Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംഭാവന കിട്ടിയ ഒരു ടൺ അരി എവിടെ സഖാക്കളെ? പുതുശ്ശേരിയിൽ സിപിഎം വെട്ടിലായത് സമൂഹ അടുക്കളയിലേക്ക് ലഭിച്ച 1000 കിലോ അരി കലവറയിലെത്താതെ അപ്രത്യക്ഷമായതിനെ ചൊല്ലി; ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ സമൂഹ അടുക്കളയ്ക്കുള്ള അരി സിപിഎം കിറ്റിൽ വീടുകളിൽ വിതരണം ചെയ്തു; അരിക്കള്ളൻ പ്രസിഡന്റിനെതിരെ കേസെടുക്കാൻ ആവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും; റേഷൻ വിതരണം സിപിഎം പരിപാടിയാക്കി മാറ്റുന്നുവെന്ന് ആരോപിച്ചു ടി സിദ്ധിഖും

സംഭാവന കിട്ടിയ ഒരു ടൺ അരി എവിടെ സഖാക്കളെ? പുതുശ്ശേരിയിൽ സിപിഎം വെട്ടിലായത് സമൂഹ അടുക്കളയിലേക്ക് ലഭിച്ച 1000 കിലോ അരി കലവറയിലെത്താതെ അപ്രത്യക്ഷമായതിനെ ചൊല്ലി; ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ സമൂഹ അടുക്കളയ്ക്കുള്ള അരി സിപിഎം കിറ്റിൽ വീടുകളിൽ വിതരണം ചെയ്തു; അരിക്കള്ളൻ പ്രസിഡന്റിനെതിരെ കേസെടുക്കാൻ ആവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും; റേഷൻ വിതരണം സിപിഎം പരിപാടിയാക്കി മാറ്റുന്നുവെന്ന് ആരോപിച്ചു ടി സിദ്ധിഖും

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: കൊറോണ കാലത്തും സിപിഎം രാഷ്ട്രീയം കളിക്കുന്നത് അവസാനിപ്പിച്ചിട്ടില്ല. കമ്മ്യൂണിറ്റി കിച്ചണിൽ അടക്കം സിപിഎമ്മുകാരാണ് വ്യാപകമായി ഇടപെടുന്നതെന്ന ആക്ഷേപം കോൺഗ്രസിനും മറ്റു പാർട്ടികൾക്കുമുണ്ട്. ഇതിനിടെ ചിലയിടങ്ങളിൽ സമൂഹ അടുക്കളയിലേക്ക് ലഭിക്കുന്ന അരി പോലും അടിച്ചമാറ്റുന്ന സിപിഎമ്മുകാരുമുണ്ട് എന്നതാണ് മറ്റൊരു കാര്യം. പുതുശ്ശേരി പഞ്ചായത്തിൽ സംഭാവനയായി ലഭിച്ച അരി അപ്രത്യക്ഷമായത് വലിയ വിവാദത്തിന് വഴിവെക്കുകയാണ്.

കേരളത്തിലെ രണ്ടാമത്തെ വലിയ വ്യവസായ മേഖല ഉൾപ്പെടുന്ന പുതുശ്ശേരി പഞ്ചായത്തിൽ സമൂഹ അടുക്കളയിലേക്ക് ലഭിച്ച 1000 കിലോ അരി കലവറയിലെത്താതെ അപ്രത്യക്ഷമായതിനെ ചൊല്ലിയാണ് വിവാദം മുറുകുന്നത്. സംഭവത്തിൽ പഞ്ചായത്ത് ഭരിക്കുന്ന സിപിഎമ്മും പാർട്ടി പ്രാദേശിക നേതാക്കളും ഒത്തുകളിച്ചെന്നാണ് ആരോപണം. പഞ്ചായത്തു പ്രസിഡന്റിനെതിരെ പൊതുമുതൽ മോഷ്ടിച്ച കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും രംഗത്ത്.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷനാണ് സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് 1000 കിലോ അരി പുതുശ്ശേരി പഞ്ചായത്തിലെ സമൂഹ അടുക്കളയിലേക്ക് നൽകിയത്. സംഭാവനയായി സാധനങ്ങൾ ലഭിക്കുമ്പോൾ പഞ്ചായത്ത് സെക്രട്ടറി അല്ലെങ്കിൽ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ രസീത് നൽകേണ്ടതും, സാധനങ്ങൾ സ്റ്റോക്ക് രജിസ്റ്ററിൽ രേഖപ്പെടുത്തുകയും വേണം. എന്നാൽ ഇതൊന്നും പുതുശ്ശേരിയിൽ പാലിക്കപ്പെട്ടില്ലെന്ന് പറയുന്നു.

എച്ച് പി മാനേജ്മെന്റ് പഞ്ചായത്ത് സെക്രട്ടറിയോട് അരി ലഭിച്ചതിന്റെ രസീത് ആവശ്യപ്പെട്ടപ്പോൾ കലവറയിൽ എത്താത്ത അരിക്ക് രസീത് നൽകാൻ കഴിയില്ലെന്നായിരുന്നു മറുപടി. ഇത് സംബന്ധിച്ച് സെക്രട്ടറി പ്രസിഡന്റിനോട് വിശദീകരണം തേടിയപ്പോൾ അരി എങ്ങനെ വിനിയോഗിക്കണമെന്ന് അറിയാമെന്നായിരുന്നു പ്രസിഡന്റിന്റെ മറുപടിയെന്ന് പറയുന്നു.

സംഭവം വിവാദമായതോടെ പഴയ തിയതിയിൽ രസീത് നൽകുകയും ഗുണഭോക്താക്കളുടെ ലിസ്റ്റ് തട്ടികൂട്ടുകയും ചെയ്തതായി പറയുന്നു. മറ്റൊരു കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബിഇഎംഎല്ലിലെ തൊഴിലാളികൾ നൽകിയ പലവ്യഞ്ജനങ്ങളും സമൂഹ അടുക്കളയുടെ കലവറയിൽ എത്തിയിട്ടില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ ആരോപിച്ചു. സമൂഹ അടുക്കളയുടെ മറവിൽ പുതുശ്ശേരി പഞ്ചായത്തിൽ നടന്ന തീവെട്ടി കൊള്ള സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണം. പുതുശ്ശേരി പഞ്ചായത്തിലെ സമൂഹ അടുക്കളയിലേക്ക് ഇതുവരെ വന്ന സാധനങ്ങളും, സംഭാവന ചെയ്ത ആളുകളുടെ വിവരങ്ങളും പ്രസിദ്ധപ്പെടുത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു.

കോർപ്പറേഷനിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് നേരിട്ട് വാങ്ങിയ അരി കലവറയിൽ എത്താതെ മറ്റൊരിടത്തേക്ക് മാറ്റിയ സംഭവത്തിൽ പഞ്ചായത്ത് പ്രസിഡന്റിനെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. പ്രദേശത്തെ സിപിഎമ്മുകാർ അരി വീടുകളിൽ എത്തിക്കുമെന്നാണ് വാദം. ഇത് അംഗീകരിക്കാനാവില്ല. ഇത് സംബന്ധിച്ച് വകുപ്പുതല മേധാവിക്ക് പരാതി നൽകുമെന്ന് ഡിസിസി വൈസ് പ്രസിഡന്റ് പിവി രാജേഷ്, ജനറൽ സെക്രട്ടറി എസ്‌കെ അനന്തകൃഷ്ണൻ എന്നിവർ പറഞ്ഞു. ലോക്ഡൗൺ കാലാവധി കഴിഞ്ഞാൽ ഈ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി.

അതേസമയം സമൂഹ അടുക്കളയ്ക്കു നൽകിയ ഒരു ടൺ അരി സിപിഎം വീടുകളിൽ വിതരണം ചെയ്യുകയാിയരുന്നു എന്നാണ് അറിയുന്നത്. കഞ്ചിക്കോട് എച്ച്പി പ്ലാന്റ് ഉദ്യോഗസ്ഥർ കൈമാറിയ അരി 5 കിലോയുടെ കിറ്റുകളാക്കി സിപിഎം ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രാദേശിക നേതാക്കൾ വീടുകളിൽ നേരിട്ടെത്തി വിതരണം ചെയ്യുകയായിരുന്നു. പഞ്ചായത്തിനോടു രസീത് ആവശ്യപ്പെട്ടപ്പോൾ രേഖകൾ പ്രകാരം അരി സമൂഹ അടുക്കളയിൽ എത്തിയിട്ടില്ലെന്നാണു പഞ്ചായത്ത് സെക്രട്ടറി മറുപടി നൽകിയതെന്ന് എച്ച്പി അധികൃതരും പറയുന്നു. എന്നാൽ, തന്റെ ആവശ്യപ്രകാരമാണ് അരി സംഭാവന ചെയ്തതെന്നും സമൂഹ അടുക്കളയിലേക്ക് ആവശ്യമില്ലാത്തതിനാലാണു നിർധന കുടുംബങ്ങൾക്ക് എത്തിക്കാൻ മറ്റു വഴി തേടിയതെന്നുമാണു പഞ്ചായത്ത് അധ്യക്ഷന്റെ വാദം.

അതിനിടെ കൊറോണയുടെ പശ്ചാത്തലത്തിൽ നടത്തുന്ന സൗജന്യ റേഷൻ വിതരണം സിപിഎം പാർട്ടി പരിപാടിയാക്കി മാറ്റുന്നുവെന്ന് കോൺഗ്രസിന്റെ ആരോപണവുമായി കോൺഗ്രസ് കോഴിക്കോട് ജില്ലാ അധ്യക്ഷൻ ടി സിദ്ധിഖും രംഗത്തെത്തി. മറ്റുപാർട്ടിക്കാർക്ക് ഗോളടിക്കാൻ അവസരം നൽകരുതെന്ന് പറയുന്ന സിപിഎം പേരാമ്പ്ര ലോക്കൽ സെക്രട്ടറിയുടേതെന്ന ഫോൺ സന്ദേശം കോൺഗ്രസ് നേതാവ് ടി.സിദ്ദീഖ് പുറത്തുവിട്ടു. സിപിഎം ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ റേഷൻകാർഡുകൾ സ്വരൂപിച്ച് റേഷൻ കടകളിൽ നിന്ന് സാധനങ്ങൾ ഒന്നിച്ചുവാങ്ങി വീടുകളിൽ വിതരണം ചെയ്യുന്നു. ഇതൊരു പാർട്ടി പരിപാടിയായിട്ടാണ് സിപിഎം ഏറ്റെടുത്തിരിക്കുന്നത്. വ്യാപകമായി രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി അട്ടിമറി നടത്തിയിരിക്കുകയാണെന്നും ടി.സിദ്ദീഖ് ആരോപിച്ചു.

സിപിഎം പേരാമ്പ്ര വെസ്റ്റ് ലോക്കൽ സെക്രട്ടറി പ്രമോദിന്റെ ഇതുസംബന്ധിച്ച ശബ്ദസന്ദേശം സിദ്ദീഖ് ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടു. ഇത് അട്ടിമറിക്കുള്ള തെളിവാണെന്നും അദ്ദേഹം പറഞ്ഞു. റേഷൻ വിതരണത്തിന് നിലവിൽ എല്ലാപാർട്ടിക്കാരേയും ഉൾപ്പെടുത്തി ഒരു വളണ്ടിയർ സംവിധാനം ഉണ്ട്. അതിനെ മാത്രം ഏൽപ്പിച്ച് കഴിഞ്ഞാൽ ചില പാർട്ടിക്കാർ വന്നു ഗോളടിക്കുമെന്നും അതുണ്ടാകാൻ പാടില്ലെന്നും പാർട്ടിക്ക് നേട്ടമുണ്ടാക്കണമെന്നും സിദ്ദീഖ് പുറത്തുവിട്ട ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്.

ഇവർക്കെതിരെ നടപടിയെടുക്കണമെന്നും റേഷൻ വിതരണത്തിൽ എല്ലാ സന്നദ്ധപ്രവർത്തകരേയും പങ്കാളിയാക്കണമെന്നും ആവശ്യപ്പെട്ട് ടി.സിദ്ദീഖ് മുഖ്യമന്ത്രിക്കും ജില്ലാ സപ്ലൈ ഓഫീസർക്കും പരാതി നൽകി. അതേ സമയം തന്നെ റേഷൻ വിതരണത്തെചൊല്ലി മറ്റു രാഷ്ട്രീയപാർട്ടികൾക്കെതിരെയും ആരോപണം ഉയർന്നിട്ടുണ്ട്. വളണ്ടിയർമാരായി എത്തുന്നവർ പാർട്ടി അടയാളങ്ങളുള്ള ഡ്രസും മറ്റുംധരിച്ചാണ് എത്തുന്നതെന്നാണ് ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP