Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രോഗവുമായി ബന്ധപ്പെട്ട് യാതൊരു ലക്ഷണങ്ങളും പ്രകടമാകാത്ത വ്യക്തിയിൽ നിന്ന് പോലും വൈറസുകൾ അന്തരീക്ഷത്തിൽ പടരാൻ സാധ്യത; ശ്വാസോച്ഛ്വാസം ചെയ്യുമ്പോഴും സംസാരിക്കുമ്പോഴും കോവിഡ്19 വൈറസ് അന്തരീക്ഷത്തിൽ വ്യാപിച്ചേക്കും; മാസ്‌ക് ധരിക്കുന്ന ശീലം മലയാളി വളർത്തിയെടുക്കണം; സിന്ധു പ്രഭാകരൻ എഴുതുന്നു

രോഗവുമായി ബന്ധപ്പെട്ട് യാതൊരു ലക്ഷണങ്ങളും പ്രകടമാകാത്ത വ്യക്തിയിൽ നിന്ന് പോലും വൈറസുകൾ അന്തരീക്ഷത്തിൽ പടരാൻ സാധ്യത; ശ്വാസോച്ഛ്വാസം ചെയ്യുമ്പോഴും സംസാരിക്കുമ്പോഴും കോവിഡ്19 വൈറസ് അന്തരീക്ഷത്തിൽ വ്യാപിച്ചേക്കും; മാസ്‌ക് ധരിക്കുന്ന ശീലം മലയാളി വളർത്തിയെടുക്കണം; സിന്ധു പ്രഭാകരൻ എഴുതുന്നു

സിന്ധു പ്രഭാകരൻ

കൊറോണ രോഗബാധിതനായ ഒരു വ്യക്തി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മാത്രമല്ല, ശ്വാസോച്ഛ്വാസം ചെയ്യുമ്പോഴും സംസാരിക്കുമ്പോൾ പോലും കോവിഡ് 19 വൈറസ് അന്തരീക്ഷത്തിൽ പടരാനുള്ള സാധ്യതയുണ്ട്. ഈ കാര്യത്തിൽ ഇപ്പോൾ വ്യക്തമായ ഉറപ്പില്ലെങ്കിൽപ്പോലും അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്ന് യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയയിലെ കെമിക്കൽ എൻജിനീയറായ വില്യം റിസ്റ്റൻപാർട്ട് പറയുന്നു. അഞ്ച് മൈക്രോൺ വരെ മാത്രം വലിപ്പമുള്ള എയ്‌റോസോൾ എന്നറിയപ്പെടുന്ന ദ്രവകണങ്ങൾക്കുള്ളിലായാണ് ഇത് അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്നത്. രോഗവുമായി ബന്ധപ്പെട്ട് യാതൊരു ലക്ഷണങ്ങളും പ്രകടമാകാത്ത ഒരു വ്യക്തിയിൽ നിന്ന് പോലും ഇത്തരത്തിൽ വൈറസുകൾ അന്തരീക്ഷത്തിൽ പടരാനുള്ള സാധ്യത ശാസ്ത്രലോകം തള്ളികളയുന്നില്ല. പരസ്പരം സംസാരിക്കുമ്പോൾ പോലും ഇത്തരം ധാരാളം ദ്രവകണങ്ങൾ പുറത്തു വരുന്നുണ്ട്.

ഈ ദ്രവകണങ്ങൾക്ക് വൈറസുകളെ വഹിക്കാനുള്ള ശേഷിയുണ്ട് എന്നും റിസ്റ്റൻപാർട്ട് ചൂണ്ടിക്കാണിക്കുന്നു. എന്നാൽ വൈദ്യ ശാസ്ത്ര സമൂഹം, രോഗം പരത്തുന്ന ഒരു പ്രക്രിയയായി സംസാരത്തെ അംഗീകരിക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ശ്വാസോച്ഛ്വാസം ചെയ്യുമ്പോൾ ഉണ്ടാകുന്നതിനേക്കാൾ പത്തിരട്ടി വലിപ്പത്തിലുള്ള ദ്രവകണങ്ങളാണ് സംസാരിക്കുമ്പോൾ പുറത്തുവരുന്നത്. ഒരു വ്യക്തി സംസാരിക്കുമ്പോൾ ഓരോ സെക്കൻഡിലും ഒന്നു മുതൽ 50 വരെ എയ്‌റോസോൾ കണങ്ങൾ പുറത്തുവരുന്നതായി റിസ്റ്റൻപാർട്ടും സഹപ്രവർത്തകരും നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നു. 2019ൽ പുറത്തിറങ്ങിയ നാച്വർ സയന്റിഫിക് റിപ്പോർട്ട് എന്ന ജേർണലിലാണ് ഈ പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സംസാരത്തിന്റെ ഒച്ച കൂടുന്നതിനനുസരിച്ച് പുറത്തുവരുന്ന എയ്‌റോസോൾ കണങ്ങളുടെ എണ്ണവും കൂടുതലായിരിക്കും.

കോവിഡ് 19 വൈറസ് വ്യാപനത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഒട്ടനവധിയാണ്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന അഞ്ച് മൈക്രോണിനേക്കാൾ വലിപ്പമുള്ള ദ്രവകണങ്ങൾ വളരെ പെട്ടെന്ന് തന്നെ നിലത്തേക്ക് വീഴും. എന്നാൽ ചെറിയ കണങ്ങൾ കൂടുതൽ സമയം അന്തരീക്ഷത്തിൽ തങ്ങിനിൽക്കാനുള്ള സാധ്യതയുണ്ട്. അന്തരീക്ഷത്തിലുണ്ടാകുന്ന മാറ്റവും ഈ വൈറസുകളുടെ വ്യാപനത്തിന്റെ തോത് നിർണയിക്കുന്നതിന് കാരണമാകുന്നു. നല്ല കാറ്റുള്ള കാലാവസ്ഥയാണെങ്കിൽ ഈ വൈറസ് വാഹികളായ ദ്രവകണങ്ങൾ കൂടുതൽ ദൂരം സഞ്ചരിക്കാനും ഒപ്പം തന്നെ അവ ചിതറിപ്പോകാനും സാധ്യതയുണ്ട്.

അത് രോഗവ്യാപനത്തിനുള്ള സാധ്യത കുറയ്ക്കും. അതോടൊപ്പം തന്നെ സംസാരത്തിലൂടെ പുറത്തുവരുന്ന കണങ്ങളിൽ എത്രത്തോളം വൈറസ് അടങ്ങിയിട്ടുണ്ട് എന്നതും കൂടുതൽ പഠനവിധേയമാക്കേണ്ടതുണ്ട്. കൂടാതെ ഒരാളിന് രോഗം ബാധിക്കണമെങ്കിൽ എത്ര അളവിൽ വൈറസ് ഉള്ളിൽ കടക്കണമെന്നും ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. കൂടുതൽ വൈറസ് ഉള്ളിൽ കടക്കുന്നത് രോഗം പെട്ടെന്ന് ബാധിക്കുന്നതിനുള്ള സാധ്യതയാണ്. ചൈനയിലെ ആദ്യ കോവിഡ് രക്തസാക്ഷിയായ ഡോക്ടർ ലി വെൻലിയാങ്, തന്റെ 33 ആം വയസ്സിൽ മരിച്ചതും ഈ സാഹചര്യവുമായി കൂട്ടിച്ചേർത്തു വായിക്കേണ്ടതുണ്ട്.

ചൈനയ്ക്ക് പുറത്ത് ഏറ്റവും ആദ്യം കൊറോണ വൈറസ് എത്തിച്ചേർന്ന വികസിത രാജ്യങ്ങളിലൊന്നാണ് ജപ്പാൻ. എന്നാൽ താരതമ്യേന കുറച്ച് ആളുകൾ രോഗം ബാധിച്ച ഒരു രാജ്യമായി ഇപ്പോഴും ജപ്പാൻ തുടരുന്നു. ആരോഗ്യവിദഗ്ധരെത്തന്നെ അമ്പരപ്പിക്കുന്ന ഒരു വസ്തുതയാണിത്. സ്ഥിരമായി മാസ്‌ക് ധരിക്കുന്നത് വർഷങ്ങളായി ജപ്പാൻ തുടർന്നുവരുന്ന ശീലങ്ങളിലൊന്നാണ്. ഒരു പക്ഷെ ഇതും മറ്റ് ഘടകങ്ങളോടൊപ്പം വൈറസ് വ്യാപനത്തിന്റെ തോത് കുറയ്ക്കുന്നതിൽ അവരെ സഹായിച്ചിരിക്കും.

കോവിഡ് 19 മായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇപ്പോൾ നടക്കുന്ന ഗവേഷണങ്ങളിലൂടെ ഇനിയും പുറത്ത് വരേണ്ടതുണ്ട്. അതുവരെ സ്വയരക്ഷയ്ക്കും മറ്റുള്ളവരിലേക്ക് രോഗാണുക്കൾ പകരാതിരിക്കുന്നതിനും തുണികൊണ്ടും മറ്റും നിർമ്മിച്ച മാസ്‌ക്കുകൾ ധരിക്കുന്നത് നല്ലതാണ് എന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയനും വാർത്താസമ്മേളനത്തിൽ ഇക്കാര്യം ഉന്നയിച്ചിട്ടുണ്ട്. ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത് സ്ഥിരമായി മാസ്‌ക് ഉപയോഗിക്കുന്ന ശീലം വളർത്തിയെടുക്കുന്നതുകൊറോണയെ മാത്രമല്ല, വായുവിലൂടെയും മൂക്കിലൂടെയും പകരുന്ന രോഗങ്ങളെ ഒരു പരിധിവരെ കുറയ്ക്കാൻ സഹായകമാകും. അതിനോടൊപ്പം തന്നെ ഉറക്കെ സംസാരിക്കുകയും ഒരു മറയുമില്ലാതെ ചുമക്കുകയും തുമ്മുകയും ചീറ്റുകയും ചെയ്യുന്ന സ്വഭാവം അവസാനിപ്പിക്കേണ്ട സമയമായി എന്നും ഈ കൊറോണക്കാലം ഓർമപ്പെടുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP