Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂന്ന് മാസങ്ങൾക്ക് ശേഷം ചൈനയ്ക്ക് ഇന്നലെ മരണമില്ലാത്ത ദിനം; കോവിഡ് രോഗികളുടെ എണ്ണം 15 ലക്ഷത്തിലേക്ക് അടുക്കുമ്പോൾ മരണം 81,995; ഫ്രാൻസിലും അമേരിക്കയിലും മരണ പാച്ചിൽ തുടരുന്നു; യൂറോപ്പിന്റെ പുത്തൻ ദുരന്ത ഭൂമിയായി മാറാൻ ബെൽജിയവും നെതർലൻഡും മരണ കുതിപ്പ് തുടങ്ങി

മൂന്ന് മാസങ്ങൾക്ക് ശേഷം ചൈനയ്ക്ക് ഇന്നലെ മരണമില്ലാത്ത ദിനം; കോവിഡ് രോഗികളുടെ എണ്ണം 15 ലക്ഷത്തിലേക്ക് അടുക്കുമ്പോൾ മരണം 81,995; ഫ്രാൻസിലും അമേരിക്കയിലും മരണ പാച്ചിൽ തുടരുന്നു; യൂറോപ്പിന്റെ പുത്തൻ ദുരന്ത ഭൂമിയായി മാറാൻ ബെൽജിയവും നെതർലൻഡും മരണ കുതിപ്പ് തുടങ്ങി

മറുനാടൻ ഡെസ്‌ക്‌

കോവിഡ് ലോകമാകെ ഭീതി വിതച്ച് ഓരോ ദിവസവും മരണ പാച്ചിൽ തുടരുകയാണ്. അമേരിക്ക തങ്ങളുടെ തന്നെ റെക്കോർഡ് തകർത്താണ് ഓരോ ദിവസവും മരണ നിരക്കിൽ പുതു ചരിത്രം കുറിക്കുന്നത്. ഒന്നലെ ഒറ്റ ദിവസം 1934 പേരാണ് അമേരിക്കയിൽ മരിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 12,805ൽ എത്തി. അമേരിക്കയിലെ കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷത്തോട് അടുക്കുമ്പോൾ മരണത്തിന്റെ മണം മാത്രമാണ് അമേരിക്കയിലെങ്ങും. 395,675 കോവിഡ് രോഗികളാണ് അമേരിക്കയിലുള്ളത്. ലോകത്തെ കോവിഡ് രോഗികളുടെ എണ്ണം 15 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഏറ്റവും പുതിയ കണക്ക് പ്രകാരം ഈ വാർത്ത തയ്യാറാക്കുമ്പോൾ 1,425,932 കോവിഡ് രോഗികളാണുള്ളത്. 81995 പേർ മരണത്തിന് കീഴടങ്ങി. യുഎൻ അംഗീകരിച്ച 193 രാജ്യങ്ങളിലെയും രണ്ടു നിരീക്ഷക രാജ്യങ്ങളിലെയും പത്തിലേറെ അധികാര മേഖലകളിലെയും ഉൾപ്പെടെയുള്ള കണക്കാണിത്.

ചൈനയ്ക്ക് ഇന്നലെ മരണമില്ലാത്ത ദിനമായിരുന്നു. മൂന്ന് മാസം നീണ്ട പോരാട്ടത്തിനൊടുവിൽ ഒരു കോവിഡ് മരണം പോലും റിപ്പോർട്ട് ചെയ്യാത്ത ദിവസത്തിന്റെ ആശ്വാസത്തിലാണു ചൈന. ഡിസംബർ അവസാനത്തോടെ ചൈനയിലെ വുഹാനിൽ കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കൂട്ടമരണങ്ങളായിരുന്നു ചൈനയിൽ. ഇന്നലെ മൂന്ന് മാസങ്ങൾക്ക് ശേഷം ഒരു മരണം പോലും ഉണ്ടാവാതിരുന്നപ്പോൾ അത് രാജ്യത്തിനൊന്നാകെ ആശ്വാസമായി മാറി. എന്നാൽ പുതുതായി 32 രോഗികൾ. എല്ലാവരും പുറത്തുനിന്ന് മടങ്ങിയെത്തിയവർ. രോഗത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന വുഹാനിൽ ലോക്ഡൗൺ അവസാനിപ്പിക്കുന്നു.1.1 കോടി ജനസംഖ്യയുള്ള ഇവിടെ പുതിയതായി റിപ്പോർട്ട് ചെയ്തത് 2 കേസുകൾ മാത്രം.

കോവിഡ് പടരുന്ന സാഹചര്യത്തിൽ ജപ്പാനിൽ പ്രധാനമന്ത്രി ആബെ ഷിൻസോ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഫിലിപ്പീൻസും കൊളംബിയയും ഉൾപ്പെടെ ഏതാനും രാജ്യങ്ങൾ നിയന്ത്രണങ്ങൾ നീട്ടി. ജപ്പാനിൽ തലസ്ഥാനമായ ടോക്കിയോയിലും കൂടുതൽ ജനസംഖ്യയുള്ള 6 പ്രദേശങ്ങളിലും മെയ്‌ 6 വരെ അടിയന്തരാവസ്ഥ. 44% ജനങ്ങളെ നിയന്ത്രണങ്ങൾ ബാധിക്കും. 9,990 കോടി ഡോളറിന്റെ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിട്ട് നിൽക്കുന്ന രാജ്യമായി മാറിയിരിക്കുകയാണ് ജർമനി. രോഗികളുടെ എണ്ണം വർദ്ധിച്ചിട്ടും മരണത്തെ അതി വിദഗ്ധമായി പിടിച്ചു കെട്ടാൻ ജർമനിക്ക് ആയിട്ടുണ്ട്. അരലക്ഷത്തിലേറെ രോഗികളുള്ള രാജ്യങ്ങളിലെ ഏറ്റവും കുറഞ്ഞ മരണനിരക്ക് ജർമനിയുടേത്. ഒരു ലക്ഷത്തിലേറെ രോഗികളുള്ള ജർമനിയിൽ മരണം രണ്ടായിരത്തിൽ താഴെമാത്രം. രോഗനിർണയ പരിശോധനയുടെ എണ്ണത്തിലും ജർമനി മുൻപിൽ.

അതേസമയം ഇറ്റലിക്കും സ്‌പെയിനിനും പുറമേ യൂറോപ്പിന്റെ ശവപ്പറമ്പായി മാറാൻ ഫ്രാൻസും ബ്രിട്ടനും ഒരുങ്ങി കഴിഞ്ഞു. മരണ നിരക്കിന്റെ കാര്യത്തിൽ അമേരിക്കയോട് മത്സരിക്കുകയാണ് ഫ്രാൻസ് എന്ന് തോന്നും. ദിവസവും ആയിരത്തിൽ പരം മരണങ്ങളാണ് ഇപ്പോൾ ഫ്രാൻസിൽ നടക്കുന്നത്. ഇന്നലെ മാത്രം 1417 പേരാണ് ഫ്രാൻസിൽ മരിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 10,328 ആയി. ബ്രിട്ടന്റെ സ്ഥിതിയും മറിച്ചല്ല. പ്രധാനമന്ത്രി വരെ ഗുരുതരാവസ്ഥയിൽ ചികിത്സയിലായ ബ്രിട്ടനിൽ റെക്കോർഡ് മരണമാണ് ഇന്നലെ ഉണ്ടായത്. 786 പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ 6,159 പേർ ബ്രിട്ടനിൽ മരണത്തിന് കീഴടങ്ങി.

സ്‌പെയിനിൽ നാല് ദിവസങ്ങൾക്കുശേഷം രോഗികളുടെ മരണത്തിൽ വീണ്ടും വർധന. 24 മണിക്കൂറിനുള്ളിൽ 704 മരണം. രോഗികളുടെ എണ്ണം ഒന്നരലക്ഷത്തിനടുത്ത്. ആകെ മരണം 14,045 ആയി. അതേസമയം ഇറ്റലിയിൽ മരണ വേഗതയ്ക്ക് അൽപ്പം ആശ്വാസം വ്ന്നിട്ടുണ്ട്. ഏതാനും ദിവസങ്ങളായി മരണ നിരക്ക് കുറഞ്ഞ് വരികയാണ് ഇറ്റലിയിൽ. ഇന്നലെ 604 പേരാണ് ഇറ്റലിയിൽ മരിച്ചത്. എന്നിരുന്നാലും ഏറ്റവും കൂടുതൽ കോവിഡ് മരണം ഇറ്റലിയിൽ തന്നെയാണ്. 17,127 ആണ് ഇറ്റലിയിലെ ആകെ മരണങ്ങൾ. അതേസമയം ബെൽജിയവും നെതർലൻഡും യൂറോപ്പിന്റെ പുത്തൻ കണ്ണീരായി മാറാൻ ഒരുങ്ങുകയാണ്.ബെൽജിയത്തിൽ ഇന്നലെ 403 മരണങ്ങളും നെതർലൻഡിൽ 213 മരണങ്ങളുമാണ് ഇന്നലെ സംഭവിച്ചത്. ഇതോടെ ആകം മരണം 2,035 ഉം 2,101ഉം ആയി.

റഷ്യയിൽ ഒറ്റദിവസത്തെ കേസുകൾ 1000 കടന്ന് റെക്കോർഡിട്ടു. ഇന്തൊനീഷ്യ, മെക്‌സ്‌ക്കോ എന്നിവിടങ്ങളിലും പുതിയ കേസുകളിൽ റെക്കോർഡ് വർധന. ഫിലിപ്പീൻസ് ലോക്ഡൗൺ 30 വരെയും കൊളംബിയ ക്വാറന്റീൻ രണ്ടാഴ്ചത്തേക്കും നീട്ടി. ഫിലിപ്പീൻസിൽ പട്ടിണി മൂർധന്യത്തിലെന്നു റിപ്പോർട്ട്. ഇരുപതോളം ഡോക്ടർമാർ രോഗം പിടിപെട്ടു മരിച്ചു. ഛാഡ് മുൻ പ്രസിഡന്റ് ഹിസ്സെൻ ഹബ്രെയെ (74) രണ്ടു മാസത്തേക്ക് സെനഗൽ ജയിലിൽനിന്നു വിട്ടയച്ചു. 1982 മുതൽ 1990 വരെ രാജ്യം ഭരിച്ച, ആഫ്രിക്കയുടെ പിനോഷെ എന്നറിയപ്പെടുന്ന അദ്ദേഹം യുദ്ധക്കുറ്റങ്ങളുടെ പേരിൽ 2013 മുതൽ ജയിലിലായിരുന്നു.

നൈജീരിയയിൽ ലാഗോസിൽ ലോക്ഡൗണിനിടെ ജന്മദിനാഘോഷം നടത്തിയതിന് ജനിഫ എന്നപേരിൽ പ്രശസ്തയായ ഹോളിവുഡ് നടി ഫങ്കെ അക്കിൻഡേലിനെ അറസ്റ്റ് ചെയ്തു. ലോക്ഡൗൺ ലംഘിച്ച ആരോഗ്യ മന്ത്രിയെ ന്യൂസീലൻഡ് തരംതാഴ്‌ത്തി.

ബിരുദം വാങ്ങാൻ റോബട്ട്
ടോക്കിയോന്മ കോവിഡ് മൂലം ബിരുദദാനച്ചടങ്ങു വിലക്കിയ ജപ്പാനിൽ നിയന്ത്രണം മറികടക്കാൻ റോബട്ടിനെ രംഗത്തിറക്കി വിദ്യാർത്ഥികൾ. ടോക്കിയോ സർവകലാശാലയിലെ ചടങ്ങിൽ ബിരുദം ഏറ്റുവാങ്ങാൻ പേരുവിളിച്ചപ്പോൾ വിദ്യാർത്ഥികൾക്കു പകരം തൊപ്പിയും ഗൗണും ധരിച്ചെത്തിയത് റോബട്ടുകൾ. പേരു വിളിക്കുമ്പോൾ മുഖത്തിന്റെ സ്ഥാനത്തുള്ള ടാബ്ലറ്റിൽ വിദ്യാർത്ഥിയുടെ മുഖം തെളിയും. റോബട്ടുകളെ വീട്ടിലിരുന്ന് കുട്ടികൾ തന്നെ നിയന്ത്രിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP