Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊവിഡ്19 പകരാൻ അടുത്ത് ഇടപഴകണമെന്നില്ല; വൈറസിന്റെ പ്രഭാവം നാല് മീറ്റർ ദൂരം വരെ; വൈറസ് വാഹകരാകുന്നത് ചെരുപ്പുകൾ പോലും; കൊറോണയെ കൂടുതൽ പേടിക്കണം എന്ന് വ്യക്തമാക്കുന്ന പഠന റിപ്പോർട്ടുകൾ പുറത്ത്

കൊവിഡ്19 പകരാൻ അടുത്ത് ഇടപഴകണമെന്നില്ല; വൈറസിന്റെ പ്രഭാവം നാല് മീറ്റർ ദൂരം വരെ; വൈറസ് വാഹകരാകുന്നത് ചെരുപ്പുകൾ പോലും; കൊറോണയെ കൂടുതൽ പേടിക്കണം എന്ന് വ്യക്തമാക്കുന്ന പഠന റിപ്പോർട്ടുകൾ പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

ന്യുയോർക്ക്: കൊവിഡ്19 പകരുന്നതിന് വൈറസ് വാഹകരുമായി അടുത്ത സമ്പർക്കം പുലർത്തേണ്ട ആവശ്യമില്ലെന്ന് പുതിയ പഠനം. വായുവിലൂടെയും വൈറസ് വ്യാപനം ഉണ്ടാകാം എന്നാണ് ചൈനീസ് ​ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ (സിഡിസി) ജേണലായ എമേർജിങ് ഇൻഫെക്‌ഷ്യസ് ഡിസീസസിൽ ഇതിന്റെ പ്രാഥമിക വിവരങ്ങൾ പ്രസിദ്ധീകരിച്ചിക്കുകയാണ്. ഏതാണ്ട് 13 അടി(നാല് മീറ്റർ) വരെ വായുവിലൂടെ പകരാൻ വൈറസിന് സാധിക്കുമെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. 

ബെയ്ജിങ്ങിലെ അക്കാദമി ഓഫ് മിലിറ്ററി മെഡിക്കൽ സയൻസിലെ ഗവേഷകരാണ് പഠനം നടത്തിയത്. വുഹാനിലെ ഹുവോഷെൻഷൻ ആശുപത്രിയിലെ കോവിഡ്–19 വാർഡിലെ ജനറൽ വാർഡിൽനിന്നും ഐസിയുവിൽ നിന്നുമുള്ള സാംപിളുകളാണ് ഇവർ പരിശോധിച്ചത്. പ്രതലത്തിലുള്ളതും വായുവിലുള്ളതുമായ സാംപിളുകൾ ഇവർ ശേഖരിച്ചു. ഫെബ്രുവരി 19 മുതൽ മാർച്ച് മൂന്നു വരെ ഇവിടെയുണ്ടായിരുന്ന 24 രോഗികളെയാണ് പഠനവിധേയമാക്കിയത്.

വൈറസ് കൂടുതലും വാർഡുകളുടെ നിലത്താണ് കണ്ടത്. ഗുരുത്വാകർഷണ ബലം കൊണ്ടാകാം ഇത്. തുമ്മുന്നതിലൂടെയും ചുമയ്ക്കുന്നതിലൂടെയും പുറത്തുവരുന്ന വൈറസ് കൂടുതലും ഏതെങ്കിലും പ്രതലത്തിലാണ് വീഴുക. ആളുകൾ എപ്പോഴും തൊടുന്ന പ്രതലമാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. കംപ്യൂട്ടർ മൗസ്, മാലിന്യക്കൊട്ടകൾ, കട്ടിൽ, വാതിൽപ്പിടികൾ തുടങ്ങിയവയിൽ വൈറസ് കൂടുതൽ പറ്റിപ്പിടിച്ചിരിക്കും. മാത്രമല്ല, ഐസിയുവിലെ ആരോഗ്യ പ്രവർത്തകരുടെ ചെരുപ്പുകളിൽ വൈറസ് പറ്റിപ്പിടിച്ച് ഇരിക്കുന്നതും കണ്ടെത്തി. ചെരുപ്പുപോലും വൈറസ് വാഹകരാകുമെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. ചെരുപ്പിലൂടെ വൈറസ് പകരാമെന്ന സാധ്യത നേരത്തെ ഇറ്റലിയിലെ ആരോഗ്യപ്രവർത്തകരും പങ്കുവച്ചിരുന്നു.

വൈറസ് കണികകൾ തീരെ ചെറുതായതിനാൽ അവ വായുവിൽ അധികനേരം തങ്ങിനിൽക്കുമെന്നും പഠനങ്ങൾ പറയുന്നു. എന്നാൽ എങ്ങനെയാണ് ഇത്രയും ചെറിയ അളവിലുണ്ടായിട്ടും ഇവ നിലനിൽക്കുന്നതെന്നതിനെക്കുറിച്ച് കൂടുതൽ പഠനം നടത്തേണ്ടതുണ്ടെന്നും ഗവേഷകർ പറയുന്നു. വൈറസ് എങ്ങനെയാണ് പകരുന്നതെന്നും ഇവർ പഠിക്കുന്നുണ്ട്. മാത്രമല്ല, കുറഞ്ഞ അളവിൽ കാണപ്പെടുന്ന വൈറസുകൾ അത്രമേൽ ഉപദ്രവകാരിയല്ലെന്നും ഇവർ പറയുന്നു. കൂടുതൽ പഠനങ്ങൾ നടക്കുന്നതേയുള്ളൂ.

കോവിഡ്-19 ന് കാരണമായ മൂന്ന് തരത്തിലുള്ള കൊറോണ വൈറസുകളാണ് ഇപ്പോൾ ലോകത്ത് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ​ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. 2019 ഡിസംബർ മുതൽ 2020 മാർച്ച് വരെയാണ് ഇവർ പഠനം നടത്തിയത്. ലോകമെമ്പാടുനിന്നും 160 സാമ്പിളുകളാണ് ഇവർ പരിശോധിച്ചത്. 1000 സാമ്പിളുകൾ കൂടി ഇവർ മാർച്ച് അവസാനം പരിശോധിച്ചിരുന്നു. ഇതിന്റെ ഫലങ്ങൾ കൂടി കൂട്ടിചേർത്ത് ഗവേഷണ റിപ്പോർട്ട് പരിഷ്‌കരിക്കാനാണ് ഇവരുടെ തീരുമാനം. പഠനത്തിൽ മൂന്ന് കൊറോണ വൈറസുകളെയാണ് ഇവർ കണ്ടെത്തിയത്. ഇവ മൂന്നും വളരെയധികം സാമ്യം പുലർത്തുന്നവയാണെന്നും യഥാർഥ വൈറസിന് മ്യൂട്ടേഷൻ സംഭവിച്ചവയാകാമെന്നും ഗവേഷകർ പറയുന്നു.

എ, ബി, സി എന്നിങ്ങിനെ മൂന്ന് ടൈപ്പ് കൊറോണ വൈറസാണ് ഇപ്പോഴുള്ളതെന്നാണ് ഇവർ പറയുന്നത്. വവ്വാലുകളിൽ നിന്ന് ഈനാംപോച്ചി (ഉറുമ്പ് തീനി)യിലേക്കും അവയിൽ നിന്ന് മനുഷ്യനിലേക്കുമാണ് കോവിഡിന് കാരണക്കാരനായ വൈറസ് എത്തിയത്. ഈ വൈറസിനെയാണ് ഗവേഷകർ ടൈപ്പ് എ എന്ന് വിളിക്കുന്നത്. അതേസമയം ലോകത്ത് ഏറ്റവും അധികം ആളുകളിൽ കാണപ്പെടുന്നത് ഈ വൈറസല്ലെന്നും അതിന്റെ രൂപാന്തരമായ ടൈപ്പ് ബിയാണെന്നുമാണ് ഇവരുടെ അഭിപ്രായം. കഴിഞ്ഞ ക്രിസ്മസ് കാലത്താണ് ഇതു പടരാൻ തുടങ്ങിയതെന്നാണ് ഗവേഷകർ പറയുന്നത്.

ടൈപ്പ് എ വൈറസ് ചൈനയ്ക്ക് പുറത്ത് വ്യാപിച്ചത് ഓസ്‌ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങളിലാണ്. നാല് ലക്ഷം ആളുകളിലാണ് ഈ വൈറസ് ബാധിച്ചത്. അമേരിക്കയിലെ മൂന്നിൽ രണ്ട് കോവിഡ് രോഗികളിലും ടൈപ്പ് എ വൈറസാണ് ഉള്ളതെന്ന് സാമ്പിൾ പരിശോധനയിൽ തെളിഞ്ഞു. എന്നാൽ അമേരിക്കയിൽ ടൈപ്പ് എ വൈറസ് ഏറ്റവമധികമുള്ളത് ന്യൂയോർക്കിലല്ല, വെസ്റ്റ് കോസ്റ്റിലാണെന്നും ഗവേഷകർ പറയുന്നു.

യുകെ, സ്വിറ്റ്‌സർലാൻഡ്, ജർമനി, ഫ്രാൻസ്, ബെൽജിയം, നെതർലാൻഡ് എന്നിവിടങ്ങളിൽ ടൈപ്പ് ബി വൈറസ് വ്യാപിച്ചു. മൂന്നാമത്തെ വകഭേദമായ ടൈപ്പ് സി വൈറസ് ഉരുത്തിരിഞ്ഞത് ടൈപ്പ് ബിയിൽ നിന്നാണ്. ഇതും യൂറോപ്പിലുണ്ട്. സിങ്കപ്പൂർ വഴിയാണ് ടൈപ്പ് സി വൈറസ് യൂറോപ്പിലെത്തിയത്. നിലവിൽ യൂറോപ്പിൽ കൂടുതൽ ആളുകളിലും കാണപ്പെടുന്നത് ടൈപ്പ് സി വൈറസാണ്.

ഈ മൂന്ന് ടൈപ്പുകളിൽ രണ്ടാമനായ ടൈപ്പ് ബിയാണ് വളരെ വേഗം പടർന്നുപിടിക്കുന്നത്. മനുഷ്യന്റെ പ്രതിരോധശേഷിയെ അതിജീവിക്കാൻ സാർസ് കോവ്-2 വൈറസിന് മ്യൂട്ടേഷൻ സംഭവിച്ചാണ് ഈ വകഭേദങ്ങൾ ഉണ്ടായതെന്നും വിവിധ വംശങ്ങളിൽ പെട്ടവരിൽ കൂടി കടന്നാണ് ഈ മ്യൂട്ടേഷനുകൾ വൈറസിന് സംഭവിച്ചതെന്നും ഗവേഷകർ പറയുന്നു.

ചൈനയിൽ ഉള്ളതിനേക്കാൾ ടൈപ്പ് എ വൈറസ് അമേരിക്കയിലാണ് ഉള്ളത്. ഇത് വിചിത്രമാണെന്നാണ് ഇവർ പറയുന്നത്. ചൈനയിൽ പടർന്നത് ടൈപ്പ് ബി ആണ്. അതേസമയം ജനുവരി ആയപ്പോൾ തന്നെ രണ്ട് ടൈപ്പുകളും പടർന്നു തുടങ്ങിയിരുന്നു. ഇതേസമയം തന്നെയാണ് അമേരിക്കയിൽ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നതും. ഇതിനർഥം അമേരിക്കയിൽ വൈറസ് അതിനും മുമ്പെ എത്തിയെന്നൊ കണ്ടുപിടിക്കാൻ സാധിച്ചില്ലെന്നോ അർഥമാക്കുന്നില്ലെന്നും വളരെ ചെറിയ പഠനത്തിൽ നിന്നുള്ള അനുമാനങ്ങളാണ് ഇവയെന്നുമാണ് ഗവേഷകർ പറയുന്നത്.

അമേരിക്കയിൽ ഏറ്റവുമധികം രോഗം പടർന്നു പിടിച്ച ന്യൂയോർക്കിൽ ടൈപ്പ് ബി വൈറസാണ് കൂടുതൽ. ഇത് എത്തിയതാകട്ടെ യൂറോപ്പിൽനിന്നും. ഇത് ഫെബ്രുവരി പകുതിയോടെയാണ് സംഭവിച്ചിരിക്കാൻ സാധ്യതയെന്നും ഗവേഷകർ കരുതുന്നു. അതേസമയം അമേരിക്കയിലെ മൂന്നിൽ രണ്ട് കോവിഡ് രോഗികളിലും ടൈപ്പ് എ വൈറസാണ് കാണപ്പെടുന്നത്.

ടൈപ്പ് എയിൽനിന്ന് ടൈപ്പ് ബി വൈറസ് ഉണ്ടായത് ചൈനയിൽ വെച്ച് തന്നെയാകാം. എന്നാൽ ടൈപ്പ് സി വൈറസ് ഉരുത്തിരിഞ്ഞത് ചൈനയ്ക്ക് പുറത്തുനിന്നാണെന്നും ഗവേഷകർ പറയുന്നു. ചൈനയിലെ മനുഷ്യരുടെ പ്രതിരോധ ശേഷിയിലെ കുറവ്‌ ടൈപ്പ് ബി വൈറസിന് അനുയോജ്യമായതിനാലാകാം അവിടെ ടൈപ്പ് ബി വൈറസിന് കൂടുതൽ വ്യാപിക്കാൻ സാധിച്ചതെന്നാണ് ഇവരുടെ നിഗമനം.

ചൈനയിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിന് മുമ്പുതന്നെ ടൈപ്പ് എയിൽ നിന്ന് ബിയിലേക്ക് മ്യൂട്ടേഷൻ സംഭവിച്ചിരിക്കാനുള്ള സാധ്യത ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. അതേസമയം ചൈനയ്ക്ക് പുറത്തേക്ക് എത്തിയതോടെ വ്യത്യസ്ത വംശങ്ങളിൽ പെട്ട ആളുകളിലേക്ക് വൈറസിന് അതിജീവിക്കാൻ മറ്റ് മാർഗങ്ങൾ വേണ്ടി വന്നുവെന്നും അങ്ങനെ ടൈപ്പ് സി ഉരുത്തിരിഞ്ഞിരിക്കാമെന്നും കരുതുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP