Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കണ്ണൂരിന് പോലും കാസർകോടിനെ പേടി; പിന്നെ എങ്ങനെ കർണ്ണാടകയെ കുറ്റം പറയാനാവും? കണ്ണൂരും കാസർകോടുമായുള്ള അതിർത്തികൾ എല്ലാം കല്ലും മണ്ണുമിട്ട് അടച്ച് യതീഷ് ചന്ദ്ര; അതിർത്തിയിൽ കാവലുള്ള പൊലീസുകാരോട് റോഡ് അടയ്ക്കാൻ നിർദ്ദേശിച്ചത് എസ് പി നേരിട്ട്; പെട്ടുപോയത് അവശ്യ സർവ്വീസുകാരും ആരോഗ്യ പ്രവർത്തകരും; എസ് പിയുടെ ഉത്തരവ് ലംഘിക്കാനാവില്ലെന്ന് പ്രതിഷേധക്കാരോട് പൊലീസിന്റെ മറുപടിയും; കാസർകോടിനെ കണ്ണൂരും ഒറ്റപ്പെടുത്തുമ്പോൾ

കണ്ണൂരിന് പോലും കാസർകോടിനെ പേടി; പിന്നെ എങ്ങനെ കർണ്ണാടകയെ കുറ്റം പറയാനാവും? കണ്ണൂരും കാസർകോടുമായുള്ള അതിർത്തികൾ എല്ലാം കല്ലും മണ്ണുമിട്ട് അടച്ച് യതീഷ് ചന്ദ്ര; അതിർത്തിയിൽ കാവലുള്ള പൊലീസുകാരോട് റോഡ് അടയ്ക്കാൻ നിർദ്ദേശിച്ചത് എസ് പി നേരിട്ട്; പെട്ടുപോയത് അവശ്യ സർവ്വീസുകാരും ആരോഗ്യ പ്രവർത്തകരും; എസ് പിയുടെ ഉത്തരവ് ലംഘിക്കാനാവില്ലെന്ന് പ്രതിഷേധക്കാരോട് പൊലീസിന്റെ മറുപടിയും; കാസർകോടിനെ കണ്ണൂരും ഒറ്റപ്പെടുത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കാസർകോട്ടുകാർക്ക് മംഗലുരുവിലേക്ക് മാത്രമല്ല, ഇനി കണ്ണൂരിലേക്കും വരാനാകില്ല. കൊറോണ ഭീതിയിൽ കണ്ണൂരിലേക്കുള്ള അതിർത്തികളും അടച്ചു പൂട്ടി. കാങ്കോൽ ആലപ്പടമ്പ്, പെരിങ്ങോം പഞ്ചായത്തുകളും കാസർകോട് ജില്ലയുമായി ബന്ധിക്കുന്ന എല്ലാ റോഡുകളും ശനിയാഴ്ച വൈകുന്നേരം കല്ലിട്ടടച്ചതോടെ ആരോഗ്യപ്രവർത്തകരും അവശ്യ സേവനം ചെയ്യുന്നവരും വിഷമത്തിലാണ്.

കാസർകോട് 152 കൊറോണ രോഗികളാണുള്ളത്. കണ്ണൂരിൽ 50ഉം. കേരളത്തിലെ 306 കേസുകളിൽ പകുതിയും കാസർകോടാണ്. കർണ്ണാടകയിൽ 144 കേസുകളാണ് ആകെയുള്ളത്. അതിൽ കൂടുതൽ കാസർകോടുണ്ട്. ഈ സാഹചര്യത്തിലാണ് കാസർകോടുമുള്ള അതിർത്തി അടച്ചതെന്നാണ് കർണ്ണാടകയുടെ വാദം. ഇതിന് കൂടുതൽ കരുത്ത് പകരുന്നതാണ് കണ്ണൂരിലെ അതിർത്തി അടയ്ക്കലും. വൈറസ് വ്യാപനം തടയാനുള്ള ഉത്തമ മാർഗ്ഗമായി കണ്ണൂരിന് പോലും റോഡ് മൂടൽ തോന്നി എന്നതാണ് വസ്തുത. ഇതോടെ കർണ്ണാടകയെ ഇനി എങ്ങനെ കുറ്റം പറയുമെന്ന ചോദ്യമാണ് സജീവമാകുന്നത്.

കണ്ണൂർ എസ്‌പി. യതീഷ് ചന്ദ്ര പെരിങ്ങോം സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ച വൈകുന്നേരം സന്ദർശിച്ചിരുന്നു. ജില്ല അതിർത്തിയിൽ കാവൽ നിൽക്കുന്ന പൊലീസുകാരോട് റോഡ് കല്ലിട്ട് അടയ്ക്കാൻ നിർദ്ദേശിക്കുകയായിരുന്നു. രാവിലെ കാസർകോട് ജില്ലയിലെ ചിറ്റാരിക്കാൽ, വെള്ളരിക്കുണ്ട് ഭാഗങ്ങളിലേക്ക് സേവനം ചെയ്യാൻ പോയ ആരോഗ്യ വകുപ്പ് ജീവനക്കാരും വനിതാ ജീവനക്കാരും അവശ്യ സർവീസ് ജീവനക്കാരായ ട്രഷറി, സിവിൽ സപ്ലൈസ് ജീവനക്കാരും മടങ്ങിവന്നപ്പോൾ റോഡിൽ കല്ലിട്ട് അടച്ച നിലയിലായിരുന്നുവെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തത്. ഇതോടെയാണ് ഈ വാർത്ത പുറംലോകത്ത് ചർച്ചയാത്.

കാസർകോടിന്റെ അതിർത്തി കർണ്ണാടക മണ്ണിട്ടാണ് മൂടിയതെങ്കിൽ ഇവിടെ കല്ലിട്ട് അടയ്ക്കുന്നു. അതായത് കണ്ണൂരിന് പോലും കാസർകോടിനെ പേടിയാകുകയാണ്. കണ്ണൂരിലേക്ക് കോവിഡ് പടർന്നതിന് കാരണം കാസർകോടാണെന്ന വിലയിരുത്തൽ സജീവമാണ്. അതുകൊണ്ടാണ് റോഡ് അടയ്ക്കുന്നത്. നേരത്തെ വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയവർക്ക് ഏത്തമിടൽ ശിക്ഷ വിധിച്ച യതീഷ് ചന്ദ്ര കണ്ണൂരിനെ രക്ഷിക്കാൻ അതിശക്തമായ നിലപാടാണ് എടുക്കുന്നത്. കർണ്ണാടകക്കാരനായ ഈ പൊലീസ് ഉദ്യോഗസ്ഥന്റെ നടപടിയും കാസർകോടിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിട്ടുണ്ട്. കാസർകോട് തീർത്തും ഒറ്റപ്പെടുകയാണ്. അതിർത്തി അടത്ത കർണ്ണാടകയുടെ നടപടി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

അതിനിടെയാണ് കണ്ണൂരും കാസർകോടിന്റെ അതിർത്തി അടച്ചത്. ഏറെ ബുദ്ധിമുട്ടുകൾ ഇതു കാരണം ഉണ്ടാകുന്നുണ്ട്. ആരോഗ്യ പ്രവർത്തകരും പ്രതിസന്ധിയിലാണ്. കാങ്കോൽ, കരിവെള്ളൂർ, പയ്യന്നൂർ, പുത്തൂർ ഭാഗങ്ങളിലുള്ളവർ കിണർമുക്കിൽ മണിക്കൂറുകളോളം കുടുങ്ങി. വെളിച്ചംതോട്, കിണർമുക്കിൽ എല്ലാ ഭാഗത്തും ചെങ്കല്ലിട്ട് റോഡ് പൂർണമായും അടച്ചതോടെ വനിതാ ജീവനക്കാരടക്കം വിഷമത്തിലായി. എസ്‌പി.ടെ ഉത്തരവ് മറികടക്കാൻ സാധിക്കില്ലന്ന് പൊലീസ് പറഞ്ഞു. ചില ജീവനക്കാർ വാഹനം വഴിയിൽ വെച്ച് നടക്കാൻ തുടങ്ങിയെന്നും മാതൃഭൂമി പറയുന്നു

അവശ്യ സേവനത്തിന് വീട്ടിൽ നിന്നിറങ്ങിയ ജീവനക്കാരെ ബുദ്ധിമുട്ടിച്ച പൊലീസിന്റെ നടപടിയിൽ വ്യാപക പ്രതിഷേധമാണുള്ളത്. എന്നാൽ ഇതു മാത്രമേ കണ്ണൂരിലേക്ക് കോവിഡ് ഇനിയും എത്താതിരിക്കാൻ വഴിയെന്നാണ് എസ് പിയുടെ പക്ഷം. കൊറോണ നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 10 തദ്ദേശ സ്ഥാപനങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിട്ടിരുന്നു. കൂടുതൽ കൊവിഡ് 19 കേസുകൾ റിപോർട്ട് ചെയ്യപ്പെട്ട തലശ്ശേരി സബ് ഡിവിഷനിലെ മൂന്ന് നഗരസഭകളിലും ഏഴ് പഞ്ചായത്തുകളിലുമാണ് കേരള പകർച്ചവ്യാധി നിയമ പ്രകാരം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഏപ്രിൽ നാലിന് ഇറക്കിയ ഉത്തരവ് പ്രകാരം കൂത്തുപറമ്പ്, തലശ്ശേരി, പാനൂർ മുനിസിപ്പിലാറ്റികളിലും മൊകേരി, ചൊക്ലി, പാട്യം, ചിറ്റാരിപ്പറമ്പ്, കതിരൂർ, പന്ന്യന്നൂർ, കോട്ടയം മലബാർ പഞ്ചായത്തുകളിലും നിയന്ത്രണങ്ങൾ നിലവിൽ വന്നിരുന്നു.

ഇതുപ്രകാരം, അടിയന്തര സാഹചര്യങ്ങളിലല്ലാതെ ജനങ്ങളുടെ സഞ്ചാരം ഇവിടങ്ങളിൽ വിലക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലുമുൾപ്പെടെ മൂന്നിലധികം ആളുകൾ കൂടിനിൽക്കരുത്, അവശ്യസാധനങ്ങൾ വീട്ടിലെത്തിച്ചുകൊടുക്കാൻ തദ്ദേശ സ്ഥാപനങ്ങൾ സംവിധാനമൊരുക്കണം, വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ ആരോഗ്യ പ്രവർത്തകർ സന്ദർശിച്ച് പ്രതിദിന റിപോർട്ട് ജില്ലാ കലക്ടർക്ക് സമർപ്പിക്കണം, പൊലീസ് ഉദ്യോഗസ്ഥരും ഹോം ഐസൊലേഷനിൽ കഴിയുന്നവരുടെ വീടുകളിൽ സന്ദർശനം നടത്തണം, കൊവിഡ് 19 ബാധിതർ താമസിച്ച വീടുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ ഫയർ ആൻഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥർ അണുവിമുക്തമാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കി. ഉത്തരവ് ലംഘിക്കുന്നത് കേരള എപ്പിഡെമിക് ഡിസീസ്(കൊവിഡ് 19) റെഗുലേഷൻസ് 2020ലെ 51 മുതൽ 60 വരെയുള്ള വകുപ്പുകൾ പ്രകാരം രണ്ടുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും ഉത്തരവ് വ്യക്തമാക്കി.

കൊറോണയുടെ സാമൂഹ്യവ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പ്രദേശങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്ന് അവലോകന യോഗത്തിൽ ജില്ലാ കലക്ടർ വ്യക്തമാക്കി. ജില്ലയിൽ ഇതുവരെ 52 കോവിഡ് 19 പോസിറ്റീവ് കേസുകൾ റിപോർട്ട് ചെയ്യപ്പെട്ടെങ്കിലും അവയെല്ലാം വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവർക്കായിരുന്നു. എന്നാൽ ഇവരിലേറെ പേരും തലശ്ശേരി സബ് ഡിവിഷൻ പരിധിയിൽപെട്ട സ്ഥലങ്ങളിൽ നിന്നായതിനാൽ സാമൂഹ്യ വ്യാപനത്തിന്റെ സാധ്യത നിലനിൽക്കുന്നുണ്ട്. ഇത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് ശക്തമായ നടപടികൾ സ്വീകരിക്കുന്നത്. നിയന്ത്രണങ്ങളുമായി പ്രദേശങ്ങളിലെ എല്ലാ ജനങ്ങളും പൂർണമായി സഹകരിക്കണമെന്ന് ജില്ലാ കലക്ടർ അഭ്യർത്ഥിച്ചു.

ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയ 1102 പ്രൈമറി കോൺടാക്റ്റുകളെ ഇതിനകം കണ്ടെത്താനായിട്ടുണ്ട്. 1320 സെക്കന്ററി കോൺടാക്റ്റുകളെയും കണ്ടെത്തി. നിസാമുദ്ദീനിൽ നിന്നെത്തിയവരിൽ സാംപിൾ പരിശോധനയ്ക്കു വിധേയരായ 11 പേരുടെയും ഫലം നെഗറ്റീവാണെന്ന് ഡിഎംഒ ഡോ. കെ നാരായണ നായിക് അറിയിച്ചു. ഒരാളുടെ കൂടി സാംപിൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇനിയും ആളുകൾ ഉണ്ടോ എന്നും പരിശോധിക്കുന്നു. ഈ സാഹചര്യത്തിലാണ് അതിർത്തി അടച്ച് കോവിഡിൽ നിന്നും കണ്ണൂരിന് രക്ഷയൊരുക്കാനുള്ള എസ് പി യതീഷ് ചന്ദ്രയുടെ ശ്രമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP