Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആണും പെണ്ണുമായ മാധ്യമപ്രവർത്തകർ ശരീരം വിൽക്കണമെന്ന ആക്ഷേപത്തിന് പിന്നാലെ കായംകുളം എംഎൽഎ പോസ്റ്റ് ചെയ്തത് വ്യക്തിഹത്യ തന്റെ ശീലമല്ലെന്ന്! സിപിഎമ്മും പരസ്യമായി തള്ളിപ്പറഞ്ഞതോടെ പൂർണമായും ഒറ്റപ്പെട്ട് യു പ്രതിഭ; വേട്ടക്കാരിൽ നിന്നും രക്ഷപ്പെടാൻ ഉള്ള ശ്രമത്തിൽ ചിലത് തുറന്നു പറഞ്ഞു എന്നും വിശദീകരണം; അധിക്ഷേപ ലൈവിന് പിന്നാലെ ഖേദ പ്രകടനവുമായി മഹദ്‌വചനം പറയുന്ന എംഎൽഎയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

ആണും പെണ്ണുമായ മാധ്യമപ്രവർത്തകർ ശരീരം വിൽക്കണമെന്ന ആക്ഷേപത്തിന് പിന്നാലെ കായംകുളം എംഎൽഎ പോസ്റ്റ് ചെയ്തത് വ്യക്തിഹത്യ തന്റെ ശീലമല്ലെന്ന്! സിപിഎമ്മും പരസ്യമായി തള്ളിപ്പറഞ്ഞതോടെ പൂർണമായും ഒറ്റപ്പെട്ട് യു പ്രതിഭ; വേട്ടക്കാരിൽ നിന്നും രക്ഷപ്പെടാൻ ഉള്ള ശ്രമത്തിൽ ചിലത് തുറന്നു പറഞ്ഞു എന്നും വിശദീകരണം; അധിക്ഷേപ ലൈവിന് പിന്നാലെ ഖേദ പ്രകടനവുമായി മഹദ്‌വചനം പറയുന്ന എംഎൽഎയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

മാധ്യമ പ്രവർത്തകർക്കെതിരെ നടത്തിയ മോശം പരാമർശങ്ങളിൽ വിശദീകരണവുമായി കായംകുളം എംഎൽഎ യു പ്രതിഭ. മാധ്യമ പ്രവർത്തകരെ ഒന്നടങ്കം അല്ല വിമർശിച്ചതെന്നും അതിഥി തൊഴിലാളികളോടുള്ള പരിഗണന പോലും ചില മാധ്യമ പ്രവർത്തകർ തനിക്ക് നൽകുന്നില്ല. ചില മാധ്യമ പ്രവർത്തകർ തന്നെ നിരന്തരം വേട്ടയാടുകയാണ്. അവരെ ഉദ്ദേശിച്ചാണ് ഈ പരാമർശം നടത്തിയതെന്ന് എംഎൽഎ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ വിശദീകരിക്കുന്നു.

മാധ്യമ പ്രവർത്തകരെ അതിരൂക്ഷമായി അപമാനിക്കുന്ന തരത്തിലായിരുന്നു യു പ്രതിഭയുടെ ഫേസ്‌ബുക്ക് ലൈവ്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത് സിപിഎം ജില്ലാ നേതൃത്വം പോലും ഒപ്പം നിൽക്കാത്ത സാഹചര്യത്തിലാണ് പ്രതിഭ ഖേദം പ്രകടിപ്പിച്ച് വിവാദത്തിൽ നിന്നും തലയൂരാൻ ശ്രമിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ എംഎൽഎയും പ്രദേശിക ഡിവൈഎഫ്ഐ നേതാക്കളും തമ്മിലുള്ള തർക്കം വാർത്തയായതിന് പിന്നാലെയാണ് മാധ്യമങ്ങൾക്കെതിരെ കടുത്ത വാക്കുകളുമായി യു പ്രതിഭ രംഗത്തെത്തിയത്. ആരെങ്കിലും ചിലർ പറയുന്നത് വാർത്തയാക്കുന്നതിലും ഭേദം ശരീരം വിറ്റു ജീവിക്കുന്നതാണ് എന്നായിരുന്നു എംഎൽഎയുടെ വിവാദ പരാമർശം.

ലോക്ഡൗൺ കാലത്ത് എംഎൽഎ വീട്ടിലിരുന്ന് മണ്ഡലത്തിലെ കാര്യങ്ങൾ നിയന്ത്രിക്കുന്നുവെന്ന് സമ‍ൂഹമാധ്യമത്തിലൂടെ പോസ്റ്റിട്ടതിനെത്തുടർന്ന‍ാണ് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം ഉൾപ്പെടെ ചില നേതാക്കൾ സമൂഹമാധ്യമങ്ങളിലൂടെ എംഎൽഎയെ ആക്ഷേപിക്കുന്നവിധം പ്രചാരണം നടത്തിയിരുന്നു. ഈ ലോക്ഡൗൺ കാലത്ത് ചില വിഷസർപ്പങ്ങൾ ഇറങ്ങിയിട്ടുണ്ടെന്നും ലോക്ഡൗൺ കഴിഞ്ഞ ശേഷം വാവസുരേഷിനെ വിളിച്ച് അവയെ മാളത്തിൽ നിന്നിറക്കണമെന്നും പ്രതിഭ എംഎൽഎ പ്രതികരിക്കുകയും ചെയ്തു. ഇതു വാർത്തയായതോടെയാണ് എംഎൽഎ മാധ്യമപ്രവർത്തകരെയും സ്ത്രീകളെയും അവഹേളിക്കുന്നവിധം പരാമർശം നടത്തി രംഗത്തെത്തിയത്.

'പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളെ, നിങ്ങൾക്ക് ലജ്ജയാകില്ലേ, ആരെങ്കിലും എവിടെയെങ്കിലും എന്തെങ്കിലും പറഞ്ഞാൽ, അതിനാണോ നമുക്ക് ഈ കാലഘട്ടത്തിൽ സമയം? എന്റെ വായിലിട്ടു കുത്തി നിങ്ങൾ ചോദിച്ചില്ലേ എന്റെ പ്രതികരണമെടുക്കാൻ? എനിക്കു പ്രതികരണമില്ല. ഒരു മഹാ പ്രസ്ഥാനത്തിന്റെ ഭ‍ാഗമായി പ്രവർത്തിക്കുന്ന വ്യക്തിയാണു ഞാൻ. വ്യക്തിപരമായ അഭിപ്രായമായി ആരെങ്കിലും പറഞ്ഞാൽ അതൊരു യുവജനസംഘടനയുടെ അഭിപ്രായമായി ലോകത്തെ തെറ്റിദ്ധരിപ്പിച്ച മാധ്യമപ്രവർത്തകരോട് എനിക്ക് ഒന്നേ പറയാനുള്ളു, ഇതിലും ഭേദം ശരീരം വിറ്റു ജീവിക്കുന്നതാണ്. ആണായാലും പെണ്ണായാലും.

നിങ്ങൾക്കു വേറെ വാർത്തയൊന്നുമില്ലേ കൊടുക്കാൻ? ഷെയിം. പിറ്റി ഓൺ. കാരണമെന്താ? ഒന്നോ രണ്ടോ വ്യക്തികൾ എന്തോ അഭിപ്രായം പറഞ്ഞു. അവർ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു എന്നു പറഞ്ഞ് എത്ര മാധ്യമങ്ങളാ. നിങ്ങൾ മാധ്യമങ്ങളുടെ പരിലാളനയിൽ വളർന്ന ആളല്ല ഞാൻ. നിങ്ങൾ എന്തു വേണേൽ ചെയ്തോ. എന്റെ പ്രസ്ഥാനമാണ് എന്നെ കൈപിടിച്ചുയർത്തി ഈ നിലയിലെത്തിച്ചിട്ടുള്ളത്. ഒരിക്കൽക്കൂടി ഞാൻ പറയുന്നു, ഇതിനെക്കാൾ നല്ലത് വേറെ വല്ല പണിക്കും പോകുന്നതാണ്. തെരുവിൽ ശരീരം വിറ്റു നടക്കുന്ന പാവപ്പെട്ട സ്ത്രീകളുണ്ട്. മറ്റു മാർഗമൊന്നുമില്ലാത്തതുകൊണ്ട്. അവരുടെ കാല് കഴുകി വെള്ളം കുടിക്കുന്നതാണ് ഈ പണിക്കു പോകുന്നതിനെക്കാൾ നല്ലത്. വളരെ വേദനയുള്ളതു കൊണ്ട് പറയുന്നതാണ്.’ എംഎൽഎയുടെ ഫേസ്‌ബുക്ക് ലൈവിലെ വാക്കുകൾ ഇങ്ങനെയായിരുന്നു.

ഇതോടെ , എംഎൽഎ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പത്രപ്രവർത്തക യൂണിയൻ രം​ഗത്തെത്തി. മാധ്യമസമൂഹത്തെ മോശമായ ഭാഷയിൽ അടച്ചാക്ഷേപിച്ച യു.പ്രതിഭ എംഎൽഎ പരാമർശം പിൻവലിച്ചു ഖേദം പ്രകടിപ്പിക്കണമെന്നു ഭാരവാഹികൾ ആവശ്യപ്പെട്ടു. പ്രമുഖരുടെ, പ്രത്യേകിച്ച് പൊതുപ്രവർത്തകരുടെ സമൂഹ മാധ്യമങ്ങളിൽ വരുന്ന പോസ്റ്റുകളും കമന്റുകളും മറ്റും വാർത്തയാകുന്നത് പുതിയ സംഭവമല്ല. ആളുകളുടെ സ്ഥാനമാനങ്ങൾ അനുസരിച്ച് അതിനു പ്രാധാന്യമേറുക സ്വാഭാവികം. എംഎൽഎയ്ക്ക് അതൃപ്തിക്കിടയാക്കിയ വാർത്ത ഏകപക്ഷീയമോ വ്യക്തിഹത്യയോ അല്ല. എന്നാൽ, അതിനെ മോശമായി ചിത്രീകരിക്കാനാണ് ശ്രമമുണ്ടായത്.

ലോകമാകെ കോവിഡ് എന്ന മഹാമാരിയുടെ പിടിയിലുഴലുമ്പോൾ ജീവൻ പണയം വച്ചും കർമനിരതരായിക്കുന്ന മാധ്യമപ്രവർത്തകരെ ഒരു ജനപ്രതിനിധി ആക്ഷേപിച്ചത് ആശ്ചര്യമുളവാക്കുന്നു. സാമൂഹിക പ്രതിബദ്ധതയോടെ കോവിഡ് വിഷയത്തിലടക്കം നിലയുറപ്പിച്ചിട്ടുള്ള മാധ്യമപ്രവർത്തകരെ മുഖ്യമന്ത്രി ഉൾപ്പെടെ ദൈനംദിനം പ്രശംസിക്കുമ്പോൾ കായംകുളം എംഎൽഎയുടെ നടപടി തീർത്തും അനുചിതമാണെന്നു പ്രസിഡന്റ് കെ.യു.ഗോപകുമാറും സെക്രട്ടറി ആർ.രാജേഷും പറഞ്ഞു.

പ്രതിഭക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ ഡിജിപിക്ക് പരാതി നൽകുകയും ചെയ്തിരുന്നു. പ്രതിഭയുടെ പരാമർശത്തെവിമർശിച്ച് കോൺ​ഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാനും രം​ഗത്തെത്തി. ദീർഘകാലമായി ജനപ്രതിനിധിയായിരിക്കുന്നയാളാണു പ്രതിഭ. ഒട്ടേറെ വനിതകൾ ഉൾപ്പെട്ട മാധ്യമ പ്രവർത്തകരാകെ പ്രതിഭയുടെ പരാമർശം കാരണം മാനസിക പ്രയാസം അനുഭവിക്കുന്നു. സ്ത്രീവിരുദ്ധവും മാധ്യമവിരുദ്ധവുമായ പരാമർശങ്ങൾ പിൻവലിച്ചു മാപ്പു പറയാനുള്ള മനസ്സ് പ്രതിഭ കാണിക്കണം. കോവിഡ് പോലെ ഗൗരവമുള്ള വിഷയത്തിൽനിന്നും കായംകുളത്തെ പ്രശ്നങ്ങളിൽനിന്നും ശ്രദ്ധ തിരിക്കാനുള്ള സിപിഎമ്മിന്റെ ആസൂത്രിത ശ്രമമാണോ ഇതെന്നു സംശയിക്കുന്നു. ഡിവൈഎഫ്ഐക്കാർ കൊറോണ വൈറസിനെക്കാൾ മോശമാണെന്ന അഭിപ്രായം എന്നെപ്പോലുള്ളവർക്കില്ല. പ്രതിഭ പറയുന്നത് അവരുടെ അനുഭവത്തിൽനിന്നാവും. അതേപ്പറ്റി വ്യക്തമാക്കേണ്ടതു പ്രതിഭയും സിപിഎമ്മുമാണ് എന്നും ഷാനിമോൾ പറഞ്ഞു.

മാധ്യമപ്രവർത്തകരെ അധിക്ഷേപിച്ച യു.പ്രതിഭ എംഎൽഎയ്ക്കെതിരെ സിപിഎമ്മും രം​ഗത്തെത്തിയതോടെ പ്രതിഭാ ഹരി ശരിക്കും വെട്ടിലായി. പൊതുപ്രവർത്തകർക്ക് ചേരാത്ത പരാമർ‌ശമാണ് എംഎൽഎയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ പറഞ്ഞു. പാർട്ടിയിൽ പറയേണ്ടത് പാർട്ടിയിൽ പറയണം. അതിനായി സമൂഹമാധ്യമങ്ങളെ ഉപയോഗിക്കരുത്. ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയുള്ള പരാമർശങ്ങളും പാർട്ടി ഗൗരവത്തോടെ കാണുമെന്ന് നാസർ പറഞ്ഞു. സിപിഐയും പ്രതിഭയെ പിന്തുണയ്ക്കാൻ മെനക്കെട്ടില്ല. ഇതോടെ ഖേദപ്രകടനവും മ​ഹത് വചനങ്ങളുമായി പ്രതിഭ വീണ്ടും ഫേസ്‌ബുക്കിലെത്തി. ഇക്കുറി ലൈവിനൊന്നും കായംകുളം എംഎൽഎ മുതിർന്നില്ല. പോസ്റ്റിൽ കാര്യങ്ങൾ ഒതുക്കാനായി ശ്രമം.

യു പ്രതിഭ എംഎൽഎയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

പ്രിയ സുഹൃത്തുക്കളെ , ഒരു ഗ്രാമീണ ചുറ്റുപാടിൽ ജനിച്ചു വളർന്ന അതേ പ്രദേശത്ത് പൊതുജീവിതം നയിക്കുന്ന സാധാരണക്കാരിയായ ഒരു ജനപ്രതിനിധി ആണ് ഞാൻ .തെറ്റുകൾക്ക് നേരെ വിരൽ ചൂണ്ടാൻ ജീവിതത്തിൽ ഒരു നിമിഷമേ മുന്നിലുള്ള എങ്കിലും അത്രയും നേരം ആത്മാഭിമാനത്തോടെ ജീവിക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്. ഒരു സ്ത്രീയെന്ന എന്ന പരിഗണന വേണ്ട കേരളത്തിലെ അതിഥി തൊഴിലാളികളോട് കാണിക്കാറുള്ള മര്യാദ പോലും ചില മാധ്യമ പ്രവർത്തകർ എന്നോട് കാണിച്ചില്ല .എന്നെ അപമാനിക്കാനും വ്യക്തിഹത്യ നടത്താനും ശ്രമമുണ്ടായി.വ്യക്തിഹത്യ എന്റെ ശീലമല്ല.എന്നോട് അങ്ങനെ ചെയ്തവരോടും . കാലാകാലങ്ങളിൽ ഞാൻ ക്ഷമിച്ചിട്ടേയുള്ളൂ.പക്ഷേ ഒന്നോർക്കണം നിരന്തരം വേട്ടയാടപ്പെടുന്ന സാധു ജീവികൾ സ്വയരക്ഷയ്ക്ക് വേണ്ടി ചിലപ്പോഴെങ്കിലും വായ തുറക്കും .അത്രയേ ഞാനും ചെയ്തുള്ളൂ. വേട്ടക്കാരിൽ നിന്നും രക്ഷപ്പെടാൻ ഉള്ള ശ്രമത്തിൽ ഞാൻ ചിലത് തുറന്നു പറഞ്ഞു. അത് എല്ലാ മാധ്യമപ്രവർത്തകരെയും ഉദ്ദേശിച്ചല്ല .ഞാൻ ആദരിക്കുന്ന നിരവധി മാധ്യമ പ്രവർത്തകർ ഈ സമൂഹത്തിലുണ്ട്. മാധ്യമ പ്രവർത്തനം അന്തസ്സുള്ള സാമൂഹ്യപ്രവർത്തനം തന്നെയാണെന്ന് ഞാൻ കരുതുന്നു..എന്നാൽ സമൂഹത്തിൽ മൊത്തത്തിൽ സംഭവിച്ച മൂല്യശോഷണം മാധ്യമ പ്രവർത്തന മേഖലയിലും ഉണ്ടായി.അവരെ സംബന്ധിച്ച് (അതായത് മൂല്യശോഷണം സംഭവിച്ച മാധ്യമപ്രവർത്തകരെ സംബന്ധിച്ച് മാത്രം) വാർത്ത ഓർഗനൈസ്ഡ് ഗോസിപ്പ് ആണ് .ഇത്തരക്കാരോട് ആണ് ഞാൻ പ്രതികരിച്ചത് .മാധ്യമപ്രവർത്തകരെ ഒന്നടങ്കം വിമർശിക്കാനോ അപമാനിക്കാനോ ഞാൻ ശ്രമിച്ചിട്ടില്ല എന്നാൽ അത്തരം ഒരു തെറ്റിദ്ധാരണ ഉണ്ടായതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു.എല്ലാവരെയും കുറച്ചുകാലത്തേക്ക് വിഡ്ഢികളാക്കാം കുറച്ചുപേരെ എല്ലാ കാലത്തേക്കും വിഡ്ഢികൾ ആക്കാം ..എന്നാൽ എല്ലാവരെയും എല്ലാ കാലത്തേക്കും വിഡ്ഢികളാക്കാൻ കഴിയില്ല എന്ന് എബ്രഹാംലിങ്കൺ പറഞ്ഞുവെച്ചിട്ടുണ്ട് . എനിക്കും ഇത്രയേ പറയാനുള്ളൂ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP