Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കോവിഡിൽ പ്രത്യേക വാർഡ് തുടങ്ങിയപ്പോൾ മുഖാവരണം പോലും നൽകിയില്ല; രോഗികളുടെ ബില്ലിൽ മാസ്‌ക്കിനും ഗ്ലൗസിനും പണം ഈടാക്കി ജീവനക്കാർക്ക് നൽകിയത് വിവാദം ആളിക്കത്തിയപ്പോൾ; കൊറോണയെ വകവയ്ക്കാതെ രോഗികളെ നോക്കിയിട്ടും ശമ്പളം വെട്ടിക്കുറച്ച് മാനേജ്‌മെന്റ്; ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ശമ്പളമായി ആശുപത്രി നൽകിയത് വെറും 5000 രൂപ; ബെഡിലും ഐസിയുവിലും എല്ലാം രോഗികളുണ്ടായിട്ടും കള്ളക്കളി; തൃശൂരിലെ അശ്വിനി ആശുപത്രിയുടേതുകൊടും ക്രൂരത; പൊട്ടിക്കരഞ്ഞ് നേഴ്‌സുമാരും ജീവനക്കാരും

കോവിഡിൽ പ്രത്യേക വാർഡ് തുടങ്ങിയപ്പോൾ മുഖാവരണം പോലും നൽകിയില്ല; രോഗികളുടെ ബില്ലിൽ മാസ്‌ക്കിനും ഗ്ലൗസിനും പണം ഈടാക്കി ജീവനക്കാർക്ക് നൽകിയത് വിവാദം ആളിക്കത്തിയപ്പോൾ; കൊറോണയെ വകവയ്ക്കാതെ രോഗികളെ നോക്കിയിട്ടും ശമ്പളം വെട്ടിക്കുറച്ച് മാനേജ്‌മെന്റ്; ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ശമ്പളമായി ആശുപത്രി നൽകിയത് വെറും 5000 രൂപ; ബെഡിലും ഐസിയുവിലും എല്ലാം രോഗികളുണ്ടായിട്ടും കള്ളക്കളി; തൃശൂരിലെ അശ്വിനി ആശുപത്രിയുടേതുകൊടും ക്രൂരത; പൊട്ടിക്കരഞ്ഞ് നേഴ്‌സുമാരും ജീവനക്കാരും

ആർ പീയൂഷ്

തൃശൂർ: കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിലും സ്വന്തം ജീവൻ പോലും വകവയ്ക്കാതെ അഹോരാത്രം പണിയെടുത്ത നഴ്സുമാർക്കും ആശുപത്രിയിലെ മറ്റ് ജീവനക്കാർക്കും ശമ്പളം വെട്ടിക്കുറച്ചു. തൃശൂർ അശ്വിനി ആശുപത്രി മാനേജ്മെന്റാണ് ജീവനക്കാരോട് കടുത്ത ക്രൂരത കാട്ടിയത്. മാർച്ച് മാസത്തെ ശമ്പളമാണ് ലോക്ക് ഡൗണിന്റെ പേരിൽ വെട്ടിക്കുറച്ചത്. 5000 രൂപ മാത്രമാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയാണ് എന്ന് ചൂണ്ടിക്കാട്ടി ശമ്പളം നൽകിയിരിക്കുന്നത്. യാതൊരു മുന്നറിയിപ്പുമില്ലാതെ ശമ്പളം വെട്ടിക്കുറച്ചതിൽ ജീവനക്കാർ പ്രതിഷേധത്തിലുമാണ്.

മാനേജ്മെന്റ് ഇത്തരത്തിൽ ഒരു ക്രൂരത ചെയ്തതിൽ ഏറെ വിഷമത്തിലാണ് ജീവനക്കാർ. വായ്പാ തിരിച്ചടവും മുടങ്ങിയതും വീട്ടിലേക്ക് വേണ്ടുന്ന അവശ്യ സാധനങ്ങൾ വാങ്ങാൻ കഴിയാത്തതുമൊക്കെ ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. യാതൊരറിയിപ്പുമില്ലാതെയാണ് ശമ്പളം വെട്ടിക്കുറച്ചത്. എല്ലാവരുടെയും അക്കൗണ്ടുകളിലേക്ക് 5000 രൂപ എത്തി എന്ന സന്ദേശം കണ്ട് അന്വേഷിച്ചപ്പോഴാണ് വിവരം അറിയുന്നത്. മാനേജ്മെന്റുമായി ബന്ധപ്പെട്ടപ്പോൾ ഞങ്ങൾക്കിത് തരാനെ കഴിയൂ, നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് ചെയ്യൂ എന്നുമുള്ള മറുപടിയാണ് ലഭിച്ചത്.

ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മാർച്ച് 24 നായിരുന്നു. 23 വരെ ജോലി ചെയ്ത ശമ്പളം പോലും നൽകാതെയാണ് മാനേജ്മെന്റ് ചൂഷണം നടത്തിയിരിക്കുന്നത്. ആശുപത്രിക്ക് വരുമാനമില്ലാ എന്നാണ് ഇവർ നിരത്തുന്ന ന്യായീകരണം. എന്നാൽ 300 ബെഡുകൾ ഉള്ള ആശുപത്രിയിൽ കിടത്തി ചികിത്സ നൽകുന്ന രോഗികളും ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരിക്കുന്നവരുമായി നിറയെ രോഗികൾ ഉണ്ട്. ഒ.പി മാത്രമേ നിർത്തി വച്ചിട്ടുള്ളൂ. ഈ സാഹചര്യത്തിൽ വരുമാനം ഇല്ലാ എന്ന് മാനേജ്മെന്റ് പറയുന്നത് പച്ചക്കള്ളമാണെന്ന് ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നു.

രോഗികളുടെ പക്കൽ നിന്നും നഴ്സിങ് ചാർജ്ജ് എന്ന ഇനത്തിൽ 500 രൂപ മുതലാണ് വാങ്ങുന്നത്. കൂടാതെ ഇൻജക്ഷൻ, ശരീരം ക്ലീൻ ചെയ്യുന്നിന് തുടങ്ങിയവയ്ക്കൊക്കെ അധിക ചാർജ്ജും ഈടാക്കുന്നുണ്ട് (ഇപ്പറഞ്ഞവയൊക്കെ നഴ്സിങ് ജോലിയിൽ ഉൾപ്പെടുമ്പോഴാണ് പ്രത്യേകമായി ഇതിനൊക്കെ ചാർജ് ഈടാക്കുന്നത്). ഇത്തരത്തിൽ രോഗികളെ പിഴിഞ്ഞ് പണമുണ്ടാക്കുമ്പോഴാണ് ശമ്പളം നൽകാൻ മാർഗമില്ലെന്ന് ആശുപത്രി മാനേജ്മെന്റ് പറയുന്നത്.

കോവിഡ്-19 പ്രത്യേക വാർഡ് തുറന്നപ്പോൾ ഇവിടെ ജോലിചെയ്യുന്ന ഒരു സ്റ്റാഫുകൾക്കും പി.പി.ഇ കിറ്റ്, മാസ്‌ക്ക്, ഗ്ലൗസ് എന്നിവയൊന്നും മാനേജ്മെന്റ് നൽകിയില്ല. എങ്ങനെയെങ്കിലും ജോലി ചെയ്യണം എന്ന നിലപാടിലായിരുന്നു അവർ. എന്നാൽ സ്റ്റാഫുകൾ പ്രതിഷേധമുയർത്തിയപ്പോൾ മാസ്‌ക്കും ഗ്ലൗസ്സും മാനേജ്മെന്റ് നൽകി. അവിടെയും മാനേജ്മെന്റ് രോഗികളുടെ ബില്ലിൽ ഗ്ലൗസ്സിന്റെയും മാസ്‌ക്കിന്റെയും വില ഉൾപ്പെടുത്തി പണം ഈടാക്കി. എന്നിട്ടും നഷ്ടത്തിലാണ് എന്നാണ് ആശുപത്രി മാനേജ്മെന്റിന്റെ വിശദീകരണം.

അതേ സമയം ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പി.എഫിന് പിടിച്ചിട്ടുള്ള തുക അടച്ചിട്ടില്ല എന്ന് ജീവനക്കാർ പറയുന്നു. കഴിഞ്ഞ പത്തുമാസത്തോളമായി ഈ തുക ശമ്പളത്തിൽ നിന്നും പിടിക്കുന്നുണ്ട്. എന്നാൽ പി.എഫ് അക്കൗണ്ടിലേക്ക് അടച്ചിട്ടില്ല. ഒരുവവർഷം മുൻപും ഇത്തരത്തിൽ ഒരു പ്രശ്നമുണ്ടായപ്പോൾ ഒരുമിച്ച് അടക്കുകയാണ് ചെയ്തത്. അതിനാൽ ജീവനക്കാർക്ക് ലഭിക്കേണ്ട പലിശ നഷ്ടമായി. അസ്വിനിയിലെ തന്നെ യൂറോളജിസ്റ്റ് ആയിരുന്ന ഡോ. സി.എൻ പരമേശ്വരനായിരുന്നു മുൻപ് ആശുപത്രി നടത്തിക്കൊണ്ടിരുന്നത്.

ആ സമയം കൃത്യമായി ശമ്പളം ജീവനക്കാർക്ക് ലഭിച്ചിരുന്നു. പിന്നീട് എ.സി വേലായുധൻ, അച്ചുതൻ കുട്ടി എന്നിവർക്ക് ആശുപത്രി വിൽക്കുകയായിരുന്നു. എല്ലാ മാസവും ഒന്നാം തീയതി കിട്ടിക്കൊണ്ടിരുന്ന ശമ്പളം പിന്നീട് അഞ്ചിനും ആറിനുമൊക്കെയായി മാറി. നഴ്സുമാരുടെ പ്രശ്നങ്ങൾക്ക് മുൻപന്തിയിൽ നിന്നിരുന്ന നഴ്സിങ് സൂപ്രണ്ട് ക്യാപ്റ്റൻ ബിന്ദുവിനെ അകാരണമായി ഈ മാനേജ്മെന്റ് പുറത്താക്കി. ഒരു കാരണവശാലും ആശുപത്രിക്കുള്ളിൽ കയറരുത് എന്ന് ഹൈക്കോടതിയിൽ നിന്നും ഇൻജൻഷൻ ഓർഡറും വാങ്ങി.

ശമ്പളം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം യു.എൻ.എ, സിഐ.ടി.യു, ബി.എം.എസ് എന്നീ സംഘടനകൾ സംയുക്തമായി ആശുപത്രിയിൽ പ്രതിഷേധം നടത്തി. സാമൂഹിക അകലം പാലിച്ച് എല്ലാ ജീവനക്കാരും പ്രതിഷേധത്തിൽ പങ്കെടുത്തു. ലോക്ക് ഡൗൺ പിൻവലിച്ച ശേഷം കടുത്ത പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP