Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ക്രൈസ്തവരുടെ വലിയ ആഴ്ച ബ്രിട്ടീഷുകാരുടെ ദുഃഖവാരമാകും; ഈസ്റ്റർ വരെയുള്ള ദിവസങ്ങളിൽ കേൾക്കാനിരിക്കുന്നത് മരണത്തെ കുറിച്ച് മാത്രം; ലോക്ക്ഡൗൺ അനിശ്ചിതമായി മുമ്പോട്ട് നീക്കും; ബ്രിട്ടനിൽ കൊറോണ കൂടുതലും ജീവൻ എടുക്കുന്നത് കുടിയേറ്റക്കാരുടെ; ഇതുവരെ രോഗികളായവരിൽ മൂന്നിൽ ഒന്നും ആഫ്രിക്കൻ-ഏഷ്യൻ വംശജർ

ക്രൈസ്തവരുടെ വലിയ ആഴ്ച ബ്രിട്ടീഷുകാരുടെ ദുഃഖവാരമാകും; ഈസ്റ്റർ വരെയുള്ള ദിവസങ്ങളിൽ കേൾക്കാനിരിക്കുന്നത് മരണത്തെ കുറിച്ച് മാത്രം; ലോക്ക്ഡൗൺ അനിശ്ചിതമായി മുമ്പോട്ട് നീക്കും; ബ്രിട്ടനിൽ കൊറോണ കൂടുതലും ജീവൻ എടുക്കുന്നത് കുടിയേറ്റക്കാരുടെ; ഇതുവരെ രോഗികളായവരിൽ മൂന്നിൽ ഒന്നും ആഫ്രിക്കൻ-ഏഷ്യൻ വംശജർ

സ്വന്തം ലേഖകൻ

യുകെയിൽ ക്രൈസ്തവരുടെ വലിയ ആഴ്ച ബ്രിട്ടീഷുകാരുടെ ദുഃഖവാരമാകുമെന്ന വേദനാജനകമായ റിപ്പോർട്ട് പുറത്ത് വന്നു.രാജ്യത്തെ പ്രതിദിന കൊറോണ മരണങ്ങളിലും സ്ഥിരീകരിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ടെങ്കിലും മഹാമാരി ബാധിച്ച് രാജ്യത്ത് വരും ദിവസങ്ങളിലും ഇനിയുമേറെ പേർ മരിച്ച് വീഴുമെന്നും അത് ക്രൈസ്തവരുടെ വലിയ ആഴ്ചക്കിടെ ആയതിനാൽ ഈസ്റ്റർ വരെയുള്ള ദിവസങ്ങൽ കേൾക്കാനിരിക്കുന്നത് മരണത്തെക്കുറിച്ച് മാത്രമായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്. അതിനിടെ യുകെയിൽ കോവിഡ്-19 ന്റെ വിളയാട്ടത്തിന് ഏതാണ്ട് ശമനമുണ്ടായെന്ന് സ്ഥിരീകരിക്കപ്പെടുന്നത് വരെ ലോക്ക്ഡൗണിൽ ഇളവനുവദിക്കുമെന്ന് പ്രതീക്ഷിക്കേണ്ടെന്ന് മുന്നറിയിപ്പ് നൽകി ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസറായ പ്രഫ. ക്രിസ് വിറ്റി രംഗത്തെത്തികയും ചെയ്തിട്ടുണ്ട്.

ആന്റിബൊഡി ടെസ്റ്റിന് ചിലരെ വിധേയരാക്കിയിട്ടുണ്ടെങ്കിലും അവ ഫലപ്രദമാണെന്ന് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നും വിറ്റി എടുത്ത് കാട്ടുന്നു.അടുത്തിടെയൊന്നും ലോക്ക്ഡൗണിൽ വലിയ ഇളവുകളുണ്ടാവുമെന്ന് ജനം പ്രതീക്ഷിക്കേണ്ടെന്ന മുന്നറിയപ്പുമായി ഫോറിൻ സെക്രട്ടറി ഡൊമിനിക് റാബും രംഗത്തെത്തിയിട്ടുണ്ട്.നിലവിൽ രാജ്യത്തുകൊറോണ വരുത്തിയ ദുരന്തം മൂർധന്യത്തിലെത്തി നിൽക്കുന്നുവെന്നാണ് വിശ്വസിക്കുന്നതെന്നും അതിനാൽ ഈ മഹാമാരിയെ നേരിടുന്നതിനുള്ള അടുത്ത ചുവട് വയ്പ് വളരെ കരുതലോടെ വെണമെന്നും റാബ് ഓർമിപ്പിക്കുന്നു.

യുകെയിൽ 24 മണിക്കൂറുകൾക്കിടെ ഇന്നലെ 439 പുതിയ കൊറോണ മരണങ്ങളുണ്ടാവുകയും 3802 പുതിയ പോസിറ്റീവ് കേസുകളുണ്ടാവുകയും രാജ്യത്തെ മൊത്തം കൊറോണ മരണസംഖ്യ 5373 ആയി ഉയരുകയും രോഗബാധിതരുടെ മൊത്തം എണ്ണം 51,608 ആവുകയും ചെയ്തിരിക്കെയാണ് കടുത്ത മുന്നറിയിപ്പുമായി റാബും വിറ്റിയും രംഗത്തെത്തിയിരിക്കുന്നത്. കൊറോണ ആരോഗ്യപരമായി നൽകിയ തിരിച്ചടികൾക്ക് പുറമെ അത് രാജ്യത്ത് സാമൂഹികപരമായവും സാമ്പത്തിക പരമായും കടുത്ത തിരിച്ചടിയേകിക്കൊണ്ടിരിക്കുന്നുവെന്നും എന്നാൽ നിലവിൽ ജനത്തിന്റെ ജീവന് മുൻഗണനയേകിക്കൊണ്ടുള്ള നിലപാട് സ്വീകരിച്ച് ലോക്ക് ഡൗൺ തുടരാൻ നിർബന്ധിതമായിരിക്കുന്നുവെന്നും റാബ് പറയുന്നു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രാജ്യത്തെ കൊറോണ മരണനിരക്കിലും പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണത്തിലും കുറവുണ്ടാകുന്നത് ആശാവഹമാണെന്നും എന്നാൽ ഇനിയുമേറെ കോവിഡ്-19 മരണങ്ങളുണ്ടാകുമെന്നുറപ്പാണെന്നും അതിനാൽ ജാഗ്രത പാലിച്ചേ മതിയാകൂ എന്നും റാബ് മുന്നറിയിപ്പേകുന്നു. ആന്റിബൊഡി ടെസ്റ്റുകൾ ഇനിയും ഫലപ്രദമാക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.ടെസ്റ്റിങ് കിറ്റുകൾ ശരിയായി പ്രവർത്തിക്കുന്നില്ലെന്ന മുന്നറിയിപ്പുമായി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ പ്രഫ. സർ ജോൺ ബെല്ലും രംഗത്തെത്തിയിട്ടുണ്ട്.

ജനസംഖ്യയിൽ വളരെ ചെറിയ ശതമാനം പേർക്ക് മാത്രമേ നിലവിൽ ആന്റിബൊഡീസ് ലഭിക്കാൻ സാധ്യതയുള്ളുവെന്നാണ് വിറ്റി പറയുന്നത്.സർക്കാർ ഓർഡർ പ്രകാരം ലഭ്യമാക്കിയതും വേണ്ട വിധം പ്രവർത്തിക്കാത്തതും ഇതിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടും ആന്റിബൊഡി ടെസ്റ്റുകൾ മെച്ചപ്പെടുത്താത്ത കമ്പനികളിൽ നിന്നും പണം തിരിച്ച് ചോദിക്കുമെന്നാണ് ഡൗണിങ് സ്ട്രീറ്റ് ഇന്നലെ പ്രതികരിച്ചിരിക്കുന്നത്. ഇത്തരം ടെസ്റ്റുകളൊന്നും പര്യാപ്തമായ വിധത്തിൽ ഉപയോഗിക്കാൻ സാധിക്കുന്നവയല്ലെന്ന് തിരിച്ചറിഞ്ഞിരിക്കുന്നുവെന്നാണ് പ്രധാനമന്ത്രിയുടെ വക്താവ് പ്രതികരിച്ചിരിക്കുന്നത്. പൊതുജനത്തിന് ഉപയോഗിക്കാൻ പറ്റുന്നവയല്ല ഇത്തരം ടെസ്റ്റുകളെന്ന് തിരിച്ചറിഞ്ഞുവെന്നാണ് പബ്ലിക്ക് ഹെൽത്ത് ഇംഗ്ലണ്ട് തലവനായ പ്രഫ. ജോൺ ന്യൂട്ടൻ പ്രതികരിച്ചിരിക്കുന്നത്.

ഇതുവരെ രോഗികളായവരിൽ മൂന്നിൽ ഒന്നും ആഫ്രിക്കൻ-ഏഷ്യൻ വംശജർ

സായിപ്പന്മാർക്ക് പ്രതിരോധ ശേഷിയില്ലാത്തതുകൊണ്ടാണ് അവർ കൊറോണ ബാധിച്ച് കൂട്ടത്തോടെ മരിക്കുന്നതെന്നും നാം ഇന്ത്യക്കാരെ അത് അങ്ങനെ ബാധിക്കില്ലെന്നും സ്വയം ആശ്വസിച്ച് കൊണ്ട് അഭിപ്രായപ്പെടുന്ന നിരവധി പേർ സമീപദിവസങ്ങളിലായി രംഗത്തെത്തിക്കൊണ്ടിരിക്കുന്നുണ്ട്. എന്നാൽ യുകെയിലെ കൊറോണ ബാധയുടെ പ്രവണത വിലയിരുത്തുമ്പോൾ ഈ ആശ്വാസത്തിന് അടിസ്ഥാനമില്ലെന്ന് ഏറ്റവും പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നു. യുകെയിൽ ഇതുവരെ കൊറോണ ബാധിച്ചവരിൽ മൂന്നിൽ ഒന്നും ആഫ്രിക്കൻ-ഏഷ്യൻ വംശജരാണെന്നാണ് എൻഎച്ച്എസ് കണക്കുകൾ മുന്നറിയിപ്പേകുന്നത്.

ഇത് പ്രകാരം യുകെയിൽ ആദ്യം കൊറോണ ജീവൻ എടുക്കുന്നത് കുടിയേറ്റക്കാരുടേതാണ്. അതിനാൽ ഇവിടെയുള്ള മലയാളികൾ കൂടുതൽ ജാഗ്രത എടുക്കണമെന്നും മുന്നറിയിപ്പുണ്ട്.യുകെയിലെ ബ്ലാക്ക് ആൻഡ് എത്നിക് മൈനോറിറ്റി (ബിഎംഇ)പശ്ചാത്തലങ്ങളിൽ നിന്നുള്ളവർക്കാണ് കൊറോണ കൂടുതൽ ഭീഷണി സൃഷ്ടിക്കുന്നതെന്ന് ഇതുവരെയുള്ള പ്രവണതകളിലൂടെ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് എൻഎച്ച്എസ് റിപ്പോർട്ട് എടുത്ത് കാട്ടുന്നത്. ഇത്തരക്കാർ യുകെയിലെ കുടിയേറ്റക്കാർ ജനസംഖ്യയുടെ വെറും 13 ശതമാനം മാത്രമേയുള്ളുവെങ്കിലും രാജ്യത്തുകൊറോണ ബാധിച്ചവരിൽ മൂന്നിലൊന്നും മലയാളികൾ അടക്കമുള്ള ഈ വിഭാഗത്തിൽ പെട്ടവരാണെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.

ഇന്റൻസീവ് കെയർ നാഷണൽ ഓഡിറ്റ് ആൻഡ് റിസർച്ച് സെന്ററാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. രാജ്യത്തുകൊറോണ ബാധിച്ചിരിക്കുന്നവരിൽ 14 ശതമാനം പേർ ഏഷ്യക്കാരും 14 ശതമാനം പേർ ബ്ലാക്ക് വിഭാഗത്തിൽ പെട്ടവരും ഏഴ് ശതമാനം പേർ സ്വയം ' അതർ' വിഭാഗത്തിൽ പെട്ടവരെന്ന് വിശേഷിപ്പിച്ചിരിക്കുന്നവരുമാണ്. യുകെയിൽ ഇതുവരെയുണ്ടായിരിക്കുന്ന കൊറോണ മരണങ്ങളിൽ 2249 പേർ നോൺ-വൈറ്റ് കമ്മ്യൂണിറ്റികളിൽ നിന്നുള്ളവരാണെന്നാണ് വ്യക്തമായിരിക്കുന്നത്. യുകെയിലെ മറ്റ് സമൂഹങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ എത്നിക് മൈനോറിറ്റി വിഭാഗത്തിൽ പെടുന്നവർ ദരിദ്ര പശ്ചാത്തലത്തിലുള്ളവരായിരിക്കുമെന്നും അതിനാൽ അവരെ കൊറോണ കൂടുതൽ ബാധിക്കുന്നുവെന്നും ഈ റിപ്പോർട്ട് മുന്നറിയിപ്പേകുന്നു.

ദരിദ്രപശ്ചാത്തലത്തിൽ ജീവിക്കുന്നവർ പുകവലി, മദ്യപാനം മറ്റ് ദുശ്ശീലങ്ങൾ എന്നിവക്ക് അടിപ്പെടുന്നതിനുള്ള സാധ്യതയേറെ ആയതിനാൽ ഇവർക്ക് പ്രതിരോധ ശേഷി കുറയുമെന്നും തൽഫലമായി കൊറോണ പോലുള്ള രോഗങ്ങൾക്ക് കൂടുതൽ അടിപ്പെടുന്നുവെന്നും ഈ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. കൂടാതെ ഇത്തരം ദുശ്ശീലങ്ങളുടെ ഫലമായി ഇവർക്ക് ക്യാൻസർ, ശ്വാസകോശ രോഗങ്ങൾ, ഹൃദ്രോഗങ്ങൾ തുടങ്ങിയവ പിടിപെടുന്നതിനുള്ള സാധ്യതയും കൂടുതലാണ്. ഈ വക രോഗങ്ങൾ നേരത്തെയുള്ളവർക്ക് കോവിഡ്-19 പിടിപെട്ടാൽ അത് വഷളായി മരണം സംഭവിക്കുന്നതിനുള്ള സാധ്യതയേറെയാണ്. ഏഷ്യൻ-ആഫ്രിക്കൻ വംശജർ യുകെയിൽ കോവിഡ്-19 ബാധിച്ച് കൂടുതലായി മരിക്കുന്നതിന് ഇതുമൊരു കാരണമായി വർത്തിച്ചിട്ടുണ്ട്.

പാവപ്പെട്ടവർ പൊതുഗതാഗത സംവിധാനം കൂടുതലായി ഉപയോഗിക്കാൻ നിർബന്ധിതരാകുന്നതും ഇവർക്ക് കൊറോണ പടരുന്നതിനും പടർത്തുന്നതിനും വഴിയൊരുക്കുന്നുവെന്നും ഈ റിപ്പോർട്ട് എടുത്ത് കാട്ടുന്നു.കൂടാതെ ഇത്തരക്കാർ ആളുകൾ തിങ്ങി നിറഞ്ഞ വീടുകളിലാണ് താമസിക്കുന്നതെന്നതും ഇത്തരക്കാർക്കിടയിൽ രോഗം വേഗത്തിൽ പടർന്ന് പിടിക്കുന്നതിന് വഴിയൊരുക്കുന്നുവെന്നും എൻഎച്ച്എസ് റിപ്പോർട്ട് വിലയിരുത്തുന്നു.സൗത്ത് ഏഷ്യക്കാർ കോവിഡ് 19 ബാധിച്ച് ഐസിയുവിൽ എത്തുന്നതേറുന്ന പ്രവണത നിലനിൽക്കുന്നുവെന്ന വെളിപ്പെടുത്തലുമായി ചാരിറ്റി സൗത്ത് ഏഷ്യൻ ഹെൽത്ത് ഫൗണ്ടേഷനിലെ പ്രഫ. കംലേഷ് ഖുന്റിയും വാസിം ഹനീഫും രംഗത്തെത്തിയിട്ടുണ്ട്. ഇത്തരക്കാർ കൂടുതലായി കൊറോണക്ക് ബലിയാടായിത്തീരുന്നത് ആശങ്കയുയർത്തുന്നുവെന്നാണ് യൂണിവേഴ്സിറ്റി ഓഫ് ലെയ്സെസ്റ്ററിലെ പ്രൈമറി കെയർ ഡയബറ്റിസ് ആൻഡ് വാസ്‌കുലാർ മെഡിസിനിലെ പ്രഫസറായ കംലേഷ് എടുത്ത് കാട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP