Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊവിഡ് ബാധിച്ച് മരിച്ചവർ 86,256 പേർ; ലോകത്താകമാനം വൈറസ് ബാധ സ്ഥിരീകരിച്ചത് 1,469,243 പേർക്കും; ബ്രിട്ടനിൽ ഇന്ന് മാത്രം മരിച്ചത് 938 പേർ; ഏറ്റവും കൂടുതൽ കൊറോണ ബാധിതരുള്ള രാജ്യമായി അമേരിക്ക; പതിനായിരത്തിലധികം മരണം റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ രാജ്യമായി ഫ്രാൻസ്

കൊവിഡ് ബാധിച്ച് മരിച്ചവർ 86,256 പേർ; ലോകത്താകമാനം വൈറസ് ബാധ സ്ഥിരീകരിച്ചത് 1,469,243 പേർക്കും; ബ്രിട്ടനിൽ ഇന്ന് മാത്രം മരിച്ചത് 938 പേർ; ഏറ്റവും കൂടുതൽ കൊറോണ ബാധിതരുള്ള രാജ്യമായി അമേരിക്ക; പതിനായിരത്തിലധികം മരണം റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ രാജ്യമായി ഫ്രാൻസ്

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ബ്രിട്ടനിൽ കൊവിഡ്19 ബാധിച്ച് 24 മണിക്കൂറിനുള്ളിൽ മരിച്ചത് 938 പേരാണ്. ഇന്നലെ ബ്രിട്ടനിൽ മരിച്ച വൈറസ് ബാധിതരുടെ എണ്ണത്തിൽ 19 ശതമാനത്തിന്റെ വർധനവാണ് ഇന്ന് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം 786 പേരായിരുന്നു മരിച്ചത്. എന്നാൽ ഇന്ന് ആ റെക്കോഡും മറികടന്ന് മരണ സംഖ്യ 938 ആയി ഉയർന്നു, രാജ്യത്ത് കോവിഡ് ബാധിച്ച് ഒരു ദിവസത്തെ ഏറ്റവും ഉയർന്ന മരണ സംഖ്യയാണിത്. ബ്രിട്ടനിൽ ഇതുവരെ കൊറോണ ബാധിച്ച്മരിച്ചവരുടെ എണ്ണം 7,097 ആയി. പുതുതായി രോ​ഗം റിപ്പോർട്ട് ചെയ്തത് 5,491പേർക്കാണ്. കഴിഞ്ഞ ദിവസത്തേക്കാൾ 50 ശതമാനത്തിന്റെ വർധനവാണ് രോ​ഗബാധിതരുടെ എണ്ണത്തിൽ രേഖപ്പെടുത്തുന്നത്.

അതേസമയം, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന് അടുത്ത രണ്ടാഴ്‌ച്ച വളരെ നിർണായകം. രോഗലക്ഷണങ്ങൾ പ്രകടമാക്കി പത്തു ദിവസത്തിന് ശേഷവും കുറയാത്തതിനെ തുടർന്ന് ഞായറാഴ്ചയാണ് ജോൺസനെ ആശുപത്രിയിലേക്ക് മാറ്റിയത്. പനിയും ചുമയും ശ്വാസതടസവും ശക്തമായതോടെ ഐസിയുലേക്കും മാറ്റി. ആരോഗ്യ നില തൃപ്തികരമാണെന്ന് ബ്രിട്ടീഷ് ആരോഗ്യ മന്ത്രി എഡ്വേർഡ് അർഗാർ ബുധനാഴ്ച അറിയിച്ചിരുന്നു. എന്നാൽ അടുത്ത രണ്ടാഴ്‌ച്ച കാലം പ്രധാനമന്ത്രിക്ക് നിർണായകമാണെന്ന സൂചനയാണ് ലഭിക്കുന്നത്.

ലോകത്താകമാനം 1,469,243 പേർക്കാണ്കോവിഡ് 19 സ്ഥിരീകരിച്ചത്. 86,256 പേർ ഇതുവരെ മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. 316,482 വൈറസിനെ അതിജീവിച്ചു. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള രാജ്യം അമേരിക്കയാണ്. ഇന്ത്യൻ സമയം രാത്രി 9.15ന് യുഎസിലെ കോവിഡ് ബാധിതരുടെ എണ്ണം 4,00,549 ആണ്. 21,711 പേർ രോഗമുക്തരായപ്പോൾ 12,857 പേർക്കു ജീവൻ നഷ്ടപ്പെട്ടു.

കോവിഡ് രോഗബാധയിൽ ലോകത്ത് പതിനായിരത്തിലധികം മരണം റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ രാജ്യമായി ഫ്രാൻസ്. ചൊവ്വാഴ്ച മാത്രം 1,417 പേർ മരിച്ചതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 10,328 ആയി. ഇവിടെ രോഗബാധിതരുടെ എണ്ണം 1,09,069 ആയി. ഇറ്റലി, സ്‌പെയിൻ, യുഎസ് എന്നിവിടങ്ങളിലാണ് നേരത്തെ പതിനായിരത്തിനു മുകളിൽ മരണം റിപ്പോർട്ട് ചെയ്തത്.

കോവിഡിന്റെ പുതിയ ഹോട്സ്പോട്ടുകളെന്ന് വിശേഷിക്കപ്പെടുന്ന നെതർലൻഡ്സിലും ബെൽജിയത്തിലും മരണസംഖ്യ ഉയരുകയാണ്. ബെൽജിയത്തിൽ 2,035 പേർ മരിച്ചു. 22,194 പേർക്ക് രോഗം സ്ഥിരീകരിച്ചു. നെതർലൻഡ്സിൽ 2,101 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 19,580 പേർ രോഗബാധിതരാണ്.

അതേസമയം, കാനഡയിലെ ഒന്റാറിയോ പ്രവിശ്യയ്ക്കു ലഭിക്കേണ്ട 30 ലക്ഷം മാസ്‌കുകളുടെ വിതരണം അമേരിക്ക തടഞ്ഞതോടെ പ്രാദേശികമായി 30,000 വെന്റിലേറ്ററുകളും മാസ്കുകളും മെഡിക്കൽ ഉപകരണങ്ങളും നിർമ്മിക്കുമെന്നു കാനഡ. ചൊവ്വാഴ്ച നടന്ന പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെതാണു പ്രഖ്യാപനം.

അമേരിക്കയുമായി ചർച്ച നടത്തി വരികയാണെന്നും കയറ്റുമതി വിതരണം നടക്കുമെന്നാണു കരുതുന്നതെന്നും ട്രൂഡോ നേരത്തെ പറഞ്ഞിരുന്നുവെങ്കിലും ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ രാജ്യത്തെ സജ്ജമാക്കേണ്ടതിനാലാണു പുതിയ തീരുമാനമെന്നും കാനഡ വ്യക്തമാക്കി. അമേരിക്കൻ നിർമ്മാണ യൂണിറ്റായ ത്രീഎം കമ്പനിയോട് കാനഡയിലേക്കും ചില ലാറ്റിനമേരിക്കൻ രാജ്യങ്ങളിലേക്കുമുള്ള എൻ95 മാസ്‌കുകളുടെ കയറ്റുമതി നിർത്തിവയ്ക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടതോടെയാണു പ്രതിസന്ധി ഉടലെടുത്തത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP