Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പദവി വേണ്ട ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാം എന്ന് പറഞ്ഞു സഞ്ചരിച്ചത് ട്രെയിനിലും ബസിലും മാത്രം; എഐസിസി ഇടപെട്ടപ്പോൾ ആദ്യം ജനറൽ സെക്രട്ടറിയും പിന്നീട് വർക്കിങ് കമ്മിറ്റി അംഗവുമായി; കാൻസറാണ് വിശ്രമത്തിലാണ് എന്ന് പ്രചാരണം വന്നപ്പോൾ എല്ലാം തള്ളിക്കളഞ്ഞ് വീണ്ടും ജനങ്ങൾക്ക് മുന്നിൽ; മുല്ലപ്പള്ളിയും ചെന്നിത്തലയുമുണ്ടെങ്കിലും കൊറോണ കാലത്ത് കോൺഗ്രസിൽ പുതുപ്പള്ളിയിലെ കുഞ്ഞൂഞ്ഞ് തന്നെ ജനപ്രിയനായകൻ

എം മനോജ് കുമാർ

തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമാണെങ്കിലും കോൺഗ്രസിൽ ഇപ്പോഴും മുറവിളി ഉയരുന്നത് ഉമ്മൻ ചാണ്ടിക്ക് വേണ്ടി. പിണറായി സർക്കാരിന്റെ അനായാസ ഭരണത്തിനു അവസരമൊരുക്കുന്നത് ഉമ്മൻ ചാണ്ടിയുടെ അസാന്നിധ്യം കാരണമെന്നാണ് കോൺഗ്രസ് അണികളിൽ നിന്നും വരുന്ന വിമർശനം. കഴിഞ്ഞ ദിവസം ഇന്ദിരാഭവനിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലും തിളങ്ങി നിന്നത് ഉമ്മൻ ചാണ്ടിയായിരുന്നു. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഒരുമിച്ചാണ് വാർത്താ സമ്മേളനം വിളിച്ചു കൂട്ടിയത്. കാതലായ ആരോപണങ്ങൾ ഉന്നയിക്കുന്ന കാര്യത്തിലും ആ ആരോപണങ്ങൾക്ക് ഇടത് സർക്കാരിനെക്കൊണ്ട് മറുപടി പറയുന്ന കാര്യത്തിലും തനിക്കുള്ള കഴിവുകൾ മറ്റാർക്കുമില്ലെന്ന് ഇന്നലെ ഉമ്മൻ ചാണ്ടി അനായാസം തെളിയിക്കുകയും ചെയ്തു.

കാസർകോട് മെഡിക്കൽ കോളജ് പൂർത്തിയാവാത്തത് ദുഃഖകരമെന്നാണ് ഉമ്മൻ ചാണ്ടി ഇന്നലെ പറഞ്ഞത്. കാസർകോടിന്റെ കാര്യത്തിൽ യുഡിഎഫ് സർക്കാർ കമ്മിഷനെ വെച്ചിരുന്നു. മെഡിക്കൽ കോളെജിനു സ്ഥലമെടുത്തു. യുഡിഎഫ് സർക്കാർ അധികാരത്തിൽ നിന്ന് ഇറങ്ങും മുമ്പ് മെഡിക്കൽ കോളേജിന്റെ പണി പൂർത്തിയായി. ആശുപത്രിയുടെ പണി ആരംഭിച്ചെങ്കിലും പൂർത്തിയാക്കാനായില്ല. സർക്കാരിന്റെ അലംഭാവം കാരണമാണ് കാസർകോട് മെഡിക്കൽ കോളേജ് വൈകിയയത്. കൊറോണ വന്നപ്പോൾ കർണാടകത്തിനു മുന്നിൽ കേരളം അപമാനിതമായി മാറിയത് ഈ നിലപാട് കാരണമാണ്. ഉമ്മൻ ചാണ്ടിയുടെ വിമർശനം വന്ന ശേഷം തന്നെ ഇടത് സർക്കാരിന്റെ മറുപടിയും വന്നു. മെഡിക്കൽ കോളേജ് ഉടനടി യാഥാർത്യമാക്കും. അടിയന്തിര നടപടികൾ ഈ കര്യതില്‌സ് സർക്കാർ കൈക്കൊള്ളുന്നുണ്ട്- സർക്കാർ അറിയിച്ചു. ഈ രീതിയിലുള്ള ഇടപെടൽ നടത്തുന്നതുകൊണ്ട് കൂടിയാണ് ഉമ്മൻ ചാണ്ടിക്ക് വേണ്ടിയുള്ള മുറവിളി കോൺഗ്രസിൽ ശക്തമാവുന്നത്. ശാരീരിക അവശതകൾ ചൂണ്ടിക്കാട്ടി ഉമ്മൻ ചാണ്ടി സജീവമാകില്ല എന്ന പ്രചാരണം വന്നെങ്കിലും അതെല്ലാം അതിജീവിച്ച് അദ്ദേഹം ഇപ്പോഴും സജീവമാണ്. ഇന്നലെത്തെ സംയുക്ത വാർത്താ സമ്മേളനത്തിലും കൊറോണാ പ്രശ്‌നങ്ങളിലുമെല്ലാമുള്ള ഇടപെടൽ ഈ സജീവതയ്ക്കുള്ള തെളിവുമാകുന്നു. ഇതെല്ലാം തന്നെ ഉമ്മൻ ചാണ്ടിക്ക് വേണ്ടി മുറവിളി ഉയർത്താൻ അണികളെ പ്രേരിപ്പിക്കുന്നതിൽ മുഖ്യപങ്കു വഹിക്കുന്നുണ്ട്.

ആശാവഹമായി അണികൾ കോൺഗ്രസിൽ കാണുന്നത് ഇപ്പോഴും ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യമാണ്. ഇടത് സർക്കാരിനെ രാഷ്ട്രീയമായി എതിർക്കാൻ ഉമ്മൻ ചാണ്ടിക്കുള്ള ശേഷി കോൺഗ്രസിലെ മറ്റാർക്കുമില്ലെന്ന തിരിച്ചറിവ് കൂടി അണികളുടെ ഈ ആവശ്യത്തിനു പിന്നിലുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെങ്കിലും എ ഗ്രൂപ്പ് ഇപ്പോഴും ആഗ്രഹിക്കുന്നത് മുഖ്യമന്ത്രി കസേരയിൽ ഉമ്മൻ ചാണ്ടിക്ക് ഒരവസരം കൂടി വേണമെന്നാണ്. വരുന്ന തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഒരു രാഷ്ട്രീയമാറ്റമുണ്ടാകുമെന്നു തന്നെയാണ് എ ഗ്രൂപ്പിന്റെ കണക്കുകൂട്ടൽ. പ്രതിപക്ഷ നേതാവ് തന്നെ മുഖ്യമന്ത്രിയായി വരുന്ന ഒരു കീഴ്‌വഴക്കം നിലനിൽക്കുന്നില്ലെന്നും എ ഗ്രൂപ്പ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നുണ്ട്. പിണറായി വിജയനെ രാഷ്ട്രീയമായി എതിർക്കാൻ ചെന്നിത്തലയേക്കാൾ ഉമ്മൻ ചാണ്ടിയാണ് എന്ന കണക്കുകൂട്ടലാണ് കോൺഗ്രസ് അണികൾക്കുള്ളത്. ഒരു തവണകൂടി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി കസേരയിൽ ഇരിക്കണമെന്ന ആഗ്രഹവും മിക്ക കോൺഗ്രസ് അണികൾക്കുമുണ്ട്
എ-ഐ ഗ്രൂപ്പുകളായി ഒരു കാലത്ത് ശക്തമായി വിഘടിച്ച് നിന്നിരുന്ന കോൺഗ്രസിൽ ഇപ്പോൾ ഐ ഗ്രൂപ്പിന് ആധിപത്യമില്ല.

കെ.മുരളീധരൻ, രമേശ് ചെന്നിത്തല എന്നിങ്ങനെ ഈ ഗ്രൂപ്പ് വിഘടിച്ച് വിഘടിച്ച് ഇല്ലാതായ അവസ്ഥയാണ്. . യഥാർത്ഥ ഐ ഗ്രൂപ്പിനെ നയിക്കുന്നത് താൻ തന്നെയാണ് എന്ന അവകാശവാദവുമായാണ് കെ.മുരളീധരൻ എംപി ഇപ്പോഴും മുന്നോട്ടു പോകുന്നത്. ഇതൊന്നും കണക്കാക്കാതെ ഐ ഗ്രൂപ്പിന്റെ ആധിപത്യം നിലനിർത്താനുള്ള പോരാട്ടത്തിലാണ് ചെന്നിത്തല. പക്ഷെ മറുവശത്ത് ഉമ്മൻ ചാണ്ടി തന്നെയാണ് എ ഗ്രൂപ്പിന്റെ നേതാവ്. ഉമ്മൻ ചാണ്ടിയുടെ ആധിപത്യത്തിനു ഗ്രൂപ്പിൽ ഇപ്പോഴും ഒരനക്കവും തട്ടിയിട്ടില്ല. കരുത്തരായ ഒരു പറ്റം നേതാക്കളും എ ഗ്രൂപ്പിലുണ്ട്. യൂത്ത് കോൺഗ്രസ് പ്രസിഡന്റായി ഷാഫി പറമ്പിലിനെ തീരുമാനിക്കുന്നതിൽ പിന്നിൽ നിന്നത് ഉമ്മൻ ചാണ്ടിയായിരുന്നു. യൂത്ത് കോൺഗ്രസിലും കെഎസ് യുവിലും ഇപ്പോഴും എ ഗ്രൂപ്പിന്റെ തന്നെ ആധിപത്യമാണ് തുടരുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരം നഷ്ടമായതോടെ പദവി വേണ്ടാ എന്ന് പറഞ്ഞു ട്രെയിനിലും ബസിലും സഞ്ചരിച്ചെങ്കിലും എഐസിസി നേതൃത്വം തന്നെ ഇടപെട്ടു ഉമ്മൻ ചാണ്ടിയെ എഐസിസി ജനറൽ സെക്രട്ടറിയും പിന്നീട് കോൺഗ്രസ് വർക്കിങ് കമ്മറ്റി അംഗവുമാക്കി. ഇതോടെയാണ് ഉമ്മൻ ചാണ്ടി വീണ്ടും സജീവമായത്.

ഉമ്മൻ ചാണ്ടിക്ക് മുഖ്യമന്ത്രി പദവി ലഭിക്കില്ല എന്ന സൂചനകൾ ഇപ്പോഴും കോൺഗ്രസിൽ നിന്നും ലഭിക്കുന്നില്ല. വരുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ ഉമ്മൻ ചാണ്ടിക്ക് നറുക്ക് വീഴില്ല എന്നും ആരും ഉറപ്പിക്കുന്നുമില്ല. പാർലമെന്റ്‌റി പാർട്ടി യോഗമാണ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുക. എംഎൽഎ മാരിൽ നിന്നും ഈ രീതിയിൽ ഒരാവശ്യം മുഴങ്ങിയാൽ എതിർക്കുക ഐ വിഭാഗത്തിനും പ്രയാസമാകും. നിലവിൽ തകർന്നടിഞ്ഞ അവസ്ഥയിലാണ് ഐ ഗ്രൂപ്പ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളി സ്ഥാനാർത്ഥി ഉമ്മൻ ചാണ്ടി തന്നെയാണ്. ഈ കാര്യത്തിൽ മാറ്റമൊന്നുമില്ലെന്നാണ് എ ഗ്രൂപ്പിൽ നിന്നും അറിയാൻ കഴിയുന്നത്. കോൺഗ്രസിൽ ഇപ്പോഴും ശക്തം എ ഗ്രൂപ്പുമാണ്. അതുകൊണ്ട് തന്നെ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഉമ്മൻ ചാണ്ടിക്കുള്ള സാധ്യതകൾ തള്ളിക്കളയുക പ്രയാസമാകും. ചെന്നിത്തല മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിച്ചാൽ കെപിസിസിയുടെ പ്രിയങ്കരനായ മുൻ പ്രസിഡന്റ് എന്ന നിലയിലും കെ.കരുണാകരന്റെ അനന്തരാവകാശി എന്ന നിലയിൽ ഐ ഗ്രൂപ്പിൽ നിന്നും കെ.മുരളീധരന്റെ പേരും ഉയർന്നുവരാം. നിലവിലെ എംപി എന്ന ന്യായമൊന്നും വിലപ്പോയെന്നും വരില്ല. ചിന്നിച്ചിതറി ഐ ഗ്രൂപ്പ് നിലകൊള്ളുമ്പോൾ എ ഗ്രൂപ്പ് പക്ഷെ ഇപ്പോഴും ഒറ്റക്കെട്ടാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് എ ഉമ്മൻ ചാണ്ടിയുടെ പേര് നിർദ്ദേശിച്ചാൽ അതിനെ മറികടന്നു പോവാൻ ഐയ്ക്കും ചെന്നിത്തലയ്ക്കും പ്രയാസവുമാകും. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി തന്നെ എന്ന് എവിടെയും എഴുതിവെച്ചിട്ടില്ലല്ലോ എന്ന ന്യായവും അപ്പോൾ എ ഉയർത്തുകയും ചെയ്യും.

കഴിഞ്ഞ യുഡിഎഫ് കാലത്ത് സ്വീകാര്യനായ മുഖ്യമന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടി. സോളാർ ലൈംഗികാപവാദത്തിന്റെ കാർമേഘങ്ങളും കെ.എം.മാണിയുടെ ബാർക്കൊഴാ വിവാദവും വരും വരെ കസേരയ്ക്ക് ഒരിളക്കവും തട്ടിയില്ല. സോളാറും ബാർക്കോഴയും ഇടത് പക്ഷത്തിന്റെ രാഷ്ട്രീയായുധമായി മാറിയതോടെയാണ് ഭരണത്തിൽ നിന്നും യുഡിഎഫ് തെറിച്ചത്. അങ്ങിനെയാണ് പിണറായി സർക്കാർ കേരളത്തിൽ അധികാരത്തിൽ വന്നത്. ശബരിമല പ്രശ്‌നമാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടത് സർക്കാരിനു പ്രതിബന്ധം സൃഷ്ടിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയോടെ വിശ്വാസികളുടെ വികാരം മുറിപ്പെടുത്തുന്ന നടപടികളിൽ നിന്നും പിണറായി സർക്കാർ പിൻവലിയുകയും ചെയ്തു. ഇപ്പോൾ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ വഴി സംസ്ഥാനത്തിന്റെ വിശ്വാസം കരഗതമാക്കുന്നതിൽ സർക്കാർ വിജയിച്ചിട്ടുണ്ട്. ഈ ആത്മവിശ്വാസത്തോടെയാകും പിണറായി സർക്കാർ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുക. അപ്പോൾ അമരത്ത് ചെന്നിത്തല മതിയോ അതോ ഉമ്മൻ ചാണ്ടി തന്നെ വേണ്ടേ എന്ന ചോദ്യമാണ് കോൺഗ്രസിനുള്ളിൽ നിന്നും മുഴങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP