Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊറോണ യുദ്ധത്തിൽ വിജയം അവകാശപ്പെടുന്ന ചൈന ലക്ഷ്യം വയ്ക്കുന്നത് ലോക ചക്രവർത്തി കിരീടമോ? ചൈനീസ് ഭരണം കൊറോണയെ ഉപയോഗിക്കുന്നത് ലോകരാഷ്ട്രങ്ങൾക്ക് മേൽ ആധിപത്യം നേടാനെന്നും ആശങ്ക; കൊറോണാനന്തര കാലഘട്ടത്തെക്കുറിച്ചുള്ള രാഷ്ട്രീയ ആശങ്കകൾ പങ്കുവയ്ക്കുന്നവർ ഏറെ; കൊറോണ ദുരന്തം അനുഭവിക്കുന്ന രാഷ്ട്രങ്ങളെ സഹായിക്കാൻ ചൈന കാണിക്കുന്ന വെമ്പലും സംശയത്തിൽ; ഷീജിങ് പിങ്കിന്റെ കലക്കവെള്ളത്തിൽ മീൻപിടിക്കൽ തന്ത്രത്തിൽ കരുതലോടെ രാഷ്ട്രങ്ങൾ

കൊറോണ യുദ്ധത്തിൽ വിജയം അവകാശപ്പെടുന്ന ചൈന ലക്ഷ്യം വയ്ക്കുന്നത് ലോക ചക്രവർത്തി കിരീടമോ? ചൈനീസ് ഭരണം കൊറോണയെ ഉപയോഗിക്കുന്നത് ലോകരാഷ്ട്രങ്ങൾക്ക് മേൽ ആധിപത്യം നേടാനെന്നും ആശങ്ക; കൊറോണാനന്തര കാലഘട്ടത്തെക്കുറിച്ചുള്ള രാഷ്ട്രീയ ആശങ്കകൾ പങ്കുവയ്ക്കുന്നവർ ഏറെ; കൊറോണ ദുരന്തം അനുഭവിക്കുന്ന രാഷ്ട്രങ്ങളെ സഹായിക്കാൻ ചൈന കാണിക്കുന്ന വെമ്പലും സംശയത്തിൽ; ഷീജിങ് പിങ്കിന്റെ കലക്കവെള്ളത്തിൽ മീൻപിടിക്കൽ തന്ത്രത്തിൽ കരുതലോടെ രാഷ്ട്രങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: ഇന്തീ ചീനീ ഭായ് ഭായ് എന്ന മുദ്രാവാക്യത്തിന്റെ മാറ്റൊലികൾ മായുമുൻപേ ഇന്ത്യയെ ആക്രമിച്ച് ചൈന തെളിയിച്ചതാണ് അവരുടെ സ്വാർത്ഥത. കമ്മ്യുണിസ്റ്റ് രാജ്യങ്ങൾക്കിടയിൽ മേധാവിത്വത്തിന് ശ്രമിച്ച മാവോയുടെ സ്വപ്നങ്ങൾക്ക് സോവിയറ്റ് യൂണിയൻ വിലങ്ങുതടിയായപ്പോൾ ആ സഖ്യം ഉപേക്ഷിച്ച് പുറത്തുവരുവാൻ ഒട്ടും മടിക്കാതിരുന്ന ചൈന സ്വന്തം പെരുമ വർദ്ധിപ്പിക്കാനായിരുന്നു ഇന്ത്യയുമായി അടുത്തത്. എന്നാൽ സ്വന്തം താത്പര്യങ്ങൾക്ക് ഇന്ത്യ വിലങ്ങു തടിയാകുമെന്ന് കണ്ടപ്പോൾ ഇന്ത്യക്കെതിരെ അക്രമമഴിച്ചു വിടുവാനും ചൈന മടിച്ചില്ല.

ചൈനയുടെ തന്ത്രങ്ങൾ ഏതൊക്കെ വഴിയിലൂടെ നീങ്ങുമെന്ന് ആർക്കും പ്രവചിക്കാനാവില്ലെന്നതാണ് സത്യം. രാജ്യത്തെ മുഴുവൻ കനത്ത ഇരുമ്പുമറയ്ക്കുള്ളിൽ സൂക്ഷിക്കുന്ന ചൈനയിൽ നിന്നും ഭരണാധികാരികൾക്ക് അനഭിമതമായ ഒരു വാർത്തയും പുറത്തു വരാറില്ലെന്ന സത്യമാണ് ചൈനയെ പ്രവചനാതീതമായി മാറ്റുന്നത്. കമ്മ്യുണിസത്തിന്റെ പേരിൽ മാവോ നടപ്പിലാക്കിയ മണ്ടൻ പരിഷ്‌കാരങ്ങൾ ഏറെക്കുറെ രാജ്യത്തെ സർവ്വനാശത്തിലേക്ക് നയിക്കുമ്പോഴാണ് ഡെംഗ് സിയാവോപിംഗിന്റെ സാമ്പത്തിക പരിഷ്‌കരണങ്ങൾ എത്തുന്നത്.

ചൈനയുടെ വാതിലുകൾ ആദ്യമായി പാശ്ചാത്യ സാമ്പത്തിക ശക്തികൾക്കായി തുറന്നുകൊടുത്ത ചൈന പക്ഷെ ആഗോളവത്ക്കരണ നയത്തിൽ നിന്നും ഏറെ നേട്ടങ്ങൾ കൊയ്തു. ഇന്ത്യയെപ്പോലെ പല രാജ്യങ്ങളും ആഗോള വിപണികളായി മാറിയപ്പോൾ ആഗോളതലത്തിൽ തന്നെ ഒരു ഉദ്പ്പാദന കേന്ദ്രമായി മാറുവാൻ ചൈനക്ക് കഴിഞ്ഞത്, കുറേയൊക്കെ അവിടെയുള്ള കർക്കശമായ ഭരണകൂടത്തിന്റെ സഹായത്തോടെയായിരുന്നു.

ഈ പുത്തൻ നയങ്ങളുടെ ഫലമായി ഉയർന്നുവന്ന പുത്തൻ ധനികവിഭാഗം കമ്മ്യുണിസ്റ്റ് പാർട്ടിയോടൊപ്പം കൈകോർത്തപ്പോൾ, ചൈനയിലെ ദരിദ്രവിഭാഗം ഏറെ ദുരിതങ്ങൾക്ക് ഇരകളായി. മാവോയുടെ വികലനയങ്ങളുടെ അനന്തരഫലമായുണ്ടായ ക്ഷാമത്തിൽ നിന്നും രക്ഷനേടാനായിരുന്നു ആദ്യം വന്യജീവികളെ കൊന്നു ഭക്ഷിക്കുവാനുള്ള അനുവാദം ചൈനയിൽ നടപ്പിലാക്കിയത്. നവ സമ്പന്നരുടെ വരവോടെ ഈ ഒരു മേഖല ചില മാഫിയകളുടെ കൈയിൽ അകപ്പെടുകയും, ഇത് ധനികരുടെ വിശിഷ്ട ഭോജനങ്ങളായി മാറുകയും ചെയ്തു.

കൃഷിയും മറ്റും ഇന്നും പൊതുമേഖലയിലുള്ള ചൈനയിൽ പക്ഷെ വന്യജീവികളെ വേട്ടയാടുവാനുള്ള കരാർ ഇന്ന് ചില സ്വകാര്യ വ്യക്തികൾക്കാണ്. ഇത് ബുദ്ധിപൂർവ്വം മാർക്കറ്റിങ് ചെയ്ത അവർ, ലൈംഗിക ശേഷി വർദ്ധിപ്പിക്കുന്നതിനുൾപ്പടെയുള്ളതിനായുള്ള വിശിഷ്ടാഹാരമായാണ് ഈ കാട്ടുമൃഗങ്ങളെ അവതരിപ്പിച്ചത്. അങ്ങനെ ക്ഷാമകാലത്ത് പട്ടിണിപ്പാവങ്ങളുടെ അരവയർ നിറച്ചിരുന്ന വിഭവങ്ങൾ ഇന്ന് സമ്പന്നന്റെ തീന്മേശയിലെ പ്രത്യേക വിഭവങ്ങളായി മാറി.

വന്യജീവി സംരക്ഷണത്തിന് ആഗോളാടിസ്ഥാനത്തിൽ തന്നെ നിയമങ്ങൾ ഉണ്ടായിട്ടും ചൈന വന്യമൃഗങ്ങളേ വേട്ടയാടുന്നത് നിരോധിക്കാതിരിക്കാനുള്ള പ്രധാന കാരണം, ഇതിൽ ഉൾപ്പെട്ടിരിക്കുന്ന മാഫിയയ്ക്ക് ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടിയുമായുള്ള അടുത്ത ബന്ധമാണ്. വളരെക്കാലമായി വന്യജീവികൾക്കുള്ളിൽ കഴിയുന്ന വൈറസുകൾ മ്യുട്ടേഷൻ സംഭവിച്ച്, മൃഗങ്ങളുമായുള്ള സമ്പർക്കത്തിലൂടെ മനുഷ്യരിലേക്ക് പ്രവേശിക്കുന്നു എന്ന ശാസ്ത്ര സത്യവും, കൊറോണാ ബാധ ആദ്യമായുണ്ടായത്, വുഹാനിലെ, ഇത്തരത്തിൽ വന്യജീവികളേ വില്ക്കുന്ന ഒരു ചന്തയിൽ നിന്നാണെന്നുള്ള ചരിത്ര സത്യവും കൂട്ടിവായ്ക്കുമ്പോഴാണ് ചിലരുടെ സ്വാർത്ഥ താത്പര്യങ്ങൾക്കായി ലോകം എത്ര വലിയ വില നൽകേണ്ടി വന്നു എന്ന കാര്യം പൂർണ്ണമായും മനസ്സിലാകുക.

വൈറസ് ബാധയുടെ ആദ്യ നാളുകളിൽ തന്നെ ഇതിനെ കുറിച്ചുള്ള പൂർണ്ണവിവരങ്ങൾ മറ്റ് രാജ്യങ്ങളേയോ ലോകാരോഗ്യ സംഘടന പോലുള്ള ആഗോള സംഘടനകളേയോ അറിയിച്ചിരുന്നെങ്കിൽ ഒരു പക്ഷെ ഇന്ന് ഈ ലോകമാകെ മരണം വിതക്കുന്ന കൊറോണയെന്ന ഭീകരൻ വളർച്ചയെത്തും മുൻപ് വുഹാനിൽ തന്നെ അകാല ചരമമടയുമായിരുന്നു. എന്നാൽ ഇക്കാര്യത്തിലും ചൈന കൈക്കൊണ്ടത് തീർത്തും വ്യത്യസ്തമായ നിലപാടുകളായിരുന്നു.

ഇത്തരമൊരു രോഗബാധ നിഷേധിച്ചു എന്നു മാത്രമല്ല, ഇക്കാര്യം പുറത്താക്കിയവരെ നിശബ്ദരാക്കുകയും ചെയ്തു. ഡിസംബറിൽ ആരംഭിച്ച് വുഹാനിലാകെ വൈറസുകൾ അതിവേഗം പരക്കുമ്പോഴും വുഹാനിലേക്കോ വുഹാനിൽ നിന്നു പുറത്തേക്കോ ഉള്ള യാത്രകൾ തടയാതെ വൈറസിനെ ലോകമാകെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം നൽകിയത് മനഃപൂർവ്വമാണോ എന്ന് ആരെങ്കിലും സംശയിച്ചാൽ അതിൽ തെറ്റുപറയാനാവില്ല. കാരണം ആ ഇരുണ്ട മറയ്ക്കുള്ളിൽ നിന്നും വല്ലപ്പോഴും പുറത്തു വന്നിരുന്നത് അതിലും ഭയാനകമായ വാർത്തകളായിരുന്നു.

വുഹാനിൽ നിന്നും ലോകം മുഴുവനും പറന്നെത്തിയ കൊറോണ തൊട്ടടുത്തുള്ള ചൈനയുടെ പ്രധാന സാമ്പത്തിക കേന്ദ്രമായ ഷാങ്ങ്ഹായിയിലും തലസ്ഥാനമായ ബെയ്ജിംഗിലും എന്തുകൊണ്ട് എത്തിയില്ല എന്നത് ഇന്നും ഒരു മില്ല്യൺ ഡോളർ ചോദ്യമായി അവശേഷിക്കുന്നു. ഈ വൈറസ് എവിടെയൊക്കെ എത്തണം എവിടെയൊക്കെ എത്തരുത് എന്ന് ആരൊക്കെയോ തീരുമാനിച്ചിരുന്നത് പോലെയായിരുന്നു പിന്നീടുള്ള കാര്യങ്ങൾ.

കൊറിയയിലും സമീപ രാജ്യങ്ങളിലും ആദ്യം ദുർബലമായിരുന്ന കൊറോണ പിന്നീട് ഇറാനിലും ഇറ്റലിയിലും തന്റെ പൂർണ്ണ ശക്തിയോടെയാണ് അഴിഞ്ഞാടിയത്. ഇത് മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും അതിവേഗം പടരുകയായിരുന്നു. മറ്റ് പല വികസിത രാജ്യങ്ങളും കൊറോണയുടെ ചൂട് അനുഭവിച്ചുവരുമ്പോഴേക്കും ചൈന അതിനെ പിടിച്ചു കെട്ടിയിരുന്നു, അല്ലെങ്കിൽ അങ്ങനെ അവകാശപ്പെടാൻ തുടങ്ങിയിരുന്നു. ചൈനീസ് തന്ത്രങ്ങളിൽ എക്കാലവും കണ്ടിട്ടുള്ള പെർഫക്ട് ടൈമിംഗിന്റെ മറ്റൊരു ഉദാഹരണമായി ഇതിനെ കാണാം. അല്ലെങ്കിൽ, അതുകഴിഞ്ഞുള്ള ചൈനീസ് നടപടികൾ അത്തരമൊരു സംശയം ജനിപ്പിക്കുന്നതാണ്.

കൊറോണയ്ക്കെതിരെയുള്ള കുരിശുയുദ്ധം ജയിച്ചെന്നവകാശപ്പെട്ട ചൈനയുടെ മറ്റൊരു മുഖമായിരുന്നു പിന്നീട് ലോകരാജ്യങ്ങൾ കണ്ടത്. കൊറോണാ ദുരന്തത്തിൽ ഏറ്റവുമധികം കഷ്ടപ്പെടുന്ന ഇറ്റലിക്ക് മാസ്‌ക് ഉൾപ്പടെയുള്ള ജീവൻ രക്ഷാ ഉപകരണങ്ങൾ സൗജന്യമായി നൽകി ചൈന ലോകത്തിന് മാതൃകയാവുകയായിരുന്നു. എന്നാൽ അത് മറ്റൊരു തന്ത്രമായിരുന്നു എന്ന് അറിയുവാൻ കുറച്ചുകൂടി കാത്തിരിക്കേണ്ടിവന്നു.

ലോകത്തിന് മുൻപിൽ കരുണയുടെയും അനുകമ്പയുടെയും പുത്തൻ മുഖവുമായി ചൈന എത്തുമ്പോൾ അണിയറയിൽ ഇത്തരം ഉപകരണങ്ങൾ ലക്ഷക്കണക്കിനായി വിവിധ നിർമ്മാണ യൂണിറ്റുകളിൽ നിന്നും പുറത്ത് എത്തിയിരുന്നു. സ്പെയിൻ അടക്കമുള്ള നിരവധി രാജ്യങ്ങ്ളിലേക്ക് അവ കയറ്റുമതി ചെയ്യപ്പെട്ടു. ഗുണമേന്മ പോരെന്ന് പറഞ്ഞ് സ്പെയിൻ പിന്നീട് ഈ ചൈനീസ് ഉദ്പ്പന്നങ്ങൾ നിഷേധിച്ചെങ്കിലും ഈ വിപണിയിൽ ഏറെ മുന്നിലെത്തിയിരുന്നു അപ്പോഴേക്കും ചൈന.

ഈ സാഹചര്യത്തിലാണ് ഇത്രനാളും ലോകത്തെ വിരൽത്തുമ്പിലിട്ട് അമ്മാനമാടിയ അമേരിക്ക കോറോണയ്ക്ക് മുന്നിൽ കാര്യമായ പോരാട്ടത്തിന് മുതിരാതെ അടിയറവിനൊരുങ്ങുന്നത്. അമേരിക്കയിലാകെ കനത്ത നഷ്ടം വിതച്ച കൊറോണ ആ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുമെന്ന കാര്യവും തർക്കമില്ലാത്തതാണ്. നിയന്ത്രണങ്ങൾക്കും നിരോധനങ്ങൾക്കുംപരിധികളുള്ള ജനാധിപത്യ വ്യവസ്ഥയിൽ അമേരിക്കയ്ക്ക് കഴിയുന്നതിനേക്കാളേറെ വേഗത്തിൽ സാമ്പത്തിക പുരോഗതി കൈവരിക്കാൻ ജനതയെ മുഴുവൻ അടിച്ചമർത്തി വാഴുന്ന ചൈനയിലെ കമ്മ്യുണിസ്റ്റ് ഭരണത്തിന് കഴിയും എന്നതിൽ തർക്കമില്ല.

ഇവിടെയാണ് ചൈന മൂന്നു തലങ്ങളിലായി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പരിപാടിയെ കുറിച്ച് സംശയങ്ങൾ ഉയരുന്നത്. ചില ആഫ്രിക്കൻ രാഷ്ട്രങ്ങൾ ഉൾപ്പടെ പല ദരിദ്ര രാഷ്ട്രങ്ങൾക്കും ചൈന സാമ്പത്തിക സഹായം ഇപ്പോൾ തന്നെ നൽകുന്നുണ്ട്. വികസനപങ്കാളിയായി, രാഷ്ട്രങ്ങളെ വരുതിക്ക് നിർത്തുന്ന തന്ത്രം ഇപ്പോൾ തന്നെ പാക്കിസ്ഥാനിൽ പരീക്ഷിച്ചു വിജയം കണ്ടിരിക്കുന്നു. വുഹാനിൽ അകപ്പെട്ട ഇന്ത്യാക്കാരെ രക്ഷിച്ച് രാജ്യത്തെത്തിച്ചപ്പോഴും, ഏറെ പഴികേൾക്കേണ്ടിവന്നിട്ടും ഇമ്രാൻ ഖാൻ അതിനു മുതിർന്നില്ല എന്നത് ചൈനയെ പിണക്കരുത് എന്ന ഒരേയൊരു ഉദ്ദേശത്തിലായിരുന്നു.

പാക്കിസ്ഥാൻ മാത്രമല്ല, പട്ടുപാത പൂർത്തിയായാൽ പല ഏഷ്യൻ യൂറോപ്യൻ രാഷ്ട്രങ്ങളും ചൈനയുടെ വരുതിയിലാകും. ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ചൈനയെ ആശ്രയിക്കാതെ നിലനിൽപ്പില്ലാത്ത അവസ്ഥയിൽ ചൈനയുടെ മേൽക്കോയ്മ പരോക്ഷമായെങ്കിലും അംഗീകരിക്കേണ്ടിവരും. ആഗോളാടിസ്ഥാനത്തിൽ ആധിപത്യം സ്ഥാപിക്കുവാനുള്ള അടുത്ത തന്ത്രമായിരുന്നു നല്ല ശമരിയാക്കാരൻ എന്ന മുഖച്ഛായ ഉണ്ടാക്കുക എന്നത്. ഇറ്റലിയിലും മറ്റ് ചില കൊറോണാ ബാധിത രാഷ്ട്രങ്ങളിലും സഹായ ഹസ്തവുമായി വന്നത് ഈ മുഖച്ഛായ മിനുക്കലിന്റെ ഭാഗമായി തന്നെയായിരുന്നു. ഇണങ്ങിയും പിണങ്ങിയുമുള്ള ബന്ധമായിരുന്നു എന്നും അമേരിക്കയും യൂറോപ്പിലെ പ്രധാന രാഷ്ട്രങ്ങളും തമ്മിൽ. ഇതിൽ പിണക്കത്തെ മുതലെടുക്കുവാൻ ഏറെ ശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോൾ കളം മാറ്റി ചവിട്ടുകയാണ് ചൈന എന്ന് ആരെങ്കിലും വിചാരിച്ചാൽ ചൈനയുടെ ഭൂതകാലം അറിയുന്ന ആരും തെറ്റുപറയില്ല.

ചൈനയിൽ കായിക മത്സരത്തിനെത്തിയ അമേരിക്കൻ സൈനികരിൽ നിന്നാണ് കൊറോണ വുഹാനിലെത്തിയതെന്ന ആരോപണം തന്നെ ഈ മഹാമാരിയിൽ ഏറെ കഷ്ടപ്പെടുന്ന യൂറോപ്പ്യൻ രാഷ്ട്രങ്ങൾക്ക് മുന്നിൽ അമേരിക്കയെ പ്രതിസ്ഥാനത്ത് നിർത്താനുള്ള അടവായിരുന്നു. അത് പരാജയപ്പെട്ടപ്പോഴാണ് സഹായഹസ്തവുമായി എത്തി യൂറോപ്പിന്റെ മനസ്സിലൊരു ഇരിപ്പിടത്തിന് ചൈന ശ്രമിക്കുന്നത്. എന്നാൽ ചൈനയുടെ ഈ ശ്രമം വിജയിക്കുമോ? വിജയിക്കാൻ സാധ്യതയുണ്ടെന്നാണ് പല പാശ്ചാത്യ നിരീക്ഷകരും കരുതുന്നത്. അതിന് പല കാരണങ്ങളും അവർ നിരത്തുന്നു. ഒന്നാമത് ചൈനയുടെ തന്ത്രങ്ങൾക്ക് ബദലായി ഫലവത്തായ ഒരു തന്ത്രം ഇതുവരെയും പാശ്ചാത്യ ശക്തികൾക്ക് നെയ്തെടുക്കാൻ ആയിട്ടില്ല എന്ന സത്യം. രണ്ടാമത്തേത്, കൊറൊണാനന്തര കാലഘട്ടത്തിൽ ലോകത്ത് ഉടലെടുക്കാൻ സാധ്യതയുള്ള അനിശ്ചിതത്വങ്ങളാണ്.

സമ്പദ്വ്യവസ്ഥ ആകെ താറുമാറാകുന്ന ലോകത്ത് തൊഴിലില്ലായ്മ ഉൾപ്പടെയുള്ള പ്രശ്നങ്ങൾ ഉടലെടുക്കുമെന്നും അത് പലയിടങ്ങളിലും കലാപങ്ങൾക്ക് വഴി തെളിയിക്കുമെന്നും ഈയിടെ ഇന്റർനാഷണൽ സെക്യുരിറ്റി ഏജൻസിയുടെ ഒരു പഠനം വ്യക്തമാക്കിയിരുന്നു. താരതമ്യേന മനുഷ്യാവകാശങ്ങൾ ഉള്ളതും, സുതാര്യമായതുമായതുമായ ഭരണ സംവിധാനങ്ങൾ നിലനിൽക്കുന്ന പാശ്ചാത്യ രാജ്യങ്ങൾക്ക് അത്തരം കലാപങ്ങൾ ഒതുക്കുക എന്നത് ഒരല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. മാധ്യമ സ്വാതന്ത്ര്യവും പൗര സ്വാതന്ത്ര്യവുമൊക്കെയുള്ള ഇടങ്ങളിൽ ഭരണകൂടങ്ങൾ ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം പറയുവാൻ ബാദ്ധ്യസ്ഥരാണ്. എന്നാൽ ചൈനയെപ്പോലെ തികച്ചും ഏകാധിപത്യ ഭരണകൂടമുള്ള ഒരു രാജ്യത്തിന് ഇത്തരം കലാപങ്ങൾ അടിച്ചമർത്തുക അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല. 1989 ലെ ടിയാനൻ മെൻ ചത്വരത്തിലെവിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ ഗതി മാത്രം നോക്കിയാൽ മതി ഇത് സത്യമാണെന്ന് മനസ്സിലാക്കുവാൻ.

അഭ്യന്തര കലാപങ്ങൾ ഉണ്ടാവുകയും, അത് അടിച്ചമർത്താൻ ബുദ്ധിമുട്ടുകയും ചെയ്യുമ്പോൾ, ഈ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ചീനവലകൾ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. പാശ്ചാത്യ രാജ്യങ്ങൾ എത്രവേഗം കൊറോണയേയും അതിനനുബന്ധമായ സാമ്പത്തിക മാന്ദ്യത്തേയും എത്രപെട്ടെന്ന് അതിജീവിക്കും എന്നതായിരിക്കും ചൈനയുടെ ജയപരാജയങ്ങൾ നിശ്ചയിക്കുക. അതോടൊപ്പം കൊറോണയെ ഒരു പരിധിവരെ ചെറുത്തുനിൽക്കാൻ കഴിഞ്ഞ ഇന്ത്യയുടെ ശക്തിയും ചൈനക്ക് അവഗണിക്കാൻ കഴിയില്ല. ഇന്ത്യയും ചൈനയുടെ ജയപരാജയങ്ങൾ നിശ്ചയിക്കുന്നതിൽ അതി പ്രധാനമായ ഒരു പങ്ക് വഹിക്കും എന്ന കാര്യം ചൈനക്കും അറിയാം അതുകൊണ്ട് തന്നെയാണ് കാശ്മീർ പ്രശ്നങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങളിൽ ഒരു പരിധിക്കപ്പുറം സഖ്യശക്തിയായ പാക്കിസ്ഥാനെ സഹായിക്കാൻ ചൈന തയ്യാറാകാത്തതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP