Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാജ്യത്തുകൊറോണ വൈറസ് കേസുകൾ 5274 ആയി ഉയർന്നു; ധാരാവിയിൽ ഒരുമരണം കൂടി; 576 കേസുകൾ റിപ്പോർട്ട് ചെയ്ത ഡൽഹിയിൽ 20 ഹോട്ട് സ്‌പോട്ടുകൾ കണ്ടെത്തി അടച്ചു; ഇവിടേക്ക് ആർക്കും പ്രവേശിക്കാനോ പുറത്തുകടക്കാനോ കഴിയില്ല; മഹാരാഷ്ട്രയ്ക്ക് പുറമേ ഡൽഹിയിലും വീടിന് പുറത്തിറങ്ങുന്നവർക്ക് മാസ്‌കുകൾ നിർബന്ധം; സർക്കാർ-സ്വകാര്യ ലാബുകളിൽ കോവിഡ് 19 ടെസ്റ്റ് സൗജന്യമായി നടത്തണമെന്ന ആശ്വാസവിധിയുമായി സുപ്രീം കോടതി; പരിശോധനയ്ക്ക് 4500 രൂപ വരെ ഈടാക്കുന്നത് അനുവദിക്കാൻ ആവില്ലെന്നും കോടതി

രാജ്യത്തുകൊറോണ വൈറസ് കേസുകൾ 5274 ആയി ഉയർന്നു; ധാരാവിയിൽ ഒരുമരണം കൂടി; 576 കേസുകൾ റിപ്പോർട്ട് ചെയ്ത ഡൽഹിയിൽ 20 ഹോട്ട് സ്‌പോട്ടുകൾ കണ്ടെത്തി അടച്ചു; ഇവിടേക്ക് ആർക്കും പ്രവേശിക്കാനോ പുറത്തുകടക്കാനോ കഴിയില്ല; മഹാരാഷ്ട്രയ്ക്ക് പുറമേ ഡൽഹിയിലും വീടിന് പുറത്തിറങ്ങുന്നവർക്ക് മാസ്‌കുകൾ നിർബന്ധം; സർക്കാർ-സ്വകാര്യ ലാബുകളിൽ കോവിഡ് 19 ടെസ്റ്റ് സൗജന്യമായി നടത്തണമെന്ന ആശ്വാസവിധിയുമായി സുപ്രീം കോടതി; പരിശോധനയ്ക്ക് 4500 രൂപ വരെ ഈടാക്കുന്നത് അനുവദിക്കാൻ ആവില്ലെന്നും കോടതി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്തുകൊറോണ വൈറസ് കേസുകൾ 5274 ആയി ഉയർന്നു. 24 മണിക്കൂറിനിനിടെ 485 കേസുകളാണ് വർദ്ധിച്ചത്. മരണസംഖ്യ 149 എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പ്. ഡൽഹിയിൽ 20 ഹോട്ട് സ്‌പോട്ടുകൾ കണ്ടെത്തി അടച്ചു. ഇവിടേക്ക് ആർക്കും പ്രവേശിക്കാനോ, പുറത്തുപോകാനോ കഴിയില്ല. പുറത്തിറങ്ങുന്നവർക്ക് ഫേസ് മാസ്‌ക്കുകൾ നിർബന്ധമാക്കിയതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു.

സദാർ ബസാർ ഉൾപ്പെടെയുള്ള മേഖലകളെയാണ് ഹോട്ട്‌സ്‌പോട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ഹോട്ട്‌സ്‌പോട്ട് മേഖലകളിൽ അവശ്യസാധനങ്ങളുടെ ലഭ്യത സർക്കാർ ഉറപ്പുവരുത്തും.സംസ്ഥാനത്ത് ജനങ്ങൾക്ക് പുറത്തിറങ്ങാൻ മാസ്‌ക് നിർബന്ധമാക്കുകയും ചെയ്തു. നേരത്തെ മഹാരാഷ്ട്രയിലും മാസ്‌ക് നിർബന്ധമാക്കിയിരുന്നു.

മാസ്‌ക് ധരിക്കുന്നതുകൊറോണ വൈറസിന്റെ വ്യാപനം ഗണ്യമായി കുറയ്ക്കുമെന്നും ഉന്നതതല യോഗത്തിന് ശേഷം കെജരിവാൾ അറിയിച്ചു. തുണികൊണ്ടുള്ള മാസ്‌ക്കായാലും ഉപയോഗിച്ചാൽ മതിയെന്നും കേജരിവാൾ ട്വീറ്റ് ചെയ്തു. ഡൽഹിയിൽ 576 കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഒമ്പത് പേർ മരിക്കുകയും 21 പേർ രോഗമുക്തരാകുകയും ചെയ്തിട്ടുണ്ട്

ധാരാവിയിൽ വീണ്ടും കോവിഡ് മരണം

ലോകത്തിലെ ഏറ്റവും വലിയ ചേരി പ്രദേശങ്ങളിലൊന്നായ മുംബൈ ധാരാവിയിൽ വീണ്ടും കോവിഡ് മരണം. മുംബൈ കെഇഎം ആശുപത്രിയിൽ 64 വയസുകാരനാണ് മരിച്ചത്. ഇതോടെ ധാരാവിയിൽ മരിച്ചവരുടെ എണ്ണം രണ്ടായി.ധാരാവിയിലെ രോഗബാധിതരുടെ എണ്ണം 13 ആകുകയും ചെയ്തു. ഏപ്രിൽ ഒന്നിന് ധാരാവിയിൽ കോവിഡ് സ്ഥിരീകരിച്ച അന്പത്തിയാറുകാരൻ മരിച്ചിരുന്നു. അഞ്ചു ചതുരശ്ര കിലോമീറ്ററിനുള്ളിൽ 15 ലക്ഷം പേരാണു ധാരാവിയിൽ പാർക്കുന്നത്.

ധാരാവിയിലെ ഡോ. ബലിഗനഗർ, വൈഭവ് അപ്പാർട്ട്‌മെന്റ്, മുകുന്ദ് നഗർ, മദീന നഗർ എന്നിവിടങ്ങൾ കോവിഡ് ബാധയ്ക്കു സാധ്യതയുള്ള പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ചത് മുംബൈയിലാണ്

ആശ്വാസവവിധിയുമായി സുപ്രീം കോടതി

രാജ്യത്തെ സർക്കാർ/സ്വകാര്യ ലാബുകളിൽ കോവിഡ്-19 പരിശോധന സൗജന്യമായി നടക്കുന്നുവെന്ന് കേന്ദ്രസർക്കാർ ഉറപ്പുവരുത്തണമെന്ന് സുപ്രീം കോടതി.
സർക്കാർ മേൽനോട്ടത്തിലുള്ള ലാബുകളിൽ പരിശോധന സൗജന്യമായി നടക്കുമ്പോൽ സ്വകാര്യ ലാബുകളിൽ ഇതേ പരിശോധനയ്ക്ക് 4500 രൂപ വരെ ഈടാക്കുന്നത് അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്നവർക്ക് സ്വകാര്യ ലാബുകളിൽ കൊവിഡ് പരിശോധനയ്ക്ക് പ്രതിസന്ധി നേരിടുന്നു എന്ന് ചൂണ്ടിക്കാട്ടി നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിച്ചതിനു ശേഷമാണ് കോടതി ഈ നിർദ്ദേശം പുറപ്പെടുവിച്ചത്.

സ്വകാര്യ ലാബുകൾക്കുണ്ടാവുന്ന നഷ്ടം സർക്കാർ ഇടപെട്ട് നികത്തുന്നതിനെ കുറിച്ച് പിന്നീട് ആലോചിക്കാമെന്ന് ജസ്റ്റിസുമാരായ അശോക ഭൂഷൺ എസ് രവീന്ദ്രൻ ഭട്ട് എന്നിവരടങ്ങുന്ന ബെഞ്ച് വാദം കേട്ടുകൊണ്ട് പറഞ്ഞു. വീഡിയോ കോൺഫറൻസിങ് വഴിയാണ് കോടതി നടപടികൾ പൂർത്തിയായത്. രാജ്യം കോവിഡ്-19 എന്ന ദേശീയ ദുരന്തം നേരിടുന്ന സാഹചര്യത്തിൽ 4500 രൂപ വരെ കോവിഡ് പരിശോധനയ്ക്ക് ഈടാക്കുന്നത് രാജ്യത്തെ വലിയൊരു ജനവിഭാഗത്തിന്റെ കഴിവിന്റെ പരിധിയിൽ വരില്ലെന്നും പണം ഇല്ലാത്തതിന്റെ പേരിൽ പരിശോധനയിൽ നിന്നും ഒരാളും ഒഴിവാക്കപ്പെടരുതെന്നും കോടതി നിരീക്ഷിച്ചു.

ഇത്തരം പ്രതിസന്ധി ഘട്ടത്തിൽ സന്നദ്ധപ്രവർത്തനങ്ങൾ സംഘടിപ്പിച്ചുകൊണ്ട് മഹാമാരി പ്രതിരോധത്തിൽ രാജ്യത്തെ സ്വകാര്യ ആശുപത്രികൾക്കും സ്വകാര്യ ലാബുകൾക്കും പങ്കുചേരാമെന്നും കോടതി പറഞ്ഞു. എൻ.എ.ബി.എൽ അംഗീകാരമുള്ളതോ ഡബ്ലൂ.എച്ച്.ഓ അല്ലെങ്കിൽ ഐ.സി.എം.ആർ അംഗീകരിച്ചിട്ടുള്ളതോ ആയ ലാബുകളിൽ മാത്രമേ കോവിഡ് പരിശോധന നടത്താവൂ എന്നും സുപ്രീം കോടതി നിഷ്‌കർഷിച്ചു. നിലവിൽ രാജ്യത്ത് 48 സ്വകാര്യ ലാബുകൾക്കാണ് കോവിഡ് പരിശോധനയ്ക്ക് അനുമതി ഉള്ളത്.

ലോക് ഡൗൺ ഒറ്റയടിക്ക് പിൻവലിക്കില്ല

പ്രിൽ 14 ന് ലോക ഡൗൺ ഒറ്റയടിക്ക് പിൻവലിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റിലെ വിവിധ കക്ഷി നേതാക്കളുടെ യോഗത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. ബിജെഡിയുടെ പിനാകി മിശ്രയാണ് പിടിഐയെ ഇതറിയിച്ചത്. കൊറോണയ്ക്ക് മുമ്പും ശേഷവുമുള്ള ജീവിതം ഒരുപോലെയായിരിക്കില്ലെന്ന് മോദി വീഡിയോ കോൺഫറൻസിൽ പറഞ്ഞു. കേന്ദ്രത്തിനൊപ്പം കൊറോണയെ നേരിടാൻ യോജിച്ച്പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാരുകളുടെ ശ്രമങ്ങളെ അദ്ദേഹം വാഴ്‌ത്തി. ജനതാ കർഫ്യൂ ആയാലും ലോക് ഡൗൺ ആയാലും, സാമൂഹിക അകലം പാലിക്കലായാലും ഓരോ പൗരനും കാട്ടുന്ന അച്ചടക്കവും അർപ്പണബോധവും അഭിനന്ദനാർഹമാണെന്നും മോദി യോഗത്തിൽ പറഞ്ഞു. ലോക്ക് ഡൗൺ മെയ് 15 വരെ നീട്ടാൻ കേന്ദ്ര മന്ത്രിസഭാസമിതിയുടെ ശുപാർശ ചെയ്തിട്ടുണ്ട്. പൊതുഇടങ്ങൾ മെയ്15 വരെ അടച്ചിടണമെന്ന് കേന്ദ്ര മന്ത്രിസഭാ സമിതി. മാളുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവയ്ക്ക് ബാധകം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമിതി റിപ്പോർട്ട് നൽകി. 11ന് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീഡിയോ കോൺഫറൻസ് നടത്തിയ ശേഷമായിരിക്കും തീരുമാനം.

അതേസമയം, രാജ്യത്ത് സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളുടെ എണ്ണം 5,194 ആയി ഉയർന്നു. മരണസംഖ്യ ബുധനാഴ്ച വരെ 165 ആയും ഉയർന്നു.

15 ജില്ലകൾ അടച്ചിടാൻ യുപി

കൊറോണയെ നേരിടാൻ 15 ജില്ലകൾ അടച്ചിടാൻ യുപി സർക്കാർ ഉത്തരവ്. ഹോട്ട്സ്പോട്ടുകളാണ് അടയ്ക്കുന്നത്. ആറ് പോസിറ്റീവ് കേസുകളിൽ കൂടുതലുള്ള ജില്ലകളാണ് സമ്പൂർണ ലോക് ഡൗണിലാകുന്നത്. ഈ ജില്ലകളിൽ ജനങ്ങൾ പുറത്തിറങ്ങാൻ പാടില്ല. വീട്ടുപടിക്കൽ സാധനം എത്തിക്കും.

ഏപ്രിൽ 13 വരെ അഞ്ച് ദിവസത്തേക്ക് പൂർണമായും അടച്ചിടാനാണ് ഉത്തരവ്. ബുധനാഴ്ച അർദ്ധരാത്രി മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. ലക്നോ, ആഗ്ര, ഗസ്സിയാബാദ്, നോയിഡ, കാൺപുർ, വരാണസി, ശ്യാമ്ലി, മീററ്റ്, ബരേലി, ബുലന്ദഷർ, ഫിറോസാബാദ്, മഹാരാജ്ഗഞ്ച്, സിതാപുർ, ഷഹാരൻപുർ, ബസ്തി എന്നീ ജില്ലകളിലാണ് സമ്പൂർണ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.

ഒരു തരത്തിലുള്ള കടകളും തുറന്നു പ്രവർത്തിക്കില്ല. അത്യാവശ്യ സാധനങ്ങൾ സർക്കാർ വീട്ടിലെത്തിച്ചു നൽകും. ആരെയും വീടുവിട്ട് പുറത്തേക്കിറങ്ങാൻ അനുവദിക്കില്ല. ഏപ്രിൽ 13 ന് സ്ഥിതിഗതികൾ വീണ്ടും പരിശോധിക്കും. ആവശ്യമായി വന്നാൽ കർഫ്യൂ നീട്ടിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഉത്തർപ്രദേശിലെ 37 ജില്ലകളിൽ കൊറോണ റിപ്പോർട്ട് ചെയ്തു. ഇതോടെ ബുധനാഴ്ച സംസ്ഥാനത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 326 ആയി ഉയർന്നു. ഇതിൽ 166 പേരും തബ്ലിഗ് സമ്മേളനം കഴിഞ്ഞ് എത്തിയവരാണ്. നിലവിൽ സംസ്ഥാനത്ത് മൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മധ്യപ്രദേശിൽ കൊറോണ വ്യാപനം കണക്കിലെടുത്ത് എസ്മ പ്രയോഗിക്കാൻ തീരുമാനിച്ചു. സംസ്ഥാനത്ത് 327 പേർക്കാണ് ടെസ്റ്റ് പോസിറ്റീവായത്. ഇന്് 13 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു.

ലോക് ഡൗൺ രണ്ടാഴ്ചത്തേക്ക് നീട്ടാൻ മഹാരാഷ്ട്ര

അതേസമയം, കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത മുംബൈയിലും പൂണെയിലും ലോക് ഡൗൺ രണ്ടാഴ്ചത്തേക്ക് നീട്ടണമോയെന്ന ആലോചനയിലാണ് മഹരാഷ്ട്ര സർക്കാർ. ഏപ്രിൽ 15 ന്‌േേ ലാക് ഡൗൺ നീക്കില്ലെന്ന് സൂചനകൾ നൽകി കൊണ്ട് മന്ത്രിസഭായോഗം രണ്ട് ശുപാർശകൾക്ക് അംഗീകാരം നൽകി. 15,000 മുതൽ ഒരുലക്ഷം വരെ വാർഷികവരുമാനമുള്ളവർക്ക് കൂടി സബ്സിഡി നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ നൽകും. പ്ലേറ്റിന് അഞ്ച് രൂപയ്ക്ക് ഭക്ഷണം നൽകുന്ന ശിവ താലി പദ്ധതി താലൂക്ക് തലത്തിൽ നടപ്പാക്കും, നേരത്തെ ഇത് പ്ലേറ്റിന് 10 രൂപയായിരുന്നു. ഇതാദ്യമായി മന്ത്രിസഭായോഗം വീഡിയോ കോൺഫറൻസ് വഴിയാണ് നടത്തിയത്. ലോക് ഡൗണിൽ ഇളവുകൾ അനുവദിച്ചാലും അന്തർ ജില്ലാ ഗതാഗതം അനുവദിക്കേണ്ടതില്ലെന്നാണ് ഉദ്ധവ് താക്കറെ മന്ത്രിസഭയിലെ ധാരണ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP