Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

11 നഴ്‌സുമാരെ പിരിച്ചുവിട്ട് ആദ്യം തുടക്കമിട്ടത് തലസ്ഥാനത്തെ എസ്‌കെ ആശുപത്രി; ജീവനക്കാരുടെ ശമ്പളം മൂന്നിലൊന്നായി വെട്ടിക്കുറച്ച് ബേബി മെമോറിയൽ ആശുപത്രി; കടുംവെട്ടുമായി ആസ്റ്റർ മെഡിസിറ്റി; മൂന്നിൽ രണ്ടു ഭാഗം മാത്രം ശമ്പളമെന്ന് അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രി; പകുതി ശമ്പളം മാത്രമെന്ന് കെ.പി.യോഹന്നാന്റെ ബിലീവേഴ്‌സ് ചർച്ചും; കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിലക്കിയിട്ടും കൊറോണ കാലത്ത് ജീവനക്കാരെ പാഠം പഠിപ്പിക്കാൻ സ്വകാര്യ ആശുപത്രികൾ

11 നഴ്‌സുമാരെ പിരിച്ചുവിട്ട് ആദ്യം തുടക്കമിട്ടത് തലസ്ഥാനത്തെ എസ്‌കെ ആശുപത്രി; ജീവനക്കാരുടെ ശമ്പളം മൂന്നിലൊന്നായി വെട്ടിക്കുറച്ച് ബേബി മെമോറിയൽ ആശുപത്രി; കടുംവെട്ടുമായി ആസ്റ്റർ മെഡിസിറ്റി; മൂന്നിൽ രണ്ടു ഭാഗം മാത്രം ശമ്പളമെന്ന് അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രി; പകുതി ശമ്പളം മാത്രമെന്ന് കെ.പി.യോഹന്നാന്റെ ബിലീവേഴ്‌സ് ചർച്ചും; കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിലക്കിയിട്ടും കൊറോണ കാലത്ത് ജീവനക്കാരെ പാഠം പഠിപ്പിക്കാൻ സ്വകാര്യ ആശുപത്രികൾ

എം മനോജ് കുമാർ

തിരുവനന്തപുരം: കൊറോണ പ്രതിസന്ധിയുടെ മറവിൽ ഡോക്ടർമാരുടെയും നഴ്‌സ്മാരുടെയും ശമ്പളം വെട്ടിക്കുറക്കാൻ തീരുമാനിച്ച് കേരളത്തിലെ സ്വകാര്യ ആശുപത്രികൾ. ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും മറ്റു ജീവനക്കാരുടെയും ശമ്പളം മൂന്നിലൊന്നായി വെട്ടിക്കുറയ്ക്കുകയും അധികമുണ്ടെന്നു തോന്നുന്ന ജീവനക്കാരെ പിരിച്ചു വിടാനുമാണ് ആശുപത്രി മാനേജ്‌മെന്റുകളുടെ കൂട്ടായ ശ്രമം. എല്ലാ ജീവനക്കാർക്കും ശമ്പളം നൽകണമെന്നും ആരെയും പിരിച്ചുവിടാൻ പാടില്ലെന്നുമാണ് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നൽകിയ നിർദ്ദേശങ്ങളിൽ പ്രധാനം. കോവിഡിന്റെ പശ്ചാത്തലത്തിൽ സ്വകാര്യ ആശുപത്രികൾ നേഴ്സുമാർക്ക് ശമ്പളം കൊടുക്കാതിരിക്കുകയോ പിരിച്ചുവിടൽപോലുള്ള നടപടികൾ എടുക്കാനോ പാടില്ലെന്ന് സംസ്ഥാന സർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ലോക്ഡൗണിന്റെ പേരിൽ ആശുപത്രികളിൽ നിന്ന് ജീവനക്കാരെ പിരിച്ചുവിട്ടാൽ സർക്കാർ ഇടപെടുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു പറഞ്ഞത്. തലസ്ഥാനത്ത് എസ്‌കെ ആശുപത്രിയിൽ പതിനൊന്നു നേഴ്‌സുമാരെ പിരിച്ചുവിട്ടതായി പരാതി വന്നതോടെയാണ് ഈ കാര്യത്തിൽ മുഖ്യമന്ത്രി പ്രതികരണം നടത്തിയത്. പിരിച്ചുവിടൽ ഒരു കാരണവശാലും അനുവദിക്കില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ കേന്ദ്ര-കേരള നിർദ്ദേശങ്ങൾ ചീന്തിയെറിഞ്ഞ് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകൾ സാലറി വെട്ടിക്കുറക്കാനും ജീവനക്കാരെ പിരിച്ചു വിടാനും ഒരുങ്ങുകയാണ്.

സംസ്ഥാനത്തെ 90 ശതമാനം സ്വകാര്യ ആശുപത്രികളും സർക്കാർ നിർദ്ദേശത്തിന് പുല്ലു വില കൽപ്പിച്ച് ജീവനക്കാരെ ഒഴിവാക്കാനും ശമ്പളം വെട്ടിക്കുറയ്ക്കാനും ഒരുങ്ങുകയാണ്. കേരളത്തിന്റെ ആരോഗ്യ മേഖലയിൽ ദൂരവ്യാപകമായ ദോഷങ്ങൾ ഉണ്ടാക്കുന്ന നീക്കത്തിനാണ് ആശുപത്രി മാനേജ്‌മെന്റുകൾ തുനിഞ്ഞിറങ്ങിയിരിക്കുന്നത്. തിരുവനന്തപുരത്തെ എസ്‌കെ ആശുപത്രിയിലെ 11 നഴ്സുമാരോട് ഈ മാസം മുതൽ ഡ്യൂട്ടിക്ക് വരേണ്ടതില്ലെന്ന് ആശുപത്രി മാനേജ്മന്റ് അറിയിച്ചിട്ടുണ്ട്. കൊറോണ കാരണം അവധിയിലുള്ള ജീവനക്കാർക്ക് ശമ്പളം വെട്ടിക്കുറക്കുമെന്നും അറിയിപ്പുണ്ട്. കേന്ദ്ര-സംസ്ഥാന നിർദ്ദേശങ്ങൾ അപ്പാടെ ലംഘിക്കുകയാണ് ഈ നടപടി വഴി എസ്‌കെ ആശുപത്രി.

ആശുപത്രികളിലെ ജീവനക്കാർ കാലാകാലങ്ങളിലായി നേടിയെടുത്ത എല്ലാ ആനുകൂല്യങ്ങളും അവസാനിപ്പിക്കാനാണ് കൊറോണ കാലത്ത് സ്വകാര്യ ആശുപത്രികളുടെ ശ്രമം. മാർച്ചിലെ ശമ്പളം പിടിക്കാനും ചില ആശുപത്രികൾ തീരുമാനമെടുത്തിട്ടുണ്ട്. ഏപ്രിലിൽ ജോലിയുണ്ടാകുമോ, ജോലി ചെയ്താൽ തന്നെ ശമ്പളം ലഭ്യമാകുമോ എന്ന ആശങ്കയാണ് ഡോക്ടർമാരും നഴ്‌സുമാരും മറ്റു ആശുപത്രി ജീവനക്കാരും നേരിടുന്നത്. മാർച്ച് മാസത്തെ ശമ്പളത്തിൽ പതിനഞ്ചു ദിവസത്തെ ശമ്പളം മാത്രം ഉടനടി നൽകാം എന്നാണ് ചില ആശുപത്രികളും ജീവനക്കാർക്ക് നൽകിയ സന്ദേശത്തിൽ പറയുന്നത്. ബേബി മെമോറിയൽ ആശുപത്രി, ആസ്റ്റർ മെഡിസിറ്റി, അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രി, തിരുവല്ല ബിലീവേഴ്‌സ് ചർച്ച് തുടങ്ങിയ പ്രമുഖ സ്വകാര്യ ആശുപത്രികൾ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയാണ് എന്ന് പ്രഖ്യാപിച്ച് സർക്കുലർ തന്നെ ഇറക്കിക്കഴിഞ്ഞു. ശമ്പളത്തിന്റെ മുന്നിൽ രണ്ടു ഭാഗം നിങ്ങളുടെ അക്കൗണ്ടിൽ വരും. ബാക്കിയുള്ള ശമ്പളം രണ്ടു മാസത്തവണകൾ ആയി നൽകും. .ഈ പ്രതിസന്ധി തീരും വരെ കാര്യങ്ങൾ ഈ രീതിയിലാകും എന്നാണ് അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രി ജീവനക്കാർക്ക് നൽകിയ സന്ദേശത്തിൽ പറയുന്നത്.

ആശുപത്രികളിൽ രോഗികൾ കുറഞ്ഞു. ഡോക്ടർമാർ, നഴ്സുമാർ, ഫാർമസിസ്റ്റുകൾ, സപ്പോർട്ട് സ്റ്റാഫ് എന്നിവരിൽ പലരെയും വീട്ടിലിരുത്തെണ്ട അവസ്ഥയാണ്. പ്രതിമാസ വരുമാനത്തിന്റെ അമ്പത് ശതമാനത്തിലധികവും ശമ്പളം, അലവൻസുകൾ, ആനുകൂല്യങ്ങൾ എന്നിവയ്ക്കായി ചെലവിടുകയാണ്. അതുകൊണ്ട് തന്നെ പല നടപടികളും ഇതിന്റെ ഭാഗമായി വരും എന്ന മുന്നറിയിപ്പാണ് ആസ്റ്റർ മെഡിസിറ്റി ജീവനക്കാർക്ക് നൽകുന്ന മുന്നറിയിപ്പ്.

കോഴിക്കോടെ ബേബി മെമോറിയൽ ആശുപത്രി ജീവനക്കാർക്ക് നൽകാൻ പോകുന്ന ശമ്പളം ഇപ്പോൾ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് മാസത്തെ ശമ്പളത്തിൽ പതിനായിരം രൂപയിൽ താഴെ വാങ്ങുന്നവർക്ക് മുഴുവൻ ശമ്പളവും നൽകും. ഇരുപതിനായിരം വരെയുള്ളവർക്ക്‌നൽകാൻ പോകുന്നത് വെറും പതിനായിരം. മുപ്പതിനായിരം വരെ ശമ്പളം ഉള്ളവർക്ക് 16000 രൂപ മാത്രം. അമ്പതിനായിരം വരെ ശമ്പളമുള്ളവർക്ക് 21000 രൂപ മാത്രം. അമ്പതിനായിരത്തിനു മുകളിൽ ഉള്ളവർക്ക് വെറും മുപ്പതിനായിരം രൂപ മാത്രം. ഇതാണ് ബേബി മെമോറിയൽ പ്രഖ്യാപിച്ച ശമ്പളം. ഈ തുക മാത്രമേ ഈ മാസം ഇവർക്ക് ലഭിക്കൂ. മറ്റു മാസങ്ങളിൽ ഇതിന്റെ ഗഡുക്കൾ ലഭിക്കും. എന്നാണ് മാനെജ്‌മെന്റ് അറിയിപ്പ്. കുറവ് ശമ്പളം ഉള്ളവർക്ക് നിശ്ചിത വേതനം നൽകും. മറ്റുള്ള മുഴുവൻ ജീവനക്കാരും പകുതി ശമ്പളം ത്യജിക്കേണ്ടി വരും എന്നാണ് കെ.പി.യോഹന്നാന്റെ ബിലീവേഴ്‌സ് ചർച്ച് ആശുപത്രി ജീവനക്കാരെ അറിയിച്ചിരിക്കുന്നത്.

ആശുപത്രി ഉടമകളുടെ സംഘടനയായ കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ മാർച്ച് 25 നു തന്നെ ഈ കാര്യത്തിൽ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. കൊറോണ കാലത്ത് പുറത്തിറങ്ങി നടക്കാൻ തന്നെ വിലക്കുകൾ ഉള്ളപ്പോഴാണ് കെപിഎച്ച്എ ഭാരവാഹികൾ ഒരുമിച്ച് കൂടി തീരുമാനമെടുത്തത്. ഇതിന്റെ മിനുട്‌സ് തന്നെ മറുനാടന് ലഭ്യമായിട്ടുണ്ട്. മാനദണ്ഡമനുസരിച്ച് ശമ്പളം കണക്കാക്കണം. ഫണ്ട് ലഭ്യതയനുസരിച്ച് തീരുമാനം കൈക്കൊള്ളണം. ആവശ്യത്തിനു മാത്രം ജീവനക്കാരെ നിലനിർത്തുക. ഉള്ള സ്റ്റാഫുകൾക്ക് ശമ്പളം ഒന്നിച്ച് നൽകാൻ കഴിഞ്ഞില്ലെങ്കിൽ തവണകൾ ആയി നൽകുക. ഡോക്ടർമാരുടെ നിയമനകാര്യത്തിൽ ഓരോ ആശുപത്രികളും അതാത് ഡോക്ടർമാരുമായി സംസാരിക്കുക. അതിന്റെ അടിസ്ഥാനത്തിൽ ശമ്പളം തീരുമാനിച്ച് നൽകുക. ആശുപത്രികൾ നേരിടുന്ന പ്രശ്‌നങ്ങളും ആശങ്കകളും ഉയർത്തിക്കാട്ടി സർക്കാരിനു മെമോറാണ്ടം സമർപ്പിക്കുക എന്നിവയാണ് കെപിഎച്ച്എ കൈക്കൊണ്ട തീരുമാനം. കെപിഎച്ച്എ ആശുപത്രികളെ സഹായിക്കുന്ന തീരുമാനം എടുത്തിരിക്കവേ ഏവരെയും കടത്തിവെട്ടി മാനേജ്‌മെന്റുകൾ സ്വന്തം തീരുമാനം വേറെ നടപ്പിലാക്കുകയാണ്.

ഡോക്ടർമാരും നഴ്‌സുമാരും ഉൾപ്പെടെയുള്ള ആശുപത്രി ജീവനക്കാരോട് കണക്ക് തീർക്കാൻ എന്ന രീതിയിലാണ് കൊറോണ കാലം ഇവർ ഉപയോഗിക്കുന്നത്. ഇതുവരെ ഡോക്ടർമാർ അടക്കമുള്ള ജീവനക്കാർ വഴി വന്ന ലാഭം കൊണ്ട് തിന്നു കൊഴുത്ത ആശുപത്രി മാനേജ്‌മെന്റുകൾ ഒരു പ്രതിസന്ധിയുടെ കാലത്ത് ജീവനക്കാരെ കറിവേപ്പില പോലെ വലിച്ചെറിയാനാണ് ശ്രമം നടത്തുന്നത്. കൊറോണ ലോക്ക് ഡൗൺ വന്ന ശേഷം വാഹന സൗകര്യം ആശുപത്രി അധികൃതർ ലഭ്യമാക്കുന്നില്ല. ജീവനക്കാർ സ്വന്തം വാഹനങ്ങൾ ഉപയോഗിച്ചാണ് ഡ്യൂട്ടിക്ക് എത്തുന്നത്.

എല്ലാമറിഞ്ഞിട്ടും പ്രതികാര ബുദ്ധിയോടെയുള്ള തീരുമാനത്തിനാണ് കൊറോണ ക്രൈസിസ് പറഞ്ഞു സ്വകാര്യ ആശുപത്രി അധികൃതർ ഒരുങ്ങുന്നത്. ജീവനക്കാർക്ക് ദിവസവേതനം തീരുമാനിച്ച് ഡ്യൂട്ടിക്ക് വരുന്ന ദിവസം അതുമാത്രം നൽകാനും ആശുപത്രികൾക്കുള്ളിൽ നിന്നും ശ്രമം നടക്കുന്നുണ്ട്. കൊറോണ പ്രതിസന്ധിയിൽ ജീവനക്കാരെ പിരിച്ചു വിടുകയോ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ചെയ്യാൻ പാടില്ലെന്നാണ് കേന്ദ്ര-കേരള സർക്കാർ എടുത്ത തീരുമാനങ്ങളിൽ പ്രധാനം.

കേന്ദ്ര സർക്കാർ ഇത് സംബന്ധിച്ചുള്ള നിർദ്ദേശം എല്ലാ സംസ്ഥാനങ്ങൾക്കും അയക്കുകയും ചെയ്തിട്ടുണ്ട്. ഇരുപതിനായിരം രൂപ ശമ്പളം ലഭിക്കുന്നവർക്ക് പിഎഫ്, ഇഎസ്‌ഐ അടക്കമുള്ള വിഹിതം പിടിച്ച് ചെറിയ തുക മാത്രമാണ് ആശുപത്രി ജീവനക്കാരുടെ കയ്യിൽ വരുന്നത്. ഈ ശമ്പളത്തിൽ നിന്നും കട്ട് പ്രഖ്യാപിക്കുമ്പോൾ എങ്ങിനെ ജീവിതം കഴിയും എന്നാണ് ജീവനക്കാർ ഉയർത്തുന്ന ചോദ്യം. നിയമങ്ങൾ അനുസരിക്കാതെ സ്വന്തം നിലയിൽ തീരുമാനം എടുത്ത് നടപ്പിലാക്കാൻ സ്വകാര്യ ആശുപത്രികൾക്ക് ആര് അനുവാദം നൽകി എന്നും ചോദ്യം ഉയരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP