Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മരുന്നുകൾ എങ്ങനെ മലപ്പുറത്തേക്ക് എത്തിക്കും? വൈറ്റ് ഗാർഡിന്റെ ചോദ്യത്തിന് ഒരു ഐഡിയയുമില്ലെന്ന് സർക്കാർ നമ്പറിലെ പ്രതികരണം; ലോക് ഡൗൺ കാലത്ത് സന്നദ്ധ പ്രവർത്തനത്തിന് ഒറ്റയടിക്ക് വിലക്കിട്ട പിണറായിയുടെ തീരുമാനത്തിൽ ശക്തമായ എതിർപ്പ്; സന്നദ്ധ പ്രവർത്തകരെ വേട്ടയാടരുതെന്ന് മുനവറലി തങ്ങൾ; കൊടി പിടിച്ചവരെ കണ്ടാൽ കൊറോണ ഓടി ഒളിക്കുമോയെന്ന മന്ത്രി ജലീലിന്റെ ചോദ്യത്തോടെ എല്ലാം ഡിവൈഎഫ്‌ഐക്കെന്നും പരിഹാസം

മരുന്നുകൾ എങ്ങനെ മലപ്പുറത്തേക്ക് എത്തിക്കും? വൈറ്റ് ഗാർഡിന്റെ ചോദ്യത്തിന് ഒരു ഐഡിയയുമില്ലെന്ന് സർക്കാർ നമ്പറിലെ പ്രതികരണം; ലോക് ഡൗൺ കാലത്ത് സന്നദ്ധ പ്രവർത്തനത്തിന് ഒറ്റയടിക്ക് വിലക്കിട്ട പിണറായിയുടെ തീരുമാനത്തിൽ ശക്തമായ എതിർപ്പ്; സന്നദ്ധ പ്രവർത്തകരെ വേട്ടയാടരുതെന്ന് മുനവറലി തങ്ങൾ; കൊടി പിടിച്ചവരെ കണ്ടാൽ കൊറോണ ഓടി ഒളിക്കുമോയെന്ന മന്ത്രി ജലീലിന്റെ ചോദ്യത്തോടെ എല്ലാം ഡിവൈഎഫ്‌ഐക്കെന്നും പരിഹാസം

എം മനോജ് കുമാർ

 തിരുവനന്തപുരം: കൊറോണ കാലത്ത് സന്നദ്ധ പ്രവർത്തനം നിർത്തിയ സർക്കാർ നടപടികൾക്കെതിരെ സംസ്ഥാനത്ത് എതിർപ്പ് ശക്തമാകുന്നു. സന്നദ്ധ പ്രവർത്തനം സിപിഎമ്മിനും ഡിവൈഎഫ്‌ഐ പോലുള്ള അനുബന്ധ സംഘടനകൾക്കും തീറെഴുതാനുള്ള നീക്കം എന്നാണ് മറ്റു രാഷ്ട്രീയ പാർട്ടികൾ സന്നദ്ധ സേവനം നിർത്തിയ നടപടിയെ വിമർശിക്കുന്നത്. കൊറോണ കാലത്ത് സർക്കാർ സംവിധാനത്തിന്റെ ഭാഗമായി ഭക്ഷണം എത്തിക്കുന്ന കമ്യൂണിറ്റി കിച്ചൻ സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും കയ്യിലാണ്. കൊറോണ പ്രവർത്തനങ്ങൾക്ക് സർക്കാർ രൂപീകരിച്ച സന്നദ്ധ സേനയും ഡിവൈഎഫ്‌ഐയുടെ കയ്യിലാണ് എന്നാണ് യൂത്ത് കോൺഗ്രസ് നേതൃത്വവും കോൺഗ്രസ് നേതൃത്വവും ആരോപിച്ചത്. ഇപ്പോൾ സന്നദ്ധ പ്രവർത്തനങ്ങൾ ഒറ്റയടിക്ക് അവസാനിപ്പിച്ചു കൊണ്ടുള്ള സർക്കാർ തീരുമാനം സിപിഎമ്മിനെയും അനുബന്ധ സംഘടനകളെയും സഹായിക്കാനാണ് എന്നാണ് രാഷ്ട്രീയ എതിരാളികൾ ആരോപിക്കുന്നത്. സന്നദ്ധ പ്രവർത്തനം നടത്തുക സിപിഎമ്മോ ഡിവൈഎഫ്‌ഐയോ മാത്രമാകും. സന്നദ്ധ പ്രവർത്തനങ്ങൾ സർക്കാർ നേരിട്ട് ഏകോപിപ്പിക്കും എന്ന് പറയുമ്പോൾ അതിന്റെ ചുക്കാൻ സിപിഎമ്മിന് തന്നെയാകും എന്നാണ് മറ്റു രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള കണക്കുകൂട്ടൽ. പ്രതിപക്ഷത്ത് നിന്നും വിഷയത്തിൽ ശക്തമായ എതിർപ്പ് ഉയർത്തി മുന്നോട്ടു വന്നിരിക്കുന്നത് മുസ്ലിംലീഗാണ്. യൂത്ത് ലീഗ് പ്രസിഡന്റ് മുനവറലി ശിഹാബ് തങ്ങളും മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ.മജീദും ശക്തമായി എതിർപ്പ് ഉയർത്തി രംഗത്തുണ്ട്.

വിവിധ രാഷ്ട്രീയ പാർട്ടികൾ അവരുടെ സന്നദ്ധ സേനകൾ വഴിയാണ് നിലവിൽ ആശ്വാസ പ്രവർത്തനം നടത്തിവരുന്നത്. ലോക്ക് ഡൗൺ കാലത്ത് ഈ പ്രവർത്തനം വിഘാതമെന്നു കണ്ടാണ് സന്നദ്ധ പ്രവർത്തനം അവസാനിപ്പിക്കാൻ രാഷ്ട്രീയ പാർട്ടികളോട് സർക്കാർ നിർദ്ദേശിച്ചത്. ഇതിൽ പിന്നിൽ ചരട് സിപിഎമ്മിന് കൈമാറാനുള്ള നീക്കം എന്ന് മനസിലാക്കിയാണ് പ്രതിപക്ഷത്ത് നിന്നും എതിർപ്പ് ഉയരുന്നത്. ബദൽ സംവിധാനം ഒരുക്കിയിട്ടാണോ സന്നദ്ധ പ്രവർത്തനം അവസാനിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത് എന്നാണ് രാഷ്ട്രീയ പാർട്ടികൾ ഉയർത്തുന്ന ചോദ്യം.

സംസ്ഥാനത്ത് അപ്പാടെ സഹായമെത്തിക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ അപര്യാപ്തമാണ്. ഇത് മനസിലാക്കിയാണ് രാഷ്ട്രീയ പാർട്ടികൾ സ്വന്തം നിലയിൽ സാമൂഹ്യ പ്രവർത്തനം നടത്തുന്നത്. ഇതാണ് ഒറ്റയടിക്ക് സർക്കാർ അവസാനിപ്പിച്ചത്. മുസ്ലിം ലീഗാണ് ശക്തമായ ആരോപണങ്ങളുമായി രംഗത്തുള്ളത്. മുസ്ലിം ലീഗിന്റെ സന്നദ്ധ സേനയായ വൈറ്റ് ഗാർഡിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ സർക്കാർ തീരുമാനം വഴിവെച്ചതാണ് ലീഗിനെ ചൊടിപ്പിച്ചത്. പാവങ്ങൾക്ക് കൂടുതൽ സഹായം ആവശ്യമുള്ള ഈ സമയത്ത് സന്നദ്ധ പ്രവർത്തനം പാടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് കടുത്ത പ്രത്യാഘാതമുണ്ടാക്കും- ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് പറയുന്നു.

വൈറ്റ് ഗാർഡിന്റെ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്നതും കൊയിലാണ്ടി മണ്ഡലം എം.എസ്.എഫ് പ്രസിഡന്റ് ആസിഫ് കലാമിനെ, സന്നദ്ധ പ്രവർത്തനത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തതുമാണ് ലീഗിൽ നിന്നും പ്രതിഷേധ കൊടുങ്കാറ്റ് ഉയർത്തുന്നത്. യൂത്ത് ലീഗ് പ്രസിഡന്റായ പാണക്കാട് മുനവറലി തങ്ങൾ തന്നെ ശക്തമായ പ്രതിഷേധം ഈ കാര്യത്തിൽ ഉയർത്തിയിട്ടുണ്ട്. സന്നദ്ധ പ്രവർത്തകരെ വേട്ടയാടുന്ന നടപടി അംഗീകരിക്കാനാവില്ലെന്നാണ് മുനവ്വർ അലി തങ്ങൾ ആരോപിക്കുന്നത്. ആസിഫ് കലാമിന്റെ അറസ്റ്റ് അങ്ങേയറ്റം അപലപനീയവും മനുഷ്യത്വ രഹിതവുമാണ്. സമൂഹത്തിൽ പാവപ്പെട്ടവർക്ക് കൂടുതൽ സഹായം ആവശ്യമുള്ള ഈ സമയത്ത്, സന്നദ്ധ പ്രവർത്തനം പാടില്ലെന്ന സർക്കാർ ഉത്തരവ് തെറ്റായ നടപടിയാണ്. രണ്ടു പ്രളയകാലത്തും സ്തുത്യർഹ സേവനം ചെയ്ത സംഘടനയാണ് വൈറ്റ് ഗാർഡ്. ലോക്ക് ഡൗൺ കാലത്ത് രോഗികൾ മരുന്ന് കിട്ടാതെ വിഷമിച്ചപ്പോൾ 1500 ലധികം രോഗികൾക്ക് മരുന്ന് എത്തിച്ചു കൊടുക്കാൻ വൈറ്റ് ഗാർഡുകൾക്ക് സാധിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തു നിന്നുള്ള മരുന്ന് കാസർകോടെ കാൻസർ രോഗിക്ക് എത്തിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും പാലക്കാടെയ്ക്കും വയനാട് നിന്നും കൗ ലിഫ്റ്റിംഗിന് വേണ്ട ഉപകരണം ചേളാരിയിൽ വരെ എത്തിക്കാനും കഴിഞ്ഞിട്ടുണ്ട്. വലിയ മാതൃകയാണ് വൈറ്റ് ഗാർഡ് സൃഷ്ടിച്ചത്. വൈറ്റ് ഗാർഡിന്റെ സേവനം തത്ക്കാലം നിർത്തിവയ്ക്കുകയാണ്. സർക്കാരും പൊലീസും താക്കീത് ചെയ്തിരിക്കുകയാണ്. ഈ സേവനം ചെയ്യാൻ സാധിക്കില്ലെന്നാണ് താക്കീത്. അതുകൊണ്ട് ഇന്നലെ ഔദ്യോഗികമായി ഇതിന്റെ അറിയിപ്പ് ഫിറോസ് നൽകിയിട്ടുണ്ട്. ഞങ്ങൾക്ക് വിഷമമുണ്ട്. ഇപ്പോഴും രോഗികൾ ഞങ്ങളെ വിളിക്കുകയാണ്. വലിയ പ്രതിസന്ധിയാണ് വന്നിരിക്കുന്നത്. സന്നദ്ധ സേവനം നിർത്തിവെച്ച സർക്കാർ നിലപാട് പുനരാലോചിക്കണം. ഇതൊരു സാമൂഹ്യ പ്രശ്‌നമാണ്. ജനങ്ങൾ ബുദ്ധിമുട്ടുന്ന പ്രശ്‌നമാണ്. ഇത് ഞങ്ങൾ രാഷ്ട്രീയമായി തന്നെ ഞങ്ങൾ നേരിടും.

സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ ശരിയായ ദിശയിലല്ല. ഒറ്റക്കെട്ടായ പ്രവർത്തനങ്ങളാണ് വേണ്ടതെന്ന് ദിവസവും വാർത്ത സമ്മേളനം വിളിച്ച് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഈ നിലപാട് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. പ്രളയകാലത്ത് നാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിച്ചത് സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെയാണ്. പഞ്ചായത്തുകളിലെ കമ്യൂണിറ്റി കിച്ചണുകൾ പ്രവർത്തിക്കുന്നതും ഇതേ രീതിയിലാണ്. പ്രഖ്യാപനങ്ങൾ നടത്തുക മാത്രമാണ് സർക്കാർ ചെയ്യുന്നത്. ജാതിയോ മതമോ രാഷ്ട്രീയമോ നോക്കിയല്ല മുസ്ലിംലീഗ് ജീവകാരുണ്യ പ്രവർത്തനം നടത്താറുള്ളത്.

വസൂരിയും കോളറയും പടർന്നു പിടിച്ച കാലം തൊട്ടേ തുടങ്ങിയ സന്നദ്ധ സേവനമാണ്. മുസ്ലിം യൂത്ത്‌ലീഗിന്റെ വൈറ്റ്ഗാർഡ് സംസ്ഥാനത്തുടനീളം മെഡിചെയിൻ എന്ന പേരിൽ മരുന്നെത്തിക്കുന്നത് ഇതിന്റെ ഭാഗമായാണ്. കിടപ്പുരോഗികൾ ഉൾപ്പെടെ നൂറുകണക്കിന് പാവങ്ങൾക്കാണ് ഈ സന്നദ്ധ പ്രവർത്തനം ഗുണം ചെയ്യുന്നത്. മുസ്ലിംലീഗിന്റെ പ്രാദേശിക ഘടകങ്ങളും വിദേശ രാജ്യങ്ങളിലെ കെ.എം.സി.സി ഘടകങ്ങളും കൊറോണക്കാലത്ത് ജീവൻ പണയം വച്ചാണ്, ജീവൻ രക്ഷാ മരുന്നുകൾ എത്തിക്കാൻ സന്നദ്ധ പ്രവർത്തനം നടത്തുന്നത്. സർക്കാർ ഉത്തരവിന്റെ പശ്ചാതലത്തിൽ, ലോക് ഡൗൺ കാലത്തെ സന്നദ്ധ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്നും ഇതിനാൽ പൊതു ജനങ്ങൾക്ക് ഉണ്ടാകുന്ന പ്രയാസത്തിൽ ഖേദമുണ്ടെന്നുമാണ് തങ്ങൾ അറിയിക്കുന്നത്.

സന്നദ്ധ പ്രവർത്തനം ഒറ്റയടിക്ക് അവസാനിപ്പിക്കുമ്പോൾ മുസ്ലിം ലീഗ് വൈറ്റ് ഗാർഡ് പ്രവർത്തകർ മരുന്ന് എത്തിക്കാൻ സർക്കാർ സംവിധാനങ്ങളോട് ആവശ്യപ്പെടുന്നതിന്റെ ഓഡിയോ മുസ്ലിം ലീഗ് തന്നെ പുറത്തു വിട്ടിട്ടുണ്ട്. മരുന്നുകൾ എത്തിക്കുന്നതിനോ പാവപ്പെട്ടവർക്ക് സഹായം എത്തിക്കുന്നതിനോ സർക്കാർ സംവിധാനങ്ങൾ അപര്യാപ്തമാണെന്ന് തെളിയിക്കുകയാണ് ഈ ഓഡിയോ സംഭാഷണം.

മരുന്ന് എത്തിക്കാൻ ആവശ്യപ്പെടുന്ന ഫോൺ സംഭാഷണം:

മലപ്പുറം അമരമ്പലം പഞ്ചായത്തിൽ നിന്നാണ് വിളിക്കുന്നത്?

എന്താണ്?

നിലവിൽ മരുന്ന് എത്തിക്കുന്നത് വൈറ്റ് ഗാർഡിന്റെ ആളുകളാണ്. ഇന്നലെയും മിനിഞ്ഞാന്നും ഞങ്ങൾ മരുന്ന് എത്തിച്ചു. ഇനി അത് ചെയ്യേണ്ടെന്ന് കർശന നിർദ്ദേശമുണ്ട്. ഇനി ഞങ്ങൾ ചെയ്യുന്നില്ല. കോഴിക്കോട് നിന്നും മരുന്ന് എവിടേക്ക് എത്തിക്കേണ്ടതുണ്ട്. പെരിന്തൽമണ്ണയിൽ നിന്നുമുണ്ട്. മഞ്ചേരിയിൽ നിന്നും മരുന്ന് എത്തിക്കേണ്ടതുണ്ട്. ഞങ്ങൾ പൊലീസ് സ്റ്റേഷനിൽ സംസാരിച്ചപ്പോൾ ഞങ്ങൾക്ക് കിട്ടിയ നമ്പർ ആണിത്.

എങ്ങിനെ എത്തിക്കണം എന്നാണ് പ്രശ്‌നം അല്ലേ?

അതേ.

മരുന്ന് ഞങ്ങൾക്ക് വേണ്ടിയല്ല മറ്റുള്ളവർക്ക് വേണ്ടിയാണ്. ഞങ്ങൾ നമ്പർ കൊടുക്കണമെങ്കിൽ ഞങ്ങൾ കൊടുത്തുകൊള്ളാം. കോഴിക്കോട് നിന്നും രണ്ടു മരുന്ന് എത്തിക്കണം. മഞ്ചേരി മുട്ടിൽപ്പാലം എന്ന സ്ഥലത്ത് നിന്നും മരുന്ന് എത്തിക്കണം. പെരിന്തൽമണ്ണയിൽ നിന്നും എത്തിക്കണം. ജോർജ് ചെറിയാൻ സാറിന്റെ നമ്പറാണ്. സാറിനു വേണ്ടിയാണ്. ഇന്നലെ വരെ ഞങ്ങൾ ഞങ്ങളുടെ സംവിധാനം ഉപയോഗിക്കുകയായിരുന്നു. ഞങ്ങൾ കോഴിക്കൊടേക്ക് പാസ് ചെയ്യും. ഞങ്ങൾ വാട്‌സ് അപ്പ് ചെയ്യും. അതിന്റെ കാശ് പേ ടിഎം ആയി ചെയ്യും. വൈകുന്നേരം തന്നെ മരുന്ന് ഞങ്ങൾ എത്തിക്കാറുണ്ട്.

അപ്പുറത്ത് നിശബ്ദത....

ഞങ്ങൾക്ക് നിർദ്ദേശം ലഭിച്ചിട്ടില്ല. അന്വേഷിച്ചിട്ട് പറയാം. കോഴിക്കോട് നിന്ന് അറിയിച്ചിട്ട് ബോർഡറിൽ നിന്നും പൊലീസ് വഴി എത്തിക്കുകയാവും. ഞാൻ അന്വേഷിച്ചിട്ട് പറയാം. നിലവിൽ ഒരു ഐഡിയയുമില്ല. ചോദിച്ചിട്ട് പറയാം.....

ഞങ്ങൾ എല്ലാം കൃത്യമായി എത്തിക്കാറുണ്ട്. ഇന്നു മുതൽ യൂണിഫോമിട്ടു സന്നദ്ധ പ്രവർത്തനം അനുവദിക്കില്ല എന്നാണ് പറഞ്ഞത്. ഇതാണ് കർശന നിർദ്ദേശം. ഞങ്ങൾ സിഐയുമായി സംസാരിച്ചിരുന്നു. ഇത് മഞ്ചേരിയിൽ നിന്നും എത്രയും പെട്ടെന്ന് എത്തിക്കേണ്ട മരുന്നാണ്. അത്ര അർജന്റാണ്...

ഉത്തരമില്ല.

ഇതേ അവസ്ഥ നിലനിൽക്കുമ്പോൾ തന്നെയാണ് മന്ത്രി കെ.ടി.ജലീലിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റും പുറത്ത് വരുന്നത്. കൊടിയും വടിയുമെടുത്തുള്ള സാമൂഹ്യ സേവനം വേണ്ട മന്ത്രി കെ.ടി.ജലീൽ ഫെയ്‌സ് ബുക്കിൽ കുറിക്കുന്നത്. കൊടിയും വടിയും കുപ്പായവും ലേബലുമൊക്കെ സന്നദ്ധ പ്രവർത്തനത്തിനു നിർബന്ധമാണെന്ന് ശഠിക്കുന്നവരുടെ താൽപര്യം മറ്റെന്തോ ആണ്. എല്ലാ സേവനങ്ങളും സർക്കാർ സംവിധാനത്തിനു കീഴിൽ ഏകോപിച്ചാണ് കൊറോണ പ്രതിരോധ പ്രവർത്തനം കേരളത്തിൽ നടക്കുന്നത്. പ്രാദേശിക തലത്തിൽ അതിന് നേതൃത്വം നൽകുന്നത് പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോർപ്പറേഷനുകളുമാണ്. പ്രവർത്തനങ്ങളുടെ ഏകോപനമാണ് ഈ ദുരന്തമുഖം മറികടക്കാനുള്ള ഫലപ്രദമായ വഴി. അതിനാൽ സന്നദ്ധ പ്രവർത്തനം സർക്കാർ ഏകോപിപ്പിക്കുകയാണ്. ഏതെങ്കിലും നിറത്തിലുള്ള കുപ്പായമിട്ടവരെയോ കൊടിപിടിച്ചവരെയോ ടീ ഷർട്ടിട്ടവരെയോ കണ്ടാൽ കൊറോണ ഓടിയൊളിക്കുമെന്ന ധാരണ ആർക്കെങ്കിലുമുണ്ടോ? ഇനി അങ്ങിനെ വല്ല 'വിദ്യ' യും ഏതെങ്കിലും പേരെഴുതിയ കുപ്പായക്കാരുടെ കയ്യിൽ ഉണ്ടെങ്കിൽ ആ 'വിദ്യ' ജില്ലാ ഭരണകൂടത്തിനൊന്ന് കൈമാറിയാൽ വലിയ ഉപകാരമാകും-ജലീൽ പരിഹസിക്കുന്നു.

മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം തദ്ദേശ സ്ഥാപനങ്ങൾക്കു കീഴിൽ കുടുംബശ്രീകളുടെ മേൽനോട്ടത്തിൽ പ്രവർത്തനക്ഷമമായ പൊതു അടുക്കള ജനങ്ങളുടേതാണ്. അല്ലാതെ ഒരു പാർട്ടിയുടേതുമല്ല. ഇത്തരമൊരു പശ്ചാതലത്തിലാണ് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പൊലീസ് അംഗീകാരത്തോടെ ഓരോ വാർഡിൽ നിന്നും മൂന്നുവീതം തെരഞ്ഞെടുക്കപ്പെട്ട പൊതു വോളണ്ടിയർമാർ കൊടിയും വടിയും നിറവുമില്ലാതെ ഭക്ഷണവും മരുന്നും അവശ്യ സാധനങ്ങളും വേണ്ടവർക്ക് എത്തിക്കലുൾപ്പടെയുള്ള സന്നദ്ധ സേവനം നടത്തട്ടേ എന്ന് തീരുമാനിച്ചത്. സി.എച്ച് സെന്ററിന്റെ ഉടമസ്ഥതയിലുള്ള നൂറ് ആംബുലൻസുകൾ ഡ്രൈവർമാരോട് കൂടി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ സംസ്ഥാന സർക്കാരിനെ ഏൽപിച്ച സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ മാതൃക പിന്തുടർന്ന് ഏതെങ്കിലും സംഘടനകളുടെ കയ്യിൽ മരുന്നോ മറ്റു സാധനങ്ങളോ ഉണ്ടെങ്കിൽ അവ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറുകയാണ് കരണീയം. അവർ ആവശ്യക്കാർക്ക് എത്തിച്ചുകൊടുത്തു കൊള്ളും. പൊതു നന്മക്കു വേണ്ടിയാണിത്. ആരും കോപിക്കരുത്. കുപ്രചരണങ്ങൾ അഴിച്ചു വിടുകയും അരുത്-ജലീൽ കുറിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP