Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രളയ സമയത്ത് സംസ്ഥാന സർക്കാരിന് പിരിഞ്ഞു കിട്ടിയ 8,020.02 കോടി എവിടെ? ആകെ ചെലവഴിച്ചത് 2041 കോടി രൂപയാണന്ന് നിയമസഭാ രേഖകൾ; 5,979.02 കോടി രൂപ ഖജനാവിൽ ബാക്കിയുണ്ട് എന്നർത്ഥം; കോവിഡിനെ നേരിടാൻ ഒരുമാസത്തെ ശമ്പളം പിടിച്ചെടുക്കുമ്പോൾ ഉയരുന്നത് കടക്കെണിയിലാകുന്ന സംസ്ഥാനത്തെ രക്ഷിച്ചെടുക്കേണ്ട ബാധ്യത സർക്കാർ ജീവനക്കാർക്കു മാത്രമോ എന്നതാണ്; സാലറി ചലഞ്ചിൽ രാജാവ് നഗ്‌നനാണ്: അഷറഫ് മാണിക്യം എഴുതുന്നു

പ്രളയ സമയത്ത് സംസ്ഥാന സർക്കാരിന് പിരിഞ്ഞു കിട്ടിയ 8,020.02 കോടി എവിടെ? ആകെ ചെലവഴിച്ചത് 2041 കോടി രൂപയാണന്ന് നിയമസഭാ രേഖകൾ; 5,979.02 കോടി രൂപ ഖജനാവിൽ ബാക്കിയുണ്ട് എന്നർത്ഥം; കോവിഡിനെ നേരിടാൻ ഒരുമാസത്തെ ശമ്പളം പിടിച്ചെടുക്കുമ്പോൾ ഉയരുന്നത് കടക്കെണിയിലാകുന്ന സംസ്ഥാനത്തെ രക്ഷിച്ചെടുക്കേണ്ട ബാധ്യത സർക്കാർ ജീവനക്കാർക്കു മാത്രമോ എന്നതാണ്; സാലറി ചലഞ്ചിൽ രാജാവ് നഗ്‌നനാണ്: അഷറഫ് മാണിക്യം എഴുതുന്നു

അഷറഫ് മാണിക്യം

കേരളത്തിൽ പടർന്നു പിടിച്ച കോവിഡ് - 19 ന്റെ ഭാഗമായി കേരളത്തിലെ സർക്കാർ ജീവനക്കാരോട് ഒരു മാസത്തെ ശമ്പളം നിർബ്ബന്ധമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പിരിച്ചെടുക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുകയാണ്. സംസ്ഥാനം ഒരു ദുരിതം നേരിടുമ്പോൾ സഹായഹസ്തവുമായി ചെല്ലേണ്ടത് ഓരോ കേരളീയന്റേയും ചുമതലയാണന്നു മാത്രമല്ല ബാധ്യതയുമാണ്. പക്ഷേ.. കടക്കെണിയിലാകുന്ന സംസ്ഥാനത്തെ രക്ഷിച്ചെടുക്കേണ്ട ബാധ്യത കേരളത്തിലെ സർക്കാർ ജീവനക്കാർക്കു മാത്രമാണോ ..?

അതോ.. ഏതു സാമ്പത്തീക പ്രതിസന്ധിയുണ്ടായാലും പരിഹാരമായി സർക്കാർ ജീവനക്കാരന്റെ ശമ്പളം പിടിച്ചാൽ മതിയെന്ന ചിന്ത ഭരണകർത്താക്കളിൽ വേരോടിയിട്ടുണ്ടോ..?

ജീവനക്കാർ നൽകാൻ തയ്യാറാണ് പക്ഷേ, സർക്കാർ വേതനം പറ്റുന്ന എല്ലാ വിഭാഗങ്ങളേയും ഇതിൽ ഉൾപ്പെടുത്തേണ്ടേ..? സർക്കാർ ഉപദേശകർ ,PSC മെമ്പർമാർ വിവിധ ക്ഷേമനിധി ബോർഡംഗങ്ങൾ, കോർപ്പറേഷൻ ചെയർമാന്മാർ, പഞ്ചായത്ത് / മുനിസിപ്പൽ/കോർപ്പറേഷൻ അംഗങ്ങൾ, പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ ഇവർക്കൊന്നും സംസ്ഥാനത്തിന്റെ പുനർനിർമ്മാണത്തിൽ ബാധ്യതയില്ലേ..?
എന്തുകൊണ്ട് ശമ്പളവും മറ്റാനുകൂല്യവുമുൾപ്പടെ 1,25,000 ലേറെ കൈപ്പറ്റുന്ന MLA മാർക്ക് സാലറി ചലഞ്ചിൽ പങ്കെടുത്തു കൂടാ, ഭീമമായ ശമ്പളവും ബത്തയും കൈപ്പറ്റുന്ന മന്ത്രിമാരുടെയും 1,8,5000 രൂപ ശമ്പളം പറ്റുന്ന മുഖ്യമന്ത്രിയുടെയും സംഭാവന ഒരു ലക്ഷത്തിലൊതുക്കുന്നു.

ഓഖി ആഞ്ഞടിച്ചപ്പോൾ സർക്കാർ ജീവനക്കാരുടെ 2 ദിവസത്തെ ശമ്പളം പിടിച്ചു., കഴിഞ്ഞ പ്രളയകാലത്ത് മുച്ചൂടും തകർന്ന കേരളത്തെ പുനർനിർമ്മിക്കാൻ ജീവനക്കാർ ഒരു മാസത്തേയും, അതിനു കഴിയാത്തവർ അവരുടെ സാമ്പത്തിക സ്ഥിതിയനുസരിച്ചും നൽകി.
ദാ ... ഇപ്പോ കൊറോണ വന്നപ്പോൾ വീണ്ടും ഒരു മാസത്തെ ശമ്പളം നൽകാൻ ആവശ്യപ്പെടുന്നു.

എന്തുകൊണ്ടാണ്
സർക്കാർ ജീവനക്കാർ ...?

അതിനൊരൊറ്റ ഉത്തരമേയുള്ളു വളരെ പെട്ടെന്ന് ഖജനാവിൽ പണമെത്താൻ ഏക വഴി ജീവനക്കാരന്റെ ശമ്പളത്തിലും, ആനുകൂല്യത്തിലും കൈ വച്ചാൽ ഒരൊറ്റയൊരുത്തനും എതിർക്കില്ലന്നു മാത്രമല്ല, പൊതുജനത്തിന്റെ കൈയടിയും കിട്ടും, അതാതു കാലത്ത് ഭരിക്കുന്ന പാർട്ടിയുടെ സർവ്വീസ് സംഘടനകൾ എതിർക്കുകയുമില്ല.

നമ്മുടെ നാടിനു വേണ്ടിയല്ലേ കൊടുക്കാം പക്ഷേ... കഴിഞ്ഞ പ്രളയത്തിൽ സ്വരൂപിച്ച തുകയുടെ വ്യാപനം എങ്ങനെയെന്നു നമ്മളറിയേണ്ടേ..?
2019 മെയ്‌ 28 നു നിയമസഭയിൽ വച്ച രേഖകൾ പ്രകാരം സംസ്ഥാന സർക്കാരിന് 8,020.02 കോടിയാണ് പിരിഞ്ഞുകിട്ടിയത്.

പൊതു സംഭാവന -- 4,093.91 കോടി
സാലറി ചലഞ്ച് -- 1021.26 കോടി
കേന്ദ്ര സഹായം -- 2904.02 കോടി
ആകെ - 8,020.02 കോടി.രൂപ

ഇതിൽ 20-07-19 വരെ ആകെ ചെലവഴിച്ചത് 2041 കോടി രൂപയാണന്ന് നിയമസഭാ രേഖകൾ പറയുന്നു. അതായത് 5,979.02 കോടി രൂപ ഖജനാവിൽ ബാക്കിയുണ്ടെന്നർത്ഥം.

ഇനി നമുക്ക് കോവിഡ് - 19 ലേക്കു വരാം, ലോകമാകെ ഗ്രസിച്ച ഈ മഹാമാരിക്കു വേണ്ടി സംസ്ഥാനത്തിനു എന്താണ് ചെലവ്? അതിന്റെ പേരിൽ എന്തെല്ലാമാണ് ചെയ്തത് ?
കേരളത്തിൽ കമ്മ്യൂണിറ്റി കിച്ചൻ ആരംഭിച്ചത് തദ്ദേശിയ സംഘടനകളുടേയും സ്ഥാപനങ്ങളുടെയും സഹായത്താലാണ് ഗവൺമെന്റിനു യാതൊരു ചെലവുമില്ല.
ഇനി Lock down ൽ വീട്ടിലിരിക്കുന്ന മുഴുവൻ പേർക്കും സൗജന്യമായി അരിയും പലവ്യഞ്ജനങ്ങളും നൽകുന്നുണ്ട്. അതിനു കേന്ദ്ര സഹായമുണ്ട്.കൂടാതെ സംസ്ഥാന ഖജനാവിലും പണമുണ്ടെന്ന് 20,000 കോടി പാക്കേജ് പ്രഖ്യാപിച്ച മന്ത്രിയും പറഞ്ഞു കഴിഞ്ഞു. ഇനിയും തുക തികയില്ലെങ്കിൽ മുകളിൽ സൂചിപ്പിച്ച പ്രളയ ഫണ്ടിന്റെ നീക്കിയിരുപ്പായ5,979.02 കോടി രൂപ ഖജനാവിലുണ്ട്.. പിന്നെന്തിന് ജീവനക്കാരിൽ നിന്നും പിരിച്ചെടുക്കണം..?

ഇതിന് സാലറി ചലഞ്ചിനെ അനുകൂലിക്കുന്നവർ പറയുന്ന പ്രധാന ന്യായീകരണം, സംസ്ഥാന സർക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകൾ നിന്നു പോയി, വരുമാനമില്ലാതെ എങ്ങനെ ശമ്പളം നൽകും?എന്നതാണ്.
ഒന്നു ചോദിക്കട്ടെ, കേരളത്തിലെ ദിവസവരുമാനക്കാരനായ ഒരു തൊഴിലാളിയേക്കാൾ താഴ്ന്ന ശമ്പളം വാങ്ങുന്ന സാധാ സർക്കാർ ജീവനക്കാരന്റെ പിച്ച ചട്ടിയിൽ കൈയിട്ടുവാരാതെ ദുർ ചെലവുകൾ നിയന്ത്രിച്ചാൽ ഒഴിവാക്കാവുന്നതല്ലേ ഈ വരുമാന നഷ്ടം

കേരളത്തിലെ ഭരണപരിഷ്‌കാര കമ്മീഷനു നൽകുന്ന കനത്ത തുക ഒഴിവാക്കാവുന്നതല്ലേ .. കിഫ് ബി ചെയർമാൻ പ്രതിമാസം വാങ്ങുന്നത് മൂന്നു ലക്ഷത്തിലേറെ രൂപയാണ് ( പുറത്തു വന്ന കണക്കുകൾ പ്രകാരം കിഫ്ബി വമ്പൻ പരാജയമാണെന്നാണ് വിലയിരുത്തപ്പെടുന്നത് ) PSC ചെയർമാന് നൽകുന്നത് പ്രതിമാസം ശമ്പളവും ആനുകൂല്യവുമുൾപ്പടെ 2 ലക്ഷം രൂപയാണ്. ഉപദേശക വൃന്ദത്തിനു നൽകുന്ന ഭീമമായ ശമ്പളങ്ങൾ, തോറ്റ MP യെ ലക്ഷങ്ങൾ കൊടുത്ത് ഡൽഹിയിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. മുന്നോക്ക സമുദായ ക്ഷേമ കമ്മീഷൻ എന്ന വെള്ളാനയ്ക്കു വേണ്ടിയും ലക്ഷങ്ങൾ പൊടിക്കുന്നു. ഈ കൊറോണക്കിടയിലാണ് കേരളാ ഹൗസിലേക്ക് 7 ഇന്നോവ ക്രസ്റ്റ വാങ്ങാനുള്ള തീരുമാനം ഇതിനിടയിലാണ് വിവാദമായ ഹെലികോപ്ടർ വിവാദം പൊങ്ങി വന്നിരിക്കുന്നത് ഇത്തരം ദുർചെലവുകൾ ഒഴിവാക്കിയും, ഭീമമായ ശമ്പളം വാങ്ങുന്നവരിൽ നിന്നും നിശ്ചിത തുക പിരിച്ചെടുക്കുകയും ചെയ്താൽ ഒരു പരിധി വരെ തീരാവുന്നതേയുള്ളു കേരളത്തിന്റെ സാമ്പത്തിക പരാധീനത.

കഴിഞ്ഞ സാലറി ചലഞ്ചിൽ PF ൽ നിന്ന് ലോണെടുത്തും, ലീവ് സറണ്ടർ എടുത്തും Pay Revision Arrear വഴിയൊക്കെ സംഭാവന നൽകിയവരും, പ്രാരാബ്ധങ്ങൾ മൂലം ഒഴിഞ്ഞു നിന്നവരുമുണ്ട്. ഇന്നത്തെ സാഹചര്യം അതിനേക്കാൾ രൂക്ഷമാണ്. കഴിഞ്ഞ 4 വർഷമായി ജീവനക്കാർക്കു ലഭിക്കേണ്ട ആനുകൂല്യങ്ങളൊന്നും നൽകിയിട്ടില്ലന്നു മാത്രമല്ല രണ്ട് സാലറി ചലഞ്ചിലൂടെ ജീവനക്കാരുടെ ശമ്പളം തിരിച്ചുപിടിക്കുകയും ചെയ്യുന്നു: 2019 ജനുവരി മുതൽ ലഭിക്കേണ്ട 12%. DA കൂടിശ്ശിഖയാണ് ,ശമ്പള പരിഷ്‌കരണമെങ്ങുമെത്തിയിട്ടില്ല, പിൻവലിക്കുമെന്നു പറഞ്ഞ പങ്കാളിത്ത പെൻഷൻ അനന്തമില്ലാതെ നീട്ടി ജീവനക്കാരെ വഞ്ചിച്ചുകൊണ്ടിരിക്കുന്നു;ജീവനക്കാരുടെ ചികിൽസാ ഇൻഷുറൻസ് പദ്ധതിയായ Medicep പരണത്തിരിക്കുന്നു.ഇത്തരത്തിൽ ജീവനക്കാരുടെ ആനുകൂല്യങ്ങളും കവർന്നെടുത്തതിനു പിന്നാലെ ശമ്പളം കൂടി പിടിച്ചുപറിക്കുന്ന തലത്തിലേക്കു മാറികൊണ്ടിരിക്കുന്നു -

തൊഴിലെടുക്കുന്നവന്റെ കൂലി അവന്റെ അവകാശമാണ്, അതിൽ നിന്നും, എത്ര ,എങ്ങനെ, സംഭാവന കൊടുക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം അവന്നു മാത്രമാണ് ഒരു മാസത്തെ ശമ്പളം നൽകാൻ താൽപര്യമുള്ളവൻ അങ്ങനെ നൽകട്ടെ അതിനു കഴിയാത്തവൻ അവന്റെ സാമ്പത്തീക മനുസരിച്ച് നൽകാൻ അവസരമൊരുക്കുകയാണ് വേണ്ടത്. അതല്ലാതെ പിടിച്ചെടുക്കുകയല്ല വേണ്ടത്. അതിലുപരി ഇതൊരു കീഴ് വഴക്കമായി മാറുമെന്ന് ഞാനുൾപ്പടെ പലരും മുമ്പ് ചൂണ്ടിക്കാണിച്ചതാണ് സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിച്ചെടുക്കുന്നതിൽ ഭരണ-പ്രതിപക്ഷ വിത്യാസമൊന്നുമില്ല. ഒരു സർക്കാർ നടപ്പാക്കിയിട്ടു വേണം മറ്റുള്ളവർക്കും അതു തുടരാൻ എന്നു വിചാരിച്ചിരിക്കുന്നവരാണ് പൊതുവേ രാഷ്ട്രീയക്കാർ. ഇത്തരം പിടിച്ചെടുക്കലുകളിലൂടെ വരും കാലങ്ങളിൽ കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം നിർബ്ബന്ധപൂർവ്വം ദുരിതാശ്വസ നിധിയിലേക്കു നൽകണമെന്ന് ഭരണ കർത്താക്കൾ തീരുമാനിച്ചാൽ, ഇന്നു ലഭിക്കുന്ന 12 മാസ ശമ്പളം 11 മാസമായി കുറയാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

'തെലുങ്കാനയടക്കമുള്ള സംസ്ഥാനങ്ങളിൽ ശമ്പളം വെട്ടിക്കുറച്ചില്ലേ. ഇവിടെ ഒരു മാസത്തെ ശമ്പളമല്ലേ ചോദിച്ചുള്ളു' എന്നതാണ് മറ്റൊരു ന്യായീകരണം. പക്ഷേ ഒരു ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്റെ വില സൂചികയല്ല തെലുങ്കാന പോലുള്ള ഉത്പാദക ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെന്ന് മറക്കരുത്.

ജീവനക്കാരുടെ ശമ്പള സ്‌കെയിൽ 16500-1,20,000 വരെയാണ്. കൺസ്യൂമർ സംസ്ഥാനമായ കേരളത്തിൽ 1,20,000 രൂപ ശമ്പളം വാങ്ങുന്നവനും, 16,500 ശമ്പളമുള്ളവനും വാങ്ങുന്ന സാധനങ്ങൾക്കു് ഒരേവിലയാണ്, ഒരേ ടാക്‌സ് ആണ് നൽകുന്നത്. താഴ്ന്ന ശമ്പളം വാങ്ങുന്ന പല ക്ലാസ് III - IV ജീവനക്കാരനും, പ്രാരാബ്ധവും ലോണടവും മൂലം രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ബന്ധപ്പെടുന്ന യവസ്ഥയിൽ, തുഛ വേതനക്കാരനെ സാലറി ചലഞ്ചിൽ നിന്നൊഴിവാക്കി അവന്റെ സാമ്പത്തീക സ്ഥിതിയനുസരിച്ചുള്ള വിഹിതം നൽകാനുള്ള നടപടിക്രമങ്ങളും, PT S ,FTM തുടങ്ങി 16500ൽ താഴെ ശമ്പളം വാങ്ങുന്ന ജീവനക്കാരേയും സാലറി ചലഞ്ചിൽ നിന്നൊഴിവാക്കുകയാണ് മാനുഷീക പരിഗണനയുള്ള സർക്കാരുകൾ ചെയ്യേണ്ടത്.അല്ലാതെ ആടിനേയും, ആനയേയും ഒരേ തട്ടിൽ തൂക്കുകയല്ല

അതുപോലെ ഭീമമായ ശമ്പളം പറ്റുന്ന മറ്റൊരു വിഭാഗമാണ് PSC വഴി നിയമിക്കാതെ കോഴ കൊടുത്ത് നിയമനം വാങ്ങുന്ന എയിഡഡ് ജീവനക്കാർ സർക്കാർ ശമ്പളത്തിന്റെ 35% കൈപ്പറ്റുന്ന ഈ വിഭാഗത്തിൽ നിന്നും കഴിഞ്ഞ സാലറി ചലഞ്ചിൽ പങ്കെടുത്തവർ കേവലം 17% മാത്രമാണ് വൻതുക ശമ്പളം വാങ്ങുന്ന ഈ വിഭാഗക്കാർക്ക് യാതൊരു സാമൂഹ്യ പ്രതിബദ്ധതയുമില്ലെന്ന് പലവുരു തെളിയിച്ചിട്ടുണ്ട്

കോഴകൊടുത്ത് സർവ്വീസിൽ കയറിയവർക്കു പൊതുവേ സമൂഹത്തോട് പ്രതിബദ്ധത കുറവാണ് പണം കൊടുത്തു വാങ്ങിയ വന് അവൻ നൽകിയ പണം മുതലാക്കുക എന്നതിനപ്പുറത്തേക്ക് മറ്റുള്ളവരോട് ബാധ്യത ഇല്ലാതാവുക എന്നതൊരു പ്രകൃതി നിയമം തന്നെയാണ്.

കഴിഞ്ഞ സാലറി ചലഞ്ചിൽ ഏറ്റവും കുറവ് കോൺട്രിബൂഷൻ വന്നത് എയിഡഡ് മേഖലയിൽ നിന്നായിരുന്നു. ഒരു പക് ഷേ അതായിരിക്കാം. ജീവനക്കാരുടെ സാലറി വെട്ടിക്കുറക്കണമെന്ന മുറവിളി വിവിധ ഇടങ്ങളിൽ നിന്ന് ഉയരാൻ കാരണം.
സർക്കാർ വേതനം കൊടുക്കുന്ന ജീവനക്കാരിൽ ഒറ്റയൂണിറ്റ് ആയി എടുത്താൽ വലിയൊരു ശതമാനം ചിലവഴിക്കുന്ന മേഖലയാണ് എയിഡഡ് മേഖല .

ഗ്രാൻഡ്, എം പി ഫണ്ട്, എം എൽ എ ഫണ്ട്, തദ്ദേശ സ്ഥാപനങ്ങളുടെ സഹായം, പാട്ട കുടിശിഖ ഒഴിവാക്കൽ, എന്നിവയൊക്കെ മാറ്റി നിർത്തിയാൽ 8000 കോടിയിലധികം ഉറുപ്പിക ശമ്പള ഇനത്തിൽ വാങ്ങുന്ന ഇടം.
നിയമനത്തിലെ കോഴ പ്രത്യേകത നിമിത്തം ശരാശരി 25 വയസിൽ ഒരാൾ എയിഡഡിൽ ജോലിക്ക് കയറുമ്പോൾ ഗവൺമേന്റ് വിദ്യാഭ്യാസ സ്ഥാപനത്തിൽ ടെസ്റ്റ് ,ഇന്റർവ്യൂ, ലിസ്റ്റ് പ്രസാധനം ഒക്കെ കഴിഞ്ഞ് വരുമ്പോൾ അത് 35 വയസു കഴിയും. എയിഡഡ് കോളേജിൽ പ്രവേശിക്കുന്ന ഒരാൾ അപ്പോൾ അസോസിയേറ്റ് പ്രഫസറാകുകയും ഒരു ലക്ഷത്തിലധികം സാലറി വാങ്ങി തങ്ങൾക്കുണ്ടായ ജീവിതം സെറ്റിൽ ചെയ്തിരിക്കും. കാരണം എയിഡഡിൽ കയറാൻ സാധിക്കുന്നത് തന്നെ സാമ്പത്തിക സാമൂഹ്യ മൂലധനം ഉള്ളവർക്കാണ്.

ഗവൺമേന്റ് എയിഡഡ് എന്നിവയുടെ വ്യത്യാസം മനസിലാക്കണമെങ്കിൽ ഈ വർഷം 145 തസ്തിക ഗവൺമെന്റിൽ വരുമ്പോൾ എയിഡഡിൽ അത് 1300 ആണ്.
ഒമ്പത് മണിക്കൂർ കണക്കാക്കി എയിഡഡിൽ പുതിയ തസ്തിക അനുവദിച്ചപ്പോൾ ഗവൺമെന്റ് മേഖലയെ പാടെ ഒഴിവാക്കി. ഇത്തരം അധികഭാരങ്ങളോട് കണ്ണടച്ച് എല്ലാത്തരം ജീവനക്കാരെയും ഒറ്റ ഏകകത്തിൽ അളക്കുകയാണ് പൊതുബോധം ചെയ്യുന്നത്.

ഈ നിലക്ക് ചിന്തിക്കുമ്പോൾ തന്നെ വ്യത്യസ്ത നിലകളിൽ ശമ്പളം പറ്റുന്ന ജീവനക്കാരുടെ സാമ്പത്തികാവസ്ഥ ഒരേ പോലെയല്ല എന്ന യാഥാർത്ഥ്യം മനസിലാക്കേണ്ടതാണ്. അതുപോലെ പ്രധാന്യമുള്ളത് തന്നെയാണ് കുടുംബത്തിലെ ഭാര്യയും ഭർത്താവും ജീവനക്കാരായുള്ളവരും ഒരാൾ മാത്രം ജീവനക്കാരായുള്ളതും.മറ്റൊന്ന് 50000 വാങ്ങുന്നവന്റെ ജീവിതത്തിലുള്ള സ്ഥിരതയല്ല ഒരു ലക്ഷം വാങ്ങുന്നവറേത്.
ശരാശരി 20 വർഷമെങ്കിലും പഠനത്തിന് ചിലവഴിച്ച് മറ്റുള്ളവരോട് മൽസരിച്ച് സ്ഥിരവരുമാനത്തെ ആശ്രയിച്ച് ജീവിക്കുന്നവരോട് സ്വീകരിക്കുന്ന നീതിപൂർവ്വകമായ സമീപനം അല്ല എന്ന് തന്നെ പറയേണ്ടി വരും.

ഇവരുടെ ശമ്പളത്തിൽ നിന്നും ഒരു തുക സംഭാവന പിരിച്ചെടുക്കാവുന്നതേയുള്ളു

ഇതിലെല്ലാറ്റിലുമുപരി സംസ്ഥാനത്ത് ആർട്ടിക്കിൾ 360 പ്രഖ്യപിച്ചാൽ മാത്രമേ നിയമപരമായി ഒരു ഭരണകൂടത്തിന് കേന്ദ്ര-സംസ്ഥാന ജീവനക്കാരുടെ ശമ്പളത്തിൽ കുറവ് വരുത്താൻ കഴിയുകയുള്ളു രാഷ്ട്രപതിയുടെ അധികാര പരിധിയിൽ വരുന്നതുമാണ് പക്ഷേ രാജ്യം സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് പോയിട്ടില്ലാത്തതിനാൽ സാലറി കട്ട് ചെയ്യുന വിഷയത്തിൽ സർക്കാറിന് തീരുമാനമെടുക്കാൻ കഴിയുകയുമില്ല.

ഇത്തരുണത്തിൽ ജീവനക്കാർക്ക് അവരുടെ സാമ്പത്തീക സ്ഥിതിയനുസരിച്ചുള്ള തുക നൽകാനുള്ള അവസരം നൽകാതെ നിർബ്ബന്ധപൂർവ്വം പിടിച്ചെടുക്കലിന് സർക്കാർ ശ്രമിച്ചാൽ അത് നിയമ വ്യവഹാരങ്ങൾക്കു വഴിതെളിക്കയാകും ചെയ്യുക !

എന്തായാലും ഇത്തരം അനീതിക്കെതിരെ കോടതിയെ സമീപിക്കാൻ SEU, NGOA തുടങ്ങിയ ജനാധിപത്യ സംഘടനകൾ ശ്രമമാരംഭിച്ചു കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP