Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആ ചിത്രത്തിൽ ശശി കലിംഗ അഭിനയിച്ചത് മമ്മൂട്ടിയും മോഹൻലാലും വാങ്ങുന്നതിനേക്കാൾ കൂടുതൽ പ്രതിഫലം വാങ്ങി; ഹോളിവുഡ് സൂപ്പർ താരം ടോം ക്രൂസ് നായകനായ ബൈബിൾ ചിത്രത്തിൽ നടന് കിട്ടിയത് യൂദാസിന്റെ വേഷം; ഷൂട്ടിങ്ങിനായി പോയിരുന്നത് ഹോട്ടലിന്റെ റൂഫ് ടോപ്പിൽ നിന്ന് ഹെലികോപ്റ്ററിൽ; അഞ്ചുവർഷം കഴിഞ്ഞ് ശശി യാത്രയാവുമ്പോഴും ചിത്രത്തിന് എന്താണ് സംഭവിച്ചത് എന്നറിയാതെ ചലച്ചിത്രലോകം

ആ ചിത്രത്തിൽ ശശി കലിംഗ അഭിനയിച്ചത് മമ്മൂട്ടിയും മോഹൻലാലും വാങ്ങുന്നതിനേക്കാൾ കൂടുതൽ പ്രതിഫലം വാങ്ങി; ഹോളിവുഡ് സൂപ്പർ താരം ടോം ക്രൂസ് നായകനായ ബൈബിൾ ചിത്രത്തിൽ  നടന് കിട്ടിയത് യൂദാസിന്റെ വേഷം; ഷൂട്ടിങ്ങിനായി പോയിരുന്നത് ഹോട്ടലിന്റെ റൂഫ് ടോപ്പിൽ നിന്ന് ഹെലികോപ്റ്ററിൽ; അഞ്ചുവർഷം കഴിഞ്ഞ് ശശി യാത്രയാവുമ്പോഴും ചിത്രത്തിന് എന്താണ് സംഭവിച്ചത് എന്നറിയാതെ ചലച്ചിത്രലോകം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മലയാളികളുടെ പ്രിയപ്പെട്ട നടൻ ശശി കലിംഗ യാത്രവുന്നത്, അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രം പുറത്തിറങ്ങുന്നത് കാണാനാവാതെ. 2015ൽ തനിക്ക് ഹോളിവുഡ് സൂപ്പർ താരം ടോം ക്രൂസ് നായകനായ ബൈബിൾ ചിത്രത്തിൽ യൂദാസിന്റെ വേഷം ചെയ്യാനുള്ള അവസരം കിട്ടിയത് മാതൃഭൂമി പ്രസിദ്ധീകരണമായ സ്റ്റാർ ആൻഡ് സ്റ്റൈലിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. എന്നാൽ 5 വർഷം കഴിഞ്ഞിട്ടും ഈ ചിത്രത്തെക്കുറിച്ച് യാതൊരു വിവരവുമില്ല. ചോദിക്കുമ്പോഴൊക്കെ ഉടൻ ഇറങ്ങും എന്ന് മാത്രമാണ് ശശി വെളിപ്പെടുത്തിയതെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ഓർക്കുന്നു. ഇടക്ക് എപ്പോഴോ ചിത്രത്തിന്റെ ഒരു ഷെഡ്യൂൾ കൂടിയുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നതായും സുഹൃത്തുക്കൾ ഓർക്കുന്നുണ്ട്.

സിനിമയുടെ പേരോ മറ്റ് വിശദവിവരങ്ങളോ വെളിപ്പെടുത്താനാവില്ലെന്നായിരുന്നു ഹോളിവുഡിലെ കരാറെന്നും സിനിമയുടെ പ്രൊഡക്ഷൻ കമ്പനി അത് അനൗൺസ് ചെയ്ത ശേഷമേ ആ സിനിമയെ കുറിച്ച് മാധ്യമങ്ങളോട് പറയാൻ പാടുള്ളൂവെന്ന കർശന നിർദ്ദേശമുണ്ടെന്നു ആയിരുന്നു സ്റ്റാർ ആൻഡ് സ്റ്റെലിനും നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്. ഹോളിവുഡിലെ മുൻനിര നടന്മാർ അഭിനയിച്ച സിനിമയുടെ ഷൂട്ടിങ്ങിനായി ദിവസവും പോയിരുന്നത് താമസിക്കുന്ന ഹോട്ടലിന്റെ റൂഫ്‌ടോപ്പിൽ നിന്ന് ഹെലികോപ്റ്ററിലായിരുന്നുവെന്നും അദ്ദേഹമന്ന് പറഞ്ഞിരുന്നു. '

ഗദ്ദാമ'യിൽ അഭിനയിക്കാൻ ദുബായിൽ പോയതായിരുന്നു ശശി. അവിടുത്തെ ഒരു ഷോപ്പിങ് മാളിൽ വെച്ച് ഒരാൾ ശ്രദ്ധിച്ചു. അയാളാണ് ഹോളിവുഡിലേക്ക് പൊക്കിക്കൊണ്ടുപോയത്. സുപ്രസിദ്ധ ഹോളീവുഡ് സൂപ്പർ താരം ടോം ക്രൂസ് നായകനായി അഭിനയിച്ച സിനിമ ബൈബിളിലെ കഥയെ അടിസ്ഥാനമാക്കിയായിരുന്നുവെന്നും അതിൽ യൂദാസിന്റെ റോളായിരുന്നു തനിക്കെന്നും ശശി വെളിപ്പെടുത്തിയിരുന്നു. ഇറ്റലിയിൽ ആയിരുന്നു സിനിമയുടെ ചിത്രീകരണം. ചലച്ചിത്രലോകത്തെ സുഹൃത്തുക്കൾക്കും ഈ പടത്തിന് എന്തുപറ്റിയെന്ന് അറിയില്ല. അത് റിലീസ് ആവുകയാണെങ്കിൽ ശശികലിംഗയുടെ അഭിയനയ ജീവിതത്തിലെ നാഴികക്കല്ല് ആവുമായിരുന്നു.

കോഴിക്കോട് വെസ്റ്റ്ഹില്ലിൽ ചന്ദ്രശേഖരൻ നായരുടെയും സുകുമാരിയുടെയും മകനായി 1961ൽ ജനിച്ച വി. ചന്ദ്രകുമാർ 'ശശി കലിംഗയായ കഥക്ക് പിന്നിൽ കഠിനാധ്വാനത്തിന്റെ വലിയ കഥയുണ്ട്. മാതാപിതാക്കളും ബന്ധുക്കളും കൂട്ടുകാരുമെല്ലാം ചന്ദ്രകുമാറിനെ ശശിയെന്ന ഓമനപ്പേരിലാണ് വിളിച്ചിരുന്നത്. പിന്നെ ഏവരും ചന്ദ്രകുമാറിനെ മറന്നു, ശശിയെ നെഞ്ചോടുചേർത്തു. വീട്ടിലെ ശശി അരങ്ങിലെത്തിയപ്പോൾ സ്ഥലപ്പേരുകൂടി ചേർത്ത് 'കോഴിക്കോട് ശശി'യായി. അരങ്ങിലെ അഭിനയമികവിൽ ശശി നാടകസ്നേഹികൾക്ക് പ്രിയങ്കരനായി. ആ നടനാണ് ജീവിതത്തിന്റെ അരങ്ങ് വിട്ടൊഴിയുന്നത്. ശശിയുടെ വിയോഗം നാടകത്തിനും സിനിമയ്ക്കും തീരാ നഷ്ടമാണ്.

കൗതുകകരമാണ് 'കോഴിക്കോട് ശശി' വെള്ളിത്തിരയിലെത്തിയപ്പോൾ 'കലിംഗ ശശി'യായതിനു പിന്നിലെ കഥ. 1998ലാണ് ശശി ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തുന്നത്. 'തകരച്ചെണ്ട'യെന്ന, അധികമാരും കാണാത്ത സിനിമയിൽ ആക്രിക്കച്ചവടക്കാരനായ പളനിച്ചാമിയായിട്ടായിരുന്നു അരങ്ങേറ്റം. തുടർന്ന്, അവസരങ്ങൾ ലഭിക്കാതെ വന്നപ്പോൾ നാടകത്തിലേക്ക് തിരിച്ചുപോയി. എന്നാൽ, മഹാഭാഗ്യമെന്നു വിശേഷിപ്പിക്കാവുന്ന ഒരു രണ്ടാംവരവ് അദ്ദേഹത്തിനുണ്ടായി.

അതുമായി ബന്ധപ്പെട്ടുകിടക്കുന്നു അദ്ദേഹത്തിന്റെ പേരുമാറ്റം.ടി.പി. രാജീവന്റെ 'പാലേരിമാണിക്യംഒരു പാതിരാകൊലപാതകത്തിന്റെ കഥ'യെന്ന നോവൽ രഞ്ജിത്ത് അതേ പേരിൽ സിനിമയാക്കാൻ തീരുമാനിക്കുന്നു. ഒരു വ്യത്യസ്തതയെന്ന നിലയിൽ കോഴിക്കോട്ട് ഇരുപതു ദിവസത്തെ ക്യാമ്പുനടത്തി അതിൽനിന്ന് മികച്ച നടന്മാരെ തിരഞ്ഞെടുക്കാൻ രഞ്ജിത്ത് നിശ്ചയിച്ചു. കോഴിക്കോടിനകത്തും പുറത്തുമുള്ള ഒട്ടേറെ നാടകകലാകാരന്മാർ അതിൽ പങ്കെടുത്തു. പേരെടുത്ത നടനും സംവിധായകനുമായ വിജയൻ വി. നായരും അതിലുണ്ടായിരുന്നു. പരിചയക്കാരനായ, അദ്ദേഹത്തെ കാണാൻ ശശി ഒരുനാൾ ക്യാമ്പിലെത്തി. വിജയൻ വി. നായർ ശശിയെ സംവിധായകന് പരിചയപ്പെടുത്തുകയും ചെയ്തു. അപ്പോഴേക്കും ക്യാമ്പ് പതിനേഴുനാൾ പിന്നിട്ടിരുന്നു. രഞ്ജിത്തിന്റെ നിർദ്ദേശപ്രകാരം ശേഷിക്കുന്ന മൂന്നുദിവസം ശശിയും ക്യാമ്പിൽ പങ്കെടുത്തു.

പാലേരിമാണിക്യ'ത്തിന്റെ ക്യാമ്പിൽ പങ്കെടുക്കാനെത്തിയവരിൽ പലരുടെയും പേര് ശശിയെന്നായിരുന്നു. പല കാലങ്ങളിലായി പല പ്രൊഫഷണൽ സമിതികളിൽ പ്രവർത്തിച്ചവർ. അവരെ വേർതിരിച്ചറിയാനായി പേരിനൊപ്പം ബ്രാക്കറ്റിൽ സമിതിയുടെ പേരുകൂടി എഴുതിച്ചേർക്കാൻ രഞ്ജിത്ത് നിർദ്ദേശിച്ചു. ശശിയുടെ നാടകചരിത്രം ശരിക്കറിയാത്ത ആരോ പേരിന്റെകൂടെ 'കലിംഗ' എന്നെഴുതിക്കൊടുത്തു. പിന്നീട് തെറ്റ് മനസ്സിലാക്കി അതു തിരുത്താൻ ശ്രമിച്ചപ്പോൾ, വർക്കത്തുള്ള ആ പേര് മാറ്റേണ്ടെന്നായി രഞ്ജിത്ത്. കെ.ടി. മുഹമ്മദ് നേതൃത്വം നൽകിയ 'കലിംഗ തിയറ്റേഴ്സി'ന്റെ ഒറ്റനാടകത്തിലും ശശി അഭിനയിച്ചിരുന്നില്ല. എപ്പോേഴാ ഒരിക്കൽ 'കലിംഗ'യുടെ 'ദീപസ്തംഭം മഹാശ്ചര്യ'ത്തിന്റെ റിഹേഴ്സൽ ക്യാമ്പിൽ പോയതൊഴിച്ചാൽ ആ സമിതിയുടെ നാടകം കണ്ടിട്ടുപോലുമില്ല, ശശി. എന്നാലും ആ പേര് അക്ഷാരർഥത്തിൽ ഭാഗ്യനക്ഷത്രമായി.പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. പ്രാഞ്ചിയേട്ടനും, ആമേനും അടക്കമുള്ള ഹിറ്റ് ചിത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകരുടെ അരുമയാവുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP