Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ടര മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധനാ ഫലം ലഭിക്കുന്ന റാപ്പിഡ് കിറ്റ് കേരളത്തിൽ എത്തിച്ച് ശശി തരൂർ എം പി; 3000 ടെസ്റ്റിങ്ങ് കിറ്റുകൾക്കായി എംപി ഫണ്ടിൽ നിന്ന് അനുവദിച്ചത് 57 ലക്ഷം രൂപ; വിമാനംവഴി കിറ്റുകൾ അതിവേഗം തിരുവനന്തപുരത്ത് എത്തിച്ചതിന് പിന്നിൽ ഓൾ ഇന്ത്യാ പ്രഫഷണൽ കോൺഗ്രസിന്റെ ഇടപെടലും; അഭിനന്ദന പ്രവാഹവുമായി സോഷ്യൽ മീഡിയ

രണ്ടര മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധനാ ഫലം ലഭിക്കുന്ന റാപ്പിഡ് കിറ്റ് കേരളത്തിൽ എത്തിച്ച് ശശി തരൂർ എം പി; 3000  ടെസ്റ്റിങ്ങ് കിറ്റുകൾക്കായി എംപി ഫണ്ടിൽ നിന്ന് അനുവദിച്ചത് 57 ലക്ഷം രൂപ; വിമാനംവഴി കിറ്റുകൾ അതിവേഗം തിരുവനന്തപുരത്ത് എത്തിച്ചതിന് പിന്നിൽ ഓൾ ഇന്ത്യാ പ്രഫഷണൽ കോൺഗ്രസിന്റെ ഇടപെടലും;  അഭിനന്ദന പ്രവാഹവുമായി സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോവിഡ് എന്ന മഹാമരിക്കു മുന്നിൽ വിദേശ രാജ്യങ്ങൾ പകച്ചു നിൽക്കുമ്പോൾപോലും കേരളം പൊരുതുകയാണ്. സമൂഹ വ്യാപനം ഇനിയും നടന്നിട്ടില്ല എന്നിരിക്കെ ഇനി കേരളത്തിന് ഏറ്റവും ആവശ്യമായിട്ടുള്ളത്് വേഗത്തിൽ കോവിഡ് ടെസ്റ്റ് നടത്താനുള്ള സംവിധാനമാണ്. എത്രയും റാൻഡം ടെസ്റ്റുകൾ നടത്തുന്നോ അത് അനുസരിച്ചായിരിക്കും കെറോണയെ പിടിച്ചുകിട്ടാനുള്ള കേരളത്തിന്റെ ശ്രമങ്ങൾ മുന്നേറുക. അതിലേക്കുള്ള ശക്തമായ ഒരു നീക്കമാണ് കോൺഗ്രസ് നേതാവും തിരുവനന്തപുരം എം പിയുമായ ശശി തരുർ നടത്തിയത്. തരൂരിന്റെ എം പി ഫണ്ടിൽനിന്ന് രണ്ടര മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധനാ ഫലം ലഭിക്കുന്ന റാപ്പിഡ് ആർറ്റി പിസിആർ കിറ്റ് വാങ്ങുന്നതിനായി 57 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇതിന്റെ ഭാഗമായി ആദ്യ ആയിരം കിറ്റുകൾ തിരുവനന്തപുരത്ത് എത്തുകയും ചെയ്തു.

ഇതോടെ ശശി തരൂരിന് സോഷ്യൽ മീഡിയയിലും നിറഞ്ഞ അഭിനന്ദനമാണ് ലഭിക്കുന്നത്. വെറുതെ കേരളം അതിജീവിക്കുമെന്നൊക്കെ പോസ്റ്റ് ഇടുന്ന നേരത്തിന് എം പിമാരും എംഎൽഎമാരും അടിയന്തരമായി തങ്ങളുടെ ഫണ്ട് കൊറോണ ടെസ്റ്റിങ്ങ് കിറ്റുകൾ വാങ്ങാൻ ഉപയോഗിക്കയാണ് വേണ്ടതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. ഐ.സി.എം.ആർ അംഗീകാരം ലഭിച്ച പുനൈ മൈ സോലൂഷ്യൻസ് ലാബിൽനിന്ന് ഇതുകൊണ്ടുവന്നത്. വിമാനത്താവളം അടിച്ചിട്ട സാഹചര്യത്തിൽ ഓൾ ഇന്ത്യാ പ്രഫഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ സ്പൈസ് ജെറ്റിന്റെ കാർഗോ വിമാനംവഴി കിറ്റുകൾ അതിവേഗം തിരവുനന്തപുരത്ത് എത്തിച്ചത്.

കിറ്റുകൾ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം കളക്ടർ കെ. ഗോപാലകൃഷ്ണന് കൈമാറി.റാപ്പിഡ് കിറ്റുപയോഗിക്കുന്നതു വഴി കോവിഡ് 19 പരിശോധനാഫലം രണ്ടര മണിക്കൂറിനുള്ളിൽ ലഭിക്കും. നിലവിൽ ആറ് മുതൽ ഏഴു മണിക്കൂറാണ് പരിശോധനാ ഫലം ലഭിക്കുന്നതിന് എടുക്കുന്നത്. '2000 കിറ്റുകൾ ഞായറാഴ്ചയെത്തും. ഈ കിറ്റുപയോഗിക്കുന്നതു വഴി കോവിഡ് 19 പരിശോധനാഫലം രണ്ടര മണിക്കൂറിനുള്ളിൽ ലഭിക്കും. നിലവിൽ ആറ് മുതൽ ഏഴു മണിക്കൂറാണ് ഫലം ലഭിക്കുന്നതിന് എടുക്കുന്നത്. 250 ഫ്ളാഷ് തെർമോമീറ്ററുകളും 9000 വ്യക്തിഗത സുരക്ഷാ കിറ്റുകളും ഇതിനു പുറമെ വരുന്നുണ്ട് എന്ന് അദ്ദേഹം അറിയിച്ചിട്ടുമുണ്ട്. ഇതിൽ മുൻകൈ എടുക്കുകയും എംപി ഫണ്ടിൽനിന്ന് തുക അനുവദിക്കുകയും ചെയ്ത ശശി തരൂരിനെ ഹാർദമായി അഭിനന്ദിക്കുന്നു.' -മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് 19 റാപ്പിഡ് ടെസ്റ്റിങ് ഡിവൈസുകൾ വികസിപ്പിക്കുന്നതിനായി ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന് ശശി തരൂരിന്റെ എംപി ഫണ്ടിൽ നിന്നും ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി ഡയറക്ടർ പ്രൊഫ. ആശാ കിഷോറുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ലോകത്ത് ചില സ്ഥാപനങ്ങളും ഇന്ത്യയിൽ ഒരു സ്വകാര്യ കമ്പനിയും 15 മിനുട്ടിൽ ഫലം ലഭ്യമാക്കുന്ന കിറ്റുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ടെങ്കിലും കടുത്ത ലഭ്യതകുറവും വളരെ ഉയർന്ന വിലയും (15004500 രൂപ വരെ) ഇവ വാങ്ങുന്നതിനും സാധാരണക്കാർക്ക് പ്രാപ്തമാക്കുന്നതിനും തടസമായിരിക്കുന്ന സാഹചര്യത്തിലാണ് തരൂരിന്റെ പുതിയ തീരുമാനം. ഈ സാഹചര്യത്തിലാണ് ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിദഗ്ധ സംഘം ഏപ്രിൽ ആദ്യ വാരത്തോടെ റാപ്പിഡ് ടെസ്റ്റിങ് ഡിവൈസുകൾ ലഭ്യമാക്കാൻ സന്നദ്ധത പ്രകടിപ്പിച്ചത്. ശ്രീചിത്ര വികസിപ്പിച്ചു നൽകുന്ന റാപ്പിഡ് ടെസ്റ്റിങ് ഡിവൈസുകൾ 15 മിനുറ്റുകൾക്കകം റിസൾട്ട് തരുകയും ഒരു വ്യക്തിക്ക് 200 രൂപ മാത്രം ചെലവ് വരുന്നതുമാണ്.സോഷ്യൽ മീഡിയിലും നിറഞ്ഞ അഭിനന്ദനമാണ് തരൂരിന് ലഭിക്കുന്നത്.

ഇതുസംബന്ധിച്ച് ജനകീയാരോഗ്യ പ്രസ്ഥാനമായ ഇൻഫോക്ലിനിക്ക് അംഗവും സാമൂഹിക പ്രവർത്തകനുമായ ഡോ നെൽസൺ ജോസഫിന്റെ പോസ്റ്റ് ഇങ്ങനെയാണ്

പറയാതെ വയ്യ. .

ഈ സമയത്ത് രാഷ്ട്രീയം പറഞ്ഞൂടാന്നാണ്

രാവിലെ കുറച്ച് പോസ്റ്റുകൾ കണ്ടു.. 'കൊവിഡ് 19 ടെസ്റ്റിങ്ങിനുള്ള 1000 കിറ്റുകൾ എത്തി, 2000 കിറ്റുകൾ എത്തും ' എന്ന് മാത്രമേ പോസ്റ്റുകളിലുള്ളൂ..

കിറ്റുകൾ എവിടെനിന്നെത്തി, എങ്ങനെത്തീന്നൊക്കെയുള്ള കാതലായ കാര്യങ്ങൾ രണ്ട് പേരും വിട്ടുപോയതുകൊണ്ട് അങ്ങ് പൂരിപ്പിച്ചേക്കാമെന്ന് വച്ചു.

കേരളത്തിന്റെ ആദ്യ ബാച്ച് റാപ്പിഡ് പ്രോസസിങ്ങ് കിറ്റുകൾ തിരുവനന്തപുരം എയർപോർട്ടിൽ വെറുതെ ഒരു സുപ്രഭാതത്തിൽ വന്ന് വീണതല്ല.

അതിന്റെ പിന്നിൽ തിരുവനന്തപുരം എംപി ശശി തരൂരും ഓൾ ഇന്ത്യാ പ്രഫഷണൽ കോൺഗ്രസുമടക്കം ഒരുപാട് പേരുടെ പ്രയത്നങ്ങളുണ്ട്.

മാർച്ച് മുപ്പതാം തിയതിയാണ് കൊവിഡിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾക്കായി 3000 റാപ്പിഡ് ടെസ്റ്റിങ്ങ് കിറ്റുകൾക്കായി എംപി ഫണ്ടിൽ നിന്ന് 57 ലക്ഷം രൂപ അനുവദിച്ചത്. ടെണ്ടറിങ്ങും പർച്ചേസിങ്ങും നടത്തുന്നത് ഡിസ്റ്റ്രിക്റ്റ് അഡ്‌മിനിസ്റ്റ്രേഷനാണെന്ന് ശ്രീ തരൂർ മറ്റൊരു ട്വീറ്റിൽ മറുപടിയായി പറയുന്നുണ്ട്.

വെറും മൂന്ന് ദിവസമേ എടുത്തുള്ളൂ ആദ്യ ടെസ്റ്റിങ്ങ് കിറ്റുകളുടെ ബാച്ച് ഇവിടെയെത്താൻ.

മൈ ലാബ് സൊല്യൂഷൻസ് പൂണെയിലാണ്. ഫ്ലൈറ്റുകളുടെ എണ്ണം വിരലിലെണ്ണാവുന്നതുപോലെ പരിമിതമാണ്. പൂനൈയിൽ നിന്ന് കിറ്റുകൾ തിരുവനന്തപുരത്തെത്താൻ എയർപോർട്ട് അടച്ചിരിക്കുകയുമാണ്

സ്പൈസ് ജെറ്റിന്റെ വിമാനത്തിലും റോഡ് മാർഗവുമാണ് കിറ്റുകൾ എത്തിച്ചത്.സ്പൈസ് ജെറ്റിന്റെ കാർഗോ വിമാനം അറേഞ്ച് ചെയ്തതുകൊണ്ടുണ്ടായ ഗുണം പ്രൈവറ്റ് ജെറ്റ് ചാർട്ട് ചെയ്യുന്ന അധികച്ചെലവ് ആവശ്യമായി വന്നില്ല എന്നതാണ്. 3.2 ലക്ഷം രൂപ ലാഭം. അത് എംപി ഫണ്ടിലേക്ക് തന്നെ ക്രെഡിറ്റ് ചെയ്യും.

പൂണെയിൽ നിന്ന് റോഡ് മാർഗം കിറ്റുകൾ മുംബൈയിലെത്തിക്കുന്നു. അവിടെനിന്ന് സ്പൈസ് ജെറ്റിന്റെ വിമാനത്തിൽ കോഴിക്കോട്ടേക്ക്. അതിനു സഹായിച്ചത് ഓൾ ഇന്ത്യാ പ്രഫഷണൽ കോൺഗ്രസ് അംഗം കൂടിയായ ക്യാപ്റ്റൻ ആനന്ദ് മോഹൻരാജ് ആയിരുന്നു.

അതിനു ശേഷം വിവിധ ജില്ലകളിലെ ഡിസ്റ്റ്രിക്റ്റ് കളക്ടർമാരുടെ സഹായത്തോടെ കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക്...ലോക്ക് ഡൗണിനിടയിലൂടെ..

എന്ന് വച്ചാൽ കിറ്റുകൾ വെറുതെ എത്തുകയല്ലായിരുന്നു...

വെറും മൂന്ന് ദിവസം കൊണ്ട് പണം അനുവദിച്ച് കിറ്റ് എത്തിക്കാൻ ഒട്ടേറെപ്പേർ സഹായിച്ചിട്ടുണ്ട്..കോർഡിനേറ്റ് ചെയ്തിട്ടുണ്ട്...

അത് മാത്രമല്ല, ശ്രീ ചിത്തിര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിക്ക് കൂടുതൽ ടെസ്റ്റ് കിറ്റുകൾ ഡെവലപ് ചെയ്യാനുള്ള സഹായത്തിനായി ഒരു കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

അതിനൊപ്പം കേന്ദ്ര സർക്കാരിനെ നിശിതമായി വിമർശിക്കുന്നതിലും പിഴവുകൾ ചൂണ്ടിക്കാട്ടുന്നതിലും മുന്നിൽ നിൽക്കുന്നത് വ്യാപകമായി ബിജെപിയിലേക്ക് പോവുമെന്ന് പ്രചരിപ്പിക്കപ്പെട്ട ശശി തരൂരാണ്

എത്രയൊക്കെ ഇകഴ്‌ത്താൻ ശ്രമിച്ചാലും ശശി തരൂർ ഒരു വള്ളപ്പാട് മുന്നിലാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്.

ശ്രീ ശശി തരൂരിനും കിറ്റുകളെത്തിക്കാൻ പരിശ്രമിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

കേരളം രക്ഷപ്പെടനായി എല്ലാ ജനപ്രതിനിധികളും ശശി തരൂരിന്റെ മാർഗത്തിൽ കൈ കോർത്തിരുന്നെങ്കിൽ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP