Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോക്ക് ഡൗൺ കാലത്ത് രജിസ്റ്റർ ചെയ്തത് കമ്മ്യൂണിറ്റി കിച്ചൻ ഭക്ഷണത്തിന്; ഒരു ദിവസം ഭക്ഷണം ലഭിച്ചത് ഉച്ചയ്ക്ക് രണ്ടു മണിക്ക്; അടുത്ത ദിവസം വൈകീട്ട് അഞ്ചു മണിക്ക് ലഭിച്ചു; പിന്നെ സിപിഎം ഊരുവിലക്ക് കാരണം ഭക്ഷണമില്ല; രണ്ടു തവണ കൊലക്കത്തിയിൽ നിന്ന് രക്ഷപ്പെട്ട വയോധികൻ മൂന്നു ദിവസമായി മുഴുപ്പട്ടിണിയിൽ; വധിക്കാൻ കഴിയാത്തതുകൊണ്ട് പട്ടിണിക്കിട്ട് കൊല്ലാൻ ശ്രമമെന്ന് മറുനാടനോട് രാമചന്ദ്രൻ; കൊറോണക്കാലത്ത് മട്ടന്നൂരിലെ രാഷ്ട്രീയ പക ചർച്ചയാകുമ്പോൾ

ലോക്ക് ഡൗൺ കാലത്ത് രജിസ്റ്റർ ചെയ്തത് കമ്മ്യൂണിറ്റി കിച്ചൻ ഭക്ഷണത്തിന്; ഒരു ദിവസം ഭക്ഷണം ലഭിച്ചത് ഉച്ചയ്ക്ക് രണ്ടു മണിക്ക്; അടുത്ത ദിവസം വൈകീട്ട് അഞ്ചു മണിക്ക് ലഭിച്ചു; പിന്നെ സിപിഎം ഊരുവിലക്ക് കാരണം ഭക്ഷണമില്ല; രണ്ടു തവണ കൊലക്കത്തിയിൽ നിന്ന് രക്ഷപ്പെട്ട വയോധികൻ മൂന്നു ദിവസമായി മുഴുപ്പട്ടിണിയിൽ; വധിക്കാൻ കഴിയാത്തതുകൊണ്ട് പട്ടിണിക്കിട്ട് കൊല്ലാൻ ശ്രമമെന്ന് മറുനാടനോട് രാമചന്ദ്രൻ; കൊറോണക്കാലത്ത് മട്ടന്നൂരിലെ രാഷ്ട്രീയ പക ചർച്ചയാകുമ്പോൾ

എം മനോജ് കുമാർ

കണ്ണൂർ: കൊറോണ കാലത്തെ കമ്മ്യൂണിറ്റി കിച്ചൻ രാഷ്ട്രീയ വിരോധത്തിന്റെ ഉപകരണമായി മാറുന്നുണ്ടോ? മട്ടന്നൂരിൽ നിന്നും വരുന്ന വാർത്ത ഈ രീതിയിലുള്ളതാണ്. തനിക്ക് ഭക്ഷണം ലഭിക്കാത്തത് സിപിഎമ്മിന്റെ രാഷ്ട്രീയ വിരോധം നിമിത്തമാണേന്നാണ് ഭക്ഷണം ലഭിക്കാത്ത രാമചന്ദ്രൻ എന്ന വയോധികന്റെ ആരോപണം. രണ്ടു തവണ സിപിഎമ്മിൽ നിന്നും വധശ്രമം നേരിട്ട വ്യക്തികൂടിയാണ് രാമചന്ദ്രൻ. തറവാട്ട് വീട്ടിലെ ക്ഷേത്രോത്സവമായി ബന്ധപ്പെട്ടു സിപിഎം ആക്രമണത്തിന്നിരയായി പരുക്കുകളോട് മല്ലിടുന്ന മട്ടന്നൂരിലെ ആർ.എം.രാമചന്ദ്രൻ നിലവിൽ മുഴുപ്പട്ടിണിയിലാണ്. . മട്ടന്നൂർ പത്താം വാർഡിലെ രയരോത്ത് തറവാട്ട് വീട്ടിൽ തനിച്ച് താമസിക്കുന്ന രാമചന്ദ്രന് പേര് രജിസ്റ്റർ ചെയ്തിട്ടും കമ്മ്യൂണിറ്റി കിച്ചനിൽ നിന്നും ഭക്ഷണമില്ല. മൂന്നു നാല് ദിവസമായി രാമചന്ദ്രൻ മുഴുപ്പട്ടിണിയിലാണ്.

സിപിഎമ്മിന് തന്നോടു വിരോധം നിലനിൽക്കുന്നതിനാൽ സിപിഎം ഇടപെട്ടാണ് കമ്മ്യൂണിറ്റി കിച്ചണിൽ നിന്നും തനിക്കുള്ള ഭക്ഷണം നിഷേധിക്കുന്നത് എന്നാണ് രാമചന്ദ്രന്റെ ആരോപണം. കൊറോണയെ തുടർന്നുള്ള ലോക്ക് ഡൗണുമായി ബന്ധപ്പെട്ടു കടകൾ അടഞ്ഞു കിടക്കുന്നതിനാൽ രാമചന്ദ്രന് ഭക്ഷണം ലഭിക്കാൻ വഴിയില്ല. ലോക്ക് ഡൗൺ കാലത്തുള്ള കമ്യൂണിറ്റി കിച്ചനിൽ നിന്നും ഭക്ഷണം തേടി രാമചന്ദ്രൻ മട്ടന്നൂർ മുൻസിപ്പാലിറ്റിയിൽ അപേക്ഷ നൽകിയിരുന്നുവെങ്കിലും ആദ്യ രണ്ടു മൂന്നു ദിവസം മാത്രമാണ് ഭക്ഷണം ലഭ്യമായത്. ഇപ്പോൾ പൂർണ പട്ടിണിയിലും. സിപിഎം തനിക്ക് നേരെ നടത്തിയ കൊലപാതക ശ്രമം പരാജയപ്പെട്ടതിനെ തുടർന്നു കൊറോണ മറയാക്കി ഭക്ഷണം നൽകാതെ പട്ടിണിക്കിട്ടു കൊല്ലാനാണ് ഇപ്പോഴത്തെ ശ്രമം-മറുനാടനോട് രാമചന്ദ്രൻ പറഞ്ഞു.

മട്ടന്നൂർ മുൻസിപ്പാലിറ്റിയിലെ പത്താം വാർഡിലെ രയരോത്ത് തറവാട്ട് വീട്ടിൽ ഒറ്റയ്ക്കാണ് കഴിയുന്നത്. സിപിഎമ്മിൽ നിന്നേറ്റ ഭീകര മർദ്ദനത്തെ തുടർന്നു തലശ്ശേരി സർക്കാർ ആശുപത്രിയിൽ നിന്ന് ഈയിടെയാണ് രാമചന്ദ്രൻ ഡിസ്ചാർജ് ആയി വീട്ടിലെത്തിയത്. ഈ ആക്രമണത്തിന്റെ പരുക്കുകൾ ഭേദമാകാത്തതിനാൽ ഒറ്റയ്ക്ക് ഭക്ഷണം ഉണ്ടാക്കാൻ കഴിയുന്നില്ല. അതിന്നിടയിലാണ് കൊറോണ വൈറസ് ബാധ പരക്കുന്നതും. ഇതോടെ കടകൾ അടഞ്ഞു. അതിനാലാണ് കമ്മ്യൂണിറ്റി കിച്ചനിൽ നിന്നും ഭക്ഷണം തേടി രാമചന്ദ്രൻ മട്ടന്നൂർ മുൻസിപ്പാലിറ്റിയിൽ പേർ രജിസ്റ്റർ ചെയ്തത്. പക്ഷെ ആദ്യ രണ്ടു മൂന്നു ദിവസം ഭക്ഷണം ലഭിച്ചപ്പോൾ പിന്നീട് ലഭ്യമായില്ല. ഒരു ദിവസം ഉച്ചയ്ക്ക് രണ്ടു മണിക്ക് ഭക്ഷണം കിട്ടി. പിന്നീടത് അഞ്ചു മണിയായി. ഇപ്പോൾ ഒന്നും ലഭിക്കുന്നില്ല. ഈ പ്രായമായ അവസ്ഥയിൽ, സിപിഎം മർദ്ദനത്തെ തുടർന്നുള്ള പരുക്കുകൾ വേട്ടയാടുമ്പോൾ എനിക്ക് ഭക്ഷണത്തിനു എന്ത് ചെയ്യാൻ കഴിയും-നിസ്സഹായാവസ്ഥ വിരൽ ചൂണ്ടി രാമചന്ദ്രൻ പറഞ്ഞു.

കഴിഞ്ഞ തറവാട് ഉത്സവത്തിൽ രാമചന്ദ്രന് നേരെ നടന്ന സിപിഎം ആക്രമണം മറുനാടൻ വാർത്തയാക്കിയിരുന്നു. ഈ പരുക്ക് എപ്പൊഴും ഭേദവുമായിട്ടില്ല. ഭാര്യയുമായി അകന്നു കഴിയുകയാണ്. ഏക മകൻ വിദേശത്താണ്. ബന്ധുക്കൾ അടുത്ത് ഉണ്ടെങ്കിലും തറവാട്ടു ക്ഷേത്രവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നു ഇവർ അകന്നു നിൽക്കുകയാണ്. ഈ തർക്കത്തെ തുടർന്നു തന്നെയാണ് ഉത്സവം നടക്കുമ്പോൾ സിപിഎം സംഘം തറവാട്ടു മുട്ടത്തിട്ടു രാമചന്ദ്രനെ കൊല്ലാക്കൊല ചെയ്തത്. കമ്പിപ്പാര കൊണ്ടുള്ള സിപിഎം ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്കാണ് ഇദ്ദേഹം രക്ഷപ്പെട്ടത്. ആ പരുക്കുകൾ വേട്ടയാടുമ്പോൾ തന്നെയാണ് കൊറോണ കാരണമുള്ള പ്രശ്‌നങ്ങളെ തുടർന്നു രാമചന്ദ്രൻ മുഴുപ്പട്ടിണിയിലുമാകുന്നത്.

ഭാര്യയുമായി മുൻപ് തന്നെ വേർപിരിഞ്ഞ അവസ്ഥയിലാണ്. ഏക മകൻ ഗൾഫിലും. ബന്ധുക്കൾ ചുറ്റുമുണ്ടെങ്കിലും ഇവരുമായി രസത്തിലുമല്ല. ഭക്ഷണം ലഭിക്കാൻ സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടി മട്ടന്നൂർ മുൻസിപ്പാലിറ്റിയിൽ രാമചന്ദ്രൻ പേര് രജിസ്റ്റർ ചെയ്തിരുന്നു. സിപിഎം ഇടപെടൽ വന്നതിനെ തുടർന്നാണ് ഭക്ഷണം മുടങ്ങിയത്. സിപിഎമ്മുമായി പ്രശ്‌നങ്ങൾ നിലനിൽക്കുന്നതിനാൽ പട്ടിണിക്കിട്ട് പ്രതികാരം തീർക്കുകയാണ് എന്നാണ് രാമചന്ദ്രൻ മറുനാടനോട് പറഞ്ഞത്. കഴിഞ്ഞ ക്ഷേത്രോത്സവത്തിനു കമ്പിപ്പാരകൊണ്ട് മർദ്ദിച്ച് എന്നെ കൊല്ലാൻ നോക്കി. തലയ്ക്ക് ആഴത്തിലുള്ള മുറിവും ദേഹാസകലം മർദ്ദനവുമാണ് അന്ന് ഏൽക്കേണ്ടി വന്നത്. അന്ന് എന്നെ കൊല്ലാനാണ് നോക്കിയത്. അതിനു കഴിയാത്തതിനാൽ ഇപ്പോൾ പട്ടിണിക്കിട്ട് കൊല്ലാൻ നോക്കുകയാണ്. മുൻസിപ്പാലിറ്റി ഭരിക്കുന്നത് സിപിഎം ആയതിനാലാണ് തനിക്ക് കമ്മ്യൂണിറ്റി കിച്ചൻ ഭക്ഷണം ലഭിക്കാത്തത് എന്നാണ് രാമചന്ദ്രൻ പറയുന്നത്.

രാമചന്ദ്രന് മുൻസിപ്പാലിറ്റി ഭക്ഷണം ലഭ്യമാക്കുക തന്നെ ചെയ്യുമെന്ന് മട്ടന്നൂർ മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ പി.പുരുഷോത്തമൻ മറുനാടനോട് പറഞ്ഞു. ഭക്ഷണം ലഭിക്കുന്നില്ല എങ്കിൽ ഭക്ഷണം ലഭ്യമാക്കുക തന്നെ ചെയ്യും. അന്വേഷിച്ചപ്പോൾ കുറെ സാധനങ്ങൾ വേണം എന്ന് രാമചന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. അവയെല്ലാം വാങ്ങി നൽകിയിട്ടുണ്ട്. ഭക്ഷണം ലഭിക്കുന്നില്ല എന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഭക്ഷണം ഞങ്ങൾ വിതരണം ചെയ്യും. കമ്മ്യൂണിറ്റി കിച്ചനിൽ നിന്നും ഭക്ഷണം ലഭ്യമാക്കും-പുരുഷോത്തമൻ പറഞ്ഞു. കുടുംബ പ്രശ്‌നങ്ങളും മറ്റു പ്രശ്‌നങ്ങളുമെല്ലാം നേരിടുന്ന വ്യക്തിയാണ് പുരുഷോത്തമൻ. കൊറോണ കാലമാണ്. ഞങ്ങൾ ഒന്നും കാര്യമാക്കുന്നില്ല. ഭക്ഷണം ലഭ്യമാക്കുക തന്നെ ചെയ്യും-പുരുഷോത്തമൻ പറയുന്നു.

തറവാട്ട് വീട്ടിലേ ക്ഷേത്രത്തിൽ കാരണവർ എന്ന രീതിയിൽ കഴിഞ്ഞ ഉത്സവത്തിനു രാമചന്ദ്രൻ പങ്കെടുക്കാൻ ശ്രമിച്ചത്. കേസും കൂട്ടവുമായി ബന്ധപ്പെട്ട് സിപിഎമ്മുമായി രസത്തിലല്ല. ഉത്സവത്തിൽ രാമചന്ദ്രൻ പങ്കെടുക്കുന്നത് സിപിഎം വിലക്കിയിരുന്നു. ബന്ധുക്കളുടെ സഹായവും ഈ കാര്യത്തിൽ രാമചന്ദ്രന് ലഭിച്ചിട്ടുണ്ട്. ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ സിപിഎം എതിരാണ്. ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചറുടെ ഭർത്താവ് ഭാസ്‌ക്കരൻ മട്ടന്നൂർ മുൻസിപ്പൽ ചെയർമാൻ ആയിരിക്കെ സ്ഥലവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ ഭാസ്‌ക്കരന് എതിരെ രാമചന്ദ്രൻ കേസ് നടത്തി വിജയിച്ചിരുന്നു. സ്വന്തം സ്ഥലം റോഡിനായി ഏറ്റെടുക്കാൻ രാമചന്ദ്രന്റെ അനുവാദമില്ലാതെ മുൻസിപ്പാലി ശ്രമിച്ചതിനെ തുടർന്നാണ് രാമചന്ദ്രൻ ഹൈക്കോടതിയിൽ കേസ് നൽകിയത്. ഈ കേസിൽ വിജയം രാമചന്ദ്രനായിരുന്നു. ഇതിനെ തുടർന്നു സിപിഎമ്മും രാമചന്ദ്രനും ഉരസി. ഈ പ്രശ്‌നം നിലനിൽക്കുമ്പോൾ തന്നെയാണ് ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ടു രാമചന്ദ്രന് സിപിഎം വിലക്ക് വരുന്നത്. സിപിഎം വിലക്ക് ലംഘിച്ച് കഴിഞ്ഞ ഉത്സവത്തിൽ പങ്കെടുക്കാൻ രാമചന്ദ്രൻ വന്നപ്പോഴാണ് സിപിഎം ഗുണ്ടാ സംഘം രാമചന്ദ്രനെ ഭീകര മർദ്ദനത്തിനു ഇരയാക്കിയത്.

രാമചന്ദ്രന്റെ വീട് സ്ഥിതിചെയ്യുന്ന സ്ഥലത്ത് ഉൾപ്പെടുന്ന മട്ടന്നൂർ രയരോത്ത് ക്ഷേത്രത്തിൽ തിറ നടന്നുകൊണ്ടിരിക്കെയാണ് സിപിഎം അക്രമി സംഘം രാത്രി പത്ത് മണിയോടെ രാമചന്ദ്രനെ ആക്രമിച്ചത്. ഭാഗികമായി മാത്രം കാഴ്ചശക്തിയുള്ള രാമചന്ദ്രന് നേർക്കാണ് ആക്രമണം നടന്നത്. തിറയിൽ പങ്കെടുക്കാനെത്തിയ നൂറു കണക്കിന് പേർ നോക്കി നിൽക്കെയാണ് കമ്പിപ്പാര വരെ ഉപയോഗിച്ചുള്ള ആക്രമണം നടന്നത്. ഗുരുതരമായി പരുക്കേറ്റ രാമചന്ദ്രൻ തലശ്ശേരി സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. . സിപിഎം ഗുണ്ടാ സംഘത്തിന്റെ ഇരുമ്പ് വടികൊണ്ടുള്ള ആക്രമണത്തിൽ തലക്ക് ആഴത്തിൽ മുറിവേൽക്കുകയും ദേഹമാസകലം മർദ്ദനമേൽക്കുകയും ചെയ്തിരുന്നു. മുൻവൈരാഗ്യം വച്ചാണ് സിപിഎം പ്രവർത്തകർ ആക്രമണം നടത്തിയത്. 2004 നു നടന്ന സിപിഎം വധശ്രമത്തിൽ രാമചന്ദ്രന് ഗുരുതരമായി പരുക്കേൽക്കുകയും കുറെനാൾ ആശുപത്രിയിൽ കിടക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം നടക്കുന്ന രണ്ടാമത് വധശ്രമാണ് ഇന്നലെ സിപിഎം നടത്തിയത്. സിപിഎം പ്രവർത്തകർ നടത്തുന്ന ആക്രമങ്ങൾക്കെതിരെ കൂത്തുപറമ്പ് കോടതിയിൽ രാമചന്ദ്രൻ കേസ് നൽകിയിട്ടുണ്ട്. പ്രതിസ്ഥാനത്തുള്ളവർ ക്ഷേത്രത്തിൽ കയറരുത് എന്ന് ഇഞ്ചക്ഷൻ ഓർഡറുമുണ്ട്. ഈ ഓർഡർ നിലനിൽക്കെയാണ് പ്രതിസ്ഥാനത്തുള്ളവർ വീട്ടിൽ കയറി രാമചന്ദ്രന് നേരെ ആക്രമണം നടത്തിയത്.

വീടിരിക്കുന്ന ക്ഷേത്രപറമ്പിലെ ഇരുപത്തിയഞ്ചു സെന്റ് സ്ഥലം രാമചന്ദ്രനും കുടുംബത്തിനും നഷ്ടമായിരുന്നു. ഭാസ്‌ക്കരൻ മാസ്റ്റർ മുൻസിപ്പൽ ചെയർമാനായിരിക്കുമ്പോഴാണ് ഈ സ്ഥലത്തിൽ സിപിഎം കയ്യേറ്റം നടക്കുന്നത്. വീടിനു നാല് വശവും നടന്ന കയ്യേറ്റത്തിലാണ് സ്ഥലം നഷ്ടമായത്. റോഡിനു വേണ്ടിയാണ് രാമചന്ദ്രന്റെ അനുമതി വാങ്ങാതെ സ്ഥലം സിപിഎം കവർന്നെടുത്തത്. തുടർന്ന് ഹൈക്കോടതിയിൽ കേസ് നൽകി സ്ഥലം ഇദ്ദേഹം തിരികെ പിടിച്ചിരുന്നു. ഇതിൽ സിപിഎം കടുത്ത വിരോധത്തിലായിരുന്നു. ഇതിനെ തുടർന്ന് നിരന്തര വിരോധമാണ് രാമചന്ദ്രൻ നേരിട്ടത്. സിപിഎം ആക്രമണത്തെ തുടർന്ന് നിരവധി പരാതികൾ മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ രാമചന്ദ്രൻ നൽകിയിട്ടുണ്ട്. പക്ഷെ ഇതിലൊന്നും കാര്യമായ നടപടികൾ പൊലീസിന്റെ ഭാഗത്ത് നിന്നും വന്നിരുന്നില്ല. ഇന്നലെ കൂത്ത്പറമ്പ് മുൻസിപ്പൽ കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് വാങ്ങിയിരിക്കെയാണ് ആക്രമണം നടക്കുന്നത്. സിപിഎം സ്വാധീനം കാരണം മട്ടന്നൂർ പൊലീസ് ഒരു നടപടിയും സ്വീകരിക്കാത്തത് കാരണമാണ് ആക്രമണമെന്നാണ് രാമചന്ദ്രൻ അന്ന് മറുനാടനോട് പറഞ്ഞത്.

ക്ഷേത്രത്തിൽ തെയ്യം നടന്നുവരുകയാണ്. രാമചന്ദ്രനാണ് കാരണവർ. പക്ഷെ സിപിഎം ഭീഷണി കാരണം ഉത്സവത്തിൽ പങ്കെടുക്കാൻ രാമചന്ദ്രന് സാധിച്ചിരുന്നില്ല. 2004-ലെ വധശ്രമത്തിനു ശേഷം രാമചന്ദ്രന് താൻ കാരണവരായ ക്ഷേത്രത്തിന്റെ ഉത്സവത്തിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് കോടതി ഉത്തരവ് വഴി പൊലീസ് സംരക്ഷണത്തോടെ തിറയിൽ പങ്കെടുക്കാൻ രാമചന്ദ്രൻ എത്തിയതോടെയാണ് ഇന്നലെ രാത്രി ആക്രമണവും നടന്നത്. രാമചന്ദ്രന് പ്രൊട്ടക്ഷൻ നൽകാൻ കൂത്തുപറമ്പ് കോടതി ഉത്തരവിട്ടിരുന്നു. അത് പ്രകാരം ഇന്നലെ മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ എത്തിയതാണ്. പൊലീസ് സംരക്ഷണമില്ലാതെ തിറയിൽ പങ്കെടുക്കാൻ കഴിയില്ലാ എന്നാണ് മട്ടന്നൂർ പൊലീസ് പറഞ്ഞത്. പക്ഷെ ഒരു കുഴപ്പവും വരില്ല. നിങ്ങൾക്ക് പോകാം എന്നാണ് പൊലീസ് പറഞ്ഞത്. ഇങ്ങനെ പൊലീസ് സംരക്ഷണമില്ലാതെ ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് ആക്രമണം നടന്നത്. ഇതിൽ പൊലീസിന്റെ ഒത്തുകളികൂടിയുണ്ട് എന്നാണ് രാമചന്ദ്രൻ മറുനാടനോട് പറഞ്ഞത്. കോടതി ഉത്തരവ് പ്രകാരം പൊലീസ് സംരക്ഷണം നൽകിയിരുന്നെങ്കിൽ തനിക്ക് നേരെ ആക്രമണം നടക്കില്ലായിരുന്നു. രാമചന്ദ്രൻ പറയുന്നു. ഇതിനെല്ലാം പുറമേയാണ് പട്ടിണിക്കിട്ട് കൊല്ലാനുള്ള ശ്രമവും-രാമചന്ദ്രൻ ആരോപിക്കുന്നു. എന്തായാലും രാമചന്ദ്രന് ഭക്ഷണം എത്തിക്കും എന്നാണ് മുൻസിപ്പൽ വൈസ് ചെയർമാൻ അറിയിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP