിയ വള്ളി കാലിൽ ചുറ്റിയെന്നു പറഞ്ഞതുപോലെ ദിലീപിനൊപ്പം സ്കോട്ടും കൂടി. അങ്ങനെ 2010ൽ വൈക്കേരിയസ് പിറന്നു.

 വൈക്കേരിയസിലെ വമ്പൻ നിക്ഷേപകരിൽ ചിലർ

∙ മാർക് സക്കർബർഗ്– ഫേസ്‌ബുക് സിഇഒ

∙ ഇലോൺ മസ്ക്– ടെസ്‍ല,സ്പെയ്സ്എക്സ് സ്ഥാപകൻ

∙ ജെഫ് ബെസോസ്– ആമസോൺ സിഇഒ

∙ മാർക് ബെനിയോഫ്– സെയ്‍ൽസ്ഫോഴ്സ്, സിഇഒ

∙ ഡസ്റ്റിൻ മോസ്കോവിറ്റ്സ്– ഫേസ്‌ബുക് സഹസ്ഥാപകൻ

∙ ജെറി യങ്– യാഹൂ സ്ഥാപകൻ

∙ സാംസങ്

∙ ആഷ്റ്റൻ കുച്ചർ– പ്രമുഖ ഹോളിവുഡ് നടൻ

∙ പീറ്റർ തിയെൽ (ഫൗണ്ടേഴ്സ് ഫണ്ട്)– പേപാൽ (Paypal) സ്ഥാപകൻ

∙ വിനോദ് ഖോസ്‍ല (ഖോസ്‍ല വെഞ്ച്വേഴ്സ്) – സൺ മൈക്രോസിസ്റ്റംസ് സ്ഥാപകൻ

∙ റിഷാദ് പ്രേംജി (വിപ്രോ വെഞ്ച്വേഴ്സ്) – വിപ്രോ സ്ഥാപകൻ അസീം പ്രേംജിയുടെ മകൻ

∙ ജാനസ് ഫ്രിസ്– സ്കൈപ് (Skype) സ്ഥാപകൻ

∙ അദം ഡി ആഞ്ജലോ– ക്വോറ (Quora) സ്ഥാപകൻ

∙ ആരോൺ വിൻസർ ലെവി– പ്രമുഖ ക്ലൗഡ് സേവനമായ ബോക്സിന്റെ (box.net) സിഇഒ

∙ പീറ്റർ ഡിമാൻഡിസ്– എക്സ് പ്രൈസ് ഫൗണ്ടേഷൻ ചെയർമാൻ

∙ അലെക്സിസ് കെറി ഒഹാനിയൻ (ഇനിഷ്യലൈസ്ഡ് ക്യാപിറ്റർ ഫണ്ട്)– റെഡിറ്റ് സ്ഥാപകൻ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP