Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൊലപാതകവും ബലാത്സംഗവും ഭവനഭേദനവുമായി രജിസ്റ്റർ ചെയ്യപ്പെടാറുള്ളത് പ്രതിദിനം 900 ലേറെ കേസുകൾ; ഇപ്പോഴുള്ളത് ലോക്ക് ഡൗൺ ലംഘനവും വല്ലപ്പോഴും എത്തുന്ന വ്യാജവാറ്റ് കേസുകളും മാത്രം; രാഷ്ട്രീയ സംഘർഷങ്ങളും വാഹനാപകടങ്ങളും കുറഞ്ഞു; ജയിലിലെ ശിക്ഷാപ്രതികൾക്കും രണ്ടുമാസം പരോളിനു വഴി തെളിച്ചതും കോവിഡ് പേടി; ലോക്ക് ഡൗണിൽ അച്ചടക്കം ഉള്ളവരായി സ്ഥിരം ക്രിമിനലുകളും; മദ്യവിൽപ്പന നിലച്ചതും ഗുണകരമായെന്ന് പൊലീസ്; ലോക്ക് ഡൗണിൽ കുറ്റകൃത്യരഹിത സംസ്ഥാനമായി കേരളം

കൊലപാതകവും ബലാത്സംഗവും ഭവനഭേദനവുമായി രജിസ്റ്റർ ചെയ്യപ്പെടാറുള്ളത് പ്രതിദിനം 900 ലേറെ കേസുകൾ; ഇപ്പോഴുള്ളത് ലോക്ക് ഡൗൺ ലംഘനവും വല്ലപ്പോഴും എത്തുന്ന വ്യാജവാറ്റ് കേസുകളും മാത്രം; രാഷ്ട്രീയ സംഘർഷങ്ങളും വാഹനാപകടങ്ങളും കുറഞ്ഞു; ജയിലിലെ ശിക്ഷാപ്രതികൾക്കും രണ്ടുമാസം പരോളിനു വഴി തെളിച്ചതും കോവിഡ് പേടി; ലോക്ക് ഡൗണിൽ അച്ചടക്കം ഉള്ളവരായി സ്ഥിരം ക്രിമിനലുകളും; മദ്യവിൽപ്പന നിലച്ചതും ഗുണകരമായെന്ന് പൊലീസ്; ലോക്ക് ഡൗണിൽ കുറ്റകൃത്യരഹിത സംസ്ഥാനമായി കേരളം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്ത് കുറ്റകൃത്യരഹിത സംസ്ഥാനമായി കേരളം മാറുന്നു. കേരളത്തിലെ മുഴുവൻ ജില്ലകളിലും കുറ്റകൃത്യങ്ങൾ കുറഞ്ഞു. പ്രതിദിനം 900 ലേറെ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന അവസ്ഥ ലോക്ക് ഡൗൺ കാലത്ത് പഴം കഥയായി മാറുകയാണ്. മിക്ക പൊലീസ് സ്റ്റേഷനുകളിലും കോവിഡ് വിലക്ക് ലംഘനവുമായി ബന്ധപ്പെട്ട കേസുകൾ മാത്രമേ വരുന്നുള്ളൂ. ലോക്ക് ഡൗൺ കാലത്ത് എല്ലാവരും വീടുകളിൽ അടച്ചിരിക്കുകയാണ്. ലോക ജനസംഖ്യയുടെ അഞ്ചിൽ ഒന്ന് ഭാഗവും ഈ കാലത്ത് വീടുകളിൽ തുടരുകയാണ്. കുറ്റവാളികളും തുടരുന്നത് വീടുകളിൽ തന്നെ. കുറ്റവാളികളും ലോക്ക് ഡൗണിൽ ആയ സാഹചര്യത്തിനു കുറ്റകൃത്യങ്ങൾ കുറയുന്നതിൽ വലിയ പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. ആളുകൾ വീടുകളിൽ കഴിയുന്നതും മദ്യം, മയക്കുമരുന്ന് വിൽപ്പന നിലച്ചതും കുറ്റകൃത്യങ്ങൾ കുറയാനുള്ള പ്രധാന കാരണമെന്നു പൊലീസ് പറയുന്നു. വളരെ വിരളമായ പരാതികളാണ് പൊലീസിന് മുൻപാകെ വരുന്നത്. ലോക്ക് ഡൗൺ ലംഘനങ്ങളും മദ്യഷാപ്പുകൾ അടച്ചിട്ടത് കാരണം വർദ്ധിച്ച വ്യാജ വാറ്റ് കേസുകളുമല്ലാതെ പൊലീസിന് തലവേദന സൃഷ്ടിക്കുന്ന കുറ്റകൃത്യങ്ങൾ അപ്രത്യക്ഷമായ അവസ്ഥയാണ്.

കൊറോണയുടെ കാര്യത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെയും കേസെടുക്കുന്നുണ്ട്. ലോക്ക്ഡൗൺ കാലത്ത് ഗാർഹിക പീഡനങ്ങൾ കൂടുന്നുവെന്ന് ദേശീയ വനിതാ കമ്മീഷൻ പറയുമ്പോൾ, കേരളത്തിൽ രണ്ട് പരാതികൾ മാത്രമാണ് വന്നത്. കേരളത്തിലെ അവസ്ഥ മാത്രമല്ല ഇത്. . രാജ്യത്തുടനീളം കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വലിയ കുറവാണ് വന്നിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേസമയത്ത് 12 മോഷണക്കേസുകൾ രജിസ്റ്റർ ചെയ്തെങ്കിൽ നിലവിൽ അത് രണ്ടെണ്ണം മാത്രമാണ്. സ്ത്രീകൾക്ക് എതിരെയുള്ള ആക്രമണങ്ങൾ ഈ കാലയളവിൽ പത്തെണ്ണം മാത്രമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരു ബലാത്സംഗക്കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. നാല് കൊലപാതക കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. ലോക്ഡൗണിനെതുടർന്ന് മദ്യശാലകൾ അടച്ചിട്ടതിനാൽ വ്യാജമദ്യവിൽപ്പനയുമായി ബന്ധപ്പെട്ട കേസുകൾ ഏറെ വർധിച്ചിട്ടുണ്ട്.

രാഷ്ട്രീയ സംഘർഷം, വിദ്യാർത്ഥി സംഘട്ടനം, പ്രതിഷേധ പ്രകടനങ്ങൾ, വാഹനാപകടങ്ങൾ തുടങ്ങിയ കേസുകളാണ് സാധാരണ ഗതിയിൽ അധികം വരുന്നത്. പക്ഷെ നിലവിൽ ഒരു സമരങ്ങളുമില്ല. പ്രതിഷേധ പ്രകടനങ്ങളുമില്ല. ഒരു രാഷ്ട്രീയ പാർട്ടിയും ധർണ്ണയോ പ്രതിഷേധമോ സംഘടിപ്പിക്കുന്നില്ല. കൊയ്ത്തിന്റെ ഈ കാലത്ത് ആള് കൂടുന്ന കൊയ്ത്തുൽസവം പോലും കേരളത്തിൽ ഇപ്പോൾ നടക്കുന്നില്ല. വിവിധ കേസുകളിൽപ്പെട്ട് ജയിലിൽ എത്തുന്നവരുടെ എണ്ണവും വൻതോതിൽ കുറഞ്ഞു. വാഹന പരിശോധന നടത്താമെങ്കിലും കാര്യങ്ങൾ അറസ്റ്റിലേക്കു പോകരുതെന്നു ഹൈക്കോടതിയും സംസ്ഥാന സർക്കാരും നിർദേശിച്ചിട്ടുണ്ട്. ഇതും കേസുകൾ കുറയാൻ കാരണമായി. ജയിലുകളിൽ തന്നെ കൊറോണ പേടി കാരണം പരോൾ നൽകി പ്രതികളെ പറഞ്ഞുവിടുന്ന അവസ്ഥയാണ്. സംസ്ഥാനത്ത് ആകെയുള്ള 932 ശിക്ഷാ തടവുകാരിൽ 852 പേർക്ക് രണ്ടു മാസത്തേക്കു പരോൾ ലഭിച്ചു. പരോൾ വേണ്ടാത്തവരും പുറത്തിറങ്ങിയാൽ പോകാനിടമില്ലാത്തവരും ഇതര സംസ്ഥാനക്കാരുമാണു ജയിലിൽ തുടരുന്നതിൽ ഭൂരിപക്ഷവും.

വീട് പൂട്ടി ആരും പോകുന്നില്ല. ജനങ്ങൾ എല്ലാം വീട്ടിൽ തന്നെ. മോഷണമോ മറ്റോ നടത്തി തടിതപ്പാൻ റോഡിലേക്ക് ഇറങ്ങിയാൽ പൊലീസിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടി വരും. അല്ലെങ്കിൽ നേരെ സ്റ്റേഷനിലേക്ക് പോകേണ്ടിയും വരും. കേസ്, പിഴ ഇതെല്ലാം വഴിയേ വരും. ഈ സാഹചര്യം നിലനിൽക്കുന്നതിനാൽ കുറ്റകൃത്യങ്ങൾ തത്ക്കാലം വിട ചൊല്ലിയ അവസ്ഥയിലാണ്. കേസുകൾ കുറഞ്ഞു എന്ന് പറയുമ്പോൾ ക്രൈം മാത്രമാണ് കുറഞ്ഞത്. ലോക്ക് ഡൗൺ ലംഘിച്ച കാര്യത്തിൽ 30,000ത്തിന് മുകളിലാണ് കേസുകൾ. 20,000വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ ഈ കേസുകൾ ക്രൈം എന്ന രീതിയിൽ പൊലീസ് വീക്ഷിക്കുന്നുമില്ല. മദ്യം മയക്കുമരുന്ന് വിൽപ്പന കുറഞ്ഞതും റോഡുകളിലെ പൊലീസിന്റെ തുടർച്ചയായ സാന്നിധ്യവും കർശനമായ വാഹന പരിശോധനകളുമാണ് കുറ്റകൃത്യങ്ങളുടെ തോത് കുറച്ചത് എന്നാണ് ക്രൈം റിക്കോർഡ്‌സ് ബ്യൂറോ വിരൽ ചൂണ്ടുന്നത്.

സംസ്ഥാനത്ത് രണ്ട് തരത്തിലാണ് കേസുകൾ രജിസ്റ്റർ ചെയ്യുന്നത്. ഐപിസി (ഇന്ത്യൻ പീനൽ കോഡ്) കേസുകളും എസ്എൽഎൽ (സ്‌പെഷ്യൽ ആൻഡ് ലോക്കൽ ലോ) കേസുകളും. ഇവ രണ്ടിലും ഗണ്യമായ കുറവുണ്ടെന്നാണ് നിലവിലെ അവസ്ഥ വിരൽ ചൂണ്ടുന്നത്. മോഷണക്കേസുകളും ഇതര സംസ്ഥാനക്കാർ പ്രതികളാകുന്ന കേസുകളും ലോക്ഡൗൺ കാലയളവിൽ കുറഞ്ഞു. കഴിഞ്ഞവർഷം സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലായി 4,52,787കേസുകളാണു രജിസ്റ്റർ ചെയ്തത്.അതായത് പ്രതിദിനം 900 ലേറെ കേസുകൾ. ഇപ്പോൾ വളരെ വിരളമായാണ് കേസുകൾ വരുന്നത്.

രാജ്യതലസ്ഥാനമായ ഡൽഹിയിലും സ്ഥിതി വിഭിന്നമല്ല. കൊറോണ കാലത്ത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രണ്ടായിരം കേസുകൾ കുറഞ്ഞിട്ടുണ്ടെന്നാണ് ഡൽഹി പൊലീസ് വെളിപ്പെടുത്തുന്നത്. മാർച്ച് 15 മുതൽ ഇതുവരെ 1971 കേസുകളാണ് രജിസ്റ്റർ ചെയ്തത്. അതേസമയം, കഴിഞ്ഞ വർഷം ഇക്കാലയളവിൽ 3415 കേസുകളുണ്ടായിരുന്നു. മുൻവർഷവുമായി താരതമ്യം ചെയ്താൽ 42 ശതമാനം കുറവെന്നാണ് പൊലീസ് കണക്കുകൾ പറയുന്നത്. ഡൽഹിയിലെ മൊത്തം കേസുകളിൽ 53 എണ്ണം കവർച്ചയാണ്. പിടിച്ചുപറിയുമായി ബന്ധപ്പെട്ട 181 കേസുകളും 55 കൊള്ളകളും 1243 വാഹനമോഷണവും 66 ഭവനഭേദനവും റിപ്പോർട്ടു ചെയ്യപ്പെട്ടു. സ്ത്രീകളെ അക്രമിച്ച 72 കേസുകളുണ്ടായി. ഇതിനു പുറമെ, 150 തട്ടിക്കൊണ്ടുപോവലും 112 അപകടങ്ങളുമുണ്ടായെന്നും പൊലീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP