Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്നലെ 987 മരണം രേഖപ്പെടുത്തിയിട്ടും പ്രതീക്ഷ കൈവിടാതെ ഫ്രാൻസ്; 510 പേർ മാത്രം മരിച്ചതിന്റെ ആശ്വാസത്തിൽ തീവ്രത കുറഞ്ഞുവെന്ന് കരുതി സ്പെയിൻ; എല്ലാം ശരിയാകുന്നുവെന്ന് ആശ്വസിക്കുമ്പോഴും ഇന്നലെയും 619 മരണം നടന്നതിന്റെ ഞെട്ടൽ മാറാതെ ഇറ്റലി; യൂറോപ്പിന്റെ മൂന്ന് ഹോട്ട്സ്പോട്ടുകളുടെ ഏറ്റവും ഒടുവിലത്തെ അവസ്ഥ ഇങ്ങനെ

ഇന്നലെ 987 മരണം രേഖപ്പെടുത്തിയിട്ടും പ്രതീക്ഷ കൈവിടാതെ ഫ്രാൻസ്; 510 പേർ മാത്രം മരിച്ചതിന്റെ ആശ്വാസത്തിൽ തീവ്രത കുറഞ്ഞുവെന്ന് കരുതി സ്പെയിൻ; എല്ലാം ശരിയാകുന്നുവെന്ന് ആശ്വസിക്കുമ്പോഴും ഇന്നലെയും 619 മരണം നടന്നതിന്റെ ഞെട്ടൽ മാറാതെ ഇറ്റലി; യൂറോപ്പിന്റെ മൂന്ന് ഹോട്ട്സ്പോട്ടുകളുടെ ഏറ്റവും ഒടുവിലത്തെ അവസ്ഥ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ചൈനയിലാണ് കൊറോണ പൊട്ടിപ്പുറപ്പെട്ടതെങ്കിലും ഏറ്റവും കൂടുതൽ രോഗികളും പ്രതിദിന മരണങ്ങളും നടക്കുന്നത് യുഎസിലാണെങ്കിലും ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ കൊറോണ കടുത്ത താണ്ഡവം നടത്തുന്നത് യൂറോപ്പിലാണ്. ഇതിൽ യൂറോപ്പിന്റെ മൂന്ന് കൊറോണ ഹോട്ട്സ്പോട്ടുകളായ ഫ്രാൻസിലും സ്പെയിനിലും ഇറ്റലിയിലും സ്ഥിതിഗതികൾക്ക് വലിയ മാറ്റമൊന്നുമില്ലെന്നാണ് ഏറ്റവും പുതിയ പ്രവണതകൾ വെളിപ്പെടുത്തുന്നത്. സ്ഥിരീകരിക്കുന്ന രോഗികളുടെ എണ്ണത്തിലും മരണത്തിലും ഇവിടങ്ങളിൽ കുറവുണ്ടെങ്കിലും ദിവസവും നൂറ് കണക്കിന് പേർ കോവിഡ്-19 ബാധിച്ച് മരിച്ച് വീഴുന്ന അവസ്ഥയാണ് ഇവിടങ്ങളിലുള്ളത്.

ഇന്നലെ 987 മരണം രേഖപ്പെടുത്തിയിട്ടും പ്രതീക്ഷ കൈവിടാതെയാണ് ഫ്രാൻസ് മുന്നോട്ട് പോകുന്നത്. 510 പേർ മാത്രം ഇന്നലെ മരിച്ചതിന്റെ ആശ്വാസത്തിൽ തീവ്രത കുറഞ്ഞുവെന്ന് കരുതിയാണ് സ്പെയിൻ നിലകൊള്ളുന്നത്. രാജ്യത്തെ കൊറോണയുടെ താണ്ഡവം അതിന്റെ മൂർധന്യാവസ്ഥയിൽ നിന്നും താഴോട്ടിറങ്ങി വന്ന് എല്ലാം ശരിയാകുന്നുവെന്ന് ആശ്വസിക്കുമ്പോഴും ഇന്നലെയും 619 മരണം നടന്നതിന്റെ ഞെട്ടലിൽ നിന്നും ഇറ്റലി മുക്തമായിട്ടില്ല. യൂറോപ്പിന്റെ മൂന്ന് കോവിഡ്-19 ഹോട്ട്സ്പോട്ടുകളുടെയും ഏറ്റവും ഒടുവിലത്തെ അവസ്ഥ ഇങ്ങനെയാണ്.

ഐസിയു അഡ്‌മിഷനുകൾ കുറഞ്ഞിട്ടും ഇന്നലെ മാത്രം മരിച്ചത് 987 പേർ; പ്രതീക്ഷ കൈവിടാതെ ഫ്രാൻസ്

ഫ്രാൻസിൽ കോവിഡ്-19 ബാധിച്ച് ഐസിയുവിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ തുടർച്ചയായി മൂന്നാം ദിവസവും കുറവ് രേഖപ്പെടുത്തിയിട്ടും ഇന്നലെയും രാജ്യത്തുകൊറോണ കാരണം 987 പേർ മരിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന കണക്കാണ് പുറത്ത് വന്നിരിക്കുന്നത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്-19 മരണം 13,832 ആയാണ് വർധിച്ചിരിക്കുന്നത്.ദേശീയവ്യാപകമായി ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗൺ കാരണം രോഗത്തിന്റെ വ്യാപനത്തിൽ നിർണായകമായ കുറവുണ്ടായിരിക്കുന്നുവെന്ന ആശ്വാസവും ഫ്രാൻസിൽ നിന്നുയരുന്നുണ്ട്.

ഇന്റൻസീവ് കെയർ യൂണിറ്റുകളിൽ കഴിയുന്നവരുടെ എണ്ണം 24 മണിക്കൂറുകൾക്കിടെ 7004ൽ നിന്നും 6883 ആയാണ് കുറഞ്ഞിരിക്കുന്നത്. ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം 31,320ആണെന്നും ഇതിൽ സമീപദിവസങ്ങളിൽ കാര്യമായ വർധനവുണ്ടായിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. രാജ്യം മരണം വിതയ്ക്കുന്ന മഹാമാരിക്ക് കീഴടങ്ങിയിരിക്കുന്ന അവസ്ഥയിലാണെന്നും ഇത് മുമ്പെങ്ങുമില്ലാതെ മരണം വിതച്ച് രൂക്ഷമായിരിക്കുമെന്നുവെന്നുമാണ് ഫ്രഞ്ച് ഹെൽത്ത് മിനിസ്ട്രി ഡയറക്ടറായ ജെറോം സാലോമൺ പ്രതികരിച്ചിരിക്കുന്നത്.

510 പേർ മാത്രം മരിച്ചതിന്റെ ആശ്വാസത്തിൽ തീവ്രത കുറഞ്ഞുവെന്ന് കരുതി സ്പെയിൻ

സ്പെയിനിൽ ഇതുവരെ കൊറോണ ബാധിച്ച് 16,606 പേർ മരിക്കുകയും 163,027 രോഗികൾ സ്ഥിരീകരിക്കുകയും ചെയ്തെങ്കിലും ഇന്നലെ വെറും 510 പേർ മാത്രമാണ് കൊറോണ ബാധിച്ച് മരിച്ചതെന്നത് രാജ്യത്തിന് കടുത്ത ആശ്വാസമേകുന്നുണ്ട്. 19 ദിവസങ്ങൾക്കിടെയുള്ള ഏറ്റവും കുറഞ്ഞ മരണസംഖ്യയാണിത്. വൈറസിനെ പിടിച്ച് കെട്ടുന്നതിനായി തിങ്കളാഴ്ച മുതൽ പൊതു ഗതാഗതസംവിധാനം ഉപയോഗിക്കുന്നവരെല്ലാം നിർബന്ധമായും മാസ്‌ക് ധരിക്കാൻ നിർദേശമുണ്ട്. ഇതിലൂടെ പൊതുഗതാഗത സംവിധാനങ്ങൽ സഞ്ചരിക്കുന്നവർക്ക് വൈറസ് ബാധയിൽ നിന്നും രക്ഷപ്പെടാനാകുമെന്നാണ് ഹെൽത്ത് മിനിസ്റ്ററായ സാൽവദോർ ഇല്ല പറയുന്നത്.

സ്പെയിനിലെ ട്രെയിൻ, മെട്രോസ്റ്റേഷനുകളിൽ മാസ്‌കുകൾ വിതരണം ചെയ്യുന്നതിന് വ്യാപകമായി വളണ്ടിയർമാരെ വിന്യസിക്കുമെന്നാണ് റിപ്പോർട്ട്.നിലവിൽ സ്പെയിനിൽ മഹാമാരി അതിന്റെ മൂർധന്യത്തിലെത്തിയെന്നാണ് ഹെൽത്ത് ചീഫുമാർ പറയുന്നത്. അതിനാൽ രോഗത്തെ പിടിച്ച് കെട്ടുന്നതിനായി ഏവരും നാഷണൽ ലോക്ക്ഡൗൺ നിയമങ്ങൾ പാലിക്കണമെന്നും അവർ മുന്നറിയിപ്പേകുന്നു. മാർച്ച് 14നായിരുന്നു രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നത്. ഏപ്രിൽ 26 വരെയാണ് ഇവിടെ ലോക്ക്ഡൗൺ നിലനിൽക്കുന്നത്. ആവശ്യമാണെങ്കിൽ മെയ്‌ പത്ത് വരെ ഇത് നീട്ടിയേക്കും.

കൊറോണയുടെ താണ്ഡവം തീർന്നുവെന്ന് ആശ്വസിക്കുമ്പോഴും ഇന്നലെയും 619 മരണം നടന്നതിന്റെ ഞെട്ടൽ മാറാതെ ഇറ്റലി

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇറ്റലിയിൽ കൊറോണ മരണം 19,500ന് അടുത്തെത്തിയിരിക്കുകയാണ്. മൊത്തം രോഗികളുടെ എണ്ണമാകട്ടെ 152,271 ലെത്തുകയും ചെയ്തിട്ടുണ്ട്. രാജ്യത്തെ കൊറോണ താണ്ഡവം മുൻദിവസങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞുവെന്ന് ആശ്വസിക്കുമ്പോഴും ഇന്നലെ മാത്രം രാജ്യത്ത് 619 ജീവനുകളെ കൊറോണ തട്ടിയെടുത്തതിന്റെ ഞെട്ടലിലാണ് ഇപ്പോൾ ഇറ്റലി. മരണസംഖ്യ കുറഞ്ഞെങ്കിലും ലോക്ക്ഡൗൺ പാലിച്ച് ഏവരും വീട്ടിലിരിക്കണമെന്നാണ് അധികൃതർ നിർദേശിക്കുന്നത്. ഇതിനിടെ രാജ്യത്തെ ലോക്ക്ഡൗൺ മെയ്‌ ആദ്യം വരെ നീട്ടുകയും ചെയ്തിട്ടുണ്ട്.

മരണത്തിലും പുതിയ കേസുകളിലും നേരിയ കുറവുണ്ടായതിന്റെ ആശ്വാസത്തിൽ ഈസ്റ്റർ ഹോളിഡേ വീക്കെൻഡിൽ പുറത്തിറങ്ങി ഉല്ലസിക്കാൻ ആരും ശ്രമിക്കരുതെന്നും രാജ്യം ഇപ്പോഴും കൊറോണയുടെ പിടിയിൽ നിന്നും മോചിപ്പിക്കപ്പെട്ടിട്ടില്ലെന്നത് മറക്കരുതെന്നും ഒഫീഷ്യലുകൾ മുന്നറിയിപ്പേകുന്നു. രാജ്യത്തുകൊറോണ ഏറ്റവും ആഘാതമേൽപ്പിച്ചിരിക്കുന്ന ലോംബാർഡി റീജിയന്റെ തലസ്ഥാനമായ മിലാനിലെ പ്രധാന റോഡുകളിലെല്ലാം കനത്ത പൊലീസ് സാന്നിധ്യമാണുള്ളത്.

ഈ ഒരു സാഹചര്യത്തിൽ ലോക്ക്ഡൗൺ മെയ്‌ മൂന്ന് വരെ നീട്ടേണ്ടിയിരിക്കുന്നുവെന്ന് സ്ഥിരീകരിച്ച് പ്രധാനമന്ത്രി ഗിയുസെപ്പ് കോൺടെ രംഗത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP