Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പൗരത്വ നിയമത്തിന്നെതിരെ നിയമസഭയിൽ പ്രമേയം വന്നപ്പോൾ എതിർക്കാതെ കണ്ണടച്ചിരുന്നു; ആരിഫ് മുഹമ്മദ്ഖാൻ സർക്കാരിനെതിരെ തിരിഞ്ഞപ്പോൾ നടപടി ശരിയല്ലെന്ന് തുറന്നടിച്ച് പാർട്ടിയെ പ്രതിരോധത്തിലാക്കി; സാലറി ചാലഞ്ച് ആവശ്യമില്ലെന്നു സംസ്ഥാന സംസ്ഥാന അധ്യക്ഷൻ പ്രസ്താവിച്ചപ്പോൾ ഒരു മാസത്തെ വരുമാനം കൊറോണ നിധിയിലേക്ക് നൽകി വീണ്ടും ഇരുട്ടടി; പാർട്ടിയെ ഒരുമിച്ച് കൊണ്ടുപോകാൻ സുരേന്ദ്രൻ ക്ലേശിക്കുമ്പോൾ തലവേദനയായി രാജഗോപാൽ; കേരളത്തിലെ ഏക ബിജെപി എംഎൽഎയുടെ സഞ്ചാരവഴികൾ ഇങ്ങനെ

പൗരത്വ നിയമത്തിന്നെതിരെ നിയമസഭയിൽ പ്രമേയം വന്നപ്പോൾ എതിർക്കാതെ കണ്ണടച്ചിരുന്നു; ആരിഫ് മുഹമ്മദ്ഖാൻ സർക്കാരിനെതിരെ തിരിഞ്ഞപ്പോൾ നടപടി ശരിയല്ലെന്ന് തുറന്നടിച്ച് പാർട്ടിയെ പ്രതിരോധത്തിലാക്കി; സാലറി ചാലഞ്ച് ആവശ്യമില്ലെന്നു സംസ്ഥാന സംസ്ഥാന അധ്യക്ഷൻ പ്രസ്താവിച്ചപ്പോൾ ഒരു മാസത്തെ വരുമാനം കൊറോണ നിധിയിലേക്ക് നൽകി വീണ്ടും ഇരുട്ടടി; പാർട്ടിയെ ഒരുമിച്ച് കൊണ്ടുപോകാൻ സുരേന്ദ്രൻ ക്ലേശിക്കുമ്പോൾ തലവേദനയായി രാജഗോപാൽ; കേരളത്തിലെ ഏക ബിജെപി എംഎൽഎയുടെ സഞ്ചാരവഴികൾ ഇങ്ങനെ

എം മനോജ് കുമാർ

തിരുവനന്തപുരം: കേരളത്തിലെ ബിജെപിയുടെ ഏക എംഎൽഎയായ ഒ.രാജഗോപാലിന്റെയും പാർട്ടിയുടെയും സഞ്ചാരം സമാന്തര വഴികളിൽ. സാലറി ചാലഞ്ച് ആവശ്യമില്ലെന്നും സർക്കാർ ജീവനക്കാർ മുഖ്യമന്ത്രിയുടെ അടിമകളല്ലെന്നും ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ ഇന്നലെ പ്രഖ്യാപിച്ചിരിക്കെയാണ് അധ്യക്ഷന്റെ പ്രഖ്യാപനം വിഴുങ്ങി തന്റെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് നല്കിയെ രാജഗോപാലിന്റെ മറുപടി വന്നത്. തഴക്കവും പഴക്കവുമുള്ള പാർട്ടിയുടെ നേതാക്കളെ ഒരു കുടക്കീഴിലാക്കി മുന്നോട്ടു കൊണ്ടുപോകാൻ കെ.സുരേന്ദ്രൻ ബുദ്ധിമുട്ടുന്നതിന്നിടയിലാണ് സാലറി ചാലഞ്ച് പ്രശ്‌നത്തിൽ ഏക എംഎൽഎയിൽ നിന്നും വന്ന തിരിച്ചടി. നിയമസഭയിൽ പൗരത്വ ഭേദഗതി നിയമത്തിന്നെതിരെ വോട്ടെടുപ്പ് ആവശ്യപ്പെടാത്തതും ഇതേ പ്രശ്‌നത്തിൽ സംസ്ഥാന സർക്കാരിനെതിരെ പരസ്യ പ്രസ്താവന നടത്തിയ ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ നടപടി ശരിയല്ലെന്നും പറഞ്ഞ രാജഗോപാലിന്റെ നിലപാടുകൾ സംസ്ഥാന ബിജെപി നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതെല്ലാം നിലനിൽക്കെ തന്നെയാണ് സാലറി ചാലഞ്ച് തീരുമാനത്തിന്നെതിരെ സംസ്ഥാന അധ്യക്ഷൻ നിലപാടെടുക്കുമ്പോൾ തന്റെ ശമ്പളം സാലറി ചാലഞ്ചിനു നൽകി രാജഗോപാലിന്റെ തീരുമാനം വരുന്നത്.

സാലറി ചാലഞ്ചിന്നെതിരെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രനും കൈകോർക്കുമ്പോൾ തന്നെയാണ് പാർട്ടിയിൽ സുരേന്ദ്രനുള്ള ഇരുട്ടടിയായി രാജഗോപാലിന്റെ തീരുമാനം വരുന്നത്. കൊറോണ വ്യാപനം തടയുന്നതിന് പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക്ഡൗൺ ഉത്തരവ് ലംഘിച്ച് സുരേന്ദ്രൻ കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് നടത്തിയ യാത്ര വിവാദമായി തുടരവേ അതിലും രാജഗോപാലിന്റെ പ്രസ്താവന വരുമോ എന്നാണ് സുരേന്ദ്രനോടു അടുപ്പമുള്ള നേതാക്കൾ ഭയക്കുന്നത്. പാർട്ടിയെ വെട്ടിലാക്കുന്ന തീരുമാനങ്ങളിൽ രാജഗോപാൽ മുൻപന്തിയിലാണെന്ന് ആരോപണം വന്നിരിക്കെ തന്നെയാണ് സാലറി ചാലഞ്ചിലും രാജഗോപാൽ സ്വന്തം നിലപാട് പ്രഖ്യാപിക്കുന്നത്. സാലറി ചാലഞ്ചിനു ജീവനക്കാർ നിന്ന് കൊടുക്കരുതെന്നാണ് സംസ്ഥാന അധ്യക്ഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. ധൂർത്തും കെടുകാര്യസ്ഥതയുമാണ് കേരളത്തിൽ കേരളത്തിൽ നടക്കുന്നത് എന്നാണ് കെ.സുരേന്ദ്രൻ ആരോപിക്കുന്നത്. സാലറി ചലഞ്ചിൽ പങ്കെടുക്കാൻ താല്പര്യമില്ലാത്തവരോട് തെലുങ്കാനയുടെയും ആന്ധ്രയുടെയും രാജസ്ഥാന്റയുമൊക്കെ കാര്യം പറഞ്ഞ് വരുതിയിലാക്കാമെന്ന മോഹമാണ് ധനമന്ത്രി തോമസ് ഐസക്ക് വെച്ചു പുലർത്തുന്നത്. സുരേന്ദ്രൻ ആരോപിക്കുന്നു. പ്രളയകാലത്ത് സർക്കാർ ജീവനക്കാരിൽ നിന്നും പിരിച്ചെടുത്ത ശമ്പളം വിനിയോഗിക്കുന്നതിൽ പരാജയപ്പെട്ട സർക്കാരാണിത്.

ജീവനക്കാരുടെ പാത്രത്തിൽ വീണ്ടും കയ്യിട്ടു വാരരുത്. ഒഴിഞ്ഞ ഖജനാവ് നിറയ്‌ക്കെണ്ടത് ഭീഷണിപ്പെടുത്തിയും നിർബന്ധിച്ചുമല്ല-ഇതാണ് സുരേന്ദ്രന്റെ നിലപാട്. ഇതേ നിലപാട് വാർത്താക്കുറിപ്പായും മാധ്യമസമ്മേളനം വിളിച്ചുമെല്ലാം സുരേന്ദ്രൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേ ഘട്ടത്തിൽ തന്നെയാണ് സുരേന്ദ്രന്റെ നീക്കത്തിന് കനത്ത തിരിച്ചടി നൽകി തന്റെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ഈ വിവരം സ്പീക്കർ ശ്രീരാമകൃഷ്ണനെ അറിയിച്ചിട്ടുമുണ്ട്. കെ.സുരേന്ദ്രന്റെ നിലപാട് പോലെ തന്നെ പ്രതിപക്ഷ ജീവനക്കാരുടെ സംഘടനകളും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനുമൊക്കെ സാലറി ചാലഞ്ച് തീരുമാനത്തിനു എതിരായി നിലകൊള്ളുന്നുണ്ട്. കടുത്ത ആരോപണങ്ങളാണ് മുല്ലപ്പള്ളിയും സാലറി ചാലഞ്ചിനെതിരെ കെട്ടഴിച്ചത്. കുത്തഴിഞ്ഞ സാമ്പത്തിക സംവിധാനവും ധനകാര്യരംഗത്തെ കെടുകാര്യസ്ഥതയുമാണ് സർക്കാരിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. ഇതിന് ഉത്തരവാദികൾ മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും മന്ത്രിമാരുമാണ്. ഇടതുസർക്കാർ അധികാരത്തിലെത്തിയത് മുതൽ അനാവശ്യചെലുകളാണ്. സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുമ്പോഴും ആർഭാടത്തിനും ധൂർത്തിനും മന്ത്രിമാർ തമ്മിൽ മത്സരമായിരുന്നു.അതു ഉപേക്ഷിക്കാൻ അവർ തയ്യാറായതുമില്ല.

കോവിഡിന്റെ ഭീക്ഷണി നിറഞ്ഞു നിൽക്കുന്ന ഘട്ടത്തിൽ ഹെലികോപ്ടർ വാടകയ്ക്കെടുക്കാൻ ഒന്നര കോടിരൂപയാണ് കഴിഞ്ഞ ദിവസം നൽകിയത്. മുഖ്യമന്ത്രിക്ക് എട്ട് ഉപദേശകർ, മന്ത്രിമാർക്കു പുറമെ നാലു കാബിനറ്റ് പദവി, സ്പെഷ്യൽ ലെയ്സൺ ഓഫീസർ, ഒരു പ്രയോജനവുമില്ലാത്ത ഭരണപരിഷ്‌ക്കാര കമ്മീഷൻ എന്നിവയ്ക്കായി ഓരോ മാസവും ഖജനാവിൽ നിന്നും പൊടിക്കുന്നത് കോടികളാണ്. ഇതിനെല്ലാം പുറമെ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പ്രതിച്ഛായ ഉണ്ടാക്കുന്നതിന് വേണ്ടി കേരളത്തിന് അകത്തും പുറത്തും ശതകോടികളാണ് പരസ്യങ്ങൾക്കും മറ്റുമായി ചെലവാക്കുന്നത്. സാലറി ചാലഞ്ച് തീരുമാനത്തിന്നെതിരെ മുല്ലപ്പള്ളി പ്രതികരിക്കുന്നു. ഇതാണ് പ്രതിപക്ഷത്തിന്റെ പൊതു നിലപാട് എന്നിരിക്കെയാണ് സുരേന്ദ്രന് ഇരുട്ടടി നൽകി തന്റെ ശമ്പളം കൊറോണ നിധിയിലേക്ക് രാജഗോപാൽ നൽകിയത്.

നിയമസഭയിൽ പൗരത്വനിയമഭേദഗതിക്കെതിരെയുള്ള പ്രമേയത്തിൽ എതിർത്ത് കൈപൊക്കാതിരുന്നതിനും, വോട്ടെടുപ്പ് തേടാത്തതുമായ രാജഗോപാലിന്റെ പ്രവർത്തി സംസ്ഥാന ബിജെപി നേതൃത്വത്തെ അമ്പരപ്പിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിന്നെതിരെ നിയമസഭയിൽ പ്രമേയം വന്നപ്പോഴാണ് രാജഗോപാലിന്റെ ശ്രദ്ധേയ നിശബ്ദത വന്നത്. വിചിത്ര മറുപടിയുമാണ് രാജഗോപാൽ നൽകിയത്. മനഃപൂർവ്വമാണ് വോട്ടെടുപ്പ് ചോദിക്കാതിരുന്നത്. 139 പേരും അനുകൂലിക്കുമ്പോൾ ഒരാളുടെ എതിർപ്പിന് പ്രസക്തിയില്ലെന്നാണ് രാജഗോപാൽ പറഞ്ഞത്. ഇതോടെ 140 പേരുടെയും പിന്തുണയുള്ള ഏകകണ്‌ഠേനയുള്ള പ്രമേയമെന്ന രീതിയിലാണ് ഇത് രാഷ്ട്രപതിക്ക് മുന്നിൽ എത്തിയത്. പൗരത്വ ഭേദഗതി കത്തുമ്പോൾ തന്നെയാണ് രാജഗോപാൽ പ്രമേയത്തെ എതിർത്ത് വോട്ടു ചെയ്യാതിരുന്നത്. രാജഗോപാൽ എതിർത്തിരുന്നെങ്കിൽ ഏകകണ്‌ഠേനയുള്ള പ്രമേയമെന്നതിൽ മാറ്റം വരുമായിരുന്നില്ലേ എന്ന ചോദ്യത്തിനു ബിജെപി നേതൃത്വത്തിനു മറുപടിയുണ്ടായിരുന്നില്ല. പൗരത്വ ഭേദഗതി നിയമത്തിൽ കേന്ദ്ര സർക്കാരിനെ അനുകൂലിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പരസ്യ പ്രസ്താവന നടത്തിയപ്പോൾ ഗവർണർക്ക് കൊട്ട് നൽകാനും രാജഗോപാൽ മുന്നിലുണ്ടായിരുന്നു. ഗവർണറുടെ നടപടി ശരിയായില്ലെന്നാണ് രാജഗോപാൽ തുറന്നടിച്ചത്. ഈ നിലപാടും പൗരത്വ ഭേദഗതി പ്രശ്‌നത്തിൽ ഗവർണറെ പിന്തുണച്ച് സംസ്ഥാന സർക്കാരിനെതിരെ ഏറ്റുമുട്ടൽ നടത്തിയ ബിജെപി നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു.

പാർട്ടി ഗ്രൂപ്പുകൾക്കകത്ത് നിന്നും നേരിടുന്ന കടുത്ത സമ്മർദ്ദത്തിലാണ് പ്രസിഡന്റ് എന്ന നിലയിലുള്ള സുരേന്ദ്രന്റെ യാത്ര പുരോഗമിക്കുന്നത്. വളരെ വിഷമിച്ചാണ് സംസ്ഥാന ബിജെപിയുടെ ഭാരവാഹി പട്ടിക സുരേന്ദ്രൻ പ്രഖ്യാപിച്ചത്. സുരേന്ദ്രന് കീഴിൽ സംഘടനാ പദവികൾ ഏറ്റെടുക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്ന എഎൻ രാധാകൃഷ്ണുനേയും ശോഭ സുരേന്ദ്രനേയും വൈസ് പ്രസിഡന്റുമാരാക്കിയാണ് സുരേന്ദ്രൻ തണുപ്പിച്ച് നിർത്തിയിരിക്കുന്നത്. എംടി രമേശ് ജനറൽ സെക്രട്ടറി സ്ഥാനത്ത് തന്നെ നിലനിർത്തുകയും ചെയ്തിരുന്നു. കേരളത്തിലെ ബിജെപിയിൽ വിമത സ്വരം വേണ്ടെന്ന കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനമാണ് സുരേന്ദ്രന് ആശ്വാസമാകുന്നത്. പരാതിയുമായി ഡൽഹിയിലേക്ക് ആരും വരേണ്ടെന്ന് ബിജെപി കേന്ദ്ര നേതൃത്വം നിലപാട് എടുത്തിരുന്നു. ഈ നിലപാടിന്റെ ഭാഗമായി തന്നെയാണ് സുരേന്ദ്രനെ പ്രസിഡന്റ് ആക്കിയതും. പാർട്ടി തീരുമാനങ്ങൾക്ക് വിരുദ്ധമായി ഏതെങ്കിലും അച്ചടക്ക ലംഘനമോ പരസ്യ പ്രതികരണമോ ഉണ്ടായാൽ കർശന നടപടി വരും എന്നാണ് ഡൽഹി അറിയിച്ചിരിക്കുന്നത്. ഇതിന്റെ ബലത്തിലാണ് സംസ്ഥാന ബിജെപിയെ സുരേന്ദ്രൻ നയിക്കുന്നത്.

കേരളത്തിലെ ചുമതല സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷിനാണ് നൽകിയിരിക്കുന്നത് എന്നതും സുരേന്ദ്രന് ആശ്വാസകരമായിരുന്നു. കേന്ദ്രമന്ത്രി വി.മുരളീധരനോട് അടുപ്പമുള്ള നേതാവാണ് സന്തോഷ്. പാർട്ടിയിലെ മുതിർന്ന നേതാക്കളെ ഒരുമിച്ച് കൊണ്ട് പോകുന്ന സമീപനമാണ് സുരേന്ദ്രൻ അനുവർത്തിക്കുന്നതും. സംസ്ഥാന അധ്യക്ഷനായുള്ള സ്ഥാനരോഹണ ചടങ്ങിൽ മുതിർന്ന നേതാവ് പി.പി.മുകുന്ദനെ മുന്നിൽ ഇരുത്തിയുള്ള സുരേന്ദ്രന്റെ നീക്കം ശ്രദ്ധേയമായിരുന്നു. പക്ഷെ മുകുന്ദനോട് ഇടഞ്ഞു നിൽക്കുകയും മുകുന്ദന്റെ ബിജെപിയിൽ നിന്നുള്ള പുറത്താകലിന് കാർമ്മികത്വം വഹിക്കുകയും ചെയ്ത രാജഗോപാൽ തന്നെയാണ് ചടങ്ങിൽ മുകുന്ദന് തൊട്ടടുത്തിരുന്നത്. മുകുന്ദന് പ്രാമുഖ്യം നൽകി സുരേന്ദ്രൻ മുന്നോട്ടു പോകവേ തന്നെയാണ് ഈ പ്രയാണത്തിനു രാജഗോപാലിന്റെതായ തടസങ്ങൾ വരുന്നത്. രാജഗോപാലിന്റെ സാലറി ചാലഞ്ച് തീരുമാനവും ഇതിന്റെ ഭാഗം തന്നെയാണ് എന്നാണ് സുരേന്ദ്രൻ പക്ഷ നേതാക്കളിൽ നിന്നുള്ള വിലയിരുത്തലും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP