Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കേരളത്തിൽ 93 ഉം 88 ഉം വയസായ രോഗികൾക്ക് വരെ കോവിഡ് ഭേദമാവുമ്പോൾ യുകെയിൽ പ്രായമായവരെ ഒരു ചികിത്സയും ലഭിക്കാതെ മരണത്തിന് വിട്ടുകൊടുക്കുന്നു! ഓരോ നേഴ്‌സിങ് ഹോമുകളിലും വയോധികർ കോഴി വസന്ത പിടിപെട്ട പക്ഷികളെപ്പോലെ കൂട്ടത്തോടെ മരിക്കുന്നു; ആശുപത്രികളിലും വീടുകളിലുമായി എത്രപേർ മരിച്ചുവെന്ന് കണക്കുപോലുമില്ല; സോഷ്യൽ കെയർ ഒരു ഭാരമായാണോ സർക്കാർ കാണുന്നത്; ഒരു വികസിത രാജ്യത്തിന്റെ സാമൂഹ്യക്ഷേമ മുഖം മൂടിയിലേക്ക് ഒരു അന്വേഷണം

കേരളത്തിൽ 93 ഉം 88 ഉം വയസായ രോഗികൾക്ക് വരെ കോവിഡ് ഭേദമാവുമ്പോൾ യുകെയിൽ പ്രായമായവരെ ഒരു ചികിത്സയും ലഭിക്കാതെ മരണത്തിന് വിട്ടുകൊടുക്കുന്നു! ഓരോ നേഴ്‌സിങ് ഹോമുകളിലും വയോധികർ കോഴി വസന്ത പിടിപെട്ട പക്ഷികളെപ്പോലെ കൂട്ടത്തോടെ മരിക്കുന്നു; ആശുപത്രികളിലും വീടുകളിലുമായി എത്രപേർ മരിച്ചുവെന്ന് കണക്കുപോലുമില്ല; സോഷ്യൽ കെയർ ഒരു ഭാരമായാണോ സർക്കാർ കാണുന്നത്; ഒരു വികസിത രാജ്യത്തിന്റെ സാമൂഹ്യക്ഷേമ മുഖം മൂടിയിലേക്ക് ഒരു അന്വേഷണം

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ''നമുക്ക് നമ്മുടെ പ്രിയപ്പെട്ടവരേ നഷ്ടമായേക്കും ''- മാർച്ച് 12 നു രാജ്യത്തെ അഭിസംബോധന ചെയ്യവേ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞ വാക്കുകൾ ആണിത് . ഒരു രാജ്യത്തിന്റെ തലവൻ ഒരിക്കലും പറയാൻ ആഗ്രഹിക്കാത്ത കാര്യം . പക്ഷെ ബോറിസ് ഒരു നുണയൻ ആയി മാറുകകയായിരുന്നോ ആ വാക്കുകളിലൂടെ ? കോവിഡ് ലോകം ഒന്നാകെ ഒരു തീക്കാറ്റ് പോലെ ആഞ്ഞടിക്കാൻ തയ്യാറെടുക്കുമ്പോളാണ് മുൻകൂർ ആയി ബോറിസ് ഈ പ്രഖ്യാപനം നടത്തുന്നത് . ബോറിസ് ഇതുപറയുമ്പോൾ യുകെയിലെ പോസിറ്റീവ് കോവിഡ് രോഗികൾ 596 പേരും മരണം വെറും പത്തും മാത്രമായിരുന്നു.

അന്ന് താനടക്കമുള്ള ആളുകൾ കോവിഡ് ബാധിച്ച് ആശുപത്രിയിൽ ആവമെന്ന് അദ്ദേഹം സ്വപ്നത്തിൽപോലും കരുതിയിട്ടുണ്ടാവില്ല. ആ ഘട്ടത്തിൽ സർക്കാർ കരുതിയത് ഏറിയാൽ 5000 - 10000 നും ഇടയിൽ രോഗികളെ ആണെന്നും ചീഫ് സയന്റിഫിക് ഓഫിസർ പാട്രിക് വാലൻസ് അതേ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു . എന്നിട്ടും മറ്റു പല രാജ്യങ്ങൾ ചെയ്തതുപോലെ കോവിഡ് പ്രതിരോധത്തിനായി രാജ്യം ലോക് ഡൗൺ ചെയ്യുകയോ എന്തിനു സ്‌കൂളുകൾ , ഹോട്ടലും പബും ഒക്കെ ഉൾപ്പെടുന്ന പൊതു സ്ഥലങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്താനോ ബ്രിട്ടൻ തയ്യാറായിരുന്നില്ല . ബോറിസ് ജോൺസണും പാട്രിക് വാലൻസും ഒക്കെ പെരും നുണകൾ പറഞ്ഞു ബ്രിട്ടീഷ് ജനതയെ വഞ്ചിക്കുക ആയിരുന്നോ ?

മാർച്ച് 12 ൽ നിന്നും ഏപ്രിൽ നാലിൽ എത്തിയപ്പോൾ 41903 രോഗികളും 4313 മരണവുമാണ് ബ്രിട്ടൻ കണ്ടുകൊണ്ടിരിക്കുന്നത് . ഇതെങ്ങനെ സംഭവിച്ചു? സർക്കാരിന്റെ സകല കണക്കുകളും തെറ്റിച്ചു എങ്ങനെ രോഗികളും മരണവും ഇപ്രകാരം പെരുകി കയറി . കഴിഞ്ഞ മാസം അവസാന വാരത്തിൽ ''ദി ലാൻസെറ്റ്'' എന്ന വെബ് പോർട്ടൽ ചൂണ്ടിക്കാണിച്ച വിധം ബ്രിട്ടീഷ് സർക്കാർ ലോകാരോഗ്യ സംഘടനാ അടക്കം ഉള്ളവരുടെ നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി പ്രവർത്തിച്ചത് മാത്രമാണോ കാരണം ? അതോ ബ്രിട്ടീഷ് ജനത അറിയാതെ പോയ ചില ദുഷ്ട ചിന്തകൾ കോവിഡ് മരണങ്ങൾക്കു പിന്നിൽ ഒളിച്ചിരിക്കുന്നുണ്ടോ ? ഓരോ ദിവസവും പെരുകി കയറുന്ന കോവിഡ് മരണങ്ങൾ മുന്നോട്ടു വയ്ക്കുന്ന ചില ദൃഷ്ട്ടാന്തങ്ങൾ ഞെട്ടിപ്പിക്കുന്നതാണു .

അടുത്തറിയുമ്പോൾ ഭീകരത തോന്നും വിധമാണ് ബ്രിട്ടീഷ് സർക്കാർ കോവിഡ് രോഗ വ്യാപനത്തെ കൈകാര്യം ചെയ്തതെന്നും ഉള്ള വെളിപ്പെടുത്തലുകളാണ് മറുനാടൻ മലയാളി നടത്തിയ അനൗഷണത്തിൽ ഇപ്പോൾ പുറത്തു വരുന്നത്. യഥാർത്ഥത്തിൽ എത്ര കോവിഡ് രോഗികളാണ് എൻഎച്എസ് ആശുപത്രികളിൽ മരിച്ചത് ? എത്ര പേരാണ് സോഷ്യൽ കെയർ സംരക്ഷണത്തിൽ വീടുകളിൽ കഴിഞ്ഞിരുന്നവർ മരണത്തിനൊപ്പം നടന്നെത്തിയത് ? എത്ര പേരാണ് നേഴ്‌സിങ് ഹോമുകളിൽ സ്വയം മരണത്തിനു കീഴടങ്ങിക്കൊണ്ടിരിക്കുന്നത് ? ഇതിന്റെയൊക്കെ വേർതിരിച്ച കണക്കുകൾ എന്നെങ്കിലും പുറത്തു വരാതിരിക്കുമോ ? നിലവിൽ ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ നേഴ്‌സിങ് ഹോമുകളിലും സോഷ്യൽ കെയർ സംരക്ഷണത്തിലും കഴിഞ്ഞ വൃദ്ധരാണ് ഏറ്റവും അധികം മരണത്തിനു കീഴടങ്ങിയിരിക്കുന്നത് .

കേരളത്തിൽ 93 ഉം 88 ഉം വയസായ രോഗികൾ വരെ കോവിഡിൽ നിന്നും ജീവിതത്തിലേക്ക് മടങ്ങി എത്തി എന്ന വാർത്തകൾ കേട്ടുകൊണ്ടിരിക്കെയാണ് യുകെയിൽ ഒരു ചികിത്സയും ലഭിക്കാതെ പ്രായമായവർ മരണത്തിനു വേണ്ടി വെറുതെ നിന്ന് കൊടുക്കുന്നത് എന്നത് തികച്ചും അവിശ്വസനീയമായ വസ്തുതയാണ് . ഓരോ നേഴ്‌സിങ് ഹോമുകളിലും കോഴി വസന്ത പിടിപെട്ടു കൂട്ടത്തോടെ പക്ഷികൾ മരിച്ചു വീഴുന്നതിനു സമാനമായാണ് വൃദ്ധർ പിടഞ്ഞു വീഴുന്നതെന്നു നേഴ്‌സിങ് ജീവനക്കാർ തന്നെ സാക്ഷ്യപെടുത്തുമ്പോൾ ഒരു വികസിത രാജ്യത്തിന്റെ സാമൂഹ്യ ക്ഷേമം എന്ന മുഖം മൂടി കൂടിയാണ് അഴിഞ്ഞു വീഴുന്നത് .

എന്തുകൊണ്ടാണ് നേഴ്‌സിങ് ഹോമുകളിൽ കോവിഡ് രോഗികൾ അനായാസം മരണത്തിനു കീഴടങ്ങുന്നത് ? ഈ റിപ്പോർട്ട് തയ്യാറാക്കുമ്പോൾ ആദ്യമായി ബിബിസി അടക്കമുള്ള മാധ്യമങ്ങൾ ഗ്ലാസ്ഗോയിലെ ഒരു നേഴ്‌സിങ് ഹോമിൽ 13 രോഗികൾ ഒരാഴ്ച കൊണ്ട് മരിച്ചു വീണത് റിപ്പോർട്ട് ചെയ്തിരിക്കുകയാണ് .ഇത് ഒറ്റപ്പെട്ട സംഭവം അല്ലെന്നാണ് നേഴ്‌സിങ് ഹോമുകളിൽ ജോലി ചെയ്യുന്ന മലയാളി ജീവനക്കാർ ബ്രിട്ടീഷ് മലയാളിയെ അറിയിക്കുന്നത് . ക്രോയ്ഡോണിലേ ഒരു നേഴ്‌സിങ് ഹോമിൽ കഴിഞ്ഞ ആഴ്ച തന്നെ പത്തു രോഗികൾ മരിച്ചു കഴിഞ്ഞു .

അടുത്ത 16 പേര് ഏതു നിമിഷവും മരണത്തെ പ്രതീക്ഷിക്കുന്നു . ഈ നേഴ്‌സിങ് ഹോമിൽ ആകെയുള്ളത് 40 ഓളം വൃദ്ധരാണ് . ഇതാരത്തിൽ രാജ്യത്തെ എല്ലാ നേഴ്‌സിങ് ഹോമുകളിലും വൃദ്ധർ പിടഞ്ഞു വീണു മരിക്കുകയാണ് . കാരണം വളരെ ലളിതം , അവർക്കാവശ്യമായ പ്രാഥമിക ഒരു ചികിത്സയും ലഭിക്കുന്നില്ല , അഥവാ സർക്കാർ അത് മനപ്പൂർവം തടഞ്ഞിരിക്കുകയാണ്.ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യ പരിപാലനം നടത്തിയിരുന്നവർ എന്ന് വീമ്പിളക്കിയിരുന്ന ബ്രിട്ടന്റെ അതി ദയനീയമായ ഒരു കാഴ്ചയാണ് ഇപ്പോൾ പുറത്തു വരുന്നത് . ഒരു ജലദോഷ പനി വന്നാൽ ഡോക്ടറും ആംബുലൻസ് സേവനവും അടക്കം ഉള്ള സംവിധാനങ്ങൾ ഒരു ഫോൺ കോളിനും അഞ്ചു മിനിട്ടു സമയത്തിനും അപ്പുറം ഏതാനും ആഴ്ചകൾക്കു മുൻപ് വരെ അരികിൽ നിന്ന ഒരു രാജ്യത്താണ് അത്തരം സേവനങ്ങൾ എല്ലാം അപ്രാപ്യമായിരിക്കുന്നത് . കാൽ തെറ്റി വീണാൽ 95 വയസുള്ള ആൾക്കും തുടയെല്ല് ശസ്ത്രക്രിയയും പേസ്മേക്കകർ അടക്കമുള്ള ചിലവേറിയ ശസ്ത്രക്രിയയും നടത്തിയിരുന്ന രാജ്യത്താണ് കോവിഡ് വന്നതോടെ ഒരു ഡോക്ടറെ ഫോണിൽ പോലും വിളിക്കാൻ സാധിക്കാതെ വൃദ്ധർ മരണത്തിലേക്ക് എത്തപ്പെട്ടിരിക്കുന്നത് .അത്യസാന്ന നിലയിൽ പോലും ആംബുലൻസ് വിളിക്കാനാകില്ല . നേഴ്‌സിങ് ഹോം ജീവനക്കാരും കുടുംബ അംഗങ്ങളെല്ലാം വെറും നിസ്സഹായാർ . ഒന്നും ചെയ്യാനില്ല . ഒരു വൃദ്ധ രോഗി പോലും ആശുപത്രിയിൽ എത്താൻ പാടില്ലെന്ന നിർദ്ദേശമാണ് സർക്കാർ നൽകിയിരിക്കുന്നത് . അതിനർത്ഥം ഇറ്റലിയിലും സ്പെയിനിലും സംഭവിച്ച പോലെ ബ്രിട്ടനും വൃദ്ധരായവരെ മരിക്കാൻ അനുവദിച്ചിരിക്കുന്നു . ഇതാണോ മാർച്ച് 12 നു ബോറിസ് ജോൺസൺ പറഞ്ഞതിന്റെ അർഥം . എങ്കിൽ മിസ്റ്റർ ബോറിസ് ജോൺസൺ , നിങ്ങളൊരു മഹാ നുണയനാണ് . സത്യം ജനങ്ങളിൽ നിന്നും മറച്ചു വച്ച ഭരണാധികാരി .

ഓരോ ദിവസവും മരിച്ചു വീഴുന്നവരുടെ എണ്ണപ്പെരുപ്പം കണ്ടു ബ്രിട്ടീഷ് ജനത ഭ്രാന്തമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത് . ഒരു ദിവസം തന്നെ 700 ലേറെ പേരുടെ മരണം കണ്ട രാജ്യം അടുത്ത ദിവസങ്ങളിൽ അത് ആയിരം പേരിലേക്ക് വളരുന്നതിനെ ഭീതിയോടെയാണ് വീക്ഷിക്കുന്നത് . ഒരു സാധാരണ പനിയുടെയും ചുമയുടെയും രോഗ ലക്ഷണത്തോടെ എത്തുന്ന കോവിഡിനെ പ്രതിരോധിക്കാൻ മരുന്നുകളും പ്രാഥമിക ചികിത്സയും നൽകുന്നതിൽ എന്തുകൊണ്ടാണ് ബ്രിട്ടൻ വലിയൊരു പരാജയമായി മാറിയിരിക്കുന്നത് . മരിക്കാൻ കിടക്കുന്ന രോഗിക്ക് ശ്വാസ തടസം ഒഴിവാക്കാൻ കഫം പുറത്തെടുക്കുന്ന സക്ഷൻ , ശ്വാസകോശത്തിന് വായു നൽകുന്ന വെന്റിലേറ്റർ , കൃത്രിമ ശ്വസന സഹായം എന്നിവയൊക്കെ എന്തെ ബ്രിട്ടനിലെ വൃദ്ധർക്കു നിക്ഷേധിക്കപ്പെട്ടു? ബ്രിട്ടൻ , നാളെകളിൽ ലോകത്തോട് തന്നെ മറുപടി പറയേണ്ടി വരുന്ന ഗുരുതരമായ തെറ്റ് കൂടിയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് . ഒരു ജീവിതകാലം മുഴുവൻ പണിയെടുത്തു അതിൽ നിന്നുള്ള നികുതിപ്പണം സർക്കാരിന് നൽകിയ ശേഷം തന്റെ ജീവിതത്തിന്റെ അന്ത്യ നാളുകൾ ഭരണാധികാരികളെ വിശ്വസിച്ചു ഏൽപ്പിച്ച ഒരു ജനതയാണ് അവസാന ശ്വാസം നിക്ഷേധിക്കപ്പെട്ടു പിടഞ്ഞു മരിച്ചു കൊണ്ടിരിക്കുന്നത് . ഇത്ര വലിയ ക്രൂരത ലോകത്തു മറ്റൊരിടത്തും ഇപ്പോൾ കാണാനാകില്ല .

ദിവസന്തങ്ങൾക്കകം നാലായിരം പേരെ ചികിൽസിക്കാൻ കെൽപ്പുള്ള നൈറ്റിംഗേൽ ആശുപത്രി പണിതുയർത്തിയ ബ്രിട്ടന് എന്തുകൊണ്ട് അത്തരം സംവിധാനങ്ങൾ കൂടുതൽ സൃഷ്ടിച്ചു ഈ വൃദ്ധ ജനതയെ രക്ഷിക്കാനായില്ല ? അവരുടെ ജീവനുകൾ ചുരുങ്ങിയ പക്ഷം അവരുടെ കുടുംബത്തിന് കൂടിയെങ്കിലും പ്രധാനമല്ലേ. നേഴ്‌സിങ് ഹോമുകളിൽ ഉള്ളത് കൂടാതെ ക്രോയ്ഡോൺ അടക്കമുള്ള പ്രദേശങ്ങളിൽ ആയിരക്കണക്കിന് മലയാളി കുടുംബങ്ങളിലും വീട്ടുകാരുടെ സംരക്ഷണയിൽ ആയിരക്കണക്കിന് വൃദ്ധർ ജീവിക്കുന്നുണ്ട് . ഏകദേശം 15 ലക്ഷം വൃദ്ധരാണ് സോക്ഷ്യൽ കെയർ സംവിധാനത്തിൽ ഉള്ളതെന്നാണ് സർക്കാർ കണക്ക്. ഇവർക്കാർക്കും ചകിത്സ വേണ്ടന്നാണോ സർക്കാർ നയം ? വൃദ്ധയായ അമ്മക്ക് കോവിഡ് കാലത്തു ഒരു പനിപോലും വരാതെ കാക്കണമേയെന്നാണ് ക്രോയ്ഡോണിലേ മലയാളിയായ കുടുംബം ഈ ഫീച്ചർ തയാറാകുന്നതിന്റെ ഭാഗമായി വിളിച്ചപ്പോൾ തങ്ങളുടെ ആശങ്ക പങ്കിട്ടത് . വൃദ്ധർ ഉള്ള മുഴുവൻ വീടുകളിലെയും ഭയവും പ്രാർത്ഥനയും ഇപ്പോൾ മറ്റൊന്നല്ല .

എന്തുകൊണ്ടാണ് ഇത്തരം ഒരു വലിയ തെറ്റിലേക്ക് ബ്രിട്ടൻ എത്തിപ്പെട്ടത് . അതിനു കൃത്യമായ ഉത്തരം ഇപ്പോൾ ലഭ്യമല്ല , വെറും നിഗമനങ്ങൾ മാത്രമാണ് നല്കാനാകുന്നത് . സോഷ്യൽ കെയർ സംവിധാനത്തിനായി 140 ബില്യൺ പൗണ്ട് ബജറ്റിൽ മാറ്റിവച്ച ഒരു സർക്കാർ അതൊരു ഭാരമായി കണക്കാക്കുകയാണോ ? അതിൽ നിന്നും അല്പം ഇളവ് കിട്ടാൻ സോഷ്യൽ കെയർ സംവിധാനത്തെ പരിപൂർണമായും ആശ്രയിക്കുന്ന വൃദ്ധ ജനതയെ ഇല്ലാതാക്കാൻ ഇതൊരു അവസരമായി ബോറിസ് സർക്കാർ കരുതിക്കാണുമോ. അല്ലെങ്കിൽ വൃദ്ധർക്കു കൊറോണ ഭീതിയിൽ വൈദ്യ സഹായം നിക്ഷേധിക്കപ്പെടുന്നതിന് കാരണമെന്ത് ? മരണക്കിടക്കയിൽ പോലും ഒരു ഡോക്ടറുടെയോ ആധുനിക വൈദ്യ സംവിധാനത്തിന്റെയും സേവനം ഈ പാവം രോഗികൾക്കു നിക്ഷേധിച്ചതു എന്തിനു ? തീർച്ചയായും ഒരു നാൾ ഇന്നത്തെ ഭരണാധികാരികൾ മറുപടി പറയേണ്ടി വരും . ലോകം ഇപ്പോൾ കരുതുന്ന പോലെ ബ്രിട്ടനിൽ കോവിഡ് ബാധയിൽ മരിച്ചു വീഴുന്നവർ മുഴുവൻ അങ്ങനെ മരിക്കേണ്ടി വരുന്നവരല്ല . കുറെയധികം പേരെങ്കിലും ചികിത്സ നിക്ഷേധിക്കപ്പെട്ടു പിടഞ്ഞു വീണു മരിച്ചവരാണ് , അതാണ് സത്യം. ബ്രിട്ടീഷ് ബാധ്യമങ്ങളും ഇപ്പോൾ പഴിക്കുന്നത് സർക്കാർ സംവിധാനങ്ങളെ തന്നെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP