Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റൗണ്ട്‌സ് എടുക്കുമ്പോൾ വാർഡിൽ ആർക്കെങ്കിലും നെഞ്ചുവേദന വന്നാൽ അല്ലെങ്കിൽ ശ്വാസംമുട്ടൽ അധികമായാൽ സഹായത്തിനായി ആദ്യം വിളിക്കുന്നത് സിസ്റ്ററേ....എന്നാണ്; ഞങ്ങൾ വൈകുന്നേരം വീട്ടിലേക്ക് മടങ്ങിയാൽ രോഗീ പരിചരണം സഹോദരിമാരുടെ കൈകളിൽ ഭദ്രം; യുദ്ധഭൂമിയിൽ കാരുണ്യത്തിന്റെ വെളിച്ചവുമായി എത്തിയ ഫേളോറൻസ് നൈറ്റിംഗേലിന്റെ പിന്മുറക്കാരെ അത്രയ്ക്ക് വിശ്വാസമാണ് സമൂഹത്തിന്; പ്രിയ സഹോദരിമാർക്ക് സ്‌നേഹപൂർവ്വം; ഡോ ബി പത്മകുമാർ എഴുതുമ്പോൾ

റൗണ്ട്‌സ് എടുക്കുമ്പോൾ വാർഡിൽ ആർക്കെങ്കിലും നെഞ്ചുവേദന വന്നാൽ അല്ലെങ്കിൽ ശ്വാസംമുട്ടൽ അധികമായാൽ സഹായത്തിനായി ആദ്യം വിളിക്കുന്നത് സിസ്റ്ററേ....എന്നാണ്; ഞങ്ങൾ വൈകുന്നേരം വീട്ടിലേക്ക് മടങ്ങിയാൽ രോഗീ പരിചരണം സഹോദരിമാരുടെ കൈകളിൽ ഭദ്രം; യുദ്ധഭൂമിയിൽ കാരുണ്യത്തിന്റെ വെളിച്ചവുമായി എത്തിയ ഫേളോറൻസ് നൈറ്റിംഗേലിന്റെ പിന്മുറക്കാരെ അത്രയ്ക്ക് വിശ്വാസമാണ് സമൂഹത്തിന്; പ്രിയ സഹോദരിമാർക്ക് സ്‌നേഹപൂർവ്വം; ഡോ ബി പത്മകുമാർ എഴുതുമ്പോൾ

ഡോ ബി പത്മകുമാർ

പ്രിയ സഹോദരിമാർക്ക് സ്‌നേഹപൂർവ്വം ...

ശുപത്രിയിൽ റൗണ്ട്‌സ് എടുക്കുമ്പോൾ വാർഡിൽ ആർക്കെങ്കിലും നെഞ്ചുവേദന വന്നാൽ അല്ലെങ്കിൽ ശ്വാസംമുട്ടൽ അധികമായാൽ ഞങ്ങൾ സഹായത്തിനായി ആദ്യം വിളിക്കുന്നത് സിസ്റ്ററേ....എന്നാണ്. ഉടൻതന്നെ മരുന്ന നിറച്ച സിറിഞ്ച് മായി അല്ലെങ്കിൽ ഓക്‌സിജൻ സിലിണ്ടറുമായി അല്ലെങ്കിൽ എമർജൻസി ട്രേ യുമായി ഓടിയെത്തുക യായി സിസ്റ്റർ. എപ്പോഴും ഞങ്ങളുടെ വിളിപ്പുറത്തുതന്നെയുണ്ട് ഞങ്ങളുടെ സഹോദരിമാർ. ജീവകാരുണ്യവും സ്‌നേഹപരിചരണവും തൊഴിലായി സ്വീകരിച്ച നേഴ്‌സുമാരെ ഞങ്ങൾ സിസ്റ്റർ എന്നാണ് വിളിക്കുന്നത് .ഞങ്ങളുടെ സ്‌നേഹവും വാത്സല്യവും കരുതലുമൊക്കെ ആ വിളിയിൽ ഉണ്ട്.

ഡോക്ടർ ആയതിനുശേഷം ഞാൻ ഇതുവരെ ഒരു ലോകാരോഗ്യ ദിനവും ആചരിക്കാതെ ഇരുന്നിട്ടില്ല .ഏപ്രിൽ ഏഴാം തിയതി ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ സെക്രട്ടറി നാസറും ആയി ചേർന്ന് ആലപ്പുഴയിൽ എന്തെങ്കിലും ഒരു പരിപാടി ഞങ്ങൾ സംഘടിപ്പിക്കും കഴിഞ്ഞ 25 വർഷമായി മുടങ്ങാത്ത ഒരു ശീലമാണിത് . ഇത്തവണത്തെ ലോക ആരോഗ്യദിനത്തിൽ covid 19 ന് എതിരെയുള്ള പോരാട്ടത്തിൽ അണി നിരന്നിരിക്കുന്ന അസംഖ്യം നഴ്‌സുമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും ത്യാഗോജ്ജ്വലമായ സേവനം ആദരവോടെ സ്മരിക്കാൻ W H O ആഹ്വാനം ചെയ്തത് തികച്ചും ഉചിതമായി

ഞങ്ങളുമായി ഇടപെടുന്നതിനെക്കാൾ രോഗിയും ബന്ധുക്കളും ഇടപഴകുന്നത് നേഴ്‌സുമാരും ആയിട്ടാണ് ആണ് . ദുരിത സമയങ്ങളിൽ അവർ കാരുണ്യത്തിന്റെ പുഞ്ചിരിയുമായിരോഗികളെ പരിചരിക്കുന്നു . ജോലി കഴിഞ്ഞു ഞങ്ങൾ വൈകുന്നേരം വീട്ടിലേക്ക് മടങ്ങിയാൽ രോഗീപരിചരണം ഞങ്ങളുടെ സഹോദരിമാരുടെ കൈകളിൽ ഭദ്രം. അത്ഭുതമെന്നു പറയട്ടെ നാളിതുവരെയായി ഒരു രോഗിയും കൂട്ടിരിപ്പുകാരും ഒരു സിസ്റ്ററുടെ സേവനത്തെക്കുറിച്ച് എന്നോട് പരാതി പറഞ്ഞിട്ടില്ല .യുദ്ധഭൂമിയിൽ കാരുണ്യത്തിന്റെവെളിച്ചവുമായി എത്തിയ ഫേളോറൻസ് നൈറ്റിംഗേലിന്റെ പിന്മുറക്കാരെ അത്രയ്ക്ക് വിശ്വാസമാണ് സമൂഹത്തിന്

എന്റെ മനസ്സിലൂടെ ഒത്തിരി പുഞ്ചിരിക്കുന്ന മുഖങ്ങൾ കടന്നുപോവുകയാണ് . സ്വന്തം ദുഃഖങ്ങൾ മറന്നുകൊണ്ട് രോഗദുരിതങ്ങളിൽ ബുദ്ധിമുട്ടുന്ന വരെ മാറോടു ചേർത്തു പിടിച്ച സഹോദരിമാർ . ഹൗസ് സർജൻസി കാലത്ത് എന്നെ ആദ്യമായി ഇഞ്ചക്ഷൻ എടുക്കാൻ പഠിപ്പിച്ച വീടിനടുത്ത് തന്നെ താമസിച്ചിരുന്ന രാധമണിസിസ്റ്റർ .... I V ലൈൻ ഇടാനും ബ്ലഡ് സ്റ്റാർട്ട് ചെയ്യാനും പരിശീലിപ്പിച്ച സാവിത്രിയമ്മ സിസ്റ്റർ ....ഓപ്പറേഷൻ തീയറ്ററിൽ സർജറി യൂണിറ്റ് ചീഫിനെ അസിസ്റ്റ് ചെയ്യാൻ കയറുമ്പോൾ നേരാംവണ്ണം ഗ്ലൗസ് ഇടാൻ പരിശീലിപ്പിച്ച ലീല സിസ്റ്റർ ... ആലപ്പുഴയിൽനിന്ന് കൊച്ചുവെളുപ്പാൻ കാലത്ത് തൃശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ മൂന്ന് ബസ് മാറി കയറി ചെല്ലുമ്പോൾ ഫ്‌ളാസ്‌കിൽ നിന്നും കാപ്പി പകുത്തുതന്നിരുന്ന മേഴ്‌സി സിസ്റ്റർ ... പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഓണാഘോഷത്തിന് ഞങ്ങളോടൊപ്പം പാടുകയും കവിത ആലപിക്കുകയും ഒക്കെ ചെയ്ത കലാകാരി കവിത സിസ്റ്റർ .... എന്നും പേരാട്ടവീര്യത്തോടെ നേഴ്‌സ്മാരുടെ അവകാശങ്ങൾക്കുവേണ്ടി വാദിച്ച അമൃത സിസ്റ്റർ... കോവിഡു ബാധിച്ച് രോഗം ഭേദമായ ഇന്ത്യയിലെ ആദ്യത്തെ രോഗിയുടെ പരിചരണത്തിന് ആലപ്പുഴ മെഡിക്കൽ കോളേജിൽ ഞങ്ങളോടൊപ്പം നിന്ന സിസ്റ്റർ ഷീജ അടക്കമുള്ള സഹോദരിമാർ... ശബരിമല ഡ്യൂട്ടി എടുക്കുമ്പോൾ സന്നിധാനത്തു നിന്നും പമ്പവരെ Ambu ബാഗുമായി രോഗിയെ അനുഗമിച്ച മനോജ് ബ്രദർ(മെയിൽ നേഴ്‌സ് മാരെ ഞങ്ങൾ ബ്രദർ എന്നാണ് വിളിക്കുന്നത്), നിപ്പയെ കുറിച്ച് ഞാൻ എഴുതിയ പുസ്തകം പ്രകാശനം ചെയ്തപ്പോൾ ആദ്യമായി സ്വീകരിച്ച സിസ്റ്റർ ലിനിയുടെ കുഞ്ഞുങ്ങൾ റിതുലും സിദ്ധാർത്ഥും ......

എനിക്കൊരിക്കലും മറക്കാൻ പറ്റാത്തത് ഔറംഗബാദ് മെഡിക്കൽ കോളേജിൽ പിജി ചെയ്യുമ്പോഴുള്ള അനുഭവമാണ് .T B വാർഡിൽ ആയിരുന്നു ഡ്യൂട്ടി . ആരോരുമില്ലാത്ത പട്ടിണി പാവങ്ങളായ രോഗികളെ കൊണ്ട് തള്ളുന്ന ഇടമായിരുന്നു മെഡിക്കൽ കോളേജ് T Bവാർഡ് . ഒരുദിവസം രാത്രി ഒരുമണിയോടെ വാർഡിലെ അറ്റൻഡർ എന്റെ ഹോസ്റ്റൽ മുറിയിൽ വന്ന് മുട്ടി വിളിച്ചു . ഡിസംബർ മാസത്തിലെ അതിശൈത്യത്തിൽ അയാൾ കിടുകിടെ വിറയ്ക്കുന്നുണ്ട്.കൈയിൽ പട്ടിയെ ഓടിക്കാൻ വടിയും ടോർച്ചും .T B വാർഡ് ആശുപത്രിയിലെ ഒരു ഒഴിഞ്ഞ മൂലയ്ക്ക് ആണ് . സാനിറ്റോറിയം മാതൃകയിലുള്ള പഴയ കെട്ടിടം . ഏകദേശം അര കിലോമീറ്ററോളം നടക്കണം .ടോർച്ച് തെളിച്ച് മുമ്പേ നടക്കുകയാണ്അറ്റൻഡർ. ഇതിനിടയിൽകറണ്ടും പോയി . കുറ്റാക്കൂരിരുട്ട്. ദൂരെ നിന്ന് T B വാർഡിൽ ഒരു ചെറിയ വെട്ടം കാണാം . ഡ്യൂട്ടി സിസ്റ്ററിന്റെ കൈയിലെ മെഴുകുതിരി വെട്ടം ആയിരുന്നു അത് . മുപ്പതോളം അവശരായ T B രോഗികളെ പരിചരിക്കുകയാണ് ആ സിസ്റ്റർ . രക്തംചുമച്ചു തുപ്പി ഗുരുതരാവസ്ഥയിൽ എത്തിയ ഒരു രോഗിയെ അറ്റൻഡ് ചെയ്യാനാണ് എന്നെ വിളിച്ചത് .ബ്ലീഡിങ് നിൽക്കാൻ ഇഞ്ചക്ഷനും ഡ്രിപ്പും കൊടുത്തെങ്കിലും തീരെ അവശനായിരുന്ന രോഗി ഒരു മണിക്കൂറിനുള്ളിൽ മരിച്ചു .സിസ്റ്ററുടെ കൈത്താങ്ങിനുള്ളിൽ തന്നെയാണ് അയാൾ മരിച്ചത് . ഞാൻ കുറ്റാക്കൂരിരുട്ടിൽ ആ വാർഡിൽ കണ്ടത് വിളക്കേന്തിയ വനിത യെതന്നെയായിരുന്നു .

നിരവധിപരിമിതികൾക്കിടയിലാണ് സഹോദരിമാർ ജോലിചെയ്യുന്നത് Covid പോലെയുള്ള പകർച്ചവ്യാധികൾ പടരുമ്പോൾ വേണ്ടത്ര സുരക്ഷാ ഉപാധികൾ പോലും ഇല്ലാതെ ജോലി ചെയ്യേണ്ടി വരാറുമുണ്ട് . സർക്കാർ ആശുപത്രികളിൽ പ്രത്യേകിച്ചും ജോലിഭാരവും കൂടുതലാണ് .വീട്ടിലെ ഉത്തരവാദിത്വങ്ങൾ വേറെയും ...കോവിഡ് കാലത്ത് സ്വയം സുരക്ഷയ്ക്കായി ഈ മാർഗ്ഗങ്ങൾ കൂടി പ്രിയസഹോദരിമാർ ശ്രദ്ധിക്കുമല്ലോ....

* രോഗലക്ഷണങ്ങളില്ലാത്തവരിൽ നിന്നും രോഗം പകരാം. ആശുപത്രി അന്തരീക്ഷം രോഗം പകരാനുള്ള സാദ്ധ്യത കൂടിയ സ്ഥലമാണ്. ഏതുരോഗിയെ പരിചരിക്കുമ്പോഴും കൈകൾ ഇടയ്ക്കിടയ്ക്ക് കഴുകുക, മാസ്‌കും ഗ്ലൗസും ഉപയോഗിക്കുക.
* ആശുപത്രിയിലെ ലിഫ്റ്റ് കഴിയുന്നതും ഉപയോഗിക്കാതെ കോണിപ്പടി കയറുക.
* വീട്ടിൽ ചെന്നുകഴിഞ്ഞാൽ നന്നായി കുളിച്ച് വസ്ത്രങ്ങൾ മാറിയതിനു ശേഷം മാത്രമേ വീട്ടിലെ പ്രായമുള്ളവരുമായും കുട്ടികളുമായും ഇടപഴകാവു.
* ആശുപത്രിയിൽ കൊണ്ടുപോയ പേന , മൊബൈൽ ഫോൺ, കണ്ണട തുടങ്ങിയവ സോപ്പുവെള്ളമുപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ തുടച്ചു വൃത്തിയാക്കാൻ മറക്കരുത്....

എന്തുമാകട്ടെ പതിനായിരക്കണക്കിന് നിരാലംബരുടെ പ്രാർത്ഥനയും സ്‌നേഹവും കരുതലും എന്റെ കൂടപ്പിറപ്പുകൾക്ക് ഉണ്ട് എന്ന കാര്യത്തിൽ തർക്കമില്ല . ഞങ്ങളോടൊപ്പം ചേർന്നു കൊണ്ട് കേരളത്തിലെ ആരോഗ്യമേഖലയെ വിശ്വമാതൃകയാക്കാൻ യത്‌നിക്കുന്നപ്രിയപ്പെട്ട *സഹോദരിമാർക്ക് ആശംസകൾ

ഡോ. ബി പത്മകുമാർ*

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP