Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡിൽ ആഗോള മരണ നിരക്ക് ആറു ശതമാനം; രാജ്യത്ത് മൂന്ന് ശതമാനം; കേരളത്തിലെ 345 രോഗ ബാധിതരിൽ മരിച്ചത് രണ്ട് പേരും; ഒരു രോഗിയിൽ നിന്ന് 2.6 പേർക്ക് രോഗം പകരാമെന്നത് രാജ്യാന്തര ശരാശരി; കേരളത്തിൽ പുറത്തുനിന്നെത്തിയത് 254 രോഗികൾ; പകർന്നത് 91 പേരിലും; നിപയ്ക്ക് പിന്നാലെ ലോകത്തെ വിറപ്പിച്ച മഹാമാരിയേയും അതിജീവിച്ച് ആരോഗ്യ കേരളം; കൊറോണയിലും കേരളത്തിന് അപൂർവ്വ നേട്ടങ്ങൾ; കേരളം സുരക്ഷിതമാകുമ്പോൾ കേന്ദ്രം അനുവദിച്ചാൽ ലോക് ഡൗൺ ഒഴിവാക്കാം

കോവിഡിൽ ആഗോള മരണ നിരക്ക് ആറു ശതമാനം; രാജ്യത്ത് മൂന്ന് ശതമാനം; കേരളത്തിലെ 345 രോഗ ബാധിതരിൽ മരിച്ചത് രണ്ട് പേരും; ഒരു രോഗിയിൽ നിന്ന് 2.6 പേർക്ക് രോഗം പകരാമെന്നത് രാജ്യാന്തര ശരാശരി; കേരളത്തിൽ പുറത്തുനിന്നെത്തിയത് 254 രോഗികൾ; പകർന്നത് 91 പേരിലും; നിപയ്ക്ക് പിന്നാലെ ലോകത്തെ വിറപ്പിച്ച മഹാമാരിയേയും അതിജീവിച്ച് ആരോഗ്യ കേരളം; കൊറോണയിലും കേരളത്തിന് അപൂർവ്വ നേട്ടങ്ങൾ; കേരളം സുരക്ഷിതമാകുമ്പോൾ കേന്ദ്രം അനുവദിച്ചാൽ ലോക് ഡൗൺ ഒഴിവാക്കാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ ലോക് ഡൗൺ നിയന്ത്രണങ്ങൾ പത്ത് ദിവസം കൊണ്ട് പിൻവലിക്കാമെന്ന വിലയിരുത്തിലേക്ക് കേരളം. എന്നാൽ തമിഴ്‌നാട്ടിലെ രോഗ വ്യാപനം അശങ്കപ്പെടുത്തുന്നുണ്ട്. അതിനാൽ സംസ്ഥാന അതിർത്തികൾ പൂർണ്ണമായും അടച്ച് കേരളത്തിൽ കാര്യങ്ങൾ സാധാരണ നിലയിലാക്കാനാകും നീക്കം. ഈ മാസം അവസാനത്തോടെ മാറ്റി വച്ച എസ് എസ് എൽ സി-പ്ലസ് ടു പരീക്ഷകൾ നടത്താനാണ് ആലോചന. പ്രധാനമന്ത്രിയുടെ വീഡിയോ കോൺഫറൻസിൽ ഇക്കാര്യം കേരളം ആവശ്യപ്പെടും. കോവിഡിന്റെ രണ്ടാംവരവ് കേരളത്തിൽ അവസാനിക്കുന്നതായി പ്രധാനമന്ത്രിയെ മുഖ്യമന്ത്രി ധരിപ്പിക്കും. നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തേയും കേരളം അതിജീവിച്ചുവെന്നാണ് വിലയിരുത്തൽ. എന്നാൽ ഇതിൽ വ്യക്തത വരാൻ രണ്ട് മൂന്ന് ദിവസങ്ങൾ കൂടി കാത്തിരിക്കേണ്ടി വരും.

രോഗ ചികിൽസയിലും കേരളം വലിയ നേട്ടമാണ് ഉണ്ടാക്കിയത്. കോൺടാക്ട് ട്രെസിംഗിലെ പരിചയ സമ്പന്നതയാണ് തുണയായത്. നിപാ കലാത്ത് നടത്തി പ്രവർത്തന പരിചയം കൊറോണയിൽ കേരള്തതിന് മുതൽ കൂട്ടായി. ഇതുകൊണ്ടാണ് അതിവഗം കൊറോണയെ കേരളം അതിജീവിക്കുന്നത്. സാമൂഹിക അകലത്തിന്റെ സീമകൾ ലംഘിക്കാതെയുള്ള സാധാരണ ജീവിതത്തിലേക്ക് മലയാളിക്ക് കടക്കാനുള്ള ശേഷി ഇന്നുണ്ടെന്നാണ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ. പുതുതായി രോഗബാധിതരാകുന്നവരുടെ ശരാശരി എണ്ണം തുടർച്ചയായി 6 ദിവസം പത്തിലൊതുങ്ങുകയാണ്. ഇത് ഇങ്ങനെ തുടർന്നാൽ കേരളം അതിവേഗം സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരും.

കേരളത്തിൽ മരണനിരക്ക് ഒരു ശതമാനത്തിൽ താഴെ മാത്രമാണ്. ഇത് ആഗോള തലത്തിൽ ആറ് ശതമാനത്തോട് അടുത്താണ്. രാജ്യത്ത് മുന്ന് ശതമാനത്തോട് അടുത്തും. എന്നാൽ കേരളത്തിൽ ഇത് 0.58 ശതമാനം മാത്രമാണ്. സംസ്ഥാനത്തു കോവിഡ് നിയന്ത്രണവിധേയമാണെന്നും സമൂഹവ്യാപനം ഇല്ലെന്നും മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തലിന് കാരണം ഈ കണക്കുകളാണ്. എങ്കിലും പൂർണമായി ആശ്വസിക്കാറായിട്ടില്ല. ലോക്ഡൗൺ അവസാനിക്കേണ്ട 14നു ശേഷം എന്തു തുടർനടപടി വേണമെന്നു തീരുമാനിക്കാൻ 13നു മന്ത്രിസഭ ചേരും. കേന്ദ്രതീരുമാനം അറിഞ്ഞ ശേഷം സംസ്ഥാനത്തു ക്രമീകരണങ്ങൾ വരുത്തും. കാർഷിക മേഖലയിലെ ഇളവുകളുടെ കാര്യവും 13നു പരിഗണിക്കും. 20-ാം തീയതിയോടെ ലോക് ഡൗണിൽ വലിയൊരു ആശ്വാസം പ്രഖ്യാപിക്കാമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

കഴിഞ്ഞ രണ്ടു ദിവസമായി പുതിയ രോഗികളെക്കാൾ കൂടുതലാണു രോഗമുക്തരാകുന്നവരുടെ എണ്ണം. ജനുവരി 30നു വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് രോഗം സ്ഥിരീകരിച്ചതായിരുന്നു കോവിഡിന്റെ ആദ്യ വരവ്. ഇന്ത്യയിലെ ആദ്യ കോവിഡ് രോഗബാധയായിരുന്നു ഇത്. മൂന്നു വിദ്യാർത്ഥികളും സുഖം പ്രാപിച്ചു. ഇറ്റലിയിൽനിന്നെത്തിയ മൂന്നംഗ കുടുംബത്തിനും 2 ബന്ധുക്കൾക്കും മാർച്ച് 8നു രോഗം സ്ഥിരീകരിച്ചതോടെ കേരളം ഞെട്ടി വിറച്ചു. പിന്നാലെ വിദേശത്ത് നിന്നെത്തിയ നിരവധി പേർ രോഗാണു വാഹകരായി. കാസർകോട്ടെ പ്രവാസി കാര്യങ്ങൾ വഷളാക്കി. ഒരു ഘട്ടത്തിൽ ഇന്ത്യയിൽ ഏറ്റവും കോവിഡ് ബാധിതരുള്ള സംസ്ഥാനമായി കേരളം. എന്നാൽ ഇന്ന് സ്ഥിതി മാറുകയാണ്.

ലോക്ഡൗൺ പിൻവലിച്ചാൽ വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും കേരളത്തിലെത്തുന്നവർ വഴി ഉണ്ടാകാൻ സാധ്യതയുള്ള മൂന്നാംവരവാണ് ഇനി വെല്ലുവിളി. അതുകൊണ്ട് തന്നെ പുറത്ത് നിന്ന് ആളുകൾ എത്തുന്നതിനെ നിയന്ത്രിച്ച് കേരളം ലോക് ഡൗണിൽ നിന്ന് പതിയെ മുക്തമാകും. ഏപ്രിൽ 3 മുതൽ 8 വരെയുള്ള ആറു ദിവസം പുതുതായി കണ്ടെത്തിയ രോഗികളുടെ എണ്ണം 59 മാത്രമാണ്. എന്നാൽ നിസാമുദ്ദീൻ വിഷയത്തിൽ മറ്റു സംസ്ഥാനങ്ങളിലെല്ലാം രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോഴാണ് കേരളത്തിൽ രോഗികൾ കുറയുന്നത്. ക്വാറന്റീൻ കാലാവധി തീരുന്നതോടെ നിരീക്ഷണത്തിലുള്ളവർ കുറഞ്ഞുവരുന്നതിനാൽ ഇനി രോഗികളുടെ എണ്ണം വൻതോതിൽ വർധിക്കാനിടയില്ലെന്നാണു വിലയിരുത്തൽ. കൊറോണ വൈറസ് 5% ആളുകളിൽ 20 ദിവസം വരെ സജീവമായി നിലനിൽക്കും. അതുകൊണ്ട് തന്നെ ക്വാറന്റൈൻ കാലാവധി കഴിഞ്ഞവരെ കുറച്ചു കാലം കൂടി നീരിക്ഷണത്തിലാക്കും.

സമൂഹ വ്യാപനത്തെ എല്ലാ അർത്ഥത്തിലും കേരളം ചെറുത്തു. കോൺടാക്ട് ട്രെസിംഗായിരുന്നു ഇതിന് പ്രധാന കാരണം. ഇറ്റലിയിൽ നിന്നെത്തിയവരും കാസർകോട്ടെ പ്രവാസിയും ചർച്ചയായപ്പോൾ വിമാനത്താവളത്തിൽ നിരീക്ഷണം അതിശക്തമാക്കി. ഇതോടെ രോഗ ബാധിതരായി വിദേശത്ത് നിന്നെത്തുന്നവർക്ക് നേരെ ആശുപത്രിയിൽ പോകേണ്ടിയും വന്നു. ഇതും സമൂഹ വ്യാപന സാധ്യത അടച്ചു. കൊറോണയിൽ ഒരു രോഗിയിൽ നിന്ന് 2.6 പേർക്ക് രോഗം പകരാമെന്നതാണ് രാജ്യാന്തര ശരാശരി. കേരളത്തിൽ പുറത്തുനിന്നെത്തിയത് 254 രോഗികളാണ്. പകർന്നത് 91 പേരിലേക്ക് മാത്രവും.

സമ്പർക്കത്തിലൂടെ രോഗം വന്നവർ പുതുതായി ആർക്കും രോഗം പകർന്നുനൽകിയില്ലെന്നതും ആശ്വാസമായി. കേരളത്തിൽ പൊതുസ്ഥലങ്ങളിൽ നിന്ന് രോഗം പകർന്നതായി ഇതുവരെ തെളിവില്ല. പോത്തൻകോട്ടെ മരണമാണ് ഇതിന് ചെറിയൊരു അപവാദം. എന്നാൽ ഈ മേഖലയിൽ മറ്റാർക്കും രോഗം കണ്ടെത്താത്തതും ആശ്വാസമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP