Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വൈദ്യപരിശോധന നടത്തി കോവിഡ് ബാധ ഇല്ലെന്ന് സ്ഥിരീകരിച്ചിട്ടും വിശ്വസിച്ചില്ല; രോഗം പരത്താൻ എത്തിയതെന്ന് ആരോപിച്ച് 22 കാരനായ തബ്ലീഗി പ്രവർത്തകനെ ആൾക്കൂട്ടം തല്ലിക്കൊന്നു; സംഭവം ഡൽഹിയിലെ ബവാനയിൽ; ഭോപ്പാലിലെ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയ യുവാവ് നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തയാളെന്നും കുപ്രചാരണം; ഗുരുഗ്രാമിലും സമാനരീതിയിൽ ആൾക്കൂട്ട ആക്രമണം

വൈദ്യപരിശോധന നടത്തി കോവിഡ് ബാധ ഇല്ലെന്ന് സ്ഥിരീകരിച്ചിട്ടും വിശ്വസിച്ചില്ല; രോഗം പരത്താൻ എത്തിയതെന്ന് ആരോപിച്ച് 22 കാരനായ തബ്ലീഗി പ്രവർത്തകനെ ആൾക്കൂട്ടം തല്ലിക്കൊന്നു; സംഭവം ഡൽഹിയിലെ ബവാനയിൽ; ഭോപ്പാലിലെ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയ യുവാവ് നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തയാളെന്നും കുപ്രചാരണം; ഗുരുഗ്രാമിലും സമാനരീതിയിൽ ആൾക്കൂട്ട ആക്രമണം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് 19 പരത്താൻ ഗൂഢാലോചന നടത്തി എന്ന് ആരോപിച്ച് ഡൽഹിയിലെ ബവാനയിൽ യുവാവിനെ തല്ലിക്കൊന്നു. ബുധനാഴ്ചയാണ് സംഭവം നടന്നത്. ഹരേവാലി ഗ്രാമവാസിയായ മെഹ്ബൂബ് അലിയാണ് കൊല്ലപ്പെട്ടത്. അലി മധ്യപ്രദേശിലെ ഭോപ്പാലിൽ തബ്ലീഗി ജമാഅത്ത് സമ്മേളനത്തിന് പോയിരുന്നു, 45 ദിവസത്തിന് ശേഷം ഒരു പച്ചക്കറി ലോറിയിലാണ് ഇയാൾ ഡൽഹിയിൽ തിരിച്ചെത്തിയത്.

ആസാദപൂർ പച്ചക്കറി ചന്തയിൽ ഇയാളെ ആളുകൾ തടഞ്ഞ് വച്ച് ചോദ്യം ചെയ്തു. വൈദ്യപരിശോധനയിൽ കുഴപ്പമില്ലെന്ന് കണ്ട് വിട്ടയയ്ക്കുകയും ചെയ്തു. എന്നാൽ, 22കാരൻ ഗ്രാമത്തിൽ എത്തിയപ്പോൾ ആകെ പ്രശ്‌നമായി. കൊറോണ വൈറസ് പരത്താൻ വേണ്ടിയാണ് അലി എത്തിയതെന്ന അഭ്യൂഹം പരന്നു. ഞായറാഴ്ച അലിയെ വയലിലേക്ക് കൊണ്ടു പോയി ആൾക്കൂട്ടം മർദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ പൊലീസ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

അലി ഗ്രാമത്തിൽ എത്തിയപ്പോൾ ചില സാമൂഹിക വിരുദ്ധരാണ് കുപ്രചാരണം അഴിച്ചുവിട്ടത്. ഗ്രാമത്തിൽ കോവിഡ് പരത്താൻ ശ്രമിക്കുന്ന സംഘത്തിലെ അംഗമാണ് അലി എന്നാണ് ഇവർ പ്രചരിപ്പിച്ചത്. വീട്ടിലെത്തും മുമ്പേ ഇയാളെ ചില യുവാക്കൾ പിടികൂടുകയും സമീപത്തുള്ള വയലിലേക്ക് കൊണ്ടുപോയി മർദ്ദിക്കുകയുമായിരുന്നു. നിസാമുദ്ദീനിലെ തബ്ലീഗി ജമാഅത്തിൽ പങ്കെടുത്ത ആളാണ് അലി എന്നാണ് അവർ തെറ്റിദ്ധരിച്ചത്. പ്രതികളിൽ ഒരാൾ മർദ്ദനം മൊബൈലിൽ ഷൂട്ട് ചെയ്തതോടെ സംഭവത്തിന് തെളിവുമായി.

6.27 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, യുവാക്കൾ അലിയെ ക്രൂരമായി മർദ്ദിക്കുന്നത് കാണാം. നിന്റെ പദ്ധതി എന്താണെന്ന് അവർ അലിയോട് ആവർത്തിച്ചുചോദിച്ചു. ഇടതുചെവിയിൽ നിന്ന് ചോര വാർന്നൊലിക്കുമ്പോഴും അലി പറയുന്നത് കേൾക്കാം തനിക്ക് കോവിഡ് ബാധയില്ലെന്നും, പരിശോധന നടത്തിയതെന്നും.

വീട്ടുകാർ സംഭവസ്ഥലത്ത് എത്തിയപ്പോഴേക്കും അലിയെ പൊലീസുകാർ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. തങ്ങൾ മൂന്നു തലമുറകളായി ഗ്രാമത്തിൽ കഴിയുന്നവരാണെന്നും വയലിൽ പണിയെടുത്താണ് ജീവിക്കുന്നതെന്നും അലിയുടെ കുടുംബം പറഞ്ഞു. ഇതുവരെ സ്ഥലത്ത് വർഗ്ഗീയ സംഘർഷം ഒന്നുമുണ്ടായിട്ടില്ലെന്നും അവർ പറഞ്ഞു. നാലുമക്കളിൽ മൂത്തയാളാണ് അലി. കൂലിവേല ചെയ്താണ് ജീവിച്ചിരുന്നത്.

ഗുരുഗ്രാമിൽ ഉണ്ടായ മറ്റൊരു സംഭവത്തിൽ, ജമാ മസ്ജിദിന് പുറത്ത് വെടിവയ്‌പ്പുണ്ടായി. ദേവാലയത്തിനുള്ളിൽ കോവിഡ് ബാധിതർ ആരുമില്ലെന്ന് ഉറപ്പിക്കാനാണ് തങ്ങൾ പോയതെന്നും വാതിലിൽ മുട്ടിയപ്പോൾ ആരും തുറക്കാതിരുന്നതുകൊണ്ടാണ് വെടിവച്ചതെന്നും അക്രമികളുടെ മൊഴി. മറ്റൊരു സംഭവത്തിൽ ഞായറാഴ്ച ഐക്യദീപം തെളിക്കാൻ ലൈറ്റുകൾ അണച്ചപ്പോൾ മുസ്ലിം സമുദായത്തിൽ പെട്ട 30കാരനെ ഒരുസംഘം ആക്രമിച്ചതായും റിപ്പോർട്ടുണ്ട്. കോവിഡ് 19 വൈറസ് പകർത്താൻ ഗൂഢാലോചന നടത്തി എന്നായിരുന്നു ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP