Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു ദിവസം 1200 മരണവും 30,000 പുതിയ രോഗികളും അമേരിക്കക്കു ശീലമായി മാറി; രോഗികളുടെ എണ്ണം നാലു ലക്ഷത്തോട് അടുക്കുകയും മരണം 12,000 കടക്കുകയും ചെയ്തിട്ടും കൂസൽ ഇല്ലാതെ ട്രംപിന്റെ ഡയലോഗുകൾ തുടരുന്നു; മരുന്നു തട്ടിയെടുക്കലും ഭീഷണിപ്പെടുത്തലുമായി അമേരിക്കൻ സാമ്രാജ്യത്വം മുൻപോട്ട്; ഏറ്റവും പുതിയ ഭീഷണി ലോകാരോഗ്യ സംഘടനയ്ക്ക്; മാസ്‌കുകൾ അമേരിക്ക തട്ടിയെടുത്തുവെന്ന ആരോപണവുമായി ഫ്രാൻസും

ഒരു ദിവസം 1200 മരണവും 30,000 പുതിയ രോഗികളും അമേരിക്കക്കു ശീലമായി മാറി; രോഗികളുടെ എണ്ണം നാലു ലക്ഷത്തോട് അടുക്കുകയും മരണം 12,000 കടക്കുകയും ചെയ്തിട്ടും കൂസൽ ഇല്ലാതെ ട്രംപിന്റെ ഡയലോഗുകൾ തുടരുന്നു; മരുന്നു തട്ടിയെടുക്കലും ഭീഷണിപ്പെടുത്തലുമായി അമേരിക്കൻ സാമ്രാജ്യത്വം മുൻപോട്ട്; ഏറ്റവും പുതിയ ഭീഷണി ലോകാരോഗ്യ സംഘടനയ്ക്ക്; മാസ്‌കുകൾ അമേരിക്ക തട്ടിയെടുത്തുവെന്ന ആരോപണവുമായി ഫ്രാൻസും

മറുനാടൻ മലയാളി ബ്യൂറോ

ന്യുയോർക്ക്: കൊറോണയുടെ കരങ്ങളിൽ സമാനതകളില്ലാത്ത ദുരന്തവുമായി മുന്നോട്ട് പോവുകയാണ് അമേരിക്ക. രാജ്യത്തെ കൊറോണാ ബാധിതരുടെ എണ്ണം നാലുലക്ഷത്തിനോട് അടുക്കുന്നു. ഇന്നലെ ഒരു ദിവസം മാത്രം ഏകദേശം 30,000 ത്തിനോട് അടുത്തായിരുന്നു പുതിയതായി രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം. 12,790 പേരാണ് ഇതുവരെ മരിച്ചത്. പ്രതിദിന മരണസംഖ്യ ഇന്നലെയും 1000 ത്തിൽ അധികമായിരുന്നു. നേരത്തെ പ്രവചിച്ചിരുന്നത് പോലെ പ്രതിദിനം 2000 ത്തിൽ അധികം ആളുകൾ മരിച്ചുവീഴുന്ന ദിനം അത്ര വിദൂരമല്ലെന്ന് സൂചിപ്പിച്ചുകൊണ്ട് പ്രതിദിന മരണസംഖ്യ ക്രമത്തിൽ ഉയർന്നു വരികയാണ്.

സമ്പത്തും ആയുധശക്തിയും സാങ്കേതിക വിദ്യയുമൊക്കെ ഒരു പരിധിക്കപ്പുറം സഹായത്തിനെത്തില്ല എന്ന തിരിച്ചറിവിൽ പകച്ചു നിൽക്കുമ്പോഴും ലോക പൊലീസിന്റെ ധാർഷ്ഠ്യത്തിന് ഒരു കുറവുമില്ല. ജർമ്മനി ഓർഡർ ചെയ്തിരുന്ന 2,00,000 മാസ്‌കുകൾ വളഞ്ഞ വഴിയിലൂടെ തട്ടിയെടുത്തുകൊണ്ടാണ് തങ്ങൾക്ക് ഏതറ്റം വരേയും പോകാനാകുമെന്ന് അമേരിക്ക തെളിയിച്ചത്. അതിന് തൊട്ടു പുറകിലായി തങ്ങൾ ഓർഡർ ചെയ്തിരുന്ന ചൈനീസ് മാസ്‌കുകൾ കൂടുതൽ വില നൽകി അമേരിക്ക തട്ടി എടുത്തു എന്ന ആരോപണവുമായി ഫ്രാൻസും രംഗത്തെത്തി.

ചൈനീസ് കമ്പനിയുമായി കരാറൂറപ്പിച്ചിരുന്ന മാസ്‌കുകളാണ് കമ്പനി കൂടുതൽ വിലയ്ക്ക് അമേരിക്കയ്ക്ക് മറിച്ചു നൽകിയത്. ചരക്ക് സ്വീകരിച്ചതിന് ശേഷം പണം നൽകുമെന്നതായിരുന്നു ഫ്രാൻസുമായുള്ള കരാർ എങ്കിൽ, മുൻകൂറായി പണം നൽകുകയായിരുന്നു അമേരിക്ക ചെയ്തതെന്നാണ് ഫ്രാൻസ് ആരോപിക്കുന്നത്.

ഈ ആരോപണം നടക്കുന്ന സമയത്താണ് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഇന്ത്യക്കെതിരെ ഭീഷണിയുമായി എത്തിയത്. കൊറോണയ്ക്ക് ഫലപ്രദമായ മരുന്നാണ് എന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഹൈഡ്രോക്സിക്ലോറോക്വിൻ എന്ന മരുന്നിന് വേണ്ടിയായിരുന്നു ട്രംപിന്റെ ഭീഷണി. കഴിഞ്ഞ ശനിയാഴ്‌ച്ച, ഇന്ത്യയിൽ കൊറോണ ബാധ വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ, ഹൈഡ്രോക്സിക്ലോറോക്വിൻ ഉൾപ്പടെ നിരവധി ആന്റി വൈറൽ മരുന്നുകളുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചിരുന്നു. ഇവ ഇന്ത്യൻ പൗരന്മാർക്ക് ലഭിക്കുമെന്ന് ഉറപ്പ് വരുത്താനായിരുന്നു ഈ നിരോധനം കൊണ്ടുവന്നത്.

ഞായറാഴ്‌ച്ചയാണ് ഇന്ത്യൻ പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട ട്രംപ് ഈ മരുന്ന അമേരിക്കയ്ക്ക് നൽകണമെന്ന് അഭ്യർത്ഥിച്ചത്. ചൊവ്വാഴ്‌ച്ചയോടുകൂടി ഇക്കാര്യത്തിൽ ഒരു തീരുമാനം എടുക്കും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. ആ സന്ദർഭത്തിലാണ് തിങ്കളാഴ്ച വൈറ്റ്ഹൗസിൽ നടന്ന പത്രസമ്മേളനത്തിൽ, ഇന്ത്യ മരുന്ന് തരാൻ വിസമ്മതിച്ചാൽ തിരിച്ചടി നൽകുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തുന്നത്. ഏതായാലും ഇന്ത്യ മരുന്ന് നൽകാൻ സമ്മതിച്ചിട്ടുണ്ട്.

എന്നാൽ ഹൈഡ്രോക്സിക്ലോറോക്വിൻ എന്ന മരുന്ന് ഇനിയും എഫ് ഡി എ അംഗീകരിച്ചിട്ടില്ല. നേരത്തെ എഫ് ഡി എ ഇത് അംഗീകരിച്ചെന്ന് പ്രസിഡണ്ട് അവകാശപ്പെട്ടിരുന്നു എങ്കിലും എഫ് ഡി എ വൃത്തങ്ങൾ ഈ ആവകാശവാദത്തെ പരസ്യമായി നിഷേധിച്ചിരുന്നു. പിന്നീട്, ഈ മരുന്ന 'കമ്പാഷനേറ്റ് യൂസ്' എന്ന അടിസ്ഥാനത്തിൽ, അതായത് ജീവൻ രക്ഷിക്കാൻ മറ്റ് വഴികൾ ഒന്നുമില്ലാതെയാകുമ്പോൾ മാത്രം ഒരു ഡോക്ടർക്ക് ഉപയോഗിക്കാവുന്ന മരുന്ന് എന്ന നിലയിൽ ഉപയോഗിക്കുവാനുള്ള അംഗീകാരമാണ് ഇതിനുള്ളതെന്ന് പ്രസിഡണ്ട് തിരുത്തുകയുമുണ്ടായി.

ഏറ്റവും ഒടുവിൽ അമേരിക്ക കുതിരകയറുവാൻ ചെല്ലുന്നതെ ലോകാരോഗ്യ സംഘടനയുടെ മേലിലാണ്. അമേരിക്കയാണ് ഏറ്റവുമധികം സാമ്പത്തിക സഹായം നൽകുന്നതെങ്കിലും ലോകാരോഗ്യ സംഘടന ചൈനക്ക് കൂടുതൽ പിന്തുണ നൽകുന്നു എന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് ഡൊണാൾഡ് ട്രംപ്. വുഹാനിൽ കൊറോണ പൊട്ടിപ്പുറപ്പെട്ടതിൽ പിന്നെ ജനുവരി 31 ന് ചൈനയിൽ നിന്നുള്ള യാത്രകൾക്ക് അമേരിക്ക ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു. ഫെബ്രുവരി 3 ന്, അത്തരം നിയന്ത്രണങ്ങളുടെ ആവശ്യമില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.

ചൈനയെ സഹായിക്കാനല്ലെങ്കിൽ പിന്നെ അത്തരത്തിൽ ഒരു അഭിപ്രായവുമായി ലോകാരോഗ്യ സംഘടന എത്തേണ്ട കാര്യമെന്താണെന്നാണ് ട്രംപ് ചോദിക്കുന്നത്. ഭാഗ്യം കൊണ്ട് മാത്രമാണ് അന്ന് അവരുടെ നിർദ്ദേശങ്ങൾ നിരാകരിക്കാൻ തോന്നിയത് എന്നും അദ്ദേഹം പറഞ്ഞു. കൊറോണയെ കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ യഥാസമയം പുറത്ത് വരാതിരിക്കാൻ ചൈന ലോകാരോഗ്യ സംഘടനയെ ഉപയോഗിച്ചു എന്നും ഒരു ആരോപണമുയരുന്നുണ്ട്. ചൈന നൽകിയിരുന്ന വിവരങ്ങൾ മാത്രമായിരുന്നു ലോകാരോഗ്യ സംഘടനയും പുറത്ത് വിട്ടിരുന്നത്. രോഗബാധിതരുടെ എണ്ണവും മരണ സംഖ്യയുമെല്ലാം ചൈന പറഞ്ഞത് ലോകാരോഗ്യ സംഘടന മുഖവിലയ്ക്ക് എടുക്കുകയായിരുന്നു.

ലോകാരോഗ്യ സംഘടനയുടെ ബജറ്റിന്റെ ഏകദേശം 25 ശതമാനത്തിനോടടുത്ത് അമേരിക്കയാണ് നൽകുന്നത്. ഇക്കാര്യത്തിലേക്ക് കൂടുതൽ ചൂഴ്ന്ന് നോക്കേണ്ടിവരും എന്നാണ് ഇന്നലെ ട്രംപ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP