Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പാലാക്കാർ കടന്നു പോയത് മാണിക്യമില്ലാത്ത ഒരു വർഷം; മക്കളേക്കാൾ ഇഷ്ടപ്പെട്ടു... കാമുകിയെ പോലെ പരിചരിച്ചു.. ഒരോ മനുഷ്യനേയും പേരുചൊല്ലി വിളിച്ചു; എല്ലാവരും ഇഷ്ടകാരായതിനാൽ വീതി കൂട്ടാതെ പോയ റോഡുകളെ കുറിച്ച് പരിഭവം ഉയർന്നപ്പോൾ ഒരു മഹാനഗരത്തെ പോലെ റോഡുകൾ സമ്പന്നമാക്കി; മാണി സാറിന്റെ ഓർമ്മകളിൽ പാലാക്കാർ; രാഷ്ട്രീയ കേരളത്തിന് പകരംവെക്കാൻ ഇല്ലാത്ത ജനങ്ങളുടെ പ്രിയനേതാവിന്റെ ചരമവാർഷികം കടന്നു പോകുന്നത് പൊതുസമ്മേളനം ഇല്ലാതെ

പാലാക്കാർ കടന്നു പോയത് മാണിക്യമില്ലാത്ത ഒരു വർഷം; മക്കളേക്കാൾ ഇഷ്ടപ്പെട്ടു... കാമുകിയെ പോലെ പരിചരിച്ചു.. ഒരോ മനുഷ്യനേയും പേരുചൊല്ലി വിളിച്ചു; എല്ലാവരും ഇഷ്ടകാരായതിനാൽ വീതി കൂട്ടാതെ പോയ റോഡുകളെ കുറിച്ച് പരിഭവം ഉയർന്നപ്പോൾ ഒരു മഹാനഗരത്തെ പോലെ റോഡുകൾ സമ്പന്നമാക്കി; മാണി സാറിന്റെ ഓർമ്മകളിൽ പാലാക്കാർ; രാഷ്ട്രീയ കേരളത്തിന് പകരംവെക്കാൻ ഇല്ലാത്ത ജനങ്ങളുടെ പ്രിയനേതാവിന്റെ ചരമവാർഷികം കടന്നു പോകുന്നത് പൊതുസമ്മേളനം ഇല്ലാതെ

മറുനാടൻ ഡെസ്‌ക്‌

പാല: പാലയുടെ മാണിക്യം മാഞ്ഞിട്ട് ഇന്ന് ഒരു വർഷം തികയുന്നു. കേരള രാഷ്ട്രീയത്തിലെ പകരം വെക്കാനില്ലാത്ത നേതാവായ കെ എം മാണിയുട ഒന്നാം ചരമവാർഷികം കടന്നു പോകുന്നത് പൊതുസമ്മേളനങ്ങളും ആൾക്കൂട്ടങ്ങളും ഇല്ലാതെയാണ്. പാലാക്കാർക്ക് വേണ്ടി തേനും പാലും ഒഴുക്കിയ നേതാവായിരുന്നു മാണി. കേരള കോൺഗ്രസ് എം സ്ഥാപക നേതാവും ചെയർമാനുമായ അദ്ദേഹം കേരള രാഷ്ട്രീയത്തിൽ റെക്കോർഡുകൾ സൃഷ്ടിക്കുന്നതിൽ സച്ചിൻ ടെണ്ടുൽക്കറിനെ പോലെ ആയിരുന്നു. ഇന്നും തകർക്കാൻ സാധിക്കാത്ത ഒരുപിടി റെക്കോർഡുകൾക്കു ഉടമയാണ് കെ എം മാണി.

പാലായിൽ നിന്ന് അര നൂറ്റാണ്ട് നിയമസഭാംഗവും 13 തവണ സംസ്ഥാന ബജറ്റും അവതരിപ്പിച്ച സമാനതകളില്ലാത്ത രാഷ്ട്രീയ വ്യക്തിത്വമായ മാണിസാറെന്ന കെ.എം മാണി 2019 ഏപ്രിൽ 9ന് കൊച്ചി ലേക് ഷോർ ആശുപത്രിയിൽ വച്ചായിരുന്നു വിടവാങ്ങിയത്. മന്ത്രിയായും നിയമസഭാംഗമായും റെക്കോർഡ് സൃഷ്ടിച്ച കെ.എം.മാണി 25 വർഷം മന്ത്രിയായും, നിയമസഭാംഗമായി 52 വർഷവും 13 ബജറ്റും അവതരിപ്പിച്ച സാമാജികനായിരുന്നു. 1980 മുതൽ 1986 വരെ തുടർച്ചയായി ഏഴ് ബജറ്റ് അവതരിപ്പിച്ചതും റെക്കോർഡാണ്. 1965 മുതൽ 13 തവണ ജയം നേടി മരണം വരെ പാലായെ നിയസഭയിൽ പ്രതിനിധീകരിച്ചത് കെ.എം മാണിമാത്രമായിരുന്നു. മാണി സ്വന്തം പേരിൽ കുറിച്ച റെക്കോർഡുകൾ ആരു തകർക്കും എന്നു ചോദിച്ചാൽ അതിന് സാധിക്കില്ലെന്ന് തന്നയാണ് പൊതുവേ പറയാനുള്ളത്.

കെ.എം മാണിയുടെ മരണത്തിന് ശേഷം കേരള കോൺഗ്രസ് എം പാർട്ടിയിൽ പലവിധ പ്രശ്‌നങ്ങൾ ഉടലെടുക്കുകയും പിളർപ്പിലേക്ക് നീങ്ങുകയും ചെയർമാൻ സ്ഥാനം ആർക്കെന്ന തർക്കങ്ങൾ നിലവിൽ പുകയുമ്പോഴും കെ.എം മാണിയെ സ്‌നേഹിച്ച പ്രവർത്തകർ ഇന്ന് അദ്ദേഹത്തിന് സ്മരണാഞ്ജലി അർപ്പിക്കും. കോവിഡ് ലോക്ക് ഡൗണും അടിയന്തരാവസ്ഥയും ജില്ലയിൽ നിലവിലുള്ളതിനാൽ പെസഹാ വ്യാഴമായ ഇന്ന് മാണിസാർ അന്ത്യവിശ്രമം കൊള്ളുന്ന പാലാ സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിലെ കുടുംബകല്ലറയ്ക്ക് മുന്നിൽ അദ്ദേഹത്തിന്റെ ഭാര്യ കുട്ടിയമ്മയും മകനും രാജ്യസഭാ എംപിയുമായ ജോസ്.കെ മാണിയും, ഭാര്യ നിഷ ജോസ് കെ മാണിയും, മക്കളായ റിതികയും, പ്രിയങ്കയും, കുഞ്ഞുമാണിയും തിരി കത്തിച്ചു പ്രാർത്ഥിച്ച ശേഷം പാലായിലെ കരിങ്ങോഴയ്ക്കൽ വീട്ടിൽ മാണിസാറിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രാർത്ഥനാ നിരതരാകും.

ലോക്ക് ഡൗൺ ഉള്ളതിനാൽ ഇറങ്ങി കാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ കഴിയാത്തതിനാൽ ചരമവാർഷികദിനമായ ഇന്ന് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന കമ്മ്യൂണിറ്റി കിച്ചനുകളിലെ ഭക്ഷണം ഒരുക്കുന്നതിനുള്ള തുക അതാത് പഞ്ചായത്ത് സെക്രട്ടറിമാർക്ക് കേരളാ കോൺഗ്രസ്സ് (എം) കൈമാറിയിരുന്നു. ജില്ലയിലെ 82 മണ്ഡലം കമ്മറ്റികളാണ് കമ്മ്യൂണിറ്റി കിച്ചനുകളിലേക്കുള്ള തുക കൈമാറിയത്. സംസ്ഥാനത്തുടനീളം ഇതേ മാതൃകയിൽ വിവിധങ്ങളായ കാരുണ്യപ്രവർത്തങ്ങൾ നടത്തി കെ.എം മാണിക്ക് സ്മരണാഞ്ജലി അർപ്പിക്കുകയാണ് പാർട്ടി പ്രവർത്തകർ. കഴിഞ്ഞ ജനുവരി മാസം കെ.എം മാണിയുടെ ജന്മദിനത്തിന് സംസ്ഥാനത്തെ അഗതിമന്ദിരങ്ങൾ, ബാലഭവനുകൾ, വൃദ്ധസദനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ ഭക്ഷണവും മരുന്നും നൽകി കാരുണ്യദിനമായാണ് പാർട്ടി ആചരിച്ചത്. ഏപ്രിൽ 29 ന് കോട്ടയത്ത് നെഹ്രുസ്റ്റേഡിയത്തിൽ നടത്താനിരുന്ന കെ.എം മാണി സ്മൃതി സംഗമം കോവിഡ് 19 നെത്തുടർന്ന് മാറ്റിവെച്ചിരുന്നു.

എന്നും പാലക്കാരുടെ സ്വന്തം

എന്തിനും ഏതിനും പാലക്കാർക്ക് മാണിയുണ്ടായിരുന്നു. കൊച്ചു മാണിയും മാണി സാറുമായി അവരുടെ വേദനകൾ തീർക്കാൻ ഈ മനുഷ്യൻ മുന്നിട്ടിറങ്ങി. അതിന് ഫലമുണ്ടായി. മീനച്ചലാറിന്റെ തീരത്ത് വിസ്മയമായി കൊച്ചു ഗ്രാമം വളർന്ന് പന്തലിച്ചു. പാല അങ്ങനെ മലയാളികളുടെ മനസ്സിലെ നിത്യ വിസ്മയമായി. മാണിയിലൂടെ പാലയെ മലയാളി തിരിച്ചറിഞ്ഞു. പാലാ കരിങ്ങോഴയ്ക്കൽ വീടിന്റെ പൂമുഖത്തെ ചാരുകസേരയിൽ അലസമായി കിടക്കുന്ന് മാണി പറഞ്ഞു. ഞാൻ എല്ലാംകൊണ്ടും ഒരു പാലാക്കാരൻ.

മക്കളെക്കാർ പാലയോടായിരുന്നു മാണിക്ക് ഇഷ്ടം. തന്റെ രണ്ടാം ഭാര്യയെന്ന് പാലയെ മാണി വിശേഷിപ്പിച്ചത് വെറുവാക്കിലായിരുന്നില്ല. കിട്ടിയതെല്ലാം കുട്ടിയമ്മയ്ക്കൊപ്പം പാലയ്ക്കും മാണി വീതിച്ചു നൽകിയെന്ന് ഇവിടുത്തുകാർക്കറിയാം. അതിനുള്ള സ്നേഹമാണ് പാലക്കാർ തെരഞ്ഞെടുപ്പുകളിൽ തിരിച്ചു നൽകിയതും. കാമുകിയെ പോലെയാണ് മാണി മണ്ഡലത്തെ നോക്കിയത്. മണ്ഡലത്തിന്റെ ആഗ്രഹമറിഞ്ഞ് വികസനമെത്തിച്ച പാലയുടെ യഥാർത്ഥ കാമുകനായിരുന്നു മാണി. ഇവിടെയുള്ള ഓരോരുത്തരേയും മാണി പേരുചൊല്ലി വിളിച്ചു. കല്യാണ വീടുകളിലെല്ലാം കാരണവരെ പോലെ ഓടിയെത്തി. മരണവീടുകളിൽ സാന്ത്വന കണ്ണീരുമായി നിറഞ്ഞു. എങ്ങനെയാകണം ജനപ്രതിനിധിയെന്ന് കേരളം ആദ്യം തിരിച്ചറിഞ്ഞതും മാണിയിലൂടെയാണ്. പിന്നീട് പല നേതാക്കളും മാണിയുടെ മാതൃക പിന്തുടർന്നു. പുതുപ്പള്ളിയുടെ കുഞ്ഞുഞ്ഞായി ഉമ്മൻ ചാണ്ടി മാറിയതും മാണിയുടെ മാതൃക ആ മണ്ഡലത്തിൽ അവതരിപ്പിച്ചായിരുന്നു. പാലാ നിയോജക മണ്ഡലം രൂപീകൃതമായ അന്നുമുതൽ ഇന്നുവരെ പാലായ്ക്ക് ഒരു പ്രതിനിധിയേയുള്ളൂ. ഒരു എംഎൽഎ മാത്രമേയുള്ളൂ. അത് പാലായുടെ സ്വന്തം മാണി സാർ തന്നെ. മറ്റാരേയും പാലാക്കാർ ഇതുവരെ ഇവിടെ നിന്ന് ജയിപ്പിച്ചിട്ടില്ല. അതാണ് പാലായും മാണിയും തമ്മിലുള്ള ബന്ധം. ഈ ബന്ധമാണ് അറ്റ് പോകുന്നത്.

പാലായിൽ മിനി സിവിൽ സ്റ്റേഷൻ സ്ഥാപിച്ച് ഇന്ത്യൻ പ്രസിഡന്റ് തന്നെ അത് ഉദ്ഘാടനം ചെയ്യണമെന്നു കെ. എം. മാണി ആഗ്രഹിച്ചു. അതു നടക്കുകയും ചെയ്തു. മീനച്ചിലാറ്റിൽ 17 പാലങ്ങൾ പണിതതും നാട്ടുകാരുടെ പ്രിയ ജനപ്രതിനിധിയായി. കോട്ടയം ജില്ലയുടെ ആസ്ഥാനം കോട്ടയമാണെങ്കിലും രണ്ടാം തലസ്ഥാനം പാലായാകണം എന്നു കെ.എം. മാണി ആഗ്രഹിച്ചതും പരസ്യമായി തന്നെ പറഞ്ഞു. എന്തു കിട്ടിയാലും പങ്കുവയ്ക്കുന്നതാണു കെ.എം. മാണിയുടെ ശീലം. കിട്ടിയതിൽ നല്ല പങ്കും പാലായ്ക്കു തിരികെ നൽകി. മണ്ഡലത്തിലെ ആദ്യ മൽസരം മുതൽ ഇന്നുവരെ പാലയ്ക്കൊപ്പമായിരുന്നു യാത്ര. പാലയെ മറന്നൊന്നും മാണി ചെയ്തില്ലാ. മാണിയുടെ പാലാ ബജറ്റുകൾ പോലും രാഷ്ട്രീയ എതിരാളികൾ വിമർശനത്തിനായി എടുത്തുയർത്തി. അപ്പോഴും പാലക്കാർക്ക് മാണിയെ കൂടുതൽ അടുത്തറിയാനുള്ള അവസരമുണ്ടായി. വിമർശനങ്ങൾ പുച്ഛിച്ച് തള്ളി വീണ്ടും വീണ്ടും പാലായിലേക്ക് മാണി വികസനമെത്തിച്ചു. അതും പരസ്യമായി തന്നെ. പാലായുടെ വികസനത്തിൽ മാണിക്ക് ഒന്നും ഒളിക്കാനില്ലായിരുന്നു.

ഏതു തിരക്കിലാണെങ്കിലും ശനിയാഴ്ച വൈകിട്ടോടെ പാലായിൽ എത്തും. പാലായിൽ ഉറക്കമുണർന്നു ഞായറാഴ്ച പള്ളിയിൽ പോകും. കൊച്ചുവക്കീലായി മരങ്ങാട്ടുപിള്ളിയിൽനിന്നു പാലായിലേക്കു ചെറുതായി കുടിയേറിയ കെ.എം. മാണിയെ പാലായും പാലാക്കാരും ഇരു കൈയും നീട്ടിയാണു സ്വീകരിച്ചത്. മാണി മന്ത്രിസഭയിൽ ഉണ്ടെങ്കിൽ എല്ലാം പാലയിൽ എത്തും. പാലയ്ക്കുള്ളത്. കെഎസ്ആർടിസി നല്ല വണ്ടി വാങ്ങിയാൽ അതിലൊന്നു പാലായിലേക്കു പോകും. സൂപ്പർ ഫാസ്റ്റ് വന്നാലും എക്സ്‌പ്രസ് തുടങ്ങിയാലും അതിലൊന്നെങ്കിലും പാലായിൽ എത്തിയിരിക്കും. അങ്ങനെ നല്ല റോഡും പാലങ്ങളും പാലായിലേക്കു കുടിയേറി. കെ.എം. മാണിക്കു മുൻപ് പാലാ എന്നൊരു നിയോജകമണ്ഡലം ഉണ്ടായിരുന്നില്ല. മീനച്ചിലെന്നും പുലിയന്നൂർ എന്നും പേരുണ്ടായിരുന്ന മണ്ഡലം പാലാ ആയത് 1965ൽ ആണ്. കെ.എം. മാണി ആദ്യം സ്ഥാനാർത്ഥിയായതും ജയിച്ചതും ആ വർഷം തന്നെ. പിന്നീട് പാലയെ കുറിച്ച് മാത്രമായിരുന്നു മാണിയുടെ പ്രധാന ചിന്ത. ഇത് തന്നെയാണ് അധ്വാന വർഗ്ഗ സിദ്ധാന്തത്തിന്റെ അമരക്കാരനെ പാലയിലെ മാണിക്യമാക്കിയതും. ഇതിന് പാലയ്ക്ക് മാണി നൽകിയത് വികസനത്തിന്റെ കാണാകാഴ്ചകളും.

1947 ഫെബ്രുവരിയിൽ പാലാ നഗരസഭ രൂപം കൊള്ളുന്നതിനു മുൻപ് വില്ലേജ് യൂണിയനായിരുന്നു. ഇടുക്കിയിലേക്കുള്ള വലിയൊരു റോഡ് മാത്രമാണ് അന്നു പാലായ്ക്ക് സ്വന്തം. പൊടിപിടിച്ചു കിടക്കുന്ന മൺറോഡുകളായിരുന്നു ഉണ്ടായിരുന്നത്. ഈ മുഖമാണ് മാണി മാറ്റി എഴുതിയത്. 1953ൽ വലിയ പാലം ഗതാഗതത്തിനു തുറന്നുകൊടുത്തു. സബ് രജിസ്റ്റ്രാർ ഓഫിസ്, താലൂക്ക് ഓഫിസ്, പൊലീസ് സ്റ്റേഷൻ, അഞ്ചൽ ഓഫിസ്, ജയിൽ, ഗവ. ആശുപത്രി, കോടതി, എക്സൈസ്, കെഎസ്ഇബി, ജല അഥോറിറ്റി ഓഫിസ്, ഗവ. സ്‌കൂൾ എന്നിവയെല്ലാം മാണി ആദ്യം എംഎൽഎയാകുമ്പോഴും പാലായിലുണ്ട്. മാണി എംഎൽഎയായതോടെ പാലായുടെ സുവർണകാലം ആരംഭിച്ചു. സംസ്ഥാനത്ത് എന്തു വികസനം വന്നാലും അതിൽ ഒരു പങ്ക് പാലായിലും എത്തി. വൃത്തിയുള്ള നഗരമായി പാലാ വളർന്നു. വാടകക്കെട്ടിടങ്ങളിൽ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിച്ചിരുന്ന ഗവ. ഓഫിസുകളെല്ലാം മിനി സിവിൽ സ്റ്റേഷൻ നിർമ്മിച്ച് ഒരു കുടക്കീഴിലാക്കി. പാലാ മുനിസിപ്പൽ സ്റ്റേഡിയവും ഒട്ടേറെ പാലങ്ങളും ആധുനിക നിലവാരത്തിലുള്ള റോഡുകളുമെല്ലാം കെ.എം. മാണിയുടെ പ്രയത്നത്തിന്റെ ഫലമാണ്. ഏറ്റവുമൊടുവിൽ പാലാ ബൈപാസും. അങ്ങനെ പാലയുടെ ജനനായകനായി മാണി മാറി. അതുകൊണ്ട് തന്നെ മാണി അരങ്ങൊഴിയുമ്പോൾ പാല അനാഥമാകും. ഇനി സുഖവും ദുഃഖവും ആരോട് പാലക്കാർ പറയും. ഈ ചിന്തയാണ് ദുഃഖമായി ഇവിടെ ഇപ്പോൾ തളം കെട്ടി കിടക്കുന്നത്.

ഒരു മണ്ഡലം രൂപീകരിച്ച നാൾ മുതൽ അവിടെ മത്സരിക്കുക, എല്ലാ തിരഞ്ഞെടുപ്പും വിജയിച്ച് എംഎൽഎയായി മണ്ഡലത്തെ പ്രതിനിധീകരിക്കുക. ഒരുപക്ഷേ മറ്റൊരു ജനപ്രതിനിധിക്കും അവകാശപ്പെടാനില്ലാത്ത അസൂയാവഹമായ റെക്കോഡ് മണിക്ക് സ്വന്തം. കേരളമാകെ ഇടതുകാറ്റ് ആഞ്ഞു വീശിയിട്ടും പാലയിൽ മാണി കുലുങ്ങിയില്ല. കെ. ബാബുവും മാണിയും ബാർ കോഴയിൽ കുടുങ്ങിയ ശേഷം നടന്ന തിരഞ്ഞെടുപ്പിൽ മാണി തോൽക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകരിൽ പലരും വിധിയെഴുതി. എന്നിട്ടും പാല മാണിയെ കൈവിട്ടില്ല. കെ.എം.മാണി എന്നാൽ പാലയാണ് എന്ന് അരക്കിട്ടുറപ്പിച്ചതായിരുന്നു ആ തിരഞ്ഞെടുപ്പ് ഫലം. അരനൂറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിനിടയിൽ ചെളി തെറിപ്പിക്കാൻ ശ്രമിച്ചവർക്ക് പാലാ നൽകിയ മറുപടി. 1965 ലാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. കോൺഗ്രസിന് 36ഉം കേരള കോൺഗ്രസിന് 23ഉം സീറ്റ് ലഭിച്ച തിരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ നിയമസഭ സമ്മേളിച്ചില്ല. 1967 ലെ തിരഞ്ഞെടുപ്പിലും കെ.എം. മാണി പാലായിൽ സ്ഥാനാർത്ഥിയായി. 1975 ൽ പാലായ്ക്ക് ആദ്യമായി മന്ത്രിയെ സമ്മാനിച്ചുകൊണ്ട് അദ്ദേഹം മന്ത്രി പദത്തിലെത്തി. ' ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഏത് എക്‌സിറ്റ് പോൾ പ്രവചിച്ചാലും എനിക്ക് പ്രശ്‌നമല്ല. എന്നെ പാലാക്കാർ കൈവിടില്ല.' ഇന്നോളം മാണിയുടെ വാക്കുകളിലെ ആ വിശ്വാസത്തിന് കോട്ടം തട്ടിയിട്ടില്ല. പാലായുടെ എംഎൽഎയായി തന്നെ അദ്ദേഹം യാത്രയായി.

1964 ൽ പി.റ്റി ചാക്കോയുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ് രൂപീകരണം നടക്കുമ്പോൾ കോട്ടയം ഡിസിസി പ്രസിഡന്റായിരുന്നു മാണി. കോട്ടയം ലക്ഷ്മി നിവാസ് ഓഡിറ്റോറിയത്തിൽ നടന്ന കേരള കോൺഗ്രസ് രൂപീകരണ യോഗത്തിൽ കെ.എം ജോർജ്ജിന്റെ നേതൃത്വത്തിലുള്ള 14 എംഎൽഎമാർ പങ്കെടുത്തപ്പോൾ മാണി ഉണ്ടായിരുന്നില്ല. തുടർന്ന് മുൻ ഡിസിസി പ്രസിഡന്റായ മാത്തച്ചൻ കുരുവിനാൽ കുന്നേലടക്കമുള്ള നേതാക്കൾ കെ എം മാണിയെ സന്ദർശിച്ചു ഇതിന് ശേഷമായിരുന്നു ചരിത്ര പരമായ ആ തീരുമാനം. എന്നാൽ കോൺഗ്രസ് വിട്ടുവരാൻ അന്ന് കോട്ടയം ഡിസിസി ചുമതലക്കാരനായിരുന്ന മാണി നേതാക്കൾക്ക് മുന്നിൽ വച്ച ഡിമാൻഡിൽ തുടങ്ങുകയായിരുന്നു പിന്നീട് കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിയന്ത്രിച്ച രാഷ്ട്രീയ നേതാവിന്റെ വളർച്ച. 65 ൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ പാലാ നിയമസഭാ മണ്ഡലവും ചെലവിന് 15,000 രൂപയുമായിരുന്നു മാണിയുടെ ഡിമാന്റ്. രൂപം കൊണ്ടതിന് ശേഷം അഭിമാനപ്പോരാട്ടമായിരുന്നു കേരളാ കോൺഗ്രസിന്. അതിനാൽ ഡമാൻഡ് പാർട്ടി അംഗീകരിച്ചു. പാലാ സീറ്റും 15000 രൂപയും പ്രചാരണത്തിനുള്ള വാഹനവും നൽകി.

കോൺഗ്രസ്സിലെ മിസ്സിസ് ആർ.വി തോമസായിരുന്നു എതിരാളി. കനത്തപോരാട്ടത്തിൽ മാണി നേരിയ ഭുരിപക്ഷത്തിൽ ജയിച്ച് കയറി. 50 വോട്ടുകൾ മാത്രമായിരുന്നു ഭുരിപക്ഷം. പിന്നീട് സംഭവിച്ചതെല്ലാം ചരിത്രമായി നിലകൊള്ളുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP