Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

9-9-9 എന്നത് ഘോര ഘോരപ്രചണ്ഡ ശാസ്ത്രമാണ്; സൂര്യൻ നീങ്ങുന്നു, ബുധൻ തെന്നുന്നു ശുക്രൻ തുള്ളുന്നു 9 ഗ്രഹങ്ങൾ, 9 രത്നങ്ങൾ, 9 മാങ്ങാത്തൊലീസ് ആൻഡ് 9 തേങ്ങാക്കൊലാസ്.....കേൾക്കുന്നവർ അമ്പരക്കും; ആകെ മൊത്തം ആകാശഗോളങ്ങളുടെ വിഭ്രമ ചലനങ്ങൾ; മോദിയുടെ ദീപം തെളിയിക്കൽ പ്രചോദന തന്ത്രമോ അന്ധവിശ്വാസ പ്രചാരണമോ; സി രവിചന്ദ്രൻ എഴുതുന്നു

മറുനാടൻ ഡെസ്‌ക്‌

ഷി, പ്ലീസ്!

 (1)കോവിഡ് വ്യാപനത്തിനെതിരെ പത്തു ദിവസമായി ലോക്ക് ഡൗൺ ചെയ്ത് വീട്ടിലിരിക്കുന്ന 136 കോടി മനുഷ്യരുടെ അതിജീവന പോരാട്ടത്തിന് വീര്യംപകരാൻ കുറച്ചുനേരം വെളിച്ചം തെളിക്കുന്നത് ന്യായം. ഇതൊക്കെ ഇങ്ങനെ ഓവറാക്കി ചളമാക്കണോ എന്നതിനെക്കാൾ 'മോട്ടിവേഷൻ മാത്രമേ ഉള്ളോ'എന്ന ചോദ്യമാണ് ഇപ്പോൾ കൂടുതലും കേൾക്കുന്നത്. എന്തായാലും പാട്ടകൊട്ടലിൽ സംഭവിച്ചത് ആവർത്തിക്കാതിരിക്കട്ടെ. ഏപ്രിൽ 5 ന് രാത്രി 9 മണിക്ക് ദീപംതെളിയിക്കുന്നതിന് പ്രചരിപ്പിക്കപ്പെടുന്ന വിശദീകരണം അന്യായം. എന്താണിത്? പ്രചോദനതന്ത്രമോ അന്ധവിശ്വാസപ്രചരണമോ? അന്ധവിശ്വാസിയായ ഒരാൾക്ക് ഏപ്രിൽ 5 ന് രാത്രി 9pm-9.09pm വരെ 9 മിനിറ്റ് വിളക്കുകൊളുത്തണം എന്ന ദിവ്യവിളി ഉണ്ടാകണമെങ്കിൽ ആരോ കാര്യമായി കൊളുത്തികൊടുത്തിട്ടുണ്ട്. ചുമ്മാതൊന്നും മോദി പറയില്ല എന്ന ആധുനിക ഋഷിമാരുടെ വിശകലനം തെറ്റാകാനിടയില്ല. അതാണ് ഈ രംഗത്തെ മോദിയുടെ ട്രാക്ക് റെക്കോഡ്.

(2) അന്ധവിശ്വാസങ്ങളിൽ ഏറ്റവും ജീർണ്ണിച്ചത് എന്നു പറയാവുന്ന ജ്യോതിഷമാണ് ഇവിടെ പയറ്റുന്നത്. 9-9-9 ഏറ്റവും കഴമ്പില്ലാത്ത് ആയതുകൊണ്ടുതന്നെ ജ്ഞാനപ്രഭുക്കളുടയും വരേണ്യവിപ്ലവകാരികളുടെയും ഇഷ്ടയിനമാണ്. പറഞ്ഞുവെക്കുന്നത് ഘോരപ്രചണ്ഡശാസ്ത്രമാണ്. സൂര്യൻ നീങ്ങുന്നു, ബുധൻ തെന്നുന്നു, ശുക്രൻ തുള്ളുന്നു, 9 ഗ്രഹങ്ങൾ, 9 രത്‌നങ്ങൾ, 9 മാങ്ങാത്തൊലീസ് ആൻഡ് 9 തേങ്ങാക്കൊലാസ്.....കേൾക്കുന്നവർ അമ്പരക്കും. ആകെമൊത്തം ആകാശഗോളങ്ങളുടെ വിഭ്രമ ചലനങ്ങൾ! മനുഷ്യരുടെ കോഴിക്കാലുമുതൽ കുഞ്ഞിക്കാല് വരെയുള്ള ആഗ്രഹങ്ങളും ആശങ്കകളും നിയന്ത്രിക്കുന്ന ചലനങ്ങൾ! മുഖക്കുരു തൊട്ട് മൂലക്കുരുവരെ പരിഹരിക്കുന്ന ചലനങ്ങൾ! നീലതിമിംഗലം മുതൽ വൈറസുകളുടെ വരെ ജീവിതചക്രം സ്വാധീനിക്കുന്ന ചലനങ്ങൾ! ആ ചലനങ്ങളുടെ ഗുണഫലം ചുരണ്ടിയെടുത്താണത്രെ മോദി ദീപംതെളിക്കാൻ മുഹൂർത്തം കുറിച്ചിരിക്കുന്നത്്!

(3) 999 ന്റെ 'ശാസ്ത്രീയ വിശദീകരണം'വാരിവിതറുന്നത്് മോദിയല്ലെങ്കിലും അദ്ദേഹത്തിന്റെ ശാസ്ത്രീയ അഭിരുചി ഒട്ടും ഭിന്നമല്ല. റാഫേൽ വിമാനത്തിന്റെ ചക്രങ്ങൾക്ക് കീഴിൽ ചെറുനാരങ്ങ വെച്ച പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിനെ പരസ്യമായി പരിഹസിച്ചത് ഇതേ പ്രധാനമന്ത്രിയാണെന്ന് ഓർക്കുക. ആയുഷ് ചികിത്സകൾ കൊണ്ട് പ്രതിരോധശേഷി 'വർദ്ധിപ്പിച്ച്' കൊറോണയെ നേരിടാം എന്നതാണ് ലേറ്റസ്റ്റ് വെടി. ഭരണഘടനയുടെ ആർട്ടിക്കിൾ 51 എ (എച്ച്) തങ്ങൾക്ക് ബാധകമല്ലെന്ന് വാദിക്കുന്ന ഭരണാധികാരികൾ രാജ്യത്തെ നൂറ്റാണ്ടുകൾ പിറകോട്ടടിക്കും.

(4) ഈ 9-9-9 ഡിങ്കോലാഫി സത്യമാണെന്ന് വെറുതെ സങ്കൽപ്പിക്കുക. അങ്ങനെയെങ്കിൽ ആ 'ശാസ്ത്രീയ വിശദീകരണം' ഒന്നു മാന്തിനോക്കുന്നതിൽ തെറ്റില്ല. സമയം(time) വച്ചാണല്ലോ കളി! ആദ്യം മനസ്സിലാക്കേണ്ട കാര്യം ലോകത്തെങ്ങും ഒറ്റ സമയമല്ല എന്നതാണ്. 9.09pm എന്ന സമയം ലോകത്ത് ഒരുസമയം ഒരു രേഖാശത്തിൽ മാത്രമേ ഉണ്ടാവൂ. ബാക്കി ഭൂമിയിലെ കോടിക്കണക്കിന് സമയങ്ങൾ വ്യത്യസ്തമായിരിക്കും. ഏപ്രിൽ 5, 9.09 pm ഇന്ത്യയിൽ ദീപംതെളിക്കുമ്പോൾ ജപ്പാനിൽ ആസമയം ഏപ്രിൽ 6 ആയിരിക്കും. There is no universal time, only local and sub local time-s.

(5) സമയം നിർണ്ണയിക്കുന്നത് എന്തിനാണ്? നമ്മുടെ സൗകര്യത്തിന് വേണ്ടി എന്നാണുത്തരം. ഭൗമഭ്രമണമാണ് അതിന്റെ ആധാരം. ഭൂമിക്ക് 360 ഡിഗ്രി സ്വയംകറക്കം പൂർത്തിയാക്കാൻ വേണ്ടത് 24 മണിക്കൂർ. മൊത്തം 360 ഡിഗ്രി രേഖാംശങ്ങളായി ഭൂമിയെ ലംബമായി വിഭജിച്ചിരിക്കുന്നു. ഗ്രീൻവിച്ച് രേഖാംശം പൂജ്യം ഡിഗ്രി(പ്രൈം മെറിഡിയൻ). ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈമിന്റെ ആധാരം യു.പി യിലെ മിർസപൂർവഴി കടന്നുപോകുന്ന രേഖാശരേഖ (82.5 ഡിഗ്രി കിഴക്ക്). ഗ്രീൻവിച്ചിൽ നിന്ന് 15 ഡിഗ്രി കിഴക്കോട്ട് പോയാൽ ഒരു മണിക്കൂർ മുമ്പിലാകും, പടിഞ്ഞാറോട്ട് പോയാൽ ഒരു മണിക്കൂർ പിന്നിൽ. 15 ഡിഗ്രിക്ക് ഒരു മണിക്കൂറിന്റെ വ്യത്യാസം, ഒരു ഡിഗ്രിക്ക് 4 മിനിട്ടിന്റെ. ഇന്ത്യൻ സമയം (IST) ഗ്രീൻവിച്ച് സമയത്തിന് (GST) 5.30 മണിക്കൂർ മുന്നിലാണ്... ഇതൊക്കെ സ്‌കൂളിൽ പഠിച്ച കാര്യങ്ങൾ.

(6) കിഴക്ക് അരുണാചൽ പ്രദേശ് മുതൽ പടിഞ്ഞാറ് ഗുജറാത്ത് തീരംവരെ ഏകദേശം 30 ഡിഗ്രിയുടെ വ്യത്യാസം(രണ്ട് മണിക്കൂർ) ഉണ്ടെങ്കിലും ഇന്ത്യയിൽ ഇന്ത്യ മുഴുവൻ ഒരു സമയമേഖലയേ ഉള്ളൂ. അതാണ് 1947 ൽ നിലവിൽ വന്ന ഇപ്പോഴത്തെ ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം. സ്വാതന്ത്രലബ്ധിക്കു മുമ്പും ശേഷവും കുറെക്കാലം ബോംബെസമയവും കൊൽക്കത്തസമയവും ഉപയോഗത്തിലുണ്ടായിരുന്നു.

നിലവിൽ IST ആണ് നമ്മുടെ വാച്ചിലെ സമയം. വാച്ച് നോക്കി 9 pm ന് വെളിച്ചംതെളിക്കാനാണ് മോദി പറയുന്നത്. പക്ഷെ വാച്ചിലെ സമയം അല്ല ജ്യോതിഷം പറയുന്ന സമയം. വാച്ചിൽ ലോകത്തെ ഏത് സമയവും സെറ്റ് ചെയ്തുവെക്കാം. നമ്മുടെ സൗകര്യമനുസരിച്ചാണത് ചെയ്യുന്നത്. ആകാശഗോളങ്ങളുടെ ചലനം അനുസരിച്ചല്ല. ഉദാഹരണമായി 180 രേഖാംശം കടന്നു ഒരിഞ്ച് കിഴക്കോട്ട് പോയാൽ ഒരു ദിവസം നഷ്ടപെടും. പടിഞ്ഞാറോട്ട് നീങ്ങിയാൽ ഒരു ദിവസം ലാഭിക്കാം! യഥാർത്ഥത്തിൽ ഇവിടെ കാര്യമായ സമയ വ്യത്യാസംപോലും ഉണ്ടാകുന്നില്ല. നമ്മുടെ സൗകര്യത്തിന് അങ്ങനെ ക്രമീകരിച്ചിരിക്കുന്നു എന്നുമാത്രം.

(7) ജ്യോതിഷപ്രഭുക്കൾ ആകാശം നീരീക്ഷിച്ച് കണ്ടെത്തിയെന്ന് പറയുന്ന ഗോളചലനങ്ങളാണ് ഉദ്ദേശിക്കുന്നതെങ്കിൽ വാച്ചിലെ സമയം കൊണ്ട് കാര്യമില്ല. വാച്ചിൽനോക്കി രാത്രി 9 മണിക്കും 9.09 നും ഇടയ്ക്ക് ദീപംതെളിച്ചാൽ രാജ്യത്തെ ഭൂരിപക്ഷം സ്ഥലങ്ങളിലും വൈറസ് നശിക്കില്ല! കേരളത്തിൽ തീരെയില്ല. IST രേഖാശം 82.5° E ആണ്. കേരളത്തിലെ ഒരു സ്ഥലം എടുക്കുക. ഉദാഹരണമായി 76.68° E ൽ സ്ഥിതിചെയ്യുന്ന കൊല്ലം ജില്ലയിലെ പവിത്രേശ്വരം. മിർസാപൂരം(IST) പവിത്രേശ്വരവും തമ്മിൽ 6 ഡിഗ്രിയിലധികം അകലമുണ്ട്. എന്നുവച്ചാൽ 6x4=24 മിനിറ്റ് സമയവ്യത്യാസം.

(8) IST വാച്ചുകളിൽ രാത്രി 9 മണി ആകുമ്പോൾ പവിത്രേശ്വരത്ത് യഥാർത്ഥ സമയം 8.36 pm ആയിരിക്കും. പവിത്രേശ്വരത്തുകാർ 8.36 ആകുമ്പോൾ 9 മണി ആയെന്ന് സങ്കൽപ്പിച്ച് ദീപുവും ദീപയുമാകും. പക്ഷെ ഋഷിപ്രവചനം അനുസരിച്ചുള്ള 'സമയത്തിന്റെ ഗുണം' കിട്ടില്ല. സമയം തെറ്റി ചെയ്തിട്ട് പ്രയോജനമില്ലല്ലോ! ആകാശഗോളങ്ങളുടെ ചലനമനുസരിച്ച് കൃത്യസമയത്ത് മാത്രം നശിക്കാമെന്ന് സമ്മതിച്ചിട്ടുള്ള കൊറോണ വൈറസുകളാകട്ടെ രാജ്യത്തിന് മൊത്തം ഒരുസമയം കൊടുത്തതിന് മോദിയോട് നന്ദിപറയും.

രാജ്യംമുഴുവൻ വൈറസിനെ നശിപ്പിക്കാനാണ് ഉദ്ദേശമെങ്കിൽ IST 8pm-10pm വരെ വിവിധ സ്ഥലങ്ങളിൽ ആകാശസമയം അനുസരിച്ച് ദീപംതെളിക്കണം. നിലവിൽ മിർസാപൂരിന് 2 ഡിഗ്രി പടിഞ്ഞാറുള്ള സ്ഥലങ്ങളിൽ മാത്രമേ 9pm-9.00-9.09pm ന്റെ പ്രശ്‌നം കൊറോണയ്ക്ക് നേരിടേണ്ടിവരൂ. ഋഷിമാർ ഈ പുണ്യമുഹൂർത്തമൊക്ക സെറ്റ് ചെയ്തത് IST നോക്കിയല്ലെന്നെങ്കിലും ആധുനിക ഋഷിമാർ മനസ്സിലാക്കണം. അന്ധവിശ്വാസങ്ങൾ ആയാലും ചെയ്യുന്ന കാര്യത്തിൽ സത്യസന്ധത വേണം. ഒട്ടകത്തെ അറുക്കണമെന്ന് പറഞ്ഞാൽ ഒട്ടകത്തെ തന്നെ അറുക്കണം, അല്ലാതെ ഒച്ചിന് അറുത്ത് ഈശ്വറിനെ കളിപ്പിക്കരുത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP