Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പിണറായി വിജയന്റെ നേതൃപാടവവും മാധ്യമ ശിങ്കങ്ങങ്ങളുടെ വിധേയത്വവും ഒപ്പിയെടുത്ത് ചരിത്ര രേഖയാക്കാവുന്നവയാണ് മുഖ്യമന്ത്രിയുടെ 'ആറ് മണി പത്ര സമ്മേളനങ്ങൾ'; വിശദീകരണങ്ങളിന്മേൽ സംശയങ്ങളോ ചോദ്യങ്ങളോ ഉന്നയിക്കാതെ, തിരുവായ്ക്ക് എതിർ വാ ഇല്ലെന്ന മട്ടിൽ പൂർണ്ണമായും ശ്രോതാക്കളായി മാറിയ മാധ്യമ പ്രവർത്തകർ: ഒടിഞ്ഞു തൂങ്ങിയ നാലാം തൂണ് ! ഡോ എസ് ശിവപ്രസാദ് എഴുതുന്നു

പിണറായി വിജയന്റെ നേതൃപാടവവും മാധ്യമ ശിങ്കങ്ങങ്ങളുടെ വിധേയത്വവും ഒപ്പിയെടുത്ത് ചരിത്ര രേഖയാക്കാവുന്നവയാണ് മുഖ്യമന്ത്രിയുടെ 'ആറ് മണി പത്ര സമ്മേളനങ്ങൾ'; വിശദീകരണങ്ങളിന്മേൽ സംശയങ്ങളോ ചോദ്യങ്ങളോ ഉന്നയിക്കാതെ, തിരുവായ്ക്ക് എതിർ വാ ഇല്ലെന്ന മട്ടിൽ പൂർണ്ണമായും ശ്രോതാക്കളായി മാറിയ മാധ്യമ പ്രവർത്തകർ: ഒടിഞ്ഞു തൂങ്ങിയ നാലാം തൂണ് ! ഡോ എസ് ശിവപ്രസാദ് എഴുതുന്നു

ഡോ എസ് ശിവപ്രസാദ്

ഒടിഞ്ഞു തൂങ്ങിയ നാലാം തൂണ്

പിണറായി വിജയന്റെ നേതൃപാടവവും മാധ്യമ ശിങ്കങ്ങങ്ങളുടെ വിധേയത്വവും ഒപ്പിയെടുത്ത് ചരിത്ര രേഖയാക്കാവുന്നവയാണ് മുഖ്യമന്ത്രിയുടെ 'ആറ് മണി പത്ര സമ്മേളനങ്ങൾ'. വിശദീകരണങ്ങളിന്മേൽ സംശയങ്ങളോ ചോദ്യങ്ങളോ ഉന്നയിക്കാതെ, തിരുവായ്ക്ക് എതിർ വാ ഇല്ലെന്ന മട്ടിൽ പൂർണ്ണമായും ശ്രോതാക്കളായി മാറിയ മാധ്യമ പ്രവർത്തകർ. പറയാമോ ആവോ, അതു മാത്രമായിരുന്നു ഏക കുറവ്. നാം വീട്ടിലിരുന്നു കണ്ടത് ഇവർ നേരിൽ കണ്ടു അത്രമാത്രം. ' മാധ്യമ വിദ്യാർത്ഥികൾ ഇവരെ അനുകരിക്കരുത് 'എന്ന അടിക്കുറിപ്പോടെ വേണ്ടിയിരുന്നു ഇത്തരം പത്രസമ്മേളനങ്ങൾ പ്രക്ഷേപണം ചെയ്യേണ്ടിയിരുന്നത്.

മറ്റാരേയും കടിച്ചു കുടയുന്ന ഈ മര്യാദാ പുരുഷോത്തമന്മാർ അനിവാര്യമായ ചോദ്യങ്ങളോ ഉപചോദ്യങ്ങളോ ഉന്നയിക്കാതെ വിധേയത്വവും ഭവ്യതയും പ്രകടിപ്പിക്കുന്നതിൽ ഒന്നിനൊന്നു മത്സരിക്കുന്ന കാഴ്ച കണ്ട് സാക്ഷര കേരളം മൂക്കത്ത് വിരൽ വച്ചിട്ടുണ്ടാകും. ആളും തരവും അറിഞ്ഞു വേണം ചോദ്യങ്ങൾ ചോദിക്കാനെന്ന് ഇവർക്ക് നന്നായറിയാം. എന്നിരുന്നാലും നമ്മൾ ഒരുകൂട്ട് എന്ന മട്ടിൽ തൊടുത്തുവിട്ട ചില കുത്തിത്തിരിപ്പ് ചോദ്യങ്ങളാകട്ടെ എട്ടു നിലയിൽ പൊട്ടുകയും ചെയ്തു.

ഇടനിലക്കാരെന്ന നിലയിൽ ഭരണകൂടത്തിന്റെ പ്രചാരവേലയോടെ തീരുന്നതാകരുത് മാധ്യമങ്ങളുടെ ഉത്തരവാദിത്തം. അഭിപ്രായ രൂപീകരണത്തിനായുള്ള സദുദ്ദേശ സംവാദങ്ങൾ പോലും പഴങ്കഥയായി മാറുന്ന കാലമാണിത്. സ്വന്തം വർഗ്ഗത്തിൽപ്പെട്ട ഒരാളുടെ മരണത്തിൽ പ്രതിസ്ഥാനത്ത് നിർത്തപ്പെട്ട ഒരാളെ സർക്കാർ സേവനത്തിൽ തിരികെ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ട് ഒരൊറ്റ ചോദ്യമെങ്കിലും ചോദിക്കാൻ ആർക്കെങ്കിലും നട്ടെല്ലുണ്ടായിരുന്നോ. ഇവരെ ഓർത്ത് മുഖ്യൻ ഊറി ചിരിക്കുന്നുണ്ടാകും.

ദൈവ ചിന്തയെപ്പോലും വിമർശന വിധേയമാക്കുന്ന ദൈവത്തിന്റെ സ്വന്തം നാടാണിത്. മാധ്യമ സാക്ഷരത നേടിയ ലക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരിടം. അവരെ നയിക്കുന്നതാകട്ടെ മാധ്യമ നിഷ്പക്ഷതയെ പലകുറി ചോദ്യം ചെയ്ത നേതാവും. എത്ര തുള്ളിയിലും കാര്യങ്ങൾ അദ്ദേഹത്തിനു മനസ്സിലാകും. അതു മാത്രമാണ് അശ്വാസവും.

സർക്കാർ സാമ്പത്തികമായി ദീർഘശ്വാസം വലിക്കുന്ന വേളയിലും കോവിഡ് പരസ്യ ഇനത്തിൽ ഒരു ഉളുപ്പുമില്ലാതെ ലക്ഷങ്ങൾ കൈ നീട്ടി വാങ്ങിയതിന്റെ ഉപകാരസ്മരണയായിട്ടാകണം പ്രതിപക്ഷ പാർട്ടി പത്രങ്ങളിൽ പെട്ടവർ പോലും വായ് മൂടിക്കെട്ടിയിരുന്നത്. അല്ലാതെ കൊറോണയെ പേടിച്ചല്ല. ദുരിതത്തിന്റെ നാളുകളിലെങ്കിലും കൊറോണ ബോധവൽക്കരണ പരസ്യങ്ങൾ സൗജന്യമായി പ്രസിദ്ധീകരിച്ചിരുന്നെങ്കിൽ കേരളത്തിലെ മാധ്യമങ്ങൾ ലോക ശ്രദ്ധ നേടിയേനെ.

ആരെ, എന്ത്, എങ്ങിനെ,എപ്പോൾ അറിയിക്കണമെന്ന് തീരുമാനിക്കുന്നവർ ഇവരല്ലേ. ജനം കാത്തിരിക്കും. അവർക്ക് അതിനല്ലേ കഴിയൂ. ഒക്കെ പോട്ടെ. നയാ പൈസ വരുമാനമില്ലാതിരിക്കുന്ന ഇക്കാലത്തും പത്രങ്ങളുടെയും ദൃശ്യമാധ്യമങ്ങളുടേയും വരിസംഖ്യയിൽ ഒരു രൂപയുടെ കുറവെങ്കിലും പ്രഖ്യാപിക്കാൻ ഇവരിലാരെങ്കിലും ഇതുവരെ തയ്യാറായോ. സാമ്പത്തികമായി വട്ടംചുറ്റുന്ന പട്ടിണിപ്പാവങ്ങൾക്കായുള്ള ഇളവുകൾ കേവലം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു മാത്രമല്ല എന്നെങ്കിലും ഓർക്കേണ്ടിയിരുന്നു.

നാൽപത്തി എട്ട് മണിക്കൂർ മാധ്യമവിലക്കിനെത്തുടർന്ന് നിഷ്പക്ഷതയുടേയും, നിർഭയത്വത്തിന്റേയും മൊത്തക്കച്ചവടക്കാരായ ഇവരിൽ ചിലർ എഴുതി നൽകിയ മരണ തുല്യമായ മാപ്പപേക്ഷ തലമുറകൾക്ക് പോലും മാനക്കേടാണ്. എന്നിട്ടും ആദ്യാക്ഷരം കുറിക്കാൻ നാം ഇവർക്ക് പുറകേ ഓടുന്നു. അതാണ് അവരുടെ ശക്തിയുംവിജയവും.

നിലപാടിലെ നിഷ്പക്ഷതയിന്മേലുള്ള സംശയ നിവൃത്തിക്കായി വിളിച്ച പ്രേക്ഷകനെതിരെ ചാനൽ മേധാവി ഉറഞ്ഞു തുള്ളിയ സംഭവം നടന്നിട്ട് അധിക ദിവസങ്ങളായില്ല. നിഷ്പക്ഷതയില്ലായ്മ പുറത്തായതോ ഉത്തരം മുട്ടിയതോ ആകാം അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. വിഷയം സർക്കാർ അനേഷിക്കുമെന്നും മറ്റും സ്‌ക്രോൾ ചെയ്തിട്ടേ ചാനൽ അടങ്ങിയുള്ളൂ. വിമർശനങ്ങൾക്ക് അതീതരാണെന്ന ചിന്തയിൽ സഹിഷ്ണുത നഷ്ടപ്പെടുന്നവർ. ഒന്ന് ഓർത്തുനോക്കൂ. എന്തു കഷ്ടമാണിത്.

മികച്ച മന്ത്രിയാണെന്ന് ഇതിനോടകം തെളിയിച്ചിട്ടുള്ള ശൈലജ ടീച്ചർക്ക് താരപരിവേഷം നൽകി അടുത്ത മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടി നിരന്തരം വാർത്തകൾ പടച്ചുവിട്ടതിനു പിന്നിലും മുഖ്യമന്ത്രി പണ്ടു സൂചിപ്പിച്ച മാധ്യമ സിൻഡിക്കേറ്റാകണം. അന്തച്ഛിദ്രം ഉണ്ടാക്കാൻ മിടുക്കരാണവർ. മന്ത്രിസഭയുടെ തലവനെന്ന നിലയിൽ പത്ര സമ്മേളനങ്ങളുടെ ചുമതല മുഖ്യമന്ത്രി ഏറ്റെടുത്തതോടെയാണ് അത്തരം എഴുത്തുകൾ അവസാനിച്ചത്. മാധ്യമ സുഹൃത്തുക്കൾ എന്നു നടിക്കുന്ന ചിലർ മനസ്സിൽ കണ്ടത് മുഖ്യൻ മാനത്തു കണ്ടു.

അസൂയ തോന്നുന്ന ഒട്ടേറെ വ്യക്തിത്വങ്ങളാൽ അനുഗൃഹീതമാണ് നമ്മുടെ മാധ്യമ രംഗം. ആ ഗണത്തിലുള്ളവർക്ക് വംശനാശം സംഭവിക്കുന്നതിന്റെ ലക്ഷണങ്ങൾ ഭീതിയോടും ആശങ്കയോടും മാത്രമേ നോക്കി കാണാനാകൂ. തലച്ചോറ് പണയം വയ്ക്കുന്നവരോ നാക്ക് വന്ധ്യംകരിച്ചവരോ ഈ പണി ചെയ്തു കൂടാ. ജനാധിപത്യത്തിന് കരുത്തേകുന്ന ഒരു നാലാംതൂണ് അതാണാവശ്യം. അതിനായി സ്വപ്നം കണ്ടുറങ്ങാം. അല്ലാതെന്തു വഴി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP