Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊറോണയെ അതിജീവിച്ചെന്ന 'ചങ്കിലെ ചൈനാ തള്ളുകൾ' ശുദ്ധഅസംബന്ധം; ഉദ്ഭവ സ്ഥാനത്ത് തന്നെ നിഷ്പ്രയാസം തടയാമായിരുന്ന വൈറസ് ബാധയെ പിടിപ്പുകേടും മുട്ടാളത്തവും കൊണ്ട് ലോകത്തിലാകെ പടർത്തി; ഒന്നും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കാൻ നാൽപ്പതിനായിരത്തോളം കുടുംബങ്ങൾ തയാറാക്കിയ ഭക്ഷ്യവിഭവങ്ങൾ പങ്കിട്ടുകൊണ്ടുള്ള നവവത്സരവിരുന്നു നടത്തി; പ്രതിച്ഛായ മിനുക്കലിന് പ്രതിവർഷം 50 കോടിയോളം കമന്റുകൾ എഴുതുന്ന വൻ സൈബർ ആർമി; കോവിഡ് മഹാമാരി ചൈനയുണ്ടാക്കിയ ചെർണോബിൽ ദുരന്തം!

കൊറോണയെ അതിജീവിച്ചെന്ന 'ചങ്കിലെ ചൈനാ തള്ളുകൾ' ശുദ്ധഅസംബന്ധം; ഉദ്ഭവ സ്ഥാനത്ത് തന്നെ നിഷ്പ്രയാസം തടയാമായിരുന്ന വൈറസ് ബാധയെ പിടിപ്പുകേടും മുട്ടാളത്തവും കൊണ്ട് ലോകത്തിലാകെ പടർത്തി; ഒന്നും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കാൻ നാൽപ്പതിനായിരത്തോളം കുടുംബങ്ങൾ തയാറാക്കിയ ഭക്ഷ്യവിഭവങ്ങൾ പങ്കിട്ടുകൊണ്ടുള്ള നവവത്സരവിരുന്നു നടത്തി; പ്രതിച്ഛായ മിനുക്കലിന് പ്രതിവർഷം 50 കോടിയോളം കമന്റുകൾ എഴുതുന്ന വൻ സൈബർ ആർമി; കോവിഡ് മഹാമാരി ചൈനയുണ്ടാക്കിയ ചെർണോബിൽ ദുരന്തം!

എം മാധവദാസ്

നൂറുഹിരോഷിമകൾക്ക് തുല്യമായ സ്ഫോടനം! 1986 ഏപ്രിൽ 26ന് അന്നത്തെ സോവിയറ്റ് യൂണിയനിലെ ചെർണോബിൽ ആണവദുരന്തം ലോകം ഇപ്പോഴും മറന്നിട്ടില്ല. കമ്യൂണിസ്റ്റ് ഇരുമ്പുമറ തകർന്ന സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷമാണ് സത്യത്തിൽ ചെർണോബിൽ ദുരന്തത്തെക്കുറിച്ചുള്ള നിഷ്പക്ഷമായ പഠനങ്ങൾ നടന്നത്. അതുവരെ കമ്യുണിസ്റ്റ് വ്യാഖ്യാന ഫാക്ടറികൾ നൽകുന്ന പെരും നുണകൾ മാത്രമാണ് അവിടെനിന്ന് പുറത്തുവന്നത്. മനുഷ്യനിർമ്മിതമായ, ഭരണകൂട നിർമ്മിതമായ ഒരു ദുരന്തമായാണ് ഇന്ന ചെർണോബിൽ അറിയപ്പെടുന്നത്. മുകളിൽനിന്നുള്ള ഉത്തരവുകൾ മാത്രം അനുസരിക്കുക, തിരിച്ച് ഒന്നും പറയയേണ്ട എന്ന കമ്യുണിസ്റ്റ് മുഷ്‌ക്കിൽനിന്നും ഉണ്ടായതാണ് അത്. ഭരണകൂടം നിശ്ചയിക്കുന്ന പടിക്ക് , നിശ്ചിത പാതയിലൂടെ, ഒരു ഘടികാരം ചലിക്കുന്നതുപോലെ കൃത്യമായി ചലിച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹം ആണ് സമഗ്രാധിപത്യത്തിന്റെ രീതി.

'അവിടെ മുകളിൽനിന്ന് നടപ്പാക്കുന്ന പദ്ധതികൾ നിങ്ങൾക്ക് മാറ്റിവെക്കാൻ കഴിയില്ല. എന്തെല്ലാം അപകട സാധ്യതകൾ നിങ്ങൾ ചൂണ്ടിക്കാട്ടിയാലും ഒരു കാര്യം നിശ്ചയിച്ചുറപ്പിച്ച ദിവസം ഘടികാര സൂക്ഷ്മതയോടെ നടത്തപ്പെടും. ചെർണോബിൽ സംഭവിച്ചത് അതാണ്. ഭരണകൂടത്തിന്റെ ധാർഷ്ട്യം. ഒരു മെക്കാനിക്കിന് മനസാന്നിധ്യത്തോടെ നോക്കിയാൽ കണ്ടുപിടിക്കാൻ കഴിയുന്ന തെറ്റാതിരുന്നു അത്. അവർ അത് കണ്ടുപിടിക്കയും ചെയ്തു. പക്ഷേ അധികൃതർ സമ്മതിച്ചില്ല. അവർക്ക് ഒരു കാര്യം തീരുമാനിച്ചാൽ അത് അതുപോലെ നടത്തണം. തെറ്റായാലും ശരിയായാലും '- ചെർണോബിൽ ദുരന്തത്തെക്കുറിച്ച് പിൽക്കാലത്ത് അതിസാഹസികമായി ഡോക്യുമെന്ററി ചെയ്ത മിൽ ഫിൻസ്മാൻ ചൂണ്ടിക്കാട്ടുന്നു.

ചെർണോബിൽ ആണവനിലയത്തിലെ നാലാം നമ്പർ റിയാകട്റിൽ സംഭവിച്ച സുരക്ഷാ പിഴവ് പരിഹരിക്കുന്നതിനുള്ള പരീക്ഷണങ്ങൾക്കിടയിലാണ് അപകടം സംഭവിച്ചത്. റിയാക്റ്റർ എമർജൻസ് ഷട്ട്ഡൗൺ ചെയ്യുമ്പോൾ അതിന്റെ ഇന്ധന അറയിലെ ചൂട് കുറക്കാനായി വെള്ളം പമ്പു ചെയ്യണം. ഇതിനായി എമർജൻസി പമ്പുകൾക്ക് പവർ നൽകുന്ന ജനറേറ്ററുകൾ അതിന്റെ മുഴുവൻ കപാസിറ്റിയിൽ എത്താൻ ഒന്നര മിനിട്ട് സമയം എടുക്കുന്നുവെന്നത് കണ്ടെത്തി. അത് പരമാവധി മുപ്പത് സെക്കന്റിനകത്ത് സംഭവിപ്പിക്കാനുള്ള പരീക്ഷണങ്ങളാണ് നടത്തിക്കൊണ്ടിരുന്നത്. അതാണ് പണി പാളിയത്. ഇത് അപകടകരമാണെന്ന് കീഴ്ജീവനക്കാരും സഹ എൻജിയീയർമ്മാരും ആവർത്തിച്ച് പറഞ്ഞിട്ടും അധികൃതർ കൈക്കൊണ്ടില്ല. പരീക്ഷണം മറ്റൊരു ദിവസത്തേക്ക് മാറ്റിയതുമില്ല. അതാണ് കമ്യൂണിസ്റ്റ് ഭരണകൂടം.

കേരളത്തിന്റെ അത്രയും വലിപ്പമുള്ള ഒരു സ്ഥലം ഇന്നും അവിടെ റേഡിയേഷൻ ഭീതി മൂലം ന്യൂക്ലിയർ ഫ്രീസോൺ ആയി ഒഴിച്ചിട്ടിരിക്കയാണ്. ഇത്രയും വലിയ അപകടം ഉണ്ടായിട്ടും വിവരങ്ങൾ മൂടിവെക്കാനാണ് കമ്യൂണിസ്റ്റ് ഭരണകൂടം ആദ്യം ചെയ്തത്. ഭരണകൂടത്തെ വിശ്വസിച്ച ഒരു പാട് നിരപരാധികൾ ആണവ വികരണം ഏറ്റ് കാൻസർ രോഗം വന്ന് മരിച്ചു. നൂറു ഹിരോഷിമകൾക്ക തുല്യമായ സ്ഫോടനം നടന്നിട്ടും സോവിയറ്റ് യൂണിയൻ ഔദ്യോഗികമായി അറിയിച്ചത് ആകെ 31 മരണങ്ങൾ എന്നാണ്. സോവിയറ്റ് യൂണിയൻ തകർന്നശേഷം ചെർണോബിൽ ഉക്രൈന്റ ഭാഗമായി. ഉക്രൈൻ ഗവൺമെന്റ പിന്നീട് അന്നത്തെ സ്ഫോടനത്തിൽ 8000 പേരും ചെർണോബിൽ നിന്ന് ബഹിർഗമിച്ച റേഡിയേഷന്റെ പാർശ്വഫലമായി പിന്നീട് 30,000 മുതൽ 60,000 പേർ വരെ കൊല്ലപ്പെട്ടുവെന്ന് എന്ന് വെളിപ്പെടുത്തുകയുണ്ടായി. നോക്കുക... കമ്യുണിറ്റ് ഇരുമ്പു മറയിലെ കണക്കിലെ കളികൾ നോക്കുക.

ചരിത്രം പ്രഹസനമായും അവർത്തിക്കുമെന്ന് മാർക്സ് പറഞ്ഞത് എത്ര ശരിയാണ്. ഇന്ന് അതേ കമ്യുണിസ്റ്റ് ഇരുമ്പുമറ നിലനിൽക്കുന്ന ചൈനയിലേക്ക് വരിക. ചൈനയുണ്ടാക്കിയ ചെർണോബിൽ ദുരന്തം എന്നാണ് ഇപ്പോൾ പാശ്ചാത്യമാധ്യമങ്ങൾ ഇതിനെ വിശേഷിപ്പിക്കുന്നത്. നിസ്സാരമായി പരിഹരിക്കാവുന്ന ഒരു ചെറിയ പ്രശനത്തെ ഭരണകുടത്തിന്റെ ധാർഷ്ട്യം മൂലം ആണവദുരന്തമാക്കിയ സോവിയറ്റ് യൂണിയനെപ്പോലെ തന്നെയാണ്, ഒരു മാംസ മാർക്കറ്റിൽനിന്ന് ഉണ്ടായ വൈറസിനെ അവിടെതന്നെ കെടുത്താനുള്ള എല്ലാ അവസരങ്ങളും നശിച്ചിച്ച് ഒരു മഹാമാരിയെ ലോകത്തിലേക്ക് കയറ്റുമതി ചെയ്ത ചൈനയിലും സംഭവിക്കുന്നത്.

ചെർണോബിൽ ദുരന്തത്തിൽ വെറും 31പേർ മരിച്ചുവെന്ന് കമ്യൂണിസ്റ്റ് സോവിയറ്റ് യൂണിയൻ നൽകിയ കണക്ക് ഓർക്കണം. ഈ ഇരുമ്പുമറ ഇപ്പോഴും നിലനിൽക്കുന്നു. നാൽപ്പതിനായിരത്തോളംപേർ വൂഹാനിൽ കോവിഡ് മൂലം മരിച്ചുവെന്ന് പാശ്ചാത്യമാധ്യമങ്ങൾ അവിടുത്തെ ശ്മാനങ്ങളിൽനിന്ന് കൊടുത്ത ചിതാഭസ്മത്തിന്റെ കണക്കും, പേരു വെളിപ്പെടുത്താത്ത പ്രദേശവാസികളുമായുള്ള അഭിമുഖവുമൊക്കെ എടുത്തത്തിന്റെ അടിസ്ഥാനത്തിൽ പറയുമ്പോഴും ചൈന പറയുന്നത് വെറും മൂവായിരത്തിലേറെ മരണങ്ങളുടെ കണക്ക് മാത്രമാണ്! മരണസംഖ്യയിൽ മാത്രമല്ല ചെർണോബിൽ ദുരന്തവും കോവിഡ് വ്യാപനവും തമ്മിലുള്ള അഭൂതപൂർവമായ സാമ്യം ഇരിക്കുന്നത്. ചെർണോബിൽ ദുരന്തത്തിനു ശേഷം, പതിനായിരക്കണക്കിനു കുട്ടികളെ ആണവധൂളിയിലൂടെ മാർച്ച് ചെയ്യാൻ നിര്ബ്ബന്ധിതരാക്കും വിധം കീവ് നഗരത്തിലെ മെയ്‌ ദിന പരേഡ് നടത്തിയേ പറ്റൂ എന്ന് സോവിയറ്റ് അധികൃതർ നിർബ്ബന്ധം പിടിക്കുകയുണ്ടായി. ഇതേ നിർബ്ബന്ധബുദ്ധിയുടെ സമാനദൃശ്യമാണ് കഴിഞ്ഞ മാസം വുഹാനിൽ കാണാനായത് .വുഹാനിലെ ബൈബുട്ടിങ് ജില്ലയിൽ , നാൽപ്പതിനായിരത്തോളം കുടുംബങ്ങൾ തയാറാക്കിയ ഭക്ഷ്യവിഭവങ്ങൾ പങ്കിട്ടുകൊണ്ടുള്ള നവവത്സര വിരുന്നു നടത്താൻ അധികൃതർ തീരുമാനിച്ചു.സമൂഹവിരുന്നിന്റെ ഇരുപതാം വർഷത്തിൽ, വിഭവങ്ങളുടെ എണ്ണത്തിൽ ഒരു റിക്കാർഡ് സൃഷ്ടിക്കാൻ സംഘാടകർ ശ്രമിച്ചു . നാൽപ്പതിനായിരം കുടുംബങ്ങൾ ഉണ്ടാക്കിയ 13, 986 തരം വിഭവങ്ങൾ വിളമ്പിക്കൊണ്ടാണ് , ആയിരക്കണക്കിന് ആൾക്കാർ പങ്കെടുത്ത ആ സമൂഹവിരുന്ന് നടന്നത് ! നോക്കണം, അപ്പോഴും കോവിഡ് പടരുകയായിരുന്നു. ഭരണകൂടം നൽകിയ ഉറപ്പിൽ നിരപരാധികളായ മനുഷ്യർ അതൊന്നും അറിഞ്ഞില്ല.

ഒരൊറ്റ മാംസമാർക്കറ്റിൽ നിന്ന് ഉടലെടുത്ത ഉദ്ഭവ സ്ഥാനത്ത് തന്നെ നിഷ്പ്രയാസം തടയാമായിരുന്ന വൈറസ് ബാധയെ ചൈന വഷളാക്കി. രോഗം ആദ്യം കണ്ടെത്തിയ ഡോക്ടറെ ചൈന പിടിച്ച് അകത്തിടുകയാണ് ചെയ്തത്. ആളുകൾ മരിച്ചുവീഴുമ്പോളും രോഗം മനുഷ്യനിൽനിന്ന് മനുഷ്യനിലേക്ക് പടരും എന്നതിന് തെളിവില്ലെന്ന് ഭരണകൂടം പറഞ്ഞു. ഇതു വിശ്വസിച്ച പാവം ജനം ഒന്നുമറിയാതെ ഇടപഴകി വീണ്ടും കോവിഡ് പടർത്തി. ലോകത്തിന്റെ നാനാഭാഗത്തേക്കും കയറ്റുമതി ചെയ്തു. ആ രീതിയിൽ നോക്കുമ്പോൾ ചൈനീസ് ഭരണകൂടത്തിന് ഈ രോഗത്തിന്റെ സൃഷ്ടിയിൽ വലിയ പങ്കുണ്ട്. എന്നിട്ടും അത് അംഗീകരിക്കാതെ ചങ്കിലെ ചൈന കൊറോണയെ പിടിച്ചുകെട്ടി, ഇത് കമ്യൂണിസത്തിന്റെ വിജയം, മുതലാളിത്ത രാജ്യങ്ങൾ പകച്ചുനിൽക്കുന്നത് കണ്ടില്ലേ എന്നൊക്കെ സോഷ്യൽ മീഡിയിൽ തള്ളി മറിക്കയാണ് കേരളത്തിൽ അടക്കം സൈബർ സഖാക്കൾ ചെയ്യുന്നത്.

ചങ്കിലെ ചൈന തള്ളുകൾ എല്ലാം വ്യാജം

സ്റ്റാലിൻ കാലത്തുതൊട്ടുതന്നെ നിലവിലുള്ള ഒരു പ്രഖ്യാപിത കമ്യൂണിസ്റ്റ് രീതിയാണ് വ്യാജ സമ്മതിയുടെ നിർമ്മിതി. സ്റ്റാലിൻ കുട്ടികൾക്ക് പൂച്ചെണ്ട് കൊടുക്കുന്നതിന്റെ ചിത്രങ്ങൾ എടുത്ത് പ്രചരിപ്പിക്കാനും എന്തിന് യോഗങ്ങളിൽ അദ്ദേഹത്തിനുവേണ്ടി കയ്യടിക്കാൻപോലും പ്രത്യേകം ആളുകൾ ഉണ്ടായിരുന്നു. തീർത്തും ആസൂത്രിതമായ ഒരു പബ്ലക്ക് റിലേഷൻ വർക്കിലൂടെ അടിനെ പട്ടിയാക്കാൻ അവർക്ക് കഴിയുമായിരുന്നു. ചെർണോബിൽ ദുരന്തകാലത്തെ രാഷ്ട്രീയ പിടിപ്പുകേടുകൾ ഒന്നും അതുകൊണ്ടാണ് പുറത്തുവരാത്തത്. എന്നാൽ സ്റ്റാലിനെ കടത്തിവെട്ടുന്ന അതി ശക്തമായ പ്രൊപ്പഗൻഡ മാനേജ്മെന്റ് ടീം ആണ് മാവോയുടെ കാലം തൊട്ടുതന്നെ ചൈനയിൽ ഉണ്ടായിരുന്നു. ഇപ്പോൾ ഷീ ജൻ പിങ്ങ് ഭരണത്തിൽ അത് പതിനായിരങ്ങളായി. 50 cent army /50 cent party (50c) എന്ന് കളിയാക്കപ്പെടുന്ന ഒരു വമ്പൻ പടയെ ഇന്റർനെറ്റ് കമന്റുകൾ എഴുതാൻ ചുമതലപ്പെടുത്തി നിർത്തിയിട്ടുള്ള രാജ്യമാണ് ചൈന. 2017 ലെ ഒരു പഠനത്തിൽ റിപ്പോർട്ട് ചെയ്തുകാണുന്നത് , ഒരൊറ്റ വർഷത്തിൽ , 44.8 കോടി സോഷ്യൽ മീഡിയ കമന്റുകൾ ചൈനീസ് സർക്കാർ ഇങ്ങനെ പടച്ചു വിടുന്നുണ്ട് എന്നാണ്. ഇപ്പോൾ അത് 50 കോടി കമൻസായി എന്നാണ് ന്യൂയോർക്ക് ടൈംസ് പറയുന്നത്്!

അതായത് എന്ത് നുണയും സത്യമാക്കി തള്ളി മറക്കാൻ കൂലിക്ക് ആയിരക്കണക്കിന് ആളുകൾ ചൈനക്കുണ്ടെന്ന് വ്യക്തം. അതിന്റെ അനുരണനങ്ങളാണ് ഇപ്പോൾ കേരളത്തിലും കാണുന്നത്. ആറുദിവസം കൊണ്ട് ആയിരം ബെഡ്ഡുള്ള ആശുപത്രി നിർമ്മിച്ചതുതൊട്ട്, കോവിഡിനെ പിടിച്ചുകെട്ടിയതുവരെയുള്ള ചങ്കിലെ ചൈനാ തള്ളുകളുമായി കേരളത്തിലെ സൈബർ സഖാക്കളും രംഗത്തുണ്ട്. ഈ ദുരന്തം ലോകത്തിന് സമ്മാനിച്ചത് ഓർക്കാതെ ചൈന ഇപ്പോൾ കോവിഡ് മഹാവിജയം ആഘോഷിക്കയാണ്. കേരളത്തിൽ ചൈനയും ക്യൂബയും കാണിച്ചത് മഹാ മാതൃകയായി ദേശാഭിമാനി എഡിറ്റോറിയൽ എഴുതുന്നു. വലതുപക്ഷ മുതലാളിത്ത രാജ്യങ്ങൾക്ക് കോവിഡിനെ ചെറുക്കാൻ കഴിഞ്ഞില്ലെന്നും ഇവിടെയും ചൈനയും കമ്യൂണിസവും മാതൃകയാണെന്നും. ഇത് കേവലും ദേശാഭിമാനിയുടെ മാത്രം പ്രശ്നമല്ല. ലോക വ്യാപകമായി അങ്ങനെ ഒരു ഡിബേറ്റ് നടക്കുന്നുണ്ട്.

കോവിഡ് മഹാമാരിയെ തടയിടുന്നത് മാതൃകയായി ഗാർഡിയൻപോലുള്ള ഇടതുപക്ഷ മാധ്യമങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നത് കമ്യൂണിസ്റ്റ് ചൈനയുടെ ഇടപെടലാണ്. ഇറ്റലിയും ജർമ്മനിയും ബ്രിട്ടനും അടക്കമുള്ള ലിബറൽ ജനാധിപത്യ സമൂഹങ്ങളിൽ കൊറോണ പടരുന്നത് ആ നാട്ടിലെ വ്യവസ്ഥതിയുടെ കുഴപ്പമാണെന്നും അതുകൊണ്ടുതന്നെ എല്ലാം കർശനമായ കമ്യുണിസ്റ്റ് രീതിയാണ് മഹാമാരികളെ നേരിടാൻ ഫലപ്രദമെന്ന് കേരളത്തിൽവരെ ചർച്ച വന്നു കഴിഞ്ഞു. ബ്രിട്ടനും അമേരിക്കയും പോലുള്ള ജനാധിപത്യങ്ങൾ ഒട്ടും അച്ചടക്കമില്ലാത്ത ഒരു സമൂഹത്തിനെയാണ് സൃഷ്ടിക്കുന്നത് എന്നും അങ്ങനെ ഒരു സമൂഹം സർക്കാർ നൽകുന്ന നിർദ്ദേശങ്ങളെ അട്ടിമറിക്കുന്നത്കൊണ്ട് പ്രതിരോധങ്ങളുടെ ഫലസിദ്ധി തുലോം തുച്ചമാകും എന്നുമൊക്കെയാണ് പ്രചാരണങ്ങൾ. പക്ഷേ ഇതിന്റെ വാസ്തവവും ലോകത്തിലെ ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നുണ്ട്.

പ്രമുഖ എപ്പിഡമോളജിസ്റ്റും ഡച്ച് എഴുത്തുകാരിയുമായ ഡോ. ജിയോവന്നി റെസ പറയുന്നത്, ഈ ദുരന്തം ഉണ്ടാക്കിവെച്ചതുതന്നെ ചൈനയുടെ അനാസ്ഥമൂലമാണെന്നാണ്. 'ലോകാരോഗ്യസംഘടനപോലും മുന്നറിയിപ്പ് നൽകിയിട്ടും ചൈന തങ്ങളുടെ നാട്ടിൽ ഉണ്ടായതുകൊറോണയെന്ന പകർച്ചവ്യാധിയാണെന്ന് അംഗീകരിച്ചില്ല. ഇതാണ് പ്രശ്നം രൂക്ഷമാക്കിയതും മഹാമാരി ലോകം മുഴവൻ എത്താൻ ഇടയാക്കിയതും. അതുപോലെതന്നെ ദക്ഷിണകൊറിയയും തായ്വാനും പോലുള്ള ജനാധിപത്യ രാഷ്ട്രങ്ങൾ ചൈന നടത്തിയതുപോലുള്ള മനുഷ്യാവകാശ ലംഘനങ്ങൾ ഒന്നും നടത്താതെതന്നെ, തീർത്തും ശാസ്ത്രീയമായ മാർഗ്ഗങ്ങളിലൂടെയാണ് കോവിഡിനെ നിയന്ത്രിച്ചത്. ചൈനയല്ല, ദക്ഷിണ കൊറിയയും തായ്വാനും കോവിഡിനെ നേരിട്ടതാണ് നാം മാതൃകയാക്കേണ്ടത്'- ഡോ. ജിയോവന്നി ചൂണ്ടിക്കാട്ടി.

കോവിഡ് ചൈന നിയന്ത്രിച്ചതിന്റെ പശ്ചാത്തലത്തിൽ മാത്രം ജനാധിപത്യമല്ല കമ്യുണിസമാണ് മെച്ചപ്പെട്ടത് എന്ന് പറയാനാവില്ലെന്ന് വടക്കൻ കൊറിയയുടെ അനുഭവം ചൂണ്ടിക്കാട്ടി, വാഷിങ്ങ്ടൺ പോസ്റ്റ് ഏഷ്യാ പെസഫിക്ക് ലേഖകൻ ജാക്ക് റേ ചൂണ്ടിക്കാട്ടുന്നു. വടക്കൻ കൊറിയിൽ നിന്ന് ഒരു വാർത്തകളും പുറത്തുവരുന്നില്ല. തൊട്ടുടത്ത രാജ്യങ്ങൾ ഒക്കെ അഫക്റ്റഡ് ആയിട്ടും വടക്കൻ കൊറിയ പറയുന്നത് തങ്ങൾ സുരക്ഷിതമാണെന്നാണ്. നേരത്തെ വൈറസ് ബാധിച്ച ചൈനയിൽനിന്നുള്ള ഒരാളെ വെടിവെച്ച് കൊന്ന വാർത്തകളും വടക്കൻ കൊറിയയിൽ നിന്ന് പുറത്തുവരുന്നത്.കേരളത്തിലും സോഷ്യൽ മീഡിയയിൽ ഇതുസംബന്ധിച്ച സംവാദം ശക്തമാണ്. പ്രശസ്ത ശാസ്ത്രപ്രഭാഷകനും സ്വതന്ത്ര ചിന്തകനുമായ ഡോ ഡോ. സി വി എൻ വിശ്വനാഥന്റെ ഇതുസംബന്ധിച്ച ഫേസ്‌ബുക്ക് പോസ്റ്റാണ് സംവാദം ശക്്തമാക്കിയത്.

ഡോ സി വി എൻ വിശ്വനാഥന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:

ഇന്നത്തെ നമ്മുടെ ദുരിതങ്ങൾക്ക് ഉത്തരവാദി ചൈനയിലെ കമ്യൂണിസ്റ്റ് ഏകാധിപത്യം ആണ്

അറുപതിനടുത്ത് പ്രായമുള്ള ഒട്ടുമിക്കവരെയും പോലെ കൊറോണ രോഗാക്രമണത്തെ ആശങ്കാപൂർവ്വം കണ്ടു ദിവസങ്ങൾ കഴിച്ചു കൂട്ടുന്ന ഒരാളാണ് ഞാനും. ലോക്ക് ഡൗൺ കാലം ആണെങ്കിലും ജോലി ആശുപത്രിയിൽ ആകയാൽ തൊഴിൽ തുടരുന്നു . ചുറ്റും വഴിമുട്ടിയ ജീവിതങ്ങളാണ്. എന്റെ ഓർമയിൽ ഇതുപോലെ മനുഷ്യജീവിതം എമ്പാടും സ്തംഭിച്ചുപോയ ഒരവസരം മുൻപില്ല.

ഒരു പാടു വിഭവപരിമിതികൾ ഉള്ള നമ്മുടെ സംസ്ഥാനം ഈ സങ്കീർണ പ്രതിസന്ധിയെ നമുക്കിന്നു സാധ്യമായതിൽ ഏറ്റവും മികച്ച രീതിയിൽ നേരിടുന്നുണ്ട് എന്നതിൽ യാതൊരു തർക്കവുമില്ല. കേരള സർക്കാർ, പ്രത്യേകിച്ച് ആരോഗ്യവകുപ്പ്, അഭിനന്ദനാർഹമായ രീതിയിൽ തന്നെ പ്രവർത്തിക്കുന്നു. പക്ഷേ, നമ്മെക്കാൾ എത്രയോ മികച്ച വിഭവശേഷി ശേഷി ഉള്ള പാശ്ചാത്യ സമൂഹങ്ങൾ വരെ വിഷമിച്ചുപോയ ഒരു മഹാദുരിതം ആണ് നാമിന്നു നേരിടുന്നത് എന്നത് മറന്നുകൂടാ! അതുകൊണ്ട് തന്നെ ഭാവിയെക്കുറിച്ച് ആശങ്ക ഒഴിയുന്നുമില്ല.

ഈ ലോകവ്യാപക മഹാമാരിക്കു ശേഷം ബാക്കിയാകുന്നവർ ഒരു പാഠം എങ്കിലും പഠിക്കണം എന്ന് ഞാൻ ആശിക്കുന്നു . അതിതാണ് : ജനാധിപത്യമാണ് മനുഷ്യരാശിക്ക് മുന്നോട്ടുള്ള വഴി. സർവാധിപത്യമല്ല- അത് ഏതു പ്രത്യയശാസ്ത്രത്തിന്റെ ലേബലിൽ ആയിരുന്നാലും ! നമ്മളടക്കം ലോകജനത അപ്പാടെ നേരിടുന്ന ഈ മാരകഭീഷണിയുടെ യഥാർത്ഥ ഉത്തരവാദികൾ , ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടി ഭരണകൂടവും, 2013 മുതൽ ഇനിയങ്ങോട്ട് പരിധിയില്ലാത്ത കാലത്തേക്ക് അതിന്റെ തലപ്പത്തിരിക്കാൻ നിയുക്തനായിട്ടുള്ള ഷീ ജിൻപിങ് ( Xi Jinping ) എന്ന സർവാധിപതിയുമാണ്. അസന്നിഗ്ധമായി, ഉറപ്പിച്ചും ആവർത്തിച്ചും നമ്മൾ പറയേണ്ട ഒരു സത്യം ആണിത്. ഇത് കേൾക്കുമ്പോൾ, സ്വാഭാവികമായും ചില ചോദ്യങ്ങൾ ഉയരാം :

വന്യമൃഗങ്ങളിൽ കഴിഞ്ഞു കൂടുന്ന ഒരു വൈറസിന്റെ ജനിതകദ്രവ്യത്തിൽ യാദൃച്ഛികമായി ഉൽപ്പരിവർത്തനം (mutation) സംഭവിക്കുകയും അങ്ങിനെ അതിന് മനുഷ്യനെ ഇൻഫെക്റ്റ് ചെയ്യാനും മനുഷ്യർക്കിടയിൽ പടരാനും ഉള്ള ശേഷിയുണ്ടാവുകയും ചെയ്തു എന്നത് ഒരു പ്രാകൃതിക പ്രതിഭാസം മാത്രമല്ലേ? തീർച്ചയായും അതെ. ഏതെങ്കിലും മനുഷ്യരുടെ ആഗ്രഹങ്ങൾക്കോ തീരുമാനങ്ങൾക്കോ ആസൂത്രണങ്ങൾക്കോ അനുസരിച്ചല്ലല്ലോ ഈ ജീവശാസ്ത്ര പ്രതിഭാസം ഉടലെടുത്തത് ? തീർച്ചയായും അല്ല. ഇതുപോലെയുള്ള ഉൽപ്പരിവർത്തനങ്ങളും അവ മൂലമുള്ള ചെറുതും വലുതുമായ പകർച്ചവ്യാധികളും ചരിത്രത്തിൽ മുൻപ് ഉണ്ടായിട്ടില്ലേ ? തീർച്ചയായും പല തവണ ഉണ്ടായിട്ടുണ്ട്. ചൈനയിൽ ഇന്ന് സംഭവിച്ചതുപോലെ ഇത് ഇന്ത്യയിലോ മറ്റേതെങ്കിലും രാജ്യത്തോ നാളെ സംഭവിച്ചുകൂട എന്നുണ്ടോ ? തീർച്ചയായും സംഭവിക്കാം.

പിന്നെ എന്തുകൊണ്ടാണ് ഈ ലോകവ്യാപകമഹാമാരിയുടെ ഉത്തരവാദിത്തം ചൈനീസ് കമ്യൂണിസ്റ്റ് സർവാധിപത്യത്തിനും സർവാധിപതിക്കും ആണ് എന്ന് പറയുന്നത് ? അക്കാര്യം വിശദീകരിക്കാം.

ഞാൻ പറയുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിനു മുന്പായി, സർവ മാധ്യമങ്ങളിലും ഇന്ന് നിറഞ്ഞു നിൽക്കുന്ന ചൈനാസ്തുതിയുടെ വ്യാജസ്വഭാവം മനസ്സിലാക്കുകയും , വിമർശനാത്മകമായി ആ രാജ്യത്തെ വ്യവസ്ഥയെ സമീപിക്കാൻ തയാറാവുകയും വേണം. എളുപ്പമല്ല. പത്തു ദിവസം കൊണ്ട് ആശുപത്രി പണിതു , രോഗത്തിന് മേൽ പൂർണവിജയം നേടി, ആദർശപ്രേരിതരായ ആരോഗ്യപ്രവർത്തകർ തങ്ങളുടെ തല മുണ്ഡനം ചെയ്തു, ചുവന്നകൊടികളുമായി വുഹാനിലേക്ക് പറന്നിറങ്ങി എന്നിത്യാദി ആഖ്യാനങ്ങൾ അല്ലാതെ മറ്റൊന്നും ചൈനയെക്കുറിച്ച് ഇന്ന് കേൾക്കാനില്ല. അതിൽ അദ്ഭുതവുമില്ല. 50 cent army /50 cent party (50c) എന്ന് കളിയാക്കപ്പെടുന്ന ഒരു വമ്പൻ പടയെ ഇന്റർനെറ്റ് കമന്റുകൾ എഴുതാൻ ചുമതലപ്പെടുത്തി നിർത്തിയിട്ടുള്ള രാജ്യമാണ് ചൈന. 2017 ലെ ഒരു പഠനത്തിൽ റിപ്പോർട്ട് ചെയ്തുകാണുന്നത് , ഒരൊറ്റ വർഷത്തിൽ , 44.8 കോടി സോഷ്യൽ മീഡിയ കമന്റുകൾ ചൈനീസ് സർക്കാർ ഇങ്ങനെ പടച്ചു വിടുന്നുണ്ട് എന്നാണ്. ( 'We estimate that the government fabricates and posts about 448 million oscial media comments a year.' https://www.cambridge.org/.../4662DB26E2685BAF1485F14369BD137C )
അതുകൊണ്ട്, ഇന്ന് സോഷ്യൽ മീഡിയയിൽ നിറയുന്ന ചൈനീസ് പളപളപ്പ് കാണുമ്പോൾ, എന്റെ തലമുറയിലെ നിഷ്‌കളങ്കരേ, നിങ്ങൾ ഓർക്കുക, ബാല്യകാലത്ത് നമ്മൾ കണ്ടുപോന്നിരുന്ന സോവിയറ്റ് സ്വർഗത്തെക്കുറിച്ചുള്ള പുളപ്പൻ വർണചിത്രങ്ങൾ!. It is all a farce, my friends!

കമ്യൂണിസ്റ്റ് സർവാധിപത്യമടക്കം എല്ലാ സർവാധിപത്യങ്ങളിലും അധികാരം കേന്ദ്രീയമാണ് . അധികാരികളെ പേടിക്കുക, അധികാരിക്ക് ഇഷ്ടമല്ലാത്ത യാതൊന്നും പറയുകയോ പ്രവർത്തിക്കുകയോ ചെയ്യാതിരിക്കുക, കഴിവതും അധികാരിയെ സ്തുതിക്കുക, പ്രീണിപ്പിക്കുക; രാജ്യത്തിന്റെ/ പ്രവിശ്യയുടെ / നഗരത്തിന്റെ / ഗ്രാമത്തിന്റെ പുരോഗതിയേയും ഐശ്വര്യത്തെയും കുറിച്ചുള്ള അപദാനങ്ങൾ മാത്രം ആലപിക്കുക,(അന്യഥാ നാവടക്കുക, പണിയെടുക്കുക), പരാതികൾ, ആക്ഷേപങ്ങൾ , അഭിപ്രായങ്ങൾ ഇവ ഒന്നും ഒരു കാരണവശാലും തുറന്നു പറഞ്ഞ് അപകടം വിളിച്ചുവരുത്താതിരിക്കുക എന്നിങ്ങനെയാണ് ഈ സമൂഹങ്ങളുടെ നടപ്പുരീതി. സമൂഹത്തിലെ ഏറ്റവും കീഴ്ഘടകങ്ങൾ മുതൽ അങ്ങ് സെൻട്രൽ കമ്മറ്റി വരെ ഇതാണ് സ്ഥിതി. പ്ലാനുകൾ മുകളിൽ നിന്ന് വരുന്നു . അത് നടത്തുക എന്നതാണ് താഴെ ഉള്ളവരുടെ ധർമം. അനുസരണവും, വിധേയത്വവും, പ്രീണനവും കൃത്യമായി മുകളിലേക്ക് മാത്രം ഒഴുകിക്കൊണ്ടിരിക്കുന്ന സമൂഹം. ഭരണകൂടം എന്ന മഹാഘടനയുടെ ഓരോ അടുക്കിലും , മുകൾഘടകങ്ങളെ പ്രീതിപ്പെടുത്തുക എന്നതാണ് ഗൈഡിങ്ങ് പ്രിൻസിപ്പിൾ! ഈ ഭരണസംവിധാനപ്രവർത്തനത്തിന്റെ രീതി പരിചയപ്പെടുത്താൻ ഒരു തെളിവുരേഖ നിങ്ങൾക്ക് ഞാൻ കാണിച്ചുതരാം . ( 'പാശ്ചാത്യ മാധ്യമങ്ങൾ' എന്ന് 50c ക്കാർ വിശേഷിപ്പിക്കുന്ന എവിടെയുമല്ല. ഒറിജിനൽ ചൈനീസ് രേഖ :) )
'Wuhan Municipal Government Work Report in 2020' ആണ് . ഈ ലിങ്കിൽ കാണാം . http://www.whtv.com.cn/p/19064.html ചൈനീസിൽ ആണ് പേജ് .നിങ്ങളുടെ ബ്രൌസർ ക്രോം ആണെങ്കിൽ ഓട്ടമാറ്റിക്കായി ഇംഗ്ലീഷിലേക്ക് തർജിമ തുറന്നുകിട്ടും. ഒന്നാമത്തെ പാരഗ്രാഫ് നോക്കുക.

ആദ്യത്തെ അഞ്ചു വാചകത്തിൽ മൂന്നു തവണ മഹാനേതാവ് ഷീ ജിൻ പിംഗിന്റെ പേര് ഉരുവിട്ടു കഴിഞ്ഞു. 'നവയുഗത്തിൽ, ചൈനീസ് സ്വഭാവങ്ങൾ ഉള്ള സോഷ്യലിസം' എന്ന ഷീ ജിൻ പിങ് ചിന്തയാണ് തങ്ങളുടെ മാർഗദർശകം എന്ന് ഉദ്ഘോഷിച്ചുകഴിഞ്ഞു . റിപ്പോർട്ടിന്റെ അവസാനഖണ്ഡികയിൽ വീണ്ടും കാണാം ഇതേതരം പ്രസ്താവം : 'Let us unite more closely around the Party Central Committee with Comrade Xi Jinping as the core' 2020 ജനുവരി ഏഴാം തീയതി ആണ് വുഹാനിലെ മേയർ ആയ Zhou Xianwang , പതിനാലാം പീപ്പിൾസ് കോൺഗ്രസ് സമ്മേളന പ്രതിനിധികൾക്ക് മുൻപിൽ ഈ റിപ്പോർട്ട് സമർപ്പിക്കുന്നത്. വുഹാനിൽ ആണ്. ലോകമൊട്ടാകെ ആയിരക്കണക്കിനു മരണങ്ങളും വിവരണാതീതമായ ദുരിതങ്ങളും ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന കൊറോണവൈറസ് ബാധയുടെ പ്രഭവകേന്ദ്രമായ വുഹാനിൽ , ആദ്യത്തെ കൊറോണ വൈറസ് രോഗി പ്രത്യക്ഷപ്പെട്ട് ഏതാണ്ട് ഒന്നര മാസം കഴിഞ്ഞിരിക്കുന്ന കാലത്താണ് !
വുഹാനിലെ ആരോഗ്യരംഗത്തെ കുറിച്ച് ഈ റിപ്പോർട്ടിൽ പരാമർശമുണ്ട് . വലിയ ആശുപത്രികൾ ഉണ്ടാക്കുന്നതിനെ കുറിച്ചും പൊതുജനാരോഗ്യ സംവിധാനം മെച്ചപ്പെടുത്തുന്നതിനെ കുറിച്ചും ഒക്കെ അവിടെ പറയുന്നുണ്ട് .എങ്കിലും, ഗുരുതരമായ ഒരു പകർച്ചവ്യാധി വുഹാനിൽ തല ഉയർത്തിയിട്ടുള്ള കാര്യം മേയർ മിണ്ടുന്നതേ ഇല്ല. വിഷയം അധികൃതർക്ക് അറിയാത്തതല്ല . എന്നല്ല, ആ ദിവസങ്ങളിൽ ഒക്കെ കൃത്യമായ കമ്യൂണിസ്റ്റ് ഏകാധിപത്യ രീതിയിൽ വളരെ സൂക്ഷ്മമായി ഭരണകൂടം അക്കാര്യം നിരീക്ഷിച്ചു കൊണ്ടിരിക്കുകയുമായിരുന്നു! .വിശദമാക്കാം :

2019 നവംബർ രണ്ടാം പകുതിയിൽ ആണ് വുഹാനിൽ നാമിന്ന് Covid 19 എന്ന് തിരിച്ചറിയുന്ന അണുബാധയുമായി ആദ്യമായി രോഗികൾ ആശുപത്രികളിൽ വന്നു തുടങ്ങിയത് . ഏതു തരം വൈറസ് ആണ് ഉണ്ടാക്കുന്നത് എന്നത് വ്യക്തമായിക്കഴിഞ്ഞിരുന്നില്ല എങ്കിലും, വുഹാനിൽ ഗുരുതരമായ ശ്വാസകോശ വൈറൽരോഗം പടർന്നുപിടിക്കുന്നു എന്ന കാര്യം ഡിസംബർ രണ്ടാം പകുതിയായപ്പോഴേക്കെങ്കിലും തീർത്തും വ്യക്തമായിരുന്നു. ഡിസംബർ മുപ്പതാം തീയതി ലീ വെൻലിയാങ്ങ് (Li Wenliang ) എന്നൊരു ഡോക്ടർ , തന്റെ മെഡിക്കൽ കോളേജ് ക്ലാസ് മേറ്റ്സിന്റെ ചാറ്റ് ഗ്രൂപ്പിൽ, മാർക്കറ്റിലെ 7 ആൾക്കാർ ഇപ്രകാരം രോഗബാധിതരായി താൻ ജോലി ചെയ്യുന്ന ആശുപത്രിയിൽഅന്നേ ദിവസം ഉണ്ട് എന്ന് പറയാനിടയായി . ഉടൻ തന്നെ മറ്റൊരു അംഗം ഇങ്ങനെ പറയുന്നു: 'Be careful, or else our chat group might be dismissed'.എങ്കിലും, 'ഇത് ഒരു കൊറോണ വൈറസ് ആണ് എന്ന് ഉറപ്പായിട്ടുണ്ട്. ഏതു തരം എന്ന് പരിശോധിക്കപ്പെടുന്നു '... ' ഈ ഗ്രൂപ്പിന് പുറത്ത് പ്രചരിപ്പിക്കരുത് - കുടുംബാംഗങ്ങളോടും സ്നേഹിതരോടും സൂക്ഷിക്കാൻ പറയുക' എന്നൊക്കെ അതിനു ശേഷവും ഡോ: ലീ ആ ഗ്രൂപ്പ് ചാറ്റിൽ പറയുന്നുണ്ട്. ഏതായാലും തുടർന്നുണ്ടായ അധികൃതരുടെ നടപടി , ഡോക്ടർമാർ ശങ്കിച്ച ചാറ്റ് ഗ്രൂപ്പ് നിരോധനത്തെയൊക്കെ കടത്തിവെട്ടുന്നതായിരുന്നു . കമ്യൂണിസ്റ്റ് സർവാധിപത്യങ്ങളിൽ പതിവുള്ളതുപോലെ, 'പാതിരാ സമൻസ്' ഡോക്ടർ ലീ യെയും തേടിയെത്തി. പൊലീസ് സ്റ്റേഷനിൽ വെച്ച്, 'ഊഹാപോഹങ്ങൾ പ്രചരിപ്പിച്ചു', ' പൊതുക്രമസമാധാനം ഗുരുതരമായി തകരാറിലാക്കും വിധം കളവായ പ്രസ്താവനകൾ നടത്തി ' എന്നിത്യാദി കുറ്റങ്ങൾ ആൾക്കുമേൽ ചാർത്തി . കുറ്റങ്ങൾ എല്ലാം സമ്മതിച്ചു, മാപ്പെഴുതിക്കൊടുത്ത്, ലീ സ്വന്തം തടി രക്ഷിച്ചു. അല്ലാതെ എന്ത് ചെയ്യാൻ? . ഡോക്ടർക്കെതിരെ ഉണ്ടായ പൊലീസ് നടപടി സർക്കാർ വക ചൈന സെൻട്രൽ ടെലിവിഷൻ പ്രദർശിപ്പിക്കുകയും ചെയ്തു. ( 50c ക്കാരുടെ ശ്രദ്ധക്ക്: കേവലം ഏതെങ്കിലും ഒരു ഭരതൻ എസ്. ഐ യുടെ ഓവറാക്കൽ അല്ല, ഉയർന്ന കേന്ദ്രങ്ങൾ അറിഞ്ഞുകൊണ്ട് നടന്ന ഏർപ്പാട് ആണ് എന്ന് വ്യക്തം !) കേവലം 34 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഡോ:ലീ പിന്നീട് കൊറോണ വൈറസ് ബാധിതനായി മരിക്കുകയും, അനന്തരം, വ്യാപകമായ ജനകീയരോഷപ്രകടനം ഉണ്ടാവുകയും ചെയ്തു . ഇതേ തുടർന്നു മരണാനന്തരം ശിക്ഷ പിൻവലിക്കുകയും കുടുംബത്തോട് അധികൃതർ മാപ്പ് രേഖപ്പെടുത്തുകയും ചെയ്തു എന്നത് വേറെ കാര്യം. (ഒപ്പം ഇതുപോലെ ശിക്ഷിക്കപ്പെട്ട മറ്റു ഏഴു ഡോക്ടർമാരുടെ കാര്യത്തിൽ ഇതൊന്നും ഉണ്ടായതായി അറിവില്ല. അവർ ആരും മരിച്ചുകാണില്ല എന്നനുമാനിക്കാം.)

ഡോ. ലീ തന്റെ നിരീക്ഷണം ചാറ്റ് ഗ്രൂപ്പിൽ പങ്കു വെച്ചതിന്റെ പിറ്റേ ദിവസം തന്നെ വുഹാൻ മുൻസിപ്പൽ ഹെൽത്ത് കമ്മീഷൻ നഗരത്തിലെ ഈ ന്യൂമോണിയ പകർച്ചവ്യാധിയെ കുറിച്ച് പ്രസ്താവന പുറപ്പെടുവിച്ചു. ( http://wjw.wuhan.gov.cn/front/web/showDetail/2019123108989 )
മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഈ രോഗം പടരില്ല എന്ന ഔദ്യോഗിക ഭാഷ്യം അവിടെ കാണാം. ഡിസംബർ 25 നു തന്നെ വുഹാനിലെ ആശുപത്രിയിലെ രണ്ടു ഡോക്ടർമാർക്ക് ഈ രോഗം പിടിപെട്ടതായി കണ്ടുകഴിഞ്ഞിരുന്നു . എങ്കിലും, മനുഷ്യർക്കിടയിൽ പകരുന്നതിന് തെളിവില്ല എന്നതായിരുന്നു ഔദ്യോഗിക നിലപാട്. മനുഷ്യർക്കിടയിൽ പരക്കും, ശ്രദ്ധിക്കണം എന്ന് തമ്മിൽ പറഞ്ഞ ഡോക്ടർമാരെ തപ്പിയെടുത്തു ശിക്ഷിച്ചത് പറഞ്ഞല്ലോ . ഏതായാലും പിന്നീടങ്ങോട്ട് അടുത്ത മൂന്നാഴ്ച കൂടി ചൈന ഇതേ പല്ലവി തന്നെ ആവർത്തിച്ചു. ലോകാരോഗ്യസംഘടനയോടും ഇതേ ഭാഷ്യം തന്നെ പറഞ്ഞു. ഈ ചൈനീസ് ഔദ്യോഗിക വ്യാജപ്രസ്താവന വിശ്വസിച്ചുകൊണ്ട് ആ സമയമത്രയും രാജ്യത്തിനകത്തും പുറത്തും ജനങ്ങൾ യാത്ര ചെയ്തുകൊണ്ടിരുന്നു , തമ്മിൽ കൂടിക്കലർന്നു കൊണ്ടിരുന്നു. മാരകമായ വൈറസ് രാജ്യാതിർത്തികൾക്കപ്പുറത്തേക്കുപോലും പടർന്നുകൊണ്ടുമിരുന്നു.

ഭരണകൂടം നിശ്ചയിക്കുന്ന പടിക്ക് , നിശ്ചിത പാതയിലൂടെ ഒരു ക്ലോക്ക് വർക്ക് പോലെ കൃത്യമായി ചലിച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹം ആണ് സമഗ്രാധിപത്യത്തിന്റെ സമൂഹഭാവന. അശുഭവാർത്തകളെ നിഷേധിച്ചും മൂടിവെച്ചും, 'എല്ലാം മുറപോലെ, ഭംഗിയായി നടക്കുന്നു' എന്ന് 'കാണിച്ചുകൂട്ടുക'യാണ് അതിന്റെ സ്ഥിരം രീതി. 1986 ഏപ്രിൽ 26നു നടന്ന ചെർണോബിൽ ആണവദുരന്തത്തെ തദ്ദേശീയ കമ്യൂണിസ്റ്റ് നേതൃത്വം കൈകാര്യം ചെയ്തതിനു സമാനമായാണ് വുഹാനിൽ 2019 ഡിസംബറിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് മഹാമാരിയെ അവിടത്തെ കമ്യൂണിസ്റ്റ് നേതൃത്വം കൈകാര്യം ചെയ്തത് . 'ചൈനയുടെ ചെർണോബിൽ' എന്ന് ഇന്ന് വിളിക്കപ്പെടുന്ന ഈ കെടുകാര്യസ്ഥതയിലെ അനേകമായ കടുംകൈകളിൽ ഒന്ന്, ചൈനീസ് പുതുവത്സരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഇരുപതു വർഷമായി നടന്നുപോരുന്ന ഒരു സമൂഹവിരുന്ന് ഗംഭീരമായി തന്നെ നടത്തി എന്നതാണ്. 1986 ഏപ്രിൽ 26 നാണ് ചെർണോബിൽ ദുരന്തമുണ്ടായത് . സമീപസ്ഥമായ കീവ് നഗരത്തിൽ നിന്ന് അടുത്ത ദിവസങ്ങളിൽ പലായനം ചെയ്ത ഒരു സർവൈവർ, ചൈനീസ് അധികൃതരുടെ ഈ നടപടിയെ ഫെബ്രുവരിയിൽ എഴുതിയ ലേഖനത്തിൽ ഇങ്ങനെയാണ് വിലയിരുത്തിയത്. 'ചെർണോബിൽ ദുരന്തത്തിനു ശേഷം, പതിനായിരക്കണക്കിനു കുട്ടികളെ ആണവധൂളിയിലൂടെ മാർച്ച് ചെയ്യാൻ നിര്ബ്ബന്ധിതരാക്കും വിധം കീവ് നഗരത്തിലെ മെയ്‌ ദിന പരേഡ് നടത്തിയേ പറ്റൂ എന്ന് സോവിയറ്റ് അധികൃതർ നിർബ്ബന്ധം പിടിക്കുകയുണ്ടായി. ഇതേ നിർബ്ബന്ധബുദ്ധിയുടെ സമാനദൃശ്യമാണ് കഴിഞ്ഞ മാസം വുഹാനിൽ കാണാനായത് .വുഹാനിലെ ബൈബുട്ടിങ് ജില്ലയിൽ , നാൽപ്പതിനായിരത്തോളം കുടുംബങ്ങൾ തയാറാക്കിയ ഭക്ഷ്യവിഭവങ്ങൾ പങ്കിട്ടുകൊണ്ടുള്ള നവവത്സര വിരുന്നു നടത്താൻ അധികൃതർ തീരുമാനിച്ചു'.
സമൂഹവിരുന്നിന്റെ ഇരുപതാം വർഷത്തിൽ, വിഭവങ്ങളുടെ എണ്ണത്തിൽ ഒരു റിക്കാർഡ് സൃഷ്ടിക്കാൻ സംഘാടകർ ശ്രമിച്ചു . നാൽപ്പതിനായിരം കുടുംബങ്ങൾ ഉണ്ടാക്കിയ 13, 986 തരം വിഭവങ്ങൾ വിളമ്പിക്കൊണ്ടാണ് , ആയിരക്കണക്കിന് ആൾക്കാർ പങ്കെടുത്ത ആ സമൂഹവിരുന്ന് നടന്നത് ! .

ജനുവരി 18 നു നടന്ന ഈ വിരുന്നിനെക്കുറിച്ച് ജനുവരി 21 ന് വന്ന സചിത്ര പത്ര റിപ്പോർട്ട് ഇവിടെ കാണാം (https://news.sina.com.cn/s/2020-0.../doc-iihnzhha3843904.shtml) തലക്കെട്ട് നോക്കുക :
'Wuhan community hosts Wanjia banquet, 40,000 familiescreate13,986 di-shes'
പിന്നീടുള്ള ദിവസങ്ങളിൽ സ്വാഭാവികമായും വുഹാനിൽ ഉയർന്ന രോഗനിരക്ക് ഉണ്ടായ ഒരു പ്രദേശമായിത്തീർന്നു ഈ ഭാഗം.  സോഷ്യൽ മീഡിയയിൽ ഇന്ന് ഉയരുന്ന 50 c ചിത്രങ്ങളിലൊന്നിൽ പോലും വുഹാനിൽ കൊറോണ വൈറസ് രോഗം പ്രത്യക്ഷപ്പെട്ടതിനു ശേഷം ഉള്ള ആദ്യത്തെ ഏഴ് ആഴ്ചകളിൽ ചൈനീസ് കമ്യൂണിസ്റ്റ് സർവാധിപത്യ ഭരണകൂടം ചെയ്ത തോന്ന്യവാസങ്ങളെക്കുറിച്ചോ ആ ആഴ്ചകളിൽ അവർ ചെയ്യേണ്ടിയിരുന്ന, എന്നാൽ ചെയ്യാതെ പോയ പരിഹാരനടപടികളെയോ കുറിച്ച് ഒന്നും കാണില്ല. സ്വാഭാവികമായി ഉണ്ടായ ഒരു പ്രകൃതി ദുരന്തത്തെ ഐതിഹാസിക കാര്യക്ഷമതയോടെ നേരിട്ട് വിജയിച്ചു വെന്നിക്കൊടി പാറിച്ചതിന്റെ വിജയഗാഥകൾ മാത്രമേ എങ്ങും കേൾക്കാൻ ഉള്ളൂ . ഇറ്റലി, സ്പെയ്ൻ, യുകെ, യുഎസ് തുടങ്ങിയ 'മുതലാളിത്ത രാജ്യങ്ങൾ' അമ്പേ അടി പണിഞ്ഞിടത്ത് ജനകീയ ചൈനയുടെ നിസ്തുലവിജയം എന്നതാണ് 50ര യോദ്ധാക്കളുടെ ഞെരിപ്പൻ ആഖ്യാനം.

കേവലം ഒരൊറ്റ മാംസമാർക്കറ്റിൽ നിന്ന് ഉടലെടുത്ത , ലളിതമായ പ്രിവന്റീവ് മെഡിസിൻ നടപടികൾ കാര്യക്ഷമമായി നടപ്പാക്കുന്നതിലൂടെ ഉദ്ഭവ സ്ഥാനത്ത് തന്നെ നിഷ്പ്രയാസം തടയാമായിരുന്ന കൊറോണ വൈറസ് ബാധയെ തങ്ങളുടെ പിടിപ്പുകേടും മുട്ടാളത്തവും കൊണ്ട് ഒരു ബയോളജിക്കൽ ചെർണോബിൽ ദുരന്തമാക്കി മാറ്റി എന്നതാണ് ചൈനീസ് കമ്യൂണിസ്റ്റ് സർവാധിപത്യ ഭരണകൂടം ചെയ്ത ക്രൈം. ഇപ്പോൾ ഭൂതം കുടത്തിനു വെളിയിലായി സർവ ലോകരെയും ദുരിതത്തിൽ ആഴ്‌ത്തിക്കഴിഞ്ഞു. നമുക്ക് ഈ ദുരിതം ഉണ്ടാക്കിയതിന്റെ ഉത്തരവാദിത്തം ചൈനീസ് കമ്യൂണിസ്റ്റ് സർവാധിപത്യത്തിനും അതിന്റെ തലവനും ആണ് എന്ന കാര്യം നമ്മൾ അറിയുകയും പറയുകയും വേണം. നാളെ ഇവിടെ ബാക്കിയാവുന്നവർ , സർവാധിപത്യങ്ങളെ തിരസ്‌കരിക്കുകയും ജനാധിപത്യത്തെ സ്വീകരിക്കുകയും ചെയ്തില്ലെങ്കിൽ ഇത്തരം ദുരിതങ്ങൾ മനുഷ്യകുലത്തിന് തുടർക്കഥയാവും. അതനുവദിക്കരുത്!- ഡോ വിശ്വനാഥൻ തന്റെ പോസ്്റ്റ് അവസാനിപ്പിക്കുന്നത് അങ്ങനെയാണ്. പോസ്ററിനുതാഴെ വലിയ ചർച്ചയാണ് നടക്കുന്നത്.

ഷീ ജിൻപിങ് എന്ന വില്ലൻ

ദ ഗാർഡിയൻ ഉയർത്തിവിട്ട ചർച്ചകൾക്ക് മറുപടിയെന്നോണം ബ്രിട്ടീഷ് മാധ്യമമായ ചാനൽ ഫോർ അതിന്റെ ചർച്ചകളിൽ കൊവിഡ് കാലത്തെ പ്രധാന വില്ലനായി പറയുന്നത് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങിനെയാണ്. ചൈനയുടെ സർവ്വാധികാരിയും സർവ്വസൈനാധിപനുമൊക്കെ പ്രസിഡന്റ് തന്നെയാണ്. കമ്യൂണിസ്റ്റ് ഇരുമ്പുമറയിൽ നിൽക്കുന്ന ഈ രാഷ്ട്രത്തിൽ പ്രസിഡന്റ് അറിയാതെ ഒന്നും നടക്കില്ല. പുതിയ ഒരു വൈറസ് റിപ്പോർട്ട് ചെയതപ്പോൾ ചൈനീസ്് എപ്പിഡമിക്ക് കൺട്രോൾ സെൽ നേരിട്ട് റിപ്പോർട്ട് ചെയ്തതും പ്രസിഡന്റിന് മുന്നിലാണ്. എന്നാൽ രാജ്യത്തിന്റെ സൽപ്പേര് നഷ്ടമാവുമെന്ന ഭയവും അമിതമായ ആത്മവിശ്വാസവും മൂലവും പ്രസിഡന്റ് വിഷയം മൂടിവെക്കുയായിരുന്നു. വൂഹാനിലടക്കം മരണം താണ്ഡവമാടിയപ്പോൾ ആ വഴിക്ക് തിരഞ്ഞുനോക്കുകപോലും ചെയ്യാത്ത ഷീ ജിൻപിങ്് രോഗം ശമിച്ചപ്പോൾ വൂഹാനിലെത്തി ജനങ്ങളെ അഭിസംബോധനചെയ്ത് തന്റെ രാഷ്ട്രീയ മൈലേജ് വർധിപ്പിക്കയാണ് ഉണ്ടായതെന്ന് ചാനൽഫോർ അവതാരകൻ പീറ്റർ ഗുസ്റ്റാവ് ചൂണ്ടിക്കാട്ടുന്നു.

അതായത് ഇപ്പോൾ ചൈന ലോകത്തിന് മാതൃകമാണെന്ന് കേരളത്തിലടക്കം കമ്യൂണിസ്റ്റ് തള്ളുകാർ പറയുന്നതുപോലെയല്ല കാര്യങ്ങൾ. എല്ലാം കുളമാക്കി ലോകത്തുമൊത്തം കൊറോണയെത്തിച്ചതും ചൈനതന്നെയാണ്. തുടക്കത്തിൽ ചില വിമതസ്വരങ്ങൾ ഉയർന്നതിനെ ഷി ജിൻപിങ് ഗവൺമെന്റ് നിർദയം അടിച്ചമർത്തുകയായിരുന്നു. ആദ്യമായി കൊവിഡ് 19 നെപ്പറ്റി പരസ്യമായി മിണ്ടിയ ഡോക്ടറെ പൊലീസ് ആശുപത്രിയിൽ നിന്ന് കസ്റ്റഡിയിലെടുത്തു കൊണ്ടുപോയി ഭീഷണിപ്പെടുത്തി. രണ്ടു ദിവസം തടവിൽ പാർപ്പിച്ച ഡോക്ടർ പിന്നീട് കൊവിഡ് 19 ബാധിച്ചു തന്നെ മരിച്ചു. ചൈനയിലെ ആശുപത്രികൾ നേരിട്ട് സന്ദർശിച്ചപ്പോൾ താൻ കണ്ട ദുരിതം നിറഞ്ഞ കാഴ്ചകളെപ്പറ്റി തന്റെ യൂട്യൂബ് വീഡിയോകളിലൂടെ ജനങ്ങളെ അറിയിച്ച, സ്വതന്ത്ര മാധ്യമപ്രവർത്തകനും അറിയപ്പെടുന്ന മനുഷ്യാവകാശപ്രവർത്തകനും അഭിഭാഷകനുമൊക്കെയായ, ചെൻ ക്വിഷി അപ്രത്യക്ഷമായിട്ട് ഇന്നുവരെ എവിടെ എന്ന് യാതൊരു വിവരവും ലഭിച്ചിട്ടില്ല. തന്റെ മകനെ ഗവൺമെന്റ് ഉന്മൂലനം ചെയ്യാൻ സാധ്യതയുണ്ട് എന്നു പരാതിപ്പെട്ടുകൊണ്ട് ചെന്നിന്റെ അമ്മ രംഗത്തെത്തിയിരുന്നു. ഇപ്പോൾ അവരുടെ പരാതികളും എവിടെയും കേൾക്കാനില്ല. അതിനു ശേഷം, കൊറോണാ വൈറസിനെതിരെ പടവാളുമായിറങ്ങിയ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിനെ 'നഗ്‌നനായ കോമാളി' എന്നുവിളിച്ചതിന്റെ പേരിൽ പ്രസിദ്ധനായ റിയൽ എസ്റ്റേറ്റ് കമ്പനി മേധാവി റെൻ സിക്വിയാങ്ങിനെയും കാണാതായി. മുൻ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അംഗം കൂടിയായ അദ്ദേഹത്തെ ഗവൺമെന്റ് അപ്രത്യക്ഷനാക്കി എന്നാണ് പറയപ്പെടുന്നത്. കൊറോണയെ ചൈനീസ് വൈറസ് എന്ന് ട്രംപ് വിളിച്ചതിനെ തുടർന്ന് അമേരിക്കൻ അന്താരാഷ്ട്ര മാധ്യമങ്ങളായ വാഷിങ്ടൺ പോസ്റ്റ്, ന്യൂയോർക്ക് ടൈംസ്, വാൾസ്ട്രീറ്റ് ജേർണൽ എന്നിവയുടെ അന്താരാഷ്ട്ര റിപ്പോർട്ടർമാരോടും രാജ്യത്തിന് പുറത്താക്കയാണ് ഷീ ജിൻപിങ്് ചെയ്തത്. ചുരുക്കിപ്പറഞ്ഞാൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ അനുമതിയോടെ മാത്രം വാർത്തകൾ അച്ചടിക്കുന്ന ഷിൻഹുവ പോലുള്ള മാധ്യമങ്ങൾ മാത്രമാണ് ചൈനയിൽ നിന്ന് ഇപ്പോഴും വാർത്തകൾ പുറത്തു വിടുന്നത്.

സ്തുതിപാഠകർ വാഴ്‌ത്തിപ്പാടും പോലെ അത്ര ഉദാത്തമാണ് ചൈനയിലെ ആരോഗ്യസംവിധാനവും, കൊവിഡ് 19 പോരാട്ട തന്ത്രങ്ങളും ഒക്കെ എങ്കിൽ സ്വതന്ത്ര മാധ്യമപ്രവർത്തനങ്ങളെ ഇത്രകണ്ട് ഭയക്കുന്നതെന്തിനാണ് ചൈനീസ് ഗവൺമെന്റ്? വിമർശന സ്വരങ്ങളോട് എന്തിനാണ് സർക്കാരിന് ഇത്ര അസഹിഷ്ണുത. മടിയിൽ കനമില്ല ഷീ ജിൻപിങിനെങ്കിൽ, തന്നെ 'നഗ്‌നനായ കോമാളി' എന്ന് വിളിച്ച സ്വന്തം പാർട്ടി അംഗത്തെ ഈ ഭൂമുഖത്തുനിന്നുതന്ന അപ്രത്യക്ഷനാക്കുന്ന നടപടിക്ക് അദ്ദേഹത്തെപ്പോലൊരാൾ ചൂട്ടുപിടിക്കുന്നതെന്തിനാണ്? ഒരു മാസം കഴിഞ്ഞു മാത്രമാണ് ചൈന കൊവിഡ് 19 മറ്റുരാജ്യങ്ങൾക്കു മുന്നിൽ സ്ഥിരീകരിക്കുന്നതും തങ്ങളുടെ വിമാനത്താവളങ്ങളിൽ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും. അതിനുള്ളിൽ, വുഹാനിലേക്ക് നിരന്തരം വന്നുപോയ്‌ക്കൊണ്ടിരുന്ന യാത്രക്കാർ വഴി ആ പകർച്ച വ്യാധി എത്തേണ്ടിടത്തൊക്കെ എത്തിക്കഴിഞ്ഞിരുന്നു. ഇത് ചൈന ലോകത്തോടുചെയ്ത കൊടും ചതിയെന്നാണ് വാഷിങ്്ടൺ പോസ്റ്റ് തലക്കെട്ടിട്ടത്.

വൈകി തുടങ്ങിയ നീക്കമെന്നതാണു ചൈനയുടെ നടപടികളുടെ പോരായ്മയായി വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഡിസംബർ, ജനുവരി മാസങ്ങളിൽ വൈറസ് ബാധയുടെ ആദ്യ ദിനങ്ങളിൽ വുഹാൻ അധികൃതർ മന്ദഗതിയിലാണ് ഇതിനോടു പ്രതികരിച്ചിരുന്നത്. അജ്ഞാതമായ രോഗത്തെക്കുറിച്ചുള്ള വിവരം കൈമാറുന്നതു വൈകിയതോടെ നടപടിയും നീണ്ടതായി മിഷിഗൻ യൂണിവേഴ്‌സിറ്റിയിലെ പൊതുജനാരോഗ്യ ഗവേഷകൻ ഹോവാർഡ് മാർക്കൽ വ്യക്തമാക്കി. ഇതു ലോകത്താകെ കൊറോണ വ്യാപിക്കുന്നതിനു കാരണമായതായും അദ്ദേഹം പറഞ്ഞു.

ഒരാഴ്ച നേരത്തേയെങ്കിലും ചൈന നിയന്ത്രണങ്ങൾ ആരംഭിച്ചിരുന്നെങ്കിൽ ചൈനയിലെ കേസുകൾ 67 ശതമാനമാക്കി തടഞ്ഞുനിർത്താൻ സാധിക്കുമായിരുന്നു. മൂന്ന് ആഴ്ച മുൻപ് പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നെങ്കിൽ ഇത് ഇപ്പോഴുള്ളതിന്റെ അഞ്ച് ശതമാനം മാത്രമാകുമായിരുന്നു. മാത്രമല്ല ഈ മഹാമാരിയെ ചൈനയിൽ തന്നെ പടിച്ചുകെട്ടാമായിരുന്നു. പക്ഷേ ഷീ ജിൻപിങിന്റെ ധാർഷ്ട്യവും അമിത ആത്മവിശ്വാസവും ഏകാധിപത്യ പ്രവണതയും കാര്യങ്ങളെ അട്ടിമറിക്കയാണ് ചെയ്തത്. ദ ഗ്രേറ്റ് വില്ലൻ ഓഫ് കോവിഡ് എന്നാണ് ചാനൽ ഫോർ ഷീ ജിനപിങിനെ വിശേഷിപ്പിക്കുന്നത്.

കൊറോണയിൽ ചൈനയിൽ മരിച്ചത് നാൽപ്പതിനായിരം പേരോ?

അതനിടെ ചൈനയിൽ കൊറോണ വൈറസ് ബാധ മൂലം മരിച്ചവരുടെ സംഖ്യ ചൈന ഔദ്യോഗികമായി പുറത്തുവിട്ടതിനേക്കാൾ നിരവധി മടങ്ങ് അധികമാണെന്ന് വിദേശമാധ്യമങ്ങള്ൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൈറസ് ബാധയുടെ പ്രഭവകേന്ദ്രമായ ഹുബി പ്രവിശ്യയിലെ വുഹാൻ നഗരത്തിൽ മാത്രം 42,000 പേരെങ്കിലും മരണപ്പെട്ടിട്ടുണ്ടെന്ന് പ്രദേശത്തെ ജനങ്ങളെ ഉദ്ധരിച്ച് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തത്്. കോവിഡ് 19 മൂലം ചൈനയിൽ ആകെ മരിച്ചത് 3,300 പേരാണ് എന്നാണ് ചൈനയുടെ ഔദ്യോഗിക കണക്ക്. 81,000 പേർക്കാണ് ആകെ രോഗബാധയുണ്ടായത്. ഹുബി പ്രവിശ്യയിൽ മാത്രം 3,182 പേർ മരിച്ചതായും അധികൃതർ പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നു. എന്നാൽ ചൈന പുറത്തുവിട്ട ആകെ മരണ സംഖ്യയേക്കാൾ പത്തിലധികം ഇരട്ടിയാണ് വുഹാൻ നഗരത്തിൽ മാത്രം ഉണ്ടായതെന്നാണ് റിപ്പോർട്ട് പറയുന്നത്.

ഏറ്റവും ഉയർന്ന മരണനിരക്ക് രേഖപ്പെടുത്തിയ 12 ദിവസങ്ങളിലായി നഗരത്തിലെ ഏഴ് ശ്മശാനങ്ങളിൽനിന്നും പ്രതിദിനം അഞ്ഞൂറിലധികം പേരുടെ ചിതാഭസ്മകുംഭങ്ങൾ കുടുംബങ്ങൾക്ക് നൽകിയിട്ടുള്ളതായാണ് കണക്കുകൾ കാണിക്കുന്നതെന്ന് നഗരവാസികൾ പറയുന്നു. അതായത്, ഓരോ 24 മണിക്കൂറിലും ആകെ 3,500 പേരുടെ ശവസംസ്‌കാരം നടന്നെന്ന് കരുതണം. അങ്ങനെയാണെങ്കിൽ ഇക്കാലയളവിൽ മാത്രം 42,000 പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്നാണ് വിലയിരുത്തൽ.ഒരു മാസം 28,000 ശവസംസ്‌കാരങ്ങൾ വരെ നഗരത്തിൽ നടന്നിട്ടുണ്ടെന്നും കണക്കുകളുണ്ട്. കൂടാതെ നിരവധി പേർ വീടുകളിൽ മരിച്ചിട്ടുണ്ടെന്നും നഗരവാസികളിൽ ചിലർ പറയുന്നു. ഈ മരണങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ പെടുകയോ കണക്കുകളിൽ ഉൾപ്പെടുകയോ ചെയ്തിട്ടില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

രണ്ടു മാസത്തോളം നീണ്ടുനിൽക്കുന്ന ലോക്ക് ഡൗൺ ആണ് ഹുബി പ്രവിശ്യയിൽ പ്രഖ്യാപിച്ചിരുന്നത്. രോഗവ്യാപനം പിടിച്ചുനിർത്താനായതോടെ ജനുവരി 23 മുതൽ ആരംഭിച്ച ലോക്ക് ഡൗൺ മാർച്ച് 25ന് ഇളവ് വരുത്തിയിട്ടുണ്ട്. ഇതോടെ വൈറസ് ബാധയില്ലെന്നു കാണിക്കുന്ന ഗ്രീൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നവർക്ക് ഹുബിയിൽനിന്ന് പുറത്തേയ്ക്ക് യാത്ര ചെയ്യാൻ അനുമതി ലഭിച്ചിട്ടുണ്ട്. എന്നാൽ വുഹാൻ നഗരത്തിൽ ഇപ്പോഴും സമ്പൂർണ ലോക്ക് ഡൗൺ തുടരുകയാണ്. ഏപ്രിൽ എട്ട് വരെയാണ് നിയന്ത്രണം തുടരുകയെന്നാണ് റിപ്പോർട്ട്. അതിനിടെ ഇപ്പോൾ മറ്റിടങ്ങളിൽനിന്ന് വന്നവർ നാട്ടുകാരുമായി ഇടപെട്ട് സെക്കൻഡറി കെറോണ ചൈനക്ക് കിട്ടുന്നുണ്ട്. പക്ഷേ എന്നിട്ടും കൊറോണയെ തുരത്തിയെന്ന വിജയാഹ്ലാദം രാജ്യത്തിന്റെ പലഭാഗത്തും നടക്കയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP